നോമ്പ്; തിന്മകളെ പ്രതിരോധിക്കുന്ന പരിച

ഉസ്മാന്‍ പാലക്കാഴി

2023 മാർച്ച് 25, 1444 റമദാൻ 2

ആത്മാർഥതയില്ലെങ്കിൽ ആരാധനാകർമങ്ങളിൽ മായം കലരുന്നത് സ്വാഭാവികം. പൈശാചിക പ്രലോഭനങ്ങൾ അതിന് ആക്കം കൂട്ടുകയും ചെയ്യും. എന്നാൽ ദേഹേച്ഛയോടും ഭൗതിക തൃഷ്ണകളോടും ഒരുപോലെ യുദ്ധം ചെയ്ത് പൂർത്തീകരിക്കുന്ന ആരാധനയെന്ന നിലയ്ക്ക് നോമ്പിന് സവിശേഷതകൾ ഏറെയുണ്ട്. നന്മകളുടെ ഉറവ എന്നതിനൊപ്പം തിന്മകൾക്കെതിരെയുള്ള പരിച കൂടെയായി നോമ്പ് മാറുന്നത് അപ്പോഴാണ്.

അതിപുരാതനകാലം മുതൽക്കേ ലോകത്തെങ്ങുമുള്ള ജനവിഭാഗങ്ങളിൽ ഏതെങ്കിലുമൊരു വിധത്തിലുള്ള വ്രതാനുഷ്ഠാനം നിലനിന്നുപോന്നതായി കരുതപ്പെടുന്നു. വിവിധ മതക്കാർക്കിടയിൽ വ്യത്യസ്ത രൂപങ്ങളിൽ ഇന്നും വ്രതാനുഷ്ഠാനം നിലവിലുണ്ട്. എന്നാൽ ഇസ്‌ലാം അനുശാസിക്കുന്ന വിധത്തിലുള്ള കണിശതയും ഉദ്ദേശ്യലക്ഷ്യങ്ങളും ഫലങ്ങളുമുള്ള ഒരു നിർബന്ധ കർമമായി വ്രതാനുഷ്ഠാനത്തെ മറ്റൊരു മതവും കാണുന്നില്ല. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ നോമ്പ് ഇസ്‌ലാമിക ശരീഅത്തിലെ നിർബന്ധ ശാസനകളിൽ പെട്ട ഒന്നാണ്. ഇസ്‌ലാം വരച്ചുകാണിക്കുന്ന വ്രതത്തിന്റെ രൂപം തികച്ചും സമ്പൂർണമാണ്; ഏത് നിലയ്ക്കും.

ഇബ്‌നു ഉമർ(റ) നിവേദനം. നബി ﷺ പറഞ്ഞു: “ഇസ്‌ലാം സ്ഥാപിതമായിരിക്കുന്നത് അഞ്ചു കാര്യങ്ങളിന്മേലാണ്: ‘അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല, മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാകുന്നു’ എന്ന സത്യസാക്ഷ്യ വചനം, നമസ്‌കാരം മുറപോലെ നിർവഹിക്കൽ, സകാത്ത് നൽകൽ, ഹജ്ജ് നിർവഹിക്കൽ, നോമ്പ് നോൽക്കൽ എന്നിവയാണവ’’ (ബുഖാരി, മുസ്‌ലിം).

നോമ്പ് മുഹമ്മദ് നബി ﷺ യുടെ സമൂഹത്തിന് മാത്രം നിർബന്ധമാക്കപ്പെട്ട ഒരു ആരാധനയല്ലെന്നും അത് മുൻഗാമികൾക്കും നിർബന്ധമാക്കപ്പെട്ടിരുന്നുവെന്നും അല്ലാഹു അറിയിക്കുന്നുണ്ട്.

അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങൾക്കു മുമ്പുള്ളവർക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടതുപോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടിയത്രെ അത്’’ (2:183).

വ്രതാനുഷ്ഠാനം ദോഷബാധയെ സൂക്ഷിക്കുന്നതിന്ന് വിശ്വാസികളെ സജ്ജമാക്കുന്നു. ദൈവഹിതത്തെ മാത്രം മാനിച്ചുകൊണ്ട് ആഹാരപാനീയങ്ങൾ വെടിയുകയും വികാരങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്ന ഒരാളിൽ ദൈവബോധവും സൂക്ഷ്മതയും വർധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. സദാസമയവും താൻ ദൈവത്താൽ നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന ബോധം മാത്രമാണല്ലോ രഹസ്യവും പരസ്യവുമായി ഭക്ഷണ പാനീയങ്ങൾ ഉപയോഗിക്കുന്നതിൽനിന്നും ലൈംഗികബന്ധത്തിൽനിന്നും ഒഴിഞ്ഞുനിൽക്കാൻ അവനെ പ്രേരിപ്പിക്കുന്നത്. പരലോകബോധമില്ലായിരുന്നുവെങ്കിൽ രഹസ്യമായെങ്കിലും അവൻ തിന്നുകയും കുടിക്കുകയും വികാരപൂർത്തീകരണം സാധിക്കുകയും ചെയ്യുമായിരുന്നു. ഇതു ചെയ്യാതെ ഒരു മാസക്കാലം തുടർച്ചയായി ഉപവസിക്കുന്ന ഒരാളിൽ ദൈവബോധവും സൂക്ഷ്മതയും വളർന്നുവരികയും ജീവിതത്തിൽ ഉടനീളം ദോഷബാധയെ സൂക്ഷിക്കുവാൻ അയാൾ സന്നദ്ധനാവുകയും ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടാണ് വ്രതാനുഷ്ഠാനം നിർബന്ധമാക്കിക്കൊണ്ടുള്ള കൽപനയിൽ ‘നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടിയത്രെ അത്’ എന്ന് വിശുദ്ധ ക്വുർആൻ പറഞ്ഞിരിക്കുന്നത്.

അല്ലാഹുവിന്റെ മതത്തിന്റെ നിയമനിർദേശങ്ങൾ പാലിച്ചുകൊണ്ടും നരകത്തെ ഭയന്നും സ്വർഗത്തിൽ പ്രതീക്ഷയർപ്പിച്ചുമുള്ള, സൂക്ഷ്മത പുലർത്തിക്കൊണ്ടുള്ള ജീവിതം നയിക്കുവാൻ നോമ്പ് മനുഷ്യനെ സഹായിക്കുന്നു എന്നർഥം.

നോമ്പനുഷ്ഠിക്കുവാൻ സാധിക്കാത്തവർക്ക് കാരുണ്യവാനായ സ്രഷ്ടാവ് ഇളവു നൽകിയിട്ടുമുണ്ട്. അല്ലാഹു പറയുന്നു:

“എണ്ണപ്പെട്ട ഏതാനും ദിവസങ്ങളിൽ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താൽ മറ്റു ദിവസങ്ങളിൽ അത്രയും എണ്ണം നോമ്പുകൾ വീട്ടേണ്ടതാണ്. ഞെരുക്കത്തോടെയല്ലാതെ നോമ്പെടുക്കാൻ സാധിക്കാത്തവർ ഒരു ദരിദ്രനുള്ള ഭക്ഷണം പ്രായച്ഛിത്തമായി നൽകേണ്ടതാണ്. എന്നാൽ ആരെങ്കിലും സ്വയം താൽപര്യമെടുത്ത് കൂടുതൽ നന്മ ചെയ്യുന്നുവെങ്കിൽ അതു ഗുണകരം തന്നെ, നിങ്ങൾ നോമ്പനുഷ്ഠിക്കുന്നതാകുന്നു കാര്യം നന്നായി മനസ്സിലാക്കുന്നുവെങ്കിൽ നിങ്ങൾക്കു നല്ലത്’’ (2:184).

റമദാനിലെ നോമ്പിന്റെ ശ്രേഷ്ഠത

ഐച്ഛികമായ നോമ്പും നിർബന്ധ നോമ്പുമുണ്ട്. റമദാനിലെ നോമ്പ് നിർബന്ധമായതാണ്. നോമ്പുകൊണ്ട് ആരോഗ്യപരമായ പല നേട്ടങ്ങളുമുണ്ട്. എന്നാൽ ഒരാൾ നോമ്പനുഷ്ഠിക്കുന്നതിന്റെ ലക്ഷ്യം അതായിക്കൂടാ. അത് സ്വാഭാവികമായും ലഭിച്ചേക്കാവുന്ന ഒരു നേട്ടമാണ്. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തോടെയും അവൻ വാഗ്ദാനം ചെയ്തിട്ടുള്ള പ്രതിഫലം ആഗ്രഹിച്ചുകൊണ്ടുമായിരിക്കണം നോമ്പനുഷ്ഠിക്കുന്നത്. അങ്ങനെയുള്ള നോമ്പുകാരന്റെ മുൻകാല പാപങ്ങൾ പൊറുക്കെപ്പടുമെന്ന സന്തോഷവാർത്ത നബി ﷺ നൽകിയിട്ടുണ്ട്.

അബൂഹുറയ്‌റ(റ) നിവേദനം. നബി ﷺ പറഞ്ഞു: “വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും ആരെങ്കിലും റമദാനിലെ നോമ്പ് അനുഷ്ഠിച്ചാൽ അവന്റെ മുൻകാല പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്...’’ (ബുഖാരി, മുസ്‌ലിം).

നോമ്പ് തിന്മകളെ തടുക്കുന്ന ഒരു പരിചയാണ്; അങ്ങനെയായിരിക്കണം. നോമ്പിന്റെ പ്രതിഫലം നഷ്ടപ്പെടുത്തിക്കളയുന്ന തരത്തിലുള്ള ഒരു പ്രവൃത്തിയും സംസാരവും ഉണ്ടായിക്കൂടാ.

നബി ﷺ പറഞ്ഞു: “യുവ സമൂഹമേ, നിങ്ങളിൽ ആർക്കെങ്കിലും വിവാഹത്തിന് സൗകര്യപ്പെട്ടാൽ വൈകാതെ അവൻ വിവാഹിതനാകട്ടെ. കാരണം വിവാഹം (വിലക്കപ്പെട്ട നോട്ടങ്ങളിൽനിന്ന്) കണ്ണിനെ താഴ്ത്തിക്കുന്നതും ഗുഹ്യാവയവത്തെ ഏറ്റവും നന്നായി സംരക്ഷിക്കുന്നതുമാണ്. എന്നാൽ ആർക്കെങ്കിലും വിവാഹം ചെയ്യാൻ സാധിക്കാതെ വന്നാൽ അവൻ നോമ്പ് മുറുകെ പിടിക്കട്ടെ. കാരണം നോമ്പ് അവന് ഒരു വികാരശമനിയാകുന്നു’(ബുഖാരി, മുസ്‌ലിം).

വിവാഹം കഴിക്കാനുള്ള ആഗ്രഹമുണ്ടായിട്ടും വിവിധകാരണങ്ങളാൽ അതിന് സാധിക്കാത്തവരോട് നോമ്പനുഷ്ഠിക്കാൻ നിർദേശിച്ചതിലൂടെ നോമ്പ് നല്ലൊരു ലൈംഗികവികാര ശമനിയാണെന്ന് പ്രവാചകൻ ﷺ പഠിപ്പിക്കുകയാണ് ചെയ്യുന്നത്.

നബി ﷺ പറഞ്ഞു: “അല്ലാഹുവിന്റെ മാർഗത്തിലായിരിക്കെ ആരെങ്കിലും ഒരു ദിവസം നോമ്പനുഷ്ഠിച്ചാൽ അവനും നരകത്തിനുമിടയിൽ ആകാശ ഭൂമികൾക്കിടയിലെ അകലത്തോളം വിശാലമായ ഒരു കിടങ്ങ് അല്ലാഹു തീർക്കുന്നതാണ്’’ (തിർമിദി).

നബി ﷺ പറഞ്ഞു: “നോമ്പ് ഒരു പരിചയാണ്. നോമ്പുകാരൻ അതുപയോഗിച്ച് നരകത്തിൽനിന്ന് പരിരക്ഷ നേടുന്നു’’ (അഹ്‌മദ്).

അബൂഹുറയ്‌റ(റ) നിവേദനം. നബി ﷺ പറഞ്ഞു: “അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘മനുഷ്യന്റെ മുഴുവൻ കർമങ്ങളും അവനുള്ളതാകുന്നു. നോമ്പൊഴികെ. അത് എനിക്കുള്ളതാണ്. ഞാൻ അതിന് പ്രതിഫലം നൽകുകയും ചെയ്യും. നോമ്പ് ഒരു പരിചയാണ്്. അതിനാൽ നിങ്ങളിലൊരാളും നോമ്പിന്റെ ദിനത്തിൽ അസഭ്യം പറയുകയോ കലഹിക്കുകയോ ചെയ്യരുത്. ആരെങ്കിലും തന്നോട് ചീത്ത പറയുകയോ കലഹിക്കുകയോ ചെയ്താൽ ‘ഞാൻ നോമ്പുകാരനാണെ’ന്ന് അവൻ പറയട്ടെ. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം, നോമ്പെടുക്കുകവഴി നോമ്പുകാരന്റെ വായിൽനിന്നുന്ന ഗന്ധം അന്ത്യനാളിൽ അല്ലാഹുവിന്റെയടുക്കൽ കസ്തൂരിയെക്കാൾ സുഗന്ധമുള്ളതായിരിക്കും. നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്. ഒന്ന് നോമ്പ് തുറക്കുമ്പോഴും മറ്റൊന്ന് അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴും’’ (ബുഖാരി, മുസ്‌ലിം).

നോമ്പും ക്വുർആനും ശുപാർശ ചെയ്യും

നബി ﷺ പറഞ്ഞു: “നോമ്പും ക്വുർആനും അന്ത്യനാളിൽ അതിന്റെയാളുകൾക്ക് ശുപാർശകരായി വരുന്നതാണ്. നോമ്പ് പറയും: ‘നാഥാ, ഞാൻ ഇയാളെ അന്നപാനീയങ്ങളിൽനിന്നും തടഞ്ഞുനിർത്തി. അതിനാൽ ഇയാളുടെ കാര്യത്തിൽ എന്റെ ശുപാർശ സ്വീകരിച്ചാലും!’ ക്വുർആൻ പറയും: ‘നാഥാ, ഇയാളെ രാത്രികാല നിദ്രകളിൽ നിന്നും ഞാൻ തടഞ്ഞു. അതിനാൽ ഇയാളുടെ കാര്യത്തിൽ എന്റെ ശുപാർശ സ്വീകരിച്ചാലും.’ തുടർന്ന് അവയുടെ ശുപാർശകൾ സ്വീകരിക്കപ്പെടുന്നതാണ്.

‘റയ്യാൻ,’ നോമ്പുകർക്ക് മാത്രമുള്ള സ്വർഗ കവാടം

സഅ്‌ലുബ്‌നു സഅ്ദ്(റ) നിവേദനം. നബി ﷺ അരുളി: “റയ്യാൻ എന്നു പേരുള്ള ഒരു കവാടം സ്വർഗത്തിലുണ്ട്. അത് നോമ്പുകാർക്കുള്ളതാണ്. അന്ത്യനാളിൽ നോമ്പുകാർ അതിലൂടെ പ്രവേശിക്കുന്നതാണ്. നോമ്പുകാരല്ലാതെ അവരോടൊപ്പം (അതിലൂടെ) ആരും പ്രവേശിക്കുന്നതല്ല. (ആ കവാടത്തിന്റെയടുത്ത് നിന്നും) ഇപ്രകാരം വിളിച്ചുപറയപ്പെടും: ‘എവിടെ നോമ്പുകാർ?’ അങ്ങനെ അവർ മാത്രം പ്രവേശിക്കും. അവർ പ്രവേശിച്ചുകഴിഞ്ഞാൽ ആ കവാടം അടക്കപ്പെടും. പിന്നീട് ഒരാളെയും അതിലൂടെ കടത്തിവിടുകയില്ല’’(ബുഖാരി, മുസ്‌ലിം).

നോമ്പും മാസപ്പിറവിയും

റമദാൻ മാസത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള ചന്ദ്രോദയത്തോടെയാണ് നോമ്പ് ആരംഭിക്കുന്നത്. അബൂഹുറയ്‌റ(റ) നിവേദനം. നബി ﷺ പറഞ്ഞു: “മാസപ്പിറവി കാണുന്നതു പ്രകാരം നിങ്ങൾ നോമ്പ് അനുഷ്ഠിക്കുകയും മാസം കണ്ടാൽ നിങ്ങൾ നോമ്പ് മുറിക്കുകയും ചെയ്യുക. മേഘംമൂലമോ മറ്റോ കാണാൻ കഴിയാതെ പോയാൽ നിങ്ങൾ മാസം മുപ്പതായി ഗണിക്കുക’’ (ബുഖാരി, മുസ്‌ലിം).

നീതിമാനായ ഒരാളെങ്കിലും മാസപ്പിറവി കണ്ടുവെന്ന് സാക്ഷ്യപ്പെടുത്തുകവഴിയോ ശഅ്ബാൻ മുപ്പതു പൂർത്തിയാക്കൽ വഴിയോ ആണ് റമദാൻ സ്ഥിരപ്പെടുന്നത്.

ഇബ്‌നു ഉമർ(റ) നിവേദനം: “ജനങ്ങൾ മാസപ്പിറവി കാണാൻ ഒരുമിച്ചുകൂടുകയും അങ്ങനെ ഞാൻ പിറവി ദർശിക്കുകയും നബി ﷺ യെ അറിയിക്കുകയും ചെയ്തു. അതനുസരിച്ച് നബി ﷺ നോമ്പ് എടുക്കുകയും നോമ്പ് പിടിക്കാൻ ആളുകളോട് നിർദേശിക്കുകയും ചെയ്തു’’ (അബൂദാവൂദ്).

ആകാശം മേഘാവൃതമായതിനാലോ മറ്റോ പിറവി ദർശിക്കാതിരിക്കുകയാണെങ്കിൽ ശഅ്ബാ ൻ മുപ്പതായി ഗണിക്കുകയും പിന്നീട് നോമ്പ് തുടങ്ങുകയുമാണ് വേണ്ടത്.

ആർക്കെല്ലാമാണ് റമദാനിലെ നോമ്പ് നിർബന്ധം?

പ്രായപൂർത്തിയായ, ബുദ്ധിയും ആരോഗ്യവുമുള്ള ഓരോ വിശ്വാസിക്കും നോമ്പ് നിർബന്ധമാണ്. ആർത്തവകാരികളും പ്രസവാനന്തരം രക്തസ്രാവമുള്ളവരും നോമ്പെടുക്കേണ്ടതില്ലെന്നതിന് താഴെ പറയുന്ന ഹദീസ് രേഖയാണ്:

അബൂസഈദുൽ ഖുദ്‌രി(റ) നിവേദനം, നബി ﷺ പറഞ്ഞു: “സ്ത്രീകൾ ആർത്തവ-പ്രസവ സമയങ്ങളിൽ നമസ്‌കാരവും നോമ്പും പിടിക്കാൻ പാടില്ലല്ലോ, അതാണ് അവർക്ക് മതത്തിലുള്ള കുറവ്’’ (മുസ്‌ലിം).

അവർ അത്തരം സമയങ്ങളിൽ നോമ്പ് അനുഷ്ഠിച്ചാൽ അത് മതിയാവുകയില്ല. കാരണം ആർത്തവ-പ്രസവരക്ത സ്രാവങ്ങളിൽനിന്നു ശുദ്ധിയായിരിക്കുക എന്നത് നോമ്പിന്റെ നിബന്ധനകളിൽ പെട്ടതാണ്.

ആഇശ(റ) പറഞ്ഞു: “ഞങ്ങൾക്ക് നബി ﷺ യുടെ കാലത്ത് ആർത്തവമുണ്ടായാൽ നോമ്പ് പിന്നീട് നോറ്റുവീട്ടുവാൻ ഞങ്ങളോട് കൽപിക്കുമായിരുന്നു. നമസ്‌കാരം വീട്ടാൻ കൽപിക്കാറുണ്ടായിരുന്നില്ല’’(ബുഖാരി).

നിയ്യത്ത്

‘കർമങ്ങൾക്കെല്ലാം പ്രതിഫലം നിൽകപ്പെടുക ഉദ്ദേശ്യശുദ്ധിക്കനുസരിച്ചു മാത്രമാണ്’ എന്ന് നബി ﷺ ഓർമപ്പെടുത്തിയിട്ടുണ്ട്.

റമദാനിലെ നോമ്പിന് ഓരോ ദിവസവും പ്രഭാതോദയത്തിനു മുമ്പു തന്നെ നിയ്യത്ത് ചെയ്യേണ്ടതാണ്. ഹഫ്‌സ(റ) നിവേദനം. നബി ﷺ പറഞ്ഞു: “പ്രഭാതോദയത്തിന് മുമ്പായി നിയ്യത്ത് ചെയ്യാത്തവരുടെ നോമ്പ് സാധുവല്ല’’ (അബൂദാവൂദ്, തിർമിദി). എന്നാൽ നിയ്യത്ത് ചൊല്ലിക്കൊടുക്കലും ഏറ്റുപറയലുമൊന്നും നബിചര്യയിൽ പെട്ടതല്ല.

അത്താഴം

അനസ്(റ) നിവേദനം. നബി ﷺ പറഞ്ഞു: “നിങ്ങൾ അത്താഴം കഴിക്കുക, നിശ്ചയമായും അതിൽ അനുഗ്രഹമുണ്ട്’’ (ബുഖാരി, മുസ്‌ലിം).

അൽപം വെള്ളം മാത്രമെ കുടിക്കുന്നുള്ളൂ എങ്കിൽ പോലും അത്താഴം കഴിച്ചവനായി മാറുന്നതാണ്.

ഇബ്‌നു ഉമർ(റ) നിവേദനം: “നിങ്ങൾ അൽപം വെള്ളം കുടിച്ചുകൊണ്ടെങ്കിലും അത്താഴം കഴിക്കുക’’ (അൽജാമിഅ്, ഇബ്‌നുഹിബ്ബാൻ).

അത്താഴം പരമാവധി പിന്തിപ്പിക്കുന്നതാണ് സുന്നത്ത്.

സൈദ് ബിൻ സാബിത്(റ) നിവേദനം: “ഞങ്ങൾ നബി ﷺ യോടൊന്നിച്ച് അത്താഴം കഴിക്കുകയും സുബ്ഹി നമസ്‌കരിക്കുകയും ചെയ്തു. അപ്പോൾ അനസ്(റ) ചോദിച്ചു: ‘അത്താഴത്തിനും ബാങ്കിനുമിടയിൽ എത്ര സമയം ഉണ്ടായിരുന്നു?’ സൈദ്(റ) പറഞ്ഞു: ‘അമ്പത് ആയത്തുകൾ പാരായണം ചെയ്യുവാനുള്ളത്ര സമയം’’ (ബുഖാരി, മുസ്‌ലിം).

നോമ്പ് തുറക്കേണ്ടതെപ്പോൾ?

അല്ലാഹു പറയുന്നു: ‘...പിന്നെ നിങ്ങൾ രാത്രിവരെ നോമ്പ് പൂർത്തിയാക്കുക...’ (2:187). ഇതിന്റെ താൽപര്യം രാത്രിയുടെ ആഗമനവും പകലിന്റെ പിൻവാങ്ങലും സൂര്യന്റെ അസ്തമയവുമാണ്. സൂര്യൻ അസ്തമിച്ചാലുടൻ നോമ്പ് അവസാനിപ്പിക്കേണ്ടതാണ്.

നോമ്പ് തുറക്കുവാൻ തിടുക്കം കാണിക്കൽ

സഹ്ൽബിൻ സഅദ്(റ) നിവേദനം; നബി ﷺ പറഞ്ഞു: “നോമ്പ് തുറക്കാൻ തിടുക്കം കാണിക്കുന്ന കാലമത്രയും ജനങ്ങൾ നന്മയിൽ തന്നെയായിരിക്കും’’ (ബുഖാരി, മുസ്‌ലിം).

സലീമുൽ ഹിലാലി അലി ഹസൻ അൽഹലബി തന്റെ ‘സ്വിഫതു സൗമിന്നബി’ എന്ന ഗ്രന്ഥത്തിൽ എഴുതുന്നു:

“മുസ്‌ലിം സമുദായം നോമ്പുതുറക്കുന്നത് വേഗത്തിലാക്കുന്ന കാലമത്രയും അവർ റസൂലിന്റെ സുന്നത്തിലും സച്ചരിതരായ മുൻഗാമികളുടെ മാർഗത്തിലുമായിരിക്കുന്നതാണ്. അതിനെ അണപ്പല്ലുകൾകൊണ്ട് അവർ കടിച്ചുപിടിച്ചിരിക്കുന്ന കാലമത്രയും അല്ലാഹുവിന്റെ അനുമതിയാൽ അവർ വഴിപിഴക്കുകയില്ല.’’

“സത്യവിശ്വാസിയായ സുഹൃ ത്തേ, സൂര്യാസ്തമയം നിനക്ക് ബോധ്യമായാൽ വൈകാതെ നീ നോമ്പ് തുറക്കേണ്ടതാണ്. ആ സമയത്ത് ചക്രവാളത്തിൽ ബാക്കിയുള്ള ചുവപ്പുനിറത്തെ നീ പരിഗണിക്കേണ്ടതില്ല. ഇപ്രകാരം നീ പ്രവർത്തുക്കുന്നതിൽ നിന്റെ പ്രവാചകനെ പിന്തുടരലും ജൂതരോടും ക്രൈസ്തവരോടും എതിരാകലമുണ്ട്. അവർ സൂര്യനസ്തമിക്കുന്ന നേരത്ത് നോമ്പുതുറക്കാതെ നക്ഷത്രങ്ങൾ തെളിഞ്ഞു കാണപ്പെടുന്ന നേരത്തേക്ക് അതിനെ പിന്തിക്കാറാണ് പതിവ്. റസൂലിന്റെ മാർഗം പിൻപറ്റുന്നതിൽ മതത്തിന്റെ അടയാളങ്ങളെ പ്രകടമാക്കലുണ്ട്. മാത്രമല്ല ഇരുവർഗവും (ജിന്നുകളും മനുഷ്യരും) ഒന്നടങ്കം സ്വീകരിക്കണമെന്ന് നാം ആഗ്രഹിക്കുന്ന സന്മാർഗസരണി ലഭിച്ചതിലുള്ള അഭിമാനപകടനവും കൂടി അതിലുണ്ട്.’’

“ഉൾക്കാഴ്ചയോടെ അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന മുസ്‌ലിമേ, സൂര്യൻ അസ്തമിച്ചെന്ന് ഉറപ്പായാൽ നോമ്പ് തുറക്കാൻ തിടുക്കം കാണിക്കുന്നതിലാണ് പരിശുദ്ധ ഇസ്‌ലാമിന്റെ യശസ്സ് നിലകൊള്ളുന്നതെന്ന് താങ്കൾക്ക് മനസ്സിലായിരിക്കുമല്ലോ. എന്നാൽ ചിലയാളുകൾ പറഞ്ഞുനടക്കുന്നത് സൂര്യൻ അസ്തമിച്ചയുടൻ നോമ്പുതുറക്കുന്നത് കുഴപ്പത്തി(ഫിത്)ന് കാരണമാണെന്നും ഈ തിരുസുന്നത്തിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമവും അതിലേക്ക് ജനങ്ങളെ ക്ഷണിക്കലും വഴികേടിലേക്കും അജ്ഞതയിലേക്കുമുള്ള ക്ഷണമാണെന്നും മുസ്‌ലിംകളെ അവരുടെ മതത്തിൽനിന്ന് അകറ്റുന്നതുമാണ് എന്നുമൊക്കെയാണ്. അല്ലെങ്കിൽ അത് യാതൊരു വിലയുമില്ലാത്ത പ്രബോധനമാണെന്നും അവ കേവലം തർക്കപരവും ശാഖാപരവുമായ കാര്യങ്ങളായതിനാൽ അവകൊണ്ട് മുസ്‌ലിംകളെ ഏകോപിപ്പിക്കാൻ സാധ്യമല്ലെന്നുമാണ്.’’

അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം; നബി ﷺ പറഞ്ഞു: “നോമ്പുതുറക്കുന്ന വിഷയത്തിൽ (സമയമായാലുടൻ) ധൃതികാണിക്കുന്ന കാലത്തോളം ഇസ്‌ലാം പ്രകടമായി (അജയ്യമായി). കാരണം യഹൂദരും ക്രൈസ്തവരും അത് പിന്തിക്കുന്നവരാണ്’’ (അബൂദാവൂദ്, ഇബ്‌നുഹിബ്ബാൻ).

നോമ്പുതുറക്കൽ

അനസുബ്‌നു മാലിക്(റ) നിവേദനം: “നബി ﷺ നമസ്‌കരിക്കുന്നതിന് മുമ്പു തന്നെ ഏതാനും ഈന്തപ്പഴങ്ങൾ കൊണ്ട് നോമ്പ് തുറക്കുമായിരുന്നു. അതില്ലെങ്കിൽ കാരക്കകൊണ്ടും അതുമില്ലെങ്കിൽ അൽപം വെള്ളം കുടിച്ചുകൊണ്ടുമായിരുന്നു നോമ്പു തുറക്കാറുണ്ടായിരുന്നത്’’ (സ്വഹീഹുൽ ജാമിഅ്, അബൂദാവൂദ്).

കാരക്ക കഴിച്ചുകൊണ്ട് നോമ്പുതുറക്കാനും കാരക്ക ലഭിച്ചില്ലെങ്കിൽ വെള്ളംകുടിച്ച് നോമ്പു തുറക്കാനും നബി ﷺ പ്രേരിപ്പിക്കാറുണ്ടായിരുന്നു. പ്രവാചകന് സമുദായത്തോടുണ്ടായിരുന്ന ഗുണകാംക്ഷയും അവരുടെ നന്മയിലുണ്ടായിരുന്ന അത്യാർത്തിയും അനന്യമായ കൃപയുമാണ് ഈ നിർദേശത്തിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്.

ലോകർക്കാകമാനം അനുഗ്രഹമായി മുഹമ്മദ്‌നബി ﷺ യെ നിയോഗിച്ച ലോകരക്ഷിതാവ് പറയുന്നു: “തീർച്ചയായും നിങ്ങൾക്കിതാ നിങ്ങളിൽനിന്നുതന്നെയുള്ള ഒരു ദൂതൻ വന്നിരിക്കുന്നു. നിങ്ങൾ കഷ്ടപ്പെടുന്നത് സഹിക്കാൻ കഴിയാത്തവനും നിങ്ങടെ കാര്യത്തിൽ അതീവതാൽപര്യമുള്ളവനും സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാന് അദ്ദേഹം’’ (ക്വുർആൻ 9:128)

“ആമാശയം കാലിയായിരിക്കുന്ന വേളയിൽ ശരീരത്തിന് മധുരമുള്ള എന്തെങ്കിലും (ആദ്യമായി) നൽകുന്നത് ശരീരം അത് സ്വീകരിക്കുന്നതിനും അവയവങ്ങൾ അത് പ്രയോജനപ്പെടുത്തുന്നതിനും സഹായകരമാണ്. വിശിഷ്യാ ശരീരം ആരോഗ്യപൂർണമാണെങ്കിൽ അതിലൂടെ ഊർജസമ്പാദനം നടത്തി ശരീരം ശക്തിസംഭരിക്കുന്നതാണ്. വെള്ളത്തെക്കുറിച്ചാണെങ്കിൽ, നോമ്പുകാരണം ശരീരത്തിന് ചെറിയരൂപത്തിൽ വരൾച്ച അനുഭവപ്പെടുന്നു. അതിനാൽ തുടക്കത്തിൽ അൽപം വെള്ളം നൽകി ശരീരത്തെ തണുപ്പിച്ചാൽ പിന്നീട് കഴിക്കുന്ന ആഹാരങ്ങളോട് ശരീരം ആരോഗ്യകരമായി പ്രതികരിക്കാൻ അത് സഹായകമാണ്.

അറിയുക; ഇതിലുപരി വെള്ളത്തിനും കാരക്കക്കും മനഃസംസ്‌ക്കരണ കാര്യത്തിൽ സ്വാധീനം ചെലുത്താനാതുകുന്ന ചില കഴിവുകളും സവിശേഷതകളുമുണ്ടെന്നത് ഒരു യാഥാർഥ്യമാണ്. പക്ഷേ, നബിചര്യ മുറുകെപിടിക്കുന്നവർക്ക് മാത്രമെ ഇത് മനസ്സിലാക്കാൻ സാധിക്കൂ എന്നുമാത്രം’’ (സലീമുൽ ഹിലാലി അൽഹലബി; ‘സ്വിഫതു സൗമിന്നബി’).

അനസി(റ)ൽനിന്ന് നിവേദനം: “പകുതി പാകമായ ഈത്തപ്പഴം കഴിച്ച് നമസ്‌കാരത്തിന് മുമ്പേ േനാമ്പു തുറക്കുകയായിരുന്നു നബി ﷺ യുടെ പതിവ്. അതില്ലെങ്കിൽ കാരക്കകൊണ്ടും. അതുമില്ലെങ്കിൽ ഏതാനും ഇറക്കു വെള്ളം കുടിക്കും’’ (അഹ്‌മദ്, അബൂദാവൂദ്, തുർമുദി).

നോമ്പ് തുറക്കുന്ന സമയത്തുള്ള പ്രാർഥന

നബി ﷺ യിൽ നിന്നും ശരി യായ പരമ്പരയിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ട താഴെ കാണുന്ന പ്രാർഥനയാണ് അന്നേരത്തെ പ്രാർഥനകളിൽ ഏറ്റവും ശ്രേഷ്ഠമായത്. നോമ്പുതുറക്കുന്ന വേളയിൽ നബി ﷺ ഇപകാരം പറയാറുണ്ടായിരുന്നു:

“നബി ﷺ നോമ്പു തുറക്കുമ്പോൾ ‘ധമനികൾ നനഞ്ഞു, ദാഹം മാറുകയും ചെയ്തു, അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ (ഈ നോമ്പിന്റെ) പ്രതിഫലം സ്ഥിരപ്പെട്ടുകഴിഞ്ഞു’ എന്ന് പ്രാർഥിക്കാറുണ്ടായിരുന്നു’’ (സ്വഹീഹുൽ ജാമിഅ്, അബൂദാവൂദ്).

നോമ്പുകാരന്റെ പ്രാർഥനക്ക് അല്ലാഹു പ്രത്യേക പരിഗണന നൽകുന്നതാണ്.

അബൂഹുറയ്‌റ(റ) നിവേദനം ചെയ്യുന്നു; നബി ﷺ പറഞ്ഞു: “ഉറപ്പായും ഉത്തരം നൽകപ്പെടുന്ന മൂന്ന് പ്രാർഥനകളുണ്ട്. നോമ്പുകാരന്റെ പ്രാർഥന, മർദിതന്റെ പ്രാർഥന, പിന്നെ യാത്രക്കാരന്റെ പ്രാർഥനയും’’(ഉക്വ‌ൈലി, അബൂമുസ്‌ലിം).

തിരസ്‌കരിക്കപ്പെടാത്ത ഈ പ്രാർഥന നോമ്പുതുറക്കുന്ന വേളയിലുള്ള പ്രാർഥനയാണെന്ന് അബൂഹുറയ്‌റ(റ)യിൽ നിന്നും നിവേദനം ചെയ്യപ്പെട്ട മറ്റൊരു ഹദീസ് സൂചന നൽകുന്നു.

നബി ﷺ പറഞ്ഞു: “മൂന്നുകൂട്ടരുടെ പ്രാർഥനകൾ തള്ളപ്പെടുന്നതല്ല. നോമ്പുതുറക്കുന്ന നേരത്ത് നോമ്പുകാരൻ നടത്തുന്ന പ്രാർഥനയും നീതിമാനായ ഭരണാധികാരിയുടെ പ്രാർഥനയും മർദിതന്റെ പ്രാർഥനയും’’ (തിർമിദി, ഇബ്‌നു മാജ, ഇബ്‌നു ഹിബ്ബാൻ).

അബ്ദുല്ലാഹിബ്‌നു അംറുബ്‌നുൽ ആസ്വി(റ)ൽനിന്നും നിവേദനം: “അല്ലാഹുവിന്റെ ദൂതൻ ﷺ പറഞ്ഞു: ‘തീർച്ചയായും നോമ്പുകാരന് നോമ്പുതുറക്കുന്ന വേളയിൽ തടയപ്പെടാത്ത ഒരു പ്രാർഥനയുണ്ട്’’(ഇബ്‌നുമാജ, ഹാകിം).

നോമ്പുകാരന് ആഹാരം നൽകൽ

നോമ്പുകാരനെ നോമ്പ് തുറപ്പിക്കുന്നത് വലിയ പ്രതിഫലം ലഭിക്കുന്ന മഹത്തായ പുണ്യകർമമാണ്.

നബി ﷺ പറഞ്ഞു: “ആരെങ്കിലും നോമ്പുള്ളവന് നോമ്പുതുറക്കാനുള്ള ഭക്ഷണം നൽകിയാൽ നോമ്പുകാരന് ലഭിക്കുന്നതിന് തുല്യമായ പ്രതിഫലം നോമ്പു തുറപ്പിച്ചവനും ലഭിക്കുന്നതാണ്. എന്നാൽ ഇത് നോമ്പുകാരന്റെ പ്രതിഫലത്തിൽ കുറവൊട്ടും വരുത്തുന്നതുമല്ല’’ (അഹ്‌മദ്, തുർമുദി, ഇബ്‌നുമാജ, ഇബ്‌നുഹിബ്ബാൻ).

മുസ്‌ലിമായ ഒരു നോമ്പുകാരനെ മറ്റൊരാൾ നോമ്പുതുറക്കാൻ ക്ഷണിച്ചാൽ ആ ക്ഷണം സ്വീകരിക്കേണ്ടതുണ്ട്. ക്ഷണം സ്വീകരിച്ച് മറ്റൊരാളുടെ ഭക്ഷണം കഴിച്ച് നോമ്പുതുറക്കുന്നത് അവന്റെ പ്രതിഫലത്തിന് കോട്ടംവരുത്തുകയോ പുണ്യങ്ങളെ പാഴാക്കുകയോ ഇല്ല. ഭക്ഷണ ശേഷം ക്ഷണിക്കപ്പെട്ട അതിഥി ആതിഥേയനു വേണ്ടി, ഹദീഥുകളിൽ വന്ന ഏതെങ്കിലും ഒരു പ്രാർഥന നടത്തുന്നത് പുണ്യകരമാണ്. അത്തരം പ്രാർഥനകളിൽ ചിലത് താഴെ കൊടുക്കുന്നു:

1) “നോമ്പുകാർ നിങ്ങളുടെ അടുക്കൽവെച്ച് നോമ്പുതുറന്നിരിക്കുന്നു, പുണ്യവാന്മാർ നിങ്ങളുടെ ഭക്ഷണം കഴിക്കുകയും മലക്കുകൾ നിങ്ങൾക്കായി പ്രാർഥിക്കുകയും ചെയ്തിരിക്കുന്നു’’ (ഇബ്‌നു അബീശൈബ, അഹ്‌മദ്, നസാഈ).

2) “അല്ലാഹുവേ, എന്നെ ആഹരിപ്പിച്ചവന് നീയും അന്നം നൽകേണമേ, എനിക്ക് കുടിനീര് നൽകിയവർക്ക് നീയും കുടിനീരു നൽകേണമേ’’ (മുസ്‌ലിം).

3) അല്ലാഹുവേ, അവർക്ക് നൽകിയതിൽ നീ അനുഗ്രഹം ചൊരിയുകയും അവർക്ക് നീ പൊറുത്തുകൊടുക്കുകയും അവ രോടു നീ കരുണകാണിക്കുകയും ചെയ്യേണമേ’’ (മുസ്‌ലിം).