ഹയർ സെക്കന്ററി: ഒരു മലബാർ വിവേചനം

മുജീബ് ഒട്ടുമ്മൽ

2023 മെയ് 27 , 1444 ദുൽഖഅ്ദ 07

എസ്.എസ്.എൽ.സി പരീക്ഷയുടെ വിജയാരവങ്ങൾക്കിടയിലും ഉയർന്ന ശതമാനക്കണക്കിന്റെ സന്തോഷങ്ങൾക്കിടയിലും പതിവുപോലെ ആശങ്കയിലാണ്‌ മലബാറിലെ വിദ്യാർഥികൾ. ആളും ആരവവും ഫ്ലക്സാഘോഷവും അരങ്ങൊഴിഞ്ഞാൽ ഉപരിപഠനത്തിന്‌ എന്തുവഴിയെന്ന ഗൗരവപരമായ ചോദ്യത്തിലേക്ക് പുരികം ചുളിക്കേണ്ടതുണ്ട് ഇവർക്ക്! തെക്കൻ കേരളത്തിൽ ധാരാളം സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോഴും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, താൽക്കാലിക ബാച്ച്, വി.എച്ച്.സി, ഐ.ടി.ഐ... എല്ലാം കൂട്ടിയാലും മലബാറിലെ കാൽ ലക്ഷത്തോളം വിദ്യാർഥികൾ പടിക്ക് പുറത്താണ്‌. ആണ്ടുതോറുമുള്ള രാഷ്ട്രീയ കോലാഹലങ്ങൾക്കും സമരാഭാസങ്ങൾക്കുമപ്പുറം ക്രിയാത്മകവും ജനാധിപത്യപരവുമായ നടപടികളാണ്‌ സർക്കാരിന്റെ ഭാഗത്തു നിന്നും ഇനി ആവശ്യമായിട്ടുള്ളത്.

മാർച്ച് മാസത്തിൽ നടന്ന എസ്എസ്എൽസി പരീക്ഷയുടെ ഫലം വന്നിരിക്കുകയാണ്. വിജയാരവങ്ങൾക്കിടയിലും മിടുക്കരായ മലബാറിലെ വിദ്യാർഥികൾ ഇഷ്ടപ്പെട്ട വിഷയം തെരഞ്ഞെടുത്ത് പഠിക്കാൻ സാധിക്കുമോ എന്ന പരിഭവത്തിലാണുള്ളത്. എല്ലാവിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് പോലും ഹയർ സെക്കന്ററിയിൽ തങ്ങൾക്കിഷ്ടപ്പെട്ട വിദ്യാലയങ്ങളും കോഴ്‌സ് കോമ്പിനേഷനും തെരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയാണ്.

മലബാർ ജില്ലകൾ നേരിടുന്ന നീതി നിഷേധത്തിൽ ഏറ്റവും പ്രധാനമാണ് വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന വിവേചനങ്ങൾ. വിജയ ശതമാനത്തിലും ഉന്നത പഠന നിലവാരത്തിലും മികച്ച നേട്ടങ്ങൾ കൊയ്യുമ്പോഴും മലബാറിൽ പൊതുവിദ്യാഭ്യാസ രംഗത്തും ഉന്നതവിദ്യാഭ്യാസ രംഗത്തും പഠന അവസരങ്ങളുടെ കാര്യത്തിൽ അനീതിയുടെ കണക്കുകൾക്ക് ഒരു മാറ്റവും സംഭവിക്കാറില്ല. രണ്ട് പതിറ്റാണ്ടായി ഹയർ സെക്കന്ററി മേഖലയിൽ മലബാറിലെ ഭൂരിഭാഗം ജില്ലകളിലും രൂക്ഷമായ സീറ്റ് പ്രതിസന്ധി ഇപ്പോഴും അനുഭവിക്കുന്നുണ്ട്. എന്നാൽ തെക്കൻ ജില്ലകളിൽ ധാരാളം സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നുമുണ്ട്. മലബാറിലെ ആറ് ജില്ലകളിലായി 225702 കുട്ടികളാണ് പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയത്. നിലവിലുള്ള പ്ലസ് വൺ സീറ്റുകളാകട്ടെ 195050 മാത്രവുമാണ്. 30652 സീറ്റുകളുടെ കുറവ് ഇനിയുമുണ്ട്. യോഗ്യത നേടിയ സിബിഎസ്‌സി വിദ്യാർഥികളുടെ എണ്ണവും കൂടി പരിഗണിച്ചാൽ സീറ്റുകളുടെ അപര്യാപ്തത അതിനെക്കാൾ എത്രയോ കൂടുതലായിരിക്കും.

മലപ്പുറം ജില്ലയിൽ മാത്രം കാൽ ലക്ഷത്തോളം വിദ്യാർഥികളാണ് ഉപരിപഠനത്തിന് അവസരമില്ലാതെ പുറത്താകുന്നത്. ഇത്തവണ ജില്ലയിൽനിന്ന് പ്ലസ് വൺ യോഗ്യത നേടിയത് 77827 കുട്ടികളാണ്. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലായി ആകെയുള്ളത് 41950 സീറ്റുകൾ മാത്രമാണ്. ഭാരിച്ച ഫീസ് നൽകി പഠിക്കാവുന്ന വിധം അൺ എയ്ഡഡ് സ്‌കൂളുകളിൽ 11300 സീറ്റുകളുമുണ്ട്. ഇതെല്ലാം കൂടി 53250 സീറ്റുകൾ മാത്രമാണുള്ളത്. താൽകാലിക ബാച്ചുകളും വിഎച്ച്‌സിയും ഐടിഐ സീറ്റുകളും കൂടി ഉൾപ്പെടുത്തിയാലും 20000ൽ അധികം കുട്ടികൾ പിന്നെയും മലപ്പുറത്ത് പുറത്താണ്.

തൃശൂർ ജില്ലയിൽ 1487 വിദ്യാർഥികളും പാലക്കാട് ജില്ലയിൽ 7494 വിദ്യാർഥികളും കോഴിക്കോട് ജില്ലയിൽ 9190 വിദ്യാർഥികളും വയനാട് ജില്ലയിൽ 2850 വിദ്യാർഥികളും കണ്ണൂർ ജില്ലയിൽ 10925 വിദ്യാർഥികളും കാസർകോട് ജില്ലയിൽ 5216 വിദ്യാർഥികളും യോഗ്യരായിരുന്നിട്ടും ഉപരിപഠനത്തിന് അവസരമില്ലാതെ പുറത്താകും. അതേസമയം പത്തനംതിട്ട ജില്ലയിൽ 4706 സീറ്റുകളും ആലപ്പുഴയിൽ 1287 സീറ്റുകളും കോട്ടയം ജില്ലയിൽ 3364 സീറ്റുകളും ഇടുക്കിയിൽ 616 സീറ്റുകളും എറണാകുളത്ത് 1105 സീറ്റുകളും അധികമായി ഒഴിഞ്ഞ് കിടക്കുന്നുണ്ട്. മലബാറിലെ എ പ്ലസ് നേടിയവന് ആഗ്രഹിച്ച കോഴ്‌സ് പഠിക്കാൻ അവസരം ലഭിക്കാതെ വരുമ്പോൾ ഇതര ജില്ലകളിലെ മിനിമം മാർക്കോട് കൂടി പാസ്സായവന് ഏത് കോഴ്‌സിനും ചേരാമെന്ന സാഹചര്യം നിലനിൽക്കുന്നുവെന്നർഥം.

വിദ്യാഭ്യാസ രംഗത്തെ കടുത്ത നീതിനിഷേധമാണിവിടെ വ്യക്തമാകുന്നത്. വിദ്യാഭ്യാസരംഗവും ബൗദ്ധികശേഷിയുംകൊണ്ട് രാജ്യത്ത് ഒന്നാമതായി നിൽക്കുന്ന കേരള സംസ്ഥാനത്തിലെ ഒരു വിഭാഗം കുട്ടികൾക്ക് ഹയർ സെക്കന്ററി വിദ്യാഭ്യാസം പോലും പ്രാപ്യമല്ലെന്ന് വരുന്നത് എത്ര ദയനീയമാണ്! സമാധാനം വേണമെങ്കിൽ യുദ്ധത്തിന് തയ്യാറാവുക എന്ന ഗ്രീക്ക് പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ വിദ്യാഭ്യാസം വളരെ ആസൂത്രിതവും മൃദുവായതുമായ കലാപങ്ങളും അനീതിയും വിദ്യാർഥികൾക്ക് നേരെ അഴിച്ച് വിടുകയാണിവിടെ ചെയ്യുന്നത്. ഇത് ഒരു വിധത്തിൽ ഭാവി തലമുറയോടുള്ള പാതകമാണ്.

പരിഹാരം പ്രായോഗികമോ?

ജനകീയ സമരങ്ങളിലൂടെയും മലബാർ വിദ്യാഭ്യാസ അവകാശ പ്രക്ഷോഭങ്ങളിലൂടെയും വിവേചനത്തിന്റ കണക്കുകൾ പുറത്ത് വിടുമ്പോഴാണ് പലപ്പോഴും പരിഹാരങ്ങൾക്കായി സർക്കാർ ആലോചിക്കാറുള്ളത്. അതാവട്ടെ പ്രഹസനവുമാണെന്ന് അധ്യാപകരും രക്ഷിതാക്കളും ആണയിടുന്നുമുണ്ട്.

പ്ലസ്‌വണ്ണിലേക്ക് യോഗ്യത നേടിയിട്ടുള്ള വിദ്യാർഥികൾക്ക് അവസരം നൽകാനായി ഓരോ വർഷവും മലബാറിൽ സർക്കാർ നടപ്പിലാക്കാറുള്ള പദ്ധതിയാണ് മാർജിനൽ വർധനവ് എന്നത്. മുപ്പത് ശതമാനം സീറ്റ് വർധിപ്പിച്ചുകൊണ്ടാണ് അത് നടപ്പിലാക്കാൻ ശ്രമിക്കാറുള്ളത്. 50 വിദ്യാർഥികൾക്ക് മാത്രം പരിമിതമായ ക്ലാസ്സ് റൂമിലേക്ക് 15 പേരെ കൂടി തിരുകിക്കയറ്റുകയാണ് ചെയ്യാറുള്ളത്. കൗമാരപ്രായക്കാരായ വിദ്യാർഥികളെ ഒരു ക്ലാസ്സ് റൂമിൽ കുത്തിനിറച്ചുകൊണ്ടുള്ള അധ്യാപനം എത്ര അസഹനീയമായിരിക്കും! അവിടെ സ്വസ്ഥമായും അച്ചടക്കത്തോടെയും പഠനം സാധ്യമാകുന്നത് എങ്ങനെയാണ് എന്ന് അധികൃതർ ചിന്താക്കാറുണ്ടോ? ചില ജില്ലകളിൽ 25 കുട്ടികൾക്ക് ക്ലാസ്സ് റൂമിൽ വിശാലമായിരുന്ന് പഠിക്കാൻ അവസരമുണ്ടാകുമ്പോൾ മറ്റു ചില ജില്ലകളിലെ വിദ്യാർഥികൾക്ക് ഞെങ്ങിഞെരുങ്ങി ഇരിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. എന്നിട്ടും വിദ്യാർഥികൾ അധികവും പുറത്ത് തന്നെയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ചില സ്‌കൂളുകളിൽ താൽക്കാലിക അധിക ബാച്ച് നൽകലാണ് മറ്റൊരു പരിഹാരമായി സർക്കാർ കൊണ്ടുവരുന്ന സംവിധാനം. അവിടെയും ദിവസവേദനം അടിസ്ഥാനമാക്കി വരുന്ന താൽക്കാലിക അധ്യാപകരുടെ സ്ഥിരത ഒരു പ്രശ്‌നമാണ്. ഇന്റേണൽ മാർക്കിന് പരിഗണിക്കാവുന്ന പ്രവർത്തനങ്ങൾ എങ്ങനെയാണ് സാധ്യമാവുകയെന്നതും ഒരു പ്രശ്‌നമാണ്. ഈ വിവേചനത്തെ കണ്ടില്ലെന്ന് നടിക്കാൻ സർക്കാറിനും വിദ്യാഭ്യാസവകുപ്പിനും സാധിക്കാതെ വരുമ്പോഴാണ് ഇത്തരം പൊടിക്കൈകളുമായി അധികൃതർ കടന്നുവരുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫ് പ്രകടനപത്രികയിൽ സ്‌പെഷ്യൽ പാക്കേജ് എന്ന തലക്കെട്ടിന് താഴെ മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധി പഠിച്ച് അവ പരിഹരിക്കാനാവശ്യമായ പദ്ധതികൾ നടപ്പിലാക്കുമെന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും നയപരമായ തീരുമാനങ്ങളോ കാര്യക്ഷമമായ പരിഹാര നടപടികളോ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചതായി കാണുന്നില്ല. 2021 ആഗസ്റ്റ് രണ്ടിന് എംഎൽഎമാരായ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കെ.യു.കേളു, സേവ്യർ ചിറ്റിലിപ്പിള്ളി, കെ.യു ജെനീഷ് കുമാർ എന്നിവരുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടി ഇങ്ങനെയാണ്: ‘‘2021-22 അധ്യയന വർഷം ഹയർ സെക്കന്ററി പ്രവേശനത്തിന് സംസ്ഥാനത്തെ ജില്ലകളിൽ ലഭ്യമായ സീറ്റു വിവരം, പ്രസ്തുത ജില്ലയിൽ ഉപരിപഠനത്തിന് അർഹരായ വിദ്യാർഥികളുടെ എണ്ണവും അനുബന്ധമായി ചേർക്കുന്നു. പ്രവേശന നടപടികൾ അവസാനിച്ച് കഴിയുമ്പോൾ സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്ന സാഹചര്യമാണ് എല്ലാ ജില്ലകളിലുമുള്ളത്. നിലവിൽ സംസ്ഥാനത്തെ ഒരു ജില്ലയിലും ഹയർ സെക്കന്ററി പ്രവേശനത്തിന് സീറ്റുകളുടെ അപര്യാപ്തത നിലനിൽക്കുന്നില്ല.’’

കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി പ്ലസ് വണ്ണിൽ അഡ്മിഷൻ ലഭിച്ച വിദ്യാർഥികളുടെ ശരാശരി ജില്ല തിരിച്ച് രേഖപ്പെടുത്തി അത്രയും വിദ്യാർഥികൾ മാത്രമാണ് അതത് ജില്ലകളിൽ പ്ലസ് വൺ പഠനം ആഗ്രഹിക്കുന്നവരായുള്ളത് എന്ന പ്രസ്താവനയിലൂടെ വിചിത്രമായ കണക്കുകളാണ് അതിനോട് ചേർത്തുപറഞ്ഞത്. പ്ലസ് വണ്ണിന് അപേക്ഷിച്ച്, ആവശ്യത്തിന് സീറ്റില്ലാത്തതിനാൽ മാത്രം കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ പ്രവേശനം ലഭിക്കാത്ത മലബാറിലെ വിദ്യാർഥികൾ മന്ത്രിയുടെ ഈ ശരാശരി കണക്കിന് പുറത്തായിയെന്നർഥം.

കേരളാ സർക്കാറിന് കീഴിലെ പ്രൈവറ്റ് ഹയർ സെക്കന്ററി ഓപ്പൺ സ്‌കൂൾ പഠന സംവിധാനമായ ‘സ്‌കോൾ കേരള’യുടെ കഴിഞ്ഞ അഞ്ച് വർഷത്തെ അഡ്മിഷൻ കണക്ക് ജില്ല തിരിച്ച് പരിശോധിച്ചാൽ അതിൽ പഠിക്കേണ്ടിവന്ന എൺപത് ശതമാനം വിദ്യാർഥികളും മലബാർ മേഖലയിൽ നിന്നുള്ളവരാണെന്ന് മനസ്സിലാകും. റെഗുലർ സംവിധാനത്തിൽ പ്ലസ് വൺ പഠനം ആഗ്രഹിച്ച് അപേക്ഷ നൽകിയ ശേഷം സീറ്റില്ലാത്തതിനാൽ അത് ലഭിക്കാതെ പോയപ്പോൾ നിർബന്ധിതരായി സ്‌കോൾ കേരളയിൽ പ്ലസ് വൺ പഠനത്തിന് റജിസ്റ്റർ ചെയ്യേണ്ടി വന്ന ഹതഭാഗ്യരാണിവരിൽ അധികപേരും. ഹയർ സെക്കന്ററി റെഗുലർ സംവിധാനത്തിൽ വിജയശതമാനം എൺപതിന് മുകളിലും സ്‌കോൾ കേരളയിൽ അൻപതിൽ താഴെയുമാണ്. എസ്എസ്എൽസി പരീക്ഷയിൽ എൺപത് ശതമാനത്തിലധികവും മാർക്ക് നേടിയവർക്ക് സീറ്റ് കിട്ടാതെ വരുന്നു! ഓപ്പൺ സ്‌കൂളിൽ സ്വന്തം നിലയ്ക്ക് പഠിക്കേണ്ടിവരുന്നവരിൽ അധിക പേർക്കും പരീക്ഷയിൽ പരാജയപ്പെട്ട് തുടർപഠനം അവസാനിപ്പിക്കേണ്ടിവരുന്നു. ഈ ഗതികേട് മലബാറിലെ വിദ്യാർഥികൾക്ക് മാത്രമാണെന്നതിൽനിന്ന് അവർ ക്രൂരമായ അനീതിക്കിരയാവുകയാണ് എന്നല്ലേ മനസ്സിലാകുന്നത്?

വി. കാർത്തികേയൻ നായർ കമ്മീഷൻ

2000 ൽ ഇ.കെ നായനാർ മുഖ്യമന്ത്രിയും പി.ജെ ജോസഫ് വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന സമയത്താണ് പ്രീഡിഗ്രി കോളേജുകളിൽനിന്ന് പൂർണമായും വേർപ്പെടുത്തി ഹയർ സെക്കന്ററി വിദ്യാഭ്യാസം സ്‌കൂളുകളിൽ മാത്രമായി പരിമിതപ്പെടുത്തുന്നത്. അന്ന് പത്താം ക്ലാസ്സിൽ പരീക്ഷയെഴുതി വിജയിച്ചിരുന്ന കുട്ടികൾക്ക് ആനുപാതികമായി പ്ലസ് വൺ ബാച്ചുകളും സീറ്റുകളും അനുവദിക്കുന്നതിന് പകരം മറ്റു പല പരിഗണനകളിലുമാണ് ബാച്ചുകൾ അനുവദിച്ചത്. പൊതുവെ തിരുകൊച്ചി മേഖലയെ അപേക്ഷിച്ച് മലബാറിൽ ഗവൺമെന്റ്, എയ്ഡഡ് മേഖലയിൽ ഹൈസ്‌കൂളുകൾ കുറവായിരുന്നിട്ടു പോലും അത് കൂടി പരിഗണിച്ചും പരിഹരിച്ചും കൂടുതൽ പ്ലസ് വൺ സീറ്റുകളും ബാച്ചുകളും സ്‌കൂളുകളും അനുവദിക്കേണ്ടതായിരുന്നു. അ തുണ്ടായില്ലന്ന് മാത്രമല്ല, ആദ്യ വർഷങ്ങളിൽതന്നെ തിരുകൊച്ചി മേഖലയിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് ആനുപാതികമായി പ്ലസ് വൺ ബാച്ചുകളും അനുവദിക്കുകയുണ്ടായി. മലബാർ മേഖലയിൽ ആദ്യകാലത്ത് എസ്എസ്എൽസി വിജയശതമാനം കുറവായതിനാൽ വലിയ പ്രതിസന്ധി ഉണ്ടാക്കിയില്ല. എന്നാൽ ഓരോ വർഷം കഴിയുന്തോറും വിജയ ശതമാനം ഉയരുകയും സീറ്റ് പ്രതിസന്ധി വർധിക്കുകയും ചെയ്തു.

2005ന് ശേഷം എസ്എസ്എൽസി വിജയശതമാനം മലബാർ ജില്ലകളിൽ 80ന് മുകളിലായിത്തുടങ്ങിയതോടെ അരലക്ഷത്തിലേറെ വിദ്യാർഥികൾക്ക് ഓരോ വർഷവും ഉപരിപഠന സൗകര്യമില്ലാതെ വന്നു. മലബാറിതര ജില്ലകളിൽ മുൻവർഷത്തിലും കുറവായാണ് വിദ്യാർഥികൾ പത്താം ക്ലാസ്സ് പൂർത്തിയാക്കിയത്. പുതുതലമുറയിലെ ജനസംഖ്യാ മാറ്റവും ഈ കുറവിന് കാരണമാണ്. മാറിവന്ന അധികാരികൾ ഈ വിഷയം ആധികാരികമായി പഠിച്ചു ശാസ്ത്രീയമായി പുനഃസംവിധാനിക്കാൻ യാതൊരു ശ്രമവും നടത്തിയതായി കാണാനായില്ല. സാമൂഹിക അനീതിക്കൊപ്പം അശാസ്ത്രീയമായ വിധം ഹയർ സെക്കന്ററി ബാച്ചുകളുടെ സംവിധാനം വളരെ വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. നിലവിൽ സംസ്ഥാനത്തുള്ള ബാച്ചുകളുടെ പുനഃക്രമീകരണങ്ങൾക്കൊപ്പം മലബാർ ജില്ലകളിൽ പുതിയ ബാച്ചുകൾ അനുവദിച്ചുകൊണ്ട് മാത്രമെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകൂ.

സംസ്ഥാനത്തെ ഹയർ സെക്കന്ററി ബാച്ച് പുനഃക്രമീകരണം സംബന്ധിച്ച് പഠനം നടത്താൻ ഹയർ സെക്കന്ററി മുൻ ഡയറക്ടർ പ്രൊഫ. വി.കാർത്തികേയൻ നായർ ചെയർമാനായി ഒരു കമ്മീഷനെ നിയോഗിച്ചുവെന്നതാണ് ഈ രംഗത്തെ പുതിയ നീക്കം. ഹയർ സെക്കന്ററി വകുപ്പ് ജോയിൻ് ഡയറക്ടർ ഡോ.സുരേഷ് കുമാർ, എസ്‌ഐഇടി ഡയറക്ടർ ഡോ. അബുരാജ്, റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർമാരായ അനിൽകുമാർ, അശോക് കുമാർ എന്നിവരാണ് മറ്റു കമ്മീഷൻ അംഗങ്ങൾ.

പഠന റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് കൈമാറി സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് പൊതുജനങ്ങൾക്ക് അറിയാനുള്ള അവകാശമുണ്ടെങ്കിലും സർക്കാർ ഇതുവരെ പുത്ത് വിട്ടിട്ടില്ല. കമ്മീഷന്റെ നേതൃത്വത്തിൽ നടന്ന സിറ്റിങ്ങിൽ ബഹുജന, അധ്യാപക, വിദ്യാർഥി സംഘടനകളെല്ലാം വിഷയങ്ങൾ പഠിച്ച് അപഗ്രഥിച്ചുകൊണ്ട് തന്നെ റിപ്പോർട്ടുകൾ കമ്മീഷന് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. സർക്കാരിന്റ ഭാഗത്തുനിന്ന് ഇനിയും കാലതാമസം നേരിട്ടാൽ പൊതുജനങ്ങൾക്കിടയിൽ ചർച്ചയാകുംവിധം വിഷയം പുറത്തറിയിക്കാൻ എല്ലാവരും സന്നദ്ധമാകണം.

താൽക്കാലിക ബാച്ച് ശാശ്വത പരിഹാരമല്ലെന്നും മാർജിനൽ സീറ്റ് വർധനവ് അശാസ്ത്രീയമാണെന്നുമുള്ള ഗൗരവമുള്ള നിർദേശങ്ങളാണ് എല്ലാവരും സമർപ്പിച്ച റിപ്പോർട്ടുകളിലുള്ളത്. അധ്യാപക- വിദ്യാർഥി അനുപാതമനുസരിച്ച് ബാച്ചുകൾ പുനഃക്രമീകരിക്കണമെന്ന ആവശ്യവുമുണ്ട്. 150 അധിക ബാച്ചുകളെങ്കിലും മലബാറിന് നൽകണമെന്നാണ് കമ്മീഷന്റ റിപ്പോർട്ടിലുള്ളതെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കാതെ പ്ലസ് വൺ അലോട്ട്‌മെന്റ് തുടർന്നാൽ പഠിച്ച് ജയിച്ച കുട്ടികളോട് ചെയ്യുന്ന കടുത്ത അനീതിയായി അത് വിലയിരുത്തപ്പെടും. കമ്മീഷൻ റിപ്പോർട്ട് അവഗണിക്കുന്നത് ഒരു പ്രദേശത്തെ പൂർണമായി അവഗണിക്കുന്നതിന് തുല്യമാകും.

വിദ്യാഭ്യാസത്തിന്റ ഗുണനിലവാരം മലബാറിലും സാധ്യമാകണം

സംസ്ഥാനത്തെ എല്ലാ മേഖലകളിലെയും വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കേണ്ട ചുമതല ഭരണാധികാരികൾക്കുണ്ട്. അത് തിരുവിതാകൂറിലെയും കൊച്ചിയിലെയും മലബാറിലെയും കുട്ടികൾക്ക് ഒരുപോലെ അവകാശപ്പെട്ടതുമാണ്. ഭൂമിയുടെ അതിർത്തികൾക്കനുസരിച്ച് കൊണ്ടുള്ള വിവേചനം കടുത്ത അനീതിയാണ്. ഭാഷയും വേഷവും മതവും വർഗവുമായി വിഭജനത്തിന്റ ഫാഷിസ്റ്റ് രാഷ്ട്രീയാധികാര കാലത്ത് പ്രബുദ്ധമായ മലയാളികൾക്കിടയിലും വിവേചനമുണ്ടാകുന്നത് അപമാനമാണ്. അതിനാൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും നൽകാൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാകണം.

ക്ലാസ്സ് റൂമുകളും അധ്യാപകരും വിദ്യാർഥികളും കാമ്പസ് സാഹചര്യങ്ങളും പഠനങ്ങളിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഹയർ സെക്കന്ററി ക്ലാസ്സ് റൂമുകളിലെ പരമാവധി വിദ്യാർഥികളുടെ എണ്ണം 50 ആണ്. കരിക്കുലം നിശ്ചയിക്കുന്ന കാലയളവിൽ ഫലപ്രദമായി അധ്യാപനവും പഠനവും നടക്കണമെങ്കിൽ വിദ്യാർഥികളുടെ എണ്ണം പരമപ്രധാനമാണ്. സയൻസ് വിഷയങ്ങളിൽ വിദ്യാർഥികൾക്ക് പരീക്ഷണ ലാബ് കാര്യക്ഷമമായി ഉപയോഗപ്പെടുത്താനാകണം. ഭാഷാ പഠനങ്ങൾക്കായി ലിംഗ്വിസ്റ്റിക് ലാബുകളിലൂടെ പരിശീലനത്തിന് സൗകര്യമുണ്ടാകണം. സാമ്പത്തികശാസ്ത്രവും ചരിത്രവും ഇതര വിഷയങ്ങളും ഗവേഷണാത്മകമായി സമീപിക്കാൻ സെമിനാറുകൾ, പ്രബന്ധങ്ങൾ, ചർച്ചകൾ തുടങ്ങിയവ ഉപകാരപ്പെടണമെങ്കിൽ വിദ്യാർഥികളുടെ എണ്ണത്തിലെ പരിധി അനിവാര്യമാണ്. ഗുണനിലവാരം എന്ന ആശയത്തിെന്റ രാഷ്ട്രീയം വിദ്യാഭ്യാസസ്ഥാപനങ്ങളെയും അധ്യാപകരെയും വിദ്യാർഥികളെയും പ്രക്ഷുബ്ധമായ മാനസിക പശ്ചാത്തലങ്ങളിലേക്ക് എത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല, ഗുണനിലവാരത്തിന് തടസ്സമാകുന്ന കാര്യങ്ങൾ കൂടി സമൂഹത്തിൽ തെളിഞ്ഞ് നിന്നാൽ വിദ്യാർഥികളെ എത്രമാത്രം അത് ബാധിക്കുമെന്ന തിരിച്ചറിവാണ് നമുക്ക് വേണ്ടത്. എല്ലാവർക്കും അവകാശപ്പെട്ടത്, മനസ്സിനെ സംതൃപ്തിപ്പെടുത്തുന്നത്, ഉദ്ദേശ്യങ്ങളെ സാധൂകരിക്കാൻ സഹായിക്കുന്നത് എന്നിങ്ങനെയുള്ള അർഥത്തിലാണ് ഗുണനിലവാരമെന്ന ആശയത്തെ ആധുനിക സാമൂഹികവ്യവസ്ഥയിൽ നാം മനസ്സിലാക്കേണ്ടതെന്ന് റിച്ചാർഡ് ലിക്മാനെ പോലുള്ളവർ നിരീക്ഷിക്കുന്നുണ്ട്. വിദ്യാഭ്യാസ വിചക്ഷണൻമാരുടെയും മനഃശാസ്ത്രജ്ഞരുടെയും താക്കീതുകളും നിർദേശങ്ങളും ഗൗനിക്കാതെ ക്ലാസ്സ് റൂമുകളിൽ വിദ്യാർഥികളെ കുത്തിനിറക്കുന്ന സമീപനം വലിയ അപരാധം തന്നെയാണ്.

ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് ഗുണനിലവാരമുള്ള ക്ലാസ്സ് മുറിയെക്കുറിച്ച് ‘നാക്ക്’(നാഷണൽ അസ്സെസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കമ്മീഷൻ) അടക്കമുള്ള ഗുണനിലവാര ഏജൻസികൾ പൊതു സമൂഹത്തിന് നൽകുന്ന ചില കാഴ്ചപ്പാടുകളുണ്ട്. കമ്പ്യൂട്ടർ, പ്രൊജക്ടർ, ഇന്റർ ആക്റ്റീവ് വൈറ്റ് ബോർഡ്, അധുനികരീതിയിലുള്ള ഫർണിച്ചറുകൾ എന്നിങ്ങനെ ഭൗതിക സാഹചര്യങ്ങളാൽ ചിട്ടപ്പെടുത്തിയ ഒന്നിനെയാണ് ഗുണനിലവാരമുള്ള ക്ലാസ്സായി ഗുണനിലവാര ഏജൻസികൾ കണക്കാക്കുന്നത്. അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള ബൗദ്ധികവിനിമയവും അതിന്റെ നിലവാരവും ഉയർത്തുന്നതിന് നിലവിലെ, പ്രത്യേകിച്ച് മലബാറിലെ ഹയർ സെക്കന്ററി ക്ലാസ്സ് മുറികൾ എത്രമാത്രം അപര്യാപ്തമാണെന്ന് തിരിച്ചറിയാൻ സമൂഹം ഇനിയെങ്കിലും തയ്യാറാകണം.

കേരളത്തിലെ മസ്തിഷ്‌ക ചോർച്ച തടയാൻ നിയനിർമാണം നടത്തണമെന്നാവശ്യപ്പെടുന്ന സാഹചര്യമാണിന്നുള്ളത്. കേരളത്തിൽനിന്ന് പ്രതിവർഷം 35000 കുട്ടികൾ വിദേശത്തേക്കൊഴുകുന്നു വെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോടിക്കണക്കിന് രൂപ ഫീസിനത്തിൽ പുറത്തേക്കൊഴുകുന്നുവെന്ന് കണക്കാക്കപ്പെടുന്നു. ഐ.ടി-എഞ്ചിനിയറിംഗ് മേഖലകളിലെ യുവാക്കളുടെ വിദേശരാജ്യങ്ങളിലേക്കുള്ള പോക്ക് കേരളത്തിന് വലിയ വെല്ലുവിളിയാണെന്നതിൽ സംശയമില്ല. ആദ്യകാലത്ത് ബിരുദാനന്തര ബിരുദം നേടാനാണ് നാട് വിട്ടിരുന്നതെങ്കിൽ ഇന്ന് പ്ലസ്ടു കഴിഞ്ഞയുടനെയാണ് യാത്ര. ഹയർ സെക്കന്ററി വിദ്യാഭ്യാസത്തിന്റ അപര്യാപ്തതയും അസൗകര്യവും കാരണം വളരെ ചെറുപ്പത്തിലേ വിദേശത്തേക്ക് കടക്കുമെന്ന സത്യം ഓർത്ത് ആരും പരിഭവപ്പെടുന്നതായി കാണുന്നില്ല. ഉപരിപഠനത്തിനായി വിദേശത്ത് പോകുന്നവർ തിരിച്ചുവരാതെ കുടുംബങ്ങളെ കൂടി കൊണ്ടുപോകുന്നുവെന്നത് കാണാതിരുന്നുകൂടാ. അതിനാൽ ഹയർ സെക്കന്ററി വിദ്യാഭ്യാസം ശരിയായവിധം നൽകാനുതകുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കപ്പടണം. ഉന്നത വിദ്യാഭ്യാസ രംഗം കാര്യക്ഷമമാക്കുകയും കേരളത്തെ വിദ്യാഭ്യാസത്തിന്റ ലോക ഹബ്ബ് ആയി പരിവർത്തിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും വേണം.

വിദ്യാഭ്യാസത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന മുൻഗാമികളുടെ മുന്നറിയിപ്പുകളെ അവഗണിച്ച് കൊണ്ട് തങ്ങളുടെ ആശയധാരയിലുള്ളവരെ കമ്മീഷനുകളായി നിശ്ചയിച്ച് അവതരിപ്പിക്കുന്ന പല റിപ്പോർട്ടുകളിലും അപ്രായോഗികതയും അനൗചിത്യവും ധാരാളമായി കാണാനാകുന്നുണ്ട്. ഹയർ സെക്കന്ററി മേഖലയിൽ നിയമിച്ച ഖാദർ കമ്മീഷൻ റിപ്പോർട്ട് അത്തരത്തിലുള്ളതാണെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

നിലവിലുള്ള പ്ലസ്ടു സംവിധാനത്തെ ഹൈസ്‌കൂളിൽ ലയിപ്പിച്ച് കൗമാരപ്രായക്കാരായ വിദ്യാർഥികൾക്ക് പ്രത്യേകം ശിക്ഷണം നൽകുന്നതിൽനിന്ന് തടയിടുകയാണ് ഖാദർ കമ്മീഷൻ എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ‘ഒരു പേരിലെന്തിരിക്കുന്നു’ എന്ന് ചോദിച്ചത് ഷേക്‌സ്പിയറാണ്. പേരിന്റെ അർഥവും പേരിന്റ ഉടമയുടെ രൂപഭാവവും, അല്ലെങ്കിൽ സ്വഭാവവും തമ്മിൽ യാതൊരു ചേർച്ചയും ഉണ്ടാകണമെന്നില്ല. സത്യസന്ധത ഒട്ടുമില്ലാത്തയാളായിരിക്കാം, എന്നാൽ പേര് സത്യപാലൻ എന്നായിരിക്കും. ഈ വൈരുധ്യം വ്യക്തികളുടെ കാര്യത്തിൽ മാത്രമല്ല വ്യക്തികൾ നിർമിക്കുന്ന ബൗദ്ധികോൽപന്നങ്ങളുടെ കാര്യത്തിലും കണ്ടേക്കാം. ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണത്രെ വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരള സർക്കാർ നിയമിച്ച പ്രൊഫസർ ഖാദറിന്റ നേതൃത്വത്തിലുള്ള കമ്മീഷൻ 2019ൽ സമർപ്പിച്ച റിപ്പോർട്ടിന് നൽകിയ ‘മികവിനായുള്ള വിദ്യാഭ്യാസം’ എന്ന പേര്. സർക്കാർ അതംഗീകരിച്ച് ഉത്തരവിറക്കുകയും ചെയ്തു.

രാഷ്ട്രീയ താൽപര്യങ്ങൾക്കതീതമായി ഹയർ സെക്കന്ററി വിദ്യാർഥികളും അധ്യാപകരും അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് അവ പരിഹരിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുകയാണ്ഉത്തരവാദപ്പെട്ടവർ ചെയ്യേണ്ടത്.