ക്വുർആനിന്റെ സംരക്ഷണം; യൂറോപ്യൻ ഗവേഷണ പഠനങ്ങൾ പുറത്തുവിട്ട വസ്തുതകൾ

സബീൽ ബിൻ അബ്ദുസ്സലാം, പട്ടാമ്പി

2023 ഡിസംബർ 30 , 1445 ജു.ഉഖ്റാ 17

അവതീര്‍ണമായ രൂപത്തില്‍ സംരക്ഷിക്കപ്പെടുമെന്ന് അവകാശപ്പെടുന്ന ഒരേയൊരു വേദഗ്രന്ഥം ക്വുര്‍ആനാണ്. ഹൃദിസ്ഥമായും ലിഖിത രൂപത്തിലും സംരക്ഷിക്കപ്പെട്ട അതിന്റെ ആദ്യകാല കയ്യെഴുത്ത് കോപ്പികള്‍ കണ്ടെടുത്തതും അതിനെക്കുറിച്ച് മുസ്‌ലിംകളല്ലാത്ത ഗവേഷകര്‍ നടത്തിയ പ്രസ്താവനകളും വിശ്വാസികളെ മാത്രമല്ല ചരിത്ര കുതുകികളെയും അതിശയിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്.

അവതീർണമായ കാലംമുതൽ ഇന്നുവരെ മാറ്റമില്ലാതെ നിലനിൽക്കുന്ന വിശുദ്ധ ഗ്രന്ഥമാണു ക്വുർആൻ എന്ന് വിശ്വസിക്കുന്നവരാണ് ലോക മുസ്‌ലിംകൾ. ക്വുർആൻ രണ്ടുരീതിയിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒന്ന് ലിഖിത രൂപത്തിലായിരുന്നെങ്കിൽ മറ്റൊന്ന് ഹൃദിസ്ഥമായി സൂക്ഷിക്കുന്ന രീതിയിലായിരുന്നു. ഇന്നും ഈ രണ്ടു രീതികളും നിലനിന്നു പോരുന്നു.

ക്വുർആൻ ആദ്യമായി രണ്ടു ചട്ടക്കകത്ത് പൂർണമായി ലിഖിത രൂപത്തിൽ ക്രോഡീകരിച്ചത് ഒന്നാം ഖലീഫയായ അബൂബക്‌റി(റ)ന്റെ കാലത്താണ്. ശേഷം ഉസ്മാൻ(റ)വിന്റെ ഭരണകാലത്ത് പ്രമുഖ സ്വഹാബികളുടെ നേതൃത്വത്തിൽ ധാരാളം പകർപ്പുകൾ എഴുതപ്പെടുകയും പരിശോധിച്ചു ബോധ്യപ്പെട്ട് ആ പകർപ്പുകൾ വിവിധ രാജ്യങ്ങളിലേക്ക് അയക്കപ്പെടുകയും ചെയ്തു.

ക്വുർആൻ മാറ്റമില്ലാതെ സംരക്ഷിക്കപ്പെട്ടുവെന്ന മുസ്‌ലിംകളുടെ വിശ്വാസത്തെ ശരിവയ്ക്കുന്നതാണ് ചില യൂറോപ്യൻ ഗവേഷകരിൽ നിന്ന് അടുത്ത കാലത്ത് പുറത്തുവന്ന ചില പഠനങ്ങൾ. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ക്വുർആനിന്റെ വിശ്വാസ്യതയ്ക്ക് ഇത്തരം പഠനങ്ങളുടെ പിൻബലം ആവശ്യമില്ല. എന്നാൽ ക്വുർആൻ മാറ്റം വരാതെ ഇന്നും നിലനിൽക്കുന്നു എന്ന, മുസ്‌ലികളുടെ അഭിപ്രായത്തെ അംഗീകരിക്കാൻ വൈമനസ്യമുള്ളവർക്ക് ഒരുപക്ഷേ, ഈ പഠനങ്ങൾ ഉപകാരപ്രദമായേക്കാം. ഒപ്പം ഇത്തരം പഠനങ്ങൾ ക്വുർആനിനെ ശരിവയ്ക്കുന്നു എന്ന വസ്തുത ഓരോ മുസ്‌ലിമിനും മനസ്സിന് കുളിർമ നൽകുന്നതുമാണ്.

ബെർമിംഗ് ഹാം യൂണിവേഴ്‌സിറ്റിയിലെ ക്വുർആൻ കൈയെഴുത്ത് പ്രതിയെ കുറിച്ച ഗവേഷണം:

2015 ജൂലൈ 23ലെ ‘ന്യൂയോർക്ക് ടൈംസ്’പത്രത്തിലെ ഒന്നാം പേജിലെ പ്രധാന തലക്കെട്ട് ഇങ്ങനെയായിരുന്നു:"Pieces of Quran; Perhaps as old as the faith’ (ക്വുർആൻ ശകലങ്ങൾ-ഒരുപക്ഷേ, വിശ്വാസത്തോളം പഴക്കം ചെന്നത്). ക്വുർആനിന്റെ പഴക്കം ചെന്ന ചില കൈയെഴുത്തുപ്രതികളെ (Manuscripts) കുറിച്ച് നടത്തിയ പഠനങ്ങളെപ്പറ്റി പറയുന്നതാണു വാർത്ത. കണ്ടെത്തിയ ക്വുർആൻ പേജുകളുടെ വലിയ ചിത്രവും ഈ തലക്കെട്ടിനോടൊപ്പം പത്രം നൽകി. അതായത്, ഇതിനെ ഒരു വാർത്താപ്രാധാന്യം നൽകേണ്ട ഗവേഷണമായാണു പത്രങ്ങൾ കണ്ടത്. ഈ വാർത്ത മറ്റു മാധ്യമങ്ങളായ ബി.ബി.സിയിലും എൻ.ബി.സി ന്യൂസിലുമെല്ലാം പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ ഇന്ത്യൻ വാർത്താ മാധ്യമങ്ങളൊന്നും ഇതൊരു കാര്യമായ വാർത്തയായി കരുതിയതോ പ്രസിദ്ധീകരിച്ചതോ ഇല്ല.

ഇനി വാർത്തയുടെ ഉള്ളടക്കവും ഇത്തരമൊരു ഗവേഷണത്തിനു വഴിവെച്ച സാഹചര്യവും എന്താണെന്ന് വ്യക്തമാക്കാം. ആൽബ ഫെഡെലി (Alba Fedeli) എന്ന ചരിത്രഗവേഷക 2014ൽ ബെർമിംഗ് ഹാം യൂണിവേഴ്‌സിറ്റിയിൽ അവരുടെ ഡോക്ടറേറ്റ് തിസീസിനാവശ്യമായ റഫറൻസ് ഗ്രന്ഥങ്ങളും കൈയെഴുത്തുപ്രതികളും പരിശോധിക്കുന്ന തിരക്കിലായിരുന്നു. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ മത-സാംസ്‌കാരിക ചരിത്രവും അവയുമായി ബന്ധപ്പെട്ട കൈയെഴുത്തുപ്രതികളും അവരുടെ പ്രത്യേകം താൽപര്യമുള്ള വിഷയങ്ങളായിരുന്നു. ഡോക്ടറേറ്റ് തിസീസിനായി അവർ തെരഞ്ഞെടുത്ത വിഷയം Early Quranic manuscripts and their texts (പുരാതന ക്വുർആൻ കൈയെഴുത്തുപ്രതികളും അവയിലെ എഴുത്തുകളും) എന്നതായിരുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് ബെർമിംഗ് ഹാം യൂണിവേഴ്‌സിറ്റിയിലെ കൈയെഴുത്തുപ്രതികൾ പരിശോധിക്കുന്നതിനിടെ വ്യത്യസ്തവും പുരാതനമെന്നു തോന്നിക്കുന്നതുമായ കൈയെഴുത്തുപ്രതികളുടെ ശകലങ്ങൾ അവരുടെ ശ്രദ്ധയിൽ പെട്ടു. സൂക്ഷ്മ പരിശോധനയിൽ അവ കടലാസ് ലിഖിതങ്ങളല്ല, മൃഗങ്ങളുടെ തോലിൽ (Parchments) മഷി ഉപയോഗിച്ച് എഴുതപ്പെട്ട ക്വുർആൻ വചനങ്ങളാണെന്ന് മനസ്സിലായി. എന്നാൽ ഇതിൽ ക്വുർആനിലെ ചില ഭാഗങ്ങൾ മാത്രമാണുണ്ടായിരുന്നത്. കൂടുതൽ മനസ്സിലാക്കേണ്ടതിനും അതിന്റെ പഴക്കം മനസ്സിലാക്കാനും വേണ്ടി ആ കോപ്പികൾ ഓക്‌സ്‌ഫോർഡിലുള്ള റേഡിയോ കാർബൻ കാലനിർണയ കേന്ദ്രത്തിലേക്കയച്ചു. (റേഡിയോ കാർബൺ ഡേറ്റിംഗ് എന്ന സംവിധാനം വസ്തുക്കളുടെ/ഫോസിലുകളുടെ/മൃതദേഹങ്ങളുടെ കാലപ്പഴക്കം മനസ്സിലാക്കാൻ ഉപയോഗിക്കുന്ന ഒരു സംവിധാനമാണ്). ഇവരുടെ പഠനഫലം ആൽബ ഫെഡെലിയെയും സംഘത്തെയും അതിശയിപ്പിച്ചു. ആ കൈയെഴുത്തുപ്രതികളുടെ കാലപ്പഴക്കം 1370 വർഷത്തിനോടടുത്താണ് എന്നായിരുന്നു കണ്ടെത്തൽ. അതിലെ എഴുത്ത് ഹിജാസി അറബിയിലുള്ളതായിരുന്നു (പുരാതന അറബി ലിപി, മിക്കവാറും പുരാതന ക്വുർആൻ പ്രതികളെല്ലാം ഈ ലിപിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്).

ബ്രിട്ടണിലും പുറത്തുമുള്ള മുസ്‌ലിം പണ്ഡിതരുടെ സഹായത്തോടെ ഈ ലിഖിതം എ.ഡി 568നും 645നും ഇടയിൽ എഴുതപ്പെട്ടതാണെന്ന നിഗമനത്തിൽ സംഘം എത്തി. അഥവാ, മുഹമ്മദ് നബി ﷺ ജീവിച്ചിരിക്കുന്ന കാലത്തോ മരണത്തിനുശേഷം കുറഞ്ഞ വർഷങ്ങൾക്കുള്ളിലോ ഹിജാസിൽ (മക്ക-മദീന പരിസരം) എഴുതപ്പെട്ടത്. ഇത് ഏതെങ്കിലും സ്വഹാബിമാരുടെ കൈയെഴുത്തുപ്രതിയായിരിക്കാം, എന്നാൽ ഇത് ആരാണ് എഴുതിയതെന്ന് വ്യക്തമല്ല താനും. പ്രവാചകന്റെ കാലത്ത് സ്വഹാബികളിൽ ചിലർ മൃഗങ്ങളുടെ തോലിലോ അല്ലെങ്കിൽ ഒട്ടകങ്ങളുടെ തോളെല്ലിലോ ഈത്തപ്പനത്തടിയിലോ കല്ലുകളിലോ ഒക്കെയായി ക്വുർആൻ വചനങ്ങൾ രേഖപ്പെടുത്തിവച്ചിരുന്നതായി ഹദീസുകളിൽനിന്ന് വ്യക്തമാണ്.

ഈ കൈയെഴുത്തുപ്രതിയിലെ ക്വുർആൻ വചനങ്ങൾ ആധുനിക ക്വുർആൻ കോപ്പികളുമായി ഒത്തുനോക്കിയപ്പോൾ അവയിലെ വചനങ്ങൾ പരസ്പരം ഒത്തുവരുന്നതായും ഗവേഷകസംഘം കണ്ടെത്തി. ഗവേഷണ സംഘത്തലവനായ പ്രൊഫസർ ഡേവിഡ് തോമസ് പറയുന്നു:

“ക്വുർആൻ പ്രവാചക കാലത്തുതന്നെ രേഖപ്പെടുത്തപ്പെട്ടിരുന്നു എന്നതിനുള്ള ഒരു തെളിവാണിത്. ഇത് വിശ്വാസികൾക്ക് സന്തോഷിക്കാനുള്ള ഒരു കാര്യവുമാണ്.’’

അദ്ദേഹം തുടരുന്നു: “ഒക്‌സ്‌ഫോർഡ് റേഡിയോ കാർബൺ പഠന പ്രകാരം 94 ശതമാനത്തോളം സാധ്യത അവ എഴുതപ്പെട്ടിരിക്കുന്നത് എ.ഡി.568നും 645നും ഇടയിലാണെന്നതാണ്.’’

വീണ്ടും പറയുന്നു: “പ്രവാചകന്റെ കാലത്ത് പ്രധാനമായും ആളുകൾ ക്വുർആൻ മനഃപാഠമാക്കിയായിരുന്നു സംരക്ഷിച്ചത്. എന്നാൽ ചിലർ അത് മൃഗങ്ങളുടെ തോലിലും ഈന്തപ്പനയോലകളിലും കല്ലുകളിലും ഒട്ടകത്തിന്റെ തോളെല്ലുകളും മറ്റും എഴുതി സൂക്ഷിച്ചിരുന്നു.’’

“ഇത് എഴുതിയ വ്യക്തി പ്രവാചകൻ മുഹമ്മദിനെ നേരിട്ട് കണ്ടയാളും അദ്ദേഹത്തിൽനിന്ന് നേരിട്ട്കേട്ട് പഠിച്ചതായിരിക്കാനും സാധ്യതയുണ്ട്. നമുക്ക് ഉറപ്പോടെ പറയാൻ സാധിക്കും; പ്രവാചകൻ മുഹമ്മദ് മരണപ്പെട്ട് 20 വർഷത്തിനുള്ളിൽ എഴുതപ്പെട്ടതാണിത്.’’

“ഇതിലുള്ള വചനങ്ങൾ ഇന്ന് ലഭ്യമായ ക്വുർആൻ കോപ്പികളിലേതുമായി വളരെയധികം സാമ്യമുണ്ട്. ക്വുർആൻ അവതരിച്ചത് മുതൽ മാറ്റമില്ലാതെ നിലനിൽക്കുന്നു എന്നുള്ള അഭിപ്രായത്തെ പിന്തുണക്കുന്നതിനുള്ള തെളിവാണിത്.’’

കുർആൻ കോപ്പി ബെർമിംഗ് ഹാം യൂണിവേഴ്‌സിറ്റിയിൽ എത്തിയതിന്റെ ചരിത്രം:

ഈ ക്വുർആൻ കോപ്പിയെ കുറിച്ചുള്ള ഗവേഷണപഠനം പ്രസിദ്ധീകരിച്ചത് 2015ൽ ആയിരുന്നുവെന്ന് നാം സൂചിപ്പിച്ചല്ലോ. എന്നാൽ ഈ കോപ്പി എങ്ങനെയാണ് യൂണിവേഴ്‌സിറ്റിയുടെ കൈയെഴുത്തുപ്രതികളുടെ ശേഖരത്തിൽ എത്തിപ്പെട്ടത്? അതിന്റെ പിന്നിൽ ഒരു ചരിത്രമുണ്ട്. ഈ കൈയെഴുത്തുപ്രതി യൂണിവേഴ്‌സിറ്റിയിലെ കാഡ്ബറി റിസർച്ച് ലൈബ്രറിയിലെ കൈയെഴുത്തുപ്രതികളുടെ സെക്ഷനിൽനിന്ന് യാദൃച്ഛികമായാണു ഗവേഷകസംഘത്തിനു കിട്ടിയത്. (ഈ ലൈബ്രറിക്ക് ‘കാഡ്ബറി’ എന്ന പേരു വന്നതിനു പിന്നിൽ ഒരു ചരിത്രമുണ്ട്. ബിസിനസ്‌മാനും ധനാഢ്യനും പ്രശസ്ത ചോക്കലേറ്റ് കമ്പനിയായ കാഡ്ബറിയുടെ ഡയറക്ടറുമായിരുന്ന ഏഡ്വാർഡ് കാഡ്ബറി 1920കളിൽ സംഭാവന ചെയ്തതാണ് ഈ ലൈബ്രറിയും അതിലെ പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും. കാഡ്ബറി എന്നത് അവരുടെ കുടുംബപ്പേരാണ്).

എഡ്വാർഡ് കാഡ്ബറി ഈ ലൈബ്രയിൽ ഗവേഷണ പഠനങ്ങൾക്ക് ആവശ്യമായ പുസ്തകങ്ങളും റഫറൻസ് ഗ്രന്ഥങ്ങളും പുരാതന കൈയെഴുത്തുപ്രതികളും ശേഖരിക്കുന്നതിന്റെ ഉത്തരവാദിത്തം മിഡിൽ ഈസ്റ്റിൽനിന്ന് ബ്രിട്ടണിൽ വന്ന് താമസമാക്കിയ ചരിത്ര ഗവേഷകൻ അൽഫോൺസ് മിംഗാനയെ (Alphonse Mingana) ഏൽപിച്ചു. അങ്ങനെ അദ്ദേഹം വർഷങ്ങളോളം സമയമെടുത്ത് ധാരാളം ഗ്രന്ഥങ്ങളും പുരാതന കൈയെഴുത്തുപ്രതികളും അറബ് രാജ്യങ്ങളിൽനിന്ന് ശേഖരിച്ചു. അവ വാങ്ങാനാവശ്യമായ പണം സ്‌പോൺസർ ചെയ്തത് ഏഡ്വാർഡ് കാഡ്ബറിയായിരുന്നു. അന്ന് മിംഗാന 3000ത്തോളം അമൂല്യവും അപൂർവങ്ങളുമായ വിവിധ കൈയെഴുത്തുപ്രതികൾ ബെർമിംഗ് ഹാം പുസ്തകശേഖരത്തിൽ എത്തിച്ചു. ഈ ശേഖരത്തിൽ മേൽപറഞ്ഞ ക്വുർആൻ കോപ്പിയും ഉണ്ടായിരുന്നു. ഇക്കൂട്ടത്തിൽ അറേബ്യൻ, ഹീബ്രു, അർമേനിയൻ, ജോർജിയൻ, സിറിയാക് തുടങ്ങിയ 20 ഓളം ഭാഷകളിലുള്ള കൈയെഴുത്തുപ്രതികളുണ്ട്. ഈ കൈയെഴുത്തുപ്രതികൾ ഇന്ന് ‘മിംഗാന ശേഖരം’ (Mingana Collection) എന്ന പേരിൽ അറിയപ്പെടുന്നു.

ക്വുർആനിന്റെ കൈയെഴുത്തു പ്രതികൾ സൂക്ഷിക്കപ്പെട്ട മറ്റു സ്ഥലങ്ങൾ:

ലോകത്തിന്റെ പല ഭാഗങ്ങളിലെയും മ്യൂസിയങ്ങളിലോ ഗ്രന്ഥാലയങ്ങളിലോ മറ്റോ ആയി 7,8,9 നൂറ്റാണ്ടുകളിലായി രചിക്കപ്പെട്ട ക്വുർആൻ കൈയെഴുത്തുകോപ്പികൾ ലഭ്യമാണ്. ഇവയെല്ലാം അത്തരം സ്ഥാപനങ്ങൾക്ക് ആരെങ്കിലും സ്‌പോൺസർ ചെയ്തതോ പണം കൊടുത്ത് വാങ്ങിയതോ ആണ്. അത്തരത്തിൽ പുരാതനമായ ക്വുർആൻ കോപ്പികൾ സൂക്ഷിക്കപ്പെട്ട ചില സ്ഥലങ്ങൾ പരിചയപ്പെടാം:

1. നാഷണൽ ലൈബ്രറി, പാരിസ് (ഫ്രാൻസ്): ഈ ലൈബ്രറിക്ക് 500 വർഷം പഴക്കമുണ്ട്. ഇവിടെ 1 മില്യൺ പുസ്തകങ്ങളും അറബിയും ഹീബ്രുവും സംസ്‌കൃതവുമടക്കമുള്ള പുരാതനങ്ങളായ പല ഭാഷകളിലുള്ള കൈയെഴുത്തുപ്രതികളുമുണ്ട്. ഇക്കൂട്ടത്തിൽ 16 പേജുകളുള്ള ഒരു ക്വുർആൻ കൈയെഴുത്തുപ്രതിയുണ്ട്.

പുരാതന ക്വുർആൻ കൈയെഴുത്തുപ്രതികൾ ഫ്രാൻസിൽ എത്തിപ്പെട്ടതിന്റെ കാരണമായി രണ്ടു കാര്യങ്ങൾ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്:

ഒന്ന്: 18ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ച് ഓറിയന്റലിസ്റ്റും അറബിഭാഷാ പണ്ഡിതനുമായിരുന്ന ജീൻ ബാപ്റ്റിസ്റ്റ് അസ്സലിൻ പുരാതന അറബിക് കൈയെഴുത്തുപ്രതികൾ ശേഖരിക്കുന്നതിൽ പ്രത്യേക താൽപര്യമുള്ള വ്യക്തിയായിരുന്നു. അദ്ദേഹം മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ സഞ്ചരിക്കുകയും ലഭ്യമായ പുരാതന ഇസ്‌ലാമിക കൈയെഴുത്തു പ്രതികൾ ശേഖരിക്കുകയും ചെയ്തു. ഇക്കൂട്ടത്തിൽ ചില ക്വുർആൻ കൈയെഴുത്തുപ്രതികളുമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കാലശേഷം അവ ഫ്രഞ്ച് നാഷനൽ ലൈബ്രറിയിൽ എത്തിപ്പെട്ടതാകാം.

രണ്ട് : ഫ്രഞ്ച് ചരിത്രത്തിലെ യുദ്ധവീരനായ നെപ്പോളിയൻ ബോണൊപ്പർട് 1798ൽ ഈജിപ്തിനെ ആക്രമിച്ചപ്പോൾ അവിടെയുള്ള ലൈബ്രറികളിലെ അമൂല്യങ്ങളായ ഗ്രന്ഥങ്ങളും കൈയെഴുത്തുപ്രതികളും കൊള്ളയടിച്ചിരുന്നതായി ചരിത്രം പറയുന്നു. അദ്ദേഹം അവിടെനിന്നും ഫ്രാൻസിലേക്ക് കൊണ്ടുവന്ന കൈയെഴുത്തുപ്രതികളിൽ ക്വുർആൻ കൈയെഴുത്തുപ്രതികളും ഉണ്ടായിരുന്നു.

ഈ രണ്ട് സാധ്യതകളിൽ ഏതെങ്കിലും ഒന്നോ രണ്ടുംകൂടിയോ സംഭവിച്ചിരിക്കാം.

2. 46 പേജുകളുള്ള ഒരു ക്വുർആൻ കൈയെഴുത്തുപ്രതി റഷ്യയിലെ നാഷണൽ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

3. ജർമനിയിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് തുബിഞ്ചനിൽ ചില ക്വുർആൻ കൈയെഴുത്തുപ്രതികൾ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. കാർബൺ ഡേറ്റിങ്ങിൽ ഇവ എ.ഡി 649നും 675നും ഇടയിൽ എഴുതപ്പെട്ടതാണെന്ന് കണ്ടെത്തി. ഇതും എഴുതപ്പെട്ടിരിക്കുന്നത് ഹിജാസി അറബി ലിപിയിലാണ്. ക്വുർആനിന്റെ 17ാം അധ്യായം മുതൽ 36ാം അധ്യായം വരെയുള്ള ഭാഗങ്ങളാണ് ഇതിലുള്ളത്.

4. യമനിലെ സൻആ പ്രദേശത്തുനിന്ന് 1971ൽ കണ്ടെത്തിയ ക്വുർആൻ കൈയെഴുത്തുപ്രതി. ഇത്എ.ഡി 671നു മുമ്പ് എഴുതപ്പെട്ടതാണെന്ന് കണ്ടെത്തി. ഈ കോപ്പികൾ ഇന്ന് സൂക്ഷിച്ചിരിക്കുന്നത് സൻആയിലെ വലിയ പള്ളിയിൽ The Grand Mosque of San’aa) ആണ്.

5. എ.ഡി 800നു മുമ്പ് എഴുതപ്പെട്ട ഒരു കൈയെഴുത്തുപ്രതി കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ സൂക്ഷിച്ചിട്ടുണ്ട്.

6. അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിലെ ചെസ്റ്റർ ബീറ്റി (Chester beaty) ലൈബ്രറിയിൽ, 100ലധികം പുരാതന ക്വുർആൻ കൈയെഴുത്തുപ്രതികൾ ഉൾപ്പെടെ 1600ലധികം ഇസ്‌ലാമിക കൈയെഴുത്തുപ്രതികളുടെ ശേഖരം ഉണ്ട്. ഈ ശേഖരങ്ങൾ ക്വുർആൻ ക്രോഡീകരന ചരിത്ര ഗവേഷകർക്ക് അമൂല്യമായ വിഭവങ്ങളാണ്. കൂടാതെ, ക്വുർആനിന്റെ ആദ്യകാല ചരിത്രത്തിലേക്കും ഇസ്‌ലാമിക കാലിഗ്രാഫിയുടെ വികാസത്തിലേക്കും വെളിച്ചം വീശാൻ അവ സഹായിച്ചിട്ടുണ്ട്.

അല്ലാഹുവിന്റെ നടപടി ക്രമങ്ങൾ

ഈ ക്വുർആൻ കൈയെഴുത്തുപ്രതികൾ അമുസ്‌ലിം ഗവേഷകരുടെ കൈയിൽ എത്തണമെന്നും അവരാൽ സംരക്ഷിക്കപ്പെടണമെന്നും അവർ മുഖേന ഗവേഷണ പഠനങ്ങൾ നടത്തപ്പെട്ട് ഈ സത്യങ്ങൾ ലോകത്ത് വിളംബരം ചെയ്യപ്പെടണമെന്നും അല്ലാഹു തീരുമാനിച്ചതുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിച്ചത്. മുസ്‌ലിംകളാണ് ക്വുർആൻ കൈയെഴുത്തുപ്രതികളെ കുറിച്ച് പഠനം നടത്തുകയും ലോകത്തോട് വിളിച്ചുപറയുകയും ചെയ്തതെങ്കിൽ ഒരു പക്ഷേ, അതിന് ഇത്രയേറെ വാർത്താ പ്രാധാന്യം ലഭിക്കുകയോ ആ പഠനങ്ങൾക്ക് പരിഗണന ലഭിക്കുകയോ ചെയ്യുമായിരുന്നില്ല.

അല്ലാഹു പറഞ്ഞതെത്ര സത്യം! “തീർച്ചയായും നാമാണ് ആ ഉൽബോധനം അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്’’ (ക്വുർആൻ 15:9).

അമാനി മൗലവി(റഹ്) ഈ ആയത്തിന്റെ വിശദീകരണത്തിൽ എഴുതുന്നു: “....ക്വുർആനെ സംബന്ധിച്ചിടത്തോളം, അതിനെ കാത്തുസൂക്ഷിക്കുമെന്നുള്ള അല്ലാഹുവിന്റെ വാഗ്ദാനം അവൻ തികച്ചും പാലിച്ചിട്ടുണ്ടെന്നുള്ളതിൽ സംശയമില്ല. ആർ അവിശ്വസിച്ചാലും ശരി, ആർ ദുർവ്യാഖ്യാനം നടത്തിയാലും ശരി, ആർ ശത്രുത പുലർത്തിവന്നാലും ശരി, മുസ്‌ലിം സമുദായമധ്യെ എന്തെല്ലാം ഭിന്നിപ്പുണ്ടായിരുന്നാലും ശരി, വള്ളിപുള്ളിക്ക് വ്യത്യാസം കൂടാതെ അന്നുതൊട്ട് ഇന്നോളം അതിന്റെ സാക്ഷാൽ രൂപത്തിൽ അത് നിലവിലുണ്ട്. മേലിലും അതങ്ങനെത്തന്നെ അവശേഷിക്കുകയും ചെയ്യും. എന്നിരിക്കെ മറ്റു മതഗ്രന്ഥങ്ങളിൽ നേരിട്ടതുപോലെ, മാറ്റത്തിരുത്തങ്ങളോ കൂട്ടിക്കുറക്കലുകളോ അതിൽ സംഭവിക്കുവാൻ നിവൃത്തിയില്ലല്ലോ. വേദഗ്രന്ഥങ്ങളടക്കം മറ്റൊരു ഗ്രന്ഥത്തിനും ലഭിക്കാത്ത ഒരു പ്രത്യേക വാഗ്ദാനമത്രെ ഇത്...’’ (വിശുദ്ധ ക്വുർആൻ വിവരണം).

അവലംബങ്ങൾ:

1. https://www.artnews.com/art-news/news/pieces-of-a-quran-possibly-as-old-as-islam-itself-discovered-at-the-university-of-birmingham-4603/amp/

2. https://www.birmingham.ac.uk/facilities/cadbury/birmingham-quran-mingana-collection/birmingham-quran/what-is.aspx

3. https://www.nbcnews.com/news/amp/ncna396806

4. https://www.bbc.com/news/business-33436021.amp

5. https://www.nytimes.com/2015/07/23/world/europe/quran-fragments-university-birmingham.html