ജോസഫ് മാഷിന്റെ കൈയും മഅ്ദനിയുടെ കാലും: മതേതര പൊതുബോധത്തിന് ഒരു തിരുത്ത്

മുജീബ് ഒട്ടുമ്മൽ

2023 ജൂലൈ 22 , 1444 മുഹറം 04

കേരളം കേൾക്കാൻ കൊതിച്ച വിധിയാണ് കൈവെട്ട് കേസിൽ പുറത്തുവന്നത്. പ്രായോഗിക രംഗത്ത് എത്ര തന്നെ വിവേചനപരമാണെങ്കിലും, വ്യവസ്ഥാപിതമായ ഒരു നിയമസംവിധാനം നിലനിൽക്കെ വ്യക്തികൾ ശിക്ഷ വിധിക്കുന്ന രീതി അംഗീകരിക്കാൻ കഴിയുന്നതല്ല. അതേസമയം പ്രതിയോടുള്ള അവിവേകികളുടെ സമീപനത്തിന്റെ കാഠിന്യം, ചെയ്ത തെറ്റിനെ ന്യായീകരിക്കാനും അപരാധിയെ വിശുദ്ധവൽക്കരിക്കാനും സമാന വിഷയങ്ങളിൽ മതം ചികഞ്ഞ് വിമർശിക്കാനും ഇട വരുത്തുന്നുണ്ടെങ്കിൽ അത് പുതിയ ക്രിമിനലുകളെ സൃഷ്ടിക്കാനേ ഉപകരിക്കൂ.

ഇസ്‌ലാമിനോടുള്ള വെറുപ്പിന്റെ ഫലമായി മുസ്‌ലിംകളോടുള്ള ഭയവും അനിഷ്ടവുമാണ് ഇസ്‌ലാം ഭീതി. രാഷ്ട്രത്തിന്റ സാമ്പത്തിക, സാമൂഹിക, പൊതുജീവിതത്തിൽനിന്നും മുസ്‌ലിംകളെ അവഗണിച്ചു കൊണ്ട് അവരോട് പ്രകടിപ്പിക്കുന്ന വിവേചനം ഇതിന്റ ഒരു രീതിയാണ്. മറ്റു സംസ്‌കാരങ്ങളുമായി ഇസ്‌ലാമിന് ഒരു പൊതുമൂല്യവും ഇല്ല എന്നും പാശ്ചാത്യരുമായി താരതമ്യം ചെയ്യുമ്പോൾ അത് അധമമാണെന്നും അക്രമാത്മക രാഷ്ട്രീയ ആദർശമാണ് ഒരു മതമെന്നതിലുപരി ഇസ്‌ലാമെന്നുമാണ് ഇസ്‌ലാമോഫോബിയയുടെ മുൻവിധി.’’ 1997ൽ റണ്ണിമെഡ് ട്രസ്റ്റ് എന്ന ബ്രിട്ടീഷ് സംഘടനയുടെ ‘ഇസ്‌ലാമോഫോബിയ’ എന്ന പദത്തെ നിർവചിച്ചുകൊണ്ടുള്ള വിശദീകരണങ്ങളിലെ വസ്തുനിഷ്ഠമായ ചില വരികളാണിത്.

“മുസ്‌ലിംകളുടെ കാഴ്ചപ്പാടുകൾ വേണ്ടത്ര പ്രതിനിധീകരിക്കപ്പെടാതെ പോകുന്നു. മുസ്‌ലിംകൾ ഉൾപ്പെടുന്ന പ്രശ്‌നങ്ങളിൽ അവരെ നിഷേധാത്മകമായ രീതിയിൽ ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. ഇസ്‌ലാമും മുസ്‌ലിംകളും പാശ്ചാത്യ സുരക്ഷിതത്വത്തിനും മൂല്യങ്ങൾക്കും ഭീഷണിയാണെന്നുള്ള പരികൽപനകളാണ് ഇവ ഉൾകൊള്ളുന്നത്.’’

1994നും 2004നും ഇടയിൽ ബ്രിട്ടീഷ് മാധ്യമങ്ങളിൽ വന്ന ലേഖനങ്ങളെ ഉദ്ധരിച്ചുകൊണ്ട് എൻസൈക്ലോപീഡിയ ഓഫ് റൈസ് ആന്റ് എത്‌നിക് സ്റ്റഡീസ് എന്ന വസ്തുതാ പഠനത്തിൽ ഇസ്‌ലാമോഫിബിയ പ്രചരിപ്പിക്കുന്നതിൽ മാധ്യമങ്ങൾക്കെതിരെയുള്ള വിമർശനം ഉപസംഹരിച്ചുകൊണ്ട് എലിസബത്ത് പൂൾ എഴുതിയ വരികളാണിത്. കേരളത്തിെന്റ സമകാലിക പ്രശ്‌നങ്ങളിൽ പാശ്ചാത്യരുടെ പോലും തിരിച്ചറിവിനെ അവഗണിച്ച് കാവിരാഷ്ട്രീയത്തിന്റ വെറുപ്പുൽപന്നങ്ങളിൽ മലയാളീപ്രബുദ്ധതയും ആകർഷിച്ച് തുടങ്ങിയെന്ന സംശയത്തെ ബലപ്പെടുത്തുന്നതായി ചില പ്രതികരണങ്ങളും സമീപനങ്ങളും സൂചിപ്പിക്കുന്നുണ്ട്. മതനിരപേക്ഷതയുടെ അമ്പാസിഡർമാരെന്ന് അവകാശപ്പെടുന്നവരുടെ വ്‌ളോഗുകളും സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളും പത്രക്കോളങ്ങളും അതിന് ബലം നൽകുന്നുണ്ട്. എലിസബത്ത്പൂളിന്റ പഠനവും റണ്ണിമെഡ് ട്രസ്റ്റിന്റ കണ്ടെത്തലും മലയാളികൾക്കിടയിലും യാഥാർഥ്യമായിക്കൊണ്ടിരിക്കുന്നതിന്റെ നേർചിത്രങ്ങളാണ് പൊതുബോധത്തിലെ പ്രതികരണങ്ങൾ ബോധ്യപ്പെടുത്തുന്നത്.

തൊടുപുഴയിലെ ന്യൂമാൻ കോളേജിലെ അധ്യാപകന്റെ കൈവെട്ടിയ പ്രതികൾക്കെതിരെ കോടതി വിധി പ്രസ്താവിച്ച പശ്ചാത്തലത്തിലെ ചർച്ചകളിൽ ഇത് കൂടുതൽ പ്രതിഫലിക്കുന്നതായി കാണാം. മലയാളം വിഷയത്തിൽ തയ്യാറാക്കിയ ചോദ്യപേപ്പറിൽ സംസ്‌കാരത്തിന് യോജിക്കാത്ത പദപ്രയോഗങ്ങൾകൊണ്ട് മുഹമ്മദ് നബി ﷺ യെ തെറിയഭിഷേകം ചെയ്യുകയായിരുന്നു ഈ അധ്യാപകൻ. ലക്ഷക്കണക്കിന് മതവിശ്വാസികളുടെ മനസ്സിന് മുറിവേൽപിച്ച അയാളുടെ പരാമർശം സമൂഹത്തിൽ ഏറെ പ്രതിസന്ധികൾ തീർത്തു. മതവിദ്വേഷ പ്രചാരണത്തിന് അയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചുവെങ്കിലും അവിവേകികളായ ചില വിവരശൂന്യരിൽനിന്ന് അയാൾ ആക്രമണത്തിന് വിധേയമാവുകയായിരുന്നു. അക്രമികൾ ശക്തമായ ശിക്ഷകൾക്ക് വിധേയരാകണമെന്ന കാര്യത്തിൽ ആർക്കും അഭിപ്രായാന്തരമുണ്ടാവൻ സാധ്യതയില്ല. അത്രയ്ക്ക് നെറികേടാണവർ കാണിച്ചത്. ഭരണവും നിയമ സംവിധാനവും ഉണ്ടായിരിക്കെ അവയെ മറികടന്ന് ആൾക്കൂട്ടങ്ങളായി ശിക്ഷ നടപ്പിലാക്കാനുള്ള അധികാരം ആർക്കുമില്ല. ഇസ്‌ലാമിക രാജ്യങ്ങളിലാണെങ്കിൽ പോലും ഇത്തരം ഇസ്‌ലാം വിരുദ്ധ പരാമർശങ്ങൾക്ക് എതിരെ നടപടിയെടുക്കാൻ ആരെയും അനുവദിക്കാറില്ല. അതിന് അവിടെ നിയമ സംവിധാനമുണ്ട്. അധികാരികളുണ്ട്.

പ്രതികളുടെ ശിക്ഷാവിധി അറിഞ്ഞയുടനെയുള്ള ടി.ജെ ജോസഫിന്റ പരാമർശവും പ്രതികരണവും അങ്ങേയറ്റം മതവിദ്വേഷം ജനിപ്പിക്കുന്നതായിരുന്നു. കൈവെട്ടിയവരെയല്ല 1400 വർഷങ്ങൾക്കുമുമ്പുള്ള അവരുടെ പ്രത്യയശാസ്ത്രത്തെയാണ് ഉൻമൂലനം ചെയ്യേണ്ടതെന്ന വിഷലിപ്തമായ പരാമർശത്തിനെതിരെ സാംസ്‌കാരിക കേരളത്തിന്റ സമീപനം അതിശയിപ്പിക്കുന്നതാണ്. മുഖ്യധാരാ മുസ്‌ലിം സംഘടനകളെല്ലാം കൈവെട്ടിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്തത് ഇസ്‌ലാമിന്റ സമാധാനസന്ദേശം അവർ ഉൾകൊള്ളുന്നത് കൊണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗം ജീവിത ദർശനമായി സ്വീകരിച്ച ഇസ്‌ലാമിനെ ഉൻമൂലനം ചെയ്യണമെന്ന ഇയാളുടെ ഭാഷ്യം അവിവേകികളെ നിലനിർത്തി മുസ്‌ലിം സമുദായത്തെ തുടച്ച് നീക്കണമെന്ന മൗഢ്യമാണെന്നും അത്തരം മനോഭാവത്തോട് കേരള പ്രബുദ്ധതയുടെ നെറ്റി ചുളിഞ്ഞതായി എവിടെയും കാണാത്തതും ഇസ്‌ലാംവെറുപ്പിന്റ അനുരണനങ്ങൾ തന്നെയാണ്.

ജോസഫ് മാഷിന്റെ നബിനിന്ദ

2010 മാർച്ച് 23ന് തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്ന രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിലെ പതിനൊന്നാം നമ്പർ ചോദ്യമാണ് വിവാദ വിഷയം.

ഒരു സംഭാഷണത്തിൽ ആവശ്യത്തിനുള്ള ചിഹ്നങ്ങൾ ചേർക്കുകയെന്നതാണ് ചോദ്യം. പി.ടി കുഞ്ഞിമുഹമ്മദിന്റ തിരക്കഥയിലെ രീതിശാസ്ത്രം എന്ന പുസ്തകത്തിൽനിന്ന് ഒരു ഭ്രാന്തനും ദൈവവും തമ്മിലുള്ള സംഭാഷണമാണ് അതിനുവേണ്ടി ചേർത്തത്. ഭ്രാന്തൻ എന്ന കഥാപാത്രത്തിന് പകരം മുഹമ്മദ് നബി ﷺ യുടെ പേര് മനഃപൂർവം ചേർത്തുവയ്ക്കുകയായിരുന്നു. തീരെ സഭ്യമല്ലാത്തതും സംസ്‌കാരം തൊട്ടുതീണ്ടിയിട്ടില്ലാത്തതുമായ തെറിയഭിഷേകത്തിന് വിധേയമാകുന്ന ഭ്രാന്തൻ എന്ന കഥാപാത്രത്തിന് പകരം പ്രവാചകന്റെ പേര് ചേർക്കുകയായിരുന്നു..

സമൂഹത്തിന്റ ശക്തമായ പ്രതിഷേധത്തിനൊടുവിൽ കോളേജ് അധികാരികൾ ജോസഫിനെ തള്ളിപ്പറയുകയും സസ്പന്റ് ചെയ്യുകയും ചെയ്തു. തുടർന്ന് ഒളിവിലായ അയാളെ മതനിന്ദാ കുറ്റം ചുമത്തി പോലീസ് സ്വമേധയാ കേസെടുത്തു. അഥവാ സാമൂഹിക വിഭജനവും വെറുപ്പും വിദ്വേഷവും പരമത നിന്ദയും ലക്ഷ്യമാക്കിയ അയാളുടെ ചെയ്തികളെ സമൂഹം ഒന്നടങ്കം തള്ളിപ്പറഞ്ഞു. ചോദ്യപേപ്പറിലെ പേര് പരാമർശിച്ചത് പ്രവാചകനെ ഉദ്ദേശിച്ചല്ലെന്ന് രക്ഷയ്ക്കായി അയാൾ വാദിക്കുന്നുണ്ടായിരുന്നു. പിന്നെ എന്തിന് പ്രവാചകന്റ പേരുതന്നെ തെരഞ്ഞെടുത്തു? സാങ്കൽപികമായ ധാരാളം പേരുകൾ കണ്ടെത്താൻ സാധിക്കുമായിരിക്കെ ഈ പേരുതന്നെ വച്ചുകൊടുക്കാൻ അയാളെ പ്രേരിപ്പിച്ചത് ഇസ് ലാംവെറുപ്പല്ലാതെ മറ്റെന്താണ്.

എത്രതന്നെ ന്യായീകരിച്ചാലും കൈവെട്ട് പ്രതികളുടെ ശിക്ഷാവിധി കേട്ടതിന് ശേഷമുള്ള ടി.ജെ ജോസഫിന്റ പ്രതികരണത്തിലും പ്രവാചക വിദ്വേഷവും ഇസ്‌ലാം ഭീതിയും തെളിഞ്ഞുകാണാം. മദ്‌റസാ വിദ്യാഭ്യാസത്തെയും അയാൾ പ്രതിക്കൂട്ടിൽ നിറുത്തുന്നുണ്ട്. മദ്‌റസാധ്യാപകർക്ക് സംസ്ഥാന സർക്കാർ ആനുകൂല്യം നൽകുന്നുണ്ടെന്ന സംഘപരിവാര ആരോപണം ഏറ്റെടുത്ത് തന്റ കരം ഛേദിക്കാനാണ് അതുകൊണ്ട് ഉപകരിച്ചതെന്നും അയാൾ കറ്റപ്പെടുത്തുന്നുണ്ട്. എന്നാൽ കേരളത്തിലെ മുസ്‌ലിം ഭൂരിപക്ഷത്തിനു മേൽ ഒരു സങ്കോചവുമില്ലാതെ ഭീകരത ആരോപിക്കുന്ന ജോസഫിനെ തിരുത്താനും അയാളുടെ ജൽപനങ്ങൾക്ക് കൃത്യതയാർന്ന മറുപടി പറയാനും മലയാളി സാംസ്‌കാരിക രംഗം തയ്യാറാകാത്തത് അമ്പരപ്പിക്കുന്നതാണ്.

പ്രവാചകനിന്ദയും വിശ്വാസികളും

പ്രവാചകസ്‌നേഹം വിശ്വാസത്തിന്റ തേട്ടമാണ്. വിശ്വാസത്തിന്റ മാധുര്യം അനുഭവിക്കണമെങ്കിൽ അല്ലാഹുവും അവന്റ പ്രവാചകനും മറ്റെന്തിനെക്കാളും വിശ്വാസിക്ക് പ്രിയപ്പെട്ടതായിരിക്കണം. സ്വന്തം പിതാവിനെക്കാളും പുത്രനെക്കാളും മുഴുവൻ മനുഷ്യരെക്കാളും പ്രവാചകനെ സ്‌നേഹിക്കുവോളം ഒരാളും വിശ്വാസിയാവുകയില്ലെന്ന പ്രവാചകവചനം അതാണ് പഠിപ്പിക്കുന്നത്.

പ്രവാചകനെ വിശ്വാസത്തിന്റ ഭാഗമായി സ്‌നേഹിക്കുകയും പിന്തുടരുകയും ചെയ്യുന്ന വിശ്വാസികളെ സംബന്ധിച്ചിടത്തോളം ശത്രുക്കളുടെ ആക്രമണങ്ങളിൽനിന്ന് നബി ﷺ യെ പ്രതിരോധിക്കുകയും സംരക്ഷിക്കുകയും ചെയ്യുക മതപരമായ ഉത്തരവാദിത്തമാണ്. പ്രവാചകന്റ ജീവിതകാലത്ത് സ്വന്തം ജീവൻ പോലും പണയംവച്ച് യുദ്ധമുഖത്ത് പ്രവാചകന് സംരക്ഷണകവചമൊരുക്കിയവരുണ്ട്. ഉഹ്ദ് യുദ്ധത്തിന്റ വേളയിൽ പ്രവാചകനെ വധിക്കാൻ വേണ്ടി നാലുഭാഗത്ത് നിന്നും ശത്രുക്കൾ അമ്പെയ്തപ്പോൾ സ്ഥൈര്യത്തോടുകൂടി മനുഷ്യമതിലായി ഒറ്റക്ക് നിലയുറപ്പിച്ച് സ്വശരീരം കൊണ്ട് പ്രതിരോധിച്ച സ്വഹാബി ത്വൽഹ(റ)യുടെ ചരിത്രം നബിസ്‌നേഹത്തിന്റ ആവേശഭരിതമായ അധ്യായമാണ്.

പ്രവാചകനിന്ദയും അദ്ദേഹത്തോടുള്ള ശത്രുതയും വിശ്വാസികളുടെ മനസ്സുകളിൽ എത്രമാത്രം മുറിവേൽപിക്കുമെന്നത് പറഞ്ഞറിയിക്കാനാവില്ല. അത്തരം വികാരങ്ങളെ വ്രണപ്പെടുത്തുന്നത് സാമൂഹ്യദ്രോഹവും അക്രമവുമാകുന്നു. പ്രവാചകൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ യുദ്ധമുഖത്ത് പ്രവാചകനെ സംരക്ഷിക്കാൻ വേണ്ടി ആത്മാർപ്പണം ചെയ്ത പ്രവാചകാനുയായികൾ പക്ഷേ, ഭരണാധികാരിക്ക് കീഴിലെ പട്ടാള സംവിധാനങ്ങൾക്കപ്പുറം അനുവാദമില്ലാതെ ഒരാളെയും അക്രമിച്ചതായി ചരിത്രത്തിൽ കാണാനാവില്ല. പ്രവാചക ശത്രുക്കൾ ഒറ്റതിരിഞ്ഞ് വിശ്വാസികളുടെ മുന്നിലെത്തുമ്പോഴെല്ലാം വിട്ടുവീഴ്ചയുടെയും ക്ഷമയുടെയും ഉദാത്തമായ മാതൃകയാണ് മാനവരാശിക്ക് അവർ പകർന്നുനൽകിയത്. തുല്യതയില്ലാത്ത വിട്ടുവീഴ്ചയുടെ പ്രവാചക പാഠങ്ങൾ ചരിത്രത്തിൽ ധാരാളം കാണാനാകും.

മാരകമായ വിഷം പുരട്ടിയ വാള് ഉറയിലിട്ട് ഒട്ടകപ്പുറത്ത് കയറി ഉമൈർ മദീനയിലേക്ക് പുറപ്പെട്ടു. കഅ്ബയുടെ സമീപത്തിരുന്ന് സുഹൃത്ത് സ്വഫ്‌വാനുമായി പ്രവാചകനെ കൊല്ലാനുള്ള ഗുഢാലോചനക്ക് ശേഷം പുറപ്പെട്ടതായിരുന്നു ഉമൈർ. മദീനയിലുണ്ടായിരുന്ന ഉമർ(റ) ഉമൈറിനെ കണ്ടപ്പോൾ അക്കാര്യം പ്രവാചകനെ ധരിപ്പിച്ചു. അദ്ദേഹത്തെ പ്രവാചക സന്നിധിയിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. പ്രവാചകൻ ﷺ ഉമൈറിനോട് ആഗമനോദ്ദേശ്യം ചോദിച്ചു. മകനെ സന്ദർശിക്കാനെന്ന് കളവ് പറഞ്ഞു. കഅ്ബക്ക് സമീപമിരുന്ന് സുഹൃത്ത് സ്വഫ്‌വാനുമായി പ്രവാചകനെ വധിക്കാൻ ഗൂഢാലോചന നടത്തിയത് പ്രവാചകൻ ഉമൈറിന് പറഞ്ഞുകൊടുത്തു. ദിവ്യബോധിത്തിന്റെ അടിസ്ഥാനത്തിലറിഞ്ഞ ഗൂഢാലോചനയിലെ ഓരോന്നും ഉമൈറിന് പ്രവാചകൻ പറഞ്ഞ് കൊടുത്തപ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടു. പിന്നെ അമാന്തിച്ചില്ല, ഇസ്‌ലാം സ്വീകരിച്ചു.

ഇസ്‌ലാമിന്റ കടുത്ത ശത്രുവും മുസ്‌ലിംകൾക്ക് ധാരാളം പ്രയാസങ്ങൾ ഉണ്ടാക്കിയവനുമാണ് ഉമൈർ എന്ന് സ്വഹാബികൾ അറിഞ്ഞിട്ടും ഒരു പോറലുമേൽപിക്കാൻ അവർ തയ്യാറായില്ല എന്നത് ഇത്തരം സന്ദർഭങ്ങളിൽ വിശ്വാസികൾ എങ്ങനെയായിരിക്കണമെന്ന പാഠം പകർന്ന് നൽകുന്നുണ്ട്. ജോസഫ് മാഷിന്റ നബിനിന്ദ വിശ്വാസികൾക്ക് വേദനയേറിയ മാരക മുറിവാണ് എന്ന പോലെ തന്നെ അയാളുടെ കൈപ്പത്തി വെട്ടിമാറ്റിയത് വലിയ പാതകവുമാണ് എന്നതാണ് വിശ്വാസികളുടെ സമീപനം.

പ്രവാചക കാലത്തിനുശേഷവും അദ്ദേഹത്തിനെതിരിലുള്ള അധിക്ഷേപങ്ങളെ നേരിടേണ്ടത് അക്രമമാർഗത്തിലൂടെയല്ല, മറിച്ച് ആശയപരവും ദാർശനികമായുമാണ്. അതാണ് ഈ കാലഘട്ടം തേടുന്ന പ്രതിരോധവും വിമർശകർക്കുള്ള മറുപടിയും.

അറ്റുപോയ കാലും കൈപത്തിയും

ഇസ്‌ലാംവിരുദ്ധത തലയിൽ കേറിയവരാണ് നിരീക്ഷക പട്ടം കെട്ടി മീഡിയകളിൽ വന്ന് നിഷ്പക്ഷതയുടെ മുഖംമൂടിയണിഞ്ഞ് വാദങ്ങൾ ഉരുവിടുന്നത്. മുസ്‌ലിം നാമമോ അടയാളങ്ങളോ എന്നും ഇവരുടെ ശത്രുപക്ഷത്തായിരിക്കും. പൊതുമനസ്സുകളെ വിഡ്ഢികളാക്കാൻ പറ്റാത്തവിധം നൻമയുടെ വിഷയങ്ങളാണ് ഇസ്‌ലാമിന്റ പക്ഷത്ത് നിൽക്കുന്നതെങ്കിൽ ഇവർ ഗംഭീര മൗനികളായിരിക്കും. അക്രമികളാൽ അറ്റുപോയ ജോസഫ് മാഷിന്റ കൈപ്പത്തിയുടെ കാര്യത്തിൽ നിഷ്പക്ഷതയുടെയും മതേതരത്വത്തിന്റെയും സന്ദേശവാഹകരായി പ്രതിധ്വനിച്ചിരുന്ന എത്രയെത്ര ശബ്ദങ്ങളാണ് ഇടറിയത്! അതിഭീകരതയുടെ ഇരയായി കൈപ്പത്തി നഷ്ടപ്പെട്ടുപോയ ജോസഫ് മാഷിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച ഒരു വ്‌ളോഗറുടെ കുറിപ്പ് ഏറെ ആശ്ചര്യപ്പെടുത്തി.

മുഖംമൂടിക്ക് പിന്നിൽ അടക്കിപ്പിടിച്ച വികൃതമുഖം ഒരുനാൾ പ്രത്യക്ഷപ്പെടും. ജോസഫിന്റ കൈപ്പത്തിയെ ഓർത്ത് കണ്ണീർ വാർത്തവർ എത്രയോ ഉണ്ട്. എന്നാർ ആർഎസ്എസുകാർ ബോംബെറിഞ്ഞതിനാൽ പൂർണമായും അറ്റുപോയ അബ്ദുന്നാസിർ മഅ്ദനിയുടെ കാലിനെ കുറിച്ച് കേരളത്തിലെ മാധ്യമങ്ങളിലെ ചർച്ച എങ്ങനെയായിരുന്നുവെന്നത് താരതമ്യ പഠനത്തിലൂടെ ബോധ്യമാകും.1992 ആഗസ്റ്റ് ആറിന് രാത്രി അൻവാർശേരിക്കടുത്ത് മറ്റു രണ്ട് പേർക്കുമൊപ്പം അവിടെ എത്തുന്നതിനിടെയായിരുന്നു മഅ്ദനിക്ക് നേരെ ബോംബാക്രമണം നടന്നത്. 64 സാക്ഷികളുള്ള കേസിൽ 37 പേരെയാണ് വിസ്തരിച്ചത്. പ്രതികൾക്കെതിരെ കുറ്റകരമായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനാൽ ക്രിമിനൽ പ്രൊസീജ്യർ കോഡിന്റ (സിആർപിസി) സെക്ഷൻ 232 പ്രകാരം കോടതി പ്രതികളെ വെറുതെ വിട്ടു. വിസ്താരത്തിനിടെ പ്രോസിക്യൂഷൻ സാക്ഷികളിൽ ആറോളം പേർ കൂറുമാറി. സാഹചര്യ തെളിവുകളെ മാത്രം ആശ്രയിക്കാൻ പ്രോസിക്യൂഷൻ നിർബന്ധിതമായതിനാൽ കേസ് തുടരുന്നതിൽ അർഥമില്ലെന്ന് കോടതി കണ്ടെത്തി. മഅ്ദനിയുടെ അറ്റുപോയ വലതുകാലിനെ കുറിച്ച് സാംസ്‌കാരികമേഖലയിലെ ചർച്ചയെന്തായിരുന്നുവെന്ന് വിലയിരുത്തിയാലാണ് മുസ്‌ലിം നാമത്തോട് പൊതുബോധം എങ്ങനെ വർത്തിക്കുന്നുവെന്ന് ബോധ്യപ്പെടുക.

1990ൽ ഐഎസ്എസ് രൂപീകരിച്ച് യുവതയെ ജാഗരം കൊള്ളിക്കുന്ന വാഗ്‌ധോരണിയിൽ അദ്ദേഹം മുന്നേറിയത് മറക്കാനാകില്ല. മുസ്‌ലിം സമുദായം സ്വയം പ്രതിരോധിക്കണമെന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ച് കൊണ്ടുള്ള അദ്ദേഹത്തിന്റ ചാട്ടുളിപോലുള്ള വാചകക്കസർത്തിൽ സ്വന്തം സമുദായത്തിലെ രാഷ്ട്രീയ, മത പാർട്ടികൾക്കും നേതാക്കൾക്കും പോലും മുറിവേറ്റിട്ടുണ്ടെന്നത് സത്യമാണ്. അദ്ദേഹത്തിന്റെ വൈകാരികമായ സമീപനത്തോട് സംസ്ഥാനത്തെ മഹാഭൂരിപക്ഷം മുസ്‌ലിംകളും യോജിച്ചിരുന്നില്ല. രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് പാർലമെന്ററി മൽസരങ്ങളിലേക്ക് അദ്ദേഹം തിരിഞ്ഞപ്പോഴും മുസ്‌ലിം സമുദായം അദ്ദേഹത്തെ അവഗണിച്ചു. ആശയപരമായ പ്രതിരോധം തീർത്ത് സമുദായത്തെ പ്രബുദ്ധരാക്കുകയാണ് സമുദായ നേതൃത്വം ചെയ്തത്.

ജയിലിലടക്കപ്പെട്ടതിന് ശേഷം അർഹിച്ചതിലേറെ ശിക്ഷ ഇരട്ടിയായി അനുഭവിച്ച അദ്ദേഹത്തിന്റെ ദൈന്യത മലയാളി സാംസ്‌കാരികബോധം പ്രശ്‌നമാക്കുന്നില്ല. ജോസഫിന്റ കൈപ്പത്തിയോടുള്ള സഹതാപവും ദുഃഖവും മഅ്ദനിയുടെ അറ്റുപോയ കാലിനോട് ഇല്ലാതെപോകുന്നതിലെ രാഷ്ട്രീയം എന്താണ്? ജോസഫ് മാഷ്, കൈവെട്ടിയവരല്ല അവരുടെ പ്രത്യയശാസ്ത്രമാണ് കുറ്റവാളിയെന്ന് പറഞ്ഞ് സമുദായത്തെ വേദനിപ്പിച്ചെങ്കിൽ ബോംബെറിഞ്ഞവരോടുള്ള മഅ്ദനിയുടെ വാക്കുകൾ ശ്രദ്ധേയമാണ്. ‘നിങ്ങൾക്കു മൂന്ന് ബോംബുകളും എനിക്കൊരു കാലും നഷ്ടപ്പെട്ടുവെന്നല്ലാതെ ഒന്നുമില്ല’ എന്നാണ് അന്ന് മഅ്ദനി പറഞ്ഞത്.

പ്രത്യേക ജനവിഭാഗത്തെ മുറിവേൽപിക്കുന്ന വാക്കുകൾ തന്റെ കാൽ നഷ്ടപ്പെട്ടതിനു ശേഷം അദ്ദേഹത്തിൽനിന്ന് വന്നിട്ടില്ലെന്നിരിക്കെ ജോസഫിന്റ കൈപ്പത്തിയോടുള്ള സഹതാപവും അതേപ്പറ്റിയുളള ചർച്ചയും മഅ്ദനിയുടെ കാലിന്റെ കാര്യത്തിൽ ഇല്ലാതെ പോയതെന്തേ?

സമുദായം അരികുവൽകരിക്കപ്പെടുന്നു?

എഴുപതുകൾ മുതൽ ഇന്ത്യയിൽ ഹിന്ദുത്വശക്തികൾ അധികാരത്തിൽ വന്നാൽ നടപ്പാക്കുമെന്ന് പറഞ്ഞ ഹിന്ദുത്വ ദേശീയതയുടെ സാംസ്‌കാരിക യുക്തിയിൽ അധിഷ്ഠിതമായ, അടിസ്ഥാനപരമായി തന്നെ മുസ്‌ലിം വിരുദ്ധ നിലപാടാണ് വെറുപ്പിന്റ വിഭാഗീയ പ്രത്യയശാസ്ത്രം മുന്നോട്ട് വെക്കുന്നത്. സംശയത്തിന്റെയും വിശ്വാസരാഹിത്യത്തിന്റെയും പ്രക്ഷുബ്ധമായ അവസ്ഥയിൽ മുസ്‌ലിം സമൂഹത്തെ ഒന്നാകെ നിയമപരമായും പ്രായോഗികമായും അരക്ഷിതരാക്കുകയെന്നതാണ് അതിന്റ ലക്ഷ്യം. പൗരത്വ ഭേദഗതിയും ബാബരി മസ്ജിദ് ധ്വംസനവും ഇപ്പോൾ ചർച്ചയായ ഏക സിവിൽ കോഡുമെല്ലാം പ്രത്യക്ഷമായ ചില അടയാളങ്ങൾ മാത്രമാണ്. സംഘ പരിവാരങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ ഒന്നാകെ നടപ്പിലാക്കാൻ ശ്രമിക്കുമ്പോഴും മലയാളീ പ്രബുദ്ധത അതിനെ പ്രതിരോധിക്കുമെന്നാണ് നാം കണക്ക് കൂട്ടിയത്. പക്ഷേ, മതപരമായ ഒരവകാശവും ചോദിക്കരുതെന്ന കണ്ണുരുട്ടലുകൾ മതനിരപേക്ഷ ശക്തികളിൽനിന്നും ഉയർന്നുവരുന്നുവെന്ന പരാതികളുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാർഥിനികളുടെ സ്വകാര്യമായ കത്ത് കേരളം ചർച്ച ചെയ്തത് ഈ ഒരു പരിപ്രേക്ഷ്യത്തിലാണ്. സമരങ്ങളോ ശബ്ദ കോലാഹലങ്ങളോ ഒന്നുമില്ലാതെ തികച്ചും ഒരധ്യാപകനെ രക്ഷിതാവിന്റ സ്ഥാനത്ത് കണ്ട കുട്ടികൾ എഴുത്തിലൂടെ സ്വകാര്യമായി ചോദിച്ച ഒരാവശ്യം, കേരളത്തിലെ മതനിരപേക്ഷ മനസ്സുകൾക്കിടയിലെ അർബുദമായ പ്രതീഷ് വിശ്വനാഥിന്റ കൈകളിലെത്തിയതിന് ഉത്തരവാദിയാരെന്ന വിഷയം എവിടെയും ചർച്ച ചെയ്തതായി കാണുന്നില്ല. പകരം വിദ്യാർഥിനികളുടെ വ്യക്തിപരമായ ആവശ്യത്തിന് അനാവശ്യചർച്ചകളിലൂടെ ഭീകരപരിവേഷം നൽകാനാണ് ശ്രമിച്ചത്.

എവിടെയും മതപരമായ ഒരവകാശത്തെ കുറിച്ചും മിണ്ടരുതെന്ന അലിഖിത വിലക്ക് പൊതുബോധത്തിന് പകർന്നുനൽകുകയാണ്. കോർപറേറ്റുകൾക്ക് വിധേയരായ മാധ്യമങ്ങളുടെ അടിമവേല പോലെ ഭരണകൂടവും നിയമ സംവിധാനങ്ങളും അദൃശ്യമായ നിയന്ത്രണങ്ങളിലൂടെ അജണ്ട നടപ്പാക്കുകയാന്ന്. സംഘപരിവാര രാഷ്ട്രീയം ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിന്റ ഭാഗമായി ഏക വ്യക്തിനിയമം കൊണ്ടുവരാനുള്ള ശ്രമവും നടത്തുന്നുണ്ട്. അതേപ്പറ്റിയുള്ള ചർച്ചകൾ പരതിയാൽ മുസ്‌ലിം സമുദായത്തെ അരക്ഷിതരാക്കുകയെന്നതാണ് അതിന്റെയും ലക്ഷ്യം എന്ന് മനസ്സിലാക്കാം. ഏക സിവിൽ കോഡ് പുരോഗമനമാണെന്നാണ് കേരളത്തിലെ ഭരണകക്ഷിയുടെ അഭിപ്രായം. മുസ്‌ലിം സമുദായത്തെ നിരന്തരമായ ആക്രമണത്തിന് വിധേയമാക്കണമെന്നും അവരുടെ സ്ത്രീകളെ ബലാൽസംഗത്തിന് ഇരകളാക്കണമെന്നും തുറന്ന് പറയുന്ന, ഗുജറാത്ത് കലാപങ്ങളിൽ ആ ആശയം നടപ്പിലാക്കുകയും ചെയ്ത സംഘ പരിവാരങ്ങളും മുസ്‌ലിം സ്ത്രീകളുടെ രക്ഷയാണിതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ആണയിടുന്നുണ്ട്. ഇസ്‌ലാമിലെ വിവാഹവും വിവാഹമോചനവും അനന്തരസ്വത്ത് നിയമങ്ങളുമെല്ലാം സ്ത്രീപക്ഷമല്ലെന്നാണ് അവർ വാദിക്കുന്നത്. എന്നാൽ അതേ വാദംതന്നെയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കുമുള്ളത്. മതിയായ പഠനങ്ങളോ ഗവേഷണങ്ങളോ അന്വേഷണങ്ങളോ ഇല്ലാതെയാണിവരെല്ലാം മുസ്‌ലിം വ്യക്തിനിയമങ്ങൾക്കെതിരെ ശബ്ദിക്കുന്നത്. ഇസ്‌ലാമിക രാഷ്ട്രങ്ങളിലും സമൂഹങ്ങളിലും മുസ്‌ലിം വ്യക്തിനിയമം പാലിക്കുന്നതിലൂടെ മുസ്‌ലിം സ്ത്രീകൾ അനുഭവിക്കുന്ന സുരക്ഷിതത്വം ഏത് സമൂഹത്തിലും കാണാൻ സാധ്യമല്ല. അന്താരാഷ്ട്രതലങ്ങളിലെ പഠനങ്ങൾ നമ്മെ അത് ബോധ്യപ്പെടുത്തുന്നുണ്ട്.

ഓരോ സമുദായത്തിലെയും പ്രശ്‌നങ്ങൾ പഠിക്കാൻ വ്യത്യസ്ത കമ്മീഷനുകളെ ഭരണകൂടം നിയമിക്കുകയുണ്ടായിട്ടുണ്ട്. അവർ പ്രശ്‌നങ്ങളും പരിഹാരങ്ങളും കൃത്യമായി അധികാരികളുടെ മുന്നിൽ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. സജിന്ദർ സച്ചാർ കമ്മീഷൻ അതിലൊന്നാണ്. മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക പിന്നോക്കാവസ്ഥ വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്ന കമ്മീഷൻ റിപ്പോർട്ട് അധികാരികൾക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. അത് പരിഹരിക്കാനുള്ള പദ്ധതികളാണ് ഇരു സർക്കാറുകളും ആവിഷ്‌കരിക്കേണ്ടത്.

എല്ലാ മതവിഭാഗങ്ങളിലും ഭൗതികദർശനം സ്വീകരിച്ചവരിലുമുള്ള സ്ത്രീ-പുരുഷന്മാർ വിവാഹം, വിവാഹമോചനം അനന്തരസ്വത്ത് തുടങ്ങിയ രംഗങ്ങളിൽ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ സത്യസന്ധമായി മനസ്സിലാക്കാൻ സ്വതന്ത്ര ഏജൻസിയെ നിശ്ചയിക്കുക, അവർ റിപ്പോർട്ട് ജനങ്ങളുടെ മുന്നിൽ സമർപ്പിക്കട്ടെ. കേരളത്തിലെ നിലവിലെ വിവാഹമോചന കണക്കുകളും അനന്തരാവകാശം കാരണമായി സമ്പത്ത് അന്യാധീനപ്പെട്ടുപോയ സ്ത്രീകളുടെ കണക്കും സർക്കാർ പുറത്ത് വിടട്ടെ, അപ്പോഴറിയാം കാര്യങ്ങളുടെ നിജസ്ഥിതി.

ഏതു വിഷയത്തിലും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിക്കൂട്ടിലാക്കാൻ ഇവർ ശ്രമിക്കുന്നതിന്റ ചേതോവികാരമെന്ത്? ഇസ്‌ലാമോഫിയ എന്നതാണതിന്റെ ഉത്തരം. മഅ്ദനിയുടെ കാലും ജോസഫ് മാഷിന്റ കൈപ്പത്തിയും വേറിട്ട് നിൽക്കുന്നതും ഈ ഒരു ധാരയിലാണെന്ന് നാം മനസ്സിലാക്കണം.