തട്ടം പിടിച്ച് വലിക്കുന്ന പുരോഗമനവും സാമുദായിക മാനവും

മുജീബ് ഒട്ടുമ്മൽ

2023 ഒക്ടോബർ 14 , 1445 റ.അവ്വൽ 29

ജീവിത വ്യവഹാരങ്ങളിൽ പുരോഗമനത്തിന്റെ ഉണർത്തുപാട്ടുമായി കടന്നുവന്നുവെന്ന് അവകാശപ്പെടുന്ന പ്രത്യയശാസ്ത്രങ്ങൾ പോലും യാഥാസ്ഥിതിക ചിന്തയിൽ നിന്ന് മുക്തരായിട്ടില്ല എന്ന് മാത്രമല്ല, മൂഢവിശ്വാസത്തിന്റെ കരാളഹസ്തങ്ങളിൽ പെട്ടുഴലുകയാണെന്ന് തെളിയിക്കുന്നതാണ് തട്ടത്തെ കുറിച്ചുള്ള പുതിയ പരാമർശം. വോട്ടുരാഷ്ട്രീയത്തിന്റെ തൊലിപ്പുറ സ്പർശനങ്ങൾക്കപ്പുറം ദാർശനിക അജണ്ടകളിലെ കാർക്കശ്യബോധം സമുദായ സഹയാത്രികരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.

മലപ്പുറത്തുനിന്ന് വരുന്ന പുതിയ പെൺകുട്ടികളെ കാണൂ നിങ്ങൾ. തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടായെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റ ഭാഗമായിട്ടുതന്നെയാണ്. വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിട്ടാണ് ഈ മാറ്റങ്ങൾ ഉണ്ടായത്. സ്വതന്ത്ര ചിന്ത വന്നതിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ല.’

സി.രവിചന്ദ്രന്റെ നേതൃത്വത്തിലെ യുക്തിവാദ സംഘടനയായ ‘എസ്സൻസ് ഗ്ലോബൽ’ സംഘടിപ്പിച്ച ‘ലിറ്റ്മസ് 23’ നാസ്തിക സമ്മേളനത്തിലെ പ്രസംഗത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.അനിൽ കുമാർ നടത്തിയ പരാമർശം കേരളത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.

സംസ്ഥാന ജനറൽ സെക്രട്ടറി എം. ഗോവിന്ദൻ മാഷ് അനിൽ കുമാറിെന്റ പരാമർശം പാർട്ടിയുടെ നിലപാടല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിവാദ പരാമർശം വാർത്തയാക്കിയ ചാനലിനെതിരെ അനിൽകുമാർ നടത്തിയ ‘താലിബാനിസം’ ആരോപണവും സമുദായത്തെ ഉന്നംവെച്ചുകൊണ്ടുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു. മതനിരാസവും യുക്തിവാദവും ആദർശമായി സ്വീകരിച്ച് വലതുപക്ഷ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനായി വിരാജിച്ച സവർക്കറിന്റെ പിൻഗാമിയായി കേരളത്തിൽ പ്രവർത്തിച്ചു

കൊണ്ടിരിക്കുന്ന സി.രവിചന്ദ്രൻ എന്ന നാസ്തികൻ സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഈ പരാമർശമെന്നതാണ് സമുദായത്തെ കൂടുതൽ വ്യാകുലപ്പെടുത്തുന്നത്. അറബി ഭാഷയിൽ യാതൊരു അറിവുമില്ലാതെ വിശുദ്ധ ക്വുർആനെ വിമർശന വിധേയമാക്കുന്ന രവിചന്ദ്രന്റെ ഏതൊരു നീക്കവും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഉന്നംവെച്ചുകൊണ്ടുള്ളതാണെന്നത് നിസ്തർക്കമാണ്. ബിരുദങ്ങളുടെ അക്ഷരക്കൂട്ടങ്ങളെ പേറുന്നവനാണെങ്കിലും സാമാന്യം ശാസ്ത്രവിജ്ഞാന ശാഖയിൽ പോലും വേണ്ടത്ര പരിജ്ഞാനമില്ലാതെ ശാസ്ത്രമാത്രവാദവുമായി ഇസ്‌ലാമിനെ നേരിടുന്ന ശൈലിയാണ് അയാൾ സ്വീകരിക്കാറുള്ളത്. അജ്‌നാമോട്ടോയുടെ കണ്ടുപിടുത്തത്തെയും പഞ്ചസാരയുടെ രാസനാമത്തെയും കുറിച്ച് വാചാലമായ രവിചന്ദ്രന്റെ പ്രഭാഷണത്തിലെ വിവരക്കേടുകൾ സമൂഹമാധ്യമങ്ങളിലെ ട്രോളർമാർ ആഘോഷിച്ചത് മലയാളികൾ മറക്കില്ല. ഇസ്‌ലാമോഫോബിയ ചകിതമാക്കിയ മനസ്സുംപേറി നടക്കുന്ന അദ്ദേഹം നേതൃത്വം നൽകുന്ന ഏതൊരു പരിപാടിയും ഇസ്‌ലാമിനെ പ്രഹരിക്കാനുള്ള അവസരമാക്കും. ഇസ്‌ലാമിന്റെ മാനവിക മൂല്യങ്ങൾക്ക് മുന്നിൽ പതറിയാൽ അതിനെ നിരുപാധികമായി നിഷേധിക്കാനും വലിയ മിടുക്ക് കാണിക്കും.

അത്തരം മൂശയിൽ വാർത്തെടുത്ത ഗ്ലോബൽ യുക്തിവാദി കോൺഫറൻസിൽ പ്രഭാഷണം നടത്തുമ്പോൾ ഉപയോഗിക്കുന്ന വാചകങ്ങൾ ഏറെ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്ന് വിമർശിക്കുന്നവരും ഉണ്ട്. ഫാഷിസത്തിനെതിരെയും സമുദായം അപരവൽകരിക്കപ്പെടുന്നതിനെതിരെയുമുള്ള അഡ്വ.അനിൽകുമാറിന്റ വാക്കുകൾ പ്രൗഢവും വസ്തുതാപരവുമാണെന്നതിൽ തകർക്കമില്ല. എങ്കിലും ഹെഗലിന്റെ ആശയവാദത്തിന്റെയും ഫോയർബാഗിന്റ ഭൗതികവാദത്തിന്റെയും സമ്മിശ്രത്തിൽനിന്ന് രൂപംകൊണ്ടിട്ടുള്ള ചരിത്രപരവും വൈരുധ്യാത്മകവുമായ ഭൗതികവാദം ദർശനമായി സ്വീകരിച്ച മാർക്‌സിസത്തിന് ഇസ്‌ലാമിനോട് യോജിച്ച് പോകാവുന്ന ഒരംശവും എവിടെയും കാണാനാവില്ല. അതുകൊണ്ടാണ് ഫാഷിസത്തിന്റെ വർഗരാഷ്ട്രീയത്തിനെതിരെ സംസാരിക്കുമ്പോഴും ഇസ്‌ലാമിന്റെ ആശയങ്ങൾക്ക് ആറാം നൂറ്റാണ്ടിന്റെ പഴക്കം ചാർത്തി നൽകാൻ ഇവർ ശ്രമിക്കുന്നത്. തട്ടവും ഹിജാബും നിഖാബും സ്ത്രീ സ്വാതന്ത്ര്യവുമെല്ലാം ആവേശത്തോടെ തലോടിപ്പോകാൻ പ്രേരിപ്പിക്കുന്നതും ഈ ഘടകം തന്നെയാണ്. ഇത് കേവലം യാദൃച്ഛികമായ പരാമർശമാണെന്ന് പറയാനാവില്ല. കാരണം കേരളത്തിലെ സിപിഎമ്മിന്റ നേതാക്കളിൽനിന്നും ദാർശനികരിൽനിന്നും പല സന്ദർഭങ്ങളിലായി മുസ്‌ലിം സമുദായം ഇത്തരം ആക്ഷേപങ്ങളേറെ കേട്ടിട്ടുണ്ട്. ‘മലപ്പുറം’ ജില്ലയെ സമൂഹത്തിന്റ വില്ലൻ റോളിൽ അവതരിപ്പിച്ച സിനിമകൾക്കും മുസ്‌ലിം കഥാപാത്രങ്ങൾക്ക് ആക്ഷേപഹാസ്യ പരിവേഷം നൽകിയ സംവിധാനങ്ങൾക്കും നേതൃത്വം നൽകിയവരിൽ കൂടുതലും  ഇടതുപക്ഷ ബുദ്ധിജീവികളാണ്. അഭിനയവും സാഹിത്യവും കലയും രചനയുമെല്ലാം അതിനായി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നവരിലും ഇടതുസഹയാത്രികരുണ്ടായിരുന്നു. മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തെ വിദ്യാർഥികളുടെ പഠനമികവിനെ പോലും കോപ്പിയടിച്ച വിജയമായി മുദ്രകുത്തിയത് പ്രമുഖനായ സഖാവ് പി.എസ് അച്ചുതാനന്ദനാണ്. മുസ്‌ലിം സമുദായത്തിനുമേൽ ഉയർന്നുവന്ന വ്യാജമായ ലൗ ജിഹാദ് ആരോപണത്തിന് പ്രചാരണം നൽകിയതും ഈ സഖാവ് തന്നെയാണെന്നത് നിഷേധിക്കാനാവില്ല. തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് അതിനെ അപഗ്രഥിച്ചുകൊണ്ട് കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടത് മലപ്പുറത്തിന്റ ഉള്ളടക്കം വർഗീയമാണെന്നാണ്.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഏഴോളം മുസ്‌ലിം വിദ്യാർഥിനികൾ ഓപ്പറേഷൻ തിയേറ്ററിലെ വസ്ത്രധാരണ വിഷയത്തിൽ ഒരാവശ്യം ഉന്നയിച്ചപ്പോഴും കേരളത്തിലെ വർഗീയ വിഷമായ പ്രദീപ് വിശ്വനാഥിന്റെ പ്രചാരണമേറ്റെടുത്ത് പ്രചരിപ്പിച്ചതിലധികവും ഇടതുപക്ഷത്ത് ചേർന്നുനിൽക്കുന്നവരായിരുന്നു. ഇസ്‌ലാമിക വസ്ത്രധാരണമാണ് വിഷയമെന്ന് മനസ്സിലായപ്പോഴാണ് ഇത്രയും ആവേശം കാണാനായത്.

മുസ്‌ലിം സ്ത്രീയുടെ ജീവിതത്തെ ക്രൂരമായ ആരോപണങ്ങൾക്ക് വിധേയമാക്കി വിമർശന പ്രമേയമായി വന്ന ബർസ, ബലി തുടങ്ങിയ മലയാള നോവലുകൾക്കും കൂടുതൽ പ്രചാരണം നൽകുന്നതും കമ്യൂണിസ്റ്റ് സരണിയിലാണെന്ന് കാണാം. അതിലെ ആശയങ്ങളധികവും ഇസ്‌ലാമിക പ്രമാണങ്ങൾക്ക് യോജിക്കാത്തതും പച്ചയായ ദുരാരോപണവുമാണ്. യാതൊരു സാഹിത്യ മേൻമയും അവകാശപ്പെടാനാകാത്ത ഇത്തരം നോവലുകൾക്ക് സൈദ്ധാന്തിക പ്രചാരണം നൽകിയത് ഇസ്‌ലാം വിമർശനം ലക്ഷ്യമാക്കി തന്നെയാണ്.

‘തട്ടം’ പിടിച്ച് വലിക്കുന്നതിനു പിന്നിൽ

‘ബംഗാൾ ഗ്രാമങ്ങളിൽ നിങ്ങൾക്ക് മുസ്‌ലിം ആവാസ കേന്ദ്രങ്ങളും ഹിന്ദു കേന്ദ്രങ്ങളും എളുപ്പം തിരിച്ചറിയാനാകും. എവിടെ ടാറിട്ട റോഡ് അവസാനിച്ച് മൺപാത തുടങ്ങുന്നുവോ, എവിടെ വൈദ്യുതി പോസ്റ്റുകൾ തീരുന്നുവോ, അവിടെ മുസ്‌ലിം പ്രദേശം തുടങ്ങുകയായി.’ ബംഗാളിലെ മുസ്‌ലിം ജീവിതത്തെപ്പറ്റി ‘ഖലം’ വാരിക പത്രാധിപർ അഹ്‌മദ് ഹസൻ ഇമ്രാൻ നടത്തിയ, സി.പി.എം ഭരണ കാലത്തെ ഒരു ആലങ്കാരിക പ്രയോഗമാണിത്. അവിടെ മുസ്‌ലിംകളുടെ ഉദ്യോഗ പങ്കാളിത്തം 15 ശതമാനമായിരുന്നു. 1970ൽ സിദ്ധാർഥ ശങ്കർ റായിയുടെ കാലത്ത് 11 ശതമാനമായി. എന്നാൽ സി.പിഎം ഭരണത്തിൽ ക്രമാനുഗതമായി കുറഞ്ഞ് ഒരു ശതമാനം വരെ ആയി. ഈ അവസ്ഥയെ അപഗ്രഥിച്ചുകൊണ്ട് അഹ്‌മദ് ഹസൻ ഇമ്രാൻ നടത്തിയ പരാമർശം ശ്രദ്ധേയമാണ്: “ഗുജറാത്തിലും ഉത്തർപ്രദേശിലും മറ്റും ഹിന്ദു വർഗീയതയാണ് മുസ്‌ലിംകൾക്ക് ഭീഷണി. എന്നാൽ പശ്ചിമ ബംഗാളിൽ സെക്കുലറിസമാണ് മുസ്‌ലിംകൾക്ക് ഭീഷണി.’ കേരളത്തിലെ മുസ്‌ലിം സ്വത്വത്തെ പ്രതിരോധത്തിലാക്കും വിധമുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെയടക്കമുള്ള പ്രസ്താവനകൾ കമ്യൂണിസ്റ്റ് ബംഗാളിലേക്ക് വഴി കാണിക്കുന്നവയാണ്.

കൽക്കത്തയിലെ ചേരി നിവാസികളിൽ 75 ശതമാനവും മുസ്‌ലിംകളാണ്. ഇവരിൽ റിക്ഷ വലിക്കുന്നവരിൽ 60 ശതമാനവും ബീഡി തെറുപ്പുകാരിൽ 90 ശതമാനവും നെയ്ത്തുകാരിൽ 100 ശതമാനവും മുസ്‌ലിംകളാണ്. മുർഷിദാബാദിൽ കൃഷിയാണിവരുടെ തൊഴിൽ. ദാരിദ്ര്യവും പട്ടിണിയും ഇവരുടെ സ്ഥായീഭാവമാണ്. 80 ശതമാനം മുസ്‌ലിംകളും ദാരിദ്ര്യ രേഖക്ക് താഴെയാണ്. മൂന്നര പതിറ്റാണ്ട് സി.പി.എം ഭരിച്ച ബംഗാളിലെ മുസ്‌ലിം സമുദായത്തിന്റ ഗതിയാണിത്. ഇത് കേരളത്തിൽ ആവർത്തിക്കണമെന്ന ഒളിയജണ്ടയെ തിരിച്ചറിയാനാണ് വിവേകമുള്ളവർ ശ്രമിക്കേണ്ടത്. മലപ്പുറത്തെ തട്ടമിടാത്ത മുസ്‌ലിം പെൺകുട്ടികൾ സി.പി.എമ്മിന്റെ ഉൽപന്നമാണെന്ന് പറയുമ്പോൾ ആ വാചകം കേവലം യാദൃച്ഛികമല്ലെന്ന് കമ്യൂണിസ്റ്റ് ബംഗാൾ ബോധ്യപ്പെടുത്തുന്നുണ്ട്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്ലാസു കഴിഞ്ഞ് പുറത്ത് വന്ന മുഖമക്കന ധരിച്ച മുസ്‌ലിം പെൺകുട്ടികളെ കണ്ട് ദാർഷ്ട്യത്തോടെ ‘അറബിക്കോളേജോ’ എന്ന്  പരിഹസിച്ചത് ഒരു ഇടതുബുദ്ധിജീവിയായിരുന്നു. വിദ്യാലയങ്ങളിലേക്ക് പ്രവേശിക്കുന്ന മുസ്‌ലിം പെൺകുട്ടികൾ ഒന്നുകിൽ തട്ടം വലിച്ചെറിയുന്നവരാകണം, അല്ലെങ്കിൽ തട്ടമിട്ടവൾ വിദ്യാലയത്തിന്റ നാലയലത്ത് വരാതിരിക്കണമെന്ന നയം ഇവരുടെ പ്രസ്താവനകളിലും പ്രവർത്തനങ്ങളിലും അടങ്ങിയിരിക്കുന്നുണ്ടെന്ന് പറഞ്ഞാൽ അത് അതിശയോക്തിയല്ല. മിശ്രവിവാഹങ്ങളിലെ പെൺകുട്ടി തട്ടമിട്ടവളാണെങ്കിൽ ഓഫീസുകൾ ആഘോഷ ത്തിമർപ്പിലാകുന്നതിനും ഉദാരലൈംഗികതയുടെ പാർട്ടി ഫ്‌ളക്‌സുകളിൽ തട്ടമിട്ടവളുടെ ചിത്രങ്ങൾ പതിയുന്നതിനും പിന്നിൽ ഇങ്ങനെയൊരജണ്ടയുണ്ടെന്ന് വ്യക്തമാകുന്നുണ്ട്.

ഇസ്‌ലാമിക സ്വത്വവും മതചിഹ്നങ്ങളും വേഷങ്ങളും ആധുനിക സമൂഹത്തിന് യോജിച്ചവയല്ലെന്ന പൊതുബോധം രൂപപ്പെടുത്താൻ മാധ്യമങ്ങളുടെ സഹായത്തോടെയുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

 ഭീകരതയുടെയും മതമൗലികവാദത്തിന്റെയും വേരുകൾ മുഹമ്മദ് നബിﷺയിൽ കണ്ടെത്തി പ്രാകൃതനായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന സാമ്രാജ്യത്വത്തിന്റ അജണ്ടയെ മലയാളീപൊതുബോധത്തിലേക്ക് ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്നു. പ്രവാചക ചര്യയെ അനുധാവനം ചെയ്യുന്ന മുസ്‌ലിംകളെ റാഡിക്കൽ മുസ്‌ലിംകളായി ഒറ്റതിരിക്കാനുള്ള ശ്രമങ്ങളുമുണ്ട്. മലയാളി മുസ്‌ലിമിന്റെ മതസ്വാതന്ത്ര്യം കവരുവാനുള്ള നിഗൂഢ പദ്ധതികളാണ് സാമ്രാജ്യത്വ ദുർബോധനത്തിലൂടെ നടക്കുന്നത്. മുസ്‌ലിം പെൺകുട്ടികളുടെ തട്ടം അതിന്റെ ജീവനുള്ള ഇരയാണെന്ന് മാത്രം. വിപ്ലവ രാഷ്ട്രീയത്തിന്റെ നിറഭേദങ്ങളിൽ സാഹചര്യങ്ങൾക്കനുസരിച്ച് അവ തെളിഞ്ഞുവരുമെന്ന് മാത്രം.

ശരിയായ മതബോധമനുസരിച്ച് ജീവിതത്തെ ക്രമീകരിച്ച യഥാർഥ മുസ്‌ലിമിനെ പൊതുധാരയിൽ നിന്ന് പുറത്താക്കുന്ന നിലപാട് കേരളീയ സമൂഹത്തിൽ രൂപപ്പെടുത്തിയത് ഇത്തരം ഇടപെടലുകൾ കാരണമാണ്. പഴയകാലത്ത് മലയാളത്തിലിറങ്ങിയിരുന്ന പുസ്തകങ്ങളിൽ ‘രാക്ഷസൻമാർ’ സംസാരിച്ചിരുന്നത് മുസ്‌ലിം ഭാഷയിലായിരുന്നുവത്രെ! രാക്ഷസീയതയുടെ രൂപവും വേഷവും ഭാഷയുമാണ് മലയാള സാഹിത്യം മുസ്‌ലിംകൾക്ക് അനുവദിച്ചുകൊടുത്തത്. പഴയ കഥകളിലും നോവലുകളിലും നാടകങ്ങളിലും മറ്റും പ്രത്യക്ഷപ്പെട്ട ടിപ്പിക്കൽ മുസ്‌ലിം കഥാപാത്രങ്ങൾ മലയാളി പൊതുബോധത്തിലുണ്ടാക്കിയ അപരത്വം ചെറുതൊന്നുമല്ല. മുസ്‌ലിമിന്റെ സദ്പ്രവർത്തനങ്ങൾ പോലും അംഗീകരിക്കാൻ സമൂഹം മടികാണിക്കുന്നിടത്തേക്ക് പൊതുബോധം രോഗാതുരമായിരിക്കുന്നു. നൗഷാദ് എന്ന തെരുവ് കച്ചവടക്കാരന്റെ വിൽപനച്ചരക്കുകൾ പ്രളയബാധിതർക്ക് വേണ്ടി സൗജന്യ വിതരണം നടത്തിയത് ഏറെ അഭിമാനകരമാണ്. എന്താണ് താങ്കളെ ഇതിനായി പ്രേരിപ്പിച്ച ഘടകമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അല്ലാഹുവിന്റെ പ്രതിഫലത്തിലുള്ള പ്രതീക്ഷയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അത് പോലും അംഗീകരിച്ചുകൊടുക്കാൻ സാംസ്‌കാരിക ബോധത്തിന് സാധിക്കാതെ വന്നത് ഒരു ഉദാഹരണമാണ്. കടലുണ്ടിയിൽ തീവണ്ടിക്കടിയിൽ പെട്ടുപോയ അമുസ്‌ലിം സഹോദരനെ രക്ഷപ്പെടുത്താൻ ജീവൻ ത്യജിച്ച അബ്ദുറഹ്‌മാന്റെ ധീരതയെ അംഗീകരിക്കുന്നതിൽ പോലും സാംസ്‌കാരിക നായകൻമാർക്കിടയിൽ ചർച്ചയുണ്ടായത് ഇതിന്റെയെല്ലാം അനുരണനങ്ങളാണ്.

തങ്ങളുടെ മേൽ അടിച്ചേൽപിക്കപ്പെട്ട ഈ അസമത്വത്തെ തുടച്ച് മാറ്റാനാള്ള ഉദ്യമങ്ങളാണ് മുസ്‌ലിംകളിൽ പലരെയും തങ്ങളുടെ സ്വത്വം മറന്നുകൊണ്ട് കൂടുതൽ സെക്യൂലറാകാൻ പ്രേരിപ്പിച്ചത്. അഡ്വ. അനിൽകുമാറിന്റെ പ്രഭാഷണത്തിലെ ശകലവും ഒരു സമുദായത്തെ ഭീകരമായ അധമബോധത്തിലേക്ക് തള്ളിയിടാനുള്ള ബോധപൂർവമായ ഇടപെടലുകളാണെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. മുതലാളിത്തത്തിന്റെ ധാർമിക വീക്ഷണം അംഗീകരിക്കാത്ത മുസ്‌ലിമിനെ അപരവൽകരിക്കാനുള്ള ആഗോളശ്രമത്തെ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര വക്താക്കളും വാരിപ്പുണരുന്നുവെന്ന് മാത്രം. പശ്ചിമ ബംഗാളിലെ മുസ്‌ലിം പിന്നാക്കാവസ്ഥയിലേക്ക് വഴുതിവീണ ഘടകങ്ങളെ വിസ്മരിച്ചുകൊണ്ട് ഇതര മതാചാരങ്ങളെ പോലും വാരിപ്പുണർന്ന് കൂടുതൽ സെക്യുലറാകാൻ ശ്രമിക്കുന്ന സമുദായത്തിന്റെ വ്യഗ്രതയ്ക്കുള്ള കാരണം മാനവ ചരിത്രത്തിൽനിന്ന് ദർശിക്കാനാകും. ആഫ്രിക്കയിലെ കൊളോണിയൽ ആധിപത്യകാലത്ത് കറുത്ത വർഗക്കാരെ സംബന്ധിച്ച് പാശ്ചാത്യർ പ്രചരിപ്പിച്ച തെറ്റിദ്ധാരണകളായിരുന്നു അവർക്കെതിരെ ലോക പൊതുബോധം രൂപപ്പെടാനുള്ള കാരണം. കറുത്ത വർഗക്കാരൻ ആരാണെന്ന് ലോകം മനസ്സിലാക്കിയിരുന്നത് പാശ്ചാത്യന്റെ വിശദീകരണങ്ങളിലൂടെയാണ്. കറുത്തവന് സ്വയം വിശദീകരണാവകാശം നഷ്ടപ്പെടുന്നു. അയാൾ വെളുത്തവരാൽ നിർവചിക്കപ്പെടുന്നു. കറുപ്പിന്റെ വെളുത്ത നിർവചനങ്ങൾ വെളുത്തവരെയും പൊതുസമൂഹത്തെയും മാത്രമല്ല കറുത്തവരെ കൂടി വഴിതെറ്റിച്ചു. കറുത്ത വർഗക്കാർ അപരിഷ്‌കൃതരാണെന്ന കൊളോണിയൽ ദുഷ്പ്രചാരണം കേട്ടുകേട്ട് ഒടുവിൽ കറുത്ത വർഗക്കാർക്കുതന്നെ തോന്നിത്തുടങ്ങിയത്രെ തങ്ങൾ അപരിഷ്‌കൃതരാണെന്ന്! വെളുത്ത് നല്ല മനുഷ്യനാകേണ്ടതുണ്ടെന്ന്, വേട്ടക്കാരന്റെ ഭാഷ ഇരതന്നെ ഏറ്റെടുക്കുന്ന മാസ്മരികത! കേരളത്തിലും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ചുള്ള ധാരണകൾ രൂപപ്പെടുത്താൻ കമ്യൂണിസമടക്കമുള്ള പ്രത്യയശാസ്ത്രങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നതും ആ വഴിക്കാണ്. തട്ടത്തെയും മലപ്പുറത്തെയും കടന്നാക്രമിക്കുന്നതിലെ മനഃശാസ്ത്രവും അതാണ്. അതിന്റെ ഇരകളാണ് നബിദിന റാലികളിലേക്ക് കയറിവന്ന് നോട്ടുമാലയും മുത്തവും നൽകിയ അമുസ്‌ലിം സഹോദരിയും ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിൽ കൃഷ്ണവേഷം ധരിച്ച കുട്ടിയെ കൊണ്ടുവന്ന് അണിനിരത്തിയ പർദധാരിണിയായ മാതാവും അവരെ വാനോളം പുകഴ്ത്തിയ മലയാളി സെക്യൂലർ പൊതുബോധവും. പ്രവാചകചര്യയെ അനുധാവനം ചെയ്യാൻ നിഷ്‌കർഷത പുലർത്തുന്ന മുസ്‌ലിമിനെ കുറിച്ചുള്ള തെറ്റായ പൊതുധാരണയും അതിന്റെ പ്രതിഫലനമാണ്.

‘തട്ടം’ പുരോഗമനത്തിന് തടസ്സമോ?

‘ലോക ചരിത്രം വർഗ സമരത്തിന്റ ചരിത്രമാണ്’ എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ലോകത്തുണ്ടാക്കിയ പുരോഗമനമെന്താണ്? വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം തുടങ്ങിയ മനുഷ്യജീവിത വ്യവഹാരങ്ങളിൽ കമ്യൂണിസം സ്വാധീനിച്ച അംശങ്ങളെ വിലയിരുത്തുമ്പോഴാണ് പുരോഗമനത്തിന് തടസ്സം നിൽക്കുന്ന പ്രത്യയശാസ്ത്രമേതെന്ന് തിരിച്ചറിയാനാവുക. സോവിയറ്റ് യൂനിയന്റെ പതനത്തിന് കാരണമായ വിപ്ലവത്തോടനുബന്ധിച്ച്, കെ.ജി.ബി തലവനായിരുന്ന സെഷൻസ്‌കിയുടെ പ്രതിമ തകർത്തുകൊണ്ടിരുന്ന യുവാവിന്റ ചോദ്യം വളരെ പ്രസക്തമാണ്: ‘മനുഷ്യൻ കഷ്ടപ്പെടുന്നിടത്താണ് കമ്യൂണിസ്റ്റുകൾ തഴച്ചുവളരുകയെന്ന് നിങ്ങൾക്കറിയില്ലേ?’ ബംഗാളിലേത് പോലെ ദരിദ്രരായ ഒരു സമൂഹസൃഷ്ടിക്ക് വേണ്ടി മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തെ തടയിടാൻ ചുവപ്പൻ വിപ്ലവപ്രസ്ഥാനങ്ങൾ നടത്തിയ ശ്രമം സമൂഹം മറന്നിട്ടില്ല. മുസ്‌ലിം മാനേജ്‌മെന്റ് വിദ്യാലയങ്ങളെ മാത്രം ലക്ഷ്യമാക്കിയുള്ള ഒളിയജണ്ടകൾ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ നടപ്പിലാക്കാൻ ശ്രമിച്ചതിന്റെ തിക്തഫലം അനുഭവിച്ചിരുന്നത് ഫറോക് കോളേജ് പോലെയുള്ള സ്ഥാപനങ്ങളാണ്. തങ്ങളുടെ ഇംഗീതമനുസരിച്ച് തുള്ളാത്ത മുസ്‌ലിം വിദ്യാഭ്യാസ വിചക്ഷണരെയും ബുദ്ധിജീവികളെയും ലക്ഷ്യമാക്കിയുള്ള അജണ്ടകൾക്കും ധാരാളം പേർ ഇരയാക്കപ്പെട്ടു. ഫ്‌ളാഷ് മോബുകൾ കൊണ്ടും ഉദാരലൈംഗിക കാമ്പയ്‌നുകൾ കൊണ്ടും മുസ്‌ലിം സാംസ്‌കാരിക മണ്ഡലങ്ങളെ മലീമസമാക്കാനുള്ള ഇടതുസൈദ്ധാന്തിക ഇടപെടലുകൾക്കു സമുദായം സാക്ഷിയായി. കമ്പ്യൂട്ടറും ട്രാക്റ്ററും മുതലാളിത്തത്തിന്റെ ഉൽപന്നമാണെന്നും തൊഴിലാളിവർഗത്തിന്റെ ശ്രത്രുവാന്നെന്നും ഇവർ വിളിച്ച മുദ്രാവാക്യങ്ങൾ ഇനിയും സമൂഹം മറന്നിട്ടില്ല. കേരളത്തിലെ വിദ്യാഭ്യാസ-തൊഴിൽ രംഗത്തെ മുസ്‌ലിം പിന്നാക്കാവസ്ഥകളെ പരിഹരിക്കാനുളള വിവിധ കമ്മീഷനുകളുടെ നിർദേശങ്ങളെ കാറ്റിൽ പറത്തി സംവരണം പോലും അട്ടിമറിച്ചുകൊണ്ടുള്ള അധികാര സമീപനം സ്വീകരിച്ച കമ്യൂണിസം മുസ്‌ലിം പെൺകുട്ടികളുടെ തട്ടത്തിന്റെ പഴഞ്ചൻ സംസ്‌കാരത്തെ കുറിച്ചോർത്ത് കണ്ണീർ വാർക്കുന്നതിൽ കൗതുകമേറെയുണ്ട്. ഇങ്ങനെ പുരോഗമനത്തിന്റെ എല്ലാ സാധ്യതകൾക്കും മങ്ങലേൽപിക്കാൻ ശ്രമിച്ച കമ്യൂണിസം മുസ്‌ലിം പെൺകുട്ടികളുടെ തട്ടത്തിന്റെ മറവിൽ പുരോഗമനത്തെ കുറിച്ച് വാചാലമാവുകയാണ്. എന്നാൽ ഹിജാബും തട്ടവും മുസ്‌ലിംകൾക്ക് അഭിമാനവും പുരോഗമനത്തിന്റെ വാതായനവുമാണ്. മുസ്‌ലിം സ്വത്വം വിളിച്ചോതുന്ന വസ്ത്ര സംസ്‌കാരമാണത്. സ്ത്രീസുരക്ഷയും അഭിമാനവുമാണത്. ക്വുർആൻ പറയുന്നത് നോക്കു: “നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവർ തങ്ങളുടെ മൂടുപടങ്ങൾ തങ്ങളുടെ മേൽ താഴ്ത്തിയിടാൻ പറയുക. അവർ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവർ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു’’ (33:58).

2011ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം കരസ്ഥമാക്കിയ യമൻകാരിയായ തവക്കുൽ കർമാന്റെ വാക്കുകൾ ശ്രദ്ധേയമാണ്: “പ്രാകൃത മനുഷ്യൻ ഏതാണ്ട് നഗ്‌നനായിരുന്നു. അവന്റെ ബുദ്ധി വികസിച്ചു. അവൻ വസ്ത്രം ധരിക്കാൻ തുടങ്ങി. ഇന്നത്തെ ഞാനും ഞാൻ ധരിക്കുന്ന വസ്ത്രവും മനുഷ്യൻ എത്തിച്ചേർന്ന ഉയർന്ന തലത്തിലുള്ള ചിന്താശേഷിയെയും നാഗരികതയെയുമാണ് പ്രകടിപ്പിക്കുന്നത്. അത് പിന്തിരിപ്പനല്ല, യഥാർഥത്തിൽ വീണ്ടും വസ്ത്രം ഉരിയുന്നതാണ് പിന്തിരിപ്പൻ. അതാണ് പ്രാകൃതത്വത്തിലേക്കുള്ള തിരിച്ചുപോക്ക്.’’

തട്ടമിട്ട പെൺ രത്‌നങ്ങൾ ലോകത്തുണ്ടാക്കിയ ചിന്താവിപ്ലവങ്ങളും വൈജ്ഞാനിക മുന്നേറ്റങ്ങളും ചരിത്രത്തിൽ ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. വ്യത്യസ്ത വിജ്ഞാന ശാഖകളിൾ അവഗാഹമുള്ള പാണ്ഡിത്യംകൊണ്ട് മാനവരാശിക്ക് പ്രഭ ചൊരിഞ്ഞ അനേകം സ്ത്രീ രത്‌നങ്ങൾ ശിരോവസ്ത്രധാരികളായിരുന്നു. ലോകത്തിന്റെ പരിഷ്‌കരണ പ്രക്രിയകൾക്ക് നെടുനായകത്വം വഹിച്ച മഹാപരിഷ്‌കർത്താക്കളെ വൈജ്ഞാനികമായി വാർത്തെടുക്കാനും അവർക്കായിട്ടുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് വർധിച്ച വീര്യത്തോടെ നേതൃത്വം നൽകിയ ശിരോവസ്ത്രധാരികളായ മുസ്‌ലിം സ്ത്രീകളെ ചരിത്രത്തിന് വിസ്മരിക്കാനാവില്ല. അലി സഹോദരൻമാരുടെ വീരമാതാവ് ആബാദി ബാനു ബീഗം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഒരു വീരാംഗനയാണ്. ഇരുപത്തിയേഴാം വയസ്സിൽ വിധവയായ അവർ തന്റെ മക്കളുടെ വിദ്യാഭ്യാസത്തിനായി പോരാട്ടം നടത്തിയതായി കാണാം. മൗലാനാ ഷൗക്കത്തലിയെയും മൗലാനാ മുഹമ്മദലിയെയും വിശുദ്ധ ക്വുർആൻ പഠിപ്പിച്ചുകൊണ്ടാണ് യാഥാസ്ഥിതികരുടെ എതിർപ്പുകളെ വകഞ്ഞുമാറ്റി വൈജ്ഞാനിക ശക്തി നൽകിയത്. മൗലാനാ മുഹമ്മദലി തന്റെ ‘My life a fragment’ എന്ന ആത്മകഥയിൽ ഇങ്ങനെ പറയുന്നുണ്ട്: “ഞങ്ങളുടെ ഉമ്മ വലിയ മതഭക്തയായിരുന്നു. പുതുമയോട് എതിർപ്പോ അന്ധവിശ്വാസമോ അവർക്കുണ്ടായിരുന്നില്ല. എന്റെ മൂത്ത സഹോദരൻ ഷൗക്കത്തലിയെ ബറേലിയിലെ ഇംഗ്ലീഷ് സ്‌കൂളിലേക്കയക്കാൻ ഒരുങ്ങിയപ്പോൾ അമ്മാവൻ പണം നൽകാൻ തയ്യാറായില്ല. പക്ഷേ, മാതാവ് ആഭരണം പണയംവെച്ച് ഷൗക്കത്തലിയെ ഇംഗ്ലീഷ് സ്‌കൂളിൽ ചേർത്തി.’’

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വീരേതിഹാസമായി തന്റെ മക്കളെ കരുത്തോടെ വളർത്തിയ ബീഉമ്മയുടെ ചരിത്രം ഇടതുപക്ഷ ചരിത്രകാരൻമാർ പോലും അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1921 ഡിസംബർ 31ന് ആൾ ഇന്ത്യാ ലേഡീസ് കോൺഫറൻസിലെ അവരുടെ പ്രസംഗം വൈദേശികാധിപത്യത്തിനെതിരെയുള്ള ഉറച്ച പോരാട്ട ശബ്ദമായിരുന്നു. മൗലാനാ മുഹമ്മദലിയുടെ ധീരപത്‌നി അംജദി ബീഗവും സ്വാതന്ത്ര്യസമര പോരാട്ടത്തിലെ ശിരോവസ്ത്രധാരിയായ മുസ്‌ലിം സ്ത്രീയാണ്. 1921ൽ മഹാത്മാ ഗാന്ധി ‘യങ്ങ് ഇന്ത്യ’ മാഗസിനിൽ ‘ധീര വനിത’ എന്ന ശീർഷകത്തിൽ എഴുതിയ ലേഖനം അംജദി ബീഗത്തെ കുറിച്ചായിരുന്നു. മദിരാശിയിലും ബീഹാറിലും ബംഗാളിലും ഉത്തർപ്രദേശിലുമെല്ലാം ജനസാഗരത്തെ സാക്ഷിയാക്കി അംജദി ബീഗം നടത്തിയ പ്രസംഗങ്ങളും അവരുടെ ദേശസ്‌നേഹവും ധീരതയും വിജ്ഞാനവുമെല്ലാം ആ ലേഖനത്തിന്റെ പ്രത്യേക വിഷയമായിരുന്നു. ബീഗം നിഷാത്തുന്നിസാ മൊഹാനി, അസ്ഗരി ബീഗം, ആമിനാ ത്വയ്യിബ് ജി , ജമാലുന്നിസ ബജി, സക്കീന ലുഖ്മാനി, ബീഗം ഹസ്‌റത്ത് മഹൽ തുടങ്ങിയ ധാരാളം ധീര ദേശാഭിമാനികൾ രാജ്യത്തിന്റ സ്വാതന്ത്രസമര പോരാട്ടാങ്ങൾക്ക് നെടുനായകത്വം വഹിച്ചവരായിരുന്നു. മതഭക്തിയും വിശ്വാസവും ജീവിതരീതിയായി സ്വീകരിച്ച അവരെല്ലാം തട്ടത്തെ അഭിമാനവും പുരോഗമനവുമായി കണ്ട് പോരാട്ട ഭൂമികയിൽ വ്യക്തിമുദ്ര പതിച്ചവരായിരുന്നു.

സമകാലിക ലോകത്ത് ശിരോവസ്ത്രം ധരിച്ച എത്രയോ സ്ത്രീകൾ ഉന്നതബിരുദം നേടുകയും ഉയർന്ന ഉദ്യോഗം അലങ്കരിക്കുകയും ചെയ്യുന്നുണ്ട്. കർണാടകയിലെ റെയ്ച്ചൂർ സ്വദേശിനിയായ ബുശ്‌റാ മതീൻ ഹിജാബ് ധരിക്കുന്നവരാണ്. അവർ വിശ്വേശ്വര ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഒരേ വേദിയിൽവെച്ച് 16 സ്വർണമെഡലുകൾ ഏറ്റുവാങ്ങുകയുണ്ടായി. ഹിജാബ് ധരിച്ചുകൊണ്ട് വിമാനം പറത്തുന്ന ഹൈദരാബാദുകാരിയായ സയ്യിദ് സെൽവ ഫാത്തിമയെ ‘ഹിജാബിന്റെ പേരിൽ’ മാറ്റി നിറുത്തിയിട്ടില്ല. മുസ്‌ലിംകൾ ന്യൂനപക്ഷമായ പല രാജ്യങ്ങളിലും ഹിജാബ് ധരിച്ചവർക്ക് ഉയർന്ന പദവികൾ നൽകുന്നതിൽ അവിടങ്ങളിലെ ഭരണകൂടം തയ്യാറായിട്ടുണ്ടെങ്കിൽ അതിനർഥം ആ വസ്ത്രധാരണ രീതിയെ അവർ അംഗീകരിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യം വകവെച്ചു കൊടുക്കുന്നു എന്നുതന്നെയാണ്. ഇവിടെ ചിലർക്കു മാത്രമാണ് ഹിജാബ് എന്നു കേൾക്കുമ്പോഴേ അലർജിയുണ്ടാകുന്നത്, അത് അഴിച്ചുമാറ്റുമ്പോഴേ പുരോഗമനമാകൂ എന്ന ചിന്തയുണ്ടാകുന്നത്.

നീതിബോധമാണ് വേണ്ടത്

‘ഇന്ത്യൻ ജനതയുടെ പുരോഗമനപരവും സാമ്രാജ്യത്വവിരുദ്ധവും വിപ്ലവകരവുമായ പാരമ്പര്യമാണ് കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളത്. നിശ്ചയദാർഢ്യമുള്ള ഒരു ചെറുസംഘം സാമ്രാജ്യത്വവിരുദ്ധ പോരാളികൾ റഷ്യയിലെ ഒക്‌ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിൽനിന്ന് പ്രചോദനം നേടി 1920ൽ രൂപീകരിച്ച കാലംമുതൽ പൂർണസ്വാതന്ത്ര്യത്തിനും അടിസ്ഥാനപരമായ സാമൂഹ്യപരിവർത്തനത്തിനും വേണ്ടി പോരാടുകയെന്ന ലക്ഷ്യം മുന്നിൽവെച്ചാണ് പാർട്ടി പ്രവർത്തിച്ചുവന്നത്. വർഗ ചൂഷണത്തിൽനിന്നും സാമൂഹ്യമായ അടിച്ചമർത്തലിൽനിന്നും മുക്തമായ സോഷ്യലിസ്റ്റ് സമൂഹം ഇന്ത്യയിൽ സ്ഥാപിക്കുന്നതിനുവേണ്ടി പ്രവർത്തിക്കാൻ പാർട്ടി സ്വയം സമർപ്പിച്ചു.’ പാർട്ടി പരിപാടികളുടെ ലക്ഷ്യം വിശദീകരിക്കുന്നതിൽ എടുത്ത് പറഞ്ഞ കാര്യമാണിത്. മുസ്‌ലിം വിരോധം മുഖ്യ അജണ്ടയാക്കിയ ആർ.എസ്.എസ് ശാഖകളിലെ ക്ലാസുകളിൽ ശത്രുവിനെ നിർവചിച്ച പോലെ നവനാസ്തികരുടെ പ്രേരണയാൽ മുസ്‌ലിം സമുദായത്തെ ശത്രുപക്ഷത്ത് നിറുത്തുന്നതിൽ ഒരു നീതിയുമില്ല. അധികാര രാഷ്ട്രീയത്തിലും സാമൂഹികനീതി ഉറപ്പാക്കാൻ കഴിയണമെന്നതാണ് സോഷ്യലിസം മുന്നോട്ട് വെക്കുന്നത്. തട്ടത്തിലും ഹിജാബിലും തൊപ്പിയിലും താടിയിലും പുരോഗമനം തേടുന്നതിന് പകരം സാമുദായികമായി പിന്നാക്കം നിൽക്കുന്നവരെ കൈപിടിച്ചുയർത്താനാണ് ശ്രമിക്കേണ്ടത്.

ചരിത്രപരമായ പല കാരണങ്ങളാൽ പിന്നാക്കം നിൽക്കുന്നവരാണ് രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷം. സമൂഹത്തിന്റെ മുന്നണിയിലേക്ക് കൈപിടിച്ചുയർത്തുന്നതിന്ന് പൂർവികരായ രാഷ്ട്രനായകർ സംവരണം എന്ന സംവിധാനം കൊണ്ടുവന്നു. വ്യത്യസ്ത കമ്മീഷനുകൾ കണ്ടെത്തിയത് സമുദായത്തിന്റെ അവസ്ഥ അതിദയനീയമാണെന്നാണ്. സച്ചാർ സമിതിയും നരേന്ദ്ര കമ്മീഷനും പാലോളിക്കമ്മിറ്റിയുമെല്ലാം പുറത്ത് വിട്ട, ഉദ്യോഗങ്ങളിലെ സമുദായത്തിന്റെ പങ്കാളിത്തം അതിദയനീയമാണെന്ന് ബോധ്യമായിട്ടും തട്ടത്തിന് പിന്നാലെ പുരോഗമന കണ്ണടവെച്ച് നോക്കുകയാണ് ഈ മലയാള നാട്ടിൽ പോലും. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ മുന്നോട്ട് കൊണ്ടുവരാൻ കാണിക്കുന്ന അധികാര താൽപര്യങ്ങളുടെ ചെറിയ ഒരളവെങ്കിലും സമുദായത്തിന് ഉദ്യോഗതലങ്ങളിൽ അർഹമായ പ്രാതിനിധ്യം നൽകാൻ ഉണ്ടാവണം. അതിന് വേണ്ടിയുള്ള പ്രഘോഷണങ്ങളാണ് നടക്കേണ്ടത്.