കേരള മുസ്‌ലിം നവോത്ഥാനവും യാഥാസ്ഥിതികരുടെ അവകാശവാദങ്ങളും

മുജീബ് ഒട്ടുമ്മൽ

2023 ജനുവരി 21, 1444 ജുമാദുൽ ഉഖ്റാ 27
സാംസ്കാരികമായി മുന്നോട്ടും ആദർശപരമായി പിന്നോട്ടുമുള്ള പ്രയാണമാണ് വിശ്വാസിയെ സംബന്ധിച്ചിടത്തോളം നവോത്ഥാനം. സമുദായത്തിന്റെ ഇന്നലെകളിൽ വേവും ചൂടും അനുഭവിച്ചവർക്കേ ഇന്നിന്റെ ശീതളച്ഛായയിൽ ആശ്വാസം കണ്ടെത്താൻ കഴിയൂ. ഒരു ജനതയുടെ പുരോഗതിയൊന്നാകെ തടഞ്ഞുനിർത്തിയവർ ഭൂതകാലത്തിന്റെ മേന്മകൾ എണ്ണിയെണ്ണി പറയുന്നത് കേൾക്കുമ്പോൾ സഹതാപം തോന്നുക സ്വാഭാവികം!

വിജ്ഞാനത്തിന്റ പുതിയ മേഖലകൾ വികസിപ്പിച്ച് വ്യക്തിനിഷ്ഠമായ സ്വാതന്ത്രൃത്തിനും ചിന്താപരമായ നവീകരണത്തിനും വേണ്ടി വാദിച്ച മനുഷ്യവർഗ പ്രബുദ്ധതയുടെ പ്രകാശനമായിരുന്നത്രെ യൂറോപ്പിലെ നവോത്ഥാനം. ഇറ്റലിയിലെ ഫ്‌ളോറൻസിൽ നവോത്ഥാനം ആരംഭിച്ചപ്പോൾ രാഷ്ട്രീയ, സാമൂഹികാന്തരീക്ഷം, സാമ്പത്തിക-ഉൽപാദന ബന്ധങ്ങളിലെ മാറ്റങ്ങൾ തുടങ്ങിയ പല കാരണങ്ങളും നവോത്ഥാനത്തിനായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ശരിയായ ദൈവവിശ്വാസങ്ങളും ആചാരങ്ങളും കൈവെടിഞ്ഞ് മതം കേവലം പുരോഹിതൻമാരുടെ താൽപര്യങ്ങൾക്കനുസരിച്ച് വ്യാഖ്യാനിക്കപ്പെട്ടപ്പോൾ മനം മടുത്തുപോയ ജനങ്ങൾ തെരഞ്ഞെടുത്ത മാർഗങ്ങൾ മാറ്റങ്ങളുടെതായപ്പോൾ മതത്തെ വലിച്ചെറിയുകയായിരുന്നു. പുതിയ മാറ്റത്തെ നവോത്ഥാനമായി അവർ കണ്ടു. അതാണ് യൂറോപ്പിലെ നവോത്ഥാനമായി വ്യാഖ്യാനിക്കപ്പെടുന്നത്.

ഇങ്ങനെ നവോത്ഥാന പ്രക്രിയകൾക്ക് ലോകത്ത് വ്യത്യസ്ത മാനങ്ങൾ നൽകിയാണ് അതിന്റ ചരിത്രം മാനവരാശിയുടെ മുന്നിൽ അവതരിപ്പിക്കപ്പെടുന്നത്.

തമോ യുഗത്തിലായിരുന്ന മുസ്‌ലിം കൈരളിയെ നവോത്ഥാനത്തിന്റ പടവുകളിലേക്ക് പിടിച്ചുകയറ്റിയ ചരിത്രം സുവ്യക്തമായ കാര്യമാണ്. അവ ചരിത്രപണ്ഡിതരുടെ ഗവേഷണ തൂലികകൾ മലയാള പ്രബുദ്ധതയിൽ ധാരാളം വരച്ചിട്ടിട്ടുണ്ട്. നിരന്തരമായ പരിഷ്‌കരണ പ്രവർത്തനങ്ങളുടെ കുത്തൊഴുക്കിൽ നിർബന്ധിതരായ വളർച്ചയിൽ കഴിഞ്ഞകാല പരിഷ്‌കരണ പ്രവർത്തനങ്ങളുടെ അവകാശം ഏറ്റെടുക്കാനുള്ള ചിലരുടെ അഭിവാഞ്ഛ ആരെയും അത്ഭുതപ്പെടുത്തും. അതിനുവേണ്ടി ചരിത്രത്തെ അപനിർമിക്കുകയും ചരിത്രത്തിൽ പങ്കുചേരാത്ത തങ്ങളുടെ ആശയഗതികളെ പിന്നീട് കൂട്ടിച്ചേർക്കുകയും നുണ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് നിരാശയുടെ സ്വത്വ രാഷ്ട്രീയം നിലയുറപ്പിക്കാൻ ശ്രമിച്ചത്.

മുസ്‌ലിം നവോത്ഥാന ശ്രമങ്ങളെ കാലങ്ങളായി തങ്ങളുടേതാക്കി മാറ്റാൻ അത് തുടർച്ചയായി വിളിച്ച് പറയേണ്ട ഗതികേടിലാണ് നുണപ്രചാരകർ. അതിനായി പേജുകളും വേദികളും ഉപയോഗിച്ചു കൊണ്ടേയിരിക്കുന്നു. വസ്തുനിഷ്ഠവും സത്യസന്ധവുമായ ചരിത്രബോധമുള്ള മലയാളികൾക്കിടയിൽ പോലും ഇത്തരം പ്രചാരണങ്ങൾ നടത്തുമ്പോൾ എത്ര അപഹാസ്യരാകുന്നുവെന്ന് ഇവർ ആലോചിക്കാറില്ല. ഞങ്ങളാണ് ഒർജിനൽ എന്ന് തെളിയിക്കേണ്ടിവരുന്നത് തങ്ങളെ കുറിച്ചുള്ള അവമതിപ്പാണെന്നത് ആർക്കും ബോധ്യമാകുന്ന കാര്യങ്ങളാണ്. സമീപകാലങ്ങളിൽ ആൾക്കൂട്ടങ്ങളെ മുന്നിൽ ഇരുത്തി ജാഗരം കൊള്ളിക്കാൻ ഇത്തരം അവകാശവാദങ്ങളുമായി ചരിത്രത്തെ വളച്ചൊടിക്കാൻ പ്രയാസപ്പെടുകയാണ് ഇവർ. നവോത്ഥാനമെന്ന പദത്തിന് തങ്ങളുടെ ആശയധാരയ്ക്കിണങ്ങുന്ന നിർവചനം നൽകിയാണ് അവർ സമർഥിക്കാൻ ശ്രമിക്കുന്നത്. ചിലർ മതനിരാകരണമാണെന്ന് നിർവചിക്കുമ്പോൾ മറ്റു ചിലർ ധാർമിക-സദാചാര മൂല്യങ്ങളെ വലിച്ചെറിഞ്ഞ് അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിലൂടെയുള്ള ഉയിർപ്പാണെന്ന് വ്യാഖ്യാനിക്കുന്നു. യൂറോപ്പിലെ നവോത്ഥാനത്തെ ചൂണ്ടിക്കാണിച്ചാണ് ഇതിന് ആശയബലം നൽകാൻ ശ്രമിക്കുന്നത്.

മുസ്‌ലിം നവോത്ഥാനത്തിന്റ മാനം

മാനവരാശിയെ ശരിയായ ആത്മീയതയിലേക്കും ഭൗതികാഭിവൃദ്ധിയിലേക്കും നയിക്കാൻ കഴിയുന്ന പ്രപഞ്ച സ്രഷ്ടാവിന്റ മാർഗദർശനമാണ് ഇസ്‌ലാമിക നവോത്ഥാനത്തിന്റ യഥാർഥ മാനം. മനുഷ്യൻ അധഃപതനത്തിന്റ പടുകുഴിയിൽ ആപതിക്കുമ്പോഴെല്ലാം ദൈവിക ദർശനവുമായി പ്രവാചകൻമാർ എല്ലാ കാലത്തും നിയോഗിതരായി ഉത്ഥാന പ്രവർത്തനങ്ങളിൽ നിരതമാകാറുണ്ടെന്നതാണ് മാനവ ചരിത്രം. അന്തിമവേദഗ്രന്ഥമായ വിശുദ്ധ ക്വുർആനും അന്തിമപ്രവാചകനായ മുഹമ്മദ് നബി ﷺ യുടെ ജീവിതചര്യയും മനുഷ്യർക്ക് ദിശാബോധം നൽകാനും നൻമയിലേക്കും പുരോഗതിയിലേക്കും മാനവരെ ഉയർത്തിക്കൊണ്ടു വരാനും കാരണമായി. ക്വുർആനിലേക്കും പ്രവാചകചര്യയിലേക്കുമുള്ള ക്ഷണമാണ് ഏത് സമൂഹത്തിലും കുറ്റമറ്റ നവോത്ഥാനം സാധ്യമാവുക എന്നതാണ് ഇസ്‌ലാമിന്റ വീക്ഷണം. പ്രവാചകാഗമന സമയത്തെ അറബികളിലെ അന്ധകാര നിബിഡമായ സമൂഹത്തെ കുറഞ്ഞ സമയം കൊണ്ട് ലോകത്തിന് മാതൃകയായ ഉത്തമ സമൂഹമായി സംസ്‌കരിച്ചെടുക്കുവാൻ വിശുദ്ധ ക്വുർആനിന്റെആശയങ്ങൾക്ക് സാധിച്ചു.

ചരിത്രം ഇന്നേവരെ ദർശിച്ചിട്ടില്ലാത്ത തരത്തിൽ അവരെ എല്ലാംതികഞ്ഞ ജനതയാക്കി മാറ്റി. വിനയത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും മൂർത്തീമദ്ഭാവവും ത്യാഗത്തിന്റ നെരിപ്പോടിലൂടെ ലോക ചരിത്രത്തിന്റ ഗതിമാറ്റിയ വരുമായി അവർ മാറി. സമൂഹത്തെ രക്ഷയിലേക്കും നവോത്ഥാനത്തിലേക്കും നയിക്കാവുന്ന പ്രായോഗിക മാർഗങ്ങളാണ് വിശുദ്ധ ക്വുർആനും പ്രവാചകചര്യയും മുന്നോട്ട് വെക്കുന്നത് എന്നതിന്റ നേർസാക്ഷ്യമാണ് പ്രവാചകാനുചരൻമാരും തുടർന്ന് വന്ന ഇസ്‌ലാമിക സമൂഹവും. ഇസ്‌ലാമിന്റ അടിസ്ഥാന പ്രമാണങ്ങളുടെ തനത് ആശയങ്ങൾ പ്രബോധനം ചെയ്താൽ മാത്രമാണ് സാമൂഹിക നവോത്ഥാനം മുസ്‌ലിംകളിൽ സാധ്യമാകൂവെന്ന് സാരം.

കേരള മുസ്‌ലിം നവോത്ഥാനത്തിലേക്കുള്ള പടവുകൾ

ക്രിസ്താബ്ദം പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിൽ ലോകത്തിന്റ വിവിധ കോണുകളിൽ തുടക്കം കുറിച്ച ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങളുടെ അലയൊലികൾ ഇന്ത്യയിലും എത്തിച്ചേർന്നു. അറേബ്യൻ ഉപദ്വീപിലെ മുസ്‌ലിംകളിൽ ഉണ്ടായ വിശ്വാസജീർണതകൾക്കും ആദർശ രാഹിത്യത്തിനുമെതിരെ ഇസ്‌ലാമിക നവോത്ഥാനവുമായി രംഗത്ത് വന്ന മഹാപണ്ഡിതൻ ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹാബിന്റ സമകാലികനും സതീർഥ്യനുമായിരുന്ന ശാഹ് വലിയുല്ലാഹി ദഹ്‌ലവി ഡൽഹി കേന്ദ്രമാക്കി ഉത്തരേന്ത്യയിൽ ഇസ്‌ലാമിക പ്രബോധനമാരംഭിച്ചു. അഫ്ഗാൻ മുതൽ ബർമവരെ വ്യാപിച്ച് കിടന്ന മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു സിന്ധുഗംഗ സമതലം. പതിനാറാം നൂറ്റാണ്ടിൽ അഹ്‌മദ് സർഹിന്ദിയുടെ പ്രബോധനപ്രവർത്തനങ്ങൾ കൊണ്ട് വിപ്ലവം സൃഷ്ടിച്ചിരുന്ന പ്രദേശമായിരുന്നു ഡൽഹിയും അതിന്റ പരിസര പ്രദേശങ്ങളും. അതിന്റ തുടർച്ചയായാണ് ശാഹ് വലിയുല്ലാഹി ദഹ്‌ലവി നിർവഹിച്ചത്. അദ്ദേഹത്തിന്റ മക്കളും പേരമക്കളും വലിയ ദൗത്യമായി ഏറ്റെടുത്ത് പ്രവർത്തന രംഗം സജീവമായതോടെ വഹാബി മൂവ്‌മെന്റ് എന്ന പേരിൽ പരിവർത്തനത്തിന്റ പടഹധ്വനി മുഴക്കി മുന്നേറിക്കൊണ്ടിരുന്നു.

ഒന്നാം സ്വാതന്ത്ര്യസമരവും പത്തൊമ്പതാം നൂറ്റാണ്ടിൽ വിദ്യാഭ്യാസ പ്രചാരകനായി നിറഞ്ഞുനിന്ന സർസയ്യിദ് അഹ്‌മദ് ഖാനും ഇരുപതാം നൂറ്റാണ്ടിലെ പ്രസിദ്ധ കവി അല്ലാമാ ഇഖ്ബാലുമെല്ലാം നവോത്ഥാന മുന്നേറ്റങ്ങളിലെ ബാക്കിപത്രങ്ങളായി ജ്വലിച്ചുനിന്നവരാണ്. ഉത്തരേന്ത്യയിലെ ഇസ്വ‌്ലാഹീ മൂവ്‌മെന്റിൽനിന്ന് വെളിച്ചം കിട്ടിയ സയ്യിദ് അഹ്‌മദ് ദഹ്‌ലവിയും ഇസ്മാഈൽ ദഹ്‌ലവിയും പതിനെട്ടാം നൂറ്റാണ്ടിന്റ അന്ത്യത്തിൽ ആലപ്പുഴയിലെത്തുകയായിരുന്നു. കൊച്ചിയിലും ആലപ്പുഴയിലും ഗുജറാത്തിൽ നിന്നും മറ്റും വന്ന് താമസമാക്കിയ അനേകം സേട്ട് കുടുംബങ്ങൾക്കിടയിൽ സയ്യിദ് അഹ്‌മദ് പ്രബോധനം നടത്തി. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി)യുടെ ഗ്രന്ഥങ്ങളിൽ അവഗാഹമുണ്ടായിരുന്ന അബ്ദുൽ കരീം മൗലാനാ അവിടത്തെ ഖാദിയും ഖത്വീബുമായി പ്രബോധനം നടത്തി നവോത്ഥാനത്തിന്റ സലഫീ മാതൃക സൃഷ്ടിച്ചു. സ്വാതന്ത്ര്യസമര സേനാനിയായ ഇ. മൊയ്തു മൗലവിയുടെ പിതാവായ മരക്കാർ മുസ്‌ലിയാർ മൗലാനയുടെ ശിഷ്യനായിരുന്നുവെന്നത് നവോത്ഥാനത്തിന്റ മാർഗം എളുപ്പമാക്കി. മലബാറിലെ മുസ്‌ലിം നവോത്ഥാന ചരിത്ര രചനകളിളും സലഫി ജാഗരണമാണ് നടന്നിട്ടുള്ളതെന്ന് കാണാം. വിശ്വാസത്തിലോ ആരാധനാ കർമങ്ങളിലോ ശിർക്ക് വരാതെ ശുദ്ധമായ തൗഹീദിലധിഷ്ടിതമായ ജീവിതം നയിച്ച മമ്പുറം സയ്യിദ് അലവി തങ്ങളെ തെറ്റായി ധരിക്കുന്ന വിധം സമൂഹത്തിൽ വികലമായ വിശ്വാസം പൗരോഹിത്യം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ ചില ചരിത്ര സത്യങ്ങൾ നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതുണ്ട്. മുസ്‌ലിം സമുദായത്തിലെ അന്ധവിശ്വാസങ്ങൾക്കെതിരെയും ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെയും ശക്തമായി പോരാടിയ സയ്യിദ് ബാ അലവി തങ്ങളും അതേ പാത പിന്തുടർന്ന സയ്യിദ് ഫദ്ൽ പൂക്കോയ തങ്ങളും മുസ്‌ലിം നവോത്ഥാനത്തിന് വിത്ത് പാകിയവരാണ്. മുസ്‌ലിം സമൂഹങ്ങളിൽ നടമാടിയിരുന്ന അനാചാരങ്ങളിൽ ഒന്നായ നേർച്ചോൽസവങ്ങൾക്കെതിരെ ഫദ്ൽ പൂക്കോയ തങ്ങൾ നൽകിയ മതവിധി (ഫത്‌വ) ചരിത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

സയ്യിദ് ഫദൽ പൂക്കോയ തങ്ങളുടെ മലയാളത്തിലുള്ള ഖുത്വുബയാണ് ബ്രിട്ടീഷുകാരെ ഭയപ്പെടുത്തിയിരുന്നതെന്ന് ലോഗന്റെ ഡയറിയിലും മലബാർ ഗസറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റ തുടക്കത്തിൽ കേരളത്തെ തൊട്ടുണർത്തിയ നവോത്ഥാന പാതയിൽ മുന്നിൽ നടന്ന മഹാപണ്ഡിതനാണ് സയ്യിദ് സനാഉല്ലാഹ് മഖ്ദി തങ്ങൾ. ക്രൈസ്തവ പാതിരിമാർ ബ്രിട്ടീഷ് ഗവൺമെന്റിന്റ സഹായത്തോടെ ക്രൈസ്തവത പ്രചരിപ്പിക്കുകയും ഇസ്‌ലാമിനെ ഭത്സിക്കുകയും ചെയ്തുകൊണ്ട് വൻ പ്രചാരണങ്ങൾ നടത്തിയിരുന്ന കാലം. അതിനെ പ്രതിരോധിക്കാൻ മുസ്‌ലിം പണ്ഡിതരിലൊരാളും മുന്നോട്ട് വരാതായപ്പോൾ മക്തി തങ്ങൾ രംഗത്ത് വരികയായിരുന്നു. സർക്കാർ ഉദ്യോഗം (സാൾട്ട് ഇൻസ്പക്ടർ) രാജിവെച്ച് പ്രബോധന രംഗത്ത് സജീവമായി. മുസ്‌ലിംകൾക്കിടയിൽ അജ്ഞതയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാഴുകയായിരുന്നു. പ്രഭാഷണവും രചനയുമായി ധൈഷണികമായി മുസ്‌ലിം സമൂഹത്തെ ഉണർത്താൻ അദ്ദേഹത്തിന് സാധിച്ചു. 1922ൽ മരണപ്പെട്ട മാഹിൻ ഹമദാനി തങ്ങൾ ഇസ്‌ലാമിക നവോത്ഥാന പ്രവർത്തനങ്ങൾക്ക് മുന്നിൽ നടന്ന മഹാ മാനുഷിയായിരുന്നു. തിരുവിതാംകൂറിൽ വിജ്ഞാനത്തിന്റ പ്രകാശഗോപുരമായി ഉയർന്നുവന്ന വക്കം അബ്ദുൽ ക്വാദിർ മൗലവി നവോത്ഥാനത്തിന്റ പടയോട്ടത്തിൽ നായകസ്ഥാനം വഹിച്ച മഹാനായിരുന്നു. തിരുവിതാംകൂർ രാജകൊട്ടാരത്തിലെ ദുർഭരണത്തിനെതിരെയും മുസ്‌ലിംകളിലെ അന്ധവിശ്വാസങ്ങൾക്കെതിരെയും ഒന്നിച്ച് പടപൊരുതിയ നവോത്ഥാന നായകനായിരുന്നു അദ്ദേഹം. പത്രമാധ്യമങ്ങളിലൂടെ ആശയപോരാട്ടം നടത്തി സമൂഹത്തെ സമുദ്ധരിക്കാൻ ശ്രമിച്ച വ്യക്തിയായിരുന്നു അദ്ദേഹം. കൊടുങ്ങല്ലൂരിലെ ഇസ്വ്‌ലാഹീ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കോട്ടപുറത്ത് സീതി മുഹമ്മദ് സാഹിബ്, മണപ്പാട്ട് കുഞ്ഞി മുഹമ്മദ് ഹാജി തുടങ്ങിയ സലഫി ചിന്തകരായ പരിഷ്‌കർത്താക്കൾ സമുദായത്തിന്റ വിദ്യാഭ്യാസ വിപ്ലവത്തിന്റ സൂത്രധാരകരാണ്. കെ.എം സീതി സാഹിബും മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബുമെല്ലാം ആദർശ പ്രബോധനത്തിലൂടെ സമൂഹത്തെ ഉത്ഥാനത്തിലേക്ക് കൈപിടിച്ചുയർത്തിയവരാണ്. ചാലിലകത്ത് കുഞ്ഞഹ്‌മദ് ഹാജി മതപഠന രംഗത്ത് ഉണ്ടാക്കിയ വിപ്ലവം മദ്‌റസ പ്രസ്ഥാനത്തിന്റ വളർച്ചക്ക് വെളിച്ചമായിരുന്നു. മദ്‌റസകളുടെ എണ്ണം പറഞ്ഞ് അഭിമാനിക്കുന്ന തരത്തിലേക്ക് സമുദായത്തെ കൈപിടിച്ചുയർത്തിയത് ഈ മഹാനുഭാവന്റ ത്യാഗപൂർണമായ പ്രവർത്തനമാണ്. എംസിസി സഹോദരങ്ങളും കെഎം മൗലവിയുമെല്ലാം മുസ്‌ലിം സമുദായത്തെ ധൈഷണികമായി ഉയർത്തി കൊണ്ടു വന്നത് അവരുടെ നവോത്ഥാന പ്രവർത്തനങ്ങളിലൂടെയാണ്. ഇങ്ങനെ ലോകത്തിന്റ വിവിധ ഭാഗങ്ങളിലും ഉത്തരേന്ത്യയിലും മുസ്‌ലിംകൾക്കിടയിലുണ്ടായ സലഫീ ജാഗരണമാണ് കേരളത്തിലെ മുസ്‌ലിം സമൂഹത്തെ മതപരമായും ഭൗതികമായും പുരോഗതിയിലേക്ക് എത്തിച്ച നവോത്ഥാന പാതയിലേക്ക് നയിച്ചത്.

സമുദായികാവസ്ഥയും പുരോഹിതൻമാരും

മുസ്‌ലിം സമുദായത്തെ വിശ്വാസപരമായും ആചാരപരമായും ദയനീമാംവിധം അധഃപതനത്തിലേക്ക് നയിച്ചുകൊണ്ടിരുന്നത് സൂഫീ ചിന്താധാരയാണ്. സർവശക്തനും പരമകാരുണികനുമായ അല്ലാഹു മാത്രമാണ് ആരാധനക്കർഹൻ എന്ന ഇസ്‌ലാമിന്റെ അടിത്തറയായ ഏകദൈവവിശ്വാസത്തിൽനിന്ന് വ്യതിചലിപ്പിച്ചുകൊണ്ടാണ് അധഃപതനത്തിന്റ കുഴിതോണ്ടിയത്. ശുഹദാക്കൾ, ഔലിയാക്കൾ, ശൈഖുമാർ, ഖോജമാർ, പോരിശ കൂടിയവരും കുറഞ്ഞവരുമായ പുരോഹിതൻമാർ, കറാമത്തുകളെന്ന പേരിൽ അസ്വഭാവികമായ ചില ചെയ്തികളിലൂടെ രംഗത്ത് വന്ന തങ്ങൻമാർ തുടങ്ങിയവരായിരുന്നു സമൂഹത്തിന്റ ആരാധ്യൻമാർ. ‘യാ മുഹ്‌യിദ്ദീൻ, മമ്പുറം തങ്ങളേ’ തുടങ്ങിയ വിളികൾ സാർവത്രികമാക്കി. പ്രാർഥനകൾ അല്ലാഹു അല്ലാത്തവരിലേക്ക് അർപ്പിക്കാനുള്ള സമുദായത്തിന്റ അജ്ഞതയെ തിരുത്താൻ പുരോഹിതൻമാർ മടിച്ചു. രോഗങ്ങൾക്ക് ആധുനിക വൈദ്യചികിൽസ സ്വീകരിക്കാൻ പലരും വിമുഖത കാണിച്ചു. വസൂരിക്കും കോളറക്കും പിഞ്ഞാണമെഴുതി കുടിക്കാനും മന്ത്രിച്ചൂതിയ വെള്ളം കുടിക്കാനും മന്ത്രച്ചരട് ധരിക്കാനും ഏലസ് കെട്ടാനും നിർബന്ധിക്കുകയായിരുന്നു പൗരോഹിത്യം. എന്നിട്ടും രോഗശമനം ലഭിച്ചില്ലെങ്കിൽ മൗലിദും റാത്തീബും കഴിക്കാനാവശ്യപ്പെടുകയാണ് പതിവ്. ഒരു സ്ത്രീ പ്രസവിക്കാൻ നേരം മാന്യമായ ചികിൽസ നൽകുന്നതിനു പകരം നഫീസത്ത് മാല പാടി നേർച്ചയാക്കുന്ന സമ്പ്രദായമായിരുന്നു പൗരോഹിത്യം സമുദായത്തെ പഠിപ്പിചിരുന്നത്. മാലപ്പാട്ടും കുപ്പിപ്പാട്ടും പോലെയുള്ളവ ഈണത്തിൽ പാടി ആത്മീയ നിർവൃതിയിലാകുമായിരുന്നു... ഇങ്ങനെ വിശ്വാസ സംസ്‌കരണ മേഖലയിൽനിന്ന് പൂർണമായും സമുദായത്തെ അകറ്റി അന്ധവിശ്വാസങ്ങളിൽ തളച്ചിടാനായിരുന്നു പുരോഹിതൻമാർ ധൃതിപ്പെട്ടത്. സാമ്പത്തിക ചൂഷണമായിരുന്നു ഇതിലുടെ ഇവർ ലക്ഷ്യമാക്കിയിരുന്നത്.

ഇത്തരം ആചാരങ്ങളും വിശ്വാസങ്ങളും ഇപ്പോഴും വെച്ചുപുലർത്തുന്നവരാണ് മുസ്‌ലിം നവോത്ഥാനത്തിന്റ അവകാശവാദവുമായി വന്നിരിക്കുന്നത് എത്ര അപഹാസ്യമാണത്. ഭൗതികവും മതപരവുമായ വിദ്യാഭ്യാസത്തിൽനിന്ന് സമുദായത്തെ തടഞ്ഞ് നിറുത്തിയാണ് ചൂഷണങ്ങൾക്ക് പാകപ്പെടുത്തിയത്. അറബി അക്ഷരങ്ങൾ ബോഡിലെഴുതുന്നത് വിലക്കിയും ഇംഗ്ലീഷ് ഭാഷക്ക് നരകത്തിന്റ ഭാഷ എന്ന പദവി കൽപിച്ച് നൽകിയും മലയാള ഭാഷയെ ആര്യനെഴുത്ത് എന്ന് വിശേഷിപ്പിച്ചും സമുദായത്തെ അക്ഷരങ്ങളിൽനിന്ന് പുരോഹിതൻമാർ അകറ്റി നിറുത്തി. ചന്ദനക്കുടവും നേർച്ചകളും അരങ്ങുവാണിരുന്നു. കൊടിക്കുത്ത്, ചന്ദനക്കുടം എന്നിവയെ സാമൂഹ്യ ആചാരമായിക്കണ്ടു. ക്വബ്ർസ്ഥാനിൽ കത്തപ്പുര കെട്ടി ‘ക്വബ്ർ ഓത്തിന്’ കൂലി നിശ്ചയിച്ച് ആളെ നിറുത്തും. ചാവടിയന്തിരം മുതൽ ധാരാളം ആചാരങ്ങളാണ് മരണ വീട്ടിൽ നടക്കുക, ഓരോന്നിനും കൈമടക്കും ഭക്ഷണവും യഥേഷ്ടമുണ്ടാകും. ഇങ്ങനെ സമുദായത്തെ അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ആലയിൽ തളച്ചിട്ട് സമുദായത്തെ ചൂഷണം ചെയ്യുന്ന തിരക്കിലായിരുന്നു സൂഫീ നേതൃത്വം.

കേരള മുസ്‌ലിംകളിൽ ഒത്തൊരുമ നൽകാനാണ് 1921ൽ കേരള മുസ്‌ലിം ഐക്യസംഘത്തിന് രൂപം നൽകിയത്. ഇതിന്റെ പ്രവർത്തനഫലമായി ഉണ്ടാകുന്ന മുസ്‌ലിം സമുദായത്തിലെ പരിവർത്തനങ്ങൾ തങ്ങളുടെ ചൂഷണ പ്രവർത്തനങ്ങൾക്ക് തടയിടുമെന്ന് ഭയന്ന് ചിലർ ഇതിൽനിന്നും വേറിട്ടു പോകുകയും സംഘത്തിന്റെ പ്രവർത്തനങ്ങളെ അധിക്ഷേപിക്കുകയും ചെയ്തു. മുസ്‌ലിം പൊതുജനം വിദ്യനേടുന്നത് ഭയന്ന ഇവർ അതിനെതിരെ പല ഫത്‌വകളും ഇറക്കി. ഇവരാണിപ്പോൾ നവോത്ഥാനത്തിന്റെ പിതൃത്വം അവകാശപ്പെട്ട് രംഗം കൊഴൂപ്പിക്കുന്നത്!

നവോത്ഥാനം അവകാശപ്പെടുന്നവരോട്

കേരളത്തിലെ മുസ്‌ലിം സമൂഹത്തെ അന്ധകാരത്തിൽ തളച്ചിടാനുള്ള ശ്രമങ്ങളിൽനിന്ന് മോചിപ്പിക്കാനാണ് സലഫി പരിഷ്‌കർത്താക്കൾ സമൂഹത്തിൽ അധ്വാനിച്ചത്. അപ്പോഴല്ലാം അതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളിൽ മുഴുകിയവർക്ക് എപ്പോഴാണ് നവോത്ഥാനത്തിന്റ മേലങ്കി ചാർത്തപ്പെട്ടത്?

സ്ത്രീവിദ്യാഭ്യാസത്തിനെതിരെ പ്രമേയം കൊണ്ടുവന്നവർ അത് തിരുത്താതെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ ഹർഷ പുളകിതരാകുന്നു! ആധുനിക വൈദ്യചികിൽസയെ നിരാകരിച്ച് മാലയിലും ഏലസിലും തകിടിലും പിഞ്ഞാണത്തിലും ശമനമുണ്ടെന്ന് പ്രചരിപ്പിച്ചത് തിരുത്താതെ നവോത്ഥാനത്തെ എങ്ങനെ അവകാശപ്പെടാനാകും? കൂണുപോലെ മുളച്ച് പൊങ്ങുന്ന സിദ്ധചികിൽസാ കേന്ദ്രങ്ങളുടെയും അവിടങ്ങളിൽ നടക്കുന്ന ചൂഷണങ്ങളുടെയും ഉത്തരവാദി ആരാണ്? അതിനെ തള്ളിപ്പറയാൻ മടി കാണിക്കുന്നതെന്താണ്? ഇസ്‌ലാമിക പ്രമാണങ്ങൾക്ക് വിരുദ്ധമായി പഴയതിലേക്ക് തിരിച്ച് പോകണമെന്ന് ആണയിടുന്ന പൗരോഹിത്യം സമുദായത്തെ അധഃപതനത്തിലേക്ക് തിരിച്ച് വിളിക്കുകയാണ്.

മുടിയും മണ്ണും ചട്ടിയും പ്രവാചകന്റെതെന്ന് അവകാശപ്പെട്ടു ജനങ്ങളുടെ അജ്ഞതയെ ചൂഷണം ചെയ്ത് തടിച്ച് കൊഴുക്കുന്നവർ നവോത്ഥാനത്തിന്റെ പിതൃത്വവാദം ഉന്നയിച്ച് അപഹാസ്യരാകുകയാണ്. ഭൗതികലാഭം മാത്രം കൊതിച്ചുകൊണ്ടാണ് ജനങ്ങളെ നേർമാർഗത്തിൽനിന്ന് ഇവർ തടയുന്നത്. അല്ലാഹു പറയുന്നു:

“സത്യവിശ്വാസികളേ, പണ്ഡിതൻമാരിലും പുരോഹിതൻമാരിലും പെട്ട ധാരാളം പേർ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വർണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്റെ മാർഗത്തിൽ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവർക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാർത്ത അറിയിക്കുക’’ (ക്വുർആൻ 9:34).