ഇസ്‌ലാമിന്റെ തെളിവുകൾ: ഫിലോസഫി എന്ത് പറയുന്നു?

ഷാഹുൽ പാലക്കാട്‌

2023 ആഗസ്റ്റ് 05 , 1445 മുഹറം 18

‘ശരിയിലേക്ക് നയിക്കുന്ന കാര്യങ്ങളാണ് തെളിവുകള്‍‘ എന്ന സര്‍വാംഗീകൃത നിര്‍വചനത്തിന്റെ പശ്ചാത്തലത്തില്‍ ദൈവനിഷേധത്തിന് കച്ചകെട്ടിയ നിരീശ്വരവാദികള്‍ ‘ദൈവമില്ലെന്നല്ല ദൈവത്തിന് തെളിവില്ല’ എന്ന വാദത്തിലേക്ക് പരിമിതപ്പെട്ടിരിക്കുകയാണ്. എവിഡന്‍സും പ്രൂഫും മാത്രമല്ല നിലനില്‍ക്കുന്ന ഫിലോസഫിക്കല്‍ അപ്രോച്ച് വരെ ‘ദൈവമുണ്ട്’ എന്ന സത്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത് എന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.

നാസ്തികത ദൈവം ഇല്ലെന്ന വാദമല്ല, മറിച്ച് ദൈവത്തിനു തെളിവില്ല എന്ന വാദം മാത്രമാണ് എന്നു പറയുന്നതിലേക്ക് ഡോക്കിൻസ് അടക്കമുള്ള നിരീശ്വരവാദ ബുദ്ധിജീവികൾ പരിമിതപ്പെട്ടിട്ടുണ്ട്. പക്ഷേ, എന്താണ് EVIDENCE (തെളിവ്) എന്നതിനെ സംബന്ധിച്ച സാമാന്യധാരണയില്ലായ്മയാണ് ഈ വിഷയത്തിൽ ഡോക്കിൻസ് മുതൽ കേരളീയ നാസ്തികർവരെയുള്ളവർ പ്രകടിപ്പിക്കുന്ന പ്രധാന പരിമിതി. ദൈവമുണ്ടെന്ന വാദത്തിന് മാത്രമാണ് തെളിവുകളുള്ളത് എന്നും നാസ്തികത തെളിവുകൾക്ക് അന്യമാണെന്നുമുള്ളതാണ് യാഥാർഥ്യം. എന്താണ് തെളിവുകളെന്നത് സൂക്ഷ്മ പരിശോധനക്ക് എടുക്കേണ്ടതുണ്ട്.

evidence is the available body of facts or information indicating whether a belief or proposition is true or valid. (ഒരു തിയറിയോ വിശ്വാസമോ ശരിയാണ് എന്നതിലേക്ക് നയിക്കുന്ന വസ്തുതകളും വിവരങ്ങളും ആണ് തെളിവുകൾ-evidences).

Oxford dictionary കൊടുത്തിട്ടുള്ള നിർവചനം ഇതാണ്: “evidence is objects that make you believe that something is true” (ഒരു കാര്യം ശരിയാണെന്ന വിശ്വാസത്തിലേക്ക് നിങ്ങളെ നയിക്കുന്ന കാര്യങ്ങളാണ് തെളിവുകൾ).

കേംബ്രിഡ്ജ് ഡിക്ഷണറിയിലും സമാന നിർവചനം കാണാം: "evidence means one or more reasons for believing that something is or is not true.”

ഉദാ: ഒരു ബാങ്ക് കൊള്ള നടന്നുവെന്ന് കരുതുക. A എന്ന ആളാണ് കൊള്ള നടത്തിയത് എന്ന് ഒരു വിഭാഗം വാദിക്കുന്നു. B എന്ന ആളാണ് കൊള്ള നടത്തിയതെന്ന് മറ്റൊരു വിഭാഗവും. ഇത് രണ്ടും രണ്ട് propositions അഥവാ തിയറികളാണ്. ഇനി, സംഭവം നടന്ന സമയത്ത് B സംഭവസ്ഥലത്ത് ഉണ്ടായിരുന്നു എന്ന വിവരം ലഭിക്കുന്നുവെന്ന് കരുതുക. ഇത് Bയാണ് കൊള്ളനടത്തിയത് എന്ന തിയറിയെ പിന്താങ്ങുന്ന EVIDENCE ആണ്. എന്നാൽ അതുകൊണ്ട് മാത്രം ആ കുറ്റക്കാരനാകുന്നില്ല. പിന്നീട് സംഭവത്തിന്റെ ദൃക്‌സാക്ഷി ആരാണ് പ്രതിയെന്ന് പറയുന്നു, സംഭവസ്ഥലത്തുനിന്നും Bയുടെ വിരലടയാളം ലഭിക്കുന്നു. മോഷ്ടിക്കപ്പെട്ട തുക Bയുടെ വീട്ടിൽനിന്നും കണ്ടെടുക്കുന്നു. ഇത്രയും കാര്യങ്ങൾ ഓരോന്നും Bയാണ് കൊള്ളനടത്തിയത് എന്ന തിയറിയെ അനുകൂലിക്കുന്നവയാണ്. ഇവിടെ ഉപയോഗിക്കുന്ന യുക്തിയെ ഒരു ലോജിക്കൽ നിയമമാക്കി എഴുതിയാൽ ഇങ്ങനെ വായിക്കാം: ‘ഒരു തിയറി അനുസരിച്ച് പ്രതീക്ഷിതമായ (expected) കാര്യങ്ങൾ സംഭവിക്കുന്നുവെങ്കിൽ അത് ആ തിയറിക്കുള്ള evidence ആണ്.’ ഈ നിയമത്തെ principle of predictability എന്ന് വിളിക്കാം. മുകളിൽ പറഞ്ഞ കേസിൽ Bയാണ് കൊള്ളനടത്തിയത് എങ്കിൽ കാണേണ്ട വസ്തുതകളാണ് വിരലടയാളവും ദൃക ്‌ സാക്ഷിയും കാശുമെല്ലാം. അപ്പോൾ Bയാണ് കൊള്ളനടത്തിയതെന്ന ആ തിയറിയനുസരിച്ച് പ്രതീക്ഷിക്കേണ്ട വിവരങ്ങൾതന്നെ ലഭിക്കുന്നു എന്നതിന്റെ അർഥം B തന്നെ പ്രതിയെന്നാണ്.

ഇനി എന്താണ് proof എന്നതുകൂടി നോക്കാം. സാധാരണ സംസാരത്തിൽ proof എന്നും evidence എന്നും ഒരേ അർഥത്തിൽ നാം മാറ്റി ഉപയോഗിക്കാറുണ്ടെങ്കിലും രണ്ടും ഒന്നല്ല. പ്രൂഫ് എന്നത് evidenceകളുടെ കളക്ഷൻ ആണെന്ന് പറയാം. (proof means the cogency of evidence that compels acceptance by the mind of a truth or a fact) ‘ഒരു കാര്യം സത്യമാണെന്ന് മനുഷ്യ മനസ്സിനെ വിശ്വസിപ്പിക്കാൻ പ്രാപ്തമാക്കുന്ന evidenceകളുടെ കൂട്ടമാണ് പ്രൂഫ്.’

അതുപോലെ തന്നെ evidence ‘ഒരു കാര്യം സത്യമാകാം’ എന്നാണ് പറയുന്നതെങ്കിൽ ഒരു കാര്യം സത്യമാണ് എന്ന് ഉറപ്പിക്കുന്നതാണ് പ്രൂഫ്. ഇതിൽനിന്നും മറ്റൊരു ലോജിക്കൽ principle കൂടി നിർധരിച്ചെടുക്കാം. ‘ഒരു തിയറിയനുസരിച്ച് expected ആയ കാര്യങ്ങളുടെ ശൃംഖലയാണ് പ്രൂഫ്. evidenceകളുടെ എണ്ണത്തിനും നിലവാരത്തിനും അനുസരിച്ച് പ്രൂഫ് ശക്തിപ്പെടുന്നു. ഇതിനെ principle of evidential proof എന്ന് വിളിക്കാം.

ഒരു ഉദാഹരണത്തിൽനിന്നും മറ്റൊരു ലോജിക്കൽ principle കൂടി നിർമിക്കാം. മൂന്ന് വ്യത്യസ്ത കൊലപാതകങ്ങൾ നടന്നുവെന്ന് കരുതുക. മൂന്നും ഒരേ സ്വഭാവത്തിൽ ഒരേ ആയുധം ഉപയോഗിച്ച്. അന്വേഷണത്തിൽ മൂന്നും നടത്തിയത് ഒരാളാണെന്ന് മനസ്സിലാക്കുന്നു. കൊലപാതകം നടന്ന സ്ഥലത്ത് നിന്നും X എന്ന വ്യക്തിയുടെ വിരലടയാളം, ബൂട്ടിന്റെ അടയാളം, വാഹനത്തിന്റെ സിസിടിവി ദൃശ്യം എന്നിവ ലഭിക്കുന്നു. കൊലചെയ്യാൻ ഉപയോഗിച്ച കത്തിക്ക് സമാനമായത് ഈ വ്യക്തിയുടെ കയ്യിൽ നിന്നും കണ്ടെടുക്കുന്നു. കൊലപാതകസമയത്ത് ഈ വ്യക്തി സംഭവസ്ഥലത്ത് ഉണ്ടായിരുന്നു എന്നും, കൊലചെയ്യപ്പെട്ട വ്യക്തികളുമായി മുൻവൈരാഗ്യം ഉണ്ടായിരുന്നു എന്നും അറിയുന്നു. Xന് സമാനമായ താടിയുള്ള വ്യക്തിയാണ് കൊലപാതകി എന്ന് ദൃക്‌സാക്ഷി പറയുന്നു. മഞ്ഞ ടീ ഷർട്ടും പച്ച പേന്റ്‌സും ധരിച്ച വ്യക്തിയാണ് കൊലചെയ്തത് എന്നറിയുന്നു, Xൽ നിന്നും അങ്ങനെ ഒരു ജോഡി ഡ്രസ്സും ലഭിക്കുന്നു.

ഇത്രമതി X തന്നെയാണ് കൊലപാതകി എന്ന് മനസ്സിലാക്കാൻ. എന്നാൽ ഇതിലെ ഓരോ evidenceനെയും Xന് നിഷേധിക്കാം. സംഭവസ്ഥലത്തെ വിരലടയാളം മുൻപ് അവിടെ പോയതുകൊണ്ട് കാണപ്പെടുന്നതാണെന്ന് പറയാം, മുൻവൈരാഗ്യമുണ്ട് എന്നതുകൊണ്ട് കൊന്നത് താൻതന്നെയെന്ന് ഉറപ്പിക്കാൻ ആകില്ലല്ലോ എന്ന് വാദിക്കാം. സംഭവസ്ഥലത്ത് ആ സമയത്തുതന്നെ പോയത് യാദൃച്ഛികമായി മാത്രം സംഭവിച്ചതാണെന്ന് പറയാം. കൊലപാതകിയുടെയും തന്റെയും വാഹനങ്ങളും ബൂട്ടും ഒരുപോലെയായതുകൊണ്ട് തന്നെ കൊലപാതകിയായി സംശയിക്കുകയാണെന്ന് വാദിക്കാം. ഒരേ മോഡലിൽ ഒരുപാട് കത്തികൾ ഉണ്ട്. അതിൽ ഒന്ന് താൻ വാങ്ങിയതും അതുപോലെ ഒന്നുകൊണ്ട് കൊലപാതകം നടന്നതും വെറും യാദൃച്ഛികത മാത്രമാണ് എന്നും പറയാം. തന്നെ പോലെത്തന്നെ താടിയുള്ള ഒരുപാട് പേര് ഈ നാട്ടിൽ വേറെയുമുണ്ട്, ദൃക്‌സാക്ഷിക്ക് ആള് തെറ്റിയതാണ് എന്ന് പറയാം. ഒരുപോലെയുള്ള വസ്ത്രം കണ്ടുകിട്ടിയതുകൊണ്ട് താനാണ് കൊലപാതകി എന്ന് വാദിക്കുന്നതിൽ എന്താണ് അർഥം എന്ന് ചോദിക്കാം.

എന്നാൽ ഇത്രയേറെ യാദൃച്ഛികതകൾ ഒരിക്കലും ഒരേ ഓർഡറിൽ സംഭവിക്കില്ല എന്നതാണ് പ്രശ്‌നം. ഇവിടെ X പ്രതിയായാൽ കാണേണ്ട വിവരങ്ങളുടെ ശൃംഖലയാണ് മുകളിലെ ഓർഡർ. ഒരു ഓർഡറിൽ ഒരു പരിധിയിലധികം കാര്യങ്ങൾ യാദൃച്ഛികമായി സംഭവിക്കില്ല. പതിനായിരംവട്ടം ഒരു കോയിൻ ടോസ് ചെയ്തപ്പോൾ പതിനായിരം തവണയും HEAD തന്നെ കിട്ടി എന്നു പറഞ്ഞാൽ അത് യാദൃച്ഛികമല്ല എന്നും HEAD തന്നെ കിട്ടാൻ രൂപത്തിൽ ഒരു റീസൺ അവിടെ പ്രവർത്തിച്ചിട്ടുണ്ട് എന്നും നാം തീർപ്പാക്കും. എന്നതുപോലെ X കൊലപാതകിയാണെങ്കിൽ പ്രതീക്ഷിക്കാവുന്ന ഡാറ്റകൾ തന്നെ ഒന്നിലധികം ലഭിക്കുന്നുവെങ്കിൽ അതിനർഥം X തന്നെയാണ് കൊലപാതകി എന്നാണ്. യാദൃച്ഛികമായി ഒരേ ഓർഡറിൽ കാര്യങ്ങൾ സംഭവിക്കുന്നില്ല എന്ന ഈ തിയറിയെ principle of order എന്നു വിളിക്കാം. നമ്മുടെ ശാസ്ത്രീയാന്വേഷണങ്ങളും കുറ്റാന്വേഷണ രീതിയും നീതിന്യായ വ്യവസ്ഥയുമെല്ലാം ഈ ലോജിക്കുകളെ അംഗീകരിച്ചാണ് പ്രവർത്തിക്കുന്നത്.

ഈ ലോജിക്കൽ principles അടിസ്ഥാനമാക്കി ദൈവാസ്തിത്വവും ഇസ്‌ലാമും prove ചെയ്യാവുന്നതാണ്. ഇവിടെ THEISM/ഇസ്‌ലാം തുടങ്ങിയ ലോക വീക്ഷണങ്ങൾക്കനുസരിച്ച് Expected ആയ കാര്യങ്ങളാണ് evidences. evidence ഒന്നിനെ e1, evidence രണ്ടിനെ e2 എന്നിങ്ങനെയാണ് നാം ഇനിയുള്ള ചർച്ചകളിൽ അടയാളപ്പെടുത്തുന്നത്.

അപ്പോൾ e1×e2×e3×e4×e5... എന്നിങ്ങനെ ഈ തെളിവുകളെ വിലയിരുത്തിയാൽ അവയെ മൊത്തം conjunction of evidences എന്നും ചുരുക്കി CE എന്നും വിളിക്കാം. EVIDENCEകളുടെ കളക്ഷൻ ഒരു ഗണിത സത്യത്തിന്റെ അത്രയും ആധികാരികതയും വിശ്വാസയോഗ്യതയുമുള്ള ഒരവസ്ഥയിൽ എത്തുന്നു എന്നതാണ് ഇവിടെ ഞാൻ ഉദ്ദേശിക്കുന്ന പ്രധാനവാദം. ഒരേ ക്രമത്തിൽ കാര്യങ്ങൾ സംഭവിക്കാൻ എപ്പോഴും കുറഞ്ഞ സാധ്യതയാണ് ഉള്ളത്. പത്തു കടലാസുതുണ്ടുകളിൽ ഓരോന്നിലും ഒന്നു മുതൽ പത്തുവരെയുള്ള ക്രമത്തിൽ അവ എടുക്കുവാനുള്ള സാധ്യത എത്രത്തോളമാണെന്ന് പരിശോധിച്ചാൽ ഈ സിദ്ധാന്തം എളുപ്പം മനസ്സിലാകും. ആദ്യം ഒന്ന് കിട്ടാനുള്ള സാധ്യത പത്തിലൊന്നാണ്. ഒന്നും രണ്ടും ക്രമത്തില് കിട്ടാനുള്ള സാധ്യത നൂറിലൊന്നും, ഒന്നും രണ്ടും മൂന്നും ക്രമത്തിലാവാനുള്ള സാധ്യത ആയിരത്തിലൊന്നുമാണ്. ഇങ്ങനെ നോക്കിയാൽ ഒന്നുമുതൽ പത്തുവരെയുള്ള സംഖ്യകൾ ക്രമത്തിൽ കിട്ടാനുള്ള സാധ്യത ആയിരം കോടിയിൽ ഒന്നുമാണെന്നു കാണാനാവും. ഒരാൾ ഒന്നുമുതൽ പത്തുവരെയുള്ള അക്കങ്ങളെഴുതി അവ പുറത്തുകാണാത്ത രൂപത്തിൽ മടക്കി ഒരു ഭരണിയിൽ ഇട്ടശേഷം ഒന്നു മുതൽ പത്തുവരെയുള്ള ക്രമത്തിൽ അവ എടുക്കുവാനുള്ള സാധ്യത എത്രത്തോളമാണെന്ന് പരിശോധിച്ചാൽ ഈ സിദ്ധാന്തം എളുപ്പം മനസ്സിലാകും. ആദ്യം ഒന്ന് കിട്ടാനുള്ള സാധ്യത പത്തിലൊന്നാണ്. ഒന്നും രണ്ടും ക്രമത്തിൽ കിട്ടാനുള്ള സാധ്യത നൂറിലൊന്നും, ഒന്നും രണ്ടും മൂന്നും ക്രമത്തിലാവാനുള്ള സാധ്യത ആയിരത്തിലൊന്നുമാണ്. ഇങ്ങനെ നോക്കിയാൽ ഒന്നു മുതൽ പത്തു വരെയുള്ള സംഖ്യകൾ ക്രമത്തിൽ കിട്ടാനുള്ള സാധ്യത ആയിരം കോടിയിൽ ഒന്നുമാണെന്നു കാണാനാവും. ഒരാൾ ഒന്നുമുതൽ പത്തുവരെയുള്ള സംഖ്യകൾ കൃത്യമായി എടുക്കുകയും തികച്ചും യാദൃച്ഛികമായാണ് തനിക്ക് അത് ലഭിച്ചതെന്നു വാദിക്കുകയും ചെയ്താൽ സാമാന്യബോധമുള്ളവരൊന്നും അത് അംഗീകരിക്കുകയില്ല. യാദൃച്ഛികമായി അങ്ങനെ സംഭവിക്കാനുള്ള സാധ്യത തീരെയില്ലയെന്നാണ് അതിന്റെ സംഭവ്യത ആയിരം കോടിയിൽ ഒന്നു മാത്രമാണെന്ന് പറഞ്ഞാൽ അതിനർഥം. ഒരു കാര്യത്തെ ശരിവയ്ക്കുന്ന ഡാറ്റകൾ യാദൃച്ഛികമായി ഒരു പരിധിയിലധികം സംഭവിക്കില്ല എന്നുകൂടിയാണ് ഇത് തെളിയിക്കുന്നത്. അഥവാ e1×e2×e3×e4×e5×e6... എന്നിങ്ങനെ ഒരേ ക്രമത്തിൽ തെളിവുകൾ സംഭവിക്കുന്നു എങ്കിൽ അതിനർഥം ആ തെളിവുകൾ ചൂണ്ടുന്ന കാര്യങ്ങൾ പൂർണമായും ശരിയാണ് എന്നാകുന്നു. വാസ്തവത്തിൽ ചുറ്റുമുള്ള പ്രപഞ്ചത്തിൽ കാണുന്ന തെളിവുകളുടെ കൂട്ടത്തിലേക്ക് (conjunction of evidences) നോക്കൂ എന്നത് ക്വുർആൻതന്നെ ആവശ്യപ്പെടുന്ന യുക്തിചിന്താരീതിയാണ്.

‘‘ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യർക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്തുനിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിർജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക് അതുമുഖേന ജീവൻ നൽകിയതിലും, ഭൂമിയിൽ എല്ലാതരം ജന്തുവർഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികൾക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങൾക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്; തീർച്ച’’ (ക്വുർആൻ 2:164).

ഇനി ദൈവാസ്തിത്വംമുതൽ ഇസ്‌ലാംവരെയുള്ള കാര്യങ്ങൾക്ക് തെളിവുകളും അവ നിഷേധിക്കാനാവാത്ത സത്യതയിൽ എത്തുന്നതും എങ്ങനെയെന്ന് നോക്കാം.

e1: മഹാവിസ്‌ഫോടന സിദ്ധാന്തം

ഈ കാണുന്ന പ്രപഞ്ചം 13.8 ബില്യൺ വർഷത്തെ പഴക്കമുള്ളമുള്ളതാണെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. ഒരു സിംഗുലാരിട്ടി അവസ്ഥയിൽനിന്നും ഉയർന്ന വേഗതയിൽ ആരംഭിച്ച വികാസമാണ് ഇന്നത്തെ പ്രപഞ്ചത്തിന് കാരണമെന്ന് ഈ സിദ്ധാന്തം പറയുന്നു. background റേഡിയേഷനുകളും പ്രപഞ്ച വികാസവും തെർമോ ഡൈനാമിക്‌സിലെ നിയമങ്ങളുമെല്ലാം ഇതിനെ സാധൂകരിക്കുന്നു.

ഇനി നോക്കുക; ഒരു ദൈവമുള്ള ലോകക്രമത്തിൽ EXPECTED ആയ കാര്യമാണ് ഒരു പ്രത്യേക നിമിഷത്തിൽ അന്നുവരെ ഇല്ലാത്ത പ്രകൃതവും നിയമങ്ങളും സ്വഭാവവുമുള്ള ലോകം സൃഷ്ടിക്കപ്പെടുകയെന്നത്. എന്നാൽ നിരീശ്വരവാദത്തിൽ അത്തരമൊരു സ്‌പെഷ്യൽ eventെന്റ ആവശ്യമില്ല. അപ്പോൾ ദൈവമുള്ള ലോകക്രമത്തിൽ പ്രതീക്ഷിക്കേണ്ട ഒരു കാര്യം സംഭവിച്ചു എന്നത് മുകളിൽ പറഞ്ഞ principle of evidence അനുസരിച്ച് ദൈവാസ്തിത്വത്തിനുള്ള തെളിവാണ്. മഹാവിസ്‌ഫോടന സിദ്ധാന്തം ദൈവാസ്തിത്വം സ്ഥാപിക്കുന്നതിനുള്ള തെളിവാണ് (evidence).

e2: ആരംഭകാരണം

അനന്തമായ (infinite) കാര്യകാരണങ്ങളുടെ ഫലമായി ഒരു വസ്തു ഉണ്ടാകുന്നില്ല എന്ന വീക്ഷണമാണ് causal finitism. (According to CF, causal sequences leading up to any event, state, or substance must be finite). അനന്തമായ നിമിഷങ്ങൾക്ക്/കാരണങ്ങൾക്ക് ശേഷം മറ്റൊന്നിന് സംഭവിക്കാൻ ആവില്ല, കാരണം അനന്തത അവസാനമില്ലാത്തതാണ്. അവസാനമില്ലായ്മയുടെ അവസാനം ഒന്ന് സംഭവിക്കുക സാധ്യമല്ല. ഉദാഹരണത്തിന് അനന്തമായ അത്രയും പൂക്കൾ എണ്ണിത്തീർന്ന ശേഷം ഒരാൾ തന്റെ ഫ്‌ളവർഷോപ്പ് അടച്ചു എന്നുപറഞ്ഞാൽ അത് സാധ്യമല്ല. കാരണം അവസാനമില്ലാത്ത എണ്ണങ്ങൾ എണ്ണി അവസാനിക്കുക സാധ്യമല്ല. എന്നപോലെ അനന്തമായ കാലങ്ങൾക്കോ, കാര്യകാരണ ശൃംഖലകൾക്കോ ശേഷം പ്രപഞ്ചം ഉണ്ടാവുകയും സാധ്യമല്ല. അപ്പോൾ പ്രപഞ്ചത്തിന് അനാദിയായ ഭൂതകാലമില്ല, ഭൗതിക ലോകത്തിന് തുടക്കമുണ്ട്. ഒരു തുടക്ക കാരണം പ്രപഞ്ചത്തിന് ഉണ്ടെന്നാൽ ഒരു ആദികാരണം ഉണ്ടെന്നാണ് അർഥം.

ഭൗതികലോകത്തെ സൃഷ്ടിച്ച ഒരു ആദികാരണം ഉണ്ടാവുകയെന്നത് ദൈവമുള്ള ലോക വീക്ഷണത്തിൽ (THEISM) പ്രതീക്ഷിക്കാവുന്ന ഡാറ്റയാണ്. ആയതിനാൽ ഇത് theismത്തിനുള്ള തെളിവാണ്. എന്തെങ്കിലും പ്രത്യേകമായ ആദ്യകാരണം പ്രപഞ്ചത്തെ സൃഷ്ടിക്കുകയെന്നത് നിരീശ്വര വാദത്തിന് പഥ്യമായ നിരീക്ഷണമല്ല.

e3: അഭൗതികത-അനിവാര്യത

ബാഹ്യവിശദീകരണം വേണ്ടതായ ഒന്നിനും സ്വയം വിശദീകരിക്കാൻ കഴിയില്ല. ഉദാഹരണത്തിന്, നിങ്ങളുടെ കയ്യിലെ മൊബൈൽമുതൽ പുസ്തകങ്ങളും വീടും അലമാരയും ഗാലക്‌സിയും നക്ഷത്രങ്ങളുമെല്ലാം ഒരു സമയത്ത് ഇല്ലാതിരുന്നതും പിന്നീട് നിലവിൽ വന്നവയുമാണ്. അങ്ങനെ അവയുണ്ടാകാൻ ബാഹ്യകാരണങ്ങളുമുണ്ട്. ബാഹ്യകാരണം വേണ്ടാത്തവയുടെ ടോട്ടാലിറ്റിയെ നാം സെറ്റ് എന്ന് വിളിക്കുന്നു. അങ്ങനെ ഒരു സെറ്റിനെ അതിന് പുറത്തുള്ളതാണ് വിശദീകരിക്കുക. ഉദാ: സകലമനുഷ്യരും എവിടെനിന്നുമുണ്ടായി എന്ന ചോദ്യത്തിന് ഉത്തരം മറ്റൊരു മനുഷ്യനാകാൻ പാടില്ല. സകല മനുഷ്യരും ആദ്യമേ ആ സെറ്റിൽ ഉൾപ്പെട്ടുകഴിഞ്ഞു. അപ്പോൾ സെറ്റിൽ ഉൾപ്പെടാത്ത കാരണമാണ് ആ സെറ്റിനെ വിശദീകരിക്കുക. സകലമനുഷ്യരും മനുഷ്യനല്ലാത്ത ഒരു പൊതു പൂർവികനിൽനിന്നുമു ണ്ടായി എന്നാണല്ലോ പരിണാമ സിദ്ധാന്തം പറയുന്നത്. അത് മനുഷ്യനല്ലാത്ത കാരണമാണ്. ബഹുകോശ ജീവികൾ ഏകകോശജീവികളിൽനിന്നും, ജീവൻ ജീവനില്ലാത്തവയിൽനിന്നുമുണ്ടായി എന്നുപറയുമ്പോൾ ഇവിടെയും ഒന്നിന്റെ കാരണം ആ സെറ്റിന് പുറത്താണ്. ബയോളജിയെ വിശദീകരിക്കുന്നത് ബയോളജി എന്ന സെറ്റിന് പുറത്തുള്ള കെമിസ്ട്രിയാണ്. അപ്പോൾ പ്രപഞ്ചത്തെ വിശദീകരിക്കുന്നത് പ്രപഞ്ചത്തിന് പുറത്തായിരിക്കണം. ഭൗതികലോകത്തെ വിശദീകരിക്കുന്നത് അഭൗതിക കാരണമാകണം. contingent ആയവകളെ വിശദീകരിക്കുന്നത് necessary ആകണം.

അഭൗതികമായ, പ്രപഞ്ചാതീതമായ, അനിവാര്യമായ കാരണം പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്നത് THEIST (ദൈവമുണ്ടെന്ന ലോകവീക്ഷണം) വീക്ഷണത്തിൽ പ്രതീക്ഷിത (expected) കാര്യമാണ്. അനിവാര്യമായ, അഭൗതികമായ പ്രപഞ്ച സ്രഷ്ടാവ് എന്നാൽ ഇസ്‌ലാമിക വീക്ഷണത്തിൽ ദൈവത്തിനുള്ള നിർവചനമാണ്. നിരീശ്വരവാദ വീക്ഷണത്തിൽ അത്തരമൊരു അസ്തിത്വം വൈരുധ്യമാണ്.

e4: Necessary Being

അനിവാര്യമായ ഒരു ഹേതു നിലനിൽക്കുകയും ഒരു പ്രത്യേക രൂപത്തിലുള്ള പ്രപഞ്ചത്തെ അത് സ്വയം നിർമിക്കുകയും ചെയ്തുവെന്നാൽ അതിന് സ്വയം ഇച്ഛാശക്തിയും ബോധവും ഉണ്ടെന്നാണ് അർഥം. ഇത് theist വീക്ഷണത്തിൽ ദൈവമാണ്. ഇങ്ങനെയൊരു അസ്തിത്വത്തെ സമ്മതിച്ച് നിരീശ്വരവാദത്തിന് നിലനിൽപില്ല.

e5: Principle of Sufficient Reason (PDR)

ഹ്യൂമിനെയും ലോറൻസ് ക്രോ സിനെയും ഗ്രഹാം ഓപ്പിയെയും പോലുള്ള ചില നാസ്തിക തത്ത്വചിന്തകരെങ്കിലും പ്രപഞ്ചത്തിന് പുറത്ത് കാര്യ-കാരണ ബന്ധമില്ലാതെ കാര്യങ്ങൾ സംഭവിക്കുക സാധ്യമാണ് എന്ന് പറഞ്ഞവരാണ്. അഥവാ psr ഒരു അടിസ്ഥാന തത്ത്വമല്ല, മറിച്ച് സ്ഥൂല പ്രപഞ്ചത്തിൽ കാണപ്പെടുന്ന അവസ്ഥ മാത്രമാണ് എന്നാണ് ഇവരുടെ പക്ഷം.

ഇതിൽനിന്നും ഇങ്ങനെ ഒരു വാദം മുന്നോട്ടു വയ്ക്കാം:

1) കാര്യകാരണ ബന്ധത്താൽ പ്രവർത്തിക്കാത്ത ലോകം ക്രമരഹിതവും വിരസവും ആയിരിക്കും. എന്തും ഒരു കാരണമില്ലാതെ സംഭവിക്കാം. പ്രത്യക്ഷമോ, അപ്രത്യക്ഷമോ ആകാം. അരാജകത്വമുള്ള (chaotic) ലോകം ആയിരിക്കുമത്. productive ആയി ഒന്നും അവിടെ ഉണ്ടാകുന്നില്ല.

2) Chaotic ആയ ലോകത്തുനിന്നും പകരം ക്രമമുള്ള, റീസൺ അനുസരിച്ച് കാര്യങ്ങൾ സംഭവിക്കുന്ന, productive ആയ ലോകമുണ്ടായി.

3) ക്രമരാഹിത്യത്തിൽനിന്നും ക്രമത്തെ സൃഷ്ടിക്കാൻ ബുദ്ധിശക്തിയുള്ള ഒരു അസ്തിത്വമുണ്ടാകണം. ഉദാ: ഒരു കാറിന്റെ ഭാഗങ്ങളെല്ലാം പൊളിച്ചിട്ടിരിക്കുന്ന ചവറുകൂനയിലേക്ക് പതിനായിരം തവണ കാറ്റ് വീശിയാലും പഴയരൂപത്തിലേക്ക് കാറിനെയാക്കാൻ അതിനാവില്ല. എന്നാൽ ബുദ്ധിശക്തിയുള്ള ഒരു ഉണ്മയെക്കൊണ്ട് പഴയപോലെ കാറിനെ സംവിധാനിക്കാൻ കഴിയും.

4) ക്രമരാഹിത്യത്തിന് പകരം ക്രമത്തെ സൃഷ്ടിച്ച ഉണ്മ ഉണ്ടാകുന്നത് theist വീക്ഷണത്തിൽ പ്രതീക്ഷിതമാണ്. നാസ്തിക വീക്ഷണത്തിൽ അത്തരമൊരു അസ്തിത്വം expected അല്ല.

e6: പ്രപഞ്ച നിയമങ്ങൾ

ഗുരുത്വബലം, ഇലക്ട്രോ മാഗ്‌നറ്റിക് ഫോഴ്‌സ്, സ്‌ട്രോങ്ങ്/ വീക്ക് ന്യൂക്ലിയർ ഫോഴ്‌സസ് എന്നിങ്ങനെ നാല് അടിസ്ഥാന ഭൗതിക നിയമങ്ങളും മൗലിക ബലങ്ങളും തമ്മിൽ ഉൾചേർച്ചയോടെ പ്രവർത്തിക്കുന്ന ഒരു സംവിധാനമാണ് പ്രപഞ്ചം. ഒരു ഉദ്ദേശ്യത്തിൽ ഒന്നിനെ പ്രവർത്തിപ്പിക്കുക എന്ന ലക്ഷ്യമാണ് നിയമങ്ങൾക്കും ബലങ്ങൾക്കും ഉള്ളത്. ഉദാ: ഗ്രാവിറ്റി വസ്തുക്കളെ ചേർത്ത് നിർത്തുന്നു. അതില്ലെങ്കിൽ ഒന്നും മറ്റൊന്നിനോട് ചേരാതെ വിരസമായ ലോകം ആകുമായിരുന്നു. ഗ്രഹങ്ങളോ നക്ഷത്രങ്ങളോ ഗാലക്‌സികളോ ഉണ്ടാവില്ലായിരുന്നു. സ്‌ട്രോങ്ങ് ന്യൂക്ലിയർ ബലം പ്രോടോൺ കണികകളെ ആറ്റം ന്യൂക്ലിയസിനകത്ത് ചേർത്ത് നിർത്തുന്നു. അവ ആ ധർമം നിറവേറ്റുന്നതുകൊണ്ടാണ് ആറ്റങ്ങളാൽ നിർമിതമായ ഈ സ്ഥൂലലോകമുള്ളത്. ചുരുക്കത്തിൽ, ഒരു പ്രത്യേക ലക്ഷ്യത്തിൽ പദാർഥത്തെ സംഘടിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ ഭൗതിക നിയമങ്ങൾ ചെയ്യുന്നത്.

1) theism അനുസരിച്ച് ഒരു പ്രത്യേക ലക്ഷ്യത്തിലാണ് ലോകം പ്രവർത്തിക്കുക. കാരണം ദൈവം ഒരു ഉദ്ദേശ്യത്തിൽ ലോകത്തെ സൃഷ്ടിക്കുന്നു എന്നതാണ് അതിന്റെ വീക്ഷണം.

2) നിരീശ്വര വാദമനുസരിച്ച് ക്രമമോ ഉദ്ദേശ്യലക്ഷ്യങ്ങളോ പാലിക്കുന്ന ലോകം ഉണ്ടാകുന്നതിൽ അർഥമില്ല.

3) നിയമങ്ങളും ക്രമവുമുള്ള, ഉദ്ദേശ്യസ്വഭാവമുള്ള പ്രപഞ്ചം ദൈവമുള്ള ലോകവീക്ഷണത്തിൽ expected ആണ്. ആയതിനാൽ പ്രപഞ്ചനിയമങ്ങൾ ദൈവമുണ്ട് എന്നതിന് തെളിവാണ്

e7: പരസ്പര പൂരകത്വം

പരസ്പരപൂരകമായി വർത്തിക്കുന്ന ഏതിനും ഇന്റലിജൻസ് അനിവാര്യമാണ് എന്ന് നാം കാണുന്നു. പൂട്ടിന് അനുസരിച്ച് അതിനെ തുറക്കാനുള്ള താക്കോൽ ഉണ്ടാകണമെങ്കിൽ രണ്ടിനെയും ഒരുപോലെ സംവിധാനിച്ച intelligent ആയ ഒരു അസ്തിത്വം ആവശ്യമാണല്ലോ. ഈ intelligence നാം പ്രകൃതിയിൽ കാണുന്നു. ഉദാഹരണത്തിന് പദാർഥത്തിന്റെ ഡെഫിനിഷൻ നോക്കുക:

Physical substance means which occupies space and possesses rest mass (നിലനിൽക്കാൻ സ്ഥലം ആവശ്യമുള്ളതും ഭാരമുള്ളതുമായവ). അപ്പോൾ പദാർഥത്തിന് നിലനിൽക്കാൻ സ്ഥലം അനിവാര്യമാണ്. ഒന്നിന്റെ ആവശ്യത്തിന് അനുസരിച്ച മറ്റൊന്ന് ഉണ്ടാവുന്നത് ഇന്റലിജൻസിനുള്ള തെളിവാണ്. പ്രോട്ടോണുകൾക്ക് ഇടയിലുള്ള പരസ്പര വികർഷണം ചെറുക്കാൻ സ്‌ട്രോങ്ങ് ന്യൂക്ലിയർ ഫോഴ്‌സും വർക്ക് ചെയ്യുന്നു. അങ്ങനെ ചേർത്തുനിർത്താൻ അത്രയും ശക്തമായ ബലമില്ലെങ്കിൽ പിന്നെ ആറ്റങ്ങളില്ല, ഈ സ്ഥൂല ലോകമില്ല. പ്രപഞ്ചത്തെ വികസിപ്പിക്കാൻ ഒരു ആക്‌സിലേറ്ററെന്നവണ്ണം ഡാർക്ക് എനർജിയും, വികാസത്തിന്റെ വേഗത കുറയ്ക്കാൻ ഗ്രാവിറ്റി ബ്രേക്ക് എന്നവണ്ണവും പ്രവർത്തിക്കുന്നു. ഇത് തന്നെ ജന്തുലോകത്തും കാണാം. പൂവില്ലാതെ തേനീച്ചയോ, തേനീച്ചയില്ലാതെ പൂവോ ഇല്ല. ആണില്ലാതെ പെണ്ണോ പെണ്ണില്ലാതെ ആണോ ഇല്ല!

ഇങ്ങനെ പരസ്പര പൂരകമായും സന്തുലിതമായും പ്രവർത്തിക്കുന്ന ഒരു സിസ്റ്റം ജഡത്വം നിറഞ്ഞ ഭൗതികതയുടെ ഫലമായി ഉണ്ടായി എന്ന് വാദിക്കുന്നതിൽ യുക്തിയില്ല. എന്നാൽ conscious ആയ ഒരു സ്രഷ്ടാവുണ്ട് എന്ന് വാദിക്കുന്നവരെ സംബന്ധിച്ച് പ്രപഞ്ചത്തിലിത് expected ആണ്.

e8: Design in biology

DNA/RNA കോഡുകൾ അനുസരിച്ചാണ് ജീവലോകം പ്രവർത്തിക്കുന്നത്. നാല് കെമിക്കൽ ബേസുകളെ ആശ്രയിച്ചാണ് ഡിഎൻഎയിൽ ഈ വിവരങ്ങൾ രേഖീകരിച്ചിട്ടുള്ളത്.

The information in DNA is stored as a code made up of four chemical bases: adenine (A), guanine (G), cytosine (C), and thymine (T). Human DNA consists of about 3 billion bases.

ഇതിൽനിന്നും ഇങ്ങനെ ഒരു വാദം ഉന്നയിക്കാം:

1) information ഉള്ളടങ്ങിയ DNAജീവന്റെ അടിസ്ഥാന ഭാഗങ്ങളാണ്.

2) Information എപ്പോഴും ഇന്റലിജൻസിന്റെ ഉത്പന്നമാണ്.

3) Information ജീവന്റെ അടിസ്ഥാനമാണെങ്കിൽ, ജീവന്റെ അടിസ്ഥാനം ഇന്റലിജൻസിന്റെ ഉത്പന്നമാണ്.

4) ആയതിനാൽ ജീവൻ ഇന്റലിജൻസിന്റെ സൃഷ്ടിയാണ്.

ഒരു conscious intelligence ജീവലോകത്തിന്റെ സൃഷ്ടിപ്പിന് നിധാനമാവുകയെന്നത് theism അനുസരിച്ച് സംഭവിക്കേണ്ട കാര്യമാണ്, ദൈവത്തിനു തെളിവാണ്.

e9: fine-tuning

ജീവന് ഈ പ്രപഞ്ചത്തിൽ നിലനിൽക്കാൻ കഴിയുന്നത് പ്രകൃതിയുടെ അടിസ്ഥാനനിയമങ്ങൾ സൂക്ഷ്മമായി അതിനുവേണ്ടി സംവിധാനിക്കപ്പെട്ടിരിക്കുന്നതിനാലാണ്. അവയിൽ ഏതിന്റെയെങ്കിലും മൂല്യം അൽപം മാറിയിരുന്നുവെങ്കിൽ പ്രപഞ്ചത്തിന്റെ ഉത്പാദന സ്വഭാവവും ഗ്രഹങ്ങളും ഗാലക്‌സികളും ജീവനും ഉണ്ടാകുമായിരുന്നില്ല. ഈ സവിശേഷതയെയാണ് cosmic fine tuning എന്ന് വിളിക്കപ്പെടുന്നത്.

സ്റ്റീഫൻ ഹോക്കിങ് എഴുതുന്നു: ‘പ്രപഞ്ചത്തിന്റെ മൊത്തം സാന്ദ്രതയിൽനിന്നും അൽപം മാറ്റം വന്നിരുന്നെങ്കിൽ (by even 0.0000000000001 percent) നക്ഷത്രങ്ങളോ ഗാലക്‌സികളോ പ്രപഞ്ചത്തിൽ ജനിക്കുമായിരുന്നില്ല. ബിഗ് ബാങ്‌ന് ശേഷമുള്ള സമയത്തെ പ്രപഞ്ചവികാസ വേഗത അൽപം കുറഞ്ഞിരുന്നെങ്കിൽ കൂടിച്ചേർന്ന് ഒരു recollapse വഴി പ്രപഞ്ചം തകരുമായിരുന്നു’ (A Brief History of Time, Stephen Hawking wrote, page 126).

ചില പ്രാപഞ്ചിക സ്ഥിരാങ്കങ്ങൾ നോക്കുക:

ഗുരുത്വബലം.
വൈദ്യുത കാന്തിക ബലം.
സ്‌ട്രോങ്ങ് ന്യൂക്ലിയർ ഫോഴ്‌സ്.
വീക്ക് ന്യൂക്ലിയർ ഫോഴ്‌സ്.
ഡാർക്ക് എനർജി.
പ്രപഞ്ചത്തിന്റെ സാന്ദ്രത.

പ്രോട്ടോൺ, ഇലക്ട്രോൺ, ന്യുട്രോൺ എന്നിവകളുടെ പിണ്ഡത്തിന്റെ അനുപാതം.

ഇവയുടെ മൂല്യങ്ങളെ ഒരനുപാതത്തിൽ ആസൂത്രണം ചെയ്തതിന്റെ ഫലമാണ് ഈ പ്രപഞ്ചം. ഗ്രാവിറ്റിയുടെ മൂല്യം കൂടുതലായിരുന്നെങ്കിൽ പദാർഥത്തിന്റെ പൊതുആകർഷണത്താൽ പ്രപഞ്ച വികാസ വേഗത കുറയുകയും ഉടനെ ഒരു ബിഗ് ക്രഞ്ച് വഴി കൂടിച്ചേർന്ന് പ്രപഞ്ചം ഇല്ലാതാവുകയും ചെയ്യുമായിരുന്നു. കുറവായിരുന്നുവെങ്കിൽ ഒന്നും മറ്റൊന്നിനോട് ചേരാത്ത വിരസമായ മരുഭൂമി മാത്രമാകുമായിരുന്നു പ്രപഞ്ചം. രണ്ടവസ്ഥയിലും productive ആയി ഒന്നുമില്ലാത്ത ലോകമാകുമായിരുന്നു. ഏറ്റവും ശക്തമായ സ്‌ട്രോങ്ങ് ന്യൂക്ലിയർ ഫോഴ്‌സ് പക്ഷേ, സൂക്ഷ്മ തലത്തിൽ മാത്രം ഒതുങ്ങുന്നതിനാൽ സ്ഥൂലലോകത്തെ ബാധിക്കുന്നില്ല. ഗ്രാവിറ്റിക്ക് നേർ വിപരീത സ്വഭാവമാണ് ഡാർക്ക് എനർജിക്കുള്ളത്. അവ വികർഷണം ഉണ്ടാക്കുന്നു. എന്നാൽ പ്രകാശ വർഷങ്ങളുടെ ദൂര വ്യത്യാസത്തിൽ വലിയ ലോകത്തെ മാത്രമെ ഇവ ബാധിക്കുന്നുള്ളൂ. ആറ്റങ്ങളെയോ വസ്തുക്കളെയോ ഈ വികർഷണം ബാധിച്ചിരുന്നുവെങ്കിൽ ഇവിടെ ആകാശഗോളങ്ങളോ ഭൂമിയോ ജീവനോ ഇല്ല.

കൃത്യമായ ചില നിയമങ്ങളെ, ചില മേഖലകളിലേക്ക് തന്നെ നിയമിക്കുകയും, അവ പരസ്പര പൂരകമായി പ്രവർത്തിക്കുകയും, അവയാൽ ഈ മനോഹര ലോകം നിർമിക്കപ്പെടുകയും അവ കൂടുതൽ സങ്കീർണമായ ജീവലോകത്തിന് നിദാനമാവുകയും ചെയ്യുന്നത് നമുക്കിവിടെ കാണാൻ കഴിയുന്നു. കേവല ഭൗതിക പ്രതിഭാസങ്ങളിൽ മാത്രം വിശ്വസിക്കുന്നവർക്ക് ഇതെങ്ങനെയാണ് വിശദീകരിക്കാനാവുക? എന്തിനുവേണ്ടി ഈ സങ്കീർണ നിയമങ്ങൾ കൃത്യമായി സംവിധാനിക്കപ്പെടണം? പല നിയമങ്ങളുടെ മൂല്യം ഒരു പ്രത്യേക രൂപത്തിൽ നിയന്ത്രിക്കപ്പെട്ട് അവ ചേർന്ന് പ്രവർത്തിച്ച് പ്രപഞ്ചം പോലൊരു മഹാസംവിധാനം കേവലം യാദൃച്ഛികമായി വെറുതെ ഉണ്ടായിയെന്ന വാദം സത്യസന്ധതയുള്ള ഏതൊരു മനുഷ്യനും ദഹിക്കുമെന്ന് തോന്നുന്നില്ല. ചവറുകൂനയിൽനിന്നും യാദൃച്ഛികമായി വിമാനമുണ്ടായി എന്ന് വിശ്വസിക്കുന്നത് പോലെയാണത്.

എന്നാൽ theism അനുസരിച്ച് പ്രപഞ്ചം പോലൊരു സംവിധാനം ഒരു conscious ആയ അസ്തിത്വത്താൽ ഉദ്ദേശ്യലക്ഷ്യങ്ങളാൽ സൃഷ്ടിക്കപ്പെട്ടതാണ്. അതിൽ ആസൂത്രണങ്ങളും ബുദ്ധി വൈഭവവും ഉണ്ടാവുക theism അനുസരിച്ച് സ്വാഭാവികത മാത്രമാണ്. theism അനുസരിച്ച് മാത്രം സംഭവിക്കേണ്ട ഒരു കാര്യം കാണപ്പെടുന്നുവെന്നത് ദൈവാസ്തിത്വത്തിന് തെളിവാണ്.

(തുടരും)