സി.എം മടവൂരിന്റെ മതവിരുദ്ധ ചെയ്തികളും കുരുക്കിലായ സമസ്തയും

മൂസ സ്വലാഹി കാര

2023 നവംബർ 04 , 1445 റ.ആഖിർ 20

അതിരുകടന്ന ആത്മപ്രശംസയിലൂടെയും അന്ധമായ അപദാനങ്ങളിലൂടെയും വ്യക്തികളെ വിഗ്രഹവൽക്കരിച്ചാണ് പൗരോഹിത്യം എക്കാലവും വിശ്വാസികളെ ചൂഷണം ചെയ്തുകൊണ്ടിരുന്നത്. വ്യക്തി സമത്വത്തിന്റെ സന്ദേശവുമായി കടന്നുവന്ന ഇസ്‌ലാമാകട്ടെ, ഈ രംഗത്ത് കണിശമായ നിർദേശങ്ങൾ മാത്രമല്ല കൃത്യമായ വിലക്കുകൾ നൽകുക കൂടി ചെയ്തു. എന്നിട്ടും സ്രഷ്ടാവിനോളം പോന്ന ‘സൃഷ്ടിമാഹാത്മ്യ’ങ്ങളാണ് സമസ്തയുടെ ലേബലിൽ ഇന്ന് കഥകളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

അല്ലാഹുവിന്റെ ഇഷ്ടദാസന്മാരാകാൻ സാധിക്കുക എന്നതാണ് ജീവിതത്തിൽ നമുക്ക് നേടാൻ കഴിയുന്ന ഏറ്റവും വലിയ സൗഭാഗ്യം. കുറുക്കുവഴികളും കൃത്രിമ മാർഗങ്ങളും അന്വേഷിക്കാതെ, മതനിയമങ്ങൾക്കനുസൃതമായി ജീവിതത്തെ ചിട്ടപ്പെടുത്തുക വഴി സൂക്ഷ്മത പാലിക്കുന്നവർക്ക് മാത്രമെ ഇതിന് സാധ്യമാകൂ. വിശ്വാസത്തിൽ അടിയുറച്ച് നിലകൊള്ളുന്ന ഇങ്ങനെയുള്ള സുക്ഷ്മാലുക്കളെക്കുറിച്ച് അല്ലാഹു പറയുന്നു:

“ശ്രദ്ധിക്കുക; തീർച്ചയായും അല്ലാഹുവിന്റെ മിത്രങ്ങളാരോ അവർക്ക് യാതൊരു ഭയവുമില്ല. അവർ ദുഃഖിക്കേണ്ടിവരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ’’(ക്വുർആൻ 10:62,63).

അല്ലാഹുവിന്റെ വലിയ്യുകൾ എന്നു വിശേഷിപ്പിക്കപ്പെടുന്നത് അവന്റെ ഇഷ്ടം നേടിയെടുത്ത മഹത്തുക്കളാണ്. അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം; നബിﷺ പറഞ്ഞു: “അല്ലാഹു ഒരടിമയെ ഇഷ്ടപ്പെട്ടാൽ ജിബ്‌രീലി(അ)നോട് പറയും: ‘ഞാൻ ഒരടിമയെ ഇഷ്ടപ്പെട്ടിരിക്കുന്നു, നീയും അവനെ ഇഷ്ടപ്പെടുക.’ അപ്പോൾ ജിബ്‌രീൽ(അ) അയാളെ ഇഷ്ടപ്പെടുകയും ആകാശത്തുള്ളവരോട് ഇപ്രകാരം പറയുകയും ചെയ്യും: ‘അല്ലാഹു ഒരടിമയെ ഇഷ്ടപ്പെട്ടിരിക്കുന്നു, നിങ്ങളും അവനെ ഇഷ്ടപ്പെടുക.’ അവർ അവനെ ഇഷ്ടപ്പെടുകയും ഭൂമിയിൽ അവന് സ്വീകാര്യത ലഭിക്കപ്പെടുകയും ചെയ്യും’’ (മുസ്‌ലിം).

അബൂഹുറയ്‌റ(റ)യിൽനിന്ന് നബിﷺ പറഞ്ഞു: “നിശ്ചയം, അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘എന്റെ വലിയ്യിനോട് (സാമീപ്യം നേടിയ വ്യക്തിയോട്) ആരെങ്കിലും ശത്രുത കാണിച്ചാൽ അവനോട് ഞാനിതാ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഞാൻ നിർബന്ധമാക്കിയ കർമങ്ങളെക്കാൾ എനിക്ക് പ്രിയങ്കരമായ മറ്റൊരു കാര്യം മുഖേനയും എന്റെ ദാസന് എന്റെ സാമീപ്യം നേടാൻ കഴിഞ്ഞിട്ടില്ല. ഞാൻ അവനെ ഇഷ്ടപ്പെടുന്നതുവരെ നിർബന്ധമല്ലാത്ത ഐച്ഛികമായ കാര്യങ്ങൾ അനുഷ്ഠിച്ചുകൊണ്ട് എന്റെ ദാസൻ എന്റെ സാമീപ്യം തേടിക്കൊണ്ടിരിക്കും...’’ (ബുഖാരി).

ഇവിടെ സൂചിപ്പിക്കപ്പെട്ട വലിയ്യ് ആരാണെന്ന് ഇബ്‌നു ഹജർ അസ്‌ക്വലാനി(റഹ്)പറയുന്നു: “അല്ലാഹുവിന്റെ മിത്രമെന്നാൽ അല്ലാഹുവിനെ അറിയുകയും അവനെ അനുസരിക്കുന്നതിൽ പതിവാകുകയും അവനുള്ള ആരാധനയിൽ ആത്മാർഥത കാണിക്കുകയും ചെയ്യുന്നവനാണ്’’ (ഫത്ഹുൽബാരി).

ഇമാം സുയൂത്വി(റഹ്)പറയുന്നു: “വലിയ്യ് എന്നാൽ, സാധ്യമാകുന്നത്ര അല്ലാഹുവിനെ അറിയുന്നവനും അനുസരണം പതിവാക്കുന്നവനും ധിക്കാരങ്ങളെ വെടിയുന്നവനും ദേഹേച്ഛകളിലും ആസ്വാദനങ്ങളിലും മുഴുകുന്നതിൽനിന്ന് പിന്തിരിയുന്നവനുമാണ്’’ (ഇത്മാമുദ്ദിറായ).

നമ്മുടെ യഥാർഥ വലിയ്യ് സർവലോകത്തിന്റെയും അധികാരിയും ഉടമസ്ഥനുമായിട്ടുള്ള അല്ലാഹുവാണെന്ന അടിസ്ഥാന അറിവിൽനിന്ന് നാം ഒരിക്കലും വ്യതിചലിക്കാൻ പാടില്ല. അല്ലാഹു പറയുന്നു: “നിനക്കറിഞ്ഞു കൂടേ, അല്ലാഹുവിന്നു തന്നെയാണ് ആകാശഭൂമികളുടെ ആധിപത്യമെന്നും നിങ്ങൾക്ക് അല്ലാഹുവെ കൂടാതെ ഒരു രക്ഷകനും സഹായിയും ഇല്ലെന്നും?’’(2:107).

ഇതിന്റെ വിശദീകരണത്തിൽ ഇബ്‌നു കസീർ(റഹ്) പറയുന്നു: “ഓ, പ്രവാചകരേ! ആകാശഭൂമികളുടെ രാജാധിപത്യവും അധികാരവും എനിക്കു മാത്രമാണെന്ന് നിങ്ങൾക്കറിയില്ലേ? അതിലും അവയിലുള്ളതിലും ഞാൻ ഉദ്ദേശിക്കുന്നപോലെ വിധിക്കുകയും കൽപിക്കുകയും വിരോധിക്കുകയും ചെയ്യുന്നു. എന്റെ അടിമകളിൽ ഞാൻ വിധിച്ച വിധികളിൽനിന്ന് ഉദ്ദേശിക്കുന്നത് ഞാൻ ഉദ്ദേശിക്കുമ്പോൾ ദുർബലപ്പെടുത്തുകയും മാറ്റുകയും ചെയ്യും. ഞാനുദ്ദേശിക്കുന്നത് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു’’(തഫ്‌സീർ ഇബ്‌നു കസീർ).

വിശ്വാസികൾക്ക് രക്ഷാധികാരിയായി അല്ലാഹു ഉണ്ടാകുമെന്ന സന്തോഷവാർത്ത ക്വുർആനിൽ കാണാം: “അതിന്റെ കാരണമെന്തെന്നാൽ, അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാണ്. സത്യനിഷേധികൾക്കാകട്ടെ ഒരു രക്ഷാധികാരിയും ഇല്ല’’ (47:11).

ബറാഇ(റ)ൽനിന്ന്: “ഉഹ്ദ് യുദ്ധ വേളയിൽ ശത്രുഭാഗത്തുനിന്ന് അബൂസുഫ്‌യാൻ പറഞ്ഞു: ‘ഹുബ്ൽ ഉയരട്ടെ.’ ‘നിങ്ങൾ ഉത്തരം നൽകുന്നില്ലേ’ എന്ന നബിﷺയുടെ ചോദ്യത്തിന് ‘അല്ലാഹുവാണ് വലിയവനും മഹാനു’മെന്ന് സ്വഹാബികൾ മറുപടി നൽകി. ‘ഞങ്ങൾക്ക് ഉസ്സയുണ്ട്, നിങ്ങൾക്ക് ഉസ്സയില്ല’ എന്ന് അവർ പറഞ്ഞപ്പോൾ ‘അല്ലാഹുവാണ് ഞങ്ങളുടെ രക്ഷാധികാരി, നിങ്ങൾക്ക് രക്ഷാധികാരിയില്ല’ എന്ന് സ്വഹാബികൾ മറുപടി നൽകി’’ (ബുഖാരി).

വിശ്വാസികളുടെ പ്രഖ്യാപനമായിക്കൊണ്ട് ക്വുർആൻ പഠിപ്പിക്കുന്നു: “നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ’’ (2:286).

ഈ വസ്തുതയെ നിരാകരിച്ചുകൊണ്ട്, നബിﷺയടക്കം എല്ലാ ഔലിയാക്കളും അഭൗതിക മാർഗത്തിലൂടെ ആവശ്യങ്ങൾ നടത്തിത്തരുമെന്ന വിശ്വാസത്തിൽ അവരോട് പ്രാർഥിക്കുകയും സഹായ തേട്ടം നടത്തുകയും അവരുടെ തൃപ്തിക്കായി നേർച്ചവഴിപാടുകൾ നടത്തുകയും അവരിൽ തവക്കുലാക്കുകയുമൊക്കെ ചെയ്യുന്നവരുടെ എണ്ണം നമ്മുടെ നാട്ടിൽ കുറച്ചൊന്നുമല്ല.

അല്ലാഹുവിന്റെ ഔലിയാക്കൾ ഒരിക്കലും ഈ പിഴച്ച വിശ്വാസം പഠിപ്പിച്ചിട്ടില്ല. ഒട്ടേറെ വ്യാജന്മാരാണ് ഇത്തരം വിശ്വാസത്താൽ ആരാധിക്കപ്പെടുന്നത്. നബിﷺക്കു പോലും അല്ലാഹു നൽകിയിട്ടില്ലാത്ത കഴിവുകൾ വ്യാജന്മാർക്കുള്ളതായി അവകാശപ്പെടുന്നത് എത്ര വലിയ അപരാധമാണ്! അല്ലാഹു പറയുന്നു: “വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവൻ അവരെ ഇരുട്ടുകളിൽനിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നു. എന്നാൽ സത്യനിഷേധികളുടെ രക്ഷാധികാരികൾ ദുർമൂർത്തികളാകുന്നു. വെളിച്ചത്തിൽനിന്ന് ഇരുട്ടുകളിലേക്കാണ് ആ ദുർമൂർത്തികൾ അവരെ നയിക്കുന്നത്. അവരത്രെ നരകാവകാശികൾ. അവരതിൽ നിത്യവാസികളാകുന്നു’’ (2:257).

‘പ്രകാശം’ എന്ന പദം ഏകവചനമായും ‘ഇരുട്ട്’ എന്നത് ബഹുവചനമായും പ്രയോഗിച്ചതിൽനിന്ന് സത്യം ഒന്നുമാത്രമാണെന്നും അസത്യം ധാരാളമുണ്ടെന്നും അതെല്ലാ നിരർഥകമാണെന്നും വ്യക്തമാകുന്നു എന്ന് ഇതിന്റെ വിശദീകരണത്തിൽ ഇബ്‌നു കസീർ(റഹ്) പറഞ്ഞതായി കാണാം.

ശിയാ-സൂഫീ വിശ്വാസാചാരങ്ങളിൽ ആകൃഷ്ടരായ സമസ്ത മുസ്‌ലിയാക്കന്മാർ ഒരു നൂറ്റാണ്ടുകാലം കൊണ്ടുനടന്ന ആദർശം കടപുഴകി വീഴാൻ കാരണക്കാരനാവുകവും ബഹുമാനാദരവോടെ അവർ നോക്കിക്കാണുന്ന കാക്കത്തൊള്ളായിരം ജാറങ്ങളിലുള്ള വ്യാജ ഔലിയാക്കന്മാർ ചോദ്യം ചെയ്യപ്പെടാൻ ഹേതുവാകുകയും ചെയ്ത വ്യക്തിയാണല്ലോ സി.എം മടവൂർ. അമിത പ്രശംസകളാലും അധിക പുകഴ്ത്തലുകളാലും അല്ലാഹുവിനോട് സമപ്പെടുത്തപ്പെട്ട അവസ്ഥയിലാണ് ഇയാളുടെ മക്വാം ഇപ്പോഴുള്ളത്. വർഷങ്ങൾക്കു മുമ്പ് മണ്ണടിഞ്ഞ ഇദ്ദേഹത്തെക്കുറിച്ച് പുരോഹിതന്മാർ പറഞ്ഞു പരത്തിയ ഗുരുതരമായ വാദങ്ങളിലും കെട്ടുകഥകളിലും അജ്ഞരായ ഒട്ടേറെയാളുകൾ അകപ്പെട്ടിട്ടുണ്ട്. അല്ലാഹുവിന് കൊടുക്കേണ്ട ആദരവും സ്‌നേഹവും അനുസരണവും അടുപ്പവുമെല്ലാം പാടിയും പറഞ്ഞും ആടിയും ആഘോഷിച്ചും മടവൂർ കേന്ദ്രത്തിൽ കൊടുക്കുന്നവർ ക്വുർആനിന്റെ താക്കീതിനെ ഓർക്കട്ടെ. അല്ലാഹു പറയുന്നു:

“നിങ്ങൾ അല്ലാഹുവിനു പുറമെ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും കള്ളം കെട്ടിയുണ്ടാക്കുകയുമാണ് ചെയ്യുന്നത്. അല്ലാഹുവിനു പുറമെ നിങ്ങൾ ആരാധിക്കുന്നത് ആരെയാണോ അവർ നിങ്ങൾക്കുള്ള ഉപജീവനം അധീനമാക്കുന്നില്ല.അതിനാൽ നിങ്ങൾ അല്ലാഹുവിങ്കൽ ഉപജീവനം തേടുകയും അവനെ ആരാധിക്കുകയും അവനോട് നന്ദികാണിക്കുകയും ചെയ്യുക. അവങ്കലേക്കാണ് നിങ്ങൾ മടക്കപ്പെടുന്നത്’’ (29:17).

മതപരമായി പാലിക്കപ്പെടേണ്ട നിയമങ്ങളും മര്യാദകളും ശ്രദ്ധിക്കാത്ത ഇയാൾ ജീവിച്ചതിന്റെ പച്ചയായ തെളിവുകൾ വായിക്കും മുമ്പ് ഈ വ്യാജ വലിയ്യിനെ മഹത്ത്വവത്ക്കരിച്ചുകൊണ്ട് പുരോഹിതന്മാർ എഴുതിയത് നോക്കാം:

“അല്ലാഹുവിന്റെ അതിരറ്റ അനുഗ്രഹങ്ങൾക്ക് പാത്രീഭൂതരായ മഹാത്മാക്കളാണ് ഔലിയാക്കൾ. അത്തരം ഔലിയാക്കളിൽ ഈ നൂറ്റാണ്ടിൽ ജീവിച്ച ഏറ്റവും വലിയ മഹാനായിരുന്നു മടവൂർ സി.എം മുഹമ്മദ് അബൂബക്കർ മുസ്‌ലിയാർ വലിയുല്ലാഹി അവർകൾ’’ (സി.എം സ്മരണിക, പേജ് 9).

“ആ മഹാന്റെ വിയോഗം നമ്മെ സർവ്വ മണ്ഡലങ്ങളിലും ക്ഷീണിപ്പിച്ചിരിക്കുന്നു. നാം അനാഥരായി, നിരാലംബരായി. എങ്കിലും അവിടുത്തോടുള്ള സ്‌നേഹവും ബഹുമാനവും അനുകരണവും നമുക്ക് കൂടുതൽ ഊർജ്ജ്വസ്വലതയോടെ മുന്നേറാനുള്ള ശക്തിയും അനുഗ്രഹവും പ്രദാനം ചെയ്യട്ടെ എന്ന് അല്ലാഹുവോട് പ്രാർത്ഥിക്കാം’’ (പേജ് 50).

“ശൈഖുനായുടെ ജീവിതം മുഴുവൻ അമാനുഷിക സംഭവങ്ങളുടെ കലവറയാണ്. ഗർഭധാരണം തൊട്ടു അതിന്റെ തുടക്കം കാണാം. ജീവിതത്തിൽ ഒരു കറാഹത്തു പോലും പ്രവർത്തിക്കാത്തതായിരുന്നു ആ മഹാത്മാവിന്റെ ജീവിത ശൈലി’’ (സി.എം മടവൂർ വലിയ്യുല്ലാഹി, പേജ് 10).

‘അമാനുഷിക സംഭവങ്ങൾ നിറഞ്ഞ,’ ‘ഒരു കറാഹത്തു പോലും പ്രവർത്തിക്കാത്ത’ ഇവരുടെ ഈ ‘പുണ്യ പുരുഷന്റെ’ മതജീവിതം എങ്ങനെയായിരുന്നു എന്നൊന്ന് പരിശോധിക്കാം.

ലോകത്തിന്റെ നിയന്ത്രണം അവകാശപ്പെടുന്നു!

“ശൈഖുനായുടെ മൂത്ത സഹോദരിയുടെ മകൻ അബ്ദുർ റശീദ് മുസ്‌ലിയാർ ശൈഖുനായുടെ മഖാമിനു മുമ്പിൽവെച്ച് എന്നോട് പറഞ്ഞ ഒരു കാര്യമാണ് അടുത്തതായി ഉദ്ധരിക്കുന്നത്. അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് അവരുടെ വീട്ടിലേക്ക് ശൈഖുനാ കടന്നുവന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു: ‘സത്യമായും ഞാൻ ഖുത്വുബുൽ അഖ്ത്വാബാണ്. അതിലൊരു സംശയുമില്ല’’(സി.എം വലിയ്യുള്ളാഹി, കറാമത്തുകളും അനുഭവങ്ങളും, പേജ് 75).

ഇതെല്ലാം ശരിയാണെന്നു വിശ്വസിച്ച് നടക്കുന്നവർക്ക് എന്ത് വിവരമാണ് പ്രപഞ്ച സ്രഷ്ടാവിനെക്കുറിച്ചുള്ളത്? അല്ലാഹു പറയുന്നു: “അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു’’ (3:189).

ഇബ്‌നു കസീർ(റഹ്) ഇതിന്റെ വിശദീകരണമായി പറഞ്ഞത് കാണുക: “അവൻ എല്ലാറ്റിന്റെയും ഉടമയാണ്. അവൻ എല്ലാറ്റിനും കഴിവുള്ളവനാണ്. അവന് അസാധ്യമായി ഒന്നുമില്ല. അതിനാൽ അവനെ ഭയപ്പെടുക, അവനെ എതിർക്കരുത്. അവന്റെ ക്രോധത്തെയും കോപത്തെയും സൂക്ഷിക്കുക. കാരണം അവൻ മഹാനാണ്. അവനോളം മഹത്ത്വമുള്ള ആരുമില്ല. അവൻ എല്ലാറ്റിനും കഴിയുന്നവനാണ്. അവനെക്കാൾ കഴിവ് ആർക്കുമില്ല’’ (തഫ്‌സീർ ഇബ്‌നു കസീർ).

‘ഞാനാണ് നിങ്ങളുടെ ഉന്നതനായ റബ്ബ്’ എന്നു വിളിച്ചു പറഞ്ഞവനാണ് ധിക്കാരിയായ ഫിർഔൻ. അതിനു സമാനമായ രീതിയിൽ ‘ഞാൻ ഖുത്വുബുൽ അഖ്ത്വാബാണ്’ എന്നു പ്രഖ്യാപിച്ച ഇയാളെ തലയിലേറ്റി നടക്കുന്നവർ ചിന്തിക്കുക. അല്ലാഹുവിനെക്കുറിച്ച് നിങ്ങളുടെ വിചാരമെന്താണ്? സ്വാലിഹുകളുടെ വിഷയത്തിൽ അതിരുവിട്ടവരോട് നൂഹ്(അ) ചോദിച്ചു: ‘നിങ്ങൾക്കെന്തു പറ്റി? അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങൾ പ്രതീക്ഷിക്കുന്നില്ല?’ ബിംബാരാധകരോട് ഇബ്‌റാഹീം നബി(അ) ചോദിച്ചു: ‘അപ്പോൾ ലോകരക്ഷിതാവിനെപ്പറ്റി നിങ്ങളുടെ വിചാരമെന്താണ്?’ മൂസാ നബി(അ) രക്ഷക്കായി പ്രാർഥിച്ചു: ‘എന്റെ രക്ഷിതാവേ, അക്രമികളായ ജനതയിൽനിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ.’

നമസ്‌കാരം ഉപേക്ഷിച്ച വ്യക്തി

“മൂന്നാം ഘട്ടത്തിൽ ശരീഅത്തിന്റെ ചില ഭാഗങ്ങളെല്ലാം വിട്ടുകൊണ്ടാണ് അദ്ദേഹത്തെ ഞാൻ കാണുന്നത്. താടിയും തലപ്പാവും ഒഴിവാക്കിയിരുന്നു. നമസ്‌കാരത്തിനു പകരം എല്ലായിടത്തും സുജൂദ്...1971-72ൽ കോഴിക്കോട് ജില്ലയിലെ കായലത്ത് ഞാൻ മുദരിസായിരുന്ന കാലത്ത് ഈ ഹാലിൽതന്നെയാണ് സി.എം അവിടെ വന്ന് ഒരു വീട്ടിൽ താമസം തുടങ്ങിയത്. നമസ്‌കരിക്കാത്ത സിഎമ്മിനെ നമസ്‌ക്കരിക്കുന്ന ചില അജ്ഞാനികളായ ആളുകൾ പിന്തുടർന്നു നടക്കുന്നതും നമസ്‌കാരം ഉപേക്ഷിക്കുന്നതും കണ്ടപ്പോൾ മനഃപ്രയാസം തോന്നി’’ (സൂഫികളുടെ പാത, പേജ് 63).

ഏറ്റവും വലിയ മഹാനായ നബിﷺ രോഗാവസ്ഥയിൽ പോലും നമസ്‌കാരത്തിന്റെ വിഷയത്തിൽ കാണിച്ച കണിശത ഹദീസ് ഗ്രന്ഥങ്ങൾ വിവരിക്കുന്നത് കാണാം. വിശ്വാസികൾക്കുമേൽ സമയം നിശ്ചയിക്കപ്പെട്ട നിർബന്ധ കർമമാണ് അഞ്ചുസമയ നമസ്‌കാരം. മ്ലേച്ഛതയിൽനിന്നും നിഷിദ്ധങ്ങളിൽനിന്നും വിശ്വാസികളെ അകറ്റുന്നതും കർമങ്ങളിൽ പരലോകത്ത് ആദ്യം ചോദ്യം ചെയ്യപ്പെടുന്നതുമായ ഏറ്റവും ശ്രേഷ്ഠമായ ആരാധനയെ ഒഴിവാക്കിയ ഇയാളുടെ വിധി എന്താകും?

നോമ്പെടുത്തിരുന്നില്ല, നോറ്റവരെ മുറിപ്പിച്ചിരുന്നു!

“ശൈഖുന നോമ്പ് നോറ്റിരുന്നില്ലെന്നതിനു പുറമെ പകൽ സമയത്ത് മുഴുവൻ ചിലർക്ക് ബാക്കിയുള്ള ഭക്ഷണവും മറ്റും കൊടുത്ത് നോമ്പ് മുറിപ്പിക്കുകയും ചെയ്തിരുന്നു’’ (സി.എം മടവൂർ വലിയ്യുല്ലാഹി, പേജ് 99).

സൂക്ഷ്മതയുള്ളവരാകാൻ ഇസ്‌ലാം നിർബന്ധമാക്കിയ നോമ്പിനോട് ഇവരുടെ വലിയ്യിന്റെ സമീപനം നോക്കൂ! വലിയ പാപമല്ലേ ഇയാൾ ചെയ്തത്? സ്വയം പാപിയാവുക മാത്രമല്ല, മറ്റുള്ളവരെക്കൊണ്ട് പാപം ചെയ്യിക്കുന്നതും ഇയാളുടെ സ്വഭാവമായിരുന്നു. തെറ്റിലും ശത്രുതയിലും നിങ്ങൾ പരസ്പരം സഹകരിക്കരുതെന്ന വിശുദ്ധ ക്വുർആനിന്റെ കൽപന ഇയാൾക്ക് ബാധകമല്ലേ? എന്ത് മാതൃകയാണ് ഇയാളിൽനിന്ന് സമൂഹത്തിന് കിട്ടാനുള്ളത്? പ്രമാണങ്ങളുടെ വെളിച്ചത്തിൽ ഈ തെറ്റിന്റെ വിധി എന്തെന്ന് കൂടി മുസ്‌ലിയാക്കന്മാർ സമൂഹത്തോട് പറയണം.

മറഞ്ഞ കാര്യങ്ങൾ അറിയുമെന്ന്!

“മറഞ്ഞ കാര്യങ്ങൾ പറഞ്ഞിരുന്നു എന്നത് ശൈഖുനാ സി.എം വലിയ്യുല്ലാഹി(റ)യുടെ ഒരു കറാമത്താണ്. മഹാനവർകൾ ഈ ഭൗതിക ലോകത്ത് ജീവിച്ചിരുന്ന കാലഘട്ടത്തിൽ അത്തരത്തിലുള്ള കാര്യങ്ങൾ ധാരാളം ജനങ്ങളോട് പറഞ്ഞിട്ടുണ്ട്’’ (സി.എം വലിയ്യുല്ലാഹി കറാമത്തുകളും അനുഭവങ്ങളും, പേജ് 39,40).

അല്ലാഹുവിന്റെ മാത്രം കഴിവായി ക്വുർആൻ പറയുന്നു: “അവൻ അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു. അതിനാൽ അവൻ അവർ പങ്കുചേർക്കുന്നതിനെക്കാളെല്ലാം ഉന്നതനായിരിക്കുന്നു’’ (23:92). നബിﷺയോട് പ്രഖ്യാപിക്കുവാൻ അല്ലാഹു പറയുന്നു: “...എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്കിൽ ഞാൻ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിന്മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങൾക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്’’ (7:188). എന്നാൽ സിഎമ്മിന് മറഞ്ഞ കാര്യം അറിയുന്നതിൽ യാതൊരു പരിധിയുമില്ലത്രെ.

എല്ലാവർക്കും അഭയകേന്ദ്രമാണത്രെ!

“ജീവിത കാലത്തെന്നതുപോലെ വഫാത്തിനു ശേഷവും ശൈഖുനായുടെ മഖ്ബറ സിയാറത്ത് ചെയ്യുന്നവർക്കും ശൈഖുനായോട് സങ്കടം പറയുന്നവർക്കും മഹാനവർകളുടെ പേരിൽ വിശുദ്ധ ഖുർആൻ ഓതി ഹദ്‌യ ചെയ്യുന്നവർക്കും പ്രശ്‌നപരിഹാരം ലഭിക്കുന്നു എന്നത് തള്ളിക്കളയാൻ കഴിയാത്ത സത്യമാണ്. ജീവിതകാലത്ത് പ്രകടമായതുപോലെ മഹാനവർകളുടെ കറാമത്തുകൾ ഇന്നും അവിടുത്തെ മുരീദന്മാരും മുഹിബ്ബീങ്ങളും അനുഭവിക്കുന്നുണ്ട്’’(സി.എം വലിയ്യുല്ലാഹ്; കറാമത്തുകളും അനുഭവങ്ങളും, പേജ് 59).

വിഗ്രഹങ്ങൾക്ക് മുമ്പിൽ പ്രണമിച്ചിരുന്ന മക്കത്തെ മുശ്‌രിക്കുകൾവരെ അല്ലാഹുവല്ലാത്തവർക്ക് യഥാർഥ അഭയം നൽകാൻ കഴിയില്ലെന്ന നിലപാടുള്ളവരായിരുന്നു. അല്ലാഹു പറയുന്നു: “നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈവശത്തിലാണ്. അവൻ അഭയം നൽകുന്നു. അവന്നെതിരായി (എവിടെനിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവൻ ആരാണ്? നിങ്ങൾക്കറിയാമെങ്കിൽ (പറയൂ). അവർ പറയും: (അതെല്ലാം) അല്ലാഹുവിന്നുള്ളതാണ്. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങൾ (സത്യത്തിൽ നിന്നും) തെറ്റിപ്പോകുന്നത്?’’(23:88,89).

വാക്കുകൾകൊണ്ട് രോഗം മാറ്റും!

സിഎമ്മിന്റെ ചരിത്രം എഴുതപ്പെട്ട ‘ശൈഖുൽ മശാഇഖ് സി.എം വലിയ്യുല്ലാഹ്(റ), കറാമത്തുകളും അനുഭവങ്ങളും’ എന്ന പുസ്തകത്തിൽ രോഗികളോട് അയാൾ പറഞ്ഞ ചില പ്രയോഗങ്ങൾ കൊടുത്തിട്ടുണ്ട്. ചില ഉദാഹരണങ്ങൾ കാണുക: ‘ചൊറി വേണ്ട,’ ‘ഒക്കെ സുഖമായി കെട്ടോ,’ ‘നിങ്ങൾക്ക് ഓപ്പറേഷൻ വേണ്ട,’ ‘രോഗം വേണ്ട; മൂന്ന് ദിവസം വീട്ടിലിരിക്കുക,’ ‘ചൊറിയും ചിരങ്ങും ഒന്നും വേണ്ട,’ ‘ആ തലവേദന ഇനി വേണ്ട; പൊക്കോളൂ,’ ‘പൊക്കോളൂ, അത് സുഖപ്പെട്ടിരിക്കുന്നു,’ ‘ഇനി വയറ്റിൽ വേദന വേണ്ട.’

താൻ ഇങ്ങനെ പറഞ്ഞാൽ മതി, യാതൊരു മരുന്നും ഉപയോഗിക്കേണ്ട, അല്ലാഹുവിനോട് പ്രാർഥിക്കുകയും വേണ്ട, ഏതു രോഗവും ആ നിമിഷം മാറും എന്നാണ് ഇങ്ങനെ പറയുന്നതിന്റെ ഉദ്ദേശ്യം!

ഇതുപോലുള്ളവരോട് രോഗശമനത്തിന് തേടുന്നവർ ഇബ്‌റാഹീം നബി(അ)യുടെ ഈ പ്രഖ്യാപനം ഓർക്കുക: “എനിക്ക് രോഗം ബാധിച്ചാൽ അവനാണ് എന്നെ സുഖപ്പെടുത്തുന്നത്’’ (26:80). രോഗ ബാധിതരായ പ്രവാചകന്മാർ രോഗശമനത്തിനായി അല്ലാഹുവോടാണ് തേടിയത്. തന്റെ അനുചരന്മാർക്ക് രോഗം വന്നപ്പോൾ മുഹമ്മദ് നബിﷺ ഇങ്ങനെയൊരു മാർഗം സ്വീകരിച്ചിട്ടില്ല.

മൂത്രമൊഴിച്ചാൽ വൃത്തിയാക്കിയിരുന്നില്ല!

“ശൈഖുനാ മൂത്രമൊഴിച്ചിട്ട് ശുദ്ധീകരിക്കാതെ എഴുന്നേറ്റു പോയിരുന്നു എന്നാണ് ചിലരുടെ പരാതി’’ (സി.എം മടവൂർ വലിയ്യുല്ലാഹി, പേജ് 97). മലമൂത്ര വിസർജന മര്യാദപോലും പാലിക്കാത്ത ഇയാൾ എന്ത് വലിയ്യാണെന്ന് ഓരോരുത്തരും ചിന്തിക്കുക.

കുടുംബങ്ങളെ പാടെ ഒഴിവാക്കി!

“ക്രമേണ ശൈഖുനാക്ക് കുടുംബ ജീവിതത്തോട് വിരക്തി അനുഭവപ്പെട്ടു തുടങ്ങി. ഉമ്മയോടും ഭാര്യയോടും സംസാരിക്കാതെയായി. ഒരു ദിവസം അർധ രാത്രി കഴിഞ്ഞിട്ടും ശൈഖുനായുടെ ദിക്‌റും ദുആയും കഴിഞ്ഞില്ല. അവിടുന്ന് കരഞ്ഞുകൊണ്ടു പ്രാർത്ഥനയിൽ തന്നെ മുഴുകിയിരുന്നു. കുറേ സമയം കഴിഞ്ഞപ്പോൾ ശൈഖുനാ പൊട്ടിക്കരഞ്ഞുകൊണ്ട് അവിടെനിന്ന് എഴുന്നേറ്റ് എങ്ങോട്ടോ പോയി. ഈ സംഭവത്തിനുശേഷം വീടുമായുള്ള ബന്ധം തീരെയുണ്ടായിരുന്നില്ലെന്നു പറയുന്നതായിരിക്കും ശരി’’ (സി.എം മടവൂർ വലിയ്യുല്ലാഹി, പേജ് 57).

ആലോചിക്കുക, ഇതാണോ ഇസ്‌ലാം പഠിപ്പിക്കുന്നത്? നബി ﷺയിൽ ഇതിന് മാതൃകയുണ്ടോ? കുടുംബ ബന്ധം മുറിച്ചവൻ സ്വർഗത്തിൻ പ്രവേശിക്കില്ലെന്നുതുപോലുള്ള ഹദീസുകൾ ഇയാൾക്കും ബാധകമാകില്ലേ!

തലതിരിഞ്ഞ വ്യക്തിത്വം

“മറ്റൊരു ഘട്ടത്തിൽ താടിയും മുടിയും വളർത്തി കണ്ടാൻ ഭയം തോന്നിക്കുന്ന രീതിയിലായിരുന്നു. ഇക്കാലത്ത് കണക്കില്ലാതെ വെറ്റില ചവച്ചിരുന്നു. പിന്നീട് താടിമുടികൾ പാടെ നീക്കം ചെയ്തു കാറിൽ മാത്രമായി യാത്ര’’ (സി.എം മടവൂർ വലിയ്യുല്ലാഹി, പേജ് 68,69). വിശ്വാസികൾക്ക് ഉൾക്കൊള്ളാൻ കഴിയുമോ ഇതെല്ലാം?

ഹറാമാക്കിയത് ചെയ്തു

“തുരുതുരാ സിഗരറ്റ് വലിച്ചിരുന്നു. സ്വർണമോതിരവും ചെയിനും ധരിച്ചിരുന്നു’’ (പേജ് 69). ഏത് വലിയ്യിനാണ് ഇസ്‌ലാം ഇതിലൊക്കെ ഇളവു നൽകിയത്? ‘അല്ലാഹുവിനോട് അടുത്ത’ അടിമകൾക്ക് നിഷിദ്ധങ്ങൾ ചെയ്യാം എന്നൊരു നിയമം ശരീഅത്തിലുണ്ടോ? നിഷിദ്ധമാക്കിയത് ചെയ്യുന്നവർക്ക് അല്ലാഹുവിനോട് അടുത്തവരാകാൻ കഴിയുമോ?

മാന്യതയില്ലാത്ത മനുഷ്യൻ

“പിന്നീട് സർവ്വം മറന്ന് ഊരുചുറ്റുന്ന കാലത്ത് സ്വാഭാവികമായും വസ്ത്രത്തെക്കുറിച്ച് തീരെ ശ്രദ്ധിക്കാതായി. മുഷിഞ്ഞതും കീറിപ്പറിഞ്ഞതും പുതിയതും പഴയതുമൊക്കെ ആ കാലത്ത് ഉള്ളതിനനുസരിച്ച് ധരിച്ചു. മാനന്തവാടിയിൽനിന്ന് മൈസൂർ വനങ്ങളിലേക്കുള്ള ഏകാന്ത പദയാത്രക്കിടയിൽ കാട്ടിക്കുളത്ത് ഒരു ഹോട്ടലിൽ കയറി വയറ് നിറയെ ഭക്ഷണം കഴിച്ച് ഇറങ്ങിപ്പോകാനൊരുങ്ങി. പീടികക്കാരൻ പിടികൂടി. കയ്യിലൊന്നുമില്ലായിരുന്നു. ഷർട്ടും തുണിയും അഴിച്ചു വാങ്ങി. അടിവസ്ത്രങ്ങൾ മാത്രമുടുത്തുകൊണ്ട് ശൈഖ് വനത്തിലേക്ക് കടന്നു’’ (പേജ് 68). ഇതിന് വിശദീകരണം ആവശ്യമില്ല. ഒരു വലിയ്യെന്നല്ല, സാധാരണക്കാരനായ ഒരാൾ പോലും ഇങ്ങനെ മാന്യത തൊട്ടുതീണ്ടാത്തവിധം ജീവിക്കില്ല.

മുസ്‌ലിംകളെ കാഫിറാക്കി!

“നവീന വാദികളോട് കഠിനമായ വെറുപ്പും വിദ്വേഷവും വെച്ച് പുലർത്തിയിരുന്നു അദ്ദേഹം. പലപ്പോഴും കാഫിർ എന്ന പദമാണ് നവീനാശയക്കാരെ സംബന്ധിച്ച് അദ്ദേഹം ഉപയോഗിച്ചിരുന്നത്’’ (സി എം സ്മരണിക, പേജ് 12). ഇവരുടെ കണ്ണിൽ തൗഹീദുള്ളവർ പുത്തൻവാദികളും ശിർക്കിൽ മുഴുകിയവർ പഴമക്കാരുമാണ്.

മനോവിഭ്രാന്തിയിൽ ആത്മഹത്യക്കു ശ്രമിച്ചു!

“ഈ ഘട്ടത്തിലൊരിക്കൽ മലയമ്മ അബൂബക്കർ മുസ്‌ലിയാരെക്കാണുവാൻ ശൈഖുനാ പോയി. തിരിച്ചു വന്നപ്പോൾ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. സ്വന്തം ശരീരത്തെ ഇരുമ്പുകൊണ്ടു മർദ്ദിക്കുവാനും കിണറ്റിൽ ചാടുവാനും ശ്രമിച്ചു. സ്വന്തത്തെ നിയന്ത്രിക്കാൻ വയ്യാത്ത ഒരവസ്ഥ’’ (നമ്മുടെ സി.എം, പേജ് 23, 24). ഒരു വലിയ്യിന്റെ പ്രത്യേകതയാണോ ഇത്? സ്വന്തത്തെ നിയന്ത്രിക്കാൻ കഴിയാത്ത ഇയാളാണത്രെ ലോകത്തെ നിയന്ത്രിക്കുന്നത്!

ശരീഅത്തിനെ കൈവെടിഞ്ഞു

“ജദ്ബിന്റെ ഹാലിൽ എത്തി വീണ്ടും നാട്ടിൽ. പിന്നീടു മുഴുകീട്ടില്ല ബാഹ്യ ശരീഅത്തിൽ’’ (സി എം ചരിത്ര ഗാനം, പേജ് 4).

ഭ്രാന്തിന്റെ അവസ്ഥയിലെത്തുകയും മതനിയങ്ങൾ കൈവെടിഞ്ഞ് ജീവിക്കുകയും ചെയ്‌തെന്നു വ്യക്തം! എന്നിട്ടും സമസ്തക്കാർക്ക് ഇയാൾ ഔലിയ തന്നെ!

മരിച്ചവനെ ജീവിപ്പിച്ചുവെന്ന്!

“പാമ്പു കടിയേറ്റു മരണ റിപ്പോർട്ട് ലഭിച്ചയാളെ അവർ വലിയ്യിന്നടുത്തെത്തിച്ചു. സിയം അവർകൾ കിടത്താൻ പറഞ്ഞ ദിശയിലും മുറയിലും കിടത്തി. ശൈഖ് എന്ത് ചെയ്യാൻ പോവുന്നു? ജനം ഉറ്റുനോക്കുകയാണ്. മഹാനവർകൾ ആ മൃതശരീരത്തോട് ഉത്തരവ്: ‘എഴുന്നേൽക്കൂ.’ രണ്ട് തവണ ഉത്തരവിട്ടു. മൂന്നാമത് ശക്തിയായി പറഞ്ഞു. തത്സമയം എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് അതാ കിടക്കുന്നയാൾ എഴുന്നേൽക്കുന്നു. സുഖമായി, അതിരറ്റ സന്തോഷത്തോടെ സംഘം മടങ്ങി’’ (കറാമത്തുകൾ ഒരൊഴുക്കെന്ന പോലെ, പേജ് 22). എത്ര നിസ്സാരമായിട്ടാണ് ഈ കള്ളക്കഥകൾ ഇവർ എഴുതി വിടുന്നത്! ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അല്ലാഹുവാണെന്ന് നിരവധി ആയത്തുകളിൽ വന്നിരിക്കെ ആ വിശ്വാസം വിട്ടകലുന്നത് അന്ധത നടിക്കലല്ലാതെ മറ്റെന്താണ്?

എല്ലാ ത്വരീക്വത്തിന്റെയും ഖുത്വുബ്!

“ഞണ്ടാടി (അതായത് ശൈഖ് മുഹമ്മദ് അബൂബക്കർ ഞണ്ടാടി(റ) ഖാദിരിയത്തിന്റെ ഖുത്വുബാണ്, ഞാൻ അല്ലാഹുവിലേക്കുള്ള എല്ലാ ത്വരീഖത്തിന്റെയും ഖുത്വുബാണ്....ഇന്ന് (അതായത് ഈ കാലഘട്ടത്തിൽ) ലോകത്തുള്ള എല്ലാ ത്വരീഖത്തുകളും എന്നിൽകൂടിയാണ്’’ (സിഎം വലിയ്യുല്ലാഹ്, കറാമത്തുകളും അനുഭവങ്ങളും, പേജ് 70,71).

അല്ലാഹു പറയുന്നു: “ആർ അല്ലാഹുവെ മുറുകെപിടിക്കുന്നുവോ അവൻ നേർമാർഗത്തിലേക്ക് നയിക്കപ്പെട്ടിരിക്കുന്നു’’ (3:101).

അതിരില്ലാത്ത ആത്മപ്രശംസ!

“ഇപ്പോൾ ശൈഖുനായുടെ ഖബ്ർ നിലനിൽക്കുന്ന സ്ഥലത്ത് മഹാനവർകൾ സുജൂദ് ചെയ്യുകയും കരയുകയും ചെയ്തു. പിന്നെ പറഞ്ഞു: ഇവിടെയാണ് ഖുത്വുബുൽ ആലമിന്റെ ഖബ്ർ. ഇവിടെയാണ് എന്റെ ഖബ്ർ’’ (പേജ് 74). ഉത്തമരായ നബിﷺയും മറ്റു പ്രവാചകന്മാരും സ്വയം വിശേഷിപ്പിച്ചത് ‘അല്ലാഹുവിന്റെ അടിമ’ എന്നാണ്. ഇയാളോ ഖുത്വുബുൽ ആലം എന്നും!

ഒരേസമയത്ത് പലയിടത്തും ഞാൻ ഉണ്ടാകുമെന്നും ലൗഹുൽ മഹ്ഫൂദ്വിലുള്ളത് ഞാൻ അറിയുമെന്നുമൊക്കെ ഇയാൾ പറഞ്ഞതായി മുസ്‌ലിയാക്കന്മാർ എഴുതിവിട്ടിട്ടുണ്ട്. ഇതെല്ലാം തുറന്നുകാണിക്കുന്നതും എഴുതുന്നതും സി.എം മടവൂർ എന്ന മനുഷ്യനെ വ്യക്തിഹത്യ നടത്താനല്ല. അയാൾ ഒരിക്കലും വലിയ്യാകാൻ അർഹനല്ല, മറിച്ച് വിശ്വാസി സമൂഹത്തെ വഴിപിഴവിലാക്കിയിരുന്ന കുഴപ്പക്കാരനായിരുന്നു എന്ന് വിശ്വാസികളെ ബോധ്യപ്പെടുത്താനാണ്. ഇത് ഒരു കടമ നിർവഹിക്കലാണ്. സത്യസന്ധരായ എത്രയോ ഔലിയാക്കൾ ലോകത്ത് ജീവിച്ചിട്ടുണ്ട്. അവരാരും തെറ്റുകൾ ചെയ്തും ചെയ്യിച്ചും ജീവിച്ചവരല്ല. അല്ലാഹുവിന്റെ കഴിവിനു തുല്യമായ കഴിവുണ്ടെന്ന് വാദിച്ചവരുമല്ല. ഇബ്‌നു കസീർ(റഹ്) പറഞ്ഞു: “ സൂക്ഷ്മതയുള്ള ഏതൊരുത്തനുണ്ടോ അവൻ അല്ലാഹുവിന്റെ വലിയ്യാണ്.’’

ക്വുർആനിന്റെ അധ്യാപനമാണ് വിശ്വാസികൾക്ക് പ്രധാനം. അല്ലാഹു പറയുന്നു: “അതെന്തുകൊണ്ടെന്നാൽ സത്യനിഷേധികൾ അസത്യത്തെയാണ് പിന്തുടർന്നത്. വിശ്വസിച്ചവരാകട്ടെ തങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള സത്യത്തെയാണ് പിൻപറ്റിയത്. അപ്രകാരം അല്ലാഹു ജനങ്ങൾക്കുവേണ്ടി അവരുടെ മാതൃകകൾ വിശദീകരിക്കുന്നു’’ (47:3).

സമസ്തയുടെ നടുവൊടിച്ചുകൊണ്ട് അതിലെ ചില പ്രമുഖരുടെ മേൽനോട്ടത്തിൽ നടന്നുവരുന്ന ഉലമാ സമ്മേളനത്തിലെ തീരുമാനം കൂടി വായിക്കാം: “മഹാൻമാർ ശരീഅത്ത് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ധരിക്കാൻ നിമിത്തമാകുന്ന യാതൊന്നും പറയരുത്. ശരീഅത്ത് വിരുദ്ധരായ വ്യാജന്മാർക്ക് അത് സഹായകമാകും. മഹാൻമാരെ തെറ്റിദ്ധരിക്കാനും ഇകഴ്ത്താനും അത് കാരണമാകും’’ (ഉലമാ സമ്മേളനം, പേജ് 11).

സി.എം മടവൂരിന്റെ കാട്ടിക്കൂട്ടലുകൾ വലിയ കാര്യമായി എടുത്തുപറഞ്ഞ് സദസ്സിനെ പുളകം കൊള്ളിക്കാൻ പല പുരോഹിതന്മാരും രംഗത്ത് വന്നതിന്റെ അരിശവും ജനങ്ങൾ ഇതെല്ലാം അറിഞ്ഞല്ലോ എന്ന ജാള്യവുമാണ് പേരോടിനെയും സംഘത്തെയും ഈ തീരുമാനത്തിലേക്കെത്തിച്ചതെന്നു വേണം മനസ്സിലാക്കാൻ. ഇതുപ്രകാരം കാന്തപുരം മുസ്‌ലിയാരും കഴക്കൂട്ടം ശംസുദ്ദീൻ മുസ്‌ലിയാരും വൈലത്തൂർ തങ്ങളും ഉള്ളാൾ തങ്ങളും എം.എ അബ്ദുൽ ഖാദിർ മുസ്‌ലിയാരുമടക്കം സമസ്തയിലെ തൊണ്ണൂറ് ശതമാനം പണ്ഡിതന്മാരും സമൂഹത്തോട് മാപ്പു പറയുമോ എന്നറിയാൻ താൽപര്യമുണ്ട്. ഇവരൊക്കെ പിഴച്ചവിശ്വാസം പേറിയവരാണെന്ന് ഉലമാ സമ്മേളനക്കാർ വിധിയെഴുതുമോ? ഇത്തരം അപകടകങ്ങളെ ആദർശംകൊണ്ട് നേരിട്ട അഹ്‌ലുസ്സുന്ന വൽജമാഅയുടെ വക്താക്കൾക്കെതിരെ പടച്ചുവിട്ട ആരോപണങ്ങൾ ഇവർ പിൻവലിക്കുമോ?

അല്ലാഹുവിന്റെ താക്കീതിന് ചെവികൊടുത്ത് ജീവിതത്തെ വിമലീകരിക്കാൻ ശ്രമിക്കുക. അല്ലാഹു പറയുന്നു: “നിങ്ങൾക്ക് ശിക്ഷ വന്നെത്തുന്നതിനു മുമ്പായി നിങ്ങൾ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങുകയും അവന്നു കീഴ്‌പെടുകയും ചെയ്യുവിൻ. പിന്നെ (അത് വന്നതിന് ശേഷം) നിങ്ങൾ സഹായിക്കപ്പെടുന്നതല്ല. നിങ്ങൾ ഓർക്കാതിരിക്കെ പെട്ടെന്ന് നിങ്ങൾക്ക് ശിക്ഷ വന്നെത്തുന്നതിന് മുമ്പായി നിങ്ങളുടെ രക്ഷിതാവിങ്കൽനിന്ന് നിങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടതിൽനിന്ന് ഏറ്റവും ഉത്തമമായത് നിങ്ങൾ പിൻപറ്റുകയും ചെയ്യുക’’ (39:54,55).