ശാശ്വത വിജയത്തിന്റെ ഇസ്‌ലാമിക പാഠങ്ങൾ

അർഷാദ് അഞ്ചൽ

2023 ജൂൺ 10 , 1444 ദുൽഖഅ്ദ 21

ഭൂമിയിലേക്ക് ജനിച്ച് വീണതു മുതൽ മരണത്തോടു കൂടെ അവസാനിക്കുന്നതല്ല മനുഷ്യജീവിതം എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മറിച്ച്, മരണാനന്തരവും തുടരുന്ന വൈയക്തികാനുഭവങ്ങളുടെ അനുസ്യൂത പ്രവാഹമാണത്. അതിരുകളില്ലാത്ത മരണാനന്തര ജീവിത വിജയത്തിന് വേണ്ടി നാം നമ്മെത്തന്നെ നവീകരിക്കൽ അനിവാര്യമാണ്. എങ്ങനെയാണത്? ഇതിനായി ഏത് വിധേനെയാണ് ചിന്തകളെയും കാഴ്ചപ്പാടുകളെയും പ്രവർത്തനങ്ങളെയും മാറ്റിപ്പണിയേണ്ടത്?

ഒരു മനുഷ്യൻ മുസ്‌ലിമാകുന്നത് അവൻ അല്ലാഹുവുമായി കരാറിൽ ഏർപ്പെടുമ്പോഴാണ്. അല്ലാഹുവും അവന്റെ അടിമയുമായുള്ള ഈ കരാറിനാണ് ‘ശഹാദത്ത്’ എന്ന് പറയുന്നത്. അതിന്റെ അർഥം ഇതാണ്: “യഥാർഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.’’

സകലതിനെയും സൃഷ്ടിച്ച്, സംവിധാനിച്ച്, സംരക്ഷിക്കുന്ന അല്ലാഹു മാത്രമാണ് യഥാർഥ ആരാധ്യനെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാണെന്നും ഒരാൾക്ക് ബോധ്യപ്പെടുമ്പോഴാണ് അയാൾ അത് അംഗീകരിച്ചുകൊണ്ട് സാക്ഷ്യവാക്യം ചൊല്ലി ഇസ്‌ലാമിന്റെ വൃത്തത്തിലേക്ക് കടക്കുന്നത്.

ശഹാദത്തിലൂടെ അല്ലാഹുവുമായി കരാറിലായിക്കഴിഞ്ഞാൽ പിന്നെ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുക എന്നത് നിർബന്ധ ബാധ്യതയാണ്. കരാർ പാലിക്കുന്നവർക്ക് സ്വർഗമാണ് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്.

“തീർച്ചയായും സത്യവിശ്വാസികളുടെ പക്കൽനിന്ന്, അവർക്ക് സ്വർഗമുണ്ടായിരിക്കുക എന്നതിനു പകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു...’’ (ക്വുർആൻ: 9/111).

തൗഹീദ്

ഒന്നാമത്തെ കരാർ തൗഹീദിന്റെ കാര്യത്തിലാണ്. ഇരുലോകത്തും വിജയത്തിന് വേണ്ട പ്രഥമമായ നിബന്ധനയാണ് തൗഹീദ്. ഇസ്‌ലാമിന്റെ അടിസ്ഥാനശിലയാണ് തൗഹീദ്. അത് ഇസ്‌ലാമിന്റെ ജീവനാണ.് ജീവൻ നഷ്ടമായാൽ, അടിത്തറ തകർന്നാൽ, അടിവേര് പൊട്ടിയാൽ അതോടുകൂടി എല്ലാം തകർന്നു തരിപ്പണമാകും. ഒരാളിലെ തൗഹീദ് തകർന്നാൽ അവനിലെ ഇസ്‌ലാമാണ് തകരുന്നത്.

ഇമാം ബുഖാരി(റഹ്) തന്റെ സ്വഹീഹിൽ ‘കിതാബുത്തൗഹീദ്’ എന്ന പേരിൽ ഒരു അധ്യായം തന്നെ നൽകിയിട്ടുണ്ട്. ഈ തലക്കെട്ടിനെ വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്‌നുഹജറുൽ അസ്‌ക്വലാനി (റഹ്) പറയുന്നു:

“തൗഹീദ് എന്നാൽ; അല്ലാഹുവിന്റെ സത്തയിൽ അവൻ ഏകനാണ്, അവന് ഘടകങ്ങളില്ല. അവന്റെ ഗുണവിശേഷണങ്ങളിൽ അവൻ ഏകനാണ്. അവന് സദൃശങ്ങളില്ല. അവന്റെ അധികാരത്തിലും നിയന്ത്രണത്തിലും അവന് യാതൊരു പങ്കുകാരുമില്ല. അവന് പുറമെ മറ്റൊരു രക്ഷിതാവോ സ്രഷ്ടാവോ ഇല്ല’’ (ഫത്ഹുൽബാരി).

ഏകനായ അല്ലാഹുവിന് മാത്രം ഇബാദത്തുകൾ (ആരാധനകൾ) അർപ്പിക്കുകയും അവൻ മാത്രമാണ് എല്ലാ നിലയ്ക്കുമുള്ള ഇബാദത്തുക്കൾക്ക് അർഹനെന്ന് വിശ്വസിക്കുകയും അവനല്ലാത്തവർക്കുള്ള ഇബാദത്തുക്കൾ പൂർണമായും വെടിയുകയും അത് ഏറ്റവും വലിയ തിന്മയാണെന്ന് അംഗീകരിക്കുകയും അല്ലാഹുവല്ലാത്തവർക്ക് ഇബാദത്ത് ചെയ്യുന്നവൻ ഇസ്‌ലാമിൽനിന്ന് പുറത്ത് പോകുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നതെല്ലാം തൗഹീദിൽ ഉൾപ്പെടുന്നു.

“തീർച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ആരാധ്യനുമില്ല. അതിനാൽ എന്നെ നീ ആരാധിക്കുകയും എന്നെ ഓർമിക്കുന്നതിനായി നമസ്‌കാരം മുറപോലെ നിർവഹിക്കുകയും ചെയ്യുക’’ (ക്വുർആൻ: 20/14).

“നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു’’ (1/5).

ഈ തൗഹീദിലേക്കാണ് ലോക ത്ത് നിയോഗിക്കപ്പെട്ട മുഴുവൻ പ്രവാചകന്മാരും അവരുടെ സമൂഹത്തെ ക്ഷണിച്ചത്.

“ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാൽ എന്നെ നിങ്ങൾ ആരാധിക്കൂ എന്ന് ബോധനം നൽകിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല’’ (21/25).

മുഹമ്മദ് നബി ﷺ പറഞ്ഞു: “ഞാനും എനിക്ക് മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരും പറഞ്ഞതിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ‘ലാ ഇലാഹ ഇല്ലല്ലാഹു, വഹ്ദഹു ലാ ശരീക ലഹു’ (യഥാർഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല, അവൻ ഏകനാണ്, അവന് പങ്കുകാരേയില്ല) എന്ന വാക്യമാണ്’’(മുവത്വ).

വ്യതിചലിച്ചവർ

ഖേദകരമെന്ന് പറയട്ടെ, മുസ്‌ലിം സമുദായത്തിലെ ഭൂരിഭാഗവും ഈ കാര്യം മനസ്സിലാക്കാതെയാണ് ജീവിക്കുന്നത്. മുസ്‌ലിം കുടുംബത്തിൽ ജനിച്ചുവെന്നതിനപ്പുറം ആദർശ തലത്തിൽ ഇസ്‌ലാമിനെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും ശ്രമിച്ചവർ അധികമില്ല.

മുസ്‌ലിം സമൂഹം തൗഹീദിൽനിന്നും വ്യതിചലിക്കുമെന്ന് വഹ്‌യിന്റെ അടിസ്ഥാനത്തിൽ നബി ﷺ അറിയിച്ചിട്ടുണ്ട്.

നബി ﷺ പറഞ്ഞു: “ജനങ്ങൾ ലാത്തയെയും ഉസ്സയെയും ആരാധിക്കുന്നതുവരെ രാപ്പകലുകളുടെ (വ്യവസ്ഥിതി) അവസാനിക്കുകയില്ല’’ (മുസ്‌ലിം).

“എന്റെ സമുദായത്തിൽ പെട്ട ചില സംഘങ്ങൾ വിഗ്രഹങ്ങളെ ആരാധിക്കുകയും മുശ്‌രിക്കുകളുമായി കൂടിച്ചേരുകയും ചെയ്യുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല’’ (തിർമിദി).

നബി ﷺ യുടെ ഈ മുന്നറിയിപ്പ് പുലർന്നുകഴിഞ്ഞിട്ടുണ്ട്. അതിന് തുടക്കമിട്ടത് ശിയാക്കളായിരുന്നു. പല വ്യക്തികൾക്കും അവർ അപ്രമാദിത്വം കൽപിച്ചുകൊണ്ടും പല വ്യക്തികളിലും ദിവ്യത്വം ചാർത്തിക്കൊണ്ടും അവർ ശിർക്കിനെയും കുഫ്‌റിനെയും വാരിപ്പുണർന്നു. എല്ലാം കാണുന്ന, എല്ലാം അറിയുന്ന, എവിടെനിന്ന് വിളിച്ചാലും പ്രാർഥന കേൾക്കുന്ന, സഹായിക്കുന്ന, ഉത്തരം നൽകുന്നവരായി പല ഇമാമുമാരെയും അവർ പരിചയപ്പെടുത്തി. ശിയാക്കളിൽനിന്നും സൂഫികൾ അത് ഏറ്റെടുത്തു. അങ്ങനെ തസ്വവ്വുഫിന്റെയും ത്വരീക്വത്തിന്റെയും പേരിൽ ഈ പിഴച്ച വിശ്വാസം നമ്മുടെ നാട്ടിലുമെത്തി. ചില മുസ്‌ലിം സംഘടനകൾ ഇതിന്റെ പ്രചാരകരായി മാറിയതോടെ സമൂഹത്തിൽ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പ്രചാരണം എളുപ്പത്തിലായി. അവരൊക്ക തങ്ങൾ സുന്നത്ത് ജമാഅത്തിന്റെ ആദർശത്തിലാണെന്ന് ജൽപിക്കുകയും ചെയ്യുന്നു.

അങ്ങനെ അല്ലാഹുവിന്റെ ഗുണവിഷേണങ്ങൾവരെ അല്ലാഹുവല്ലാത്തവർക്ക് വകവച്ചുകൊടുക്കു ന്ന അവസ്ഥ വ്യാപകമായി. മഹാന്മാരായ ആളുകൾ അല്ലാഹു ചെയ്യുന്നതൊക്കെ ചെയ്യുമെന്നും അല്ലാഹു കാണുന്നതൊക്കെ കാണുമെന്നും അവർ പ്രചരിപ്പിച്ചു. തൗഹീദിന്റെ ഭാഗമായി പഠിപ്പിക്കപ്പെട്ട അല്ലാഹുവിന്റെ നിയന്ത്രണാധികാരമെന്നതിലും പങ്കുചേർക്കുന്ന അവസ്ഥയുണ്ടായി. ചില ഔലിയാക്കളുടെ കൈകളിലാണ് ലോകത്തിന്റെ നിയന്ത്രണം എന്ന് വിശ്വസിക്കൽ നിർബന്ധമാണെന്ന് വരെ പറയുന്ന അവസ്ഥയുണ്ടായി. മക്കയിലെ മുശ്‌രിക്കുകൾക്ക് പോലും ഈ വിശ്വാസമുണ്ടായിരുന്നില്ല എന്നതാണ് വസ്തുത.

“പറയുക: ആകാശത്തുനിന്നും ഭൂമിയിൽനിന്നും നിങ്ങൾക്ക് ആഹാരം നൽകുന്നത് ആരാണ്? അതല്ലെങ്കിൽ കേൾവിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതിൽനിന്ന് ജീവനുള്ളതും ജീവനുള്ളതിൽനിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങൾ നിയന്ത്രിക്കുന്നതും ആരാണ്? അവർ പറയും; അല്ലാഹു എന്ന്. അപ്പോൾ പറയുക: എന്നിട്ടും നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ?’’(10/31).

അഭൗതികമായ കഴിവ് അഥവാ കാര്യകാരണങ്ങൾക്ക് അതീതമായ കഴിവ് അല്ലാഹുവിന് മാത്രമല്ല ഉള്ളതെന്നും മഹാൻമാർക്കും ഉണ്ടെന്ന വിശ്വാസമാണ് ഈ വ്യതിയാനത്തിനു കാരണം. യഥാർഥത്തിൽ അഭൗതികമായ മാർഗങ്ങളിലുള്ള അഥവാ കാര്യകാരണങ്ങൾക്ക് അതീതമായ കഴിവ് അല്ലാഹു ആർക്കും നൽകിയിട്ടില്ല, നൽകുകയുമില്ല. അങ്ങനെ അല്ലാഹു ആർക്കെങ്കിലും കഴിവ് നൽകി എന്ന് പറഞ്ഞാൽ അല്ലാഹു സ്വയം ഒരു പങ്കാളിയെ സ്വീകരിച്ചു എന്നാണ് അർഥം. അതൊരിക്കലും ഉണ്ടാവുകയില്ല.

ശിർക്കിന്റെ ഗൗരവം

തൗഹീദിന് എതിരാണ് ശിർക്ക്. അതാകട്ടെ ഒരാളെ ഇസ്‌ലാമിൽനിന്ന് പുറത്തെത്തിക്കുന്നതാണ്. അത് അല്ലാഹുവിനോട് കാണിക്കുന്ന വലിയ നന്ദികേടുമാണ്.

അബ്ദില്ല(റ) പറയുന്നു: “ഞാൻ നബി ﷺ യോട് ചോദിച്ചു: ‘ഏത് തിന്മയാണ് ഏറ്റവും ഗൗരവമുള്ളത്?’ നബി ﷺ പറഞ്ഞു: ‘നിന്നെ സൃഷ്ടിച്ചവൻ അല്ലാഹുവാണെന്നിരിക്കെ, നീ അവന് പങ്കാളിയെ നിശ്ചയിക്കലാണ്’’(ബുഖാരി).

ശിർക്ക് എന്നത് ‘വിഗ്രഹാരാധനയാണ്,’ ‘ഒന്നിലധികം ദൈവങ്ങളുണ്ടെന്ന് വിശ്വസിക്കലാണ്,’ ‘മഹാന്മാർക്ക് സ്വന്തമായി കഴിവുണ്ടെന്ന് വിശ്വസിക്കലാണ്,’ ‘മഹാന്മാർക്ക് അല്ലാഹു കൊടുത്ത കഴിവിൽനിന്ന് അവരോട് ചോദിക്കുന്നത് ശിർക്കല്ല’ എന്നൊക്കെയാണ് ചിലരുടെ ന്യായീകരണം. വിഗ്രഹാരാധനയും ഒന്നിലേറെ ദൈവങ്ങളുണ്ടെന്ന് വിശ്വസിക്കലും മാത്രമല്ല ശിർക്ക്. അല്ലാഹുവിന് തുല്യനായി മറ്റെന്തിനെയും മറ്റാരെയും കണക്കാക്കുന്നതും ശിർക്കാണ്. അഥവാ, കാലഭേദമില്ലാതെ എല്ലാം അറിയുക, എല്ലാം കാണുക പോലുള്ള അല്ലാഹുവിന് മാത്രം പ്രത്യേകമായിട്ടുള്ള കഴിവുകൾ സൃഷ്ടികൾക്ക് വകവച്ചുകൊടുക്കുന്നത് ശിർക്കാണ്. ശിർക്ക് ഒരു മനുഷ്യനെ സ്വർഗത്തിൽനിന്ന് അകറ്റുകയും നരകത്തിലെത്തിക്കുകയും ചെയ്യും.

“അല്ലാഹുവിനോട് വല്ലവനും പങ്കുചേർക്കുന്നപക്ഷം തീർച്ചയായും അല്ലാഹു അവന് സ്വർഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും’’ (ക്വുർആൻ: 5/72).

നബി ﷺ പറഞ്ഞു: “സ്വഫക്ക് മുകളിൽ ഉറുമ്പരിക്കുന്നതിനെക്കാൾ ഗോപ്യമായാണ് എന്റെ ഉമ്മത്തിൽ ശിർക്ക് സംഭവിക്കുക’’ (സ്വഹീഹുൽ ജാമിഅ്).

അതിനാൽ നാം ശിർക്കെന്ന മഹാപാപത്തെ സൂക്ഷിക്കുക. മനുഷ്യന്റെ ഇഹവും പരവും ഒരുപോലെ നഷ്ടപ്പെടുത്തുന്ന ഈ മഹാദുരന്തത്തിൽനിന്നുള്ള രക്ഷക്കായി അല്ലാഹുവോട് സദാസമയവും പ്രാർഥിക്കുക. നബി ﷺ അബൂബക്‌റി(റ)നോട് പറഞ്ഞു:

“അബൂബക്ർ, എന്റെ ആത്മാ വ് ആരുടെ കൈയിലാണോ അവ നാണെ സത്യം! നിശ്ചയം, ശിർക്ക് ഉറുമ്പ് അരിച്ചെത്തുന്നതിനെക്കാൾ ഗോപ്യമാണ്. താങ്കൾക്ക് ഒരു കാര്യം ഞാൻ അറിയിച്ചുതരട്ടെയോ? താങ്കൾ അതു പ്രവർത്തിച്ചാൽ ശിർക്ക് കുറച്ചായാലും കൂടുതലായാലും താങ്കളിൽനിന്ന് അത് പൊയ്‌പോകും.’’ നബി ﷺ പറഞ്ഞു: താങ്കൾ (ഇപ്രകാരം) പറയുക: “അല്ലാഹുവേ, ഞാൻ അറിഞ്ഞുകൊണ്ട് നിന്നിൽ പങ്കുചേർക്കുന്നതിൽനിന്ന് ഞാൻ നിന്നിൽ അഭയം തേടുന്നു, ഞാനറിയാത്തതിൽ നിന്ന് നിന്നോട് പാപമോചനം തേടുകയും ചെയ്യുന്നു’’ (അദബുൽമുഫ്‌റദ്, ബുഖാരി. അൽബാനി സ്വഹീഹായി അംഗീകരിച്ചത്).

ക്വബ്ർ സിയാറത്തും ക്വബ്‌റാരാധനയും

മുസ്‌ലിം സമൂഹത്തിലേക്ക് ശിർക്ക് വിവിധ രൂപങ്ങളിലാണ് കടന്നുവരുന്നത്. അതിൽ പ്രധാനപ്പെട്ടതാണ് കെട്ടിയുയർത്തപ്പെടുന്ന ക്വബ്‌റുകൾ.

ക്വബ്ർ സിയാറത്ത് എന്ന പേരിലാണ് പുരോഹിതൻമാർ ആളുകളെ കെട്ടിയുയർത്തപ്പെട്ട മക്വ‌‌്‌ബറകളിലെത്തിക്കുന്നത്. ഇസ്‌ലാം ക്വബ്ർ സിയാറത്ത് അനുവദിച്ചിരിക്കുന്നത് മരണചിന്തയും പരലോകചിന്തയും ഉണ്ടാകുവാനും ക്വബ്‌റിലുള്ള സത്യവിശ്വാസികൾക്ക് വേണ്ടി പ്രാർഥിക്കുന്നതിനുമാണ്.

എന്നാൽ ക്വബ്ർ സിയാറത്തിന്റെ ലക്ഷ്യമായി നബി ﷺ എന്ത് പഠിപ്പിച്ചുവോ അതിൽനിന്ന് സമൂഹം ഇന്ന് ഏറെ വ്യതിചലിച്ചിരിക്കുന്നു. ക്വബ്‌റാളിക്ക് വേണ്ടി പ്രാർഥിക്കുന്നതിന് പകരം ക്വബ്‌റിലുള്ളയാളോട് പ്രാർഥിക്കുന്നതിന് വേണ്ടി ക്വബ്ർ സിയാറത്ത് ചെയ്യുന്നു. അതിനുവേണ്ടി മഹാൻമാരാണെന്ന് പറയുന്ന പലരുടെയും ക്വബ്‌റുകൾ കെട്ടിയുയർത്തുകയും തീർഥാടന കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയിതിരിക്കുന്നു. അവിടങ്ങളിലേക്ക് ആളുകൾ കൂട്ടംകൂട്ടമായി സിയാറത്ത് ചെയ്യുന്നു. അത്തരം സിയാറത്തുകളിൽ മരണചിന്തയും പരലോകചിന്തയും ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, ദുൻയാവിലെ ആവശ്യങ്ങൾക്കായാണ് ആ സിയാറത്തുകൾ, തേടുന്നതാകട്ടെ ക്വബ്‌റിലുള്ളവരോടും. മരണപ്പെട്ട വ്യക്തിയോട് സഹായം തേടുമ്പോൾ തേടുന്നയാളുടെ മനസ്സിലുള്ളത് ആ മഹാൻ തന്റെ തേട്ടം കേൾക്കുമെന്നും തന്റെ ആവശ്യങ്ങൾ അറിയുമെന്നുമാണ്. അത് അല്ലാഹുവിൽ പങ്ക് ചേർക്കലാണെന്നതിൽ സംശയമില്ല.

പുണ്യം പ്രതീക്ഷിച്ചുള്ള തീർഥയാത്ര പാടുള്ളത് മൂന്ന് സ്ഥലങ്ങളിലേക്ക് മാത്രമാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്:

നബി ﷺ പറഞ്ഞു: ‘‘മൂന്ന് പള്ളികളിലേക്കല്ലാതെ നിങ്ങൾ (പുണ്യം പ്രതീക്ഷിച്ച്) യാത്ര ചെയ്യരുത്. മസ്ജിദുൽ ഹറാം, റസൂലി ﷺ ന്റെ പള്ളി (മദീനയിലെ മസ്ജിദുന്നബവി), മസ്ജിദുൽ അക്വ്സാ എന്നിവയാണവ’’ (ബുഖാരി).

അജ്മീർ, ഏർവാടി, നാഗൂർ തുടങ്ങിയ അന്യസംസ്ഥാനങ്ങളിലെ ദർഗകളിലേക്കാകട്ടെ, ബീമാ പള്ളി, മമ്പുറം പള്ളി തുടങ്ങിയ കേരളത്തിലെ ദർഗകളിലേക്കാകട്ടെ പുണ്യം പ്രതീക്ഷിച്ച് യാത്ര ചെയ്യുന്നവർ, അവിടങ്ങളിൽ ചെന്നു പറഞ്ഞാൽ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെടുമെന്ന് വിശ്വസിക്കുന്നവർ, അത് ഇസ്‌ലാമിക വിരുദ്ധമാണെന്ന് തിരിച്ചറിഞ്ഞാൽ അവർക്കു നല്ലത്.

മരണപ്പെട്ടുപോയ ഔലിയാക്കളുടെയും മഹാന്മാരുടെയും പേരിൽ അവരുടെ മക്വ‌‌്‌ബറക്ക് സമീപം നടത്തപ്പെടുന്ന ഉറൂസുകൾക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല.

ദുർന്യായങ്ങൾ

മരണപ്പെട്ട മഹാൻമാരോട് സഹായം ചോദിച്ചാൽ അവർ അല്ലാഹുവിന്റെയടുക്കൽ നമുക്ക് വേണ്ടി ശുപാർശ ചെയ്യുമെന്നും പുരോഹിതൻമാർ തെറ്റിദ്ധരിപ്പിക്കാറുണ്ട്. ഇങ്ങനെയുള്ള ശുപാർശ ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല. ഇത് മക്കയിലെ മുശ്‌രിക്കുകളുടെ ആദർശമാണ്.

‘‘അല്ലാഹുവിന് പുറമെ, അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവർ (ആരാധ്യർ) അല്ലാഹുവിന്റെ അടുക്കൽ ഞങ്ങൾക്കുള്ള ശുപാർശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിന് അറിയാത്ത വല്ലകാര്യവും നിങ്ങളവന് അറിയിച്ചുകൊടുക്കുകയാണോ? അല്ലാഹു അവർ പങ്കുചേർക്കുന്നതിൽനിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു’’(ക്വുർആൻ:10/18).

പുരോഹിതൻമാർ ചിലപ്പോൾ പറയാറുള്ളത്, മരണപ്പെട്ട മഹാൻമാർ അല്ലാഹുവിങ്കലേക്ക് നമ്മെ കൂടുതൽ അടുപ്പിക്കുമെന്നാണ്. ഇതും മക്കയിലെ മുശ്‌രിക്കുകളുടെ ആദർശമാണ്.

‘‘അറിയുക; അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്‌കളങ്കമായ കീഴ്വണക്കം. അവന് പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവർ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങൾക്ക് കൂടുതൽ അടുപ്പമുണ്ടാക്കിത്തരാൻ വേണ്ടിമാത്രമാകുന്നു ഞങ്ങൾ അവരെ ആരാധിക്കുന്നത്. അവർ ഏതൊരു കാര്യത്തിൽ ഭിന്നത പുലർത്തുന്നുവോ അതിൽ അല്ലാഹു അവർക്കിടയിൽ വിധികൽപിക്കുക തന്നെ ചെയ്യും. തീർച്ചയായും നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേർവഴിയിലാക്കുകയില്ല’’ (39/3).

ജുൻദുബ്(റ) പറയുന്നു: നബി ﷺ പറഞ്ഞു: ‘‘...നിങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയവർ അവരിലെ നബിമാരുടെയും സ്വാലിഹുകളുടെയും ക്വബ്‌റുകളെ ആരാധനാ കേന്ദ്രങ്ങളാക്കുമായിരുന്നു. അറി യുക: നിങ്ങൾ ക്വബ്‌റുകളെ ആരാധനാ കേന്ദ്രങ്ങളാക്കരുത്. ഞാൻ നിങ്ങളോട് അത് തടയുന്നു’’ (മുസ്‌ലിം).

മരണപ്പെട്ടവർ കേൾക്കുമോ?

മരണപ്പെട്ടുപോയവരോടുള്ള സഹായതേട്ടം പ്രാർഥനതന്നെയാണ്. അല്ലാഹുവിന് മാത്രം സമർപ്പിക്കേണ്ട ഇത്തരം വിളികൾ അല്ലാഹുവല്ലാത്തവർക്ക് നൽകുന്നതുവഴി ശിർക്ക് സംഭവിക്കുന്നു. ഇസ്‌ലാമിക പ്രമാണങ്ങൾ പരിശോധിച്ച് നോക്കിയാൽ മരിച്ചവർ കേൾക്കുമെന്നതിന് യാതൊരു തെളിവും കണ്ടെത്താൻ കഴിയില്ല. മരണപ്പെട്ടവർ കേൾക്കുകയില്ലെന്ന് മാത്രമല്ല, അവർ ഇഹലോകത്ത് നടക്കുന്ന ഒരു കാര്യവും അറിയുന്നില്ല എന്നതാണ് വസ്തുത. കാരണം ഉയിർത്തെഴുന്നേൽപ് നാൾവരെ അവർ ബർസഖിലാണ്. മരണപ്പെട്ടവർക്ക് നിരുപാധികമായ കാഴ്ചയും കേൾവിയും കഴിവും പോയിട്ട് സാധാരണ കാഴ്ചയും കേൾവിയും കഴിവും പോലും ഉണ്ടാകില്ലെന്നും അവരോടുള്ള പ്രാർഥന നിരർഥകമാണെന്നും അല്ലാഹു അറിയിച്ചിട്ടുണ്ട്:

‘‘(നബിയേ,) നിശ്ചയമായും മരണപ്പെട്ടവരെ നിനക്ക് കേൾപിക്കാനാവുകയില്ല...’’(27/80).

‘‘ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീർച്ചയായും അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ കേൾപിക്കുന്നു. നിനക്ക് ക്വബ്‌റുകളിലുള്ളവരെ കേൾപിക്കാനാവില്ല’’(35/22).

‘‘നിങ്ങൾ അവരോട് പ്രാർഥിക്കുന്ന പക്ഷം അവർ നിങ്ങളുടെ പ്രാർഥന കേൾക്കുകയില്ല. അവർ കേട്ടാലും നിങ്ങൾക്കവർ ഉത്തരം നൽകുന്നതല്ല. ഉയിർത്തെഴുന്നേൽപിന്റെ നാളിലാകട്ടെ നിങ്ങളുടെ ഈ ശിർക്കിനെ (നിങ്ങൾ അവരെ പങ്കാളികളാക്കിയതിനെ) അവർ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ(അല്ലാഹുവെ)പോലെ നിനക്ക് വിവരം തരാൻ ആരുമില്ല’’ (35/14).

പ്രാർഥന അല്ലാഹുവിനോട് മാത്രം

പ്രാർഥന അല്ലാഹുവിനോട് മാത്രമെ പാടുള്ളൂവെന്ന് വിശുദ്ധ ക്വുർആനിലെ അനവധി വചനങ്ങളിലൂടെ അല്ലാഹു നമ്മെ അറിയിച്ചിട്ടുണ്ട്:

‘‘പള്ളികൾ അല്ലാഹുവിനുള്ളതാകുന്നു. അതിനാൽ നിങ്ങൾ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാർഥിക്കരുത്’’(72/18).

‘‘(നബിയേ,) പറയുക: ഞാൻ എന്റെ രക്ഷിതാവിനെ മാത്രമെ വിളിച്ചു പ്രാർഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാൻ പങ്കുചേർക്കുകയില്ല’’(72/20).

നബി ﷺ പറഞ്ഞു: ‘‘നിശ്ചയം, പ്രാർഥന അതുതന്നെയാണ് ആരാധന.’’ ശേഷം നബി ﷺ ഓതി: ‘‘നിങ്ങളുടെ നാഥൻ അരുളിയിരിക്കുന്നു: എന്നോട് നിങ്ങൾ പ്രാർഥിക്കുക. ഞാൻ നിങ്ങൾക്ക് ഉത്തരം നൽകും. നിശ്ചയം, എനിക്ക് ഇബാദത്തെടുക്കുവാൻ അഹങ്കരിക്കുന്നവർ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കുന്നതാണ്’’(40/60) (തിർമുദി, ഇബ്നുമാജ, അഹ്്മദ്).

അല്ലാഹുവുമായിട്ടുള്ള നമ്മുടെ രണ്ടാമത്തെ കരാർ സുന്നത്തിന്റെ കാര്യത്തിലാണ്. അല്ലാഹുവിന്റെ റസൂലിനെ സമ്പൂർണമായി അനുസരിക്കുമെന്നാണ് ശഹാദത്തിലൂടെ നാം പ്രഖ്യാപിക്കുന്നത്.

അല്ലാഹു പറയുന്നു: ‘‘ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു’’(5/3).

നബി ﷺ യുടെ അവസാന കാലത്ത് അവതരിച്ച വിശുദ്ധ ക്വുർആനിലെ വചനമാണിത്. ഈ വചനം അവതരിച്ചതിന് ശേഷം ഏതാനും ചില ആയത്തുകൾ അവതരിച്ചിട്ടുണ്ടെങ്കിലും നിയമപരമായ പുതിയ വിധികളൊന്നും പിന്നീട് അവതരിക്കുകയുണ്ടായിട്ടില്ല. അല്ലാഹു അവന്റെ മതത്തെ പൂർത്തിയാക്കിയെന്ന കാര്യമാണ് ഇതിലൂടെ അറിയിക്കുന്നത്.

സുന്നത്തിന്റെ തെളിമ

നബി ﷺ പറഞ്ഞു: ‘‘നിങ്ങളെ സ്വർഗത്തിലേക്ക് അടുപ്പിക്കുന്ന ഒരു കാര്യവും നിങ്ങൾക്ക് ഞാൻ പറഞ്ഞുതരാതെ വിട്ടുപോയിട്ടില്ല. നിങ്ങളെ നരകത്തിൽനിന്ന് അകറ്റുന്ന ഒരു കാര്യവും പറഞ്ഞുതരാതെ പോയിട്ടില്ല’’ (സിൽസിലഹുസ്സ്വഹീഹ).

അല്ലാഹു അവന്റെ അവസാന പ്രവാചകനിലൂടെ ലോകത്തിന് മുന്നിൽ തുറന്ന് വെച്ചിട്ടുള്ള മാതൃക തെളിമയുള്ളതും പ്രകാശപൂർണവുമാണ്.

‘‘തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്റെ ദൂതനിൽ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓർമിക്കുകയും ചെയ്തുവരുന്നവർക്ക്’’(33/21).

നബി ﷺ പറഞ്ഞു: ‘‘അല്ലാഹു തന്നെയാണ് സത്യം, നിങ്ങളെ ഞാൻ വിട്ടേച്ച് പോകുന്നത് തെളിമയാർന്ന ഒരു മാർഗത്തിലാകുന്നു. അതിന്റെ രാവും പകലും ഒരുപോലെയാകുന്നു. എന്റെ കാലശേഷം അതിൽനിന്ന് നാശകാരിയല്ലാതെ തെറ്റുകയില്ല’’(ഇബ്നുമാജ).

മുഹമ്മദ് നബി ﷺ യെ അനുസരിക്കൽ വാസ്തവത്തിൽ അല്ലാഹുവിനോടുള്ള അനുസരണമാണ്. കാരണം അല്ലാഹുവാണ് അദ്ദേഹത്തെ പ്രവാചകനായി അയച്ചത്. ആ പ്രവാചകനെ ധിക്കരിക്കൽ അല്ലാഹുവിനെ ധിക്കരിക്കലുമാണ് അല്ലാഹു പറയുന്നു: “(അല്ലാഹുവിന്റെ) ദൂതനെ ആർ അനുസരിക്കുന്നുവോ തീർച്ചയായും അവൻ അല്ലാഹുവെ അനുസരിച്ചു. ആർ പിന്തിരിഞ്ഞുവോ അവരുടെമേൽ കാവൽക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല’’ (4:80).

ബിദ്അത്തിന്റെ അപകടം

മതം പൂർത്തിയായതിനു ശേഷം അതിൽ പുതുതായുണ്ടാക്കുന്ന കാര്യങ്ങളെല്ലാം ബിദ്അത്താണ്. നബി ﷺ അതിനെക്കുറിച്ച് താക്കീത് ചെയ്തിട്ടുണ്ട്.

നബി ﷺ പറഞ്ഞു: ‘‘നിശ്ചയം, സത്യസന്ധമായ സംസാരം അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഏറ്റവും നല്ല മാർഗം മുഹമ്മദിന്റെ മാർഗമാണ്. കാര്യങ്ങളിൽ ഏറ്റവും മോശം ബിദ്അത്തുകളാണ്. എല്ലാ ബിദ്അത്തുകളും വഴികേടുകളാണ്.(ബിദ്അത്താകുന്ന) എല്ലാ വഴികേടുകളും നരകത്തിലാണ്’’ (നസാഈ).

ഇബ്‌നു ഉമർ(റ) പറയുന്നു: ‘‘എല്ലാ അനാചാരങ്ങളും വഴികേടാണ്. ജനങ്ങൾ അതെത്ര നല്ലതായി കണ്ടാലും ശരി’’(ബൈഹക്വി).

സമുദായത്തിൽ കടന്നുകൂടിയിട്ടുള്ള ബിദ്അത്തുകൾക്ക് കണക്കില്ല. സുന്നത്തുകൾ അവഗണിക്കപ്പെടുകയും ചെയ്യുന്നു. നബി ﷺ ക്ക് ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞ് എഴുതിയുണ്ടാക്കിയ മാല-മൗലിദുകൾ ക്വുർആനിനെക്കാൾ പ്രാധാന്യത്തോടെ ആളുകൾ പാരായണം ചെയ്യുന്നു. ഹദ്ദാദ്, റാതീബ് പോലുള്ള അനാചാരങ്ങൾ ചെയ്യുന്നു.

ഏതൊരു കർമവും അല്ലാഹു സ്വീകരിക്കണമെങ്കിൽ രണ്ട് കാര്യം നിർബന്ധമാണ്.

(1) ഇഖ്‌ലാസ്: ചെയ്യുന്ന കർമം അല്ലാഹുവിന്റെ പൊരുത്തം മാത്രം ഉദ്ദേശിച്ചുള്ളതും നിഷ്‌കളങ്കവുമായിരിക്കുക.

(2) സുന്നത്ത്: ചെയ്യുന്ന കർമം നബി ﷺ യുടെ ചര്യക്കനുസൃതമായിരിക്കുക. അല്ലാഹുവിന്റെ പൊരുത്തം മാത്രം ഉദ്ദേശിച്ച് ചെയ്യുന്ന കാര്യമാണെങ്കിലും അതിന് നബി ﷺ യുടെ മാതൃകയില്ലെങ്കിൽ, മതത്തിലെ പുതുനിർമിതിയാണെങ്കിൽ അത് അല്ലാഹു സ്വീകരിക്കുകയില്ല.

നബി ﷺ പറഞ്ഞു: ‘‘നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) അതിൽ ഇല്ലാത്തത് പുതുതായി വല്ലവനും ഉണ്ടാക്കിയാൽ അത് തള്ളപ്പെടുന്നതാണ്’’ (ബുഖാരി).

‘‘ആരെങ്കിലും നമ്മുടെ കൽപനയില്ലാത്ത ഒരു പ്രവർത്തനം ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്’’ (മുസ്‌ലിം).

പരലോകത്ത് ദാഹാർത്തരായി എത്തുമ്പോൾ വിശ്വാസികൾക്ക് കുടിക്കുന്നതിനായി നബി ﷺ യുടെ കൈയിൽ നിന്ന് ഹൗദുൽ കൗസറിലെ വെള്ളം ലഭിക്കും. എന്നാൽ ബിദ്അത്ത് ചെയ്യുന്നവർക്ക് അതിൽ നിന്ന് കുടിക്കാൻ കഴിയില്ല. അവരുടെയും നബി ﷺ യുടേയും ഇടയിൽ മറയിടപ്പെടുന്നതാണ്. നബി ﷺ പറയുന്നത് കാണുക:

‘‘...അപ്പോൾ ഞാൻ വിളിച്ചു പറയും: ‘അവർ എന്നിൽ (എന്റെ സമുദായത്തിൽ) പെട്ടവരാണല്ലോ.’ അന്നേരം പറയപ്പെടും: ‘താങ്കൾക്ക് ശേഷം അവർ (മതത്തിൽ) പുതുതായുണ്ടാക്കിയത് താങ്കൾ അറിയില്ല.’ തൽസമയം ഞാൻ പറയും: ‘എനിക്ക് ശേഷം മതത്തെ (ബിദ്അത്തുകളുണ്ടാക്കി) വ്യതിയാനപ്പെടുത്തിയവർ ദൂരെപ്പോകൂ. ദൂരെപ്പോകൂ’’ (ബുഖാരി).

അവർ ബിദ്അത്തുകാരാണെന്ന് അറിയുമ്പോൾ നബി ﷺ യുടെ പ്രതികരണം കടുത്തതായിരിക്കുമെന്ന് ഈ ഹദീസിൽ നിന്നും മനസ്സിലാക്കാം.

ആത്മാർഥമായി ചിന്തിക്കുക; നാം അല്ലാഹുവുമായുള്ള കരാർ യഥാവിധി പാലിക്കുന്നവരാണോ? സാക്ഷ്യവാക്യത്തിന്റെ പൊരുളറിഞ്ഞ് നാം ജീവിക്കുന്നുണ്ടോ?