വഹാബി നവോത്ഥാനം: വിമർശകരും വസ്തുതകളും

ഡോ. ജമാൽ മുഹമ്മദ്

2023 ജൂൺ 24 , 1444 ദുൽഹിജ്ജ 06

മതത്തെ അതിന്റെ അടിസ്ഥാന തലങ്ങളിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിനെയാണ് മതമൗലിക വാദം എന്ന് പറയുന്നത്. പിൽക്കാല നിർമിതവും പ്രമാണവിരുദ്ധവുമായ പുറംമോടികളെ പൊട്ടിച്ചെറിഞ്ഞ് ആദർശത്തെ തൽസ്ഥിതിയിലേക്ക് കൊണ്ടുചെന്നെത്തിക്കാനുള്ള ന്യായമായ പരിശ്രമങ്ങളെ വിമർശനത്തിന്റെ എന്ത് ദുഷ്പേരിട്ട് വിളിച്ചാലും അവഗണിക്കാനേ ദൈവഭയമുള്ളവർക്ക് കഴിയൂ. നിലയ്ക്കാത്ത ‘വഹാബീ വിളി’കളിലും ‘കാഫിർ ഫത്‌വ’കളിലും മനസ്സ് മടുക്കാതിരിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.

മതമൗലികവാദം (Fundamentalism) എന്ന സംജ്ഞ നിരന്തരമായും സന്ദർഭങ്ങൾക്കനുയോജ്യമല്ലാതെയും ഉപയോഗിച്ച് യഥാർഥ അർഥവും ഭാവവും നഷ്ടപ്പെട്ടുപോയ സംജ്ഞയാണ്. ഒരു മതത്തിന്റെ, അല്ലെങ്കിൽ വിശ്വാസപ്രമാണത്തിന്റെ മൗലിക സ്വഭാവമെന്താണ്? ലളിതവും ഋജുവുമായ ഭാഷയിൽ പറഞ്ഞാൽ അതിന്റെ അടിസ്ഥാന തത്ത്വങ്ങൾ എന്നാണ് അതുകൊണ്ട് അർഥമാക്കുന്നത്. മാർക്‌സിസത്തിന്റെ മൗലിക സിദ്ധാന്തങ്ങൾ; കാറൽമാക്‌സ് ‘ദാസ് കാപ്പിറ്റൽ’ എന്ന കൃതിയിൽ വിശദീകരിച്ചിട്ടുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതം ചൂഷണവിമുക്തമായ ഒരു സാമൂഹ്യവ്യവസ്ഥിതിയുടെ ഭാഗമായിത്തീരുന്നതിന് അനുവർത്തിക്കേണ്ട ആശയപരവും പ്രായോഗികവുമായ പദ്ധതികളെക്കുറിച്ചുള്ള സിദ്ധാന്തങ്ങളാണ്.

എന്നാൽ ആ സിദ്ധാന്തങ്ങൾ നടപ്പിലാക്കിയെന്നവകാശപ്പെട്ട സോവിയറ്റ് യൂണിയന് അരനൂറ്റാണ്ട്‌പോലും പിടിച്ചുനിൽക്കുവാൻ കഴിഞ്ഞില്ല. കാരണം കമ്യൂണിസം നടപ്പിലാക്കുന്നതിൽ അവർ പരാജയപ്പെട്ടു. അഥവാ അത് അപ്രായോഗികമായ സിദ്ധാന്തങ്ങളായിരുന്നു. അതോടൊപ്പംതന്നെ സോഷ്യലിസ്റ്റ് വിപ്ലവങ്ങളരങ്ങേറിയ രാജ്യങ്ങളുടെ അതേപാത പിന്തുടരുവാനവർ നിർബന്ധിതരായി. കമ്യൂണിസത്തിന്റെ ഈറ്റില്ലമെന്ന് അവകാശപ്പെടുന്ന ഏക രാജ്യമാണ് ചൈന. മുതലാളിത്ത രാജ്യങ്ങളുമായി സാമ്പത്തിക സമരത്തിൽ ഏർപ്പെടേണ്ടിവന്നതുകൊണ്ടാവണം, ആ രാജ്യത്തിനും മുതലാളിത്ത പാതയിലൂടെ ചലിക്കേണ്ടിവരുന്ന അവസ്ഥയിലാണ് എത്തിനിൽക്കുന്നത്.

മതങ്ങളുടെ കാര്യമെടുത്താൽ, വത്തിക്കാൻ ഒഴിച്ചാൽ ക്രിസ്ത്യൻ രാജ്യമാണെന്നവകാശപ്പെടുന്ന രാജ്യങ്ങളൊന്നും തന്നെയില്ല. ക്രിസ്തുമതാനുയായികൾക്ക് മൃഗീയഭൂരിപക്ഷമുള്ള യൂറോപ്യൻ രാജ്യങ്ങളിലൊന്നുംതന്നെ ക്രിസ്തുമതത്തിന്റെ മൗലികസിദ്ധാന്തങ്ങൾ ജീവിതത്തിൽ പരിപാലിക്കുന്ന സാമൂഹ്യവ്യവസ്ഥിതി പിന്തുടരുന്നില്ല. അങ്ങനെ പിന്തുടരുന്നതായി അവർ അവകാശപ്പെടുന്നുമില്ല. യേശുക്രിസ്തുവിന്റെ ജന്മദിനമാഘോഷിക്കുന്നത് മദ്യപാനോത്സവങ്ങളിലൂടെയാണ്. ഇത്തരം ആഘോഷങ്ങളിൽ നിരവധിപ്പേർക്ക് മദ്യലഹരിയിൽ ജീവിതമവസാനിപ്പിക്കേണ്ടിവരുന്നുണ്ട്. ക്രിസ്തുമതത്തിന്റെ സമസൃഷ്ടിസ്‌നേഹവും ലാളിത്യവും പരസ്പര വിശ്വാസവും ത്യാഗവും ബഹുഭൂരിപക്ഷം വിശ്വാസികളും ജീവിതത്തിൽ പകർത്തുന്നതിൽ വിമുഖരാണ്.

ഹിന്ദുമതത്തിലെ ജാതിസമ്പ്രദായത്തെയും സാമൂഹ്യദുരാചാരങ്ങളെയും വിമർശിച്ചുകൊണ്ട് അതിൽനിന്നുള്ള ശാശ്വതമോചനമെന്നുള്ള നിലയിലാണ് ബുദ്ധമതം ഉയർന്നുവന്നത്. ‘അഹിംസ പരമോ ധർമ’ എന്ന സിദ്ധാന്തമായിരുന്നു ബുദ്ധമതത്തിന്റെ മൗലികമായ അടിത്തറ. എന്നാൽ ശ്രീലങ്കയിൽ നടന്ന പതിനായിരങ്ങളുടെ വംശഹത്യക്ക് നേതൃത്വം നൽകിയത് ബുദ്ധമത വിശ്വാസികളായിരുന്നു. റോഹിങ്ക്യൻ മുസ്‌ലിംകളെ അവരുടെ ജന്മഭൂമിയിൽനിന്നും നിഷ്‌ക്കാസിതരാക്കിയതു മാത്രമല്ല, പതിനായിരക്കണക്കിന് സ്ത്രീകളെയും ഇളം പൈതലുകളെയും കൊലപ്പെടുത്തുകയും സ്ത്രീകളെ അതിക്രൂരമായി ബലാത്സംഗത്തിനിരയാക്കുകയും ചെയ്തത് ബുദ്ധമത വിശ്വാസികളാണ്. അവർ ബുദ്ധമതത്തിന്റെ മൗലികമായ ആദർശങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഇത്രയേറെ മുസ്‌ലിംകളെ കൊന്നൊടുക്കുവാനും വീടുകൾ ചുട്ടെരിക്കുവാനും നിരവധി പൈതങ്ങളെ അനാഥരാക്കിത്തീർക്കുവാനും കഴിയുമായിരുന്നോ?

മതത്തിന്റെ മൗലിക സിദ്ധാന്തങ്ങളിലേക്ക് മടങ്ങിപ്പോവുകയെന്നു പറഞ്ഞാൽ അതിനോടനുബന്ധിച്ച് പിൽക്കാലത്തുണ്ടായിട്ടുള്ള അനാചാരങ്ങളിലേക്ക് തിരിച്ചുപോവുകയെന്ന തെറ്റായ അർഥവും വ്യാഖ്യാനവുമാണ് ഇന്ന് നൽകപ്പെട്ടിട്ടുള്ളത്. മദീനാപട്ടണം കേന്ദ്രീകരിച്ച് പ്രവാചകന്റെ ﷺ നേതൃത്വത്തിലാരംഭിച്ച ഖിലാഫത്ത് ഇസ്‌ലാമിക നിയമങ്ങൾക്കനുസൃതമായി, പരിപൂർണമായും അതിന്റെ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ ഉറച്ചുനിന്നുകൊണ്ടുള്ള ഭരണമാണ് നടത്തിയത്. ഒരു വിശ്വാസ പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ പൂർണമായും ഉറച്ചുനിന്നുകൊണ്ട് ഭരണം നടത്തുവാൻ കഴിഞ്ഞ ആദ്യത്തെ സമ്പൂർണ രാഷ്ട്രം മദീനയിലെ ഇസ്‌ലാമിക രാഷ്ട്രമാണ്; ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഭരണസംവിധാനം. പ്രവാചകന്റെ കാലശേഷം ഇസ്‌ലാമിക ശൂറയുടെ (കൂടിയാലോചന) അടിസ്ഥാനത്തിലാണ് പുതിയ ഭരണാധികാരിയെ (ഖലീഫയെ) തെരഞ്ഞെടുത്തത്. മുസ്‌ലിം നിയമവ്യവസ്ഥക്കനുസൃതമായ ഭരണമാണ് തുടർന്നുമുണ്ടായത്.

പാരമ്പര്യാധിഷ്ഠിതമായ ഒരു ഭരണ കൈമാറ്റമല്ല അവിടെ നടന്നതെന്ന് വ്യക്തമാണ്. ഭരണാധികാരികളായിരുന്ന അബൂബക്ർ(റ), ഉമർ(റ), ഉസ്മാൻ(റ), അലിയ്യ്(റ) എന്നീ ഖലീഫമാരെല്ലാം തികച്ചും ഇസ്‌ലാമിക സംവിധാനത്തിലാണ് ഭരണനിർവഹണം നടത്തിയത്. ഖലീഫയായിരുന്ന അലിയ്യ്(റ) വധിക്കപ്പെട്ടതോടേ ഇസ്‌ലാമിക ഭരണക്രമം അതിന്റെ തനതായരീതിയിൽനിന്നും വ്യതിചലിക്കാൻ ആരംഭിച്ചു. തുടർന്നുവന്ന സുൽത്താന്മാർ പിന്തുടർച്ചാവകാശ ക്രമമനുസരിച്ചാണ് ഭരണം നടത്തിയത്. ഇസ്‌ലാമിക ഭരണക്രമത്തിൽനിന്നുള്ള വ്യതിയാനങ്ങളും ഇതിനിടയിൽ പ്രത്യക്ഷപ്പെട്ടു. ഇസ്‌ലാമിന്റെ മൗലീകമായ തത്ത്വങ്ങളിൽനിന്നുമുള്ള വ്യതിയാനവും ഇതിന്നിടയിൽ പ്രകടമായിത്തുടങ്ങി. പ്രൗഢമായ രാജകീയ അലങ്കാര ജീവിതം, അധികാരകേന്ദ്രീകരണം തുടങ്ങിയ വ്യാപകമായ പരിവർത്തനങ്ങൾക്കും സമൂഹം സാക്ഷ്യംവഹിച്ചു.

രാഷ്ട്രീയമേഖലയിലുണ്ടായ പരിവർത്തനങ്ങൾക്ക് സമാന്തരമായി സാമൂഹ്യജീവിതത്തിലും ഇസ്‌ലാമിക തത്ത്വങ്ങളിൽനിന്നും വിഭിന്നമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും കടന്നുവന്നു. വ്യക്തികൾക്കും അധികാരകേന്ദ്രങ്ങൾക്കുമുണ്ടായ വർധിതമായ പ്രാധാന്യം ഏകാധിപത്യപ്രവണതകളിലേക്ക് നയിച്ചു. ഭരണാധികാരികൾക്ക് ദൈവികമായ പരിവേഷങ്ങൾ ദുർവ്യാഖ്യാനിച്ച് നൽകുന്ന പുതിയരീതികളും പ്രത്യക്ഷപ്പെട്ടു. സാമൂഹ്യജീവിതത്തിലും ഇതിന്റെ പ്രതിഫലനങ്ങൾ പ്രത്യക്ഷപ്പെട്ടു. ഭരണാധികാരികൾക്കൊപ്പം പ്രവർത്തിച്ചുവന്ന മതനേതാക്കൾക്ക് ഉന്നത പരിവേഷങ്ങൾ നേടിയെടുക്കാൻ ഇതിലൂടെ സാധ്യമായി. ഇസ്‌ലാമിക സങ്കൽപങ്ങളിൽനിന്നും തികച്ചും വിഭിന്നമായതും ചിലപ്പോൾ വിരുദ്ധമായതുമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ശക്തമായിത്തീർന്നു.

ജനജീവിതത്തിലും ഇസ്‌ലാമിക വിരുദ്ധമായ പ്രവണതകൾ വ്യാപകമായി. മുസ്‌ലിം സാമൂഹ്യജീവിതത്തിലും ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക് കടകവിരുദ്ധമായ ആരാധനാരീതികൾ വ്യാപകമാകുവാൻ തുടങ്ങി. രാഷ്ട്രീയവും മതപരവും സാമ്പത്തികവുമായ ഘടകങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ള ഇസ്‌ ലാമിക ജീവിതത്തിന്റെ അധഃപതനത്തിന്റെ ആരംഭവുമായിരുന്നു അത്.

ഇസ്‌ലാമിക സമൂഹത്തിൽ ഭ്രംശനങ്ങൾ സംഭവിക്കുമ്പോൾ അതിനെ ശരിയായ ദിശയിലേക്ക് വഴിതിരിച്ചുവിടുകയും യഥാർഥ തൗഹീദിന്റെ മാർഗത്തിലേക്ക് അവരെ തിരികെയെത്തിക്കുകയും ചെയ്യുന്ന ‘മുജദ്ദിദുകളുടെ’ ദൗത്യവും സേവനവും എല്ലാ നൂറ്റാണ്ടുകളിലും ഇവിടെ ഇടതടവില്ലാതെ നടന്നുകൊണ്ടിരുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ ഈ ദൗത്യം ഏറ്റെടുത്ത് നിർവഹിച്ച ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ്(റഹ്) ഇന്നത്തെ റിയാദിനടുത്തുള്ള ഉയയ്‌നയിലാണ് ജനിച്ചത്. ക്രി:1703ൽ ജനിച്ച അദ്ദേഹം പ്രാദേശിക പണ്ഡിതന്മാരിൽനിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. ശേഷം മദീനയിലെത്തി. തുടർന്ന് ഇറാൻ-ഇറാക്ക് എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. ലോകവ്യാപകമായി മുസ്‌ലിംകൾ അപചയത്തിൽ ജീവിക്കുന്നതായി ബോധ്യപ്പെട്ട ഇബ്‌നു അബ്ദുൽ വഹാബ് അതിനെതിരിൽ പ്രതികരിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ ഭരണാധികാരിയുടെ പിന്തുണ അദ്ദേഹം നേടിയെടുക്കുകയും ചെയ്തു. മുഹമ്മദ് നബി ﷺ പ്രചരിപ്പിച്ച ഇസ്‌ലാമിലേക്കാണ് അദ്ദേഹം ജനങ്ങളെ ക്ഷണിച്ചത്. അല്ലാഹുവിനും പ്രവാചകനുമിടയിൽ ചൂഷകമാരായി നിലയുറപ്പിച്ച ഇടനിലക്കാരെ നിഷ്‌ക്കാസനം ചെയ്യുവാനാണ് അദ്ദേഹം പ്രധാനമായും ഉത്‌ബോധിപ്പിച്ചത്.

‘മതമൗലികവാദ’മെന്ന പ്ര യോഗം അർഥലോപം സംഭവിച്ച് ഒരു ‘സാമൂഹ്യവിരുദ്ധ പ്രവർത്തന’മെന്ന നിലയിലേക്ക് അധഃപതിച്ചിരിരുന്നു. മതത്തിന്റെ അടിസ്ഥാന സത്തയിൽനിന്നും വിഭിന്നമായി പല ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസികളുടെയിടയിൽ പ്രചരിച്ചിട്ടുണ്ട്. അവ പലപ്പോഴും പ്രാദേശികമായ ആചാരങ്ങളിൽനിന്നും സ്വഭാവങ്ങളിൽനിന്നും രൂപപ്പെട്ടുവരുന്നതാണ്. ആദ്യകാലത്തെ ഖലീഫമാരുടെ കാലശേഷം ഇസ്‌ലാമിലും ഇത്തരം പ്രവണതകൾ ശക്തി പ്രാപിച്ചുവന്നു. ഇത്തരം സ്വഭാവങ്ങളിൽനിന്നും ഇസ്‌ലാമിക സമൂഹത്തെ മോചിപ്പിക്കുവാനുള്ള ശ്രമങ്ങൾക്കാണ് ഇബ്‌നു അബ്ദുൽവഹാബ് തുടക്കമിട്ടത്. അദ്ദേഹത്തിന്റെ പരിശ്രമങ്ങളുടെ യാഥർഥ്യം മനസ്സിലാക്കിയ ആലുസ്സുഊദ് രാജവംശം അദ്ദേഹത്തിനാവശ്യമായ പിന്തുണ നൽകി.

തൗഹീദിന് വിരുദ്ധമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹിജാസിൽ വിരോധിക്കപ്പെട്ടു. തുടർന്നുവന്ന ഭരണാധികാരികളെല്ലാം ഇതേ നയംതന്നെ പിന്തുടർന്നു. ഇതേ നിലപാട് ഇന്നും തുടർന്നുവരുന്നു.ഹജ്ജിനും ഉംറക്കുമായി എത്തുന്ന സന്ദർശകർ ബദ്ർ, ഉഹുദ്, ബക്വീഉ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നും എന്തെങ്കിലും അവശിഷ്ടങ്ങളോ മറ്റോ ശേഖരിക്കുകയോ അതിന് പവിത്രത കൽപിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങൾക്ക് കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രവാചകന്റെ കേശമെന്നവകാശപ്പെട്ട് വിശ്വാസികളുടെ പ്രവാചകസ്‌നേഹത്തെ ചൂഷണം ചെയ്യുന്ന സംഘടിത ചൂഷകസംഘങ്ങൾ അരങ്ങുതകർക്കുന്നത് ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. ഇത്തരം ഇസ്‌ലാമികവിരുദ്ധ ചൂഷണങ്ങളെ ചൂണ്ടിക്കാട്ടുകയും അതിനെ വിമർശിക്കുകയും ചെയ്യുന്നവരെയും ‘വഹാബികൾ’ എന്നാണ് ചിലർ വിശേഷിപ്പിക്കുന്നത്. അപ്പോൾ തൗഹീദിലേക്കുള്ള മടക്കയാത്രയെ ഇത്തരമാളുകൾ എങ്ങനെയാണ് വീക്ഷിക്കുന്നതെന്നുള്ള വസ്തുതയാണ് തിരിച്ചറിയാനുള്ളത്. മൗലികമായ ആശയത്തിലേക്കുള്ള തിരിച്ചുപോക്ക് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. കാരണം ദൈവികമായ നിർമാണപ്രക്രിയയായിട്ടാണ് പരിശുദ്ധ ക്വുർആൻ അവതരിച്ചത്. എല്ലാ കാലങ്ങളിലേക്കും എല്ലാ ദേശങ്ങളിലേക്കും എക്കാലത്തേക്കും അനുയോജ്യമായതാണ് അതിലെ ആശയങ്ങൾ.

ഇസ്‌ലാം മറ്റുള്ള ചിന്താധാരകളിൽനിന്നും മതങ്ങളിൽനിന്നും വ്യത്യസ്തമാകുന്ന കാര്യങ്ങളിൽ പ്രധാനമായ ഒന്ന് അതിന്റെ മൗലിക സ്വഭാവങ്ങൾ എല്ലാകാലങ്ങളിലേക്കും അനുയോജ്യമായതാണ് എന്നതാണ്. ഈയൊരു സവിശേഷതയുള്ള മറ്റൊരു വിശ്വാസ സംഹിതയും ഇന്നുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. രാജ്യങ്ങൾ വ്യത്യസ്തമാകുന്നതുകൊണ്ട്, ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങൾ ആ രാജ്യങ്ങളുടെ സ്വഭാവങ്ങൾക്കനുസരിച്ച് രൂപപരിണാമങ്ങൾക്ക് വിധേയമാകുന്നില്ല. മനുഷ്യസമൂഹത്തെ ആമകാനം ഒരു മൂലകമായിട്ടാണ് അത് വിഭാവനം ചെയ്യുന്നത്. അതുപോലെതന്നെ കാലഘട്ടം മാറുന്നതിനനുസരിച്ച് അടിസ്ഥാന തത്ത്വങ്ങളിൽ യാതൊരു മാറ്റവും സംഭവിക്കുന്നില്ല. ക്വുർആനിന്റെ ആധികാരികമായ പതിപ്പിന് ഭാഷാപരമായും ആശയപരമായും പ്രായോഗികമായും യാതോരു വ്യത്യാസവുമില്ല.

മറ്റെല്ലാ മതഗ്രന്ഥങ്ങൾക്കും ഉള്ളടക്കത്തിലും പ്രതിപാദനത്തിലും കാല-രാജ്യ-സ്വഭാവങ്ങൾക്കനുസരിച്ച് മാറ്റങ്ങളുണ്ടായിട്ടുണ്ട്. ബൈബിളിലും രാമായണത്തിലും ബുദ്ധമത ഗ്രന്ഥങ്ങളിലും ഇത്തരം വിഭിന്ന ഭാവങ്ങൾ കണ്ടെത്താൻ കഴിയും. ആധികാരികമായ ഒരു സ്വഭാവം അവകാശപ്പെടാൻ കഴിയാത്ത നിലയിലാണ് മിക്ക വിശ്വാസ പ്രമാണങ്ങളുടെയും മൂലഗ്രന്ഥങ്ങൾ പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളത്. കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും അവയുടെ പൊതുസ്വഭാവമാണ്. അത്തരം കാലാനുസൃതവും പ്രാദേശികവുമായുണ്ടാകുന്ന പരിവർത്തനങ്ങൾ തികച്ചും സ്വാഭാവികമായി പരിഗണിക്കുകയും ചെയ്യുന്നു. മൗലികസ്വഭാവമെന്നുള്ളത് അവരെ സംബന്ധിച്ചിടത്തോളം പ്രസക്തവുമല്ല.

ഇസ്‌ലാമിനെ അതിന്റെ ആദിമകാലത്തുണ്ടായിരുന്ന പരിശുദ്ധിയിലേക്ക് തിരികെയെത്തിക്കുവാൻ വേണ്ടി പരിശ്രമിച്ചവരുടെ കൂട്ടത്തിൽ അദ്വിതീയ സ്ഥാനമാണ് വക്കം മുഹമ്മദ് അബ്ദുൽ ഖാദർ മൗലവി(റഹ്)ക്കുള്ളത്. കേരളീയ സമൂഹത്തിൽ കഴിഞ്ഞുപോയിട്ടുള്ള സാമൂഹ്യ പരിഷ്‌ക്കർത്താക്കളിൽനിന്നും വക്കം മൗലവിയെ വേറിട്ടുനിർത്തുന്ന ചില പ്രകടമായ സവിശേഷതകളുണ്ട്. അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ സാർവലൗകിക സ്വഭാവമുള്ളതായിരുവെന്നത് ഇതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നു. മറ്റുള്ളവരാകട്ടെ കേരളത്തിന്റെ മണ്ണിലുറച്ചുനിന്നുകൊണ്ട് ചുറ്റുപാടുകളോട് പ്രതികരിക്കുകയും പരിവർത്തനങ്ങൾക്ക് നേതൃത്വം നൽകയും ചെയ്തപ്പോൾ, വക്കം മൗലവി വിശ്വമാനവികതയെന്ന ആശയത്തിലേക്ക് ഉയരുകയായിരുന്നു.

ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, കെ.എം.മൗലവി, സയ്യിദ് സനാഉല്ലാ മക്തി തങ്ങൾ, സയ്യിദ് ഹമദാനി തങ്ങൾ എന്നിവരെല്ലാം അവരവരുടെ മേഖലകളിൽ നിർണായകമായ സംഭാവനകൾ നൽകി. വക്കം മൗലവിയാകട്ടെ സ്വന്തം പ്രവർത്തനമേഖലയിൽ ആജീവനാന്തം സജീവമായിരുന്നതിലുപരിയായി, ലോക മുസ്‌ലിം ആശയത്തിലേക്ക് ഉയരുവാൻ ശ്രമിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വിശ്വാസപ്രമാണങ്ങൾ ഒരു പ്രത്യേക ജനവിഭാഗത്തിന്റെയോ രാജ്യത്തിന്റെയോ അതിർത്തികൾക്കുള്ളിൽ ഒതുക്കിനിർത്തുവാനുള്ളതായിരുന്നില്ല. അതിന്റെ പരമമായലക്ഷ്യം ലോകമെമ്പാടുമുള്ള എല്ലാവിഭാഗം മനുഷ്യരുടെയും ആത്മീയവും ഭൗതികവുമായ പുരോഗതിയാണ്. മൗലവിയുടെ പ്രവർത്തനമേഖല പ്രാദേശികമായിരുന്നുവെങ്കിലും വീക്ഷണം സാർവലൗകികമായിരുന്നു. അതിനദ്ദേഹത്തെ പ്രാപ്തനാക്കിയത് പരന്ന വായനയും വിശ്വമാനവികതയാർജിക്കാൻ കഴിഞ്ഞ വ്യക്തിത്വങ്ങളുടെ ആശയങ്ങളുമായുള്ള നിറഞ്ഞ സമ്പർക്കവുമാണ്.

സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനി, മുഹമ്മദ് അബ്ദു, അൽമനാർ പത്രാധിപർ സയ്യിദ് റഷീദ് രിദ, സർ അല്ലാമാ മുഹമ്മദ് ഇഖ്ബാൽ, സർ സയ്യിദ് അഹ്‌മദ് ഖാൻ, സയ്യിദ് സുലൈമാൻ നദ്‌വി, ശിബ്‌ലി നുമ്മാനി തുടങ്ങിയ പ്രഗത്ഭ പ്രതിഭകളുടെ ആശയങ്ങളും പ്രവർത്തന രീതികളും അദ്ദേഹത്തെ ആകർഷിക്കുകയും അവരുടെ നിലവാരത്തിലേക്ക് സ്വയം ഉയരുവാൻ ശ്രമിക്കകയും ചെയ്തതുകൊണ്ടാണ് വക്കം മൗലവിയുടെ പ്രവർത്തനങ്ങൾ കേരളത്തിലെ സമകാലീനരായ സാമൂഹ്യ പരിഷ്‌ക്കർത്താക്കളിൽനിന്നും വിഭിന്നമായിത്തീർന്നത്. അറബി, പേർഷ്യൻ, ഉർദു, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം നേടിയ അദ്ദേഹത്തിന് ആ ഭാഷകളിൽ ലഭിക്കാവുന്ന എല്ലാ ഗ്രന്ഥങ്ങളും ആനുകാലികങ്ങളും കണ്ടെത്തി വായിക്കുവാൻ കഴിഞ്ഞു. വാർത്താവിനിമയ സൗകര്യങ്ങൾ തികച്ചും പരിമിതമായിരുന്നുവെങ്കിലും അന്ന് ലഭിക്കുന്ന എല്ലാ മാർഗങ്ങളുമുപയോഗിച്ച് പരമാവധി പുസ്തകങ്ങൾ തേടിപ്പിടിച്ച് വായിക്കുവാൻ അദ്ദേഹം കാണിച്ച അനാദൃശ്യമായ അഭിവാഞ്ജ അത്ഭുതപ്പെടുത്തുന്നതാണ്. അദ്ദേഹത്തിന്റെ വ്യക്തിത്വ വികാസത്തിൽ മുമ്പ് സൂചിപ്പിച്ച പ്രതിഭാധനന്മാരുടെ ജീവിതവും ആശയങ്ങളും ശക്തമായ സ്വാധീനം ചെലുത്തി.

പാൻ ഇസ്‌ലാമിസം എന്ന ആശയത്തിന്റെ വക്താവായിരുന്ന ജമാലുദ്ദീൻ അഫ്ഗാനി തന്റെ പ്രവർത്തനം ഒരു രാജ്യത്തിനുള്ളിൽ ഒതുക്കിനിർത്തിയില്ല. കാരണം ഇസ്‌ലാം ഒരു രാജ്യാതിർത്തിക്കുള്ളിൽ ഒതുക്കിനിർത്തുവാൻ കഴിയുന്ന ആദർശമല്ല. റഷ്യയിലുണ്ടായ ഭൗതീക വിപ്ലവത്തെതുടർന്ന് അവിടെയുള്ള മുസ്‌ലിംകൾ തീർത്തും നഷ്ടപ്പെടുവാൻ സാധ്യതയുണ്ടായിരുന്ന ആരാധനാവകാശങ്ങൾ ഒരളവോളം നിലനിർത്തുവാൻ കഴിഞ്ഞത് സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനിയുടെ പ്രവർത്തനങ്ങളുടെ ഫലം കാരണമായിരുന്നു. അതുകൊണ്ടാണ് റഷ്യൻ ഭരണസംവിധാനം തകർന്നടിഞ്ഞപ്പോൾ എതാനും സ്വതന്ത്ര മുസ്‌ലിം രാഷ്ട്രങ്ങൾ അവിടെ പിറന്നുവീണത്.

അഫ്ഗാനിയിൽ ആകൃഷ്ടനാകാൻ മൗലവിയെ പ്രേരിപ്പിച്ച ചില സവിശേഷ സ്വഭാവങ്ങൾ ഉണ്ടായിരുന്നു. വിജ്ഞാന സമ്പാദനത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന അദമ്യമായ അഭിനിവേശമായിരുന്നു അതിൽ സുപ്രധാനം. സ്വയം സമ്പാദിച്ച വിജ്ഞാനം യുവതലമുറക്ക് പകർന്നുകൊടുക്കുന്നതിൽ അഫ്ഗാനി പ്രകടിപ്പിച്ച ആവേശവും ആത്മാർഥതയും അദ്വിതീയമായിരുന്നു. പ്രസിദ്ധീകരണങ്ങളിലൂടെ തന്റെ ആശയങ്ങൾ വിശ്വവ്യാപകമാക്കിതീർക്കുന്നതിലും അദ്ദേഹം വിജയിച്ചു. പ്രാസംഗികനെന്നുള്ള നിലയിലും യൂറോപ്യൻ വേദികളിലും തന്റെ പ്രാഗത്ഭ്യം തെളിയിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. അഫ്ഗാനി സഞ്ചരിച്ച അതേപാതയിലൂടെ പരിമിതമായ തോതിലെങ്കിലും സഞ്ചരിക്കുവാനാണ് വക്കം മൗലവി ശ്രമിച്ചത്. ഇസ്‌ലാമിനെ അതിന്റെ തനതായ രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കുന്നതിൽ അഫ്ഗാനി കാണിച്ച അതേ ആവേശത്തോടെയാണ് വക്കം മൗലവിയും പ്രവർത്തിച്ചത്.

പ്രശസ്ത പണ്ഡിതനും തത്ത്വചിന്തകനുമായ ഇമാം ഗസ്സാലി(റഹ്)യാണ് വക്കം മൗലവിയെ സ്വാധീനിച്ച മറ്റൊരു മഹാനായ വ്യക്തി. ശക്തമായ ആധ്യാത്മികചിന്ത, തീവ്രമായ അന്വേഷണത്വര; ഈ രണ്ട് സവിശേഷസ്വഭാവങ്ങൾക്ക് വിധേയനായിരുന്നു ഇമാംഗസ്സാലി(റഹ്). പലപ്പോഴുംഅദ്ദേഹത്തിന് ലഭിച്ച സ്ഥാനമാനങ്ങളെല്ലാം പരിത്യജിച്ച് അദ്ദേഹം ആധ്യാത്മികചിന്തയിൽ വ്യാപൃതനായി. ലൗകീക ജീവിതത്തിന് അമിതപ്രാധാന്യം നൽകാത്ത ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. വിജ്ഞാനം തേടിയുള്ള യാത്രയിൽ അഭിമുഖീകരിക്കേണ്ടിവന്ന പ്രതിബന്ധങ്ങൾ അദ്ദേഹത്തിന് കൂടുതൽ പ്രചോദനം നൽകി. സമ്പത്ത് എന്ന മോഹം അദ്ദേഹത്തിന്റെ ചിന്തയിൽ പ്രസക്തമല്ലായിരുന്നു. ഈ സവിശേഷതകളെല്ലാം തന്നെ വക്കം മൗലവിയുടെ ജീവിതത്തിലും പ്രകടമായി കാണുവാൻ കഴിഞ്ഞിരുന്നു.

ഈജിപ്തിൽനിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘അൽമനാർ’ എന്ന അറബി മാസികയും അതിന്റെ പത്രാധിപർ സയ്യിദ് റഷീദ്‌രിദയുമാണ് വക്കംമൗലവിയുടെ പത്രപ്രവർത്തനത്തെ സ്വാധീനിച്ച രണ്ട് ഘടകങ്ങൾ. സയ്യിദ് റഷീദ് രിദയുമായി മൗലവി നിരന്തരമായി നടത്തിയ കത്തിടപാടുകൾ കേരളത്തിലെ നവോത്ഥാന പ്രക്രിയയെ എങ്ങനെയാണ് സ്വാധീനിച്ചത് എന്ന വിഷയത്തിൽ ഒരു ഗവേഷണം നടക്കേണ്ടത് അനിവാര്യമാണ്. അറബ്‌ലോകത്ത് അന്ന് പ്രകടമായിക്കൊണ്ടിരുന്ന പുതുചലനങ്ങൾ ചൂടുംചൂരും നശിക്കാതെ കേരളത്തിൽ പ്രയോഗികവൽക്കരിക്കപ്പെടുന്നത് ചരിത്രത്തിന്റെ ഭാഗമാണ്. ഇൻഫർമേഷൻ ടെക്‌നോളജി ഇത്രയേറെ വികസ്വരമായിത്തീർന്ന അത്യാധുനിക യുഗത്തിൽപ്പോലും അത്രയേറെ സജീവമായ പ്രവർത്തനം കാഴ്ചവയ്ക്കാൻ കഴിയുന്നില്ലേയെന്ന് സംശയിക്കുന്നതിൽ അത്ഭുതം തോന്നുന്നില്ല.

നമുക്ക് പൂർണമായും മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു അപൂർവ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു വക്കം മൗലവി. 59 വയസ്സുവരെ മാത്രമെ അദ്ദേഹം ജീവിച്ചിട്ടുള്ളു. പക്ഷേ, ചെയ്തുകൂട്ടിയ കർമങ്ങളും നേടിയെടുത്ത വിജയങ്ങളും നിരവധി മനുഷ്യായുസ്സുകൾ കൊണ്ടുമാത്രം ചെയ്തു തീർക്കാൻ സാധ്യമാകുന്ന കാര്യങ്ങളാണ്. യാത്രാസംവിധാനങ്ങൾ ഒട്ടുമില്ലാതിരുന്ന അക്കാലത്ത് അദ്ദേഹം നിരന്തരമായ യാത്രകളിൽ ഏർപ്പെട്ടു. അഞ്ചുതെങ്ങിൽനിന്നും വള്ളത്തിൽ കയറിയും കാൽനടയായുംഅദ്ദേഹം ദിനേന തിരുവനന്തപുരത്തെത്തിയാണ് സ്വദേശാഭിമാനിയുടെ പ്രസിദ്ധീകരണത്തിന് വേണ്ടി പ്രവർത്തിച്ചത്. മുസ്‌ലിം ഐക്യസംഘത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂരിൽ അദ്ദേഹത്തിന്റെ സാന്നിധ്യം സജീവമായിരുന്നു.

തിരുവിതാംകൂറിൽ സംഘടന കെട്ടിപ്പെടുക്കുന്നതിനും യുവാക്കളെ സജീവമായി ദീനി പ്രവർത്തനങ്ങളിലേക്കാകർഷിക്കന്നതിനും വേണ്ടി അദ്ദേഹം നിരന്തരം യോഗങ്ങൾ സംഘടിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടാക്കാൻ സമ്പന്നരെ ബോധവൽക്കരിക്കുകയും നിർബന്ധിക്കുകയും ചെയ്തു. ഈ തിരക്കുകൾക്കിടയിലാണ് പ്രസിദ്ധീകരണ രംഗത്ത് അദ്ദേഹം കൈവരിച്ച നേട്ടങ്ങൾ. സ്വദേശാഭിമാനിയെന്ന പത്രം സമുദായ നവോത്ഥാനത്തിനുവേണ്ടി മാത്രമല്ല, തിരുവിതാംകൂറിൽ നിലനിന്നിരുന്ന രാജഭരണത്തിന്റെയും ദിവാൻ ഭരണത്തിന്റെയും ഏകാധിപത്യത്തിനെതിരെയുള്ള പോരാട്ടംകൂടിയായിരുന്നു. അദ്ദേഹമാരംഭിച്ച എല്ലാ പ്രസിദ്ധീകരണങ്ങളും സാമ്പത്തികമായി അദ്ദേഹത്തെ തകർത്തു. സ്വദേശാഭിമാനി നിരോധിക്കപ്പെട്ടു. പ്രസ്സ് സർക്കാർ കണ്ടുകെട്ടി. മുസ്‌ലിം, ദീപിക, അൽഇസ്‌ലാം എന്നീ പ്രസിദ്ധീകരണങ്ങളെല്ലാം സാമ്പത്തിക ബാധ്യത കാരണം അടച്ചുപൂട്ടേണ്ടിവന്നു. പരമ്പരാഗതമായി കിട്ടിയ സമ്പത്ത് പൂർണമായും പൊതുപ്രവർത്തനത്തിനുവേണ്ടി വിനിയോഗിക്കേണ്ടിവന്നു. ഇതെല്ലാം നഷ്ടപ്പെട്ടതിൽ അൽപമെങ്കിലും ദുഃഖിക്കുവാനോ അവ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളിലേർപ്പെടാനോ അദ്ദേഹംതുനിയാതിരുന്നത് ഏറെ അത്ഭുതകരമാണ്. അവിശ്വസനീയമായ ഒരു യാഥാർഥ്യമാണത്.

കുടുംബ സ്വത്തും സ്വാർജിത സമ്പത്തും പൂർണമായും സാമുദായിക സേവനത്തിനായി ചെലവഴിച്ച അദ്ദേഹം അവസാനത്തെ നാളുകളിൽ സാമ്പത്തിക പ്രയാസങ്ങൾക്ക് വിധേയനായിരുന്നു. സംതൃപ്തിയോടെയാണ് അദ്ദേഹം 59ാമത്തെ വയസ്സിൽ വിടവാങ്ങിയത്. ആഗ്രഹിച്ചതെല്ലാം പൂർണമായും സമുദായത്തിനും സമൂഹത്തിനും നൽകുവാൻ കഴിഞ്ഞില്ലല്ലോയെന്ന ചിന്ത അദ്ദേഹത്തെ അലട്ടിയിട്ടുണ്ടാവും.

വക്കം മൗലവി തുടങ്ങിവച്ച മുസ്‌ലിം നവോത്ഥാനത്തിന്റെ പാത പിന്തുടർന്ന് മലബാറിൽ പ്രവർത്തിച്ചത് കെ.എം.മൗലവിയായിരുന്നു. മുസ്‌ലിം ഐക്യസംഘത്തിന്റെ പ്രവർത്തനത്തിലൂടെയാണ് അവർ പരസ്പരം കൂടുതൽ ബന്ധപ്പെട്ടത്. മലബാറിൽ ശക്തമായിരുന്ന പൗരോഹിത്യത്തിനെതിരിൽ ആഞ്ഞടിച്ചുകൊണ്ടാണ് കെ.എം.മൗലവി പ്രവർത്തിച്ചത്. വിശുദ്ധ ക്വുർആൻ പരിഭാഷപ്പെടുത്തി, അതിന്റെ ആശയങ്ങൾ സാധാരണക്കാരുടെയിടയിൽ പ്രചരിപ്പിക്കുന്നതിന് വടക്കെ മലബാറിൽ നേതൃത്വം നൽകിയത് മൗലവി സാഹിബായിരുന്ന. വക്കം മൗലവി തുടങ്ങിവച്ച മേഖലകളിലെല്ലാം കെ.എം.മൗലവി സജീവമായി പ്രവർത്തിച്ചു. 1922-ലെ ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് മലബാറിൽ കെ.എം.മൗലവിക്കെതിരെ അറസ്റ്റ്‌വാറണ്ട് പ്രഖ്യാപിക്കപ്പെട്ടപ്പോൾ, ഏറെ നാൾ അദ്ദേഹം തിരുവനന്തപുരത്ത് വക്കം മൗലവിയുടെ ഭവനത്തിൽ താമസിക്കുകയുണ്ടായി. കേരളത്തിലെ മുസ്‌ലിം നവോത്ഥാന ചരിത്രത്തിൽ വക്കം മൗലവിയുടെ മലബാറിലെ പൂരണമായിരുന്നു മഹാനായ കെ.എം.മൗലവി സാഹിബ്. ഉത്തമനായ മുൻഗാമിക്ക് എറ്റവും അനുയോജ്യനായ പിൻഗാമി.

ആശയപരമായ അഭിപ്രായാന്തരങ്ങളുണ്ടാവുന്നത് ചിന്തിക്കുന്നവരുടെയിടയിൽ സ്വാഭാവികമാണല്ലോ. എന്നാൽ വ്യത്യസ്ത ചിന്താഗതി വച്ചുപുലർത്തുന്നവരോട് അസഹിഷ്ണുത ഭാവിക്കുകയും അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്യുന്നതിൽ ആത്മസംതൃപ്തി കണ്ടെത്തുന്നവരുമുണ്ട്. അവർ വാദപ്രതിവാദങ്ങൾക്ക് തയ്യാറാവുകയില്ല. വ്യത്യസ്താഭിപ്രായമുള്ളവരെ പരസ്യമായി അധിക്ഷേപിക്കുക, അസംതൃപ്തി പ്രകടിപ്പിക്കുക, വീണുകിട്ടുന്ന അവസരങ്ങളൊക്കെ അതിനുവേണ്ടി ഉപയോഗിക്കുക... ഇത്തരക്കാരിൽനിന്നും എനിക്ക് ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മറ്റ് മതവിഭാഗങ്ങളിൽ ഉള്ളവരുൾപ്പെടെയുള്ള ഒരു പ്രസംഗവേദിയിൽവച്ച് ഞാൻ പ്രസംഗത്തിനിടയിൽ തിരുവിതാംകൂറിലുണ്ടായ മുസ്‌ലിം നവോത്ഥാന പ്രവർത്തനങ്ങളുടെ ഫലമായി വിദ്യാഭ്യാസരംഗത്ത് സമുദായത്തിലുണ്ടായ മുന്നേറ്റങ്ങളെക്കുറിച്ച് പരാമർശിച്ചപ്പോൾ, ആ പുരോഗതിക്ക ് വക്കം മൗലവിയുടെ പ്രവർത്തനങ്ങൾ വളരെയേറെ സഹായകരമായിരുന്നുവെന്ന് ഞാൻ പറഞ്ഞു.

അത് ഒരു പ്രകോപനപരമായ പ്രസ്താവനയല്ല. എനിക്ക് ശേഷം പ്രസംഗിക്കുവാനുള്ള മറ്റൊരാളുടെ അവസരം ചോദിച്ചുവാങ്ങി, എനിക്ക് മറുപടി പറയാൻ വേണ്ടി മാത്രം ഒരു യുവപ്രസംഗകൻ മൈക്കിന്റെ മുന്നിലെത്തി. അയാൾ പറഞ്ഞുതുടങ്ങിയത് തന്നെ ഇപ്രകാരമാണ്: ‘എനിക്ക് മുൻപ് പ്രസംഗിച്ച മാന്യദേഹം പറഞ്ഞ ചില കാര്യങ്ങൾക്ക് മറുപടി പറയാതിരുന്നാൽ അതൊരു സമുദായ ദ്രോഹമായിരിക്കുമെന്നുള്ളതു കൊണ്ടാണ് ഞാൻ എന്റെ വാക്കുകൾ ആരംഭിക്കുന്നത്. തിരുവിതാംകൂറിൽ വഹാബിസം പ്രചരിപ്പിക്കുകവഴി വക്കം അബ്ദുൽഖാദറിനെപ്പോലെയുള്ളവർ സമുദായത്തെ വഴിതെറ്റിക്കുകയാണുണ്ടായത്...’ ഇങ്ങനെ തുടങ്ങി, അയാളുടെ പ്രസംഗം നാൽപത് മിനുട്ടുകളോളം തുടർന്നു. എന്തോ ഒരു വലിയകാര്യം ചെയ്തുതീർത്ത സംതൃപ്തിയോടെയാണ് അയാൾ പ്രസംഗം അവസാനിപ്പിച്ചത്.

പ്രാദേശികമായി നിലനിൽക്കുന്ന ചില പാരമ്പര്യ സ്വഭാവങ്ങളിൽനിന്നും മുക്തി നേടുവാൻ പ്രയാസമനുഭവിക്കുന്നത് സ്വാഭാവികമാണ്. വിമർശകരാണ് സ്വാഗതം ചെയ്യുന്നവരെക്കാൾ എപ്പോഴും കൂടുതൽ. പ്രവാചകന്മാർക്കും ഇതേ അനുഭവങ്ങളായിരുന്നു. സമൂഹത്തിൽ ശക്തിപ്രാപിച്ചതുകൊണ്ടു മാത്രം ദുഷിച്ച ആചാരാനുഷ്ഠാനങ്ങളെ തുടരാനനുവദിച്ചാൽ അത് മനുഷ്യപുരോഗതിയെ തടസ്സപ്പെടുത്തുകയാണ് ചെയ്യുക. അത്തരം എതിർപ്പുകളെ അതിജീവിക്കുവാനുള്ള ശ്രമങ്ങളാണ് വിപ്ലവാത്മകമായ പരിവർത്തനങ്ങൾക്ക് വഴിയൊരുക്കുന്നത്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ സഹനതയോടെ കേൾക്കുവാനും അതിൽ സത്യമുണ്ടെങ്കിൽഅത് അംഗീകരിക്കുവാനുമുള്ള വിശാല മനസ്സ് അന്യമായിക്കൊണ്ടിരിക്കുകയാണ്.

ലോകം മുഴുവൻ സസൂക്ഷ്മം വീക്ഷിക്കുന്ന ഇസ്‌ലാമിലെ ആധുനിക പ്രവണതകളെ തികച്ചും അസ്വസ്ഥ ജനകമായ ദിശകളിലേക്ക് നയിക്കുന്ന കാഴ്ചയാണ് ഇന്ന് നമുക്ക് കാണുവാൻ കഴിയുന്നത്. പാശ്ചാത്യൻ രാജ്യങ്ങളിൽ ഇസ്‌ലാമിൽ അഭയം കണ്ടെത്തുന്നവന്നവടെ എണ്ണം അനുദിനം വർധിക്കുകയാണ്. അത്തരം വ്യക്തികളിൽ പോലും സംശത്തിന്റെ വിത്തുകൾ വിതക്കുന്ന രീതിയിലുള്ള സാഹചര്യങ്ങളാണ് നിലവിൽ ‘ഇസ്‌ലാമിക്‌സ്റ്റേറ്റ്’ പോലെയുള്ള പ്രസ്ഥാനങ്ങളിലൂടെ പ്രകടമാകുന്നത്.

മഹത്തായ ഇസ്‌ലാമിക വിശ്വാസപ്രമാണങ്ങളെ കാലാതീതമായി, അതിന്റെ മൗലികമായ സവിശേഷതകളോടെ സംരക്ഷിക്കുവാനുള്ള ശ്രമങ്ങൾക്കാണ് ഇബ്‌നു അബ്ദുൽവഹാബ് തുടക്കമിട്ടത്. മതമൗലികവാദമെന്ന പ്രയോഗംതന്നെ ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്. കാരണം അടിസ്ഥാന പ്രമാണങ്ങളിൽ മാറ്റംവരുത്തുന്ന ഒരു പ്രത്യയശാസ്ത്രമല്ല ക്വുർആനിലൂടെ അവതീർണമായിട്ടുള്ളത്. പ്രാദേശിക ആചാരാനുഷ്ഠാനങ്ങളിലൂടെയും സ്ഥലകാലങ്ങൾക്കനുസരിച്ചുള്ള പരിവർത്തനങ്ങളിലൂടെയും കടന്നുപോകുന്ന പ്രക്രിയകൾക്ക് വിധേയമാകുവാൻ ക്വുർആനിന് കഴിയുകയില്ല.

ആരെങ്കിലും സ്ഥാപിതതാൽപര്യങ്ങൾ സംരക്ഷിക്കുവാൻ ക്വുർആനിലെ വചനങ്ങളിൽ എന്തെങ്കിലും മാറ്റമോ ദുർവ്യാഖ്യാനമോ നടത്തിയാൽ അയാൾ ചെയ്യുന്നത് കൊടും പാതകമാണെന്നും അല്ലാഹുവിന്റെ കഠിനമായ ശിക്ഷക്ക് അയാൾ ഇരയാകുമെന്നും ഇബ്‌നു അബ്ദുൽവഹാബ് ഉദ്‌ബോധിപ്പിച്ചു.