സൃഷ്ടിപ്പ്: മതം പറയുന്നത്; ശാസ്ത്രവും

ഡോ. ഷാനവാസ് യു.എസ്.എ

2023 ഒക്ടോബർ 28 , 1445 റ.ആഖിർ 13

അതിസങ്കീർണവും ഭാവനാസമ്പൂർണവുമായ പ്രക്രിയയിലൂടെയാണ് സൃഷ്ടിപ്പ് പൂർത്തിയാക്കിയിരിക്കുന്നത്. സ്ഥൂല പ്രപഞ്ചത്തിൽ മാത്രമല്ല, സൂക്ഷ്മലോകത്തിലും ഇതിന്റെ മനോഹാരിത നമുക്ക് ദർശിക്കാനാവും. മനുഷ്യന്റെ ജൈവോൽപത്തിയുമായി ബന്ധപ്പെട്ട പഠനങ്ങൾ ഇക്കാര്യം കൂടുതൽ ബോധ്യപ്പെടുത്തുന്നുണ്ട്. സ്ഥല-കാലങ്ങൾക്കതീതനായ സ്രഷ്ടാവിനല്ലാതെ സൃഷ്ടി, സ്ഥിതി, സംഹാരം സാധ്യമല്ല തന്നെ.

ശാസ്ത്രവും മതവും വിപരീത ദിശയിൽ സഞ്ചരിക്കുന്നതായാണ് മിക്കവാറും വിഷയങ്ങളിൽ നാം കാണാറുള്ളത്. എന്നാൽ യഥാർഥത്തിൽ ശാസ്ത്രവും മതവും വിപരീത ദിശയിലാണോ സഞ്ചരിക്കുന്നത്? അവ രണ്ടും വിപരീത ദിശയിൽ സഞ്ചരിക്കേണ്ടവയാണോ? മതത്തെക്കുറിച്ചും ശാസ്ത്രത്തെക്കുറിച്ചുമുള്ള അപൂർണമായ അറിവാണോ ഇങ്ങനെയുള്ള ചിന്താഗതിക്ക് കാരണം? മതം പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ ശാസ്ത്രകാരന്മാർക്കും ശാസ്ത്രം പറഞ്ഞ വിഷയങ്ങളിൽ മതവിശ്വാസികൾക്കും ചില തെറ്റിദ്ധാരണകൾ സംഭവിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

മതവിശ്വാസികൾക്കും അല്ലാത്തവർക്കും സ്വതന്ത്രമായി ചിന്തിക്കുവാനും കാര്യങ്ങൾ ഗ്രഹിക്കുവാനുമുള്ള ഒരു അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ മനുഷ്യസൃഷ്ടിപ്പിനെക്കുറിച്ചും പ്രപഞ്ച സൃഷ്ടിപ്പിനെക്കുറിച്ചും മതഗ്രന്ഥങ്ങളിൽനിന്നും ശാസ്ത്ര ഗ്രന്ഥങ്ങളിൽനിന്നും കണ്ടെത്തിയ ചില സാമ്യതകളും വിയോജിപ്പുകളും ക്രോഡീകരിക്കുകയാണ് ഈ ലേഖന പരമ്പരയിലൂടെ ചെയ്യുന്നത്.

മനുഷ്യന്റെയും പ്രപഞ്ചത്തിന്റെയും സൃഷ്ടിപ്പിന്റെ കാര്യത്തിൽ മതവും ശാസ്ത്രവും ഒരുമിക്കുകയും ചിലപ്പോൾ വിയോജിക്കുകയും ചെയ്യുന്ന വിഷയങ്ങളെക്കുറിച്ച് സാധാരണക്കാർക്ക് സ്വതന്ത്രമായി ചിന്തിക്കുവാനും മനസ്സിലാക്കുവാനും പ്രചോദനം നൽകാനുള്ള ശ്രമമാണിത്.

മനുഷ്യ സൃഷ്ടിപ്പിന്റെ ആരംഭം

ഭൂമിയിൽ മനുഷ്യന്റെ ഉത്ഭവത്തെ സംബന്ധിച്ച് വളരെയധികം അഭിപ്രായവ്യത്യാസങ്ങൾ മതങ്ങളും ശാസ്ത്രലോകവും തമ്മിൽ നിലനിൽക്കുന്നുണ്ട.് മറ്റു ജീവികളിൽനിന്നും തികച്ചും വ്യത്യസ്തമായി മനുഷ്യൻ പ്രത്യേകം സൃഷ്ടിക്കപ്പെട്ടതാണെന്ന് മതങ്ങൾ പറയുമ്പോൾ, മനുഷ്യൻ പരിണാമ ഫലമായി കുരങ്ങുകളിൽനിന്നും രൂപപ്പെടുകയാണ് ചെയ്തത് എന്ന് ശാസ്ത്രം വാദിക്കുന്നു.

ആദിമ മനുഷ്യനെ മണ്ണിൽനിന്നും ദൈവം സൃഷ്ടിച്ചു എന്നാണ് ഇസ്‌ലാം പറയുന്നത്. എന്നാൽ മനുഷ്യനെ മണ്ണിൽനിന്നും ദൈവം സൃഷ്ടിച്ചു എന്ന് പറയുമ്പോൾതന്നെ മനുഷ്യസൃഷ്ടിപ്പിൽ സ്ത്രീ പുരുഷ ലൈംഗിക ബന്ധത്തിന്റെയും സ്ത്രീപുരുഷ ബീജസങ്കലനത്തിന്റെയും പ്രാധാന്യവും വിവരിക്കുന്നതായും നമുക്ക് കാണാം. അതിനാൽ മേൽപറഞ്ഞ വിഷയത്തിൽ മതപണ്ഡിതർക്കിടയിൽ വ്യാഖ്യാനപരമായ ചില അഭിപ്രായവ്യത്യാസങ്ങളുണ്ട്. മണ്ണിൽനിന്നും സൃഷ്ടിക്കപ്പെട്ടു എന്ന് പറയുന്നത് ആദ്യത്തെ മനുഷ്യനെക്കുറിച്ച് മാത്രമാണെന്നും, ശേഷമുള്ളവർ മുഴുവൻ സ്ത്രീപുരുഷ ബീജസങ്കലനത്തിലൂടെയാണ് സൃഷ്ടിക്കപ്പെട്ടത് എന്നതാണ് ഇതിൽ സുപ്രധാനമായ ഒരു അഭിപ്രായം. എന്നാൽ ഏതൊരു മനുഷ്യനും മരിച്ചു മണ്ണടിഞ്ഞുകഴിഞ്ഞാൽ കാലാന്തരേ ജീർണിച്ച് മണ്ണിൽ അടങ്ങിയിരിക്കുന്ന ധാതുലവണങ്ങളായി മാറുന്നതിനാൽ, മനുഷ്യ

ശരീരത്തിന്റെ അടിസ്ഥാനം മണ്ണിൽ അടങ്ങിയിരിക്കുന്ന ഈ ധാതുലവണങ്ങളാണ് എന്നതാണ് മനുഷ്യസൃഷ്ടിപ്പ് മണ്ണിൽനിന്നുമാണ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന അഭിപ്രായവും മതപണ്ഡിതന്മാർക്കിടയിൽ നമുക്ക് കാണാം.

1. മനുഷ്യ സൃഷ്ടിപ്പിനെ കുറിച്ചുള്ള ക്വുർആനിക വീക്ഷണം

ഏതാനും ക്വുർആൻ സൂക്തങ്ങൾ കാണുക:

“ഒരൊറ്റ അസ്തിത്വത്തിൽനിന്നും അവൻ നിങ്ങളെ സൃഷ്ടിച്ചു. പിന്നെ അതിൽനിന്നും അതിന്റെ ഇണയെയും അവൻ ഉണ്ടാക്കി...’’ (39:6).

“...ഒരു സ്ത്രീയും ഗർഭം ധരിക്കുകയോ പ്രസവിക്കുകയോ ചെയ്യുന്നുമില്ല; അവന്റെ അറിവോട് കൂടിയല്ലാതെ...’’(41:47).

“മനുഷ്യന്റെ സൃഷ്ടിപ്പ് കളിമണ്ണിൽനിന്നും അവൻ ആരംഭിച്ചു. പിന്നെ അവന്റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്റെ സത്തിൽനിന്നും അവൻ സൃഷ്ടിച്ചു’’ (32:79).

“മനുഷ്യരേ, നിങ്ങളെ ഒരു ആത്മാവിൽനിന്നും സൃഷ്ടിക്കുകയും, അതിൽനിന്നും അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവരിൽനിന്നും ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ’’(4:1).

“മനുഷ്യനെ അവൻ ഭ്രൂണത്തിൽനിന്നും സൃഷ്ടിച്ചിരിക്കുന്നു’’ (96:2).

“അവനെ (അവന്റെ രൂപം) മണ്ണിൽനിന്നും അവൻ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോൾ അവൻ (ആദം) അതാ ഉണ്ടാകുന്നു’’ (3:59).

“അല്ലാഹു നിങ്ങളെ മണ്ണിൽനിന്നും പിന്നീട് ബീജകണത്തിൽനിന്നും സൃഷ്ടിച്ചു. പിന്നെ അവൻ നിങ്ങളെ ഇണകളാക്കി. അവന്റെ അറിവ് അനുസരിച്ചല്ലാതെ ഒരു സ്ത്രീയും ഗർഭം ധരിക്കുന്നില്ല’’ (35:11).

“മണ്ണിൽനിന്നും അനന്തരം ബീജകണത്തിൽനിന്നും നിന്നെ സൃഷ്ടിക്കുകയും പിന്നീട് നിന്നെ ഒരു പുരുഷനായി സംവിധാനിക്കുകയും ചെയ്തവനിൽ നീ അവിശ്വസിച്ചിരിക്കുകയാണോ?’’(18:37)

“തീർച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തിൽനിന്നും നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥലത്ത് വച്ചു. പിന്നീട് ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി’’ (23:12-14).

“മണ്ണിൽനിന്നും പിന്നെ ബീജകണത്തിൽനിന്നും പിന്നെ ഭ്രൂണത്തിൽനിന്നും നിങ്ങളെ സൃഷ്ടിച്ചത് അവനാകുന്നു. പിന്നെ ഒരു ശിശുവായി അവൻ നിങ്ങളെ പുറത്തുകൊണ്ടുവരുന്നു’’ (40:67).

ക്വുർആനിലെ മേൽപറഞ്ഞ വചനങ്ങൾ മുഴുവൻ ചേർത്ത് വായിക്കുന്ന ഏതൊരു വ്യക്തിക്കും എന്താണ് മനുഷ്യസൃഷ്ടിപ്പിൽ ക്വുർആന്റെ വീക്ഷണം എന്നത് യാതൊരു സംശയത്തിനും സാധ്യതയില്ലാത്ത വിധം മനസ്സിലാക്കാവുന്നതാണ.് അതിനാൽതന്നെ ഇവിടെ ഒരു വിശദീകരണത്തിന്റെ ആവശ്യകതയില്ല. എന്നാൽ മേൽപറഞ്ഞ വചനങ്ങൾ മുഴുവൻ ഗ്രഹിക്കാതെ ചില വചനങ്ങൾ മാത്രം ശ്രദ്ധിച്ചാൽ സംശയവും അഭിപ്രായവ്യത്യാസവും വർധിക്കുകയും ചെയ്യും.

2. ശാസ്ത്രീയ വീക്ഷണം

മനുഷ്യ സൃഷ്ടിപ്പിനെക്കുറിച്ച് തികച്ചും വ്യത്യസ്തമായ ഒരു വീക്ഷണമാണ് ശാസ്ത്രത്തിനുള്ളത്. മനുഷ്യരടക്കമുള്ള ആധുനിക കാലഘട്ടത്തിലെ മുഴുവൻ ജീവികളും അവയുടെ പിൻതലമുറക്കാരിൽ നിന്നും കാലക്രമേണ മാറ്റങ്ങൾക്ക് വിധേയമായി രൂപപ്പെട്ടതാണെന്ന് (Evolution) ശാസ്ത്രം പറയുന്നു.

മനുഷ്യന്റെ ഏറ്റവും അടുത്ത ബന്ധുക്കൾ (close relatives) കുരങ്ങുകൾ ആണെന്ന ആശയം ആദ്യമായി കൊണ്ടുവന്നത് ലീനസ് (Lenus)എന്ന ശാസ്ത്രജ്ഞനാണ്. ഓരോ ജീവിയും അവയുടെ പിൻതലമുറക്കാരിൽനിന്നും അവയിൽ ഉണ്ടാകുന്ന ചില മാറ്റങ്ങളുടെ ഫലമായി രൂപപ്പെട്ടതാണെന്ന് വിഖ്യാതനായ ഡാർവിൻ വിശദീകരിക്കുകയുണ്ടായി. 1859ൽ തന്റെ പ്രസിദ്ധമായ ‘ഒറിജിൻ ഓഫ് സ്പീഷീസ്’ (The Origin of Species) എന്ന ഗ്രന്ഥത്തിൽ അദ്ദേഹം ഇത് രേഖപ്പെടുത്തുകയും ചെയ്തു.

എന്നാൽ 1863ൽ ഹാക്‌സ്‌ലി എന്ന ശാസ്ത്രജ്ഞൻ മനുഷ്യൻ കുരങ്ങുകളിൽ സംഭവിച്ച ചില മാറ്റങ്ങളുടെ ഫലമായി രൂപപ്പെട്ടതാണ് എന്ന് പ്രസ്താവിച്ചു. ഇക്കാര്യം അദ്ദേഹം തന്റെ ‘Evidence of Man’s Place in Nature’ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുകയും ചെയ്തു. മനുഷ്യനും കുരങ്ങുകളും തമ്മിലുള്ള ചില സാമ്യതകളാണ് ഇത്തരത്തിലുള്ള ഒരു ചിന്തയിലേക്ക് അദ്ദേഹത്തെ നയിച്ചത്.

എന്നാൽ മനുഷ്യന്റെ രൂപപ്പെടലിനെക്കുറിച്ച് കൂടുതൽ വിശദമാക്കിയത് ഡാർവിന്റെ വിഖ്യാതമായ പരിണാമ സിദ്ധാന്തമായിരുന്നു (Theory of Evolution). 1871ൽ തന്റെ ഗ്രന്ഥമായ The Descend of Man and Selection in Relation to Sex എന്ന ഗ്രന്ഥത്തിൽ അദ്ദേഹം പരിണാമ സിദ്ധാന്തം കൂടുതൽ വ്യക്തമാക്കി രേഖപ്പെടുത്തി.

എത്ര വർഷങ്ങൾക്കു മുമ്പാണ് ആധുനിക മനുഷ്യൻ രൂപപ്പെട്ടത് എന്നത് ഇന്നും നമുക്ക് മുന്നിൽ ഒരു വലിയ ചോദ്യചിഹ്നമാണ്. മനുഷ്യനുമായി സാമ്യതയുള്ള ഫോസിലുകളിൽ (പ്രാചീന അവശിഷ്ടം) നടത്തുന്ന പഠനമാണ് മനുഷ്യന്റെ കാലപ്പഴക്കം കണ്ടെത്താൻ നമ്മെ സഹായിക്കുന്നത്. രണ്ടു ദശലക്ഷം (2 million) വർഷങ്ങൾ പഴക്കമുള്ള ചില അസ്ഥികൂടങ്ങൾ കിഴക്കേ ആഫ്രിക്കയിൽ നിന്നും കണ്ടെത്തുകയുണ്ടായി. അവയ്ക്ക് മനുഷ്യ അസ്ഥികൂടങ്ങളുമായി സാമ്യമുള്ളതിനാൽ അവയെ ഹോമോ ഹബിലിസ് (Homo Habilis) എന്നു വിളിച്ചു. ‘ഹോമോ’ എന്നത് ‘മനുഷ്യൻ’ എന്ന അർഥം വരുന്ന ഒരു ലാറ്റിൻ വാക്കാണ്. മനുഷ്യനും കുരങ്ങുകളും അടങ്ങുന്ന കൂട്ടത്തെയാണ് പ്രൈമേറ്റ്‌സ് (primates) എന്ന് വിളിക്കുന്നത്. രാമാപിത്തിക്കസ് (Ramapithicus) ഡ്രൈയോ പിത്തിക്കസ് (Dryopithicus) എന്നിവ 15 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന രണ്ട് പ്രൈമേറ്റുകൾ ആയിരുന്നു. അവയിൽ രാമാപിത്തിക്കസ് മനുഷ്യനുമായി കൂടുതൽ സാമ്യത പുലർത്തിയിരുന്നു. ഇവയ്‌ക്കെല്ലാം പുറമെയും മനുഷ്യനുമായി സാമ്യതയുള്ള ധാരാളം പ്രാചീന അവശിഷ്ടങ്ങൾ കണ്ടെത്തുകയുണ്ടായി. ഇവയിൽ ആധുനിക മനുഷ്യനോട് ഏറ്റവും സാമ്യമുള്ള വിഭാഗമാണ് ഹോമോസാപ്പിയൻസ്. ആധുനിക ഹോമോസാപ്പിയൻസ് (modern homo sapiens) ആദ്യമായി രൂപപ്പെട്ടത് ഏതാണ്ട് 75000 മുതൽ ഒരു ലക്ഷം വർഷങ്ങൾക്കു മുന്നേ ഹിമയുഗത്തിൽ (Ice age) ആണെന്ന് കണക്കാക്കപ്പെടുന്നു.

പുരുഷ ബീജം യോനിയിൽ നിക്ഷേപിക്കൽ

മനുഷ്യസൃഷ്ടിപ്പിന് ഏറ്റവും അനിവാര്യമായ കാര്യമാണ് സ്ത്രീപുരുഷ ബീജസംങ്കലനം. ബീജസംങ്കലനം കൂടാതെ മനുഷ്യസൃഷ്ടിപ്പ് സാധ്യമേയല്ല. പല ആളുകൾക്കും സന്താനങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ഒരു പ്രധാന കാരണം ബീജസങ്കലത്തിലുള്ള ചില ക്രമക്കേടുകളാണ്. ആയതിനാൽ ഇത്തരം ആളുകളിൽ കൃത്രിമ ബീജസംങ്കലനം (Artificial insemination) നടത്തുക എന്നതാണ് വന്ധ്യത ചികിത്സാകേന്ദ്രങ്ങളിൽ പ്രധാനമായും ചെയ്യുന്നത്.

ഒരു പുരുഷൻ ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ പുരുഷലിംഗത്തിൽനിന്നും ശുക്ലം (semen) പുറത്തുവരുന്നു. പുരുഷന്റെ വൃഷണത്തിൽ (Testes)നിന്നും ഉൽപാദിപ്പിക്കപ്പെടുന്ന പുരുഷ ബീജവും (Sperm), സെമിനൽ ഗ്രന്ഥിയിൽ (Seminal vesicle) നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന സെമിനൽ ദ്രാവകവും (Seminal fluid) ആണ് ശുക്ലത്തിന്റെ ഏറ്റവും പ്രധാനമായ ഘടകങ്ങൾ. ഇങ്ങനെ രൂപപ്പെടുന്ന ശുക്ലത്തിൽ ഏതാണ്ട് 200-300 മില്യൺവരെ പുരുഷ ബീജങ്ങൾ ഉണ്ടാവും. ഇവയുടെ എണ്ണത്തിൽ വരുന്ന ചെറിയ കുറവുപോലും പ്രത്യുൽപാദനത്തെ പ്രതികൂലമായി ബാധിക്കും.

ശുക്ലത്തിൽ അടങ്ങിയിരിക്കുന്ന പുരുഷ ബീജത്തിന് (Sperm) സ്വന്തമായി ചലനശേഷിയുണ്ട്. പുരുഷ ബീജത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് ശുക്ലത്തിൽ അടങ്ങിയിരിക്കുന്ന അന്നജത്തിൽനിന്നുമാണ്. ഇത് പഴങ്ങളിൽ കാണുന്ന ഫ്രക്ടോസ് (Fructose) എന്ന അന്നജത്തിന് സമാനമാണ്.

“തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തിൽ നിന്നത്രെ അവൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്്’’(86:6).

“അപ്പോൾ നിങ്ങൾ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ?’’(56:58).

കൃത്രിമ പ്രത്യുൽപാദന മാർഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കൃത്രിമ ബീജസങ്കലനം. പുരുഷന്, സ്ത്രീയുടെ യോനിയിൽ (Vagina) പുരുഷബീജം നിക്ഷേപിക്കാനുള്ള കഴിവ് നഷ്ടപ്പെടുമ്പോഴോ (erectile dysfunction) ശുക്ലത്തിൽ പുരുഷ ബീജത്തിന്റെ എണ്ണത്തിൽ കുറവ് വരുമ്പോഴോ ആണ് സാധാരണ ഈ ചികിത്സാരീതി ഉപയോഗിക്കുന്നത്. ഇതുതന്നെ രണ്ടു രീതിയിലുണ്ട്. അവയിൽ ഒന്നാമത്തേത് പുരുഷ ബീജം സ്ത്രീയുടെ യോനിയിൽ നിക്ഷേപിക്കലാണ് (IVI – Intra vaginal Insemination). രണ്ടാമത്തേത് പുരുഷ ബീജം സ്ത്രീയുടെ ഗർഭാശയത്തിൽ നിക്ഷേപിക്കലാണ് (IUI – Intra Uterine Insemination). സ്ത്രീ പുരുഷ ലൈംഗിക ബന്ധത്തിന് സമാനമായ പ്രക്രിയയാണ് ഇത്.

“ഒരൊറ്റ സത്തയിൽ നിന്നുതന്നെ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനാണവൻ. അതിൽനിന്നുതന്നെ അതിന്റെ ഇണയെയും അവനുണ്ടാക്കി. അവളോടൊത്ത് അവൻ സമാധാനമടയുവാൻ വേണ്ടി. അങ്ങനെ അവൻ അവളെ പ്രാപിച്ചപ്പോൾ അവൾ ലഘുവായ ഒരു (ഗർഭ) ഭാരം വഹിച്ചു. എന്നിട്ട് അവളതുമായി നടന്നു...’’ (7:189).

പുരുഷബീജം രൂപപ്പെടൽ

അണ്ഡാശയത്തിൽ പുരുഷബീജം രൂപപ്പെടുന്ന പ്രക്രിയയെയാണ് സ്‌പേർമറ്റോജെനിസിസ് (Spermatogenesis) എന്ന് വിളിക്കുന്നത്. ഒരു പുരുഷന് പ്രായപൂർത്തി എത്തിയശേഷം മാത്രമാണ് ഈ പ്രക്രിയ നടക്കുന്നത്.

അണ്ഡാശയത്തിലെ സെമിനിഫറസ് ട്യൂബുകൾ (Seminiferous tubules) എന്ന അറകളിൽവച്ചാണ് പുരുഷ ബീജം രൂപപ്പെടുന്നത്. ഇവയിലുള്ള സ്‌പേർമറ്റോഗോണിയ (Spermatogonia) എന്ന മാതൃകോശങ്ങളിൽ നടക്കുന്ന പ്രത്യേക വിഭജനത്തിന്റെ ഫലമായാണ് പുരുഷബീജം രൂപപ്പെടുന്നത്.

എല്ലാ മനുഷ്യകോശങ്ങളിലും എന്നതുപോലെതന്നെ, സ്‌പേർമറ്റോഗോണിയകളിലും 23 ജോഡി (23 pair/46) ക്രോമസോമുകളാണുള്ളത്. ഈ കോശങ്ങൾ രണ്ടുതരം വിഭജനങ്ങൾക്ക് വിധേയമാകുന്നു. ആദ്യത്തെ വിഭജനത്തിന്റെ ഫലമായി പുതിയ രണ്ട് കോശങ്ങൾ രൂപപ്പെടുന്നു. അവയെ രണ്ടാം സ്‌പേർമറ്റോസൈറ്റ്‌സ് എന്ന് വിളിക്കുന്നു. ഇവ വീണ്ടും വിഭജിക്കുന്നു. ഇതിന്റെ ഫലമായി ഓരോന്നിൽ നിന്നും രണ്ടുവീതം പുതിയ കോശങ്ങൾ ഉണ്ടാകുന്നു. ഇവയെയാണ് പുരുഷബീജങ്ങൾ (Sperms) എന്ന് വിളിക്കുന്നത്. ഇങ്ങനെ രൂപപ്പെടുന്ന പുരുഷബീജത്തിന് മാതൃകോശത്തിന്റെ (Spermatogonia) പകുതി എണ്ണം ക്രോമസോമുകൾ മാത്രമെ ഉണ്ടാവുകയുള്ളൂ. അതായത് 23 ക്രോമസോമുകൾ വീതം. ഇത്തരത്തിൽ ഓരോ മാതൃകോശത്തിൽനിന്നും 4 വീതം പുരുഷബീജം രൂപപ്പെടുകയും ചെയ്യുന്നു.

ഇങ്ങനെ രൂപപ്പെടുന്ന പുരുഷ ബീജം പൂർണവളർച്ചയെത്താത്തവയായിരിക്കും. പിന്നീട് ഇവ വ്യത്യസ്ത നാളികളിലൂടെ (Tubes)സഞ്ചരിച്ച്, വാസ് ഡിഫറൻസ് (vas deferens) എന്ന വലിയ ഒരു നാളിയിൽ താൽക്കാലികമായി സൂക്ഷിക്കപ്പെടുന്നു. അണ്ഡാശയത്തിലെ ഈ നാളികളിൽവച്ചാണ് പുരുഷ ബീജം പൂർണ വളർച്ചയെത്തുന്നത്. ഇങ്ങനെ ഇവിടെ സൂക്ഷിക്കപ്പെട്ട പൂർണ വളർച്ചയെത്തിയ പുരുഷ ബീജങ്ങൾ ശുക്ലസ്ഖലനം നടക്കുമ്പോൾ വാസ് ഡിഫറൻസുകളിൽനിന്നും പുറത്തുവരുന്നു. പുരുഷലിംഗത്തിൽനിന്നും പുറത്തുവരുന്നതിന് മുമ്പെ പല ഗ്രന്ഥികളിൽനിന്നുമുള്ള ദ്രാവകങ്ങളുമായി ചേർന്ന് ഒരു മിശ്രിതമായാണ് ശുക്ലം പുറത്തുവരുന്നത്.

“കൂടിച്ചേർന്നുണ്ടായ ഒരു ബീജത്തിൽനിന്ന് തീർച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു’’ (76:2).

“എന്നാൽ മനുഷ്യൻ ചിന്തിച്ചുനോക്കട്ടെ താൻ എന്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്. തെറിച്ചുവീഴുന്ന ഒരു ദ്രാവകത്തിൽ നിന്നത്രെ അവൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്...’’ (86:5,6).

സ്ത്രീ ബീജത്തിന്റെ രൂപപ്പെടൽ

ഒരു സ്ത്രീയുടെ അണ്ഡാശയത്തിൽ (ovary) അണ്ഡം (ovary) രൂപപ്പെടുന്നതിനെയാണ് ഊജെനിസിസ് (oogenesis)എന്ന് പറയുന്നത്. പുരുഷ ബീജത്തിന്റെ രൂപീകരണത്തിൽ (spermatogenesis)നിന്നും തികച്ചും വ്യത്യസ്തമായ സവിശേഷതകളോടുകൂടിയാണ് അണ്ഡം (സ്ത്രീ ബീജം) രൂപം കൊള്ളുന്നത്.

പുരുഷ ബീജത്തിന്റെ രൂപീകരണം (spermatogenesis) തുടങ്ങുന്നത് പ്രായപൂർത്തിയായതിനു ശേഷമാണല്ലോ. എന്നാൽ സ്ത്രീകൾ, അവർ പ്രസവിക്കപ്പെടുമ്പോൾതന്നെ അണ്‌ഡോല്പാദന പ്രക്രിയ (oogenesis) ആരംഭിക്കുന്നു. അണ്ഡം രൂപപ്പെടുന്നത് ഊഗോണിയ (oogonia) എന്ന ഒരു മാതൃ ബീജകോശങ്ങളിൽനിന്നുമാണ്. ഒരു പെൺകുഞ്ഞ് ജനിക്കുമ്പോൾതന്നെ അവളുടെ ഓരോ അണ്ഡാശയത്തിലും (ovary) രണ്ട് ദശലക്ഷം (2 million) മാതൃ ബീജകോശങ്ങൾ ഉണ്ടാവും. ഇവയിൽ ചിലത് നശിപ്പിക്കപ്പെടുകയും ചിലത് വിഭജിച്ചു പൂർണവളർച്ചയെത്തിയ സ്ത്രീ ബീജമായി മാറുകയും ചെയ്യുന്നു. ഒരു ഊഗോണിയയിൽനിന്നും ഒരു അണ്ഡം മാത്രമാണ് രൂപപ്പെടുന്നത്.

ഊഗോണിയ വിഭജിച്ച് ഒരു അണ്ഡമാകുന്നത് തികച്ചും അത്ഭുതകരമായ പ്രതിഭാസത്തിലൂടെയാണ്. പ്രസവിക്കപ്പെടുന്നതിനു മുമ്പുതന്നെ മുഴുവൻ ഊഗോണിയകളും രൂപപ്പെടുന്നുവെങ്കിലും അവയ്ക്ക് പൂർണവളർച്ചയെത്തുന്നത് ഒരു സ്ത്രീക്ക് പ്രായപൂർത്തിയെത്തുന്നതോടുകൂടിയാണ്. അതായത് ഒരു സ്ത്രീക്ക് ആർത്തവം (menstrual cycle) തുടങ്ങുമ്പോൾ. ഒരു സ്ത്രീയുടെ ആർത്തവചക്രവും അണ്ഡത്തിന്റെ രൂപപ്പെടലും പരസ്പരം സമാന്തരമായി നടക്കുന്ന പ്രക്രിയകളാണ്. ഗർഭാശയത്തിൽ ആർത്തവമാറ്റത്തിന്റെ ഭാഗമായി, അതിന്റെ ഏറ്റവും അകത്തെ പാളികൾ (endometrium) വളരുന്നതിന് സമാന്തരമായി, അണ്ഡാശയത്തിൽ ഊഗോണിയയും വളരുന്നു.

നേരത്തെ സൂചിപ്പിച്ചപോലെ, മാതൃകോശത്തിൽനിന്നും എല്ലാ കോശങ്ങളും വിഭജിച്ച് അണ്ഡമാകുന്നില്ല. ഇങ്ങനെ വിഭജനത്തിന് വിധേയമാകുന്ന മാതൃകോശത്തെ പ്രാഥമിക സ്ത്രീ ബീജം (primary oocyte) എന്ന് വിളിക്കുന്നു. ഇവക്ക് 23 ജോഡി ക്രോമസോമുകൾ ഉണ്ട്.

പ്രാഥമിക സ്ത്രീബീജം രണ്ടുതരം വിഭജനങ്ങൾക്ക് വിധേയമാകുന്നു. ആദ്യത്തെ വിഭജനം കഴിയുന്നതോടുകൂടി അവ രണ്ടാംഘട്ട സ്ത്രീബീജം (secondary oocyte) ആയി മാറുന്നു. ഇവയ്ക്ക് ഊഗോണിയയുടെ പകുതി എണ്ണം ക്രോമസോമുകൾ മാത്രമാണുള്ളത്. ഈ വിഭജനത്തിന് പുറമെ ചില മാറ്റങ്ങൾ വരികയും അവ പൂർണവളർച്ചയെത്തുകയും ചെയ്യുന്നു. ഇങ്ങനെ പൂർണവളർച്ചയെത്തിയ രണ്ടാംഘട്ട സ്ത്രീബീജത്തെ ഗ്രാഫിയൻ ഫോളിക്കിൾ (graffian follicle) എന്ന് വിളിക്കുന്നു.

ആർത്തവചക്രം ഏതാണ്ട് പകുതിയാകുമ്പോൾ ലൂട്ടിനെസിങ് ഹോർമോൺ (LH lutinizing hormone) എന്ന സ്രവം സ്ത്രീകളിൽ ധാരാളമായി ഉത്പാദിപ്പിക്കപ്പെടുന്നു. ഇതിന്റെ ഫലമായി ഗ്രാഫിയൻ പോളിക്കലിന്റെ (graffian follicle) ആവരണങ്ങൾ പൊട്ടുകയും, അതിൽ നിന്നും രണ്ടാംഘട്ട സ്ത്രീ ബീജം അണ്ഡാശയത്തിൽനിന്നും പുറത്തേക്ക് ചാടുകയും (ovulation) ചെയ്യുന്നു. ഈ സമയത്ത് തന്നെയാണ് ഈ കോശം അതിന്റെ രണ്ടാംഘട്ട വിഭജനം തുടങ്ങുന്നത്. എന്നാൽ ഒരു പുരുഷ ബീജവുമായി സംയോജിച്ചെങ്കിൽ മാത്രമെ ഇവയ്ക്ക് ഈ വിഭജനം പൂർത്തിയാക്കി പൂർണവളർച്ചയെത്തിയ അണ്ഡമായി മാറാൻ കഴിയൂ. അല്ലാത്തവ പിന്നീട് നശിപ്പിക്കപ്പെടുന്നു.

അണ്ഡാശയത്തിൽനിന്നും പുറത്തുവരുന്ന സ്ത്രീബീജത്തെ ഗർഭാശയത്തിൽ എത്താൻ സഹായിക്കുന്നത് ഫിംബ്രിയ (fimbriae) എന്ന് വിളിക്കുന്ന, ഗർഭാശയത്തിന്റെ പ്രത്യേക ഭാഗമാണ്. ശേഷം അണ്ഡാശയക്കുഴലിൽവച്ച് സ്ത്രീ ബീജവും പുരുഷ ബീജവും തമ്മിൽ കൂടിച്ചേരുന്നു.

ശുക്ലം

പുരുഷന്റെ വിവിധതരം ലൈംഗിക ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന സ്രവങ്ങളും, വൃഷണം (testes) ഉൽപാദിപ്പിക്കുന്ന പുരുഷബീജവും അടങ്ങിയിരിക്കുന്ന ഒരു മിശ്രിതമാണ് ശുക്ലം (semen). പുരുഷൻ ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടുമ്പോൾ ശുക്ലം പുരുഷലിംഗംവഴി പുറത്തുവരുന്നു.

“കൂടിച്ചേർന്നുണ്ടായ ഒരു ബീജത്തിൽനിന്ന് തീർച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു’’ (76:2).

സാധാരണ ഒരു പുരുഷനിൽ ഓരോ പ്രാവശ്യവും രണ്ടുമുതൽ അഞ്ചു മില്ലി ലിറ്റർവരെ ശുക്ലം പുറത്തുവരുന്നു. ഇതിൽ ഏകദേശം 200 മുതൽ 300 ദശലക്ഷംവരെ പുരുഷബീജം ഉണ്ടാകും. ഇതിൽ 60% വും സെമിനൽ ഗ്രന്ഥി (seminal gland) ഉൽപാദിപ്പിക്കുന്ന ദ്രാവകമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് (fructose) എന്ന അന്നജത്തിൽനിന്നുമാണ് പുരുഷബീജത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത്. ഇതിനുപുറമെ ഇതിൽ മറ്റു പല മൂലകങ്ങളും സ്രവങ്ങളും അടങ്ങിയിട്ടുണ്ട്.

പ്രോസ്റ്റേറ്റ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന സ്രവത്തിൽ ധാരാളം മൂലകങ്ങളും (calcium, zinc, sodium and potassium) ഊർജത്തിന് ആവശ്യമായ സിട്രിക് ആസിഡും അടങ്ങിയിരിക്കുന്നു. ബൾബോയൂറിത്രൽ ഗ്രന്ഥി (bulbourethral gland) ഉത്പാദിപ്പിക്കുന്ന മ്യൂക്കസ് കട്ടിയുള്ള ഒരു സ്രവമാണ്. അത് ശുക്ലത്തെ കൂടുതൽ കട്ടിയുള്ളതാക്കുന്നു.

ശുക്ലം ഉണ്ടാക്കാൻ സഹായിക്കുന്ന വ്യത്യസ്ത ഗ്രന്ഥികൾ ഏതെല്ലാമെന്ന് നോക്കാം.

സെമിനൽ ഗ്രന്ഥികൾ

ഓരോ പുരുഷനും രണ്ട് സെമിനൽ ഗ്രന്ഥികൾ വീതമുണ്ട്. ഇവ ഉത്പാദിപ്പിക്കുന്ന സെമിനൽ ദ്രാവകം അൽപം കട്ടിയുള്ളതാണ്. ശുക്ലത്തിന്റെ പകുതിയിൽ അധികം ഭാഗവും ഈ ദ്രാവകമാണ്. ഇതിൽ അന്നജം, കാൽസ്യം, ഹോർമോണുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇതിലെ അന്നജമാണ് പുരുഷ ബീജത്തിന്റെ പ്രധാന ഊർജസ്രോതസ്സ്.

പ്രോസ്‌റ്റേറ്റ് ഗ്രന്ഥികൾ

മൂത്രസഞ്ചിയുടെ തൊട്ടു താഴെയാണ് ഈ ഗ്രന്ഥികൾ നിലകൊള്ളുന്നത്. ഇവ ഉൽപാദിപ്പിക്കുന്ന സ്രവത്തെ പ്രോസ്‌റ്റെറ്റിക് ദ്രാവകം (prostatic fluid) എന്ന് വിളിക്കുന്നു. പ്രോസ്റ്റാഗ്ലാന്റിൻ എന്ന ഹോർമോണും (prostaglandin) സിട്രിക് ആസിഡുമാണ് ഈ ദ്രാവകത്തിലെ സുപ്രധാന ഘടകങ്ങൾ.

ബൾബോയൂറിത്രൽ ഗ്രന്ഥി

മൂത്രനാളിയുടെ താഴ്ഭാഗത്താണ് ഈ ഗ്രന്ഥികൾ നിലകൊള്ളുന്നത.് ഇവ ഉൽപാദിപ്പിക്കുന്ന ദ്രാവകം കട്ടിയുള്ളതും മിനുസമുള്ളതുമാണ്. ഇത് ശുക്ലത്തിന്റെയും ബീജത്തിന്റെയും ചലനം കൂടുതൽ എളുപ്പമാക്കുന്നു.

വൃഷണം

പുരുഷ ലൈംഗികാവയവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണിത്. പുരുഷബീജം ഉൽപാദിപ്പിക്കപ്പെടുന്നത് ഈ ഗ്രന്ഥിയിലാണ്.

(തുടരും)