ശാസ്ത്രം വിശ്വാസം, മിത്ത്

ഹിലാൽ. സി.പി.

2023 ആഗസ്റ്റ് 19 , 1445 സ്വഫർ 03

പദാർഥബന്ധിതമായ വിജ്ഞാന ശാഖയാണ് ശാസ്ത്രം. പദാർഥ പ്രപഞ്ചത്തെ തന്നെ സൃഷ്ടിച്ച സ്രഷ്ടാവിന്റെ പക്കൽ നിന്നും ലഭിച്ച അറിവുകളാണ് വിശ്വാസത്തിന്റെ ആധാരം. അതുകൊണ്ട് തന്നെ നിയതമായ ഒരു ശാസ്ത്രസത്യത്തിനും വിശ്വാസം എതിരല്ല. എന്നാൽ കാലഹരണപ്പെട്ട വിശ്വാസവും അംഗഭംഗം വന്ന ശാസ്ത്രവും വെച്ച് രചിക്കപ്പെട്ട മിത്തിനെ വിശ്വാസവുമായി സമീകരിക്കുന്ന രീതി ബുദ്ധിയുള്ളവർക്ക് ഭൂഷണമല്ല.

വരണ്ടുണങ്ങിയ മരച്ചില്ലകളും കൊഴിഞ്ഞുവീണ ഇലകളും കൂട്ടിയിട്ടതുകണക്കെയാണ് ഇപ്പോൾ കേരളത്തിന്റെ രാഷ്ട്രീയ പരിസരം. ഒരു തീപ്പെട്ടി, ഒരൊറ്റ തീപ്പൊരി മതി അത് ആളിക്കത്തിക്കാൻ! ഇരുപത്തിനാലിലെ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ വന്യമായ വർഗീയദാഹത്തോടെ കൺപാർത്തിരിക്കുകയാണ് ഹിന്ദുത്വ ക്യാമ്പ്. വെറുപ്പു വിതച്ച് വോട്ട് കൊയ്യാൻ കാത്തിരിക്കുന്ന ഈ വിദ്വേഷക്കൂട്ടത്തിന് ഏറ്റവുമൊടുവിൽ മതനിരപേക്ഷ രാഷ്ട്രീയസമവാക്യത്തെ പൊതിരെത്തല്ലാൻ കിട്ടിയ വടിയാണ് ബഹു. കേരളാ നിയമസഭാ സ്പീക്കർ നടത്തിയ ഒരു പ്രസംഗവും തുടർന്നുണ്ടായി വന്ന വിവാദങ്ങളും.

എറണാകുളം കുന്നത്തുനാട് മണ്ഡലത്തിൽ നടപ്പിലാക്കുന്ന ‘വിദ്യാജ്യോതി’ പദ്ധതിയുടെ ഉദ്ഘാടനവേദിയിലാണ് സ്പീക്കർ എ.എൻ ഷംസീർ വിവാദമായി മാറിയ സംസാരം നടത്തിയത്. മിത്തുകൾക്ക്പകരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണം എന്നതായിരുന്നു പ്രസംഗത്തിന്റെ കാതൽ:

‘നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണം. എന്താ കാരണം? ഇന്നത്തെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കൽ മാത്രമാണ്. ഇപ്പോൾ എന്തൊക്കെയാ പഠിപ്പിക്കാൻ ശ്രമിക്കുന്നത്? വിമാനം കണ്ടുപിടിച്ചത് ആരാണ്? ശാസ്ത്ര-സാങ്കേതിക രംഗം വികാസം പ്രാപിക്കുന്നുവെന്നു മാത്രമല്ല, ശാസ്ത്രത്തിനു പകരം മിത്തുകളെ വയ്ക്കുന്നു. പാഠപുസ്തകങ്ങൾ എടുത്ത് ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. അതിന്റെ ഭാഗമാണ് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് റൈറ്റ് സഹോദരങ്ങൾ എന്ന ഉത്തരം തെറ്റാകുന്നതും ഹിന്ദുത്വകാലം എന്നെഴുതിയത് ശരിയാകുന്നതും.

ചിലർ കല്യാണം കഴിച്ചാൽ കുട്ടികളുണ്ടാകില്ല. ഐ.വി.എഫ് ട്രീറ്റ്‌മെന്റിന് പോകാറുണ്ട്. വന്ധ്യതാ ചികിത്സയുടെ പ്രത്യേകത കാരണം ചിലപ്പോൾ ഇട്ടകളുണ്ടാകും, ചിലപ്പോൾ മൂന്നുപേരുണ്ടാണ്ടാകും. അത് അതിന്റെ പ്രത്യേകതയാണ്. അപ്പോൾ ചിലർ പറയുന്നു. അത് നേരത്തെയുള്ളതാണ്. ഇതൊന്നും ഇപ്പോഴുണ്ടായതല്ല. അതാണ് കൗരവപ്പട. കൗരവപ്പടയുണ്ടായത് ഇൻഫെർട്ടിലിറ്റി ട്രീറ്റ്‌മെന്റിലൂടെയാണ്; ഇങ്ങനെ പഠിപ്പിക്കാൻ ശ്രമിക്കുന്നു.

വൈദ്യശാസ്ത്രം തന്നെ കൂടുതൽ കൂടുതൽ മൈക്രോ ആയി. സർജറി എന്നത് ഇപ്പോൾ പ്ലാസ്റ്റിക് സർജറി ആയി. പ്ലാസ്റ്റിക് സർജറി എന്നുവച്ചാൽ, ചിലപ്പോൾ പരിക്കുപറ്റി ചില പെൺകുട്ടികളുടെ മുഖം കണ്ടാൽ ഡോക്ടർമാർ ചോദിക്കും; അല്ല, നോർമൽ സ്റ്റിച്ചിങ് വേണോ അതോ പ്ലാസ്റ്റിക് സർജറിയിലൂടെ സ്റ്റിച്ച് ചെയ്യണോയെന്ന്. കാരണം മുഖത്ത് കല വന്നാൽ അവിടെത്തന്നെ നിൽക്കുമല്ലോ. പ്രത്യേകിച്ചും സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുന്ന തലമുറയോട് സ്വാഭാവികമായും പ്ലാസ്റ്റിക് സർജറി നടത്തണോയെന്നു ചോദിക്കും. പ്ലാസ്റ്റിക്ക് സർജറി വൈദ്യശാസ്ത്രത്തിലെ പുതിയ കണ്ടുപിടിത്തമാണ്. എന്നാൽ പ്ലാസ്റ്റിക് സർജറി ഹിന്ദുത്വ കാലത്തേയുള്ളതാണെന്നാണ് ഇവിടെ പഠിപ്പിക്കാൻ ശ്രമിക്കുന്നത്. ആരുടേതാണ് ആദ്യത്തെ പ്ലാസ്റ്റിക് സർജറി നടത്തിയതെന്ന ചോദ്യത്തിന് മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയാണെന്നാണ് ഉത്തരം. ഇങ്ങനെ ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാൻ സാധിക്കണം.’ ഇതാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ചുരുക്കം.

‘സ്വദേശി സയൻസ്’ എന്ന ഹിന്ദുത്വ പ്രൊജക്റ്റ്

ഇന്ത്യയുടെ ചരിത്രത്തെ തങ്ങൾക്കനുകൂലമായ രീതിയിൽ വക്രീകരിച്ച് അവതരിപ്പിക്കുക എന്നത് ഇപ്പോൾ സംഘപരിവാർ ചെയ്തുകൊണ്ടിരിക്കുന്ന പ്രൊജക്റ്റാണ്. സംഘസർക്കാർ നിലവിൽ വന്ന സംസ്ഥാനങ്ങളിലെ സിലബസുകളിൽനിന്ന് സ്വാതന്ത്ര്യ സമരപോരാളികളായ മുസ്‌ലിംകളുടെ നാമങ്ങൾ വെട്ടിമാറ്റിത്തുടങ്ങിയത് ഇപ്പോൾ എത്തിനിൽക്കുന്നത് സി.ബി.എസ്.ഇ. സിലബസിൽ ഉൾപ്പെടുന്ന ചരിത്രപുസ്തകങ്ങളിലെ വസ്തുതകളെയും തിരുത്തിയെഴുതുന്നതിലാണ്. ഇത് വ്യാപകമായി വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുമുണ്ട്. ഇത്രയും കാലം നാം പഠിച്ച ചരിത്രം മുഗളന്മാരെ പ്രകീർത്തിച്ചതാണെന്നും ഇന്ത്യയെയും ഇന്ത്യക്കാരെയും ‘കൊള്ളയടിച്ച’വരുടെ വീക്ഷണകോണിലൂടെ ചരിത്രത്തെ നോക്കിക്കാണാതെ ദേശസ്‌നേഹികളുടെ പരിപ്രേക്ഷ്യത്തിലൂടെ കാണാൻ ശ്രമിക്കണമത്രെ!

ചരിത്രത്തിലും ചരിത്രപുസ്തകങ്ങളിലും കൈകടത്തി മലിനമാക്കിയത് കണക്കെ ശാസ്ത്രപുസ്തകങ്ങളിലും കൈകടത്താൻ സംഘപരിവാർ ഗ്രൂപ്പിന് പ്ലാനുണ്ട്. ആർ.എസ്.എസ്സിന്റെ ശാസ്ത്ര വിഭാഗമായ ‘വിഭ’ (VIBHA വിജ്ഞാന ഭാരതി) ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ ഉന്നമിട്ട് പ്രവർത്തിക്കുന പരിവാരത്തിന് വൈജ്ഞാനികമായ പിന്തുണ കൊടുക്കുന്ന സംഘടനയാണ്. അതോടൊപ്പം ആധുനിക ശാസ്ത്രത്തെയും പരമ്പരാഗത വിജ്ഞാനീയങ്ങളെയും ഹിന്ദുആത്മീയതയെയും സംയോജിപ്പിച്ചുകൊണ്ട് ‘സ്വദേശി സയൻസ്’എന്ന സങ്കൽപത്തെ യാഥാർഥ്യമാക്കാനും ഈ വിഭാഗം പരിശ്രമിക്കുന്നുണ്ട്.

ഹിന്ദുത്വ പ്രോജക്റ്റിന്റെ ഭാഗമായത് കൊണ്ടുതന്നെ ‘വിഭ’യ്ക്ക് ഉദാരമായ സർക്കാർ ധനസഹായം ലഭിക്കുന്നുണ്ട്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ 23ലും വമ്പൻ ശാസ്ത്രമേളകളും മറ്റും ഈ വിഭാഗം സംഘടിപ്പിക്കുന്നുണ്ട്. പ്രൊജക്ടിന്റെ ആശയപ്രചാരണത്തിനായി ഇന്ത്യൻ ശാസ്ത്രരംഗത്തെ ഉന്നതരുൾപ്പെടെ 20,000 ലധികം അംഗങ്ങളും ഒരു ലക്ഷത്തിലേറെ സന്നദ്ധപ്രവർത്തകരും ഈ പ്രൊജക്റ്റിന്റെ ഭാഗമാണ്. വിഭയുടെ ഉപദേശക സമിതിയിൽ മുൻ ഇന്ത്യൻ പ്രതിരോധ ഗവേഷണ മേധാവിയും ഇപ്പോൾ ജവഹർലാൽ നെഹ്റു സർവകലാശാലയുടെ ചാൻസലറുമായ വിജയ് കുമാർ സരസ്വത് ഉൾപ്പെടുന്നു എന്നതിലൂടെ ഈ പ്രൊജക്ടിന് പരിവാരം നൽകുന്ന പ്രാധാന്യം വ്യക്തമാണ്. ഇന്ത്യയുടെ ബഹിരാകാശ കമ്മീഷന്റെയും ആണവോർജ കമ്മീഷന്റെയും മുൻ അധ്യക്ഷന്മാർ ‘വിഭ രക്ഷാധികാരിക’ളാണ്.

2014ൽ മോദി അധികാരത്തിലേറിയത് മുതൽ ഇത്തരം കപടശാസ്ത്രങ്ങളും രസികശാസ്ത്രങ്ങളും ഇന്ത്യൻ സയൻസ് കോൺഗ്രസിൽ പോലും അവതരിപ്പിക്കപ്പെട്ടത് ഒട്ടേറെ തവണയാണ്. എന്തിനധികം, ‘ഗണേശ ഭഗവാന്റെ’ (ഗണപതിയുടെ) ആനയുടെ തലയും മനുഷ്യന്റെ ഉടലുമെന്നത് പൗരാണിക കാലത്തെ ഇന്ത്യയിലെ ശാസ്ത്രരംഗത്തെ അടയാളപ്പെടുത്തുവെന്ന് പറഞ്ഞത് മോദിയാണ്. വിദേശ സർവകലാശാലകളിൽ പോയപ്പോൾ പോലും ഇക്കാര്യം ആവർത്തിക്കാൻ അദ്ദേഹം മറന്നിരുന്നില്ല. 2018ലെ ഇന്ത്യൻ സയൻസ് കോൺഗ്രസിൽ അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന ഡോ. ഹർഷ് വർധൻ പറഞ്ഞത് E=mc2 എന്ന പ്രസിദ്ധമായ ശാസ്ത്രസൂത്രവാക്യത്തെക്കാൾ വലിയ തിയറികൾ വേദങ്ങളിലുണ്ടെന്ന് സ്റ്റീഫൻ ഹോക്കിംഗ്‌സ് പറഞ്ഞുവെന്നാണ്! ഏറെ വിവാദമായതോടെ ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെയും സയൻസ് ജേർണലുകളുടെയും ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണുണ്ടായത്.

2017ൽ ഇതേ ആരോഗ്യമന്ത്രി രാജ്യത്തെ പരമോന്നത സ്ഥാപനങ്ങളായ ഐ.ഐ.ടികൾക്ക് ഗവേഷണം നടത്താൻ ധനസഹായം നൽകിയത് ഗോമൂത്രവും ചാണകവും ഉൾപ്പെടുന്ന ‘പഞ്ചഗവ്യ’ എന്ന പദാർഥം വിവിധ രോഗങ്ങൾക്കുള്ള പ്രതിവിധിയാണെന്ന വാദത്തെ സാധൂകരിക്കാൻ വേണ്ടിയായിരുന്നു. 2019ൽ നടന്ന ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് ചർച്ച ചെയ്തതാകട്ടെ, പുരാണത്തിലെ ഗാന്ധാരി എങ്ങനെയാണ് കൗരവരെന്ന് അറിയപ്പെടുന്ന നൂറുമക്കളെ പ്രസവിച്ചത് എന്നതായിരുന്നു. ഇത് ശാസ്ത്രത്തിന്റെ വളരെ ആധുനികമായ കണ്ടുപിടിത്തമായ Stem Cell Technology പൗരാണിക കാലത്ത് നിലനിന്നിരുന്നു എന്നതിന്റെ തെളിവാണോ എന്നതായിരുന്നുവത്രെ ചർച്ചയുടെ ഇതിവൃത്തം!

ആദ്യമായി പറന്നത് ‘പുഷ്പകവിമാന’മാണെന്നും അത് പറത്തിയത് രാവണനാണെന്നും രാവണന് 24 തരം വിമാനങ്ങൾ കൈവശമുണ്ടായിരുന്നുവെന്നും കൗരവർ ടെസ്റ്റ് ട്യൂബ് ബേബികളാണെന്നും ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് ചർച്ച ചെയ്യുന്ന ഈ ചുറ്റുപാടിലാണ് സ്പീക്കർ സംസാരിക്കുന്നതും വിവാദങ്ങൾ ആരംഭിക്കുന്നതും. അഥവാ, വിവാദത്തിനാസ്പദമായ സംസാരം ശാസ്ത്രത്തെക്കുറിച്ചോ വിശ്വാസത്തെക്കുറിച്ചോ മിത്തിനെക്കുറിച്ചോ ആയിരുന്നില്ല, മറിച്ച് സംഘപരിവാറിന്റെ ഈ പ്രൊജക്റ്റിനെ പറ്റിയായിരുന്നു എന്ന് ചുരുക്കം.

ശാസ്ത്രം, വിശ്വാസം, മിത്ത്

മിത്ത് (Myth) എന്ന പദത്തിന് "a traditional or legendary story, usually concerning osme being or hero or event, with or without a determinable basis of fact or a natural explanation’ എന്നാണ് അർഥം കൊടുക്കപ്പെട്ടതായി കാണുന്നത്. അഥവാ സ്വാഭാവികമായ ഭൗതിക വിശദീകരണം/പദാർഥബന്ധിതമായ വിശദീകരണം സാധ്യമല്ലാത്തത് എന്ന് വായിച്ചെടുക്കാം. ബഹു. കേരള നിയമസഭാ സ്പീക്കർ എ എൻ. ഷംസീർ ഗണപതിയെ മിത്ത് എന്ന് വിശദീകരിച്ചുവെന്നത് പക്ഷേ, വായിക്കപ്പെട്ടത് മറ്റൊരു അർഥത്തിലാണ്. ഗണപതിയെ ‘കെട്ടുകഥ’യായി എ.എൻ ഷംസീർ അവതരിപ്പിച്ചു എന്ന് ആവർത്തിക്കുന്നതിലുണ്ട് മർമം.

മുകളിൽ സൂചിപ്പിച്ചതുപോലെ ശാസ്ത്രവിഷയങ്ങളിലേക്ക് കൈകടത്തുന്ന ഹിന്ദുത്വ പ്രൊജക്റ്റിനെ എതിർക്കണം എന്നാണ് സ്പീക്കർ പറഞ്ഞത്. അതാകട്ടെ, ശാസ്ത്രവിഷയങ്ങൾ സംസാരിക്കുന്ന അന്തരീക്ഷത്തിലും. യഥാർഥത്തിൽ അദ്ദേഹത്തിന്റെ ചോദ്യം നമ്മുടെ എല്ലാവരുടെയും ചോദ്യം തന്നെയാണ്; ശാസ്ത്രപഠനത്തിന്റെ ഭാഗമായി പൗരാണിക സങ്കൽപങ്ങൾ കടന്നുവരേണ്ടതുണ്ടോ? അഥവാ ആദ്യം വിമാനം പറത്തിയത് രാവണനും ആദ്യത്തെ പ്ലാസ്റ്റിക്ക് സർജറി നടത്തിയത് ഗണപതിക്കുമാണ് എന്ന് സയൻസ് പുസ്തകത്തിൽ കുട്ടികളെ പഠിപ്പിേക്കണമോ? വേണ്ട എന്നതാണ് ലളിതമായ ഉത്തരം.

കാരണം, മതദർശനങ്ങളും അവ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും അത്ഭുതങ്ങളും ശാസ്ത്രമുപയോഗിച്ചുകൊണ്ട് തെളിയിക്കാൻ ശ്രമിക്കുന്നത് അബദ്ധമാണ്. എല്ലാം ശാസ്ത്രമുപയോഗിച്ച് തെളിയിക്കപ്പെട്ടാലേ സ്വീകരിക്കാൻ നിർവാഹമുള്ളു എന്ന ‘സയന്റിസമാ’ണ് (ശാസ്ത്രമാത്രവാദം) ഇവിടെ പ്രവർത്തിക്കുന്നത്. തെളിവിന്റെ അളവുകോൽ ശാസ്ത്രം മാത്രമാണോ? ഒരിക്കലുമല്ല. Science is the only way to aquire knowledge (വിജ്ഞാനസമ്പാദനത്തിനുള്ള ഒരേയൊരു മാർഗം ശാസ്ത്രം മാത്രമാണ്) എന്നൊരാൾ പറഞ്ഞുവെന്നിരിക്കട്ടെ, ഇദ്ദേഹം പറഞ്ഞ ഈ കാര്യം ശരിയാെണന്ന് ആര് തെളിയിക്കും? ശാസ്ത്രത്തിന് ഇപ്പറഞ്ഞ വാചകം ശരിയാണെന്ന് തെളിയിക്കാൻ സാധ്യമല്ല. തങ്ങൾ മുന്നോട്ട് വയ്ക്കുന്ന അവകാശവാദം പോലും ശാസ്ത്രമുപയോഗിച്ച് തെളിയിക്കാൻ ശാസ്ത്രമാത്രവാദം പറയുന്നവർക്ക് സാധ്യമല്ല എന്ന് ചുരുക്കം. രണ്ടാം ലോകമഹായുദ്ധം നടന്നു എന്ന് നേരിട്ട് തെളിയിക്കാൻ ശാസ്ത്രത്തിന് സാധ്യമാണോ? അല്ല എന്നതാണ് ഉത്തരം. കാരണം മഹായുദ്ധത്തെ നാമറിഞ്ഞത് പുസ്തകങ്ങളിൽ നിന്നോ സംസാരങ്ങളിൽനിന്നോ ആണ്.

‘ശാസ്ത്രമല്ല, വിശ്വാസമാണ് ഞങ്ങൾക്ക് വലുത്’ എന്ന് പറയുന്ന എൻ.എസ്.എസ്. ജനറൽ സെക്രട്ടറിക്കും ‘വിശ്വാസത്തിനും മുകളിലാടോ ശാസ്ത്രം’ എന്നെഴുതുന്ന രവിചന്ദ്രാതികൾക്കും ശാസ്ത്രവും വിശ്വാസവും മനസ്സിലായിട്ടില്ല എന്നതാണ് വാസ്തവം. ശാസ്ത്രവും വിശ്വാസവും എതിർവഴികളിൽ സഞ്ചരിക്കുന്നവയാണ് എന്ന തെറ്റായ വിഷമവൃത്തം ഫ്രെയിം ചെയ്യുന്നു എന്നതാണ് ഇവിടെയുള്ള പ്രശ്‌നം. ശാസ്ത്രം പരമസത്യമല്ല, മാറാൻ ശേഷിയുള്ളതും കൂടുതൽ ശരിയായതിലേക്ക് സഞ്ചരിക്കാൻ വെമ്പൽ കൊള്ളുന്നതുമാണ്. ഇന്ന് വിജ്ഞാനസമ്പാദനത്തിന് നമ്മുടെ മുന്നിലുള്ള ഏറ്റവും ശേഷിയുള്ള ആയുധമെന്ന് വിശേഷിപ്പിക്കപ്പെടാൻ ശാസ്ത്രത്തിന് അർഹതയുണ്ട്.

സ്ഥൂലപ്രപഞ്ചത്തെക്കുറിച്ചും സൂക്ഷ്മപ്രപഞ്ചത്തെ കുറിച്ചും പൂർണമായ അറിവ് മനുഷ്യന് ലഭ്യമല്ല. ആയതിനാൽ ശാസ്ത്രഗവേഷണങ്ങളിലൂടെ അവൻ ആർജിച്ചെടുക്കുന്ന അറിവ് തെറ്റായിരിക്കാം. എന്നാൽ ആ തെറ്റായ തിയറിയിൽ കടിച്ചുതൂങ്ങാതെ കൂടുതൽ ശരിയായ അറിവ് ലഭിക്കുമ്പോൾ ആ വഴിയെ സഞ്ചരിക്കുക എന്നതാണ് ശാസ്ത്രം ചെയ്യുന്നത്. ഒരു വിജ്ഞാനം പോലും പറയപ്പെടുന്നത് Justified True Belief ആണെന്നത് കൂട്ടിവായിക്കണം.

വിശ്വാസ സംഹിതയാകട്ടെ, പൂർണമായ അറിവുള്ള അസ്തിത്വത്തിൽനിന്നുള്ളതാണ്; ദൈവികമാണ്. ദൈവവിശ്വാസത്തിന്റെ പരമപ്രധാനമായ ഘടകം താൻ ആരാധിക്കുന്നവന്റെ നാമഗുണവിശേഷണങ്ങളെ പഠിക്കുക എന്നതാണ്. ഇവിടെയാണ് പലർക്കും അബദ്ധം പിണയുന്നത്. ഉദാഹരണത്തിന് പരിശുദ്ധ പ്രവാചകൻ ﷺ ആകാശാരോഹണം നടത്തിയെന്ന് പറയുന്നത് മതമാണ്. ആകാശാരോഹണം നടത്തിയെങ്കിൽ ഭൂമിയുടെ പലായാന പ്രവേഗത്തെ മറികടന്നിരിക്കണം എന്നത് ശാസ്ത്രമാണ്. പലായന പ്രവേഗം അഥവാ Escape velocity മറികടന്നാൽ മാത്രമെ ഏതൊരു വസ്തുവിനും ഭൂമിയിൽനിന്നും പുറത്ത് കടക്കാൻ സാധിക്കൂ. ഇനി ഭൂമിയിൽനിന്ന് പുറത്ത് കടന്നാൽത്തന്നെ ശ്വസനമെന്നത് വലിയൊരു പ്രശ്‌നമാണ്. ശ്വസിക്കാതെ ഒരാൾക്ക് ജീവിക്കാൻ സാധ്യമല്ലല്ലോ. ഇവിടെയാണ് ദൈവത്തെക്കുറിച്ചുള്ള, അവന്റെ നാമങ്ങളെ കുറിച്ചുള്ള ബോധ്യത്തിന്റെ പ്രസക്തി. അല്ലാഹുവിന്റെ നാമങ്ങളിൽ പെട്ടതാണ് ‘അൽക്വാദിർ’ (The one with complete power). എല്ലാറ്റിനും കഴിവുള്ള പടച്ചവൻ കൽപിച്ചാൽ പിന്നെ പ്രവാചകൻﷺ സഞ്ചരിച്ച വാഹനം ഭൂമിയുടെ പലായന പ്രവേഗം കൈവരിച്ചോ എന്ന ചർച്ച പോലും പരിഹാസ്യമായി മാറുകയാണ്.

അഥവാ, ഈ പ്രപഞ്ചത്തെയും ഭൂമിയെയും അതിന്റെ പലായന പ്രവേഗത്തെയും സംവിധാനിച്ച സ്രഷ്ടാവിനെയാണ് മുസ്‌ലിംകൾ ആരാധിക്കുന്നത്. ഭൂമിയുടെ പലായന പ്രവേഗവും ഭൂമിക്കുപുറത്തുള്ള ശ്വസനസംവിധാനവും സെറ്റ് ചെയ്ത പടച്ചവന് ആ സെറ്റിംഗ്‌സിൽ മാറ്റം വരുത്തുക എന്നത് വിഷയമേയല്ല. പ്രപഞ്ചത്തിന്റെ ക്രമം നിശ്ചയിച്ച പടച്ചവന് ആ പശ്ചാത്തലക്രമത്തിൽ മാറ്റം വരുത്താൻ സാധ്യമാണോ എന്ന ചിന്തയാണ് ഏറ്റവും വലിയ ബുദ്ധിശൂന്യത.

അത്ഭുതങ്ങളും വിശ്വാസവും

ഭൗതിക, സ്വാഭാവിക ക്രമത്തിൽനിന്നുള്ള മാറ്റമാണ് Miracles (അത്ഭുതങ്ങൾ). ഇത്തരം അത്ഭുതങ്ങളെ ശാസ്ത്രമുപയോഗിച്ച് വിശദീകരിക്കാൻ ശ്രമിക്കേണ്ടതില്ല. കാരണം അവിടെ നമ്മുടെ ഉപബോധ മനസ്സിൽ പ്രവർത്തിക്കുന്നത് ശാസ്ത്രമാത്ര സമീപനമാണ്. ശാസ്ത്രത്തിന്റെ പഠനമേഖല പദാർഥബന്ധിതമാണ്. പദാർഥപ്രപഞ്ചത്തിനപ്പുറമുള്ള ഒന്നിനെക്കുറിച്ചും ഉരിയാടാൻ ശാസ്ത്രത്തിന് അർഹതയില്ല. കടലിലോടുന്ന കപ്പലിനോട് പറക്കാൻ പറയുന്ന ബുദ്ധിശൂന്യരായ ചില കേവലയുക്തിവാദികൾക്ക് മാത്രമാണ് ഈ വിഷയത്തിൽ സംശയങ്ങൾ ബാക്കിയുള്ളത്. കാര്യകാരണബന്ധത്തിനതീതമായ സ്രോതസ്സിൽനിന്നുള്ള ഇത്തരം അത്ഭുതങ്ങൾ വിശദീകരിക്കാൻ ശാസ്ത്രത്തിന് സാധ്യമല്ല എന്നതാണ് അവിടെയുള്ള യുക്തി. അപ്പോൾ, ശാസ്ത്രം പഠിപ്പിക്കേണ്ട പുസ്തകങ്ങളിൽ ഇത്തരം എലമെന്റുകൾ ഉൾപ്പെടുത്തുന്നവർ പരിഹസിക്കുന്നത് മതത്തെയാണ്.

ഇവിടെ ഉദാഹരിച്ച ആരോ പണം തന്നെയെടുക്കുക. ആകാശാരോഹണത്തിന് ശേഷം മടങ്ങിയെത്തിയ മുഹമ്മദ് നബി ﷺ വിഷയം ജനങ്ങളുമായി പങ്കുവയ്ക്കുന്ന സന്ദർഭം. ഈ സാഹചര്യത്തിൽ പ്രവാചകനിൽ ഉറച്ച് വിശ്വസിക്കുന്ന സന്തതസഹചാരിയായ അബൂബക്‌റി(റ)നോട് അന്നത്തെ അവിശ്വാസികൾ ഇതേപറ്റിയുള്ള അഭിപ്രായം ആരായുന്നുണ്ട്.

‘അല്ലയോ അബൂബക്ർ! താങ്കളുടെ സുഹൃത്ത് പറഞ്ഞത് കേട്ടോ? അദ്ദേഹം ഇന്നലെ രാത്രി ബയ്തുൽ മുക്വദ്ദസിൽ പോയി പ്രാർഥിച്ചു തിരിച്ചുവന്നത്രെ!’

‘നിങ്ങൾ അദ്ദേഹം അങ്ങനെ പറഞ്ഞതായി കേട്ടോ?’

‘അതെ, ഞങ്ങളത് നേരിട്ട് കേട്ടു.’

‘അല്ലാഹുവാണെ, അദ്ദേഹം അങ്ങനെ പറഞ്ഞെങ്കിൽ അത് സത്യമായിരിക്കും. അതിൽ അത്ഭുതപ്പെടാൻ യാതൊന്നുമില്ല!’

ഈ സംഭവത്തിന് ശേഷമാണ് അബൂബക്‌റി(റ)ന് ‘സ്വിദ്ദീക്വ്’ എന്ന വിശേഷണം പ്രവാചകൻ ﷺ ചാർത്തിക്കൊടുക്കുന്നത്. ഒരു മുസ്‌ലിം ഈ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നത് ഇസ്‌ലാം സത്യമാണ് എന്ന് അംഗീകരിക്കുന്നതുകൊണ്ടാണ്. ‘ഞങ്ങൾ കേട്ടു, ഞങ്ങൾ അനുസരിച്ചു’ ഇതാണ് മതവിഷയങ്ങളിൽ അവരുടെ നിലപാട്.

മറ്റു മതങ്ങളിലെ അത്ഭുതങ്ങൾ

മുഹമ്മദ് നബിﷺക്ക് അത്ഭുതം പ്രവർത്തിക്കാനുള്ള സിദ്ധിയില്ല എന്ന് പറയുന്നത് അദ്ദേഹംതന്നെയാണ്. അവിടുന്ന് ഒരത്ഭുതം പ്രവർത്തിക്കുന്നുവെങ്കിൽ അത് അല്ലാഹു കൊടുത്ത കഴിവുകൊണ്ട് മാത്രമാണ്. ചന്ദ്രനെ പിളർത്തിയത് പോലെയുള്ള അത്ഭുതങ്ങൾ (മുഅ്ജിസത്തുകൾ) അന്നത്തെ ജനതയുടെ മുന്നിൽ കാണിക്കുന്നത് നബിയുടെ പ്രവാചകത്വത്തിന്റെ തെളിവായിക്കൊണ്ടാണ്. തങ്ങളുടെ കൂടെ ഇത്രയും കാലം തങ്ങളിലൊരുവനായി ജീവിച്ച മുഹമ്മദ് ദിവ്യബോധനം ലഭിക്കുന്ന പ്രവാചകനാണ്എന്നത് അംഗീകരിക്കാൻ മനസ്സ് പാകപ്പെട്ടിട്ടില്ലാത്തവർക്ക് മുന്നിലാണ് അവരെ സത്യപാത കാണിക്കാൻ അല്ലാഹു പ്രവാചകനിലൂടെ ഇത്തരം അത്ഭുതങ്ങൾ കാണിച്ചത്. ക്വുറൈശികളായ ഒരുകൂട്ടമാളുകൾ പരിശുദ്ധ പ്രവാചകന്റെ അടുക്കൽ വന്നുകൊണ്ട് തങ്ങൾ ഇസ്‌ലാമിൽ വിശ്വസിക്കണമെങ്കിൽ തങ്ങൾക്കാർക്കും സാധ്യമല്ലാത്ത ഒന്ന് മുഹമ്മദ് ചെയ്തുകാണിക്കണം എന്ന് ആവശ്യപ്പെടുന്നുണ്ട്. ചന്ദ്രനെ പിളർത്തിക്കാണിക്കുന്നത് അവിടെയാണ്. എന്നാൽ ഇതിൽ അത്ഭുതസ്തബ്ധരായെങ്കിലും അവരുടെയുള്ളിൽ പ്രവർത്തിച്ച ഈഗോ കാരണം അവർ അന്ന് വിശ്വസിക്കാൻ തയ്യാറായില്ല എന്ന് കാണാം. മുഹമ്മദ് തങ്ങളുടെ കണ്ണിൽ മായാജാലം പ്രവർത്തിച്ചതാണെന്നാരോപിച്ചു കൊണ്ട് അവിശ്വാസത്തിൽ അവർ തുടർന്നു. എന്നിട്ടും ഈ സംഭവത്തിൽ അതിശയംപൂണ്ട അവർ മക്കയുടെ പരിസരപ്രദേശങ്ങളിലേക്ക് കുതിരകളിൽ ആളുകളെ അയക്കുന്നുണ്ട്; മക്കയുടെ പുറത്ത് വസിക്കുന്നവർ ഇങ്ങനെയൊന്നു കണ്ടോ എന്നന്വേഷിച്ചുകൊണ്ട്!

ഒന്നാലോചിച്ചു നോക്കൂ, തങ്ങളുടെ കൺമുന്നിൽ പ്രവാചകൻ ﷺ ദൈവിക ദൃഷ്ടാന്തം കാണിച്ചിട്ട് പോലും അവർ വിശ്വസിച്ചില്ല. ആകാശാരോഹണം നടത്തി തിരിച്ചെത്തിയ പ്രവാചകൻ മക്കയിൽനിന്ന് പോയ കച്ചവട സംഘത്തെക്കുറിച്ച് മക്കാനിവാസികൾക്ക് സൂചന നൽകുന്നുണ്ട്. പ്രവാചകൻ സ്വപ്‌നം കണ്ടതോ കള്ളം പറഞ്ഞതോ ആയിരുന്നെങ്കിൽ അത് സാധ്യമല്ലല്ലോ. എന്നാൽ ഇതൊന്നും നേരിൽ കാണാൻ തെരഞ്ഞെടുക്കപ്പെടാത്ത, പ്രവാചക വിയോഗത്തിനു ശേഷം വന്ന വിശ്വാസികളെ സംബന്ധിച്ച് അവരുടെ വിശ്വാസത്തിന്റെ ഉറപ്പ് പരിശോധിക്കുക എന്നതുകൂടിയാണ് ഈ അത്ഭുതങ്ങളുടെ കർത്തവ്യം. അവയിൽ വിശ്വസിക്കുക എന്നത് പിൽക്കാല വിശ്വാസികളുടെ വിശ്വാസത്തിന്റെ അളവുകോലായി മാറുന്നു, അല്ലാഹു എത്ര പരിശുദ്ധൻ!

മുഹമ്മദ് നബിﷺയിലൂടെ വെളിവായ അത്ഭുതങ്ങളും ക്വർആനിൽ പരാമർശമുള്ള, യേശുക്രിസ്തു അഥവാ ഈസാ പ്രവാചകൻ(അ) അന്ധന് കാഴ്ച നൽകിയതും കുഷ്ഠരോഗം ഇല്ലാതാക്കിയതുമടക്കമുള്ള അത്ഭുതങ്ങളും മൂസാ നബി(അ) (മോെശ പ്രവാചകൻ) കടൽ പിളർത്തിയതും ഇബ്‌റാഹീം നബി(അ) (അബ്രഹാം പ്രവാചകൻ) തീയിൽനിന്നും രക്ഷപ്പെട്ടതുമടക്കം ഒരു മുസ്‌ലിം വിശ്വസിക്കുന്നത് ഇസ്‌ലാം സത്യമാണ് എന്നത് അംഗീകരിക്കുന്നതുകൊണ്ടാണ്.

ഇസ്‌ലാമിക പ്രമാണങ്ങളിലെ ഇത്തരം വസ്തുതകൾ വിശ്വസിക്കാൻ അവരെ പ്രേരിപ്പിക്കുന്ന ഘടകമാണ് Testimonial honesty യെ അഥവാ സാക്ഷ്യത്തിന്റെ സത്യസന്ധത. പ്രവാചകവാക്യങ്ങൾ നമ്മളിലേക്ക് എത്തുന്നത് വരെയുള്ള കണ്ണികൾ സത്യസന്ധരാണ് എന്നത് അതിൽ പ്രധാനമാണ്. ഈ സത്യസന്ധമായ സാക്ഷ്യം നൽകാൻ സാധ്യമല്ലാത്ത, മനുഷ്യരാൽ വെള്ളം ചേർക്കപ്പെട്ടതോ മനുഷ്യനിർമിതമോ ആയ മറ്റു ദർശനങ്ങളിലും അവ മുന്നോട്ടുവയ്ക്കുന്ന അത്ഭുതങ്ങളിലും നാം വിശ്വസിക്കുന്നില്ല എന്നത് സ്വാഭാവികം. എല്ലാവർക്കും അവനവന്റെ വിശ്വാസം മുറുകെ പിടിച്ചു ജീവിക്കാൻ അവകാശമുണ്ട്.

‘അല്ലാഹു മിത്താണോ?’

വൈജ്ഞാനിക സംവാദങ്ങൾ ഇത്തരത്തിൽ ഒരുവശത്ത് നടക്കുമ്പോഴും ഭൂരിപക്ഷത്തിനും താൽപര്യം തോന്നിയത് വിഷയത്തിലെ രാഷ്ട്രീയ വിവാദങ്ങളോടാണ് എന്നതാണ് സങ്കടകരം. ‘ഗണപതി മിത്താണെങ്കിൽ അല്ലാഹുവും മിത്തല്ലേ?’ എന്ന ഉന്നംവച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിലുണ്ട് ഈ ആവേശം. ശാസ്ത്രത്തെ അപേക്ഷിച്ച് മതം മുന്നോട്ടുവയ്ക്കുന്ന ദർശനങ്ങളൊന്നും അതിന്റെ പരിധിയിലുള്ളതല്ലല്ലോ. ആയതിനാൽ ശാസ്ത്രമാത്രവിശ്വാസിക്ക് ഇതൊക്കെ മിത്താണ്, കൂടാതെ ഗാന്ധിജിയും ലോകമഹായുദ്ധവും ചരിത്രപുസ്തകങ്ങളുമൊക്കെ അവന് മിത്താണ്. എന്നാൽ കാലണയുടെ യുക്തിയുള്ളവൻ ഇങ്ങനെ വിശ്വസിക്കില്ല എന്നത് വേറെ കാര്യം.

ഭൂമധ്യാകർഷണ ബലം 9.8 m/s2 ആണെന്ന, ശാസ്ത്രം പോലും ഒരു ശാസ്ത്രമാത്രവിശ്വാസിക്ക് വിശ്വസിക്കാൻ സാധ്യമല്ല. അവൻ അത് സ്വയം പരിശോധിച്ചാൽ മാത്രമെ ശാസ്ത്രീയമായി അതിനെ തെളിവായി അവന് സ്വീകരിക്കാൻ സാധ്യമാകൂ. പുസ്തകത്തിൽ പഠിക്കുന്നത് ശാസ്ത്രീയമായ തെളിവായി സ്വീകരിക്കാൻ സാധ്യമല്ല.

ഒരു അമുസ്‌ലിമിനെ അപേക്ഷിച്ച് ഇസ്‌ലാം പറയുന്ന അത്ഭുതങ്ങൾ മിത്താണ് എന്ന് പറയുന്നതിൽ യാതൊരു യുക്തിരാഹിത്യവുമില്ല. കാരണം ഇസ്‌ലാം സത്യമാണ് എന്ന മുൻവ്യവസ്ഥയെ അവൻ അംഗീകരിക്കുന്നില്ല. പ്രപഞ്ചം ഇസ്‌ലാമിലേക്ക് വഴി കാണിക്കുമ്പോഴും ആ മുൻവ്യവസ്ഥയെ അവൻ സ്വീകരിക്കുന്നില്ല എന്നതാണ് വാസ്തവത്തിൽ യുക്തിരഹിതം. വിശുദ്ധ ക്വുർആനിലെ സൂറതുൽ ഫുർക്വാനിലെ അഞ്ചാമത്തെ സൂക്തം കാണുക:

“ഇത് പൂർവികരുടെ കെട്ടുകഥകൾ (മിത്തുകൾ) മാത്രമാണ്, ഇവൻ അത് എഴുതിച്ചുവച്ചിരിക്കുന്നു, എന്നിട്ടത് രാവിലെയും വൈകുന്നേരവും അവന്ന് വായിച്ചുകേൾപിക്കപ്പെടുന്നു എന്നും അവർ പറഞ്ഞു.’’

ഇസ്‌ലാമിലെ വിശ്വാസസംഹിതയെ മിത്തെന്ന് വിശേഷിപ്പിക്കുന്നതിനോട് മുസ്‌ലിംകൾ പ്രതികരിക്കേണ്ടത് വൈകാരികമായിട്ടല്ല, ആശയ സംവാദത്തിലൂടെയാണ്. സത്യസന്ധമായ സാക്ഷ്യപരമ്പര നൽകാൻ സാധിക്കുമ്പോഴും ആ എലമെന്റുകൾ പാഠപുസ്തകങ്ങളിൽ പഠിപ്പിക്കണം എന്ന മൂഢവാശി മുസ്‌ലിംകൾക്കില്ല. സ്വന്തം മതത്തിൽ പൂർണവിശ്വാസമുള്ള മുസ്‌ലിമിന് പാടിപ്പഠിപ്പിച്ചില്ലെങ്കിൽ വിശ്വാസം ചിതലരിക്കുമെന്ന ഭയമില്ല. ആ പേടിയുള്ളത് ചില സർവീസ് സൊസൈറ്റികളുടെ ഫ്യൂഡൽ തലകൾക്കാണ്. അപരനെ സൃഷ്ടിച്ച് വിശ്വാസം സമീകരിച്ച് ഒളിച്ചോടാൻ മാത്രം ഭീരുത്വം നിറഞ്ഞവരാണ് വർഗീയതയും പരിഹാസവും നിറച്ച വെടി പൊട്ടിക്കാൻ ശ്രമിക്കുന്നത്. യുക്തി ഉപയോഗിച്ചാൽ കേരളം ഇതിനെയും മറികടക്കും.