ഹലാൽ നിരോധനവും മത വിരോധവും നാടിന് ചിതയൊരുക്കുമ്പോൾ

ടി.കെ അശ്‌റഫ്

2023 നവംബർ 25 , 1445 ജു.ഊലാ 11

ഇന്ത്യയിലെ ആധുനിക തുഗ്ലക്കായി മാറിയിരിക്കുകയാണ് യോഗി. ഭരിക്കുന്നവന്റെ ദുരയ്ക്കും വിവരക്കേടിനും ഒരു നാട് അടിയറ വെക്കേണ്ട വിലയുടെ പാരമ്യതയാണ് യു.പി നൽകിക്കൊണ്ടിരിക്കുന്നത്. ഹലാൽ നിരോധനം കേവലമൊരു വൈകാരിക തീരുമാനമല്ല, തെരഞ്ഞെടുപ്പനുബന്ധിച്ച് വിഭാഗീയതയുടെ വേലിയേറ്റം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ പരിശ്രമമാണ്. ഒറ്റക്കെട്ടായി എതിർത്തേ മതിയാവൂ.

ഉത്തർപ്രദേശ് സംസ്ഥാനത്ത് ഹലാൽ മുദ്രയുള്ള മുഴുവൻ ഉത്പന്നങ്ങളുടെയും നിർമാണവും സംഭരണവും വിപണനവും സർക്കാർ നിരോധിച്ചതായുള്ള വാർത്ത പുറത്തുവന്നിരിക്കുന്നു. ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങിയവയ്‌ക്കെല്ലാം നിരോധനം ബാധകമാണ്. എന്നാൽ, കയറ്റുമതിക്കുവേണ്ടി മാത്രം നിർമിക്കുന്ന ഉത്പന്നങ്ങൾക്ക് നിരോധനം ബാധകമല്ലത്രെ!

ഗുണനിലവാരത്തിൽ സംശമുണ്ടാക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. ഹലാൽ മുദ്രയില്ലാത്ത ഉത്പന്നങ്ങൾ മോശമെന്ന പ്രചാരണത്തിലൂടെ ചിലർ അധാർമികമായ സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും സമൂഹത്തിൽ വർഗീയ വേർതിരിവും വിദ്വേഷവും സൃഷ്ടിക്കുന്നുവെന്നും യോഗി സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ദുർബലപ്പെടുത്താനുള്ള ദേശവിരുദ്ധ ശക്തികളുടെ ആസൂത്രിത നീക്കവും ഇതിനു പിന്നിലുണ്ടെന്നാണ് സർക്കാർ ഭാഷ്യം! ഹലാൽ മുദ്രയും സർട്ടിഫിക്കറ്റും നൽകുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്നു ഭക്ഷ്യസുരക്ഷ കമ്മിഷണർ അറിയിച്ചിരിക്കുന്നു.

ഹലാൽ സർട്ടിഫിക്കറ്റില്ലാത്ത ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ഒരു പ്രത്യേക വിഭാഗം പ്രചാരണം നടത്തുകയാണെന്നും ഇത് ഇതരസമുദായങ്ങളുടെ വ്യാപാര താൽപര്യങ്ങളെ ബാധിക്കുന്നുവെന്നുമൊ ക്കെയാണ് ഭക്ഷ്യസുരക്ഷ കമ്മിഷണറുടെ വ്യാഖ്യാനം. പാലും പാൽ ഉത്പന്നങ്ങളും ലഘുപാനീയങ്ങളും ബേക്കറി ഉത്പന്നങ്ങളും എണ്ണയും ഉൾപ്പെടെയുള്ളവയിലും ഹലാൽ മുദ്ര പതിക്കുന്നതായി അടുത്തിടെ സർക്കാരിനു പരാതി ലഭിച്ചിരുന്നുവത്രെ.

നിയമപരമായി സർക്കാരിന്റെതല്ലാത്ത ഒരു മുദ്രയും ഇവയിൽ പാടില്ലെന്നും നിയമപ്രകാരം ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റിക്കു (എഫ്എസ്എസ്എഐ) മാത്രമാണ് ഭക്ഷ്യവസ്തുക്കളിൽ മുദ്ര പതിപ്പിക്കാനുള്ള അവകാശമെന്നും സർക്കാർ വ്യക്തമാക്കുന്നു.

റീട്ടെയ്ൽ ഉത്പന്നങ്ങൾക്ക് ഹലാൽ സാക്ഷ്യപത്രം നൽകിയതിന് ഒരു കമ്പനിക്കും മൂന്നു സംഘടനകൾക്കുമെതിരേ കേസെടുത്തതിനു പിന്നാലെയാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ചെന്നൈയിലെ ‘ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്,’ ഡൽഹിയിലെ ‘ജംഇയത്ത് ഉലമായെ ഹിന്ദ് ഹലാൽ ട്രസ്റ്റ്,’ മുംബൈയിലെ ‘ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യ,’ ‘ജംഇയത്ത് ഉലമ മഹാരാഷ്ട്ര’ എന്നിവ ഹലാൽ സർട്ടിഫിക്കറ്റുകൾ നൽകി ഒരു പ്രത്യേക വിഭാഗത്തിനിടയിൽ വിപണനം വർധിപ്പിക്കുകയാ ണെന്നാണ് ആരോപണം.

എന്നാൽ, ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന വിശദീകരണവുമായി ജംഇയത്ത് ഉലമായെ ഹിന്ദ് ഹലാൽ ട്രസ്റ്റ് രംഗത്തു വന്നിട്ടുണ്ട്. തെറ്റായ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ നിർദേശിക്കുന്ന എല്ലാ നിയന്ത്രണങ്ങളും ചട്ടങ്ങളും പാലിച്ചാണു തങ്ങൾ പ്രവർത്തിക്കുന്നതെന്നും പല കാരണങ്ങളാൽ തങ്ങൾക്ക് ഉപയോഗിക്കാൻ താൽപര്യമില്ലാത്ത ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് വലിയൊരു വിഭാഗം ജനങ്ങൾക്ക് സഹായകമാണ് ഈ സർട്ടിഫിക്കറ്റെന്നും ഇതിനോടു വിയോജിപ്പുള്ളവർക്ക് മറ്റു ഉത്പന്നങ്ങൾ വാങ്ങാൻ സ്വാതന്ത്ര്യമുണ്ടെന്നും ട്രസ്റ്റ് വിശദീകരിക്കുന്നു.

ആദിത്യയോഗി സർക്കാരിന്റെ ഈ തീരുമാനത്തിന്റെ വാർത്ത കേട്ടപ്പോൾ ഇതിന് ഇത്രയും വൈകിയതെന്തേ എന്ന ചിന്തയാണ് ഉള്ളിലുണ്ടായത്. ഏതാനും വർഷങ്ങളായി ഉത്തർപ്രദേശ് എന്ന വലിയ സംസ്ഥാനത്തെ സംഭവവികാസങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ആർക്കും ഈ ചിന്ത തന്നെയായിരിക്കും ഉണ്ടായിരിക്കുക.

ഇന്ത്യയുടെ എല്ലാ രംഗത്തുമുള്ള വൈവിധ്യങ്ങളെ തകർക്കുക, സവർണ ചിന്താധാരയിൽ അധിഷ്ഠിതമായ ഏകശിലാത്മക രാഷ്ട്രമാക്കി രാജ്യത്തെ മാറ്റുക എന്നതാണ് സംഘപരിവാറിന്റെ പ്രധാന ലക്ഷ്യം. അത് തിരിച്ചറിയാൻ പിന്നാക്ക-ദലിത് വിഭാഗങ്ങൾക്ക് വേണ്ടത്ര സാധിക്കുന്നില്ല എന്നതാണ് അവർ സംഘപരിവാറിന്റെ കുഴലൂത്തുകാരായി മാറുന്നതിൽനിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.

ഹലാൽ മുദ്രക്കെതിരിൽ യോഗി സർക്കാർ പറഞ്ഞ കാര്യങ്ങളെല്ലാം പരിശോധിച്ചാൽ എല്ലാം ബാലിശവും അടിസ്ഥാനരഹിതവുമാണെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. പതിറ്റാണ്ടുകളായി തുടർന്നുവരുന്ന ഒരു കാര്യം ഒരുദിവസം പെട്ടെന്ന് എങ്ങനെ ഇതര സമുദായങ്ങൾക്കും വിപണിക്കും വ്യവസ്ഥക്കുമെല്ലാം ദോഷകരമായി മാറി? വിഷയം മറ്റൊന്നുമല്ല, പവൻമാറ്റ് വർഗീയതയും വിദ്വേഷവും തന്നെ. യുപിയിൽ യോഗി ഭരണത്തിലേറിയ ശേഷം കൈക്കൊണ്ട ഒട്ടേറെ നടപടികൾ ഇതിനു തെളിവായി എടുത്തുകാണിക്കാൻ കഴിയും.

‘ഹലാൽ’ ഭക്ഷണത്തിനും അതിന്റ അടയാളങ്ങൾക്കുമെല്ലാം പുതിയ വ്യാഖ്യാനം നൽകി രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഗതിയെക്കുറിച്ച് പരിതപിക്കുകയും വിലപിക്കുകയും ചെയ്യുന്ന ഹിന്ദുത്വവാദികളുടെ അവസരവാദം ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.

കച്ചവടരംഗത്തെ മുസ്‌ലിംകൾ അധീനപ്പെടുത്തുകയെന്ന ലക്ഷ്യം ഹലാൽ ഭക്ഷണങ്ങളിൽ ദർശിക്കുന്ന സംഘപരിവാര ഭരണകൂടം രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളെ മുഴുവൻ കോർപറേറ്റുകൾക്ക് തീറെഴുതി നൽകാൻ നിയമനിർമാണം നടത്തുകയാണ്! അപ്പോൾ പിന്നെ ഈ കാവി വിലാപത്തിന്റെ അർഥമെന്താണ്? കർഷക ജനങ്ങളുടെ കണ്ണുനീരിന് വില കൽപിക്കാത്തവരുടെ ഭരണം സാമ്പത്തിക ഭീമൻമാരെ പ്രീതിപ്പെടുത്തുമ്പോൾ സാമ്പത്തിക അധീശ്വത്വവാദത്തിലെ പൊരുളറിയാത്തവരായി ഇന്ത്യൻ പൗരൻമാരെ ഗണിക്കാനാകുമെന്നോ?

ഭക്ഷണത്തിൽ പോലും വേർതിരിവിന്റെ രാഷ്ട്രീയത്തിന് മാനം കണ്ടെത്തുകയാണ് ഇക്കൂട്ടർ. ഇഷ്ടപ്പെട്ട ഭക്ഷണം തെരഞ്ഞെടുക്കുവാൻ പൗരനുള്ള അവകാശത്തെ ഹനിക്കുമാറ് നിയമനിർമാണം നടത്താനവർ ധൃതിപ്പെടുകയാണ്. ഒരു വിഭാഗം തങ്ങൾക്ക് ഇഷ്ടമുള്ള ആഹാരം തെരഞ്ഞെടുക്കുന്നത് മറ്റുള്ളവരെ ബാധിക്കാത്തിടത്തോളം അതിന്റെ ഉപയോഗത്തിന് തടസ്സമുണ്ടാക്കുന്നതിന് അർഥമില്ലെന്ന സാമാന്യബോധം അവർക്കില്ലാതെപോയി.

ഹലാലുമായി ബന്ധപ്പെട്ട് നേർപഥത്തിന്റെ വായനക്കാരായ എല്ലാ മതവിഭാഗക്കാർക്കും മനസ്സിലാക്കാൻ കഴിയുംവിധം ഒരു ലഘുവിവരണം നൽകുകയാണിവിടെ:

? ‘ഹലാൽ’ എന്ന വാക്കിന്റെ അർഥമെന്താണ്?

! ‘അനുവദനീയം.’

? ഇസ്‌ലാമികമായി ‘ഹലാൽ’ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് എന്താണ്?

! നിഷിദ്ധമല്ലാത്ത ഏതു കാര്യത്തിനും ‘ഹലാൽ’ എന്ന് പറയാം.

? ‘ഹലാൽ’ എന്നത് ഭക്ഷണത്തിന് മാത്രം ബാധകമാണോ?

! ഒരിക്കലുമല്ല. വിശ്വാസം, ആചാരം, അനുഷ്ഠാനം, വേഷം, ഭക്ഷണം, സാമ്പത്തികം, പെരുമാറ്റം തുടങ്ങിയ എല്ലാ മേഖലയിലും അനുവദനീയവും നിഷിദ്ധവുമുണ്ട്.

? എന്തിനാണ് ഇങ്ങനെ വേർതിരിക്കുന്നത്?

! ഈ വേർതിരിവ് സമുദായത്തിലെ ഏതെങ്കിലും വ്യക്തിയോ സംഘടനയോ ഉണ്ടാക്കുന്നതല്ല. പ്രപഞ്ചസ്രഷ്ടാവിന്റെ അടുക്കൽനിന്നുള്ള നിർദേശത്തിന്റെ ഭാഗമാണത്. നല്ലതു മാത്രമെ അല്ലാഹു അനുവദിച്ച് തന്നിട്ടുള്ളൂ: “തങ്ങൾക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത് എന്തൊക്കെയാണെന്ന് അവർ നിന്നോട് ചോദിക്കും. പറയുക: നല്ല വസ്തുക്കളെല്ലാം നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു...’’ (ക്വുർആൻ 5:4).

നബിﷺയുടെ വിശേഷണമായി അല്ലാഹു എടുത്തുപറയുന്നത് കാണുക: “...അവരോട് അദ്ദേഹം സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കൾ അവർക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കൾ അവരുടെമേൽ നിഷിദ്ധമാക്കുകയും ചെയ്യുന്നു...’’(7:157).

? എന്തിനാണ് ദൈവം നിയമങ്ങൾകൊണ്ട് മനുഷ്യനെ പ്രയാസപ്പെടുത്തുന്നത്?

! നിയമങ്ങൾ പ്രയാസപ്പെടുത്താനല്ല; എളുപ്പമുണ്ടാക്കാനാണ്. നാം ജീവിക്കുന്ന ഏതു മേഖലയിലാണ് നിയമങ്ങളില്ലാത്തത്? നമ്മുടെ രാജ്യം തന്നെ നിയതമായ ഭരണഘടന അനുസരിച്ചാണല്ലൊ മുന്നോട്ടുപോകുന്നത്. കൃത്യമായ ഗതാഗത നിയമങ്ങളുടെ അഭാവം വരുത്തിവയ്ക്കുന്ന വിനകൾ എത്ര ഭീകരമായിരിക്കും! സർക്കാറിന്റെ ഏതു കാര്യത്തിലാണ് നിയമങ്ങളും ചട്ടങ്ങളുമില്ലാത്തത്? അതിനെയെല്ലാം മനുഷ്യനെ പ്രയാസപ്പെടുത്തുന്നവയെന്ന് വിശേഷിപ്പിക്കാമോ?

? നാട്ടിലുള്ള നിയമങ്ങൾ മനുഷ്യർ പരസ്പരം ചർച്ച ചെയ്ത് ജനാധിപത്യപരമായി ഉണ്ടാക്കുന്നതല്ലേ?എന്നാൽ മതത്തിന്റെ നിയമങ്ങൾ അങ്ങനെയാണോ? അതിൽ മനുഷ്യർക്ക് വല്ല പങ്കുമുണ്ടോ?

! ഏതൊരു ഉപകരണവും പ്രവർത്തിപ്പിക്കുന്നതിന്റെ നിയമാവലി അതിന്റെ നിർമാതാക്കളിൽ നിക്ഷിപ്തമാണ്. അവർക്കാണത് വ്യക്തമായും കൃത്യമായും വിശദീകരിക്കാനാവുക. മനുഷ്യന്റെ സ്രഷ്ടാവ് ഏതെങ്കിലും മനുഷ്യരോ കമ്പനിയോ അല്ല; പ്രപഞ്ച സ്രഷ്ടാവായ ദൈവമാണ്. അതിനാൽ മനുഷ്യൻ എങ്ങനെ ജീവിക്കണമെന്ന് സ്രഷ്ടാവായ ദൈവംതന്നെയാണ് അറിയിക്കേണ്ടത്. അവന്റെ അറിവിന് കാല-ദേശ വ്യത്യാസമില്ല. കാലമെത്ര പിന്നിട്ടാലും അവന്റെ നിയമങ്ങളിൽ ഒരു അപാകതയും ഉണ്ടാവില്ല. ദൈവത്തിന്റെ പേരിൽ മനുഷ്യരുണ്ടാക്കിയ കള്ളനാണയങ്ങളാണ് പലപ്പോഴും പ്രശ്‌നങ്ങൾക്ക് വഴിവയ്ക്കുന്നത്.

? ദൈവം നിയമങ്ങൾ എങ്ങനെയാണ് ജനങ്ങളെ അറിയിച്ചത്?

! മനുഷ്യരിൽനിന്ന് സ്രഷ്ടാവ് അവന്റെ സന്ദേശമെത്തിക്കാൻ ദൂതന്മാരെ തെരഞ്ഞെടുക്കുന്നു. അവർക്ക് ദിവ്യബോധനം നൽകുന്നു. വേദഗ്രന്ഥം നൽകുന്നു. അവർ സ്രഷ്ടാവിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നു.

? അങ്ങനെ എത്ര പ്രവാചകന്മാർ വന്നിട്ടുണ്ട്? ലോകത്തിന്റെ എല്ലാഭാഗത്തും പ്രവാചകന്മാർ നിയോഗിക്കപ്പെട്ടിട്ടുണ്ടോ?

! ലക്ഷത്തിലധികം പ്രവാചകന്മാർ വന്നിട്ടുണ്ട്. ഇരുപത്തിയഞ്ച് പ്രവാചകന്മാരുടെ പേരുകളാണ് അന്തിമ പ്രവാചകനായ മുഹമ്മദ് നബിﷺക്ക് അവതരിച്ച വിശുദ്ധ ക്വുർആനിൽ പരാമർശിച്ചിട്ടുള്ളത്. ലോകത്തിന്റെ എല്ലാഭാഗത്തും പ്രവാചകന്മാർ നിയോഗിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: “തീർച്ചയായും എല്ലാ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്...’’ (ക്വുർആൻ 16:36).

? പല കാര്യങ്ങളും അനുവദനീയമാക്കിയതിനും നിഷിദ്ധമാക്കിയതിനും പിന്നിലുള്ള യുക്തി എന്താണ്? മനുഷ്യരുടെ സ്വാതന്ത്ര്യം തടയലല്ലേ അത്?

! എല്ലാ കാര്യത്തിലുമുള്ള യുക്തി നമ്മുടെ ബുദ്ധികൊണ്ട് ഗ്രഹിക്കുക സാധ്യമല്ല. ദൈവം നിഷിദ്ധമാക്കിയതെല്ലാം മാനവസമൂഹത്തിന് ദോഷം വരുത്തുന്നവയാണെന്ന് നിസ്സംശയം

പറയാം. ഉദാഹരണമായി, ഇസ്‌ലാമിൽ മദ്യം നിഷിദ്ധമാണ്. അതുണ്ടാക്കുന്ന ഭവിഷ്യത്തുകൾ എത്രയാണെന്ന് പറയേണ്ടതില്ലല്ലോ! മനുഷ്യന്റെ ചിന്തയെയും മനസ്സിനെയും പ്രകൃതിയെയും മാറ്റിമറിക്കുന്ന ഒന്നാണ് മദ്യം. ലഹരി ബാധിച്ചവൻ എന്തും പറയും, എന്തും ചെയ്യും. ഭാര്യയെയും മാതാവിനെയും അവൻ ഒരുപോലെ കണ്ടെന്നുവരും. ധാർമികതയുടെ അതിർവരമ്പുകളൊന്നും അവനു മുമ്പിൽ ഉണ്ടാകില്ല. അതിനാൽതന്നെ നബിﷺ ‘മത്തുണ്ടാക്കുന്നതെല്ലാം നിഷിദ്ധമാണ്’ എന്നു പഠിപ്പിച്ചു.

ഹൃദയം, കരൾ, വൃക്ക, പേശികൾ, മസ്തിഷ്‌കം തുടങ്ങി എല്ലാറ്റിനെയും ബാധിക്കുന്ന രോഗങ്ങളാണ് അൽക്കഹോൾ ഉണ്ടാക്കുന്നത്. കുടൽ, ആമാശയം, പാൻക്രിയാസ് ഗ്രന്ഥി എന്നിവയെയും ഇത് ബാധിക്കും. ലിവർ ദ്രവിക്കാനുള്ള സാധ്യത കൂടും.

യുക്തിമാനായ അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നംവച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാൽ നിങ്ങൾ അതൊക്കെ വർജിക്കുക. നിങ്ങൾക്ക് വിജയം പ്രാപിക്കാം’’(5:90).

ദൈവികനിയമങ്ങൾ അനുസരിക്കുന്നത് മനുഷ്യർക്ക് ഗുണം മാത്രമെ വരുത്തൂ; ഇഹലോകത്തും പരലോകത്തും ഒരുപോലെ.

? മനുഷ്യന്റെ നിഖില മേഖലകളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു വിഷയമാണ് ഹലാൽ-ഹറാം എന്നത് ഇപ്പോൾ മനസ്സിലായി. എന്നാൽ ഹലാൽ എന്ന വാക്കിന്റെ പേരിൽ വിവാദമുണ്ടാക്കുന്നത് എന്തുകൊണ്ടാണ്?

! അധികാരം പിടിക്കാനും അത് നിലനിർത്താനും മനുഷ്യക്ഷേമവും രാജ്യപുരോഗതിയുമല്ല ഇക്കാലത്ത് മാനദണ്ഡമായി വർത്തിക്കുന്നത്. അഴിമതി മുക്തമായ, ജനക്ഷേമത്തിൽ അധിഷ്ഠിതമായ ഭരണം നടത്തൽ ശ്രമകരമായ ദൗത്യമാണ്.

മുമ്പൊക്കെ ഭരണാധികാരികൾക്ക് ഭരണത്തിൽനിന്നിറങ്ങുമ്പോൾ വ്യക്തിപരമായി സാമ്പത്തിക പരാധീനതകളാണ് ഉണ്ടായിരുന്നതെങ്കിൽ, ഇപ്പോഴത്തെ ഭരണാധികാരികൾ ഭരണം അവസാനിപ്പിക്കുമ്പോൾ രാജ്യം ദരിദ്രമാവുകയും അവർ ധനികരാവുകയും ചെയ്യുന്ന കാഴ്ചയാണ് നാം കാണുന്നത്. കോർപറേറ്റുകളുമായി ചേർന്ന് രാജ്യത്തെ തന്നെ വിറ്റു കാശാക്കുന്ന അവസ്ഥയാണുള്ളത്. ഇതെല്ലാം മൂടിവെക്കാനും അധികാരം പിടിച്ചെടുക്കാനും നിലനിർത്താനുമൊക്കെയുള്ള എളുപ്പവഴി വിദ്വേഷം പ്രചരിപ്പിക്കലും മതപരമായ ചേരിതിരിവ് ഉണ്ടാക്കലുമാണ്. ഹലാൽ വിവാദം ഇതിന്റെ ഭാഗമാണ്.

? ചരിത്രത്തിൽ ഇതിന് മാതൃകയുണ്ടോ?

! തീർച്ചയായും ഉണ്ട്. ഹിറ്റ്‌ലർ ജൂതന്മാർക്കെതിരിൽ വെറുപ്പ് കുത്തിവച്ചുകൊണ്ടാണ് ഭരണം പിടിച്ചെടുത്തതും നിലനിർത്തിയതും. ഇന്ത്യയിലിപ്പോൾ ആവർത്തിക്കുന്നത് അതാണ്. മുസ്‌ലിംകളോടുള്ള വെറുപ്പ് മറ്റുള്ളവരിൽ ആസൂത്രിതമായി കുത്തിവച്ച് രാഷ്ട്രീയ-സാമ്പത്തിക താൽപര്യങ്ങൾ നേടിയെടുക്കാനാണ് ശ്രമിക്കുന്നത്. വർഗീയവികാരം ആളിക്കത്തിയാൽ അതിന്റെ വെളിച്ചത്തിൽ ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വില കൂട്ടുന്നതുപോലും ജനം ശ്രദ്ധിക്കിെല്ലന്ന് അധികാരികൾക്ക് നന്നായറിയാം.

? ഇതാണ് അവരുടെ ലക്ഷ്യമെങ്കിൽ ഈ വിഷയത്തെ ഒരു വിവാദമായി നിലനിർത്താതിരിക്കാനല്ലേ നമ്മൾ ശ്രമിക്കേണ്ടത്?

! അതാണ് നല്ലത്. എന്നാൽ മീഡിയകളിൽ ഇത് ചർച്ച ചെയ്യപ്പെടുകയും തെറ്റായ ധാരണകൾ സമൂഹത്തിൽ പരക്കുകയും ചെയ്യുമ്പോൾ ചിലരെങ്കിലും ആശയക്കുഴപ്പത്തിലാവുകയും വർഗീയതയുടെ വിറകായി മാറുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടാണ് യാഥാർഥ്യം വിശദീകരിക്കേണ്ടി വരുന്നത്.

? ഹലാൽ ഫുഡ് എന്നതിൽ ഏതെല്ലാം വരും?

! നിഷിദ്ധമാക്കാത്തതെല്ലാം ഹലാലാണ്, അഥവാ അനുവദനീയമാണ്.

? നിഷിദ്ധമാക്കിയത് ഏതെല്ലാമാണ്?

! ഈ വിഷയത്തിൽ വന്ന ക്വുർആൻ വചനത്തിൽനിന്ന് ഇക്കാര്യം വ്യക്തമാകും:

“ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടത്, ശ്വാസംമുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റു ചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങൾക്ക്നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാൽ (ജീവനോടെ) നിങ്ങൾ അറുത്തത് ഇതിൽനിന്നൊഴിവാകുന്നു...’’ (ക്വുർആൻ 5:3).

രക്തം ഞരമ്പുകളിലൂടെ ഓടിക്കൊണ്ടിരുക്കുമ്പോൾ രോഗാണുക്കൾ പ്രത്യക്ഷപ്പെടുകയും അവ പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്യും. അടിച്ചു കൊന്നതിലും വീണു ചത്തതിലും കുത്തേറ്റു ചത്തതിലുമൊക്കെ സംഭവിക്കുന്നത് ഇതാണ്. അറുക്കപ്പെടാത്ത, ചത്ത മൃഗങ്ങളുടെ അവസ്ഥയും ഇതുതന്നെ. മുഴുവൻ രക്തവും പുറത്തുപോകാൻ വേണ്ടിയാണ് അറുക്കുമ്പോൾ തല അറുത്തു മാറ്റരുതെന്ന് കൽപിക്കപ്പെട്ടത്.

? അറവ് നടത്തുമ്പോഴുള്ള മര്യാദകൾ എന്തെല്ലാമാണ്?

! അറവുശാലയിലേക്ക് ഉരുവിനെ വലിച്ചിഴച്ച് ക്രൂരമായ രൂപത്തിൽ കൊണ്ടുപോകരുത്. അറുക്കാൻ പൂർണമായും സജ്ജമായ ശേഷമെ കിടത്താവൂ. അറുക്കുന്നതിന് മുമ്പ് ഉരുവിന്റെ അവയവങ്ങൾ മുറിച്ചെടുക്കാവതല്ല. അറുക്കുന്നത് നല്ല മൂർച്ചയുള്ള ആയുധം കൊണ്ടാവണം. അറുക്കുന്ന അവസരത്തിൽ ദൈവനാമം ഉച്ചരിക്കണം. അറവ് നടത്തുന്നത് സാവകാശം മൂർന്നുകൊണ്ടാവരുത്; ആയുധം വേഗം ചലിപ്പിച്ചുകൊണ്ടായിരിക്കണം. രക്തം ഒഴുക്കിക്കളയാനും നിർദേശമുണ്ട്. തലയ്ക്കടിച്ചും ശ്വാസംമുട്ടിച്ചും ഉരുവിനെ കൊല്ലുന്നത് ഇസ്‌ലാം നിരോധിക്കുന്നു.

? അറവ് മാത്രമാണോ ഹലാലിന്റെ മാനദണ്ഡം?

! ഉരുവാണെങ്കിലും പക്ഷികളാണെങ്കിലും അവ അനുവദനീയമായ വഴിയിലൂടെ സമ്പാദിച്ചതാവണം. മോഷ്ടിച്ച ഉരുവിനെ ദൈവനാമം ഉച്ചരിച്ച് അറുത്താലും അനുവദനീയമല്ല.

? ഹലാൽ സ്റ്റിക്കർ പതിക്കാൻ മതപരമായ നിർദേശമുണ്ടോ?

! ഹലാൽ സ്റ്റിക്കർ ഒട്ടിച്ച് സാധനങ്ങൾ വിൽക്കണമെന്ന ആഹ്വാനം ഇസ്‌ലാം നൽകിയിട്ടില്ല. എന്നാൽ മുസ്‌ലിംകൾക്ക് ഹറാമായത് തിന്നുകൂടാ. തങ്ങൾ വാങ്ങുന്ന സാധനം ഹലാലാണെന്ന് ഉറപ്പാക്കാൻ അവർ ആഗ്രഹിക്കും. മാർക്കറ്റിൽ ഹറാമായതും ലഭ്യമായതിനാൽ ഹലാലായത് തിരിച്ചറിയാനാണ് ഹലാൽ സ്റ്റിക്കർ പതിക്കുന്നത്. കയറ്റുമതിക്കുവേണ്ടി മാത്രം നിർമിക്കുന്ന ഉത്പന്നങ്ങൾക്ക് ഹലാൽ സ്റ്റിക്കർ നിരോധനം ബാധകമല്ലെന്ന് യോഗി സർക്കാർ പറഞ്ഞത് എന്തുകൊണ്ടാണ്? ഇന്ത്യയിലെ അൽകബീർ, അന്നൂർ പോലുള്ള, മുസ്‌ലിംകളല്ലാത്തവർ നടത്തുന്ന വൻകിട ബീഫ് കയറ്റുമതി കമ്പനികൾ പോലും ഹലാൽ സ്റ്റിക്കർ പതിപ്പിച്ചുകൊണ്ടാണ് കയറ്റുമതി നടത്തുന്നത്. അല്ലാത്തപക്ഷം അവ തിരിച്ചയക്കപ്പെടും. ബ്രസീൽ പോലുള്ള, മുസ്‌ലിംകൾ വളരെ ചെറിയ ന്യൂനപക്ഷം മാത്രമുള്ള പല രാജ്യങ്ങളിലും ഹലാൽ സ്റ്റിക്കറൊട്ടിച്ച ഭക്ഷ്യവസ്തുക്കളാണ് വിപണനം ചെയ്യപ്പെടുന്നത്. ആരെങ്കിലും ചത്തതും കേടായതുമായ മാംസം ഹലാൽ സ്റ്റിക്കറൊട്ടിച്ച് വിതരണം ചെയ്യുന്നുവെങ്കിൽ അത് തടയുവാനാണ് സർക്കാർ തയ്യാറാകേണ്ടത്, അല്ലാതെ ഹലാൽ ഭക്ഷണം വിൽക്കാൻ പാടില്ലെന്നു പറയാനല്ല.

ഓരോ മതത്തിന്റെയും വിശ്വാസവും ആദർശവും അനുസരിച്ച് അവരുടെ ഭക്ഷണം, വസ്ത്രം, ആചാരം എന്നിവയിൽ വ്യത്യാസമുണ്ടാവുക സ്വാഭാവികമാണ്. അത് നിലനിർത്തി പരസ്പര സൗഹാർദത്തോടെ ജീവിക്കുന്ന ദേശത്തിന്റെ പേരാണ് ഇന്ത്യ. ഈ സാഹചര്യം നിലനിന്നു കാണുവാനാണ് രാജ്യസ്‌നേഹികളെല്ലാം ആഗ്രഹിക്കുന്നത്.

മുസ്‌ലിംകൾക്ക് ഏതു കാര്യത്തിലും അല്ലാഹുവിന്റെ തൃപ്തിനേടൽ പ്രധാനമാണ്. അത് ഭക്ഷണത്തിന്റെ കാര്യത്തിലും വേണം. അതിന് മതത്തിന്റെ നിർദേശങ്ങൾ അനുസരിക്കൽ നിർബന്ധമാണ്. അതിനാലാണ് ചില ഭക്ഷണങ്ങൾ വർജിക്കുന്നത്. അത് മറ്റുള്ളവരോടുള്ള വെറുപ്പുകൊണ്ടല്ല.