സമ്പത്തും സത്യവിശ്വാസിയും

സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി

2023 ഏപ്രിൽ 08, 1444 റമദാൻ 17

സ്രഷ്ടാവ് മനുഷ്യർക്ക് നൽകിയ അനുഗ്രഹങ്ങളിൽ ഏറെ പ്രധാനപ്പെട്ടതാണ്‌ സമ്പത്ത്. ശരീരം പോലെ, മനസ്സ് പോലെ സമ്പത്തും ശുദ്ധീകരിക്കുമ്പോൾ മാത്രമെ വിശ്വാസിയുടെ ബാധ്യത പൂർണമാകുന്നുള്ളൂ. നിശ്ചിത പരിധിയ്ക്കപ്പുറം സമ്പത്ത് കൈവന്നാൽ അതിൽ നിയതമായ വിഹിതം മറ്റുള്ളവരുടെ അവകാശമാണെന്ന്‌ പഠിപ്പിക്കുന്ന ഇസ് ലാമിന്റെ സകാത്ത് സമ്പ്രദായം ഉന്നതമായ നീതിബോധമാണ്‌ വിളംബരം ചെയ്യുന്നത്. ദാനധർമങ്ങൾക്കും സകാത്തിനും ഇസ് ലാം നൽകുന്ന പ്രാധാന്യവും അവയുടെ മഹത്ത്വവും വിശദമായി ഗ്രഹിക്കാം.

മനുഷ്യന് എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കാത്തത്ര അനുഗ്രഹങ്ങളാണ് അല്ലാഹു ഭൂമിയിൽ സംവിധാനിച്ചിട്ടുള്ളത്. ഈ അനുഗ്രഹങ്ങളിൽ മുഴുവൻ മനുഷ്യരും ആഗ്രഹിക്കുകയും നേടിയെടുക്കാൻ അങ്ങേയറ്റം പരിശ്രമിക്കുകയും ചെയ്യുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് സമ്പത്ത്. ഈ അനുഗ്രഹം ദൈവിക ദാനമാണ്. അത് അല്ലാഹുവിന്റെ നിയമ നിർദേശങ്ങൾക്കനുസരിച്ചാണ് സമ്പാദിക്കേണ്ടതും വിനിയോഗിക്കേണ്ടതും. അല്ലാഹു പറയുന്നത് ശ്രദ്ധിക്കുക:

“അല്ലാഹു നിങ്ങൾക്ക് നൽകിയിട്ടുള്ള സമ്പത്തിൽനിന്ന് അവർക്ക് നിങ്ങൾ നൽകി സഹായിക്കുകയും ചെയ്യുക’’ (നൂർ:33).

“അല്ലാഹു അവന്റെ അനുഗ്രഹത്തിൽനിന്ന് തങ്ങൾക്കു തന്നിട്ടുള്ളതിൽ പിശുക്ക് കാണിക്കുന്നവർ അതവർക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്. അല്ല, അവർക്ക് ദോഷകരമാണത്. അവർ പിശുക്ക് കാണിച്ച ധനംകൊണ്ട് ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ അവരുടെ കഴുത്തിൽ മാലചാർത്തപ്പെടുന്നതാണ്. ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനത്രെ. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു’’ (ആലുഇംറാൻ: 180).

അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുക

അല്ലാഹു നൽകിയ സമ്പത്ത് അവന്റെ മാർഗത്തിൽ ചെലവഴിക്കേണ്ടത് ഒരു വിശ്വാസിയുടെ ബാധ്യതയാണ്. അല്ലാഹു നബി(സ്വ)യോട് പറയുന്നത് കാണുക:

“വിശ്വാസികളായ എന്റെ ദാസൻമാരോട് നീ പറയുക: അവർ നമസ്‌കാരം മുറപോലെ നിർവഹിക്കുകയും നാം അവർക്കു നൽകിയ ധനത്തിൽനിന്ന്, യാതൊരു ക്രയവിക്രയവും ചങ്ങാത്തവും നടക്കാത്ത ഒരു ദിവസം വരുന്നതിന് മുമ്പായി രഹസ്യമായും പരസ്യമായും അവർ (നല്ലവഴിയിൽ) ചെലവഴിക്കുകയും ചെയ്തൂകൊള്ളട്ടെ’’ (ഇബ്‌റാഹീം: 31).

“അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങൾ ചെലവ് ചെയ്യുക’’ (ബക്വറ: 195).

“അതിനാൽ നിങ്ങൾക്ക് സാധ്യമായവിധം അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക. നിങ്ങൾ കേൾക്കുകയും അനുസരിക്കുകയും നിങ്ങൾക്കുതന്നെ ഗുണകരമായ നിലയിൽ ചെലവഴിക്കുകയും ചെയ്യുക. ആർ മനസ്സിന്റെ പിശുക്കിൽനിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അവർതന്നെയാകുന്നു വിജയംപ്രാപിച്ചവർ’’ (തഗാബുൻ: 16).

“ചെലവുചെയ്യുകയാണെങ്കിൽ അമിതവ്യയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാർഗം സ്വീകരിക്കുന്നവരുമാകുന്നു അവർ’’ (ഫുർക്വാൻ: 67).

അല്ലാഹുവിന് ആരുണ്ട് കടം കൊടുക്കാൻ?

അല്ലാഹുവിന്റെ മാർഗത്തിൽ സമ്പത്ത് ചെലവഴിക്കുന്നതിനെ അല്ലാഹുവിന് കടം കൊടുക്കുകയെന്ന രൂപത്തിലാണ് അല്ലാഹു വിശേഷിപ്പിച്ചിട്ടുള്ളത്.

“ആരുണ്ട് അല്ലാഹുവിന് ഒരു നല്ല കടം കൊടുക്കുവാൻ? എങ്കിൽ അവനത് അയാൾക്ക് വേണ്ടി ഇരട്ടിപ്പിക്കുന്നതാണ്. അയാൾക്കാണ് മാന്യമായ പ്രതിഫലമുള്ളത്’’ (ഹദീദ്: 11).

നഷ്ടമില്ലാത്ത കച്ചവടം

ഇസ്‌ലാമിന്റെ മാർഗത്തിൽ ചെലവഴിക്കുന്നത് ഒരിക്കലും നഷ്ടം വരാത്ത കച്ചവടമാണ്. അല്ലാഹു പറയുന്നത് നോക്കൂക:

“തീർച്ചയായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും, നമസ്‌കാരം മുറപോലെ നിർവ ഹിക്കുകയും, നാം കൊടുത്തിട്ടുള്ളതിൽനിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവർ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു. അവർക്ക് അവരുടെ പ്രതിഫലങ്ങൾ അവൻ പൂർത്തിയാക്കി കൊടുക്കുവാനും അവന്റെ അനുഗ്രഹത്തിൽനിന്ന് അവൻ അവർക്ക് കൂടുതലായി നൽകുവാനും വേണ്ടി. തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനും നന്ദിയുള്ളവനുമാകുന്നു’’ (ഫാത്വിർ: 29,30).

സകാത്ത് നിർബന്ധം

സകാത്ത് നൽകൽ നിർബന്ധമാണ്. അതിനുള്ള തെളിവുകൾ ക്വുർആനും പ്രവാചക ചര്യയും മുസ്‌ലിം സമൂഹത്തിന്റെ ഇജ്മാഉമാണ്.

ക്വുർആനിലെ തെളിവുകൾ

അല്ലാഹു പറയുന്നു: “നിങ്ങൾ നമസ്‌കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും റസൂലിനെ അനുസരിക്കുകയും ചെയ്യുവിൻ. നിങ്ങൾക്ക് കാരുണ്യം ലഭിച്ചേക്കാം’’ (നൂർ: 56).

“എന്നാൽ അവരിൽനിന്ന് അടിയുറച്ച അറിവുള്ളവരും സത്യവിശ്വാസികളുമായിട്ടുള്ളവർ നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിക്കുന്നു. പ്രാർഥന മുറപോലെ നിർവഹിക്കുന്നവരും സകാത്ത് നൽകുന്നവരും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരുമ ത്രെ അവർ. അങ്ങനെയുള്ളവർക്ക് നാം മഹത്തായ പ്രതിഫലം നൽകുന്നതാണ്’’ (നിസാഅ്: 162).

“ചില ആളുകൾ, അല്ലാഹുവെ സ്മരിക്കുന്നതിൽനിന്നും നമസ്‌കാരം മുറപോലെ നിർവഹിക്കുന്നതിൽ നിന്നും സകാത്ത് നൽകുന്നതിൽനിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധ തിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവർ ഭയപ്പെട്ടുകൊണ്ടിരിക്കുന്നു’’ (നൂർ: 37).

പ്രവാചക സുന്നത്ത്

ഉമർ(റ) നിവേദനം: അല്ലാഹുവിന്റെ റസൂൽ(സ്വ) പറഞ്ഞു: “ഇസ്‌ലാം പടുത്തുയർത്തപ്പെട്ടിട്ടുള്ളത് അഞ്ച് കാര്യങ്ങളിലാണ്. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ റസൂലുാണെന്നും സാക്ഷ്യം വഹിക്കൽ, നമസ്‌കാരം നിലനിർത്തൽ, സകാത്ത് നൽകൽ, ഹജ്ജ് ചെയ്യൽ, റമളാനിലെ നോമ്പ്’’ (ബുഖാരി, മുസ്‌ലിം).

ഇജ്മാഅ്

സകാത്ത് നിർബന്ധമാണെന്നതിൽ മുസ്‌ലിം സമുദായം ഏകോപിച്ചിരിക്കുന്നു. ആരെങ്കിലും അതി ന്റെ നിർബന്ധതയെ ധിക്കാരപൂർവം നിഷേധിക്കുകയാണെങ്കിൽ അവൻ അവിശ്വാസിയായി.

ഇസ്‌ലാം ദീൻ പടുത്തുയർത്തപ്പെട്ട തൂണുകളിൽ പെട്ട ഒരു തൂണാകുന്നു സകാത്ത് എന്ന് സൂചിപ്പിച്ചൂ. ഈ തൂൺ കൂടാതെ ഇസ്‌ലാം മതം പൂർണമാവുകയില്ല. വിശുദ്ധ ക്വുർആനിൽ നമസ്‌കാരത്തോടൊപ്പം 82 തവണ സകാത്തിനെ ചേർത്ത് പറഞ്ഞിരിക്കുന്നു. ഹിജ്‌റ രണ്ടാം വർഷമാണ് സകാത്ത് നിർബന്ധമാക്കിയത്. പ്രവാചക തിരുമേനി(സ്വ) അത് പിരിക്കുവാനും അർഹരായവർക്ക് എത്തിക്കുവാനും വേണ്ടി ആളുക ളെ നിയോഗിക്കാറുണ്ടായിരുന്നു.

അല്ലാഹു പറയുന്നു: “സ്വർണവും വെള്ളിയും നിക്ഷേപമാക്കിവയ്ക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവർക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാർത്ത അറിയിക്കുക. നരകാഗ്‌നിയിൽവച്ച് അവ ചുട്ടുപഴുപ്പിക്കപ്പെടുകയും എന്നിട്ട് അതുകൊണ്ട് അവരുടെ നെറ്റികളിലും പാർശ്വങ്ങളിലും മുതുകുകളിലും ചൂടുവയ്ക്കപ്പെടുകയും ചെയ്യുന്ന ദിവസം (അവരോട് പറയപ്പെടും:) നിങ്ങൾ നിങ്ങൾക്ക് വേണ്ടി തന്നെ നിക്ഷേപിച്ചുവച്ചതാണിത്. അതിനാൽ നിങ്ങൾ നിക്ഷേപിച്ചൂവച്ചിരുന്നത് നിങ്ങൾ ആസ്വദിച്ച് കൊള്ളുക’’ (തൗബ: 34,35)

അബൂഹുറയ്‌റ(റ) നിവേദനം; നബി(സ്വ) പറഞ്ഞു: “അല്ലാഹു ആർക്കെങ്കിലും സമ്പത്ത് നൽകിയിട്ട് അവനതിന്റെ സകാത്ത് നൽകിയില്ലെങ്കിൽ അവന്റെ ധനത്തെ അല്ലാഹു അന്ത്യനാളിൽ ഉഗ്രവിഷമുള്ള, ഇരുതലയുള്ള പാമ്പാക്കി മാറ്റി അവന്റെ കഴുത്തിലണിയിക്കും. അത് അവന്റെ ഇരുകവിളിലും കൊത്തിക്കൊണ്ട് പറയും: ‘ഞാനാണ് നിന്റെ സമ്പത്ത്, ഞാനാണ് നിന്റെ നിധി.’ ശേഷം ഈ ആയത്ത് പാരായണം ചെയ്തു: ‘അല്ലാഹു അവന്റെ അനുഗ്രഹത്തിൽനിന്ന് തങ്ങൾക്കു തന്നിട്ടുള്ളതിൽ പിശുക്ക് കാണിക്കുന്നവർ അതവർക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്. അല്ല, അവർക്ക് ദോഷകരമാണത്. അവർ പിശുക്ക് കാണിച്ച ധനംകൊണ്ട് ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവരുടെ കഴുത്തിൽ മാലചാർത്തപ്പെടുന്നതാണ്. ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനത്രെ. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു’’ (ആലുഇംറാൻ: 180) (ബുഖാരി).

അബൂഹുറയ്‌റ(റ) നിവേദനം; നബി(സ്വ) പറഞ്ഞു: “സ്വർണവും വെള്ളിയും സമ്പാദ്യമുള്ളവർ അതിന്റെ ബാധ്യത (സകാത്ത്) നൽകിയില്ലെങ്കിൽ അന്ത്യനാളിൽ അവ തീകൊണ്ടുള്ള ഷീറ്റ് രൂപത്തിലാക്കി നരകത്തിലിട്ട് കഠിനമായി ചൂടാക്കി അൻപതിനായിരം വർഷത്തെ ദൈർഘ്യമുള്ള ദിനത്തിൽ അത്‌കൊണ്ട് അവന്റെ പാർശ്വങ്ങളിലും നെറ്റിത്തടങ്ങളിലും മുതുകുകളിലും ചൂടാക്കിക്കൊണ്ടിരിക്കും. ആ ചൂട് ശമിക്കുമ്പോഴെല്ലാം വീണ്ടും അതുപോലെ ആവർത്തിച്ചുകൊണ്ടിരിക്കും. അടിമകൾക്കിടയിൽ വിധി നടപ്പിലാക്കുന്നത് വരെ. അവസാനം അവന് അവന്റെ മാർഗം കാണിക്കപ്പെടും. ഒരുപക്ഷേ, സ്വർഗത്തിലേക്ക്, അല്ലെങ്കിൽ നരകത്തിലേക്ക്’’(മുസ്‌ലിം).

“അവരെ ശുദ്ധീകരിക്കുകയും അവരെ സംസ്‌കരിക്കുയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളിൽനിന്ന് നീ വാങ്ങുകയും ചെയ്യുക’’ (തൗബ: 103).

ഇബ്‌നു അബ്ബാസ്(റ) നിവേ ദനം; മുആദി(റ)നെ യമനിലേക്ക് നിയോഗിച്ച വേളയിൽ നബി(സ്വ) പറഞ്ഞു: “അവരുടെ സമ്പത്തിൽനിന്ന് അല്ലാഹു സ്വദക്വ (സകാത്ത്) നിർബന്ധമാക്കിയിരിക്കുന്നു എന്നും, അത് അവരിലെ സമ്പന്നരിൽനിന്ന് സ്വീകരിച്ച് അവരിലെ ദരിദ്രർക്ക് നൽകണമെന്നും അവരെ പഠിപ്പിക്കുക’’ (മുസ്‌ലിം).

“ഇനി അവർ പശ്ചാത്തപിക്കുകയും നമസ്‌കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും ചെയ്യുന്നപക്ഷം നിങ്ങൾ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്’’ (തൗബ: 5).

നബി(സ്വ)യുടെ വഫാതിന് ശേഷം അബൂബക്കർ(റ) ഖലീഫയായ വേളയിൽ ചിലയാളുകൾ സകാത്ത് നൽകുകയില്ലെന്ന് പറഞ്ഞപ്പോൾ ഞാനവരോട് യുദ്ധം ചെയ്യുമെന്ന് പറഞ്ഞു. ഉമർ(റ) പറഞ്ഞു: ‘അവരെല്ലാം ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞവരല്ലേ? അവരോട് നിങ്ങളെങ്ങനെ യുദ്ധം ചെയ്യും?’ അബൂബക്കർ(റ) പ്രതികരിച്ചത് ഇങ്ങനെ: ‘ആരെങ്കിലും നമസ്‌കാരത്തിനും സകാത്തിനും ഇടയിൽ വേർതിരിവ് കാണിച്ചാൽ അവനോട് ഞാൻ യുദ്ധം ചെയ്യുകതന്നെ ചെയ്യും. അല്ലാഹുവാണെ സത്യം! ആരെങ്കിലും പ്രവാചകന്റെ കാലത്ത് ഒട്ടകത്തിന്റെ മൂക്കുകയറാണ് സകാത്തായി നൽകിയിരുന്നതെങ്കിൽ അത് നൽകാത്തതിന്റെ പേരിൽ ഞാനവനോട് യുദ്ധം ചെയ്യുക തന്നെ ചെയ്യുന്നതാണ്’’ (ബുഖാരിയിലും മുസ്‌ലിമിലുമുള്ള ഹദീസിന്റെ സംഗ്രഹം).

രഹസ്യമായും പരസ്യമായും ചെലവഴിക്കുക

രഹസ്യമായും പരസ്യമായും അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുന്ന വിശ്വാസികൾക്ക് ഒരിക്കലും ഭയപ്പെടേണ്ടതില്ല. അവർക്ക് വർദ്ധിച്ച പ്രതിഫലവുമുണ്ട്.

“രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കൾ ചെലവഴിച്ചുകൊണ്ടിരിക്കു ന്നവർക്ക് അവരുടെ രക്ഷിതാവിങ്കൽ അവർ അർഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവർ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടിവരികയുമില്ല’’ (ബക്വറ: 274).

“തങ്ങളുടെ രക്ഷിതാവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ട് ക്ഷമ കൈക്കൊള്ളുകയും, നമസ്‌കാരം മുറപോലെ നിർവഹിക്കുകയും, നാം നൽകിയിട്ടുള്ളതിൽനിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും, തിൻമയെ നൻമകൊണ്ട് തടുക്കുകയും ചെയ്യുന്നവർ. അത്തരക്കാർക്ക് അനുകൂലമത്രെ ലോകത്തിന്റെ പര്യവസാനം’’ (റഅ്ദ്: 22).

“വിശ്വാസികളായ എന്റെ ദാസൻമാരോട് നീ പറയുക: അവർ നമസ്‌കാരം മുറപോലെ നിർവഹിക്കുകയും, നാം അവർക്കു നൽകിയ ധനത്തിൽനിന്ന്, യാതൊരു ക്രയവിക്രയവും ചങ്ങാത്തവും നടക്കാത്ത ഒരു ദിവസം വരുന്നതിന് മുമ്പായി രഹസ്യമായും പരസ്യമായും അവർ (നല്ലവഴിയിൽ) ചെലവഴിക്കുകയും ചെയ്ത് കൊള്ളട്ടെ’’ (ഇബ്‌റാഹീം: 31).

സമ്പത്തുകൊണ്ട് ജിഹാദ് ചെയ്യുക

ഇസ്‌ലാമിൽ വളരെ പുണ്യമുള്ള കാര്യമാണ് ജിഹാദ്. ജിഹാദ് പലരൂപത്തിലുണ്ട്. വൃദ്ധരായ മാതാപിതാക്കളെ നല്ല രൂപത്തിൽ പരിചരിക്കുന്നത് ജിഹാദാണ്. അതുപോലെ അല്ലാഹു നമുക്ക് നൽകിയ സമ്പത്ത് അവന്റെ പ്രീതി കാംക്ഷിച്ച് ചെലവഴിക്കുന്നതും ജിഹാദാണ്. ശരീരംകൊണ്ട് ചെയ്യുന്ന ജിഹാദിനെക്കാൾ സമ്പത്ത് കൊണ്ട് ചെയ്യുന്ന ജിഹാദിനെയാണ് ക്വുർആൻ മുന്തിപ്പിച്ച് പറഞ്ഞിട്ടൂള്ളത്. ക്വുർആൻ പറയുന്നത് കാണുക:

“നിങ്ങൾ സൗകര്യമുള്ളവരാണെങ്കിലും ഞെരുക്കമുള്ളവരാണെങ്കിലും (ധർമസമരത്തിന്) ഇറങ്ങിപുറപ്പെട്ടുകൊള്ളുക. നിങ്ങളുടെ സ്വത്തുക്കൾകൊണ്ടും ശരീരങ്ങൾകൊണ്ടും അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങൾ സമരം ചെയ്യുക. അതാണ് നിങ്ങൾക്ക് ഉത്തമം. നിങ്ങൾ മനസ്സിലാക്കുന്നുണ്ടെങ്കിൽ’’ (തൗബ: 41).

“അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളുംകൊണ്ട് അല്ലാഹുവിന്റെ മാർഗത്തിൽ സമരം നടത്തുകയും ചെയ്തവരാരോ അവർ മാത്രമാകുന്നു സത്യവിശ്വാസികൾ. അവർതന്നെയാകുന്നു സത്യവാൻമാർ’’ (ഹുജുറാത്ത്: 15).

“പക്ഷേ, റസൂലും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും തങ്ങളുടെ സ്വത്തുക്കൾ കൊണ്ടും ശരീരങ്ങൾ കൊണ്ടും സമരം ചെയ്തു. അവർക്കാണ് നൻമകളുള്ളത്. അവർ തന്നെയാണ് വിജയം പ്രാപിച്ചവർ. അല്ലാഹു അവർക്ക് താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകൾ ഒരുക്കിവച്ചിരിക്കുന്നു. അവരതിൽ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം’’ (തൗബ: 88,89).

അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുന്നില്ലേ?

അല്ലാഹു നമുക്ക് അനുഗ്രഹിച്ച് നൽകിയ സമ്പത്ത് എന്തുകൊണ്ടാണ് നിങ്ങൾ അവന്റെ മാർഗത്തിൽ ചെലവഴിക്കാത്തത് എന്ന് ക്വുർആൻ ചോദിക്കുന്നത് കാണാം:

“ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനുള്ളതായിരിക്കെ അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കാതിരിക്കാൻ നിങ്ങൾക്കെന്താണ് ന്യായം? നിങ്ങളുടെ കൂട്ടത്തിൽനിന്നു(മക്കാ) വിജയത്തിനു മുമ്പുള്ള കാലത്ത് ചെലവഴിക്കുകയും യുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തവരും (അല്ലാത്തവരും) സമമാകുകയില്ല. അക്കൂട്ടർ പിന്നീടു ചെലവഴിക്കുകയും യുദ്ധത്തിൽ പങ്കുവഹിക്കുകയും ചെയ്തവരെക്കാൾ മഹത്തായ പദവിയുള്ളവരാകുന്നു. എല്ലാവർക്കും ഏറ്റവും നല്ല പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാണ് അല്ലാഹു. ആരുണ്ട് അല്ലാഹുവിന് ഒരു നല്ല കടം കൊടുക്കുവാൻ? എങ്കിൽ അവനത് അയാൾക്ക് വേണ്ടി ഇരട്ടിപ്പിക്കുന്നതാണ്. അയാൾക്കാണ് മാന്യമായ പ്രതിഫലമുള്ളത്’’ (ഹദീദ്: 10,11).

ഇരട്ടിയായി പ്രതിഫലം ലഭിക്കും

അല്ലാഹുവിന്റെ മാർഗത്തിൽ സകാത്തിലൂടെ, ദാനധർമത്തിലൂടെ ചെലവഴിക്കുന്ന സമ്പത്തിന് ഇരട്ടിയിരട്ടിയായി പ്രതിഫലം ലഭിക്കും. അല്ലാഹുവിന്റെ വാക്കുകൾ ശ്രദ്ധിക്കൂ:

“അല്ലാഹുവിന്റെ മാർഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകൾ ഉൽപാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് ഇരട്ടിയായി നൽകുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്’’ (ബക്വറ: 261).

“തീർച്ചയായും ധർമിഷ്ഠരായ പുരുഷൻമാരും സ്ത്രീകളും അല്ലാഹുവിന് നല്ല കടം കൊടുത്തവരും ആരോ അവർക്കത് ഇരട്ടിയായി നൽകപ്പെടുന്നതാണ്. അവർക്കത്രെ മാന്യമായ പ്രതിഫലമുള്ളത്’’ (ഹദീദ്: 18).

“അല്ലാഹുവിന് ഉത്തമമായ കടം നൽകുവാനാരുണ്ട്? എങ്കിൽ അല്ലാഹു അതവന്ന് അനേകം ഇരട്ടികളായി വർധിപ്പിച്ച് കൊടുക്കുന്നതാണ്. (ധനം) പിടിച്ചുവയ്ക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാകുന്നു. അവങ്കലേക്ക് തന്നെയാകുന്നു നിങ്ങൾ മടക്കപ്പെടുന്നതും’’ (ബക്വറ: 245).

“അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ടും തങ്ങളുടെ മനസ്സുകളിൽ (സത്യവിശ്വാസം) ഉറ പ്പിച്ചുകൊണ്ടും ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ഉയർന്നസ്ഥലത്ത് സ്ഥിതി ചെയ്യുന്ന തോട്ടത്തോടാകുന്നു. അതിന്നൊരു കനത്ത മഴ ലഭിച്ചപ്പോൾ അത് രണ്ടിരട്ടി കായ്കനികൾ നൽകി. ഇനി അതിന്ന് കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറൽ മഴയേ ലഭിച്ചുള്ളൂ എങ്കിൽ അതും മതിയാകുന്നതാണ്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു’’(ബക്വറ: 265).

ദാനധർമങ്ങൾ പാഴാക്കരുത്

നൽകിയ സകാത്തും ദാനധർമങ്ങളും നാമൊരിക്കലും ലോകമാന്യത്തിലൂടെയോ, എടുത്ത് പറഞ്ഞുകൊണ്ടോ, വാങ്ങിയവരെ ഉപദ്രവിച്ചുകൊണ്ടോ പാഴാക്കിക്കളയരുത്. ക്വർആൻ പറയുന്നത് കാണുക:

“സത്യവിശ്വാസികളേ, (കൊ ടുത്തത്) എടുത്തുപറഞ്ഞ് കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങൾ നിങ്ങളുടെ ദാനധർമങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാൻ വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്. അവനെ ഉപമിക്കാവുന്നത് മുകളിൽ അൽപം മണ്ണ് മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറമേൽ ഒരു കനത്തമഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവർ അധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാൻ അവർക്ക് കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേർവഴിയിലാക്കുകയില്ല’’ (ബക്വറ: 264).

ആരും അറിയാതെയും ചെലവഴിക്കുക

വളരെ രഹസ്യമായി ചെലവഴിക്കുന്നവർക്ക് മരണാനന്തരം പരലോകത്ത് ലഭിക്കുന്ന വർധിച്ച പ്രതിഫലം പ്രവാചകൻ (സ്വ) പഠിപ്പിക്കുന്നത് കാണുക:

അബൂഹുറയ്‌റ(റ) നിവേദനം: “അല്ലാഹുവിന്റെ റസൂൽ(സ്വ) പറയുന്നതായി ഞാൻ കേട്ടു: ‘ഏഴ് വിഭാഗം ആളുകൾക്ക്, പരലോകത്ത് അല്ലാഹു അവന്റെ തണലല്ലാതെ മറ്റൊരു തണലും ലഭിക്കാത്ത സന്ദർഭത്തിൽ അവന്റെ തണൽ നൽകുന്നതാണ്; നീതിമാനായ ഭരണാധികാരി, അല്ലാഹുവിനെ ആരാധിച്ച് കൊണ്ട് വളർന്നുവന്ന ഒരു യുവാവ്, അല്ലാഹുവിന് വേണ്ടി പരസ്പരം ഇഷ്ടപ്പെടുകയും അതിൽ ഒരുമിക്കുകയും, അതിൽതന്നെ വേർപിരിയുകയും ചെയ്ത രണ്ടാളുകൾ, ഒറ്റക്കിരുന്ന് അല്ലാഹുവിനെ ഓർത്ത് കരഞ്ഞ ഒരാൾ, ഹൃദയം പള്ളിയുമായി ബന്ധിപ്പിച്ച വ്യക്തി, തന്റെ വലതുകൈ നൽകിയ ദാനം ഇടതുകൈ പോലും അറിയാതെ മറച്ചുവച്ച വ്യക്തി, കുലീനതയും സൗന്ദര്യവുമുള്ള ഒരു സ്ത്രീ മോശമായ പ്രവർത്തനത്തിന് ക്ഷണിച്ചപ്പോൾ ലോകരക്ഷിതാവായ അല്ലാഹുവിനെ ഞാൻ ഭയപ്പെടുന്നുവെന്ന് പറഞ്ഞ ഒരാൾ (എന്നിവരാണ് ആ വിഭാഗം ആളുകൾ)’’ (ബുഖാരി, മുസ്‌ലിം).

ദാനധർമങ്ങളുടെ ശ്രേഷ്ഠത

അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ആഗ്രഹിച്ച് നൽകുന്ന സകാത്തിനും ദാനധർമങ്ങൾക്കും ഒരുപാട് മഹത്ത്വവും ശ്രേഷ്ഠതയും ഗുണങ്ങളും പ്രതിഫലവുമുണ്ട്:

1. റബ്ബിന്റെ കോപം ശമിപ്പിക്കും.

2. പാപം മായ്ച്ച് കളയും. അല്ലാഹുവിന്റെ റസൂൽ(സ്വ) പറഞ്ഞു: “ദാനധർമം പാപങ്ങളെ മായ്ച്ച് കളയും, വെള്ളം തീ അണക്കുന്നതുപോലെ’’ (സ്വഹീഹുത്തർഗീബ്).

3. നരകത്തിൽനിന്നുള്ള സുരക്ഷയാണ്: റസൂൽ(സ്വ) പറഞ്ഞു: ‘ഒരു കാരക്കച്ചീള് കൊണ്ടെങ്കിലും നരകത്തെ സൂക്ഷിക്കുക.’

4. പരലോകത്ത് സ്വദക്വയുടെ തണൽ ലഭിക്കും:

ഉഖ്ബതുബ്‌നു ആമിർ(റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ (സ്വ) പറയുന്നതായി ഞാൻ കേട്ടു: “എല്ലാ മനുഷ്യരും അവരുടെ സ്വദക്വയുടെ തണലിലായിരിക്കും, ജനങ്ങൾക്കിടയിൽ വിധി നടപ്പിലാക്കപ്പെടുന്നത് വരെ’’ (സ്വഹീഹുൽ ജാമിഅ്).

5. ശാരീരിക രോഗത്തിനുള്ള മരുന്നാണ് സ്വദക്വ:

റസൂൽ(സ്വ) പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ രോഗികളെ സ്വദക്വ കൊണ്ട് ചികിൽസിക്കുക’’ (സ്വഹീഹുൽ ജാമിഅ്).

6. ഹൃദയരോഗ ശമനമാണ്:

‘ഹൃദയം കടുത്തുപോയി, എന്താണ് പരിഹാരം’ എന്ന് ചോദിച്ചയാളോട് നബി(സ്വ) പറഞ്ഞു: ‘നീ നിന്റെ ഹൃദയം ലോലമാകണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ സാധുക്കളെ ഭക്ഷിപ്പിക്കുകയും അനാഥകളുടെ ശിരസ്സ് തടവുകയും ചെയ്യുക’ (അഹ്‌മദ്).

7. പരീക്ഷണങ്ങളെ തടയും.

8. അൽബിർറ് (പുണ്യം) എന്ന പദവി കരസ്ഥമാക്കാം

“നിങ്ങൾ ഇഷ്ടപ്പെടുന്നതിൽനിന്ന് നിങ്ങൾ ചെലവഴിക്കുന്നത് വരെ നിങ്ങൾക്ക് പുണ്യം നേടാനാവില്ല’’ (ആലു ഇംറാൻ: 92).

9. മലക്കുകൾ പ്രാർഥിക്കും:

നബി(സ്വ) പറയുന്നു: “ഒരു അടിമയും അവന്റെ കൂടെ രണ്ടു മലക്കുകൾ ഇറങ്ങാതെ പ്രഭാതമാക്കു ന്നില്ല. ആ രണ്ട് മലക്കുകളിൽ ഒരാൾ പറയും: ‘അല്ലാഹുവേ, ചെലവഴിക്കുന്നവന് പകരം നൽകേണമേ.’ രണ്ടാമത്തെ മലക്ക് പറയും: ‘അല്ലാഹുവേ, പിടിച്ചുവയ്ക്കുന്നവന് നാശം നൽകേണമേ’’ (ബുഖാരി).

10. സമ്പത്തിൽ ബറകത്തുണ്ടാകും:

നബി(സ്വ) പറഞ്ഞു: “ഒരു ദാനധർമവും സമ്പത്തിനെ കുറച്ചിട്ടില്ല’’ (മുസ്‌ലിം).

11. സ്വദക്വ മാത്രമാണ് സ്വന്തത്തിന് ലഭിക്കുക:

“നല്ലതായ എന്തെങ്കിലും നിങ്ങൾ ചെലവഴിക്കുകയാണെങ്കിൽ അത് നിങ്ങളുടെ നൻമയ്ക്ക് വേണ്ടി തന്നെയാണ്’’ (ബഖറ: 272).

നബി(സ്വ) ആഇശ(റ)യോട്, വീട്ടിൽ അറുത്ത ആടിന്റെ മാംസത്തിൽനിന്ന് എന്താണ് അവശേഷിച്ചത് എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു: ‘ഒരു കൈക്കുറക് മാത്രമെ അവശേഷിക്കുന്നുള്ളൂ.’ അവിടുന്ന് പറഞ്ഞു: ‘ആ കൈക്കുറക് അല്ലാത്തത് മുഴുവനും അവശേഷിച്ചിരിക്കുന്നു’ (മുസ്‌ലിം).

12. ബാബുസ്സ്വദക്വയിലൂടെ സ്വർഗത്തിലേക്ക്:

അബൂഹുറയ്‌റ(റ) നിവേദനം: ‘...ആരാണോ നമസ്‌കാരത്തിന്റെ ആൾ അവനെ ബാബുസ്സ്വലാത് വിളിക്കും, ആരാണോ ജിഹാദിന്റെ ആൾ അവനെ ബാബുൽ ജിഹാദ് വിളിക്കും, ആരാണോ സ്വദക്വയുടെ ആൾ അവനെ ബാബുസ്സ്വദക്വ വിളിക്കും, ആരാണോ നോമ്പിന്റെ ആൾ അവനെ ബാബുർറയ്യാൻ വിളിക്കും.’ അപ്പോൾ അബൂബക്കർ(റ) ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ആ വാതിലുകളിൽനിന്നെല്ലാം വിളിക്കപ്പെടുന്ന ആരെങ്കിലും ഉണ്ടാകുമോ?’ അവിടുന്ന് പറഞ്ഞു: ‘അതെ, നിങ്ങൾ അവരിൽ പെട്ടവരാവാൻ ഞാനാഗ്രഹിക്കുന്നു’ (ബുഖാരി, മുസ്‌ലിം).

13. അടിമയുടെ വിശ്വാസത്തിനും സത്യസന്ധതക്കും തെളിവാണ് സ്വദക്വ:

അല്ലാഹുവിന്റെ റസൂൽ(സ്വ) പറഞ്ഞു: ‘സ്വദക്വ തെളിവാണ്’ (മുസ്‌ലിം).

14. സമ്പത്തിനെ മാലിന്യങ്ങളിൽനിന്ന് ശുദ്ധീകരിക്കലാണ്:

നബി(സ്വ) കച്ചവടക്കാരോട് ഇങ്ങനെ വസ്വിയ്യത്ത് ചെയ്യാറുണ്ടായിരുന്നു: ‘അല്ലയോ വ്യാപാരി സമൂഹമേ, നിശ്ചയം ഈ കച്ചവടം എന്നത് അനാവശ്യ വർത്തമാനവും സത്യംചെയ്യലും കടന്നു വരുന്നതാണ്. ദാനധർനങ്ങൾകൊണ്ട് നിങ്ങളതിനെ ശുദ്ധീകരിക്കുവിൻ’ (അഹ്‌മദ്, ഇബ്‌നുമാജ, നസാഇ. സ്വഹീഹുൽ ജാമിഅ്).

15. ദുർമരണത്തിൽനിന്ന് രക്ഷ ലഭിക്കും:

അനസ്(റ) നിവേദനം; നബി(സ്വ) പറഞ്ഞു: “ദാനധർനങ്ങൾ റബ്ബിന്റെ കോപത്തെ ശമിപ്പിക്കും, ദുർമരണത്തെ തടയുകയും ചെയ്യും’’ (ബുഖാരി, മുസ്‌ലിം).

16. മുകളിലെ കൈയാണ് ഉത്തമം:

വാങ്ങുന്ന കൈകളെക്കാൾ അല്ലാഹുവിങ്കൽ ഉത്തമമായിട്ടുള്ളത് കൊടുക്കുന്ന കൈകളാണ്. പ്രവാചകൻ(സ്വ) വിശദമാക്കുന്നത് കാണുക:

അബ്ദുല്ലാഹിബ്‌നു ഉമർ(റ) നിവേദനം: “അവിടുന്ന് ദാനധർമത്തെയും മറ്റുള്ളവരോട് ചോദിക്കുന്നതിനെ കുറിച്ചും പറഞ്ഞു. മുകളിലുള്ള കൈയാണ് താഴെയുള്ള കൈയിനെക്കാൾ ഉത്തമമായിട്ടുള്ളത്. മുകളിലെ കൈ ചെലവഴിക്കുന്നവന്റെതും താഴെയുള്ള കൈ ചോദിക്കുന്നവന്റെതുമാണ്’’ (നസാഇ. അൽബാനി സ്വഹീഹാണെന്ന് വിശേഷിപ്പിച്ചു).

കുറഞ്ഞ സമ്പത്തിലെ ചെറിയ ദാനമാണ് ഒരുപാട് സമ്പത്തിൽനിന്നുള്ള ധാരാളക്കണക്കായ ദാനധർമത്തെക്കാൾ ശ്രേഷ്ഠതയുള്ളത്. ഒരു ഹദീസ് കാണുക:

അബൂഹുറയ്‌റ(റ) നിവേദനം; നബി(സ്വ) പറഞ്ഞു: ‘ഒരു ദിർഹം നൂറായിരം ദിർഹമുകളെ മുൻകടന്നു.’ അവർ ചോദിച്ചു: ‘അതെങ്ങനെയാണ്?’ നബി(സ്വ) പറഞ്ഞു: ‘ഒരു വ്യക്തിക്ക് രണ്ട് ദിർഹമുണ്ടായിരുന്നു, അയാൾ അതിൽനിന്ന് ഒരു ദിർഹം ദാനം നൽകി. മറ്റൊരാൾ തന്റെ വിശാലമായ സമ്പത്തിലെ കൂമ്പാരത്തിലേക്ക് ചെന്ന് അതിൽനിന്ന് നൂറായിരം എടുത്ത് ദാനം നൽകുകയും ചെയ്തു’ (നസാഇ. സ്വഹീഹുൽജാമിഅ്).

(അവസാനിച്ചില്ല)