മൂടുപടം പുതച്ച ഓപ്പറേഷൻ വിവാദം

ഹിലാൽ. സി.പി.

2023 ജൂലൈ 08 , 1444 ദുൽഹിജ്ജ 20

നിഷ്കപടമായ ഒരു വൈയക്തികാവശ്യത്തെ എത്രമാത്രം പ്രതിലോമകരമായി ചിത്രീകരിക്കാമെന്നും വർഗീയതക്കായി ഉപയോഗിക്കാമെന്നുമുള്ളതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഓപ്പറേഷൻ തീയേറ്ററിലെ ഹിജാബുമായി ബന്ധപ്പെട്ട അനാവശ്യ ചർച്ച. ഹിജാബ് ബുദ്ധിമുട്ടായതിനാൽ മറ്റു നാടുകളിലുള്ളത് പോലെ ലോംഗ്‌ സ്ലീവ് സ്ക്രബ് ജാക്കറ്റുകളും സർജിക്കൽ ഹുഡുകളും അനുവദിക്കണമെന്ന നിവേദനത്തെയാണ് ഉത്തരവാദപ്പെട്ടവർ, പേര് പോലും മറയ്ക്കാതെ വിഷംതീണ്ടാനായി ഹിന്ദുത്വ പ്രൊഫൈലിലേക്ക് എറിഞ്ഞുകൊടുത്തിരിക്കുന്നത്. 2024ലെ പൊതുതെരഞ്ഞെടുപ്പ് എത്രമാത്രം മാരകമായിരിക്കുമെന്നതിലേക്ക് വിരൽ ചൂണ്ടുന്നുണ്ട് മേൽസംഭവം!

2019 ൽ ദേശീയ മെഡിക്കൽ കമ്മീഷൻ മുൻകൈയെടുത്ത് രാജ്യത്തുടനീളമുള്ള മെഡിക്കൽ കോളേജുകളിൽ നടപ്പിലാക്കിയ Competency Based Medical Education (CBME) കരിക്കുലം അന്നുവരെയുണ്ടായിരുന്ന മെഡിക്കൽ പഠനരീതിയിലടക്കം പലയിടങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരുന്നതായിരുന്നു. വിവിധ മെഡിക്കൽ വിഷയങ്ങളിൽ പ്രതിപാദിക്കുന്നവയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട രോഗങ്ങളെ വിദ്യാർഥികൾക്ക് കാര്യക്ഷമമായി മനസ്സിലാക്കാൻ ഉതകുന്ന രീതിയിൽ ഒരു റഫറൻസ് കേസ് സ്റ്റഡി അവതരിപ്പിച്ചുകൊണ്ട് പഠിപ്പിക്കുക, ക്ലിനിക്കൽ പോസ്റ്റിങ്ങില്ലാത്ത ഒന്നാം വർഷ വിദ്യാർഥികൾക്ക് ആഴ്ചയിൽ ഒരുവട്ടം ക്ലിനിക്കൽ പാഠങ്ങൾ നൽകുക, പൊതുസമൂഹവുമായും രോഗികളുമായും എങ്ങനെ ഇടപഴകാം എന്നതിനെ സംബന്ധിച്ചുള്ള വിശദമായ സെഷനുകൾ തുടങ്ങി ഒട്ടേറെ പുതുമകൾ നിറച്ചാണ് അവതരിപ്പിച്ചത്.

മെഡിക്കൽ പഠനം കഴിഞ്ഞ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറായി ജോലി നോക്കുമ്പോഴുണ്ടായ അനുഭവം ഒരു പ്രഫസർ പങ്കുവച്ചത് ഓർക്കുന്നു:

നാട്ടിൽ ഒരു പരിപാടി നടക്കുന്ന വേദിയിലേക്ക് ആരോഗ്യസംബന്ധമായ വിഷയം സംസാരിക്കാൻ ഡോക്ടറെ സംഘാടകർ ക്ഷണിച്ചു. പുതുതായി ചാർജെടുത്ത മെഡിക്കൽ ഓഫീസറെന്ന നിലയ്ക്ക് പ്രോഗ്രാമിൽ പങ്കെടുക്കാനാണ് ക്ഷണിച്ചത്. പറയേണ്ട വിഷയത്തെ ഗൃഹപാഠം ചെയ്ത് ഡോക്ടർ പ്രോഗ്രാം വേദിയിലെത്തി. യുവാവായ പുതിയ മെഡിക്കൽ ഓഫീസറുടെ ഊഴമെത്തി. സംസാരിക്കാൻ ക്ഷണിക്കപ്പെട്ട് മൈക്കിനു മുന്നിലെത്തിയ ഡോക്ടർ തടിച്ചുകൂടിയ വൻജനാവലിയെ കണ്ടതോടെ വാക്കുകൾ പുറത്തേക്ക് വരാത്ത അവസ്ഥയിലായി. ഒടുവിൽ തപ്പിത്തടഞ്ഞുകൊണ്ട് ‘എല്ലാ...വർക്കും നന്ദി... നമസ്‌കാരം...’ എന്നു പറഞ്ഞ് ഡോക്ടർ ഒരുവിധം തടിതപ്പി.

കടുകട്ടിയുള്ളതും ഓർമശക്തി പരീക്ഷിക്കുന്നതുമായ മെഡിക്കൽ പഠനകാലത്ത് പ്രസ്തുത തൊഴിലിന്റെ ഭാഗമായി ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്നേക്കാവുന്ന ഇത്തരം സന്ദർഭങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് തങ്ങളെ പഠിപ്പിച്ചില്ല എന്ന് പ്രഫസർ ഓർത്തെടുത്തതായിരുന്നു. മെഡിക്കൽ പഠനത്തിന്റെ ‘ഗൗരവ’ഭാവത്തിനപ്പുറം പ്രായോഗികതയെ കണക്കിലെടുത്തുകൊണ്ട് എങ്ങനെ രോഗികളോട് കാര്യക്ഷമമായി സംസാരിക്കാം എന്ന് മെഡിക്കൽ പ്രഫസർമാർ അഭിനയിച്ച് പഠിപ്പിക്കുന്നതിൽ നിന്ന് തുടങ്ങുന്നു പുതിയ കരിക്കുലത്തിലെ മാറ്റങ്ങൾ.

തിരുവനന്തപുരത്തുനിന്നൊരു കത്ത്

ആരോഗ്യകരവും കാലികവുമായ മാറ്റങ്ങളെ ഉൾക്കൊണ്ടു മുന്നോട്ട് ചരിക്കുന്നുവെന്ന പ്രതീക്ഷയിലാകാം, 2023 ജൂൺ 26ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 7 മുസ്‌ലിം വിദ്യാർഥിനികൾ പ്രിൻസിപ്പാളിന് ഒരു നിവേദനം നൽകുകയുണ്ടായി. ഹിജാബ് ധരിച്ച് മെഡിക്കൽ പഠനം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്ന തങ്ങൾക്ക് രണ്ടാംവർഷം മുതൽ തുടങ്ങുന്ന ഓപ്പറേഷൻ തിയേറ്ററുകളിലെ (OT Posting) പോസ്റ്റിങ്ങിന്റെ ഭാഗമായി തങ്ങളുടെ വിശ്വാസത്തിന്റെ പ്രകടമായ അടയാളമായ ഹിജാബ് അനാവശ്യമായി ഒഴിവാക്കേണ്ടിവരുന്നുവെന്നും ഇക്കാര്യത്തിൽ ആഗോളതലത്തിൽ സ്വീകരിക്കപ്പെട്ട മാറ്റങ്ങളോടുകൂടിയുള്ള വസ്ത്രങ്ങൾ തിയേറ്ററിനുള്ളിൽ ധരിക്കാൻ അനുമതി ലഭിക്കുമോ എന്നതുമായിരുന്നു നിവേദനത്തിലെ ഉള്ളടക്കം. നിവേദനത്തിന്റെ പൂർണമായ മലയാള പരിഭാഷ കാണുക:

‘‘വിഷയം: ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ.

ബഹുമാനപ്പെട്ട മാഡം,

തിരുവനന്തപുരത്തെ സർക്കാർ മെഡിക്കൽ കോളേജിലെ വിവിധ എംബിബിഎസ് ബാച്ചുകളിലെ ഒരു കൂട്ടം മുസ്‌ലിം പെൺകുട്ടികൾ ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ തല മറയ്ക്കാൻ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിനാണ് ഇതെഴുതുന്നത്. ഞങ്ങളുടെ മതവിശ്വാസമനുസരിച്ച്, എല്ലാ സാഹചര്യങ്ങളിലും മുസ്‌ലിം സ്ത്രീകൾക്ക് ഹിജാബ് ധരിക്കുന്നത് നിർബന്ധമാണ്. മതപരവും ഒതുക്കമുള്ളതുമായ വസ്ത്രം ധരിക്കുകയെന്നതും ഓപ്പറേഷൻ റൂമിന്റെ ചട്ടങ്ങൾ പാലിക്കുകയെന്നതും തമ്മിൽ നിലനിൽക്കുന്ന വൈരുധ്യം പരിഗണിച്ച് ഹിജാബ് ധരിക്കുകയെന്നത് ബുദ്ധിമുട്ടാണ്. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിക്കപ്പെടുന്ന, ഓപ്പറേഷൻ റൂമിലേക്ക് വസ്ത്രങ്ങൾ വിതരണം ചെയ്യുന്ന വിവിധ കമ്പനികൾ മുന്നോട്ടുവയ്ക്കുന്ന ഇതരമാർഗങ്ങൾ ഇവ്വിഷയത്തിൽ ഉപയോഗപ്പെടുത്താൻ ഞങ്ങൾക്ക് സാധിക്കും. ലോംഗ് സ്ലീവ് സ്‌ക്രബ് ജാക്കറ്റുകളും സർജിക്കൽ ഹുഡുകളും വിപണിയിൽ ലഭ്യമാണ്. അത് ഉപയോഗിക്കുന്നതിലൂടെ അണുവിമുക്തമായ മുൻകരുതലുകളും ഹിജാബും നിലനിർത്താൻ ഞങ്ങൾക്ക് സാധിക്കും. ഈ വിഷയം പരിഗണിക്കുവാനും ഓപ്പറേഷൻ തീയേറ്ററിൽ ലോംഗ് സ്ലീവ് സ്‌ക്രബ് ജാക്കറ്റുകളും സർജിക്കൽ ഹുഡുകളും ധരിക്കാൻ ഞങ്ങൾക്ക് അനുമതി നൽകാനും താങ്കളോട് ദയവായി അഭ്യർഥിക്കുന്നു.

(എന്നോടൊപ്പം സമാനമായ പ്രശ്‌നം നേരിടുന്ന ചില വിദ്യാർഥിനികളും ഒപ്പിട്ടിട്ടുണ്ട്).
തീയതി: 26/06 2023
സ്ഥലം: തിരുവനന്തപുരം’’

വളരെ മാന്യമായി തങ്ങളുടെ ആവശ്യം കോളേജിെൻറ തലപ്പത്തിരിക്കുന്ന വ്യക്തിയെ അറിയിക്കുകയാണ് വിദ്യാർഥിനികൾ ചെയ്തത് എന്നത് കത്ത് വായിക്കുന്നതിലൂടെ വ്യക്തമാണ്. പ്രശ്‌നം അവതരിപ്പിക്കുക മാത്രമല്ല, അതിനുള്ള പരിഹാരം കൂടി സൂചിപ്പിച്ചുകൊണ്ടുള്ള പക്വമായ രീതിയിലാണ് അവർ സംവദിച്ചത്. ഉചിതമാർഗേന സമർപ്പിക്കപ്പെട്ട പ്രസ്തുത നിവേദനത്തോട് അതേമാർഗത്തിൽ തിരിച്ച് മറുപടി കൊടുക്കുകയെന്ന നിലയിൽനിന്ന് മാറി പിന്നീട് കാണുന്നത് സമർപ്പിച്ച വിദ്യാർഥികളുടെ പേര് വിവരങ്ങൾ പോലും മറയ്ക്കാതെ പ്രസ്തുത നിവേദനം സൈബർ ലോകത്ത് ലീക്ക് ചെയ്യപ്പെടുന്നതാണ്. കേരളത്തിലെ സാമൂഹ്യ മാധ്യമങ്ങളിലെ ഏറ്റവും വിഷലിപ്തമായി സംസാരിക്കുന്ന ഹിന്ദുത്വ പ്രൊഫൈലാണ് ആദ്യമായി ഈ കത്ത് പുറംലോകത്തേക്ക് എത്തിക്കുന്നത്. ഇതോടുകൂടി ‘ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബോ?’ എന്ന തലക്കെട്ടും മറുവശത്ത് കറുത്ത ബുർഖയുടെ ചിത്രവും ചേർത്ത് മുത്തശ്ശിമാധ്യമങ്ങൾ മുതൽ ഈർക്കിൽ സൈബർ മാധ്യമങ്ങൾവരെ വിഷയം ചർച്ച ചെയ്യാൻ തുടങ്ങി. കേരളത്തിലെ ‘ഹോട്ട്’വിവാദം അതിർത്തി കടന്ന് ദേശീയ തലത്തിലെ പ്രധാന വിഷയമായി മാറാനും അധികസമയം വേണ്ടിവന്നില്ല!

എന്താണീ ‘സർജിക്കൽ ഹൂഡ്?’

ഓപ്പറേഷൻ തിയേറ്റർ (ഒ.ടി.) അണുവിമുക്തമായി സൂക്ഷിക്കപ്പെടേണ്ട, ആശുപത്രിയിലെ പ്രധാനപ്പെട്ട ഇടമാണ്. ശസ്ത്രക്രിയയുടെ ഭാഗമായി ശരീരത്തിന്റെ ഉൾഭാഗ ങ്ങൾ ചുറ്റുപാടുമായി സമ്പർക്കത്തിലേർപെടുന്നതിനാൽ ചെറി യൊരു അശ്രദ്ധ കൊണ്ടുതന്നെ അണുബാധയ്ക്ക് സാധ്യതയുണ്ട്. ആയതിനാൽ ഈ സ്‌പേസിലേക്ക് കടന്നുചെല്ലുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. അതുകൊണ്ട് ഡോക്ടർമാർക്ക് മുതൽ ഇവിടേക്ക് പ്രവേശിക്കുന്ന മുഴുവൻ പേർക്കും കൃത്യമായ വസ്ത്രധാരണ നിർബന്ധമാണ്. എന്തിനധികം, പഠനത്തിന്റെ ഭാഗമായി ഒടിയിലേക്ക് പ്രവേശിക്കുന്ന മെഡിക്കൽ വിദ്യാർഥികൾക്ക് പോലും ഈ വസ്ത്രധാരണം അനിവാര്യമാണ്. സർജിക്കൽ ഫീൽഡിലെ ഉപകരണങ്ങൾ സ്പർശിക്കുന്നതിനുപോലും ഈ ആരോഗ്യപരമായ കാർക്കശ്യം നിലനിൽക്കുന്നു.

തിയേറ്ററിലേക്ക് പ്രവേശിക്കുമ്പോൾ ധരിക്കുന്ന വസ്ത്രമാണ് സ്‌ക്രബ് ജാക്കറ്റുകൾ. ഇതോടൊപ്പം തലമുടിയും മറ്റു കോശങ്ങളും രോഗിയുടെ ശരീരത്തിലേക്ക് പതിക്കാതിരിക്കാൻ വേണ്ടി ഉപയോഗിക്കുന്നതാണ് സർജിക്കൽ ക്യാപ്പുകൾ. സർജറി ചെയ്യുന്ന ഡോക്ടറും അസ്സിസ്റ്റ് ചെയ്യുന്ന മറ്റുള്ളവരും കണ്ണുകൾ ഒഴികെ ശരീരഭാഗങ്ങൾ പൂർണമായും മറയുന്ന വസ്ത്രങ്ങളാണ് ഓപ്പറേഷൻ സമയത്ത് ധരിക്കുന്നത്. ഫുൾ സ്ലീവ് ഏപ്രണും ഗ്ലൗസും, മൂക്കും വായയും താടിയും മൂടുന്ന രൂപത്തിലുള്ള മാസ്‌കും, തല മൂടുന്ന ഹെഡ് ക്യാപ്പും, കാലുകൾ പൂർണമായി മറയുന്ന ചെരുപ്പുമാണ് ധരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ബുർഖയിട്ട ഒരു മുസ്‌ലിം സ്ത്രീയുടെ രൂപത്തിലാണ് സർജിക്കൽ ഫീൽഡിൽ നിൽക്കുന്നവരുണ്ടാവുക. ചില ഘട്ടങ്ങളിൽ സുരക്ഷയുടെ ഭാഗമായി കണ്ണടയോ ഫേസ് ഷീൽഡോ ധരിക്കേണ്ടതായും വരും. കാരണം ശരീരം പൂർണമായി മറയ്ക്കുന്നതാണ് രോഗിക്കും ഡോക്ടർക്കും പൂർണമായ അണുവിമുക്തതയ്ക്ക് ഏറ്റവുമുചിതം.

ഇവിടെയാണ് വിദ്യാർഥിനികൾ ഉന്നയിച്ച ആവശ്യം പരിഗണിക്കേണ്ടത്. കൈമുട്ടുവരെ മാത്രമുള്ള സ്‌ക്രബ് ജാക്കറ്റിന് പകരം കൈ മുഴുവൻ മറയുന്ന ലോങ്ങ് സ്ലീവ് സ്‌ക്രബ് ജാക്കറ്റുകളും സർജിക്കൽ ക്യാപ്പിന് പകരം തലയും കഴുത്തും മറയുന്ന രൂപത്തിലുള്ള സർജിക്കൽ ഹൂഡും ധരിക്കാനുമുള്ള അനുമതിയാണ് അവർ ആവശ്യപ്പെട്ടത്. ആഗോള തലത്തിൽ ഉപയോഗിക്കപ്പെടുന്നവയാണ് ഇവയൊക്കെ എന്ന് പരിശോധിച്ചാൽ മനസ്സിലാക്കാം. അന്താരാഷ്ട്ര നിലവാരത്തിലുള്ള അണുവിമുക്ത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുതന്നെ ഇന്റർനാഷണൽ കമ്പനികൾ പുറത്തിറക്കുന്ന തല മറയ്ക്കുന്ന ഹിജാബിന് സമാനമായ സർജിക്കൽ ഹുഡുകളും ലോങ്ങ് സ്ലീവ് സ്‌ക്രബ്ബ് ജാക്കറ്റുകളും ധരിക്കാനുള്ള ഈ മാന്യമായ ആവശ്യത്തെയാണ് പൊതുസമൂഹം ഒന്നാകെ വർഗീയതയായി ചിത്രീകരിച്ചത്.

ഇതിൽ ആദ്യമുന്നയിച്ച ഹെഡ് കവർ (സർജിക്കൽ ഹൂഡ്) എന്നത് യാതൊരു തരത്തിലും അണുവിമുക്തമാക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളെ ബാധിക്കുന്നില്ലെന്ന് മാത്രമല്ല, മുടി പൂർണമായും കവർ ചെയ്യുകയാണ് വേണ്ടത്. വിഷയം വരുന്നത് ഫുൾ സ്ലീവ് ഡ്രസ്സിന്റെ വിഷയത്തിലാണ്. കൈമുട്ട് വരെ പ്രത്യേകം സ്‌ക്രബ് വാഷ് ചെയ്യേണ്ടതുള്ളതുകൊണ്ട് അത് അൽപം പ്രയാസം തന്നെയാണ്. ഇതിനെ ഏറ്റവും നന്നായി കൈകാര്യം ചെയ്തത് ബ്രിട്ടണിലെ ആരോഗ്യമേഖല സമ്പൂർണമായി നിയന്ത്രിക്കുന്ന നാഷണൽ ഹെൽത്ത് സർവീസസ് ഇവ്വിഷയത്തിൽ പുറത്തിറക്കിയ ഗൈഡ്‌ലൈനിലാണ്. ഒന്നുകിൽ ത്രീ ക്വാർട്ടർ സ്ലീവുകൾ ഉപയോഗിക്കുകയോ, അല്ലെങ്കിൽ വാഷിങ് & ഡയറക്റ്റ് പേഷ്യന്റ് exposure ഉള്ള സമയത്ത് റോൾ ബാക്ക് ചെയ്യാനും അല്ലാത്തപ്പോൾ ഫുൾ സ്ലീവ് ആക്കാനും പറ്റുന്ന വസ്ത്രം ഉപയോഗിക്കുക എന്നതാണ് കൊടുത്ത ഗൈഡ്‌ലൈൻ. അതല്ലെങ്കിൽ മുട്ടിലും കണങ്കൈയിലും ഇലാസ്റ്റിക് ഉള്ള ഡിസ്‌പോസിബിൾ ഓവർ സ്ലീവുകൾ ഉപയോഗിക്കാവുന്നതുമാണ്.

NHS പുറത്തിറക്കിയ ഓപ്പറേഷൻ തിയേറ്ററിലേക്ക് പ്രവേശിക്കുമ്പോൾ ധരിക്കേണ്ട വസ്ത്രത്തെ കുറിച്ചുള്ള മാർഗരേഖയിലെ ഒരു അധ്യായം തന്നെ മുസ്‌ലിം മതവിശ്വാസികൾക്കുള്ള വസ്ത്രധാരണത്തെ കുറിച്ചാണ്:

“ഇസ്‌ലാമിക വിശ്വാസത്തിന്റെ പേരിൽ ചില ജീവനക്കാർക്ക് മുൻകൈകൾ തുറന്നുകാട്ടുന്നത് സ്വീകാര്യമല്ല. ഇത്തരം ആശങ്കകളെ കണക്കിലെടുത്ത്, MSCP ഇസ്‌ലാമിക പണ്ഡിതന്മാരും ചാപ്ലിൻമാരും ബഹുമത പ്രതിനിധികളും, ആരോഗ്യ വകുപ്പിന്റെ നയരൂപീകരണ വക്താക്കളും അണുബാധ തടയുന്നതിനുള്ള വിദഗ്ധരും ഉൾപ്പെടുന്ന ഒരു ഗ്രൂപ്പിനെ വിളിച്ചുകൂട്ടി. ഈ ഗ്രൂപ്പ് ചർച്ചകളെ അടിസ്ഥാനമാക്കി, പ്രാദേശിക വസ്ത്രധാരണ നയങ്ങൾ മുസ്‌ലിംകളുടെയും മറ്റ് വിശ്വാസി ഗ്രൂപ്പുകളുടെയും വിശ്വാസബാധ്യതയോട് സംവേദനക്ഷമതയുള്ളതാണന്നും അതേസമയം ശുചിത്വത്തിന്റെ തുല്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ MSCP ശുപാർശകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി:

“1. ജീവനക്കാർ നേരിട്ട് രോഗി പരിചരണ പ്രവർത്തനങ്ങളിൽ ഏർപ്പെടാത്തപ്പോൾ മുഴുവൻ നീളമുള്ള സ്ലീവുകൾക്കുള്ള വ്യവസ്ഥ യൂണിഫോമിൽ ഉൾപ്പെടുത്താം.

2. യൂണിഫോമിന് മുക്കാൽ ഭാഗം നീളമുള്ള സ്ലീവ് ഉപയോഗിക്കാം.

3. മുഴുനീളമോ മുക്കാൽ ഭാഗമോ നീളമുള്ള കൈകൾ അയഞ്ഞതോ തൂങ്ങിക്കിടക്കുന്നതോ ആവരുത്. കൈ കഴുകുമ്പോഴും നേരിട്ടുള്ള രോഗി പരിചരണ പ്രവർത്തനങ്ങളിലും അവ ഉരുട്ടാനോ പിന്നിലേക്ക് വലിക്കാനോ സുരക്ഷിതമായി സൂക്ഷിക്കാനോ കഴിയണം.

4. കൈമുട്ടിലും കൈത്തണ്ടയിലും ഇലാസ്റ്റിക് ചെയ്ത ഡിസ്‌പോസിബിൾ ഓവർ സ്ലീവ് ഉപയോഗിക്കാം. അവ ഡിസ്‌പോസിബിൾ കൈയുറകൾ പോലെ തന്നെ ധരിക്കുകയും ഉപേക്ഷിക്കുകയും വേണം. കൈകളും കൈത്തണ്ടകളും കഴുകുന്നതിനുള്ള കർശനമായ നടപടിക്രമങ്ങൾ അപ്പോഴും പാലിക്കേണ്ടതുണ്ട്.’’(1)

Journal of the American college of surgeons “Surgical Scrubbing and Attire in the Operating Room and ICU: A Multicultural Guide” എന്ന പേരിൽ 2021 മേയിൽ പ്രസിദ്ധീകരിച്ച ജേർണലിൽ മുസ്‌ലിംകൾ, ഓർത്തഡോക്‌സ് ജൂതന്മാർ, സിഖുകാർ തുടങ്ങിയവരുടെ ഓപ്പറേഷൻ തിയേറ്റർ വസ്ത്രങ്ങളുടെ മാർഗരേഖ വിശദീകരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുസ്‌ലിം വനിതകൾ ജോലി ചെയ്യുന്ന ഹോസ്പിറ്റലുകൾ ഡിസ്‌പോസിബിൾ ഹെഡ് കവറുകൾ, ഫുൾസ്ലീവ് സ്‌ക്രബ്ബ് എന്നിവ ഉൾപ്പെടുത്തുകയാണുണ്ടായത്. മുസ്‌ലിമായ, ഒരു ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിനിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ലോകത്ത് തന്നെ ഒന്നാം നമ്പർ ഹോസ്പിറ്റലായ Mayo clinicതങ്ങളുടെ ഓപ്പറേഷൻ തീയേറ്ററുകളിൽ മുസ്‌ലിം വനിതകൾക്കായി ഡിസ്‌പോസിബിൾ ഹെഡ് കവറുകൾ, ഫുൾസ്ലീവ് സ്‌ക്രബ് എന്നിവ ലഭ്യമാകാനുള്ള സ്ഥിരസംവിധാനം അവിടെ ഒരുക്കുകയും ചെയ്തു.

ഈ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തിയ ഓപ്പറേഷൻ തിയേറ്ററുകളിൽ എത്ര രോഗികൾ അണുബാധ മൂലം മരണപ്പെട്ടുവെന്ന കണക്ക് നൽകേണ്ടത് പ്രസ്തുത ആവശ്യം നിരസിച്ചവരാണ്. ഏറ്റവും ചുരുങ്ങിയത് വിഷയത്തിന്റെ മെരിറ്റിൽനിന്നും മറുപടി പറയുക എന്നതിനപ്പുറം മാന്യമായ ഈ ആവശ്യത്തോട് എത്ര അപരിഷ്‌കൃതമായ രീതിയിലാണ് കത്ത് ലീക്ക് ചെയ്ത് വിവാദങ്ങൾ സൃഷ്ടിക്കുന്നതിലൂടെ അധികൃതർ ചെയ്തത് എന്നതാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.

കേരളത്തിലെ ഇസ്‌ലാം ഭീതിയുടെ ഓർബിറ്റിൽ കിടന്ന് കറങ്ങാൻ കാലാകാലത്തേക്ക് മറ്റൊരു ഉപഗ്രഹം കൂടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്നും വിജയകരമായി വിക്ഷേപിച്ചിരിക്കുന്നു!

വിശ്വാസത്തിന്റെ ചെരുപ്പഴിക്കണോ?

‘ഓപ്പറേഷൻ തിയേറ്ററിലും മതം കലർത്തുന്ന’വരെക്കുറിച്ചാണ് പലർക്കും ഇപ്പോൾ ആശങ്ക. യഥാർഥത്തിൽ മതത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ അറിവില്ലായ്മയുടെ പ്രശ്‌നമാണ് ഇവിടെയുള്ളത്. മതമെന്നത് മന്ദിറിലോ മസ്ജിദിലോ കയറുമ്പോൾ അണിയേണ്ടതാണെന്നുള്ള അജ്ഞതയാണ് ഇത്തരക്കാർക്കുള്ളത്. മതവും ജീവിതവും വെവ്വേറെ ഡൊമൈനുകളാണെന്ന അബദ്ധധാരണയാണ് ഒന്നാമതായി തിരുത്തപ്പെടേണ്ടത്. ഈ ധാരണയുടെ യൂറോപ്പിലെ ഇര ക്രൈസ്തവതയായിരുന്നു. മതമെന്നത് പൊതുവിടങ്ങളിൽനിന്നും മാറ്റിനിർത്തേണ്ട അശ്ലീലമാണെന്നും ആവശ്യമുള്ളവർക്ക് അവരുടെ സ്വകാര്യതയിൽ മതം പ്രാക്ടീസ് ചെയ്യാമെന്നുമുള്ള സെക്കുലറിസത്തിന്റെ സ്വാധീനമാണ് ഈ ചിന്തക്ക് നിദാനം.

ഇതിന്റെ ഉത്തമ ഉദാഹരണമായി കാണാവുന്നത് ഫ്രഞ്ച് നിയമങ്ങളെയാണ്. Laicite എന്ന പേരിൽ മതത്തെ പൊതുമണ്ഡലങ്ങളിൽനിന്നും പാടേ മാറ്റിനിർത്തുക എന്നതാണ് ഫ്രാൻസിൽ നടപ്പിലാക്കപ്പെടുന്നത്. നിയമനിർമാണസഭയിലേക്ക് പോലും ഹിജാബ് ധരിച്ച് ഒരു മുസ്‌ലിം വനിതാ അംഗത്തിന് കയറിച്ചെല്ലാൻ അവിടെ സാധ്യമല്ല. മോഡസ്റ്റി അഥവാ ഒതുക്കമുള്ള വസ്ത്രം ധരിച്ച് പൂളുകളിലേക്ക് വരുന്നവരെ പരിഹസിച്ചുകൊണ്ട് ഫ്രഞ്ച് മാധ്യമങ്ങളെഴുതിയത് ‘ബുർഖിനി’ എന്നായിരുന്നു. ഇത്രമേൽ അധികാരമുഷ്ടിയോടെ മതത്തെ വ്യവഹാരങ്ങളിൽ ചർച്ച ചെയ്യപ്പെടാൻ പാടില്ലാത്തത്ര ബാലിശമായി ചിത്രീകരിക്കുന്നതാണ് അവിടെ നാം കാണുന്നത്. Anti-seperatism Bill അവതരിപ്പിച്ചുകൊണ്ട് മതചിഹ്നങ്ങളെ രാജ്യദ്രോ ഹമായി കാണാൻ പ്രേരിപ്പിക്കുന്നതാണ് വെസ്റ്റിലെ സെക്കുലർ ചിന്തകൾ.

ഇതിൽ നിന്നും വിഭിന്നമാണ് ഇന്ത്യൻ സെക്കുലർ ആശയങ്ങൾ. മതത്തെ നിരസിക്കുക എന്നതല്ല, മതങ്ങളെ കൂട്ടിപ്പിടിച്ചുകൊണ്ട് മുന്നോട്ട് ചലിക്കുകയെന്നതാണ് ഗാന്ധിയും ആസാദുമൊക്കെ പഠിപ്പിച്ചമതനിരപേക്ഷ ദർശനം. അതിനാൽ ആഗോളതലത്തിലുള്ള മാറ്റങ്ങളെ പരിഗണിച്ചുകൊണ്ട് ഈ വിദ്യാർഥികൾക്കും തുടർന്നുള്ളവർക്കും വിശ്വാസത്തെ ബാധിക്കാതെ പഠിക്കുവാനുള്ള അന്തരീക്ഷം ഒരുക്കുകയാണ് അധികൃതർ ചെയ്യേണ്ടത്.

മതേതര മൗലികവാദികൾക്ക് ഒരു കീ-ഹോൾ സർജറി

തിരുവനന്തപുരം വിഷയത്തെ വർഗീയ-രാഷ്ട്രീയ ലാഭത്തിനുവേണ്ടി വേണ്ടുവോളം ഉപയോഗിക്കാൻ ഹിന്ദുത്വർ ശ്രമിക്കുന്നതിൽ അത്ഭുതമില്ല. എന്നാൽ ഇവരോടൊപ്പം മത്സരിച്ചുകൊണ്ട് ഇടത്-ലിബറൽ ആശയക്കാരും ഒടിയിലെ ഹിജാബിനെ കുറിച്ച് ആശങ്കയറിയിക്കുന്നത് അത്ര നിഷ്‌കളങ്കമല്ല. തങ്ങളോടൊപ്പം രാഷ്ട്രീയമായി ചേർന്നുനിന്നാൽ സ്വത്വസംരക്ഷണം വാഗ്ദാനം ചെയ്യുന്ന ഇത്തരക്കാർ കൂടുതൽ അപകടകാരികളാണ്. നാമംകൊണ്ട് മുസ്‌ലിമായ ചലച്ചിത്രതാരം മാമുക്കോയ മരണപ്പെട്ടപ്പോൾ ‘മതേതര മൂല്യങ്ങളെ മുറുകെപ്പിടിച്ച വ്യക്തിത്വ’ത്തിന് ആദരാഞ്ജലി അർപ്പിക്കുന്ന ഇക്കൂട്ടർ നടത്തുന്നത് ‘സെക്കുലർ മുസ്‌ലി’മിന് ഇവർതന്നെ നിശ്ചയിക്കുന്ന അളവുകോലിൽ മാർക്ക് ലഭിക്കുന്നവരെ മാത്രമെ മതേതരനായി അംഗീകരിക്കുകയുള്ളൂ എന്ന തികഞ്ഞ ഇസ്‌ലാം വിരുദ്ധതയിൽനിന്നും നിർധരിച്ചെടുത്ത മതേതരമൗലികവാദമാണ്. അതുകൊണ്ടാണ് പൊതുചടങ്ങിൽ മതത്തിന്റെ ഭാഗമായ നിലവിളക്ക് കൊളുത്താതിരുന്ന ജനപ്രതിനിധിയെ കുറിച്ച് ആശങ്കപ്പെടുന്ന അതേ പ്രൊഫൈലുകൾ തിയേറ്ററിലേക്ക് മതത്തിന്റെ ചിഹ്നത്തെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് ധരിക്കാൻ അനുമതി തേടിയതിനെ സംബന്ധിച്ച് ഭയപ്പാടോടെ കവിത രചിക്കുന്നത്.

തങ്ങൾ നിശ്ചയിക്കുന്ന അളവുകോൽ പ്രകാരമുള്ള ‘സെക്കുലർ മുസ്‌ലിമാ’യി ജീവിച്ചുകൊണ്ട് വിശ്വാസങ്ങളിൽ വെള്ളം ചേർത്താൽ മാത്രമെ സ്വത്വസംരക്ഷണത്തിന് കൂട്ടുനിൽക്കുകയുള്ളൂ എന്ന് പുലമ്പുന്നവരുടെ സഹായം നിരസിക്കാൻ സമുദായത്തിന് സാധിക്കണം. വിശ്വാസങ്ങളാണ് സ്വത്വത്തിന്റെ ആധാരം. അവയെ പൂട്ടിക്കെട്ടി മേശക്കുള്ളിൽ വച്ചുള്ള സ്വത്വസംരക്ഷണം നിർവീര്യമായ പടക്കം പോലെയാണ്.

വിമർശനമുന്നയിക്കുന്ന മറ്റൊരുകൂട്ടർ മുസ്‌ലിം ലിബറലുകളാണ്. മൂത്രമൊഴിച്ചാൽ കഴുകൽ നിർബന്ധമെന്ന് പഠിപ്പിച്ച മുസ്‌ലിംകളെ ആരും വൃത്തിയുടെ പ്രാധാന്യം പഠിപ്പിക്കേണ്ടതില്ലെന്നും എന്നാൽ ഓപ്പറേഷൻ തിയേറ്ററിൽ ദേഹം മറയുന്ന വസ്ത്രം ധരിക്കാൻ ആവശ്യപ്പെടുന്നത് ഹിന്ദുത്വ ഭീകരർക്ക് മരുന്നിട്ട് കൊടുക്കലാണെന്നുമാണ് ഇക്കൂട്ടരുടെ കണ്ടെത്തൽ. യഥാർഥത്തിൽ സ്വന്തം മതത്തെപ്പറ്റിയുള്ള അപകർഷതയാണ് ഇക്കൂട്ടരെ ഇത്തരം പ്രസ്താവനകൾ നടത്താൻ പ്രേരിപ്പിക്കുന്നത്.

ആഗോളതലത്തിൽ തന്നെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളാനുള്ള ശ്രമങ്ങളാണ് ഏത് മേഖലയിലും കാണാൻ സാധിക്കുന്നത്. Inclusiveness (ഉൾകൊള്ളുക) എന്നത് ഒരു രാഷ്ട്രീയമാണ്. ഇതേക്കുറിച്ച് ഈണത്തിൽ വർണിക്കുന്നവർക്ക് പക്ഷേ, ഇവ്വിഷയത്തിൽ പറയുന്ന രാഷ്ട്രീയം പ്രയോഗവൽക്കരിക്കാൻ മടിവരുന്നത് എന്തുകൊണ്ടാണെന്ന് അവർ തന്നെ വീണ്ടുവിചാരം നടത്തട്ടെ. ഇത്രയും കാലം പഠിച്ചവർക്കില്ലാത്ത വിശ്വാസചിന്ത ഇപ്പോൾ ചിലർക്ക് തോന്നാൻ കാരണം തേടുന്നവർ കാലത്തിന്റെ ഇത്തരം മാറ്റങ്ങളെ പഠിക്കാനോ സ്വയം പ്രതിഫലിപ്പിക്കാനോ ശ്രമിക്കാത്തവരാണ്. പുതിയകാലത്തെ സങ്കേതങ്ങളെ ഉൾക്കൊള്ളലിന്റെ രാഷ്ട്രീയത്തിന് വേണ്ടി ഉപയോഗപ്പെടുത്താൻ സാധിക്കുന്നയിടത്താണ് സൗഹാർദത്തിന്റെയും നിഷ്‌കളങ്കമായ കൊടുക്കൽ-വാങ്ങലുകളുടെയും കതക് തുറക്കാൻ സാധിക്കുക.

തികച്ചും മെഡിക്കൽ സംബന്ധമായ വിഷയത്തിന്റെ ആരോഗ്യസംബന്ധമായ വിഷയത്തെ ചർച്ച ചെയ്യാതെ അതിന്മേലുള്ള രാഷ്ട്രീയവും മതവും മാത്രം ചർച്ച ചെയ്യപ്പെടുന്നത് തന്നെ പ്രതികരണങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് ദുസ്സൂചനയാണ് നൽകുന്നത്. സെക്കുലറിസം തകരാതിരിക്കാൻ കണ്ണിലെണ്ണയൊഴിച്ച് കാവലിരിക്കേണ്ട ബാധ്യത മുസ്‌ലിംകളുടെ തലക്ക് കെട്ടിവയ്ക്കുന്ന ഇത്തരം പ്രവണതകൾ കൂടിവരുന്ന കാലഘട്ടത്തിൽ സാമുദായിക ഐക്യസംഘം ന്യായമായ വിഷയങ്ങളെ പക്വത കൈവിടാതെ രാഷ്ട്രീയമായിത്തന്നെ ടേബിളിൽ വെക്കാൻ ഇനിയും വൈകിക്കൂടാ.