മുസ്‌ലിം സമുദായം; വഴിയും വെളിച്ചവും

ടി.കെ അശ്‌റഫ്

2023 ഫെബ്രുവരി 18, 1444 റജബ് 27

ചരിത്രത്തിന്റെ അപകടകരമായ ദശാസന്ധിയിലൂടെയാണ് സമുദായം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരുഭാഗത്ത് വാ പിളർന്ന് നിൽക്കുന്ന ഫാഷിസം, മറുഭാഗത്ത് വാതിൽ തുറന്ന് കാത്തിരിക്കുന്ന ലിബറലിസം. കരുത്തും കരുതലും കൈമുതലാക്കി കടന്നുപോകേണ്ട സമയത്ത് കലഹിച്ച് കഴിയേണ്ടവരല്ല മുസ്‌ലിം ഉമ്മത്ത്, എന്ന് പറയാനെങ്കിലും കാഴ്ചപ്പാടും ക്രാന്തദർശിത്വവുമുള്ള നേതൃത്വം അനിവാര്യമാണ്.

വർത്തമാനകാലത്ത് കലുഷിതമായ ഒരു നാൽക്കവലയിലാണ് മുസ്‌ലിം ഉമ്മത്ത് (സമുദായം) നിലകൊള്ളുന്നത്. ഒരു ഭാഗത്ത് അധികാരമുള്ള ഫാഷിസം; മറു ഭാഗത്ത് കാട്ടുതീപോലെ കത്തിപ്പടരുന്ന ലിബറലിസം. ഈ സാഹചര്യത്തിൽ മുസ്‌ലിം ഉമ്മത്ത് നടന്നുനീങ്ങേണ്ട വഴിയും വെളിച്ചവും കാണിച്ചുകൊടുക്കൽ മുസ്‌ലിം നേതൃത്വത്തിന്റെ സുപ്രധാന ബാധ്യതയാണ്.

ലിബറലിസം എന്ന വിപത്ത് മുസ്‌ലിം സമുദായത്തെ മാത്രം ബാധിക്കുന്ന ഒരു വിഷയമല്ലന്ന് ആദ്യം നാം തിരിച്ചറിയണം. ധാർമികതയും കുടുംബ സംവിധാനവും നിലനിന്നുകാണാൻ ആഗ്രഹിക്കുന്ന സർവ മനുഷ്യരും അഭിമുഖീകരിക്കുന്ന വൻവിപത്താണ് സ്വതന്ത്രതാവാദമെന്നത്.

‘എനിക്ക് 18 വയസ്സായി. എന്റെ കാര്യത്തിൽ ഇനി ആരും ഇടപെടണ്ട. ഞങ്ങളുടെ ക്യാമ്പസിൽ എല്ലാവരും വേഷം ധരിക്കുന്നത് ഇങ്ങനെയാണ്. ഞാനായിട്ട് എന്തിന് മാറിനിൽക്കണം? എന്റെ സ്‌കൂളിൽ എല്ലാവരും മുടിവെട്ടുന്നത് ഇപ്രകാരമാണ്. ഞാൻ മാത്രം മറ്റൊരു രീതി എന്തിന് സ്വീകരിക്കണം?’-പുതിയ തലമുറയുടെ അവകാശവാദങ്ങൾ ഇങ്ങനെയൊക്കെയാണ്!

ക്യാമ്പസ് വരാന്തയിൽ ആൺകുട്ടിയും പെൺകുട്ടിയും പരസ്പരം ആലിംഗനം ചെയ്യുന്നത് ശ്രദ്ധയിൽപെടുന്ന അധ്യാപകൻ അതിനെതിരിൽ പ്രതികരിച്ചാൽ ‘ഞങ്ങൾ ഫ്രന്റ്‌സാണ്. ഞങ്ങൾ എന്തു തെറ്റാണ് ചെയ്തത്? നിങ്ങളുടെ കണ്ണിനാണ് കുഴപ്പം. ഇത് പുതിയ കാലമാണ്...’ തുടങ്ങിയ ചോദ്യങ്ങളും ന്യായീകരണവും കൊണ്ടാണ് അവർ നേരിടുക.

മക്കളുടെ ഇത്തരത്തിലുള്ള അപഥസഞ്ചാരം രക്ഷിതാക്കൾ കാണാതിരുന്നുകൂടാ. ഇത്തരം പ്രതിസന്ധികളെ മുൻകൂട്ടി മനസ്സിലാക്കി മക്കളെ സുരക്ഷിതമായി വളർത്താൻ ശ്രമിക്കുന്നവരും സ്വതന്ത്രതാവാദത്തിന്റെ അടയാളങ്ങൾ കാണുമ്പോൾ തന്നെ വിവേകപൂർവം ഇടപെട്ട് പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നവരും രക്ഷിതാക്കളുകെ കൂട്ടത്തിലുണ്ട്. മക്കൾ ലഹരി റാക്കറ്റിലും പ്രണയക്കുരുക്കിലും അകപ്പെടുമ്പോൾ അവരോട് വിവേകരഹിതമായും പരുഷമായും മർദനത്തിന്റെ ഭാഷയിലും ഇടപെടുന്ന രക്ഷിതാക്കളുമുണ്ട്. മക്കളുടെ ഒളിച്ചോട്ടമോ ആത്മഹത്യയോ ആത്മഹത്യാഭീഷണിയോ അക്രമാസക്തമായ പ്രതികരണമോ ആയിരിക്കും ഇതിന്റെ അന്തിമഫലം.

വേറെയൊരു വിഭാഗം രക്ഷിതാക്കളുണ്ട്. ‘മാറിയ കാലമാണ്. ഇതെല്ലാം സ്വാഭാവികമാണ്. മക്കളെ നാം നിയന്ത്രിക്കുന്നത് ശരിയല്ല. അവരെ അവരുടെ പാട്ടിന് വിട്ടേക്കാം’ എന്ന നിലപാടിൽ എല്ലാത്തിനോടും കോംപ്രമൈസ് ചെയ്യുന്നവരാണ് ഇക്കൂട്ടർ. ഇത് അപകടകരമായ നിലപാടാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത്രയും കാലം തെറ്റായി കണ്ടിരുന്ന പല കാര്യങ്ങളും നോർമലൈസ് ചെയ്യപ്പെട്ടു കഴിഞ്ഞുവെന്നതാണ് ഈ നിലപാടിന്റെ ഫലമായി സംഭവിച്ചിട്ടുള്ളത്! സ്ത്രീ-പുരുഷ അകലം കുറഞ്ഞിരിക്കുന്നു എന്നത് ഒരു ഉദാഹരണം. സ്‌കൂളുകളും കോളേജുകളും വിട്ട്, കുട്ടികൾ നടന്നൂപോകുന്നതും ബസ് സ്റ്റോപ്പുകളിൽ ബസ് കാത്തുനിൽക്കുന്ന രംഗവും ഒന്നു വീക്ഷിക്കുക. ആൺകുട്ടികളും പെൺകുട്ടികളും യാതൊരു കൂസലുമില്ലാതെ പരസ്പരം കൈകോർത്തും ചുമലിൽ കൈയിട്ടും ഇണകളെപ്പോലെ നടന്നുപോകുന്നതും ഇരിക്കുന്നതും കാണാം. പിരിഞ്ഞുപോകുമ്പോൾ ആലിംഗനം ചെയ്യുന്നതും ചുംബനമർപ്പിക്കുന്നതും കാണാം. ചുറ്റുപാടും ആളുകളുണ്ടെന്നതും അവർ കാണുന്നുണ്ടെന്നതും അവർക്ക് പ്രശ്‌നമേയല്ല. കാരണം അത് നോർമലൈസ് ചെയ്യപ്പെട്ടിരിക്കുന്നു. സ്വാഭാവികമായ, ആക്ഷേപാർഹമായതല്ലാത്ത ഒന്നായി കുട്ടികൾ അതിനെ കാണാൻ തുടങ്ങിയിരിക്കുന്നു.

പൊതുനിരത്തിലെ ചുംബന സമരം കേരളം കണ്ടതാണ്. പ്രണയികൾക്കായി ഒരു ദിനം; വാലന്റൈൻ ഡേ! അത് അടുത്ത കാലത്താണ് മലയാളികൾ ‘ആചരിക്കാൻ’ തുടങ്ങിയത്. ഇപ്പോൾ അത് പരസ്യമായ ആലിംഗനത്തിന്റെയും പ്രേമ പ്രകടനത്തിന്റെയും ദിനമായി മാറിയിരിക്കുന്നു.

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിനു മുന്നിലെ ബസ് സ്റ്റോപ്പിൽ, ആൺകുട്ടികളുടെ മടിയിൽ പെൺകുട്ടികൾ ഇരുന്ന് പ്രതിഷേധിക്കുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും അതിന് പിന്തുണയുമായി ജനപ്രതിനിധികൾ ഓടിയെത്തിയതും നാം കണ്ടതാണ്. ഇന്നലെവരെ തെറ്റായിക്കണ്ടിരുന്ന പലതും നമ്മുടെ നാട്ടിൽ നോർമലൈസ് ചെയ്യപ്പെട്ടതിന്റെ പ്രകടമായ ഉദാഹരണങ്ങളാണ് ഇതെല്ലാം.

ഇനിയും നോക്കുക. ഡിജെ പാർട്ടികൾ സർവസാധാരണയായി മാറിക്കഴിഞ്ഞു. സ്ത്രീകളും പുരുഷന്മാരും കൂടിക്കലർന്ന് നൃത്തം ചെയ്യാനും ലഹരി ഉപയോഗിക്കാനുമുള്ള അവസരമാണ് ഇത് തുറന്നുനൽകുന്നത്.

വിവാഹത്തലേന്ന് ബ്യൂട്ടിപാർലറുകൾക്ക് മുന്നിൽ കുടുംബസമേതം വരിനിൽക്കുന്ന പ്രവണത മുസ്‌ലിം സമുദായത്തിൽ പോലും വർധിച്ചുവരികയാണ്. ലക്ഷങ്ങളാണ് ഇതിനായി പൊടിച്ചുകൊണ്ടിരിക്കുന്നത്. ഇതൊന്നും യാദൃശ്ചികമായി സംഭവിക്കുന്നതല്ലായെന്ന് നാം അറിയണം.

പാശ്ചാത്യൻ ലോകക്രമത്തിലേക്ക് നമ്മുടെ സാമൂഹികഘടനയെ മാറ്റാൻ ബോധപൂർവമായ ചില ശ്രമങ്ങൾ ഇവിടെ നടന്നിട്ടുണ്ട്; നടക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സാമൂഹ്യമാധ്യമങ്ങൾ ഇതിന് ആക്കം കൂട്ടുകയും ചെയ്തിട്ടുണ്ട്.

സാമൂഹികഘടന തകർക്കാൻ കുടുംബസംവിധാനത്തെ തകർത്താൽ മതി. കുടുംബസംവിധാനത്തെ തകർക്കാൻ അതിന്റെ കവാടമായ വിവാഹമെന്ന കർമത്തെ ഇല്ലാതാക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുന്നുണ്ട്.

ഹെറ്ററോ നോർമേറ്റിവിറ്റി അഥവാ എതിർവർഗ ലൈംഗിക സ്വാഭാവികതാബോധത്തെ തകർത്തുകൊണ്ട്, Lgbtqia ++ എന്ന ഹോമോസെക്ഷ്വാലിറ്റിയിലേക്ക്, അഥവാ സ്വവർഗ ലൈംഗികതയിലേക്ക് വിവാഹമെന്ന കാഴ്ചപ്പാടിനെ പറിച്ചുനടുവാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ അധാർമികതയ്ക്ക് സമൂഹം പാകമാകാൻ ഏക തടസ്സം മതവും അതിന്റെ ധാർമികമായ അതിർവരമ്പുകളുമാണ്. മതനിഷേധവും നിരീശ്വരവാദവും നേർക്കുനേരെ പ്രചരിപ്പിച്ചാൽ വലിയ സ്വീകാര്യത സമുദായത്തിൽ കിട്ടില്ലെന്ന് അവർക്ക് നന്നായി അറിയാം. അതിനാൽ കൗമാര പ്രായക്കാരുടെ വികാരങ്ങൾക്ക് തീകൊടുത്ത് തന്റെ സർവ ആഗ്രഹങ്ങളും അതിരുകളില്ലാതെ നടപ്പാക്കാൻ അവസരമൊരുക്കുകയാണ് പുതിയ തന്ത്രം.

അമിതമായ അവകാശബോധവും സ്വതന്ത്രചിന്തയും പുതുതലമുറയിൽ കുത്തിവെച്ച്, മുതിർന്നവരെയും രക്ഷിതാക്കളെയും അധ്യാപകരെയും പ്രതിസ്ഥാനത്ത് നിറുത്തി കൈകാര്യം ചെയ്യുന്നതാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനുവേണ്ടി കൊണ്ടുവന്ന ആശയങ്ങളാണ് My body my right, Yolo : You only live once, Nihilsm തുടങ്ങിയവ. ഒരു മതരഹിത സമൂഹ സൃഷ്ടിയാണ് ഇവരുടെയൊക്കെ ലക്ഷ്യം!

ഇരകളിൽ നിന്ന് തന്നെ വേട്ടക്കാരെ കണ്ടെത്തുന്നു!

‘ലെസ്ബിയൻ’ ജീവിതത്തിന്, അഥവാ സ്ത്രീയും സ്ത്രീയും ഇണകളായി ഒന്നിച്ചു കഴിയാനുള്ള അവകാശത്തിനായി ഈയിടെ കോടതിയിൽനിന്ന് വിധി വാങ്ങിയത് മുസ്‌ലിം സമുദായത്തിലെ രണ്ട് പെൺകുട്ടികളാണ്. മുസ്‌ലിം മാനേജ്‌മെന്റുകൾ നടത്തുന്ന സ്ഥാപനങ്ങളിൽവരെ ലിബറൽ വാദികളെ കൊണ്ടുവന്ന് അപകടകരമായ ജെന്റർ തിയറികൾ പഠിപ്പിക്കാൻ അവസരമൊരുക്കിക്കൊടുക്കുന്ന സ്ഥാപന മേധാവികളും ജീവനക്കാരും എങ്ങനെയുണ്ടായി എന്ന് സമുദായം ചിന്തിക്കണം.

സദുദ്ദേശ്യത്തോടെ മുൻഗാമികൾ പടുത്തുയർത്തിയ സ്ഥാപനങ്ങൾക്കകത്ത് അടച്ചിട്ട ഹാളുകളിൽ മങ്ങിയ വെളിച്ചത്തിൽ ആണും പെണ്ണും അഴിഞ്ഞാടുന്ന ഡിജെ പാർട്ടികൾ സംഘടിപ്പിക്കുമ്പോൾ ‘ചീ’ എന്ന് പറയാൻ സാധിക്കാത്ത സാഹചര്യം അവിചാരിതമായി സംഭവിച്ചതാണെന്ന് തോന്നുന്നുണ്ടോ? ഒരിക്കലുമല്ല! ഇതിനെയൊക്കെ വിമർശിച്ചാൽ ഞാൻ പ്രാകൃതനായി മുദ്രയടിക്കപ്പെടുമോ എന്ന പൊതുബോധ നിർമിതിയിൽ, ചിന്തയും ബുദ്ധിയും ഉണ്ടെന്ന് പറയുന്ന പലരും പെട്ടുപോയി എന്നതാണ് വസ്തുത.

പലരെയും ഈ മിഥ്യാബോധം സ്വാധീനിച്ചു കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയ നേതാക്കൾ, സാമൂഹിക പ്രവർത്തകർ, മാധ്യമ മേഖലയിലുള്ളവർ, സ്ഥാപനമേധാവികൾ, സമുദായ-രാഷ്ട്രീയ പാർട്ടികൾ, സമുദായ സംഘടനകൾ, വിദ്യാർഥി-യുവജന സംഘടനാ സാരഥികൾ, എന്തിനധികം മതസംഘടനകളെവരെ വലുതും ചെറുതുമായ അളവിൽ ഈ അപകർഷതാബോധം പിടികൂടിയിട്ടുണ്ട്.

ലജ്ജയില്ലായ്മ പുരോഗമനത്തിന്റെ അടയാളമോ?

‘തലതിരിഞ്ഞ പുരോഗമന’ ചിന്തകളെ വിമർശിച്ചാൽ അവരെ അനുഷ്ഠാന തീവ്രതയുള്ളവരായി ചിത്രീകരിക്കാൻ വൈകുന്നേരം ചാനൽ ചർച്ചയിൽ സമുദായത്തിനുള്ളിലുള്ളവർ തന്നെ മത്സരിക്കുന്നത് സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു.

പ്രത്യക്ഷത്തിൽ പുരോഗമനം എന്ന് തോന്നിപ്പിക്കുന്ന പദാവലികൾക്കുള്ളിൽ സ്വതന്ത്രതാവാദത്തെയും മതനിരാസത്തെയും ഒളിച്ചുകടത്താനാണ് ഇവിടെ ശ്രമങ്ങൾ നടക്കുന്നത്. അതിരുകളില്ലാത്ത ലോകം എന്ന പേരിൽ പുതുതലമുറയുടെ ലജ്ജാബോധത്തെ അശേഷം ഇല്ലാതെയാക്കി എല്ലാ ലൈംഗിക വൈകൃതങ്ങളെയും മഹത്ത്വവത്കരിക്കുന്ന കാമ്പയിൻ ചില വിദ്യാർഥി സംഘടനകൾ തുടങ്ങിയിട്ട് നാളേറെയായി. നടുറോട്ടിൽ മൃഗങ്ങൾ തമ്മിൽ രമിക്കുന്നതിന്റെ ഫോട്ടോ കാണിച്ച് അതുപോലെയാകാൻ കുട്ടികളോട് ആഹ്വാനം ചെയ്യുന്നത് നാം കാണേണ്ടി വന്നു. ആണും പെണ്ണും കൂടിക്കലർന്ന് മദ്യപിക്കുന്ന ഫോട്ടോ ഉയർത്തിയുള്ള പോസ്റ്ററുകൾ ക്യാമ്പസുകളിൽ ഉയർന്നു! ‘ആഗോള സ്വയംഭോഗ ദിനം’ വരെ കേരളത്തിലെ കാമ്പസുകളിൽ ആഘോഷിച്ച് ലജ്ജയില്ലായ്മ പ്രകടമാക്കി! ധാർമിക ബോധമുള്ളവർക്ക് തല താഴ്ത്തിപ്പിടിച്ചല്ലാതെ ചില ക്യാമ്പസ് വരാന്തകളിലൂടെ നടക്കാൻ സാധിക്കാത്ത അവസ്ഥ സംജാതമായി.

ഭരണകൂടത്തിന്റെ പിന്തുണ!

നമ്മുടെ സിസ്റ്റംതന്നെ വിവിധ സർക്കാർ ഏജൻസികളിലൂടെ ഈ സംസ്‌കാരം പ്രമോട്ടു ചെയ്യുന്നുവെന്നത് ഏറെ ഗൗരവമുള്ള കാര്യമാണ്. 2017 മുതൽ കുടുംബശ്രീയിലൂടെ ഇതിന് ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ശിശുക്ഷേമ സമിതിയെ ഇതിനുവേണ്ടി ഉപയോഗിച്ചിട്ടുണ്ട്. എൻ.എസ്.എസ് ക്യാമ്പുകളിൽ ‘സമദർശൻ’ എന്ന പരിപാടിയിലൂടെ വ്യാപകമായി ഇത് കുത്തിവെക്കുന്നുണ്ട്. പാഠ്യപദ്ധതിയിൽ ‘ജെന്റർ സാമൂഹിക നിർമിതിയാണ്’ എന്ന ആശയം കൊണ്ടുവരികയും വമ്പിച്ച പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തപ്പോഴും അത് സർക്കാറിന്റെ നയമാണെന്ന് നിയമസഭയിൽ എഴുതി വായിച്ച മറുപടിയിൽ മന്ത്രി വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് നാം ഇപ്പോഴുമുള്ളത് എന്ന കാര്യം ഓർക്കണം.

ചിലർ വിചാരിച്ചത്, ഇതിൽനിന്നെല്ലാം സർക്കാർ പിന്നോട്ടുപോയിട്ടുണ്ട് എന്നാണ്. വിഷയമറിയാത്ത ചില മാധ്യമപ്രവർത്തകർ അങ്ങനെ വാർത്തകൾ നൽകുകയും ചെയ്യുന്നുണ്ട്. അത് വായിച്ച് തെറ്റുധരിച്ച് സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യാൻ തിരക്ക് കൂട്ടുന്നവരാകരുത് മുസ്‌ലിം നേതൃത്വങ്ങൾ. ഈ വിഷയങ്ങളെല്ലാം പരിഹരിച്ചുവെന്ന് സമാധാനിക്കുന്നവരാകരുത് നമ്മുടെ ജനപ്രതിനിധികൾ; വിശിഷ്യാ സമുദായ-രാഷ്ട്രീയ നേതൃത്വങ്ങൾ.

ജെന്റർ സാമൂഹിക നിർമിതിയാണെന്നും, ലിംഗസമത്വം കൊണ്ടുവരുമെന്നും, സ്‌കൂളുകളെ ജെന്റർ ഓഡിറ്റിംഗിന് വിധേയമാക്കുമെന്നും, ഇന്നലെകളിലെ ആൺ-പെൺ കാഴ്ചപ്പാട് വിമർശനാത്മകമായി വിലയിരുത്തുമെന്നും, വിദ്യാർഥികളിൽ യുക്തിചിന്ത വളർത്തണമെന്നും, ജെന്റർന്യൂട്രൽ സമീപനം ഉണ്ടാകണമെന്നുമൊക്കെയുള്ള ആശയങ്ങൾ പാഠ്യപദ്ധതിയിൽ അവശേഷിക്കുന്നിടത്തോളം കാലം മിക്സ്ഡ് ബെഞ്ച്, മിക്‌സഡ് ഹോസ്റ്റൽ, ജെന്റർ ന്യൂട്രൽ യൂണിഫോം എന്നിവ ഉണ്ടാകില്ലെന്ന് പറയുന്നതിൽ യാതൊരു അർഥവുമില്ല. തികഞ്ഞ കബളിപ്പിക്കലാണത്. ജെന്റർ ന്യൂട്രൽ എന്നത് ഒരു യൂണിഫോം പ്രശ്‌നം മാത്രമല്ല; സാമൂഹിക ഘടനയിൽ വരുത്താൻ ഉദ്ദേശിക്കുന്ന അപകടകരമായ മാറ്റമാണ്. അത് കേരളത്തിലെ ഒറ്റപ്പെട്ട കാര്യമല്ല; ആഗോളതലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. ഇത് പ്രാവർത്തികമാക്കിക്കഴിഞ്ഞാൽ സാമൂഹ്യ പ്രത്യാഘാതങ്ങൾ ഏറെ സംഭവിച്ച ശേഷം പഴയതിലേക്കുതന്നെ തിരിച്ചുപോകേണ്ടി വരും. അപ്പോഴേക്കും ഒന്നോ അതിലധികമോ തലമുറകൾ ഇതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചിരിക്കുമെന്ന് നാം അറിയണം. ‘ഫാസിസം വരുന്നുണ്ടേ’ എന്ന് വിളിച്ചുപറഞ്ഞു ലിബറലിസത്തിന്റെയും മതനിരാസത്തിന്റെയും പടുകുഴിയിലേക്ക് സമുദായമക്കളെ തള്ളിയിടാനുള്ള ശ്രമങ്ങളെ നമുക്ക് തിരിച്ചറിഞ്ഞു പ്രതിരോധിക്കാനാവണം.

എങ്ങനെ പ്രതിരോധിക്കും?

പുതുതലമുറയെ നാശത്തിലേക്ക് ആഴ്ത്തിക്കളയുന്ന ഈ അപകടകരമായ ചിന്താഗതികളെയുംസാഹചര്യത്തെയും നേരിടാൻ എന്താണ് മാർഗം? നമ്മുടെ വീടകങ്ങളിലേക്ക് സ്വതന്ത്രതാവാദം കടന്നുവരുന്നതിന്റെ ലക്ഷണങ്ങൾ അറിയുകയെന്നതാണ് ആദ്യം വേണ്ടത്. കുട്ടികൾ വീട്ടുകാരിൽനിന്ന് പരമാവധി അകലാൻ ശ്രമിക്കുക, സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗം അവരിൽ വർധിക്കുക, വിദ്യാലയങ്ങളിലേക്ക് പോലും ബാഗിൽ കോസ്‌മെറ്റിക്‌സ് സാധനങ്ങൾ കൊണ്ടുപോകുന്ന പ്രവണതയുണ്ടാവുക, ആഘോഷങ്ങളോട് അതിരില്ലാത്ത ത്വര പ്രകടമാവുക, അമിതമായ ഫോൺ ഉപയോഗം, സമപ്രായക്കാരൊത്ത് ഇടയ്ക്കിടെയുള്ള ടൂറുകളും വിരുന്നുകളും, കുടുംബത്തിൽ സമയം ചെലവഴിക്കാൻ വിമുഖത കാണിക്കൽ, രാത്രിയുള്ള യാത്രകളും കറക്കങ്ങളും പതിവാക്കുക, ആൺ-പെൺ അതിരുകളില്ലാത്ത സൗഹൃദത്തെ നോർമലൈസ് ചെയ്യുക, Lgbtqia ++ ചിഹ്നമായ മഴവിൽ പതാക ബെഡ് റൂമിലും വാഹനത്തിലും മറ്റും ഒട്ടിച്ചുവെക്കുക, അതിന്റെ pride month എന്ന ആഘോഷത്തിൽ ആവേശപൂവം പങ്കെടുക്കുക തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

ഈ ആശയത്തിന്റെ പര്യവസാനം എന്താകുമെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അപ്പോഴാണ് അതിന്റെ ഗൗരവം മനസ്സിലാവുക. ചില കാര്യങ്ങൾ പറയാം:

1) മൃഗങ്ങളായി വരെ ഐഡന്റിഫൈ ചെയ്യുന്ന സാഹചര്യം സംജാതമാകും. (പാശ്ചാത്യനാടുകളിൽ ആയിരങ്ങൾ അങ്ങനെ ആയിക്കഴിഞ്ഞു).

2) മൃഗരതിയും ശവഭോഗവും ബന്ധുഭോഗവുംവരെ ന്യായീകരിക്കപ്പെടും.

3) ജെന്റർ നോൺ കൺഫോമിങ് ആയ (ആണോ പെണ്ണോ എന്ന് സ്വയം ഉറപ്പുവരാത്ത) തലമുറ ഉണ്ടാകും.

4) ആൺ-പെൺ വ്യത്യാസമില്ലാത്ത പൊതു ഇടങ്ങൾ വരുന്നതോടെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പേരിൽ കൊണ്ടുവന്ന ഇതേ ആശയം സ്ത്രീയുടെ സുരക്ഷിതത്വത്തിനു തന്നെ ഭീഷണിയാകും.

5) സ്ത്രീകൾക്കും പുരുഷന്മാർക്കും പൊതു സ്ഥലങ്ങളിൽ വെവ്വേറെ ടോയ്‌ലറ്റുകൾ ഇല്ലാതാകും.

6) ഹോസ്റ്റൽ റൂമുകൾ മിക്‌സഡ് ആയി മാറും.

7) കായികമത്സരങ്ങൾ ഒന്നാകുന്നതോടെ സ്ത്രീകൾ പിന്തള്ളപ്പെടും.

8) എല്ലായിടത്തും സ്ത്രീകളുടെ റിസർവേഷൻ എടുത്തുകളയും.

താൻ സ്ത്രീയാണെന്ന് സ്വയം പ്രഖ്യാപിച്ച പുരുഷനായ ഒരു കുറ്റവാളിയെ സ്ത്രീകളുടെ സെല്ലിൽ പാർപ്പിച്ച ശേഷം മാസങ്ങൾ പിന്നിട്ടപ്പോൾ 3 സ്ത്രീകൾ ഗർഭിണികളായ വാർത്ത ഇതിനോട് ചേർത്തു വായിക്കുക.

ജാതിമത ഭേദമന്യെ എല്ലാവരും രംഗത്തിറങ്ങുകയും സ്വന്തം സമുദായാംഗങ്ങളെ ഇതിനെതിരെ ബോധവത്കരിക്കുകയും ചെയ്യുക എന്നതാണ് ഒരു പരിഹാര മാർഗം. ഈ വിഷയത്തിന്റെ അപകടം പഠിക്കുകയും പഠിപ്പിക്കുകയും വേണം. ഇതിനെതിരെ പറയുന്നതിലുള്ള അപകർഷബോധം ഒഴിവാക്കണം. മുസ്‌ലിം സമുദായം മദ്‌റസകളിലെ പാഠ്യപദ്ധതിയിൽ ജെന്റർ സംബന്ധിച്ച ഇസ്‌ലാമിക പാഠങ്ങൾ പഠിപ്പിക്കാൻ പാകത്തിൽ സിലബസ് പരിഷ്‌കരിക്കണം. ആൺകുട്ടികളെ ആൺകുട്ടികളും പെൺകുട്ടികളെ പെൺകുട്ടികളുമായിത്തന്നെ വളർത്തണം. തലമുടിയിലും വേഷത്തിലും കളിപ്പാട്ടത്തിലുംവരെ സ്വത്വബോധം നിലനിർത്തണം.

മുസ്‌ലിം സമുദായത്തോട

യു.കെ അടക്കമുള്ള പാശ്ചാത്യൻ നാടുകളിലേക്കും ബാംഗ്ലൂർ പോലുള്ള സിറ്റികളിലേക്കും ഉന്നതപഠനത്തിനായി പറഞ്ഞയച്ച കുട്ടികൾ ആഴ്ചതോറുമുള്ള മലയാള ഖുത്വുബകൾ കേൾക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇത്തരം വെല്ലുവിളികളെ തുറന്നുകാണിക്കുന്ന ആനുകാലികങ്ങൾ, എഴുത്തുകൾ, പുസ്തകങ്ങൾ എന്നിവ വായിക്കാൻ അവരെ പ്രേരിപ്പിക്കണം. ബോധവത്ക്കരണ പ്രോഗ്രാമുകൾ, ക്ലാസ്സുകൾ, എന്നിവ കേൾക്കുവാൻ നിർബന്ധിക്കണം.

മുസ്‌ലിം സംഘടനകൾ വിശിഷ്യാ അവരുടെ വിദ്യാ ർഥി-യുവജന ഘടകങ്ങൾ ഈ വിഷയങ്ങളിൽ ഉൾക്കാഴ്ച നൽകുന്ന ക്ലാസ്സുകളും കാമ്പയ്‌നുകളും സംഘടിപ്പിക്കണം. സമുദായ രാഷ്ട്രീയ സംഘടനകൾ-പ്രത്യേകിച്ച് അവരുടെ യുവജന വിദ്യാർഥി ഘടകങ്ങൾ- ആത്മാഭിമാനത്തോടെ ഈ വിഷയത്തെ അഡ്രസ്സ് ചെയ്യാൻ തയ്യാറാവണം. മുസ്‌ലിം കോ-ഓർഡിനേഷൻ സമിതി ഈ വിഷയത്തിൽ ഒന്നിച്ചും സംഘടനകൾ ഒറ്റയ്ക്കും പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കണം. ഭാഗികമായി മാത്രം ഈ വിഷയം മനസ്സിലാക്കി ചാനലുകളിലും മറ്റും ചർച്ചയിൽ പങ്കെടുക്കുന്നവർ ഗുണത്തെക്കാളേറെ ദോഷമാണ് വരുത്തിവെക്കുക എന്ന് തിരിച്ചറിയണം.

ഇതൊക്കെ പറയുമ്പോൾ പ്രാകൃതരെന്നും ആറാം നൂറ്റാണ്ടിൽനിന്ന് ഇനിയും ബസ് കിട്ടാത്തവരെന്നുമൊക്കെയുള്ള ആക്ഷേപവും പരിഹാസവുമുയർന്നേക്കാം. അ വരോട് നമുക്ക് ഇേത പറയാനുള്ളൂ; നിങ്ങൾ ഈ പറയുന്നതാണ് ‘പുരോഗമനം’ എങ്കിൽ ഈ കാലത്ത് ഞങ്ങൾ ‘പ്രാകൃതരായി’ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. പെണ്ണ് ആൺവേഷം കെട്ടി ഗർഭിണിയാവുകയും പ്രസവിക്കുകയും ചെയ്താൽ ‘ആണ് പ്രസവിച്ചേ’ എന്ന് യാതൊരു തത്ത്വദീക്ഷയുമില്ലാതെ പ്രചരിപ്പിക്കുകയും അത് ആഘോഷമാക്കി മാറ്റുകയും ചെയ്യുന്നതിന്റെ പേരാണ് പുരോഗമനമെങ്കിൽ നാം പ്രാകൃതരായി അറിയപ്പെടാനാണ് ഈ കാലത്ത് ആഗ്രഹിക്കുന്നത്. ഇത്തരം സംഭവങ്ങൾക്ക് പിന്തുണയുമായി വന്ന്, ഫെയ്‌സ്ബുക്കിലും ട്വിറ്ററിലുമൊക്കെ ഇതിനെ ‘ചരിത്ര സംഭവ’മാക്കി കൊട്ടിഘോഷിക്കുന്ന ചില മന്ത്രിമാരും പൊതുപ്രവർത്തകരും അവതരിപ്പിക്കുന്ന ആശയങ്ങളാണ് പുരോഗമനമെങ്കിൽ നാം പ്രാകൃതരായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്.

രാവിലെ ഞാൻ ആണാണെന്ന് പറയുക. വൈകുന്നേരം പെണ്ണായി ഐഡന്റിഫൈ ചെയ്യുക. അടുത്ത ദിവസം താൻ ആണാണോ പെണ്ണാണോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് പ്രഖ്യാപിക്കുക, ഇതെല്ലാം അംഗീകരിക്കാത്തവരെ പുരോഗമനം തിരിയാത്തവരായി, തലയിൽ വെളിച്ചം കത്താത്തവരായി മുദ്രകുത്തുന്നതാണ് പുരോഗമനമെങ്കിൽ അത്തരം പുരോഗമനം തിരിയാത്തവരായി അറിയപ്പെടാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.

മനസ്സിനനുസരിച്ച് ശരീരത്തെ മാറ്റാൻ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയിട്ട്, നിൽക്കാനും നടക്കാനും മൂത്രമൊഴിക്കാൻ പോലും കഴിയാതെ നരകിക്കുന്നവരുടെ എണ്ണം നാട്ടിൽ വർധിക്കുകയാണ്. അത്തരം നിലപാട് ശരിയല്ലെന്ന് പറയുന്നതിനെയാണ് പ്രാകൃതമെന്ന് നിങ്ങൾ വിശേഷിപ്പിക്കുന്നതെങ്കിൽ ഞങ്ങൾ നിങ്ങൾ പറയുന്ന പ്രാകൃതരായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. നിങ്ങൾ പറയുന്ന മനുഷ്യത്വരഹിതവും അധാർമികതയിലധിഷ്ഠിതവുമായ പുരോഗമനം ഞങ്ങൾക്ക് വേണ്ട.

(അവസാനിച്ചില്ല)