നബിദിനാഘോഷം: ബിദഈ ഫാക്ടറികളിൽ നിർമിച്ച ‘തെളിവുകൾ’ അപര്യാപ്തം തന്നെ!

അബ്ദുൽ മാലിക് സലഫി

2023 സെപ്തംബർ 23 , 1445 റ.അവ്വൽ 08

സ്വന്തത്തെക്കാൾ മറ്റൊരാളെ ഇഷ്ടപ്പെടുക എന്നത് സ്നേഹാതിരേകത്തിന്റെ പരമകാഷ്ഠയാണ്.  അന്ത്യപ്രവാചകനോടുള്ള അനുചരന്മാരുടെയും പിൽക്കാലക്കാരുടെയും സ്നേഹവും ബഹുമാനവും ഈ ഗണത്തിൽപെട്ടതാണ്. എന്നാൽ, മറ്റേത് രംഗത്തുമെന്ന പോലെ ഇസ്‌ലാമിക നിർദേശങ്ങൾ പാലിക്കാതിരുന്നാൽ അത് പ്രഹസനവും ശിക്ഷാർഹവുമായിത്തീരുമെന്ന കാര്യത്തിൽ സംശയമില്ല. നിർഭാഗ്യവശാൽ, ഇന്ന് നബിസ്നേഹത്തിന്റെ പേരിൽ നടക്കുന്ന പല കോപ്രായങ്ങളുടെയും സ്ഥിതി ഇതാണ്.

വിശ്വാസികൾക്ക് സൃഷ്ടികളിൽ ഏറ്റവും പ്രിയപ്പെട്ടത് തിരുനബി ﷺ തന്നെയാണ്. തിരുദൂതരോടുള്ള പ്രിയം വിശ്വാസത്തിന്റെ അനിവാര്യതയുമാണ്. ഇതര ഭൗതിക കാര്യങ്ങളെക്കാൾ പ്രസ്തുത പ്രിയം എത്തിച്ചേരുമ്പോഴാണ് വിശ്വാസത്തിന്റെ വഴിയിൽ  പ്രവേശിക്കാനാവുക.

തന്റെ ശരീരം കഴിഞ്ഞാൽ എനിക്ക് ഇഷ്ടം തിരുനബിയോട് തന്നെ എന്ന് പറഞ്ഞ ഉമർ(റ)വിനെ പുണ്യ നബി ﷺ തിരുത്തിയത് ‘താങ്കളുടെ ശരീരത്തെക്കാളും ഞാൻ താങ്കൾക്ക് പ്രിയപ്പെട്ടവനാവണം’ എന്ന് ബോധിപ്പിച്ചാണ് .

വിശുദ്ധ ക്വുർആൻ അതിങ്ങനെയാണ് സംഗ്രഹിച്ചിട്ടുള്ളത്: “(നബിയേ,) പറയുക: നിങ്ങളുടെ പിതാക്കളും നിങ്ങളുടെ പുത്രൻമാരും നിങ്ങളുടെ സഹോദരങ്ങളും നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുക്കളും, നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, മാന്ദ്യം നേരിടുമെന്ന് നിങ്ങൾ ഭയപ്പെടുന്ന കച്ചവടവും, നിങ്ങൾ തൃപ്തിപ്പെടുന്ന പാർപ്പിടങ്ങളും നിങ്ങൾക്ക് അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാർഗത്തിലുള്ള പോരാട്ടത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാൽ അല്ലാഹു അവന്റെ കൽപന കൊണ്ടുവരുന്നതുവരെ നിങ്ങൾ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേർവഴിയിലാക്കുന്നതല്ല’’ (തൗബ: 24).

ഓരോ നിമിഷത്തിലും നബിസ്‌നേഹത്തിന്റെ ചൂട് വിശ്വാസിയിൽ നിലനിൽക്കണം. നബിസ്‌നേഹം ഇല്ലാതാകുന്ന നിമിഷം അയാൾ ഇസ്‌ലാമിന്റെ പുറത്ത് എത്തിച്ചേരുന്നു.

നബിസ്‌നേഹത്തിന്റെ ലാഭങ്ങൾ

അതിരുകളില്ലാത്ത അനുഗ്രഹങ്ങളാണ് നബിസ്‌നേഹത്തിലൂടെ വിശ്വാസികൾക്ക് ലഭിക്കുന്നത്. റബ്ബിന്റെ സ്‌നേഹവും അവന്റെ സ്വർഗവും തന്നെയാണ് അതിൽ മികച്ചത്.അല്ലാഹു പറയുന്നു: “(നബിയേ,) പറയുക: നിങ്ങൾ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കിൽ എന്നെ നിങ്ങൾ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ’’ (ആലു ഇംറാൻ: 31).

വിശ്വാസത്തിന്റെ ആസ്വാദനമാണ് മറ്റൊന്ന്. മൂന്ന് കാര്യങ്ങൾ ഒരാളിൽ ഉണ്ടായാൽ അവന് വിശ്വാസത്തിന്റെ രുചി ആസ്വദിക്കാനാവും എന്ന് നബി ﷺ പറഞ്ഞതിൽ ഒന്ന് ‘അല്ലാഹുവും അവന്റെ റസൂലും മറ്റെന്തിനെക്കാളും അവന് പ്രിയമുള്ളതാവുക’ എന്നതാണ് (ബുഖാരി). തിരുനബി ﷺ യോടൊപ്പമുള്ള സ്വർഗവാസമാണ് മറ്റൊന്ന്. എപ്പോളാണ് അന്ത്യദിനം എന്ന് ചോദിച്ച ഒരു സ്വഹാബിയോട് തിരുദൂതർ ചോദിച്ചു: ‘നീ എന്താണ് അതിനുവേണ്ടി ഒരുക്കിയിട്ടുള്ളത്? അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിനോടും നബിയോടുമുള്ള ഇഷ്ടം തന്നെ!’ നബി ﷺ പറഞ്ഞു: ‘എങ്കിൽ നീ ഇഷ്ടപ്പെട്ടവരുടെ കൂടെ തന്നെ!’ (മുസ്‌ലിം: 2639).

നബി സ്‌നേഹത്തിന്റെ അടയാളങ്ങൾ

റസൂലിന്റെ തിരുമുഖം ദർശിക്കാനുള്ള കൊതിയും ആശയും നബിസ്‌നേഹത്തിന്റെ ബാഹ്യാടയാളങ്ങളിൽ പ്രധാനമാണ്. ഹിജ്‌റയിൽ തിരുദുതരുടെ കൂടെ യാത്രക്ക് അവസരമൊരുങ്ങിയത് അറിഞ്ഞപ്പോൾ അബൂബക്‌റി(റ)ന്റെ നയനങ്ങളിൽനിന്ന് ഉതിർന്നുവീണ സന്തോഷക്കണ്ണീർ ഇതാണ് പറയുന്നത്. ആഇശ(റ) പറയുന്നു: ‘അബൂബക്ർ(റ) കരയുകയായിരുന്നു! സന്തോഷം മൂലം ഒരാൾ കരയുമെന്ന് ഞാൻ ധരിച്ചിരുന്നില്ല’ (ഫത്ഹുൽ ബാരി 7/235).

ഹിജ്‌റ വരുന്ന പുണ്യനബിയെ വരവേൽക്കാൻ അൻസ്വാരികൾ കാണിച്ച വെമ്പൽ ആ തിരുമുഖം ഒന്ന് കാണാൻ വേണ്ടിത്തന്നെയായിരുന്നു. ദിനങ്ങൾ നീണ്ടുനിന്ന കാത്തിരിപ്പിനൊടുവിൽ തനബി ﷺ യുടെ പൂമുഖം മദീനയുടെ ഓരത്തവർ ദർശിച്ചപ്പോൾ അവരുടെ മുഖത്ത് വിരിഞ്ഞ ആനന്ദത്തിന്റെ തെളിച്ചം മദീനയിലെ മണലുകളെ തിളക്കമുള്ളതാക്കിയിരുന്നു!

മക്കാവിജയ ദിനം; സൈനിക നടപടികൾ എല്ലാം അവസാനിച്ചു. പക്ഷേ, അൻസ്വാരികളുടെ ഹൃദയങ്ങൾ അസാധാരണമായി മിടിക്കുന്നു! കാരണമെന്താണെന്നോ? തിരുനബി(സ)യുടെ ജന്മനാട്ടിലേക്ക് അവിടുന്ന് തിരിച്ചെത്തിയിരിക്കുന്നു! ഇവിടെ ഇപ്പോൾ എല്ലാം ശാന്തമാണ്. ഇനി മദീനയിലേക്ക് മടങ്ങാതെ തിരുദൂതർ ഇവിടെത്തന്നെ നിൽക്കുമോ എന്ന തോന്നലാണവരുടെ ഹൃദയമിടിപ്പ് കൂടാൻ കാരണമായത്! തിരുമുഖം നഷ്ടമാവുമോ എന്ന ഹൃദയവേദന അവർക്ക് അസഹനീയംതന്നെയായിരുന്നു. ഇതറിഞ്ഞ തിരുദൂതർ ﷺ പറഞ്ഞു: “നിങ്ങളുടെ അടുക്കലാണ് എന്റെ ജീവിതം, മരണവും അവിടെത്തന്നെ!’’ അവർ കരഞ്ഞു! (മുസ്‌ലിം:1405).

‘എന്റെ മരണശേഷം എനിക്ക് താങ്കളെ കാണാൻ കഴിയില്ലല്ലോ നബിയേ’ എന്ന പരാതിയുമായി തിരുസന്നിധിയിലെത്തിയ സ്വഹാബിക്കും ഉള്ള ആധി തിരുമുഖം നഷ്ടപ്പെടുമല്ലോ എന്നതാണ്.

സ്വർഗത്തിൽ നിങ്ങളുടെ കൂടെയുണ്ടാവണം എന്ന ആവശ്യവുമായി നബി ﷺ യുടെ അടുക്കലെത്തിയ റബീഅ(റ)ക്കും ആഗ്രഹവും മറിച്ചായിരുന്നില്ല; നബി ﷺ യെ എപ്പോഴും കണ്ടുകൊണ്ടിരിക്കണം. ഒരു വിശ്വാസി എപ്പോഴും കൊതിക്കേണ്ട ഒന്നാണിത്.

യുദ്ധവേളകളിൽ തിരുശരീരത്തെ സംരക്ഷിക്കാൻ വേണ്ടി സ്വശരീരങ്ങൾകൊണ്ട് ശത്രുവിന്റെ അമ്പുകളെ തടുത്തതും ഈ സ്‌നേഹത്തിന്റെ അടയാളം തന്നെ! തിരുദൂതരുടെ കൽപനകൾക്ക് വിധേയപ്പെടാനുള്ള വേഗതയും സ്‌നേഹത്തിന്റെ അടയാളമാണ്!

കിബ്‌ല മാറ്റം അറിഞ്ഞവേളയിൽ നമസ്‌കാരത്തിനിടയിൽതന്നെ റബ്ബിന്റെ നിർദേശം വന്നേടത്തേക്ക് മുഖം തിരിക്കാൻ സ്വഹാ ബിമാർ കാണിച്ച ധൃതി ഇതിന് ഉദാഹരിക്കാവുന്ന ഒന്നു മാത്രം!

അങ്ങാടിയിൽ സ്ത്രീകളും പുരുഷന്മാരും ഇടകലരുന്ന അവസ്ഥ ഒരിക്കൽ ഉണ്ടായപ്പോൾ, സ്ത്രീകളോട് വഴിയുടെ ഓരം ചേർന്ന് നടക്കാൻ തിരുദൂതർ ﷺ കൽ

പന നൽകി. ഇതു കേട്ട സ്വഹാബാ വനിതകൾ മതിലിനോട് തൊട്ടുരുമ്മിയാണ് പിന്നീട് നടന്നിരുന്നത്! അവരുടെ വസ്ത്രം പലപ്പോഴും മതിലിൽ കൊളുത്തുന്ന അവസ്ഥവരെ ഉണ്ടായി (അബൂദാവൂദ്: 4392).

തിരുനിർദേശങ്ങൾ അക്ഷരംപ്രതി ജീവിതത്തിൽ പാലിക്കാൻ അവർ കാണിച്ച ധൃതി അതുല്യംതന്നെ!

തിരുനബിയുടെ സുന്നത്തുകളെ ജീവിതചര്യയാക്കി മാറ്റുന്നതിലൂടെയും നബിസ്‌നേഹത്തിന്റെ അടയാളങ്ങൾ നമുക്ക് വായിക്കാനാവും. ശരീരം, വസ്ത്രം, പെരുമാറ്റം, ഇടപാടുകൾ, സംസാരം, ജീവിത ചുറ്റുപാടുകൾ എന്നിവയിലെല്ലാം നബിസുന്നത്തിന്റെ സാന്നിധ്യം ഉണ്ടാവുമ്പോഴാണ് സ്‌നേഹത്തിന്റെ ബാഹ്യതലവും സുന്ദരമാവുക.

പുതുമകൾ ആവശ്യമില്ലാത്തവിധം പൂർത്തീകരിക്കപ്പെട്ട പരിശുദ്ധമതത്തിന്റെ അതിരുകൾ തള്ളി ത്തുറന്ന് മതത്തിന്റെ സുന്ദര ഭൂവിൽ ബിദ്അത്തുകൾ നട്ടുമുളപ്പിക്കാൻ ശ്രമിക്കുന്ന പുത്തനാശയക്കാരെ പ്രതിരോധിക്കുന്നതും തിരുസ്‌നേഹത്തിന്റെ അടയാളമാണ്. സകാത്ത് തടഞ്ഞവരോട് അബൂബക്ർ(റ) നടത്തിയ യുദ്ധവും ഖവാരിജുകളോട് അലി(റ) നടത്തിയ പോരാട്ടവും ഈ രംഗത്തെ പൂർവ മാതൃകകളാണ്.

പുണ്യത്തിന്റെ പുതപ്പു പുതച്ച് പുത്തനാശയങ്ങളും ആചാരങ്ങളും ഒളിച്ചുകടത്തുന്ന നുഴഞ്ഞുകയറ്റക്കാർ തന്നെയാണ് ബിദഇകൾ! തിരുസ്‌നേഹത്തിന്റെ വക്താക്കൾക്ക് ഇവരെ പ്രതിരോധിക്കൽ ബാധ്യതയാണെന്നതിൽ സംശയമില്ല.

പുത്തനാചാരങ്ങൾ പടിക്കു പുറത്തുതന്നെ!

ഇരുപത്തിമൂന്ന് ഹിജ്‌റ വർഷങ്ങളിലെ രാപ്പകലുകളെ സാക്ഷിയാക്കി റബ്ബ് പൂർത്തിയാക്കി തൃപ്തിപ്പെട്ട് കൈമാറി, തിരുദൂതർ ബോധനം നടത്തിയ പരിശുദ്ധ ദീനാണ് ഇസ്‌ലാം. അതിലേക്കിനി പുതിയത് ആവശ്യമില്ല. എന്തുകൊണ്ട് എന്ന മറു ചോദ്യത്തിനുള്ള ഉത്തരം വ്യക്തമാണ്. മതത്തിൽ എന്തുണ്ടാവണം, എന്തുണ്ടാവരുത് എന്ന് തീരുമാനിക്കാനുള്ള അധികാരം അല്ലാഹുവിന് മാത്രമേയുള്ളൂ.

അല്ലാഹു പറഞ്ഞു: “നിനക്ക് നിന്റെ രക്ഷിതാവിങ്കൽനിന്ന് ബോധനം നൽകപ്പെടുന്നതിനെ പിന്തുടരുകയും ചെയ്യുക. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു’’ (അഹ്‌സാബ് 2).

നബി ﷺ പോലും മതനിയമങ്ങൾ നിർമിച്ചിട്ടില്ല; പ്രത്യുത മതനിയമങ്ങൾ എത്തിക്കുകയാണ് ചെയ്തത്. അല്ലാഹു പറഞ്ഞു: “ഹേ; റസൂലേ, നിന്റെ രക്ഷിതാവിങ്കൽനിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ (ജനങ്ങൾക്ക്) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം നീ അവന്റെ ദൗത്യം നിറവേറ്റിയിട്ടില്ല’’ (മാഇദ 67).

ആരാധനകളുടെ രീതി, എണ്ണം, സമയം, രൂപം, നിബന്ധനകൾ, ലക്ഷ്യം എന്നിവയെല്ലാം റബ്ബാണ് തീരുമാനിച്ചത്. കഅ്ബയുടെ മുറ്റത്തുവച്ചും ബൈതുൽ മുക്ദിസിലേക്ക് തിരിഞ്ഞ് തിരുദൂതർ നമസ്‌കരിച്ചത് ഇക്കാരണം കൊണ്ട് മാത്രമാണ്. അതാണ് മതം പഠിപ്പിക്കാത്ത പുത്തൻ ആശയങ്ങൾ പടിക്കുപുറത്താണ് എന്ന് പറയുന്നതിന്റെ പ്രഥമ കാരണം.

മതത്തിലെ ഏത് കർമത്തിനും ഒരു ഹിക്മത്തുണ്ടാവും. കാരണം അല്ലാഹു ‘ഹകീം’ ആണ്. മത പ്രമാണങ്ങൾ വിശദീകരിച്ച ഹിക്മത്തുകൾ മാത്രമെ നമുക്ക് പൂർണമായും ഗ്രാഹ്യമാവൂ. അല്ലാത്തവ പൂർണമായി മനസ്സിലാക്കാൻ നമുക്ക് കഴിയണമെന്നില്ല.

മതം സമ്പൂർണവും സുന്ദരവുമാണ്. ഓരോന്നും അതിന്റെതായ സ്ഥാനത്ത് അതിന്റെതായ അളവിൽ അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. ആല്ലാഹുവിന്റെ  മതത്തെ അവൻ  സുന്ദരമാക്കിയാണ് നമുക്ക് തന്നത്. ഒന്നും അധികമില്ല! ഒന്നും കുറവുമില്ല! സുന്ദരം! സമ്പൂർണം! പ്രായോഗികം!

അതിൽ എന്ത് കൂട്ടിയാലും അത് മതത്തിന്റെ സൗന്ദര്യത്തെ വികലപ്പെടുത്തും; അതൊരു ദിക്‌റാണെങ്കിലും ശരി! കാരണം, ആ ദിക്ർ നാം നിശ്ചയിച്ച സ്ഥലത്ത് വേണമെന്ന് റബ്ബ് തീരുമാനിച്ചിട്ടില്ല. അവിടെ ആ ദിക്ർ വേണ്ട എന്ന് റബ്ബ് തീരുമാനിച്ചതിന്റെ ഹിക്മത്ത് നമുക്കറിയില്ല. അതിനാൽതന്നെ അത് അധികപ്പറ്റാണ്! അധികപ്പറ്റുകൾ പടിക്കു പുറത്താണ്!

തിരുനബി ﷺ തന്റെ പ്രസംഗ വേളകളിൽ പതിവായി ഓർമിപ്പിച്ചിരുന്ന കാര്യമാണ് ‘കുല്ലു ബിദ്അതിൻ ളലാല’ എന്നത്. അഥവാ, മുഴുവൻ പുത്തനാചാരാങ്ങളും വഴികേടാണ് എന്ന്! ‘കുല്ലു’ എന്ന് ഭാഷയിൽ ഉപയോഗിച്ചാൽ അതിൽനിന്ന് ഒന്നും ഒഴിവില്ല എന്നതാണ് ഉസൂലിന്റെ ഉലമാക്കൾ പഠിപ്പിക്കുന്നത്. ‘കുല്ലുകും ബനൂ ആദം’ എന്ന് തിരുനബി ﷺ പറയുമ്പോൾ ഒരാൾ പോലും ഒഴിവില്ലാതെ എല്ലാ മനുഷ്യരും ആദം സന്തതികൾതന്നെയാണ് എന്നാണതിന്റെ വിവക്ഷ.

അതിനാൽ, മതത്തിലെ പുത്തനാചാരങ്ങളിൽ നല്ലതും ഉണ്ട് എന്നു പറയൽതന്നെ പുത്തനാശയമാണ് എന്നതാണ് വസ്തുത.

നബിദിനാഘോഷത്തിൽ നന്മയില്ല

മുഴുവൻ നന്മകളും പഠിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്ത പുണ്യ പ്രവാചകൻ ﷺ ജന്മദിനാഘോഷം നടത്തിയിട്ടില്ല. അതിനർഥം അതിൽ നന്മയില്ല എന്നുതന്നെയാണ്! ആ കാരണം കൊണ്ടുതന്നെയാണ് ഏറ്റവും നന്മയുള്ള തലമുറകൾ എന്ന് നബി ﷺ പഠിപ്പിച്ച മൂന്ന് തലമുറകളിൽ ഈ കാര്യം ഇല്ലാതിരുന്നതും! ഇമാം സഖാവി(റഹി) അക്കാര്യം പറഞ്ഞിട്ടുണ്ട്: “മൗലിദ് സമ്പ്രദായം ഹിജ്‌റ മൂന്ന് നൂറ്റാണ്ടുകൾക്ക് ശേഷം ഉണ്ടായതാണ്.’

ബാത്വിലിന്റെ ആളുകളാണ് ഈ സമ്പ്രദായം തുടങ്ങിയത് എന്ന് ഇമാം ഫാകിഹാനി(റഹി) ഉണർത്തിയത് ശ്രദ്ധേയമാണ്. സമസ്തയുടെ പളളികളിൽ വെള്ളിയാഴ്ച പാരായണം ചെയ്യപ്പെടുന്ന നുബാതിയ്യ ഖുത്വുബകളിൽ റബീഉൽ അവ്വലിലെ അഞ്ച് ഖുത്വുബകളിലും മൗലിദാഘോഷം പരാമർശിക്കപ്പെടുന്നില്ല എന്നതും പ്രത്യേകം പ്രസ്താവ്യമാണ്.

ബിദഈ ഫാക്ടറികളിൽ നിർമിച്ച വിചിത്ര ‘തെളിവുകൾ’

നബി ﷺ ക്കോ ഉത്തമ തലമുറകൾക്കോ, മദ്ഹബിന്റെ നാല് ഇമാമുമാർക്കോ, മഹദ്ദിസുകൾക്കോ പരിചിതമല്ലാത്ത ജന്മദിനാഘോഷമെന്ന പുത്തൻ ആചാരത്തെ ‘സ്ഥാപിക്കാൻ’  ഒൻപതോളം ക്വുർആൻ വചനങ്ങൾ മൗലിദ് വാദികൾ ദുർവ്യാഖ്യാനിക്കുന്നുണ്ട് എന്നത് ഏറെ കൗതുകകരം തന്നെ! (എണ്ണം ഇനിയും കൂടാനാണ് സാധ്യത).

പക്ഷേ, ഒൻപത് ആയത്തുകളിൽ ഉള്ള ഒരു കാര്യം; തിരുനബി ﷺ ഒരിക്കലെങ്കിലും ചെയ്തതായി ഒരു രേഖയുമില്ലാത്തത് എന്തിന്റെ തെളിവാണ് എന്ന ചോദ്യമൊന്നും ബിദ്അത്തിനെ ആഘോഷിക്കുന്നവരുടെ കർണപുടങ്ങളിൽ ഒരു കുലുക്കവും സൃഷ്ടിക്കില്ല!

അല്ലാഹുവിന്റെ മിത്രങ്ങളിൽ തെളിവ് കിട്ടാതാവുമ്പോൾ റബ്ബിന്റെ ശത്രുവായ അബൂലഹബിൽ തെളിവ് തേടിപ്പോകുന്ന ബിദഇകളുടെ ദുരന്തം വിചിത്രം തന്നെ! സുറതുൽ മസദിനു മുന്നിലെത്തിയാൽ ഈ ‘തെളിവു’മായി ബിദഇകൾ വെളളം കുടിക്കുന്നത് കാണാം!

ഖദീജ(റ)യുടെ ആട്ടിറച്ചി മൗലിദിന്റെ ചെമ്പിലേക്ക് വിളമ്പാനുള്ള ശ്രമത്തിനിടയിൽ ആ സംഭവം നബി ﷺ യുടെയോ ഖദീജാബീവി(റ)യുടെയോ ജന്മദിനത്തിലല്ലെന്ന് തിരിച്ചറിയാനുള്ള വെളിവൊന്നും ബിദഇകളുടെ ബുദ്ധിക്കുണ്ടാവില്ല.

നബി(സ) അഖീഖ അറുത്തത് (ഹദീസ് ദുർബലം) ജന്മദിനാഘോഷത്തിന്  ‘തെളിവ്’ ആക്കുന്നതിലെ വൈരുധ്യം ബിദഇകൾ കാണാത്തതിലും അത്ഭുതമൊന്നുമില്ല. അഖീഖ അറുക്കുന്നത് ജന്മദിനത്തിലല്ല എന്നതുപോലും തിരിച്ചറിയാനുള്ള ബോധം നഷ്ടമാവുമ്പോഴാണ് ഒരാൾ ബിദഈ ആവുന്നതുതന്നെ!

തിങ്കളാഴ്ചയിലെ വ്രതം ജന്മദിനത്തിൽ വയറ് നിറക്കാൻ തെളിവാക്കുന്നതാണ് ബിദഇകളുടെ മറ്റൊരു തമാശ! നബി ﷺ യും സ്വഹാബിമാരും ഉത്തമ തലമുറക്കാരും ഈ ഹദീസ് പ്രകാരം വ്രതമെടുത്ത് വയറു കാലിയാക്കി നടന്നു, ബിദഇകളാവട്ടെ ഇത് വയറു നിറക്കാനുള്ള തെളിവാക്കുന്നു! നോമ്പ് നോൽക്കാനുള്ള തെളിവ് നോമ്പ് ഹറാമായ ഈദ് നിർമിക്കാനുള്ള തെളിവാക്കി മാറ്റുന്നതുപോലെയുള്ള അത്ഭുത ഗവേഷണങ്ങളാണ് ബിദഈ ഫാക്ടറികളിൽ നടക്കുന്നത്! ശിയാക്കൾ നിർമിച്ചെടുത്ത ഒരു പുത്തനാചാരത്തെ വെള്ളയടിക്കാനാണ് ബിദഇകൾ ഇത്ര അധ്വാനിക്കുന്നത് എന്നതാണ് ഏറെ വിചിത്രം! കഷ്ടം!

ചുരുക്കത്തിൽ, ബിദഇകൾ ഇക്കാലംവരേക്കും ഗവേഷണം ചെയ്ത് കണ്ടെത്തിയ ഒരു ‘തെളിവും’ ശീഈ ഫാക്ടറിയിലുണ്ടാക്കിയ ഈ പുതുനിർമിതിയെ സാധൂകരിക്കാൻ പര്യാപ്തമല്ല. ഇനി അടുത്ത വർഷങ്ങളിൽ വിക്ഷേപിക്കാൻ വിക്ഷേപണത്തറകളിൽ കയറ്റിനിർത്തിയിട്ടുള്ളവയുടെ അവസ്ഥയും ഭിന്നമല്ല.

വഴികേടിനെ സ്വർണം പൂശാനുള്ള സർവ അധ്വാനവും മതപരമായി തിന്മയാണ്. അതെ, നബിദിനമാഘോഷിക്കുന്നവർ അതിലൂടെ നേടുന്നത് തിന്മ മാത്രമാണ്. തിന്മകൾ വർധിക്കുമ്പോൾ നന്മകളിൽനിന്ന് ദൂരെയായി പോവുന്ന ദുരന്തം വേറെയും!