ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 ജനുവരി 28, 1444 റജബ് 5

വലിയ്യായും മുഹദ്ദസായും മുജദ്ദിദായും മഹ്ദിയായും മസീഹായും ദ്വില്ലി, ബുറൂസി, മജാസി നബിമാരായും തരാതരം അവകാശപ്പെട്ട് ഒടുക്കം പ്രവാചകത്വം തന്നെയും വാദിച്ച് രംഗത്ത് വന്ന വ്യക്തിയാണ് പത്തൊമ്പതാം ശതകത്തിൽ ജീവിച്ചിരുന്ന മിർസാ ഗുലാം അഹ്‌മദ് ഖാദിയാനി. അല്ലാഹുവിങ്കൽ നിന്നെന്ന് പറഞ്ഞ് അദ്ദേഹം 1880 മുതൽ അറബി, ഉർദു, പേർഷ്യൻ, ഇംഗ്ലീഷ് ഭാഷകളിൽ പ്രസിദ്ധീകരിച്ച ‘വഹ്‌യു’കളുടെയും ‘ദർശന’ങ്ങളുടെയും അവതരണക്രമത്തിലുള്ള ക്രോഡീകരണമാണ് ‘തദ്കിറ.’ കാലവും സാഹചര്യവുമനുസരിച്ച് വിസ്മൃതിയിലേക്ക് തള്ളിവിട്ട ഖാദിയാനികളുടെ വേദഗ്രന്ഥമായ തദ്കിറ കണ്ടെത്തി നിരൂപണം നടത്തുന്നു; ഈ ലക്കം മുതൽ.

ആമുഖം

മനുഷ്യന്റെ മാർഗദർശനത്തിനായി അല്ലാഹു ലക്ഷത്തിലധികം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവരിൽ ചിലർക്ക് നിയമനിർദേശങ്ങളടങ്ങുന്ന ഗ്രന്ഥങ്ങൾ നൽകുകയും അതനുസരിച്ച് ജനങ്ങളെ വഴിനടത്താനായി നിരവധി പ്രവാചകന്മാരെ അയക്കുകയും ചെയ്തു. അവർ പ്രത്യേക സമൂഹങ്ങളിലേക്ക് നിർണിത കാലത്തേക്കായി നിയുക്തരായെങ്കിൽ ലോകാവസാനംവരെയുള്ള എല്ലാ മനുഷ്യരുടെയും മാർഗദർശനത്തിനായി ഏറ്റവുമൊടുവിൽ മുഹമ്മദ് നബി ﷺ നിയോഗിക്കപ്പെട്ടു. അദ്ദേഹം അന്ത്യപ്രവാചകനും അദ്ദേഹത്തിന് അവതീർണമായ ഗ്രന്ഥം വിശുദ്ധ ക്വുർആൻ അവസാനത്തെ ദൈവികഗ്രന്ഥവുമാണെന്ന് അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ മുഹമ്മദ് നബിക്ക് ശേഷവും ചിലർ പ്രവാചകത്വവാദമുന്നയിച്ചു. അന്ത്യ പ്രവാചകന് ശേഷം പ്രവാചകത്വവാദം വിലപ്പോകാത്തതുകൊണ്ട് കൂടുതൽ പേരും മഹ്ദീവാദവുമായാണ് രംഗത്തു വന്നത്. ചില ഹദീസുകളിൽ ഇമാം മഹ്ദിയുടെ ആഗമനത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. അവയിലെ വൈരുധ്യങ്ങളും അവ്യക്തതകളും കാരണമായി ഇമാം ബുഖാരിയെപ്പോലെ പലരും അവ സ്വീകരിച്ചിട്ടില്ല. എന്നാൽ മസീഹിന്റെ രണ്ടാം വരവിനെക്കുറിച്ച് നിരവധി സ്വഹീഹായ ഹദീസുകൾ ഉണ്ടായിരിക്കെ നിഷേധിക്കാൻ പറ്റില്ല. അന്ത്യനാളിനോടടുത്ത് ഒരുപാട് കാര്യങ്ങൾ സംഭവിച്ചതിനു ശേഷമാണ് മസീഹ് ഈസാ(അ) ഇറങ്ങി വരിക. പ്രധാനമായും തന്റെ കൈകളാൽ വധിക്കപ്പെടേണ്ട ദജ്ജാലിന്റെ ആഗമനവും അതിഭീതിതമായ അവസ്ഥയും സംജാതമാകണം. ക്വിയാമത്തിനു മുമ്പുള്ള ചെറുതും വലുതുമായ അടയാളങ്ങൾ ഉണ്ടായതിനുശേഷം ഈസാ നബി(അ) തന്നെയാണ് ലോകത്തേക്ക് വരിക. ഈദൃശകാര്യങ്ങൾ വ്യക്തമായി പറയുകയും മുസ്‌ലിംകൾ വിശ്വസിക്കുകയും ചെയ്യുന്നതുകൊണ്ടുതന്നെ ഈസാ നബിയാണെന്ന് വാദിക്കാൻ പലരും ധൈര്യപ്പെട്ടിരുന്നില്ല.

എന്നാൽ പത്തൊമ്പതാം ശതകത്തിൽ മിർസാ ഗുലാം അഹ്‌മദ് ഖാദിയാനി ആദ്യം വലിയ്യായും പിന്നെ കാലത്തിന്റെ ഇമാം, ദൈവിക വെളിപാടുകൾ ലഭിക്കുന്ന മുഹദ്ദസ്, മതപരിഷ്‌കരണാർഥം നിയുക്തനായ മുജദ്ദിദ് എന്നീ വാദങ്ങൾ ഉന്നയിച്ചു. ദൈവിക വെളിപാടുകൾ അനുസരിച്ചുള്ള പ്രവചനങ്ങൾ വിശദീകരിക്കുന്ന പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ആരും ശ്രദ്ധിക്കാതെ വന്നപ്പോൾ മഹ്ദീവാദം ഉന്നയിച്ചുകൊണ്ട് സ്വന്തമായി ജമാഅത്ത് രൂപീകരിച്ചു, അനുയായികളോട് ബൈഅത്ത് (അനുസരണ പ്രതിജ്ഞ) വാങ്ങി.

പിന്നീട് ഈസാ നബിയുടെ പകരക്കാരനായി അയക്കപ്പെട്ട മസീഹാണെന്നും അതുകൊണ്ട്തന്നെ നബിയാണെന്നും വാദിച്ചു. പ്രവാചകത്വവാദം ശക്തമായ എതിർപ്പിന് നിമിത്തമായതോടെ സ്വതന്ത്ര പ്രവാചകനല്ല ദില്ലി(നിഴൽ)നബി, ബുറൂസി(അവതാരം)നബി, മജാസി(ആലങ്കാരിക) നബി എന്നൊക്കെ തരം പോലെ വിശദീകരിച്ചു. ഒരുഘട്ടത്തിൽ പുസ്തകങ്ങളിൽ തന്നെപ്പറ്റി നബിയെന്നും റസൂലെന്നും എഴുതിയത് മായ്ച്ചുകളഞ്ഞു മുഹദ്ദസ് എന്നോ മുജദ്ദിദ് എന്നോ ചേർക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തൽക്കാലം പിൻവാങ്ങി. എന്നാൽ കുറെ പേരെ അനുയായികളായി ലഭിച്ചതോടെ തന്റെ മനസ്സിലിരിപ്പ് തുറന്നു പ്രഖ്യാപിച്ചു; താൻ മുൻപ്രവാചകന്മാരെപ്പോലെ ഒരു പ്രവാചകനാണ്, തന്നെ വിശ്വസിക്കാത്തവർ കാഫിറുകളും നരകാവകാശികളുമാകുന്നു എന്ന്

ഇങ്ങനെ പൂർണദശ പ്രാപിക്കാൻ ഇരുപത്തിയഞ്ചിലേറെ വർഷങ്ങളെടുത്തുവെങ്കിലും തുടക്കത്തിൽ തന്നെ അല്ലാഹുവിൽനിന്നാണെന്ന് അവകാശപ്പെട്ടുകൊണ്ട് കുറെ വെളിപാടുകളും സ്വപ്‌നജാഗ്രദ് ദർശനങ്ങളും അദ്ദേഹം സമർപ്പിച്ചു. അറബി, ഉർദു, പേർഷ്യൻ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലവതരിച്ച വഹ്‌യുകൾ 1880 മുതൽ പ്രസിദ്ധീകരിച്ച സ്വന്തം ഗ്രന്ഥങ്ങളിലൂടെയും പിന്നീട് തുടക്കം കുറിച്ച മുഖപത്രങ്ങളിലൂടെയും മറ്റുള്ളവരെ അറിയിച്ചുകൊണ്ടിരുന്നു. ചെറിയൊരു സംഘം മാത്രമെ ആ സന്ദേശങ്ങൾ അറിഞ്ഞിരുന്നുള്ളൂ. നല്ല പ്രചാരണം നൽകിയിട്ടും പുസ്തകങ്ങൾക്ക് വേണ്ടത്ര പ്രചാരം ലഭിച്ചില്ല. വർഷങ്ങൾക്ക് ശേഷമാണ് പഞ്ചാബിൽ പോലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. പുസ്തകങ്ങളും വാരികകളും ഉർദുഭാഷയിൽ ആയിരുന്നു. ചെറിയൊരു വിഭാഗം മുസ്‌ലിംകൾ, വിശേഷിച്ചും പണ്ഡിതന്മാർ, സംശയദൃഷ്ടിയോടയാണ് വീക്ഷിച്ചത്. വളർച്ചക്കനുസരിച്ചായിരുന്നു അവരുടെ പ്രതികരണങ്ങൾ.

വള്ളിപുള്ളി വ്യത്യാസം വരാതെ ലോകാവസാനംവരെ അല്ലാഹു സുരക്ഷിതത്വം ഏറ്റെടുത്ത വിശുദ്ധക്വുർആൻ, അവസാനത്തെ മനുഷ്യന്നും മാർഗദർശക ഗ്രന്ഥമാണെന്നും ആ ഗ്രന്ഥവും അതിന്റെ അധ്യാപനങ്ങൾ പ്രാവർത്തികമാക്കിയ പ്രവാചകചര്യയും പിൻപറ്റുന്നവർ വഴിപിഴക്കില്ലെന്നും അവർ സ്വർഗസ്ഥരായിരിക്കുമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. എന്നിരിക്കെ ഇനി ഒരു ദൈവിക സന്ദേശത്തിന് മുസ്‌ലിംകൾ ചെവികൊടുക്കാതിരിക്കുക സ്വാഭാവികമാണ്. എങ്കിലും കാലം മുന്നോട്ടു പോയപ്പോൾ ഭരണകൂടത്തിന്റെ ഒത്താശയോടെ വ്യാപകമായ പ്രചാരണത്തിന്റെ ഫലമായി ചില ഹതഭാഗ്യർ മിർസാ ഖാദിയാനിയുടെ പ്രസ്ഥാനത്തിൽ ചേർന്നു. അതിന്റെ അലയൊലികൾ ഏറെ വൈകാതെ കേരളത്തിൽ എത്തുകയും ചില പ്രദേശങ്ങളിൽ അതിന്റെ വിത്തുകൾ വീഴുകയും ചെയ്തു.

അത്തരമൊരു പ്രദേശത്ത് ജനിക്കുകയും വളരുകയും ചെയ്തത് ഇതിനെക്കുറിച്ച് പഠിക്കാൻ നിമിത്തമായി. അപ്പോഴാണ് “‘പുതിയ മത’’ത്തിന്റെ അടിസ്ഥാനമായ ‘പ്രവാചക’കൃതികൾ മലയാളത്തിൽ ലഭ്യമല്ലെന്ന് മനസ്സിലായത്. മൂലഭാഷയിൽ തേടിയെങ്കിലും, സ്വാതന്ത്ര്യത്തിനും വിഭജനത്തിനും മുമ്പ് ആസ്ഥാനമായിരുന്ന; ‘പ്രവാചക’ന്റെ ജന്മസ്ഥലമായ ഖാദിയാനിലും വിഭജനാനന്തരം തലസ്ഥാനമാക്കിയ പാകിസ്ഥാനിലെ റബ്‌വയിലും 1984നു ശേഷം ഖലീഫയുടെ ആത്മീയഭരണ കേന്ദ്രമായ ലണ്ടനിലും ആ ഗ്രന്ഥങ്ങൾ ലഭ്യമല്ലെന്ന സത്യം തിരിച്ചറിഞ്ഞു.

ലോകത്ത് ഏത് മതവിഭാഗത്തിന്റെയും ‘ദൈവികഗ്രന്ഥങ്ങൾ’ അഥവാ ‘പുണ്യഗ്രന്ഥങ്ങൾ’ സുലഭമാണെന്നതിൽ യാതൊരു അതിശയവുമില്ല. അല്ലാഹുവിന്റെ വാഗ്ദാനവുമനുസരിച്ച് യാതൊരു കലർപ്പും ഏറ്റക്കുറവുമില്ലാത്ത മുസ്‌ലിംകളുടെ വേദപുസ്തകമായ വിശുദ്ധ ക്വുർആനിന്റെ കോപ്പികൾ എത്ര വേണമെങ്കിലും ലോകത്തെവിടെയും ലഭ്യമാണ്. അതിന്റെ കോടിക്കണക്കിന് കോപ്പികളാണ് സൗജന്യമായി വിതരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ലോകഭാഷകളിൽ അതിന്റെ മൊഴിമാറ്റവും വ്യാഖ്യാനവും സുലഭമാണ്.

മൂസായുടെ തൗറാത്തും ദാവൂദിന്റെ സബൂറും ഈസായുടെ ഇൻജീലും ചേർന്ന (അവതീർണമായ രൂപത്തിലുള്ളതല്ല) ക്രിസ്ത്യാനികളുടെ വേദഗ്രന്ഥമായ വിശുദ്ധ ബൈബിൾ വിവിധ ഭാഷകളിൽ ലോകത്തെവിടെയും സുലഭമാണ്. ഏത് ക്രിസ്ത്യാനിയുടെ വീട്ടിലൂം പ്രാർഥനാലയങ്ങളിലും അത് കാണാൻ കഴിയും.

ഹിന്ദുക്കളുടെ വേദങ്ങൾക്കും ഉപനിഷത്തുകൾക്കും പുരാണങ്ങൾക്കുമൊന്നും എവിടെയും ക്ഷാമമില്ല. മിക്ക ഭാഷകളിലേക്കും അവ വിവർത്തനം ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ഉടലെടുത്ത ബുദ്ധജൈന മതങ്ങളുടെ അടിസ്ഥാന ഗ്രന്ഥങ്ങളുടെ കാര്യവും തഥൈവ. സിക്കുമതത്തിന്റെ ‘ഗ്രന്ഥ സാഹിബ്’ അടക്കമുള്ള അടിസ്ഥാനകൃതികൾ വിശ്വാസികൾ പതിവായി വായിക്കാറുണ്ട്. മറ്റുള്ളവർക്ക് വേണമെങ്കിൽ അവയുടെ ഭാഷാന്തരങ്ങൾ ലഭ്യമാണ്. ഇതുതന്നെയാണ് യഹൂദ, പാർസി മതങ്ങളുടെയും ഇതര ലോകമതങ്ങളുടെയും അടിസ്ഥാന ഗ്രന്ഥങ്ങളുടെ സ്ഥിതി.

ഇതിൽനിന്നൊക്കെ വ്യത്യസ്തമായി ആരെയും അത്ഭുതപ്പെടുത്തുന്നതാണ് ആധുനിക കാലഘട്ടത്തിലെ ‘പ്രവാചക’ന്റെ ഗ്രന്ഥങ്ങളുടെ കാര്യം. അവയിൽ ചിലതിനെപ്പറ്റി ‘അല്ലാഹു സ്വന്തം കരങ്ങൾകൊണ്ട് രചിച്ചതാ’ണെന്ന് പോലും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. എന്നാൽ അഹ്‌മദികളുടെ ആരാധനാലയങ്ങളിലോ പുസ്തകശാലകളിലോ എന്തിനേറെ ലൈബ്രറികളിൽ പോലും ആ ഗ്രന്ഥങ്ങളൂടെ കോപ്പി കാണാനാവില്ല. വീടുകളിലെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ! ലോകത്ത് ഏതെങ്കിലും ഭാഷയിലേക്ക് അവ മൊഴിമാറ്റം ചെയ്തിട്ടുമില്ല; വിരലിലെണ്ണാവുന്ന ചില ചെറിയ കൃതികൾ ഒഴികെ.

മിർസയുടെ പല പുസ്തകങ്ങളിലും രേഖപ്പെടുത്തിയതും മുഖപത്രങ്ങൾ മാത്രം പ്രസിദ്ധീകരിച്ചതുമായ ‘വഹ്‌യു’കളും ‘ദർശന’ങ്ങളും അവതരണ കാലക്രമത്തിൽ ക്രോഡീകരിച്ച സമാഹാരമാണ് ‘തദ്കിറ.’ മറ്റു ഗ്രന്ഥങ്ങളുടെയെന്ന പോലെത്തന്നെ ഇതിന്റെയും കോപ്പികൾ എവിടെയും ലഭ്യമല്ല. ആധുനിക കാലഘട്ടത്തിൽ മുഴുലോകത്തേക്കുമായി നിയുക്തനായ പ്രവാചകന്റെ വഹ്‌യുകൾ അനുയായികളടക്കമുള്ള മനുഷ്യർക്ക് നൽകാതെ തമസ്‌കരിക്കാനുള്ള കാരണം ഈ പുസ്തകം വായിക്കുമ്പോൾ നിങ്ങൾക്ക് ബോധ്യപ്പെടും. ദൈവിക വചനത്തിന്റെ ആശയഗാംഭീര്യവും കാലാതീതമായ ഭാഷാ പ്രയോഗവും ജീവിതത്തിന്റെ മാർഗദർശനത്തിനാവശ്യമായ ഉള്ളടക്കവും ഖാദിയാനി വഹ്‌യുകളിൽ കാണാനാവില്ല. ശീർഷകത്തിൽ വിശുദ്ധ വഹ്‌യുകൾ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും അനുയായികൾ പോലും അവയ്‌ക്ക് ദൈവികവചനങ്ങളുടെ പവിത്രത കൽപിക്കുന്നില്ല. അതിലെ ഒരു വചനം പോലും അറിയാത്തവരാണ് അവരിൽ 99 ശതമാനവും. ഏതായാലും ഈ വചനങ്ങൾ ആദരവ് അർഹിക്കുന്നുണ്ടോ എന്ന് വായിച്ച ശേഷം നിങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്.

ഇനി നമ്മുടെ അഹ്‌മദീ സഹോദരങ്ങളോട് ചില കാര്യങ്ങൾ പ്രത്യേകം പറയട്ടെ. നിങ്ങൾ ഈ പുസ്തകം നിഷ്പക്ഷബുദ്ധ്യാ മനസ്സിരുത്തി വായിക്കുക. അങ്ങനെ പറയാൻ കാരണം, കേരളത്തിലെ അഹ്‌മദീ നേതാക്കൾ ഈ ഗ്രന്ഥകാരനെയും കൂട്ടുകാരെയും ‘കളവ് മാത്രം പറയുന്നവർ’ എന്ന് ആക്ഷേപിച്ചുകൊണ്ട് അനുയായികളെ വായിക്കാനും കേൾക്കാനും അനുവദിക്കുന്നില്ല എന്ന് ചില അഹ്‌മദികളിൽനിന്നും അഹ്‌മദിയത്ത് വിട്ട് ഇസ്‌ലാമിലേക്ക് വന്ന ചിലരിൽനിന്നും അറിയാൻ കഴിഞ്ഞു എന്നതാണ്.

നിങ്ങൾ പ്രവാചകനാണെന്ന് വിശ്വസിക്കുകയും അങ്ങനെ വിശ്വസിക്കാത്തവരെല്ലാം കാഫിറുകളും നരകാവകാശികളുമാണെന്ന് കരുതുകയും ചെയ്യുന്ന മിർസാ ഗുലാം അഹ്‌മദ് ഖാദിയാനിയുടെ വഹ്‌യുകളും ദർശനങ്ങളുമാണ് ഈ പുസ്തകത്തിൽ നിങ്ങൾക്ക് വായിക്കാനാവുക. നിങ്ങളിൽ പലരും ഇത് ആദ്യമായി കേൾക്കുകയാവും. അതുകൊണ്ട് തന്നെ നിങ്ങൾക്ക് വിശ്വസിക്കാനാവില്ല. ഇങ്ങനെയൊക്കെ ഭാവനയിൽനിന്ന് എടുത്തെഴുതാൻ സാധിക്കുമായിരുന്നുവെങ്കിൽ ഞാൻ നല്ലൊരു കഥാകൃത്ത് ആവുമായിരുന്നില്ലേ?

നിങ്ങൾ അറിയുന്നവരോട് ചോദിക്കുക. ‘വാലും തലയും മുറിച്ചതാ’ണെന്ന് നേതാക്കൾ മറുപടി പറയുമ്പോൾ ഒറിജിനൽ പുസ്തകങ്ങളിൽനിന്ന് അവ ചേർത്തുവച്ച് വായിക്കാൻ ആവശ്യപ്പെടുക. നിങ്ങൾക്ക് തൃപ്തികരമായ മറുപടി ലഭിച്ചാൽ ഞങ്ങളെയും ബോധ്യപ്പെടുത്തുകയും ഈ പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങൾ അക്കമിട്ട് വിശദീകരിക്കുകയും ഓരോന്നിന്റെയും അർഥവും ആശയവും ന്യായവും സമർപ്പിക്കുകയും ചെയ്യുക. എല്ലാവർക്കും സത്യം സ്വീകരിക്കാമല്ലോ.

മറിച്ച് ഇതിൽ പറഞ്ഞതുപോലെ പ്രവാചകനെന്നല്ല, സാമാന്യ മുസ്‌ലിമിന് പോലും യോജിക്കാത്ത ജൽപനങ്ങളാണ് ‘അല്ലാഹുവിന്റെ കലാം’ എന്ന വ്യാജേനെ സമർപ്പിച്ചത് എങ്കിൽ ദൈവികവചനമാണെന്ന അദ്ദേഹത്തിന്റെ അവകാശവാദം നമുക്ക് തള്ളിക്കളയാം, അദ്ദേഹത്തെ പാട്ടിനു വിടാം. ഖേദിച്ചു മടങ്ങുകയും ശിഷ്ടകാലം പരമാവധി സദ്കർമങ്ങൾ ചെയ്തുകൊണ്ട് അറിയാതെ സംഭവിച്ച കുഫ്‌റിനു പ്രായശ്ചിത്തം ചെയ്യുകയും ആവാം.

മൂന്നാമത്തെ ഒരു സാധ്യത കൂടിയുണ്ട്. അഹ്‌മദിയത്ത് സ്വീകരിച്ച ഒരു സാഹിബുമായി പണ്ഡിതനും ഗ്രന്ഥകാരനുമായ ഒരു മുബല്ലിഗിന്റെ സാന്നിധ്യത്തിൽ മണിക്കൂറോളം സംസാരിച്ചു. ചോദ്യങ്ങൾക്കൊന്നും മറുപടി പറയാനാകാതെ, ഒടുവിൽ യാത്ര പറയുമ്പോൾ ‘ഇനിയെന്ത്’ എന്ന് സാഹിബിനോടുള്ള ചോദ്യത്തിന് മറുപടിയായി മുബല്ലിഗ് പറഞ്ഞു: ‘എനിക്ക് ഒരുപാട് കെട്ടുപാടുകളുണ്ട്. അതുകൊണ്ട് സാഹിബ് വേണമെങ്കിൽ തിരിച്ചു പൊയ്‌ക്കോളൂ.’

ഈ നിലപാട് സ്വീകരിച്ചാലുള്ള ഫലം ശാശ്വത നരകജീവിതമായിരിക്കും. ഇവിടുത്തെ കെട്ടുപാടുകൾക്ക് ഏതാനും വർഷത്തെ ആയുസ്സ് മാത്രമെ ദൈർഘ്യമുള്ളൂ. അതിനുവേണ്ടി ശാശ്വതമായ സ്വർഗമാണ് നിങ്ങൾ നിസ്സാര വിലയ്ക്കു വിൽക്കുന്നത് എന്ന് ഓർക്കുക.

പെണ്ണിന്റെ നെറ്റിയിൽ നമ്പറിടുന്നു!

‘അമീർ ഖാന്റെ വിധവയുടെ നെറ്റിയിൽ അവളുടെ ഭർത്താവ് മരിച്ച ദിവസം അഞ്ചോ ആറോ ഏഴോ എന്ന് എഴുതിയതായി ഞാൻ കണ്ടു. അത് മായ്ച്ചുകളയുകയും അവളുടെ നെറ്റിയിൽ തൽസ്ഥാനത്ത് 6 എന്നെഴുതുകയും ചെയ്തു. ഇത് ഒരു ജാഗ്രദ് ദർശനമോ സത്യസ്വപ്‌നമോ ആണ്. അല്ലാഹു തന്റെ ദൂതന്മാർക്ക് വിവിധ മാധ്യമങ്ങളിലൂടെയാണ് സുവിശേഷങ്ങളും താക്കീതുകളും നൽകിയിരുന്നത്. മലക്കിനെ നിയോഗിച്ചുകൊണ്ടുള്ള വഹ്‌യുകൾക്ക് പുറമെ സത്യസ്വപ്‌നങ്ങളിലൂടെയും ജാഗ്രദ് ദർശനങ്ങളിലൂടെയും പ്രവാചകന്മാർക്ക് സന്ദേശങ്ങൾ നൽകിയതായി കാണാം.’

പത്തൊമ്പതാം നൂറ്റാണ്ടിൽ പ്രവാചകത്വവാദവുമായി രംഗത്ത് വന്ന മിർസാ ഗുലാം അഹ്‌മദ് ഖാദിയാനി സമർപ്പിച്ച ‘ദൈവികസന്ദേശങ്ങളിൽ’ ഒന്നാണ് മേലുദ്ധരിച്ചത്. 1908 ജനുവരി 5ന് ഉണ്ടായ ഒരു ദർശനമാണ് അഹ്‌മദിയാ ജമാഅത്തിന്റെ മുഖപത്രങ്ങളായ ‘ബദറി’ലും(23.1.1908) ‘അൽഹകമി’ലും (22.1.1908) പ്രസിദ്ധീകരിച്ചതും പിൽക്കാലത്ത് ക്രോഡീകരിച്ച ‘തദ്കിറ’യിൽ 1244ാം നമ്പറായി എടുത്തു ചേർത്തതും (പേജ് 633).

ഈ പറഞ്ഞ കാര്യത്തിൽ വായനക്കാർക്ക് സ്വാഭാവികമായും എന്തെങ്കിലും അവ്യക്തത ഉണ്ടാകും. ആ വചനങ്ങളെ നേർക്കുനേരെ മൊഴിമാറ്റുക മാത്രമാണ് ചെയ്തത്. ഇതിലൂടെ മിർസാ ഖാദിയാനി സ്വന്തം അനുയായികൾക്കു നൽകുന്ന സന്ദേശം എന്താണെന്ന് അവർക്ക് മനസ്സിലായിട്ടുണ്ടാവും.

അർഥവും ആശയവും

നമുക്കൊന്നും അതിന്റെ ആശയവും പൊരൂളും മനസ്സിലാകില്ല. മുഹമ്മദ് നബി ﷺ അവസാനത്തെ പ്രവാചകനാണെന്ന് വിശുദ്ധ ക്വുർആൻ നസ്സായി പറഞ്ഞിട്ടും അദ്ദേഹത്തിനുശേഷം പ്രവാചകത്വം വാദിച്ച ഒരാളെ വിശ്വസിക്കുകയും അദ്ദേഹത്തെ നിഷേധിക്കുന്നവർ കാഫിറുകളും നരകാവകാശികളുമാണെന്ന് പറയുകയും ചെയ്യുന്നവർ, അദ്ദേഹം അല്ലാഹുവിന്റെ വചനമാണെന്ന് അവകാശപ്പെട്ടുകൊണ്ട് എന്ത് പറഞ്ഞാലും വിശ്വസിക്കുക സ്വാഭാവികമാണ്. എന്നല്ല, അത് അനിവാര്യവുമാണല്ലോ. അതിന്റെ അർഥവും ആശയവും അവർക്ക് അന്വേഷിക്കേണ്ട കാര്യമില്ല. ആ ചിന്ത പോലും തെറ്റാണെന്ന് അവർ കരുതുന്നു.

എന്നാൽ ഇത്തരം വചനങ്ങളുടെ ആശയവും പൊരുളും തേടുന്നവർക്ക്, സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കാതെ മുൻ പ്രവാചകന്മാർക്ക് നൽകപ്പെട്ടതുപോലുള്ള ദൈവത്തിന്റെ വചനങ്ങളാണ് ഇതെന്ന് വിശ്വസിക്കാനാവില്ല.

ഖാദിയാനി വിഭാഗം പ്രസിദ്ധീകരിച്ച മിർസായുടെ വഹ്‌യുകളുടെ സമാഹാരമായ ‘തദ്കിറ’യിലെ വഹ്‌യുകളും സ്വപ്‌ന ജാഗ്രദ് ദർശനങ്ങളുമാണ് നാം വായിക്കുന്നത്.

മിർസയുടെ വഹ്‌യുകൾ ആദ്യമായി ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചത് ഖാദിയാനികളല്ല, മറിച്ച് അദ്ദേഹത്തിന്റെ പ്രവാചകത്വത്തെ നിരാകരിക്കുന്ന, അദ്ദേഹം മഹ്ദിയും മസീഹും മുജദ്ദിദും മാത്രമാണെന്ന് വിശ്വസിക്കുന്ന ലാഹോരികൾ എന്നറിയപ്പെടുന്ന വിഭാഗമാണ്.

1908ൽ മിർസാ ഖാദിയാനിയുടെ മരണംവരെയും 1914 വരെയുള്ള ഒന്നാം ഖലീഫയുടെ കാലത്തും ഒരേ വിശ്വാസവും ആദർശവുമായി ജീവിച്ച പ്രവാചകന്റെ അനുയായികൾ രണ്ടാം ഖലീഫയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് നെടുകെ പിളർന്നത്. പിന്നീട് ഖാദിയാൻ കേന്ദ്രമായി പ്രവർത്തിച്ചവർ മിർസയുടെ മകൻ ബഷീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദിനെ ഖലീഫയായി സ്വീകരിക്കുകയും ഖാദിയാനികൾ എന്ന് അറിയപ്പെടുകയും ചെയ്തു. പണ്ഡിതന്മാരും നേതാക്കളും താരതമ്യേന കൂടുതലുള്ള മറുവിഭാഗത്തിന്റെ ഖലീഫ മൗലവി മുഹമ്മദലി ആയിരുന്നു. ഉർദുവിലും ഇംഗ്ലീഷിലും ബിരുദാനന്തര ബിരുദം നേടിയ മൗലവി രണ്ടു ഭാഷകളിലും ക്വുർആൻ വ്യാഖ്യാനം രചിച്ചു. അവർ ലാഹോർ കേന്ദ്രമാക്കിയതിനാൽ ‘ലാഹോരികൾ’ എന്ന് അറിയപ്പെട്ടു.

പിളർപ്പിന് നിമിത്തമായത് അധികാര ത്വരയാണെങ്കിലും പിളർപ്പ് യാഥാർഥ്യമായതോടെ അതിന് ആദർശത്തിന്റെ പരിവേഷം നൽകപ്പെട്ടു. മിർസാ ഖാദിയാനി നബിയാണോ അല്ലേ, അദ്ദേഹത്തെ അവിശ്വസിക്കുന്നവർ കാഫിറാണോ അല്ലേ, ഇത്യാദി അടിസ്ഥാന കാര്യങ്ങളിലും ഭിന്നാഭിപ്രായം ഉടലെടുത്തു.

പിന്നീട് പലപ്പോഴും പ്രവാചകത്വവാദികൾ രംഗത്ത് വരികയും സ്വന്തം മതവിഭാഗമുണ്ടാക്കി അഹ്‌മദിയാ ജമാഅത്തിനെ പിളർത്തുകയും ചെയ്തു. ഏറ്റവും ഒടുവിൽ 2000ാമാണ്ടിൽ മൗറീഷ്യസിലാണ് പുതിയ പ്രവാചകൻ അവതരിച്ചത്.

ഇസ്‌ലാമിക ഖിലാഫത്തിൽനിന്ന് വ്യത്യസ്തമായി രണ്ടുവിഭാഗത്തിന്റെയും ഖലീഫമാർക്ക് വഹ്‌യ് ലഭിക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. മനുഷ്യർ തെരഞ്ഞെടുക്കുന്ന ഖലീഫമാർക്ക് അല്ലാഹു വഹ്‌യ് നൽകുന്നു എന്നത് ഈ പുതിയ മതത്തിന്റെ സവിശേഷതയായി മനസ്സിലാക്കാം.

ലാഹോരികളുടെ വഹ്‌യ് സമാഹാരമായ ‘അൽബുശ്‌റാ’ രണ്ടു വാല്യങ്ങളാണ്. അതിന്റെ കോപ്പികൾ ഇപ്പോൾ ലഭ്യമല്ല. ലാഹോരീ വിഭാഗത്തെക്കുറിച്ച് അവതരിച്ച വഹ്‌യുകൾ എന്ന വ്യാഖ്യാനത്തോടെ ചിലത് ഹൈലൈറ്റ് ചെയ്തപ്പോൾ, അത് വാങ്ങുന്നത് വിലക്കിയ ഖലീഫയുടെ നിർദേശപ്രകാരമാണ് വർഷങ്ങൾക്കുശേഷം ‘തദ്കിറ’ എന്ന പേരിൽ സ്വന്തമായി സമാഹാരം പ്രസിദ്ധീകരിച്ചത്.

പഴയനിയമവും പുതിയനിയമവും

തദ്കിറയുടെ മഹത്ത്വമാകട്ടെ ഖാദിയാനി വിഭാഗം വാചാലമായി വിശദീകരിച്ചിട്ടുണ്ട്. ക്വുർആൻ 30 ജുസ്ഉം ഖാദിയാനി വഹ്‌യുകളുടെ 20 ജുസ്ഉം ചേർന്ന് 50 ജുസ്ഉകളാണ് അവരുടെ ദിവ്യഗ്രന്ഥം, ബൈബിൾ പഴയനിയമവും പുതിയനിയമവും പോലെ.

മിർസക്ക് ലഭിച്ച വഹ്‌യുകളും കശ്ഫുകളും സ്വപ്‌നദർശനങ്ങളുമാണ് തദ്കിറയുടെ ഉള്ളടക്കം. ആദ്യ പതിപ്പിൽ അവയുടെ ആകെ എണ്ണം 1204 മാത്രമായിരുന്നു. വർഷങ്ങൾക്ക് ശേഷം രണ്ടാം പതിപ്പിൽ 373 എണ്ണം കൂടി ചേർത്തു. അവയിൽ ചിലത് നേരത്തെ കണ്ടെത്തിയിട്ടില്ലാത്ത, ഡയറിക്കുറിപ്പുകളിലും നോട്ടുപുസ്തകങ്ങളിലും ചില വ്യക്തികൾക്കയച്ച കത്തുകളിലും പാകിസ്ഥാനിലെ ഖിലാഫത്ത് ലൈബ്രറിയിൽ കൈയെഴുത്തുപ്രതി മാത്രമുള്ള തഅ്തീറുൽ അനാം എന്ന കൃതിയിലുംനിന്ന് എടുത്തു ചേർത്തവയാണ്.

തദ്കിറയിൽ അറബി, ഉർദു, പേർഷ്യൻ, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിൽ ‘വഹ്‌യു’കളുണ്ട്. കൂട്ടത്തിൽ ചില അക്കങ്ങളും ചിഹ്നങ്ങളും അവതരിച്ചിട്ടുണ്ട്. പലതിനും ‘അല്ലാഹുതന്നെ’ ഉർദുവിൽ മൊഴി മാറ്റിയിട്ടുണ്ട്. ചിലത് സ്വയം തർജമ ചെയ്തവയും മറ്റു ചിലത് ക്രോഡീകരിച്ചയാൾ വിവർത്തനം ചെയ്തവയുമാണ്. എന്നാൽ ഇതിനൊന്നും വഴങ്ങാത്ത വചനങ്ങളും ധാരാളമുണ്ട്. അവതരണ പശ്ചാത്തലവും മറ്റും വിശദീകരിച്ചവയും കാണാനാവും.

നഷ്ടപ്പെട്ട താളുകൾ

2004ൽ പാകിസ്ഥാനിൽനിന്ന് പ്രസിദ്ധീകരിച്ച നാലാം പതിപ്പിന്റെ മുഖവുരയിൽ പറയുന്നു: “ഇതിൽ ഹുസൂർ സ്വന്തം കൈപ്പടയിൽ നോട്ടുബുക്കിൽ എഴുതിവെച്ച, 1894 ആഗസ്റ്റ് 17 മുതൽ ഡിസംബർ 21 വരെ തീയതികളിലെ ഇൽഹാമുകളും കശ്ഫുകളും സ്വപ്‌നങ്ങളും കൂടി ചേർക്കാൻ നാലാം ഖലീഫ മിർസാ താഹിർ അഹ്‌മദ് നിർദേശിച്ചിട്ടുണ്ട്.’’

ഇവ പക്ഷേ, 2004ൽ കണ്ടെത്തിയതല്ല. 1938ൽ രണ്ടാം ഖലീഫ ബഷീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ് ഖുത്വുബയിൽ പറഞ്ഞത് ഇങ്ങനെയാണ്:

“ഇന്നലെ യാദൃച്ഛികമായി ചില സാക്ഷ്യങ്ങളുമായി ബന്ധപ്പെട്ട പഴയ കടലാസുകൾ പരതിയപ്പോൾ മസീഹിന്റെ സ്വന്തം കൈപ്പടയിലുള്ള ഈ നോട്ടുബുക്ക് ലഭിച്ചു. കടലാസുകൾക്കിടയിലെവിടെയോ നഷ്ടപ്പെട്ടതായിരുന്നു അത്. അതിനാൽ ഈ ഇൽഹാമുകൾ ജമാഅത്ത് സാഹിത്യത്തിലെങ്ങും ചേർക്കാൻ പറ്റിയില്ല. എവിടെയും അച്ചടിക്കാത്തതിനാൽ ഈ ഇൽഹാമുകൾ പിന്നീട് ഉണ്ടാക്കിയതാണോ എന്ന് ചിലർ ചോദിച്ചേക്കാം. മസീഹിന്റെ കൈയക്ഷരം തിരിച്ചറിയുന്ന നൂറുകണക്കിന് സുഹൃത്തുക്കൾ ഇപ്പോഴും ജീവിച്ചിരിപ്പുള്ളതുകൊണ്ട് അവർ സാക്ഷ്യം വഹിച്ചുകൊള്ളും’’(അൽഫസൽ 31.8.1938).

തുടർന്ന് പറയുന്നു: “പിന്നെയും ഈ നോട്ടുപുസ്തകം നഷ്ടപ്പെട്ടു. വിഭജനാനന്തരം ഖാദിയാനിലെ നാസിർ അഅ്‌ലാ മിർസാ വസീം അഹ്‌മദ് കണ്ടെത്തുകയും 1982ൽ റബ്‌വയിലെ ഖിലാഫത്ത് ലൈബ്രറിയിൽ കൊടുക്കുകയും ചെയ്തു. നോട്ടുപുസ്തകത്തിലെ മറ്റ് ഇൽഹാമുകൾക്ക് പുറമെ 1894 സെപ്തംബർ 18ന് അവതരിച്ച ‘ദാഗെ ഹിജ്‌റത്’ (പലായനത്തിന്റെ മുറിപാട്) എന്ന ഇൽഹാമും മസീഹ് തന്റെ തൃക്കൈ കൊണ്ട് എഴുതിവെച്ചിരുന്നു. അതും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.’’

തുടർന്നുള്ള പേജുകളിൽ ഈ നോട്ടുബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് ചേർത്തിട്ടുണ്ട്. ഇതിൽ 215 മുതൽ 225 പേജുകളിലാണ് ഇവ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

പലായനത്തിന്റെ മുറിപ്പാട്

വിഭജനാനന്തരം ഖാദിയാനിൽനിന്ന് പാകിസ്ഥാനിലേക്ക് പോയതോടെ ഭംഗിയായി പുലർന്നുവെന്ന് ഖാദിയാനികൾ അവകാശപ്പെടുന്ന ഈ ‘മഹത്തായ ഇൽഹാം’ 1894ലാണ് അവതരിച്ചത്. അന്ന് എഴുതിവെച്ച, നഷ്ടപ്പെട്ടുപോയ ഈ നോട്ടുബുക്ക് 44 വർഷങ്ങൾക്കു ശേഷം 1938ലാണ് രണ്ടാം ഖലീഫക്ക് ലഭിക്കുന്നത്. 1935ലെ തദ്കിറയുടെ ഒന്നാം പതിപ്പിൽ സ്വാഭാവികമായും ഇത് ചേർക്കാൻ സാധിച്ചില്ല. ഒമ്പതു വർഷങ്ങൾക്കു ശേഷം പുലരാൻ പോകുന്ന ‘മഹത്തായ പ്രവചനം’ ആയിട്ടുപോലും ഇങ്ങനെ ഒരു ഇൽഹാം കണ്ടെത്തിയ വിവരം ഖലീഫ ആരോടും പറഞ്ഞില്ല. 1947ൽ ഈ പ്രവചനം ‘ഭംഗിയായി പുലർന്നപ്പോഴും’ അദ്ദേഹം മിണ്ടിയില്ല!

എന്തതിശയമേ, ഈ നോട്ടുപുസ്തകം വീണ്ടും നഷ്ടപ്പെടുകയാണ്. വീണ്ടും കൃത്യം 44 വർഷങ്ങൾക്കുശേഷം 1982ലാണ് തിരികെ കിട്ടുന്നത്. അന്നത്തെ ഖലീഫ നാലാമനാണ് ഈ ‘മഹത്തായ വഹ്‌യ്’ ആദ്യമായി കാണുന്നതും പ്രവചന സാക്ഷാത്കാരത്തെപ്പറ്റി പറയുന്നതും. പിന്നെയും 22 വർഷങ്ങൾക്ക് ശേഷം 2004ലെ പതിപ്പിലാണ് ഈ വഹ്‌യ് നമുക്ക് വായിക്കാൻ കഴിയുക. അപ്പോഴേക്കും പലായനത്തിന്റെ മുറിപ്പാടിന് 110 വർഷത്തെ പഴക്കം ആയിരിക്കുന്നു!

(തുടരും)