രാജ്യം നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ

വി. അവാം സുറൂർ

2023 മാർച്ച് 04, 1444 ശഅ്ബാൻ 11

രാജ്യപുരോഗതിയുടെ നട്ടെല്ലാണ് സാമ്പത്തികാടിത്തറ. വ്യക്തമായ സാമ്പത്തിക നയമുള്ള ഭരണ സംവിധാനത്തിനു മാത്രമെ ആ രംഗത്ത് സുസ്ഥിരത നിലനിർത്താൻ കഴിയൂ. സ്വാതന്ത്ര്യലബ്ധിക്കും വിഭജനത്തിനും ശേഷം കൃതകൃത്യമായ പ്രവർത്തനങ്ങൾ കൊണ്ടാണ് രാജ്യം സാമ്പത്തിഭാവൃദ്ധി നേടിയത്. എന്നാൽ നടപ്പു ഭരണകാലത്തേക്ക് മാത്രം ആസൂത്രണം ചെയ്യുന്ന ഇന്നത്തെ സാമ്പത്തിക സമീപനങ്ങൾ രാജ്യത്തെ എവിടേക്ക് കൊണ്ടുചെന്നെത്തിക്കുമെന്നത് കണ്ടറിയേണ്ടതുണ്ട്.

ഏതൊരു രാഷ്ട്രത്തിന്റെയും വളർച്ചയ്ക്കു പിന്നിൽ ആ രാജ്യത്തിന്റെ സാമൂഹ്യ, സാമ്പത്തിക ഘടനയ്ക്കുള്ള പങ്ക് വളരെ വലുതാണ്. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ സങ്കീർണമായ സാമൂഹ്യ, സാമ്പത്തിക ഘടനയെ ഉൾക്കൊണ്ടാണ് സ്വാതന്ത്ര്യാനന്തരം പ്രഥമ പ്രധാന മന്ത്രി മുതലുള്ള രാഷ്ട്ര ശിൽപികൾ ഈ രാജ്യത്തെ വളർത്തിയത്. സാമ്പത്തികം മാത്രമല്ല സാമൂഹ്യ, വിദേശ നയങ്ങളെല്ലാംതന്നെ രൂപപ്പെട്ടത് രാജ്യം അതുവരെ കടന്നുവന്നതും അപ്പോൾ നിലനിന്നിരുന്നതുമായ സങ്കീർണതകൾ പൂർണമായും ഉൾക്കൊണ്ടായിരുന്നു എന്ന് കാണാം.

പിൽകാലത്ത് ഈ രാജ്യം കൈവരിച്ച ഉന്നതമായ സാമ്പത്തിക, സാമൂഹ്യ നേട്ടങ്ങളിൽ അതാത് കാലത്തെ ദീർഘ വീക്ഷണമുള്ളവരായ ഭരണാധികാരികളുടെ കൃത്യമായ ഇടപെടലുകൾ കാണാമായിരുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിൽ ഒന്നായ ചൈനയിൽ 1950കളിൽ പട്ടിണിമൂലം മൂന്ന് കോടിയിലേറെ ജനങ്ങൾ മരണപ്പെടുകയുണ്ടായി. എന്നാൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ശൈശവദശയിൽ പോലും അങ്ങനെയൊരു ദുരന്തം ഇല്ലാത്ത സാഹചര്യം സംജാതമാക്കുന്നതിൽ ആ കാലത്തെ ഭരണകർത്താക്കൾ സ്വീകരിച്ച നയങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. പിൽകാലത്ത് ആഗോള വ്യാപകമായി സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയപ്പോഴും അമേരിക്ക അടക്കമുള്ള ലോക സാമ്പത്തിക ശക്തികൾ പ്രതിസന്ധികൾ നേരിട്ടപ്പോഴും ഇന്ത്യയെ ശക്തമായ സാമ്പത്തിക ശക്തിയായി നിലനിർത്താൻ പിന്നീട് കടന്നുവന്ന ധനകാര്യ മന്ത്രിമാർക്കും പ്രധാനമന്ത്രിമാർക്കും സാധിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.

സാമ്പത്തിക നയങ്ങൾ ഇന്നലെകളിലും ഇന്നും

മതങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്നിവയെല്ലാം സാമ്പത്തിക നയങ്ങളും അധ്യാപനങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. ഇന്ത്യയെന്ന രാഷ്ട്രത്തെയും അതിലെ ബഹുസ്വരതയെയും പടുത്തുയർത്തിയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് ഇന്ത്യയുടെ വളർച്ചക്ക് അനിവാര്യമായ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് കൃത്യമായ നയവും നിലപാടും ഉണ്ടായിരുന്നു. വിവിധ കാലങ്ങളിൽ സാമ്പത്തിക നയങ്ങളിൽ വന്ന മാറ്റങ്ങൾ വിയോജിപ്പും വിമർശനങ്ങളും നേരിട്ടെങ്കിലും രാജ്യത്തിന്റെ പൊതുവായ വളർച്ചയെയും സാമൂഹ്യ ഘടനയെയും ആ നയങ്ങൾ എന്നും ഉൾക്കൊണ്ടതായി കാണാമായിരുന്നു.

ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെട്ട ഒരു മനുഷ്യ നിർമിത പ്രത്യയശാസ്ത്രം എന്ന നിലയ്ക്ക് കമ്യൂണിസത്തിന് സാമ്പത്തിക കാര്യങ്ങളിൽ ഒരു നയവും നിലപാടും ഉണ്ടായിരുന്നു. അതിന്റെ പ്രായോഗികതയും ജയപരാജയങ്ങളും മറ്റൊരു ചർച്ചാവിഷയമാണെങ്കിലും, ആ പ്രത്യയശാസ്ത്രത്തിന്റെ സാമ്പത്തിക നയങ്ങൾ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. വിമർശനങ്ങൾക്ക് വിധേയമായതുമാണ്.

മനുഷ്യ ജീവിതത്തിന്റെ സൂക്ഷ്മ തലങ്ങളെ പോലും സമഗ്രമായി സ്പർശിക്കുന്ന ദൈവിക മതമായ ഇസ്‌ലാം ജീവൽ പ്രധാനമായ സാമ്പത്തിക കാര്യങ്ങളിൽ സാമൂഹ്യ ഭദ്രത പൂർണാർഥത്തിൽ ഉൾക്കൊള്ളുന്ന സാമ്പത്തിക അധ്യാപനങ്ങൾ പഠിപ്പിക്കുകയും നയങ്ങൾ മുന്നോട്ടു വയ്ക്കുകയും ചെയ്യുന്നുണ്ട്.

ഇന്ന് രാജ്യം ഭരിക്കുന്നവർ അവരുടെ ആശയങ്ങൾ പടുത്തുയർത്തിയത് കേവലം ഉന്മൂലന സിദ്ധാന്തത്തിലായതിനാൽ ഉന്മൂലനം ചെയ്യാനുള്ള പൊതുശത്രുവിന്റെ ക്രോണോളജി ഓർഡർ തയ്യാറാക്കാനും അവരെ എങ്ങനെയെല്ലാം ദുരിതത്തിലാക്കാം എന്നൊക്കെയുള്ള പദ്ധതി തയ്യാറാക്കാനുമുള്ള ശ്രമത്തിലാണ്. ഭൂരിപക്ഷം നേടിയെടുത്ത് ഭരണം കൈക്കലാക്കിയാൽ എങ്ങനെ ഈ രാജ്യത്തെ സാമ്പത്തികമായി വളർത്താമെന്നോ പൗരന്മാരുടെ സാമൂഹ്യപുരോഗതി എങ്ങനെ ഉറപ്പുവരുത്താമെന്നോ ഉള്ള ചിന്തയില്ലെന്നു പറയാം. ഈ അടിസ്ഥാനത്തിൽ നിന്നാണ് ഇന്ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളുടെ തുടക്കം നാം വായിച്ചെടുക്കേണ്ടത്.

സാമ്പത്തിക പ്രതിസന്ധികളുടെ തുടക്കം

ആർ.എസ്.എസിനോ ബി.ജെ.പിക്കോ രാജ്യത്തിന്റെ വളർച്ചയെ സ്വാധീനിക്കാവുന്ന കൃത്യമായ സാമ്പത്തിക നയങ്ങളോ കാഴ്ചപ്പാടോ ഒരു കാലത്തും ഉണ്ടായിട്ടില്ല. സൈദ്ധാന്തികാചാര്യന്മാർക്കും ഓരോ കാലത്ത് കടന്നുവന്ന രാഷ്ട്രീയ നേതൃത്വത്തിനും രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസൃതമായി വ്യത്യസ്തമായ കാഴ്ചപ്പാടുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഹിന്ദുത്വ രാഷ്ട്രീയ അജണ്ടകളുടെ സൈദ്ധാന്തിക ചിന്തകൾ മുഴുവനും ഹിന്ദു രാഷ്ട്ര സങ്കൽപത്തിനും ശത്രുക്കളുടെ ഉന്മൂലനത്തിനും ചുറ്റും കറങ്ങുന്നത് മാത്രമായിരുന്നതിനാൽ സാമ്പത്തിക കാര്യത്തിൽ മാത്രമല്ല ആധുനിക സ്‌റ്റേറ്റിനെ കുറിച്ചോ ഗവേർണൻസ് അഥവാ ഭരണ നിർവഹണങ്ങളെ കുറിച്ചോ, വിദേശ കാര്യങ്ങളെ കുറിച്ചോ ഒന്നുംതന്നെ അവർക്കു നയങ്ങൾ ഉണ്ടായിരുന്നില്ല എന്നതാണ് യഥാർഥ വസ്തുത.

ദീൻ ദയാൽ ഉപാധ്യയുടെ ‘ഇന്റഗ്രൽ ഹ്യൂമനിസം’ അധഃസ്ഥിതരുടെ ഉന്നമനത്തെ പരാമർശിച്ചുപോയെങ്കിൽ, ബൽരാജ് മധോക്കും വാജ്‌പേയിയും ഡോ. സുബ്രഹ്‌മണ്യൻ സ്വാമിയും പോലുള്ളവർ സ്വതന്ത്ര ആഗോള കമ്പോളവത്കരണത്തെ പിന്തുണക്കുന്നവരായാണ് കണ്ടത്. ജിന്നയുടെ ചെറുമകനടക്കമുള്ള ബിസിനസുകാരിൽനിന്ന് നിലനിൽപിനായി ധനസമാഹരണം നടത്തുന്ന നാനാജി ദേശ്‌മുഖിനെ പോലുള്ളവരെയും കാണാമായിരുന്നു.

പലപ്പോഴും സാമ്പത്തിക നയങ്ങൾ സ്വീകരിക്കുന്നത് രാഷ്ട്ര താൽപര്യങ്ങളെക്കാൾ രാഷ്ട്രീയ താൽപര്യങ്ങൾ ലക്ഷ്യംവച്ച് മാത്രമായിരുന്നു എന്ന് വ്യക്തമായി പറയാൻ സാധിക്കും. താൽക്കാലിക നേട്ടം മാത്രം ലക്ഷ്യം വെച്ചുള്ള അത്തരം നയങ്ങൾ പാരമ്യത്തിലെത്തിയ ഇന്ന് അവർക്ക് ആകെയുള്ള സാമ്പത്തിക നയം സ്വയം നിലനിൽക്കാൻ ആരെ നിലനിർത്തണം എന്ന പരസ്പര സഹകരണത്തിന്റെ സാമ്പത്തിക ധാരണ മാത്രമാണ്!

ഇരുപത്തൊന്ന് വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ പ്രധാന മന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് രൂപംകൊണ്ട കോർപറേറ്റ് ഭരണ വർഗ അവിശുദ്ധ കൂട്ടുകെട്ടിൽനിന്നും പഠിച്ച ‘നിലനിൽപിനായുള്ള പരസ്പര സഹകരണത്തിന്റെ സാമ്പത്തിക ധാരണ’ എന്ന, കുമിളയെക്കാൾ ദുർബലമായ അവരുടെ മാത്രം സാമ്പത്തിക നയത്തിന്റെ കെടുതികളുടെ ഉച്ഛസ്ഥായിയിലാണ് ഇന്ന് രാജ്യം. മുൻ സർക്കാറുകളുടെ ഉദാര സാമ്പത്തിക നയങ്ങൾ ‘ക്രോണി കാപ്പിറ്റലിസ’ത്തിലേക്കു നയിച്ചെന്നു വിമർശിച്ചിരുന്ന പലരും ഇന്നത്തെ പ്രധാനമന്ത്രി ക്രോണി കാപ്പിറ്റലിസം മറികടന്ന് ‘ഒളിഗോപൊളി കാപ്പിറ്റലിസ’ത്തിലേക്ക് അതിശക്തമായി കൂപ്പുകുത്തിയിട്ടും മൗനവ്രതത്തിലാണെന്നത് ഇതോടൊപ്പം കൂട്ടിവായിക്കേണ്ട മറ്റൊരു വസ്തുതയാണ്.

രാജ്യത്തെ സുപ്രധാന മേഖലകളിൽ സ്വകാര്യവത്കരണമടക്കമുള്ള വലിയ മാറ്റങ്ങൾക്ക് മുൻ സർക്കാറുകൾ നേതൃത്വം നൽകിയപ്പോഴും അത്തരം മേഖലകളിൽ മൊണോപൊളികൾ ഉണ്ടാകുന്നത് തടയാൻ കൃത്യമായ ഇടപെടലുകൾ നടത്തിയിരുന്നു എന്നത് വസ്തുതയാണെങ്കിൽ, ഇന്ന് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം അടക്കം എല്ലാ മേഖലകളിലും സാമ്പത്തിക മായി അടിത്തറ പോലും ഭദ്രമല്ലാത്ത മൊണോപൊളികളെയാണ് പ്രധാന മന്ത്രിയും കേന്ദ്ര സർക്കാരും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

രാഷ്ട്രീയവത്കരിക്കപ്പെട്ട സാമ്പത്തിക സർവേ

കേന്ദ്ര സർക്കാർ വാർഷിക ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് ഒരു ദിവസം മുമ്പ് പതിവു പോലെ, 2022-23 വർഷത്തേക്കുള്ള സാമ്പത്തിക സർവേ പുറത്തിറക്കി. ഒരു സാമ്പത്തിക വർഷത്തിലെ സമ്പദ് വ്യവസ്ഥയുടെ സ്ഥിതി വിവരിക്കുന്ന ഒരു സംഗ്രഹമാണ് സാധാരണ സാമ്പത്തിക സർവേ. കോവിഡ് മഹാമാരിക്ക് ശേഷം ജോലി നഷ്ടപ്പെട്ടും വരുമാനം കുറഞ്ഞും ഇതുവരെ സർക്കാർ സഹായമൊന്നും ലഭിക്കാതിരിരുന്ന, കുറച്ചു കാലമായി സാമ്പത്തികമായി മോശം അവസ്ഥയിലുള്ള പൊതുജനത്തെ സംബന്ധിച്ച് അവരൂൾക്കൊള്ളുന്ന രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യം മനസ്സിലാക്കാൻ സാമ്പത്തിക വിദഗ്ധനാകേണ്ടതില്ല.

എന്നാൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അവസ്ഥയെക്കുറിച്ചുള്ള വിവരമായിരുന്നില്ല സാമ്പത്തിക സർവേയിൽ ഉള്ളത്, മറിച്ച് ‘പുതിയ ഇന്ത്യ’യിൽ എല്ലാം നല്ലനിലയിലാണെന്ന ഒരു പുകമറ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള കടുത്ത രാഷ്ട്രീയം മാത്രമായിരുന്നു സർവേ എന്ന പേരിൽ അവതരിപ്പിക്കപ്പെട്ടത്. കേവലം 2024 ലെ പൊതു തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ച്, രാജ്യത്തിന്റെ സമീപകാല സാമ്പത്തിക ചരിത്രത്തിൽ വാജ്‌പേയിയുടെയും മോദിയുടെയും രണ്ട് കാലഘട്ടങ്ങളെ മാത്രം തെരഞ്ഞെടുത്തു പ്രതിപാദിക്കുന്ന എക്കണോമിക് സർവേ ഒരു എക്കണോമിക് സർവേ ആണോ അതോ പൊളിറ്റിക്കൽ പേപ്പർ ആണോയെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഈ വസ്തുത ബലപ്പെടുത്തുന്നതായിരുന്നു തൊട്ടടുത്ത ദിവസം അവതരിപ്പിക്കപ്പെട്ട നിലവിലെ സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റിന്റെ ഉള്ളടക്കവും.

‘ഇന്ത്യ തിളങ്ങുന്നു’ എന്ന വാജ്‌പേയ് കാലത്തെ പ്രചാരണം പോലെ മോഡി കാലം ഇന്ത്യക്ക് ‘അമൃത് കാൽ’ ആണെന്ന പ്രചാരണം അഴിച്ചുവിട്ട്, സർക്കാരിന്റെ സാമ്പത്തിക തകർച്ചകളെ വിമർശിക്കുന്നവരുടെ ദേശീയതയും രാജ്യസ്‌നേഹവും ചോദ്യം ചെയ്യുന്ന രാഷ്ട്രീയ തന്ത്രമാണ് സർവേയിലൂടെയും കാണിക്കുന്നത്. 200൪നും 2014നും ഇടയിൽ രാജ്യത്തുണ്ടായ വളർച്ചയെ കുറിച്ച് പരാമർശിക്കാത്ത സർവേയുടെ ലക്ഷ്യം തികഞ്ഞ രാഷ്ട്രീയമല്ലാതെ മറ്റെതെന്താണ്?

രാജ്യം നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ

തൊഴിലില്ലായ്മ, വിലക്കയറ്റം, ദാരിദ്ര്യം; ഈ മൂന്ന് അടിസ്ഥാന പ്രശ്ങ്ങൾ രാജ്യം ഇന്ന് നേരിടുന്നതും കഴിഞ്ഞ ഏതാനും വർഷങ്ങളായി വർധിച്ചു വരുന്നതുമായ വസ്തുതകളാണ്. രാജ്യത്തെ ഫിനാൻസ് കമ്മീഷൻ പോലും രാജ്യം നേരിടുന്ന മുഖ്യ സാമ്പത്തിക വെല്ലുവിളിയായി ഉയർത്തിക്കാണിച്ചിരിക്കുന്നത് ഈ മൂന്നു കാര്യങ്ങളെയാണ്. കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തെ 22% ജനങ്ങളും ദാരിദ്ര്യരേഖക്ക് താഴെ കഴിയുകയാണ്. ഈ പ്രശ്നങ്ങളെ നേരിടാൻ ക്രിയാത്മകമായ നടപടികൾ കൈക്കൊള്ളാൻ സർക്കാർ തയ്യാറാകുന്നില്ല. രാജ്യത്തെ എണ്ണപ്പെട്ട സമ്പന്നർ അതിസമ്പന്നരും ദരിദ്രർ അതിദരിദ്രരുമായിത്തീരുകയാണ്. അഥവാ സാമ്പത്തിക അസമത്വത്തിന്റെ വ്യാപ്തി വർധിപ്പിക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നത്.

പണപ്പെരുപ്പം

ജീവൽ പ്രധാനമായ ഭക്ഷ്യവസ്തുക്കൾ അടക്കമുള്ള അവശ്യവസ്തുക്കളുടെയെല്ലാം വില കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം വലിയ വിലക്കയറ്റത്തെ നേരിടുകയാണ്. എണ്ണ വിലയിലുണ്ടായ അനിയന്ത്രിത നികുതി വർധനവ് മുതൽ അശാസ്ത്രീയമായ ജി.എസ്.ടിയും, അതോടൊപ്പം മഹാമാരിയും ജനജീവിതത്തെ വിലക്കയറ്റത്താൽ ദുസ്സഹമാക്കിയിരിക്കുന്നു. കോവിഡിന് ശേഷം ദുസ്സഹമായ സാമ്പത്തിക സാഹചര്യത്തിൽ ചെറുകിട, ഇടത്തരം മേഖലകളിലെ നിർമാതാക്കളും, സേവന മേഖലകളിലെ സ്ഥാപനങ്ങളും എല്ലാം തന്നെ ബാങ്കുകളിൽനിന്ന് ലോണെടുക്കുന്നത് ഭീമമായി വർധിച്ചിരിക്കുകയാണ്. വായ്പ ഈ വേഗതയിൽ വളരുകയാണെങ്കിൽ, പണപ്പെരുപ്പം കുറയാനുള്ള സാധ്യത കുറവാണ്. ഉയർന്ന റീട്ടെയിൽ വായ്പകൾ ഉപഭോഗ ആവശ്യം സൃഷ്ടിക്കുകയും ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ലഭ്യതക്ക് കൂടുതൽ പണച്ചെലവിലേക്ക് നയിക്കുകയും ചെയ്യുകയാണ്. പണപ്പെരുപ്പം ഒരു പ്രതിസന്ധിയായി തുടരുകതന്നെയാണെന്നതാണ് വസ്തുത.

നികുതിദായകരുടെ പണം സുരക്ഷിതമല്ലാതാകുന്ന അവസ്ഥ

സർക്കാർ സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് അദാനി ഗ്രൂപ്പ് പോലുള്ള ‘വേണ്ടപ്പെട്ടവർക്ക്’ പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് കണക്കില്ലാതെ വായ്പകൾ നൽകുന്നു. എന്നാൽ ഇത്തരം കമ്പനികൾ ബാങ്കുകൾക്ക് ഈടായി നൽകുന്നത് പലപ്പോഴും ഇവരുടെ ഓഹരികളാണ്. രാജ്യാന്തര ധനകാര്യ ഏജൻസികളുടെ ആരോപണങ്ങൾ വരുമ്പോൾ പിടിച്ചുനിൽക്കാൻ സാധിക്കാതെ ഇത്തരം കമ്പനികളുടെ ഓഹരി മൂല്യം തകർന്നടിയുന്നു. എൽ.ഐ.സി അടക്കമുള്ള സർക്കാർ ധനകാര്യ സ്ഥാപനങ്ങൾക്ക് ഭീമമായ സാമ്പത്തിക നഷ്ടങ്ങൾ ഇത് മൂലം ഉണ്ടാകുന്നു. രാജ്യത്തിന്റെ നികുതിദായകരുടെ പണം ഇവിടെ പല രൂപത്തിലായി കൊള്ളയടിക്കപ്പെടുന്നു. രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു.

സർക്കാരിന്റെ ഹിന്ദുത്വ രാഷ്ട്രീയം

വർധിച്ചു വരുന്ന വർഗീയ സംഘട്ടനങ്ങൾ ആഗോള തലത്തിൽ പോലും രാജ്യത്തെ നാണം കെടുത്തുകയും സാ മ്പത്തിക രംഗത്തെ സാരമായി ബാധിക്കുകയും ചെയ്തുകഴിഞ്ഞു. ബഹുസ്വര സമൂഹത്തിൽ ഒരുമിച്ചുകഴിയുമ്പോൾ ഇത്തരം രാഷ്ട്രീയ അജണ്ടകൾ സാമ്പത്തിക രംഗത്തെ തകർക്കുന്നത് എങ്ങനെയെന്ന് ഉത്തരേന്ത്യ ഇന്ന് നേരിട്ട് അനുഭവിക്കുകയാണ്. സുരക്ഷിതവും സമാധാനപരവുമായ സാമൂഹ്യ, രാഷ്ട്രീയ സാഹചര്യത്തിൽ മാത്രമെ സാമ്പത്തിക വളർച്ച സാധ്യമാകൂ എന്നത് ലോക സാമ്പത്തിക ക്രമത്തിന്റെ അടിസ്ഥാന പാഠമാണ്. ഇന്ത്യപോലൊരു ബഹുസ്വര സമൂഹത്തിൽ എക്കണോമിയെ ശക്തിപ്പെടുത്തുന്നതിൽ എല്ലാ വിഭാഗം ജനങ്ങളും തങ്ങളുടേതായ പങ്കുവഹിച്ച് വരുമ്പോൾ അതിനിടയിൽ രൂപപ്പെടുന്ന അസമത്വങ്ങൾ സാമ്പത്തിക രംഗത്തെയും സാരമായി ബാധിക്കുമെന്നതിൽ സംശയമില്ല.

സർക്കാരിന്റെ പക്കൽ പരിഹാരമില്ല; പുകമറകൾ മാത്രം

സാമ്പത്തിക വിഷയങ്ങളിൽ നയങ്ങൾ ഇല്ലാത്തതുകൊണ്ട് തന്നെ സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങൾക്കു പരിഹാരമുണ്ടാക്കാൻ ഹിന്ദുത്വ അജണ്ടകളെ ആശയപ്രമാണമാക്കിയവർ അശക്തരാകുന്ന കാഴ്ചയിൽ അത്ഭുതങ്ങളേതുമില്ല. സ്വാഭാവിക വളർച്ചകൊണ്ട് ഉണ്ടാകുന്ന മുൻകാല നേട്ടങ്ങളെ സ്വന്തം നേട്ടങ്ങളായി പർവതീകരിച്ച് കാണിക്കുന്ന പുകമറയിൽ ഒതുങ്ങുന്നു പരിഹാരം പ്രതീക്ഷിക്കുന്നവർക്ക് മുന്നിലെ ഇവരുടെ പ്രകടനങ്ങൾ.