വിശുദ്ധ ക്വുര്‍ആനും അറബി ഭാഷയും

പത്രാധിപർ

2023 മാർച്ച് 25, 1444 റമദാൻ 2

“തീര്‍ച്ചയായും നാം ഇതിനെ അറബി ഭാഷയിലുള്ള ഒരു ക്വുര്‍ആന്‍ ആക്കിയിരിക്കുന്നത് നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുവാന്‍ വേണ്ടിയാകുന്നു’’ (ക്വുര്‍ആന്‍ 43:3).

വിശുദ്ധ ക്വുര്‍ആന്‍ അവതീര്‍ണമായിട്ട് 14 നൂറ്റാണ്ടുകള്‍ പിന്നിട്ടുകഴിഞ്ഞു. കഴിഞ്ഞുപോയ ഈ ദീര്‍ഘമായ കാലഘട്ടത്തിനിടയില്‍ ഈ ഭാഷക്കുണ്ടായ വളര്‍ച്ചയും വികാസവും ചെറുതല്ല. ദുര്‍മാര്‍ഗികളും കലഹപ്രിയരും ക്ഷിപ്രകോപികളുമായിരുന്ന അറേബ്യന്‍ ജനത പിന്നീട് മാതൃകായോഗ്യരായ ഉത്തമ സമൂഹമായി മാറുകയായിരുന്നു. അവര്‍ ഈ ഉത്തുംഗസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുവാനുള്ള കാരണം പരിശുദ്ധ ക്വുര്‍ആനും മുഹമ്മദ് നബി ﷺ യുടെ മാതൃകായോഗ്യമായ ജീവിതവുമായിരുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അദ്ദേഹത്തിന്റെ ‘വിശ്വചരിത്രാവലോകനം’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ‘ഇസ്‌ലാമാണ് അറബികളെ ഉയര്‍ത്തുകയും അവരില്‍ ഓജസ്സും ആത്മവിശ്വാസവും ഉളവാക്കുകയും ചെയ്ത ആ നവീന ശക്തി അഥവാ ആശയം.’

വിവിധ വിജ്ഞാനശാഖകളിലായി അറബിഭാഷ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് ശ്രദ്ധേയമായ നിരൂപണം നെഹ്‌റു നടത്തിയിട്ടുണ്ട്. അദ്ദേഹം എഴുതി: ‘പ്രാചീനര്‍ക്കിടയില്‍ ഈജിപ്തിലോ ഇന്ത്യയിലോ ചൈനയിലോ ശരിയായ ശാസ്ത്രീയ സമ്പ്രദായം നാം കാണുന്നില്ല. അതിന്റെ ചെറിയ ഒരു ശകലം പുരാതന ഗ്രീസില്‍ ദൃശ്യമാണ്. റോമില്‍ അതുണ്ടായിരുന്നതേയില്ല. എന്നാല്‍ അറബികളില്‍ ഈ ശാസ്ത്രീയ ബുദ്ധി പ്രകടമായി കണ്ടിരുന്നു. അതിനാല്‍ ആധുനിക ഭൗതിക ശാസ്ത്രത്തിന്റെ പിതാക്കള്‍ അവരാണെന്നു പറയാം.’

ക്വുര്‍ആനിന്റെ ഭാഷാസാഹിത്യത്തെയും പ്രതിപാദന രീതിയെയും വെല്ലുവിളിക്കുന്ന രൂപത്തില്‍ ഒരു രചന നടത്തുവാന്‍ ഇന്നുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഒരു ഭാഷയില്‍ ആദ്യമായി ഒരു ഗ്രന്ഥമുണ്ടാകുകയും നൂറാണ്ടുകള്‍ പിന്നിട്ടതിനുശേഷം ആ ഭാഷയുടെ വളര്‍ച്ചയും പുരോഗതിയുമെല്ലാം ആദ്യത്തെ ഗ്രന്ഥത്തിനു താഴെ നിലകൊള്ളുകയും ചെയ്യുക എന്നത് സംഭവ്യമാകുന്നത് അതിന്റെ ദൈവികതയ്ക്കുള്ള തെളിവാണെന്നതില്‍ സംശയമില്ല.

തിരുത്തപ്പെടേണ്ടതായി തോന്നുന്ന ഒരൊറ്റ വാക്ക് പോലും ക്വുര്‍ആനില്‍ കാണുന്നില്ലെന്നതും അതിന്റെ ദൈവികത വിളിച്ചറിയിക്കുന്നു. ഒരു നൂറ്റാണ്ടുകാലം മുഴുവന്‍ തിരുത്ത് ആവശ്യമാകാത്തവിധം നിലനിന്നിട്ടുള്ള ഒരു ശാസ്ത്രിയ വിജ്ഞാന ഗ്രന്ഥമോ തത്ത്വചിന്തയോ ദര്‍ശനമോ ലോകത്ത് ഇന്നുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ വ്യത്യസ്ത വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ക്വുര്‍ആനില്‍ ഏതെങ്കിലും വിഷയത്തില്‍ തെറ്റു സംഭവിച്ചതായും തിരുത്തപ്പെടേണ്ടതായും ഒന്നും കാണുവാന്‍ സാധ്യമല്ല. ഒരു ഭാഷയില്‍ രചിക്കപ്പെപ്പെട്ട ഗ്രന്ഥം കേവലം അര നൂറ്റാണ്ടു കഴിഞ്ഞു പരിശോധിച്ചാല്‍ തന്നെ ഒട്ടേറെ വ്യത്യാസം കാണുവാന്‍ സാധിക്കും. പഴയ മലയാള ഗ്രന്ഥങ്ങളിലൂടെ ഒന്ന് കണ്ണോടിച്ച് നോക്കുക; വായിക്കുവാന്‍ വളരെ പ്രയാസകരമായിരിക്കുമത്. മലയാളമാണെങ്കിലും അതിലെ ഒട്ടുമിക്ക പദങ്ങളുടെയും അര്‍ഥമറിയാതെ നാം ബുദ്ധിമുട്ടും. എന്നാല്‍ ക്വുര്‍ആനിന് ഈ അവസ്ഥ കാണുവാന്‍ സാധ്യമല്ല. അത് എല്ലാവിധത്തിലും പൂര്‍ണതയുള്ള ഗ്രന്ഥമാണ്.

ക്വുര്‍ആന്‍ അവതരിച്ചു നൂറ്റാണ്ടുകള്‍ കഴിഞ്ഞശേഷമാണ് അറബി ഭാഷക്ക് വ്യാകരണമെഴുതാന്‍ ശ്രമമുണ്ടായത്. വ്യാകരണനിയമ ഗ്രന്ഥമെഴുതിയവര്‍ ക്വുര്‍ആന്‍ അവതരിക്കുന്നതിനു മുമ്പുള്ള കാര്യങ്ങളാണ് വ്യാകരണ നിയമങ്ങള്‍ക്ക് അടിസ്ഥാനമാക്കിയതെങ്കിലും ആ നിയമങ്ങള്‍ക്ക് ഏറ്റവും നല്ല ഉദാഹരണങ്ങള്‍ ക്വുര്‍ആനാണെന്ന് അവരെല്ലാവരും വ്യക്തമാക്കിയിട്ടുണ്ട്.

അറബി സാഹിത്യകാരന്മാരുടെ കൃതികളില്‍ പ്രാസത്തിനു സാഹസപ്പെട്ടിട്ടുള്ളവര്‍ ആ സാഹസം നിമിത്തം ഭാഷയില്‍ സര്‍വസാധാരണമല്ലാത്ത പദപ്രയോഗം നടത്താന്‍ നിര്‍ബന്ധിക്കപ്പെടുകയും അതുമൂലം ആശയം വ്യക്തമാകാതെ പോകുകയും ചെയ്തതിന്ന് വളരെ ഉദാഹരണങ്ങളുണ്ട്. ക്വുര്‍ആനാകട്ടെ പ്രാസത്തിനുവേണ്ടി സാഹസപ്പെട്ടിട്ടില്ല. എന്നാല്‍ അതില്‍ അതിന്റെതായ ഒരു പ്രാസമുണ്ട്. എത്ര തവണ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പാരായണം ചെയ്താലും മതിവരാത്ത ആസ്വാദനമാണ് അത് പ്രദാനം ചെയ്യുന്നത്.