ഇബ്‌റാഹീം നബി(അ) കാണിച്ചുതന്ന ആദർശപാത

പത്രാധിപർ

2023 ജൂൺ 24 , 1444 ദുൽഹിജ്ജ 06

വീണ്ടും ഒരു ഹജ്ജും ബലിപെരുന്നാളും ആഗതമായിരിക്കുകയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുമെത്തിയ ലക്ഷക്കണക്കിന് വിശ്വാസികളാൽ പുണ്യനഗരികൾ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. അവർക്കിടയിൽ യാതൊരുവിധ വിവേചനവുമില്ല. രാജ്യത്തിന്റെയോ തൊലിയുടെ നിറത്തിന്റെയോ ഭാഷയുടെയോ വ്യത്യസ്തതകൾ അവരെ പരസ്പരം അകറ്റുന്നില്ല. എല്ലാവരും ഏകോദരസഹോരങ്ങളെപ്പോലെയാണവിടെ.

ഇബ്‌റാഹീം നബി(അ)യെയും കുടുബത്തെയും സ്മരിക്കാത്ത ഒരു ദിവസവും വിശ്വാസികളുടെ ജീവിതത്തിൽ കടന്നുപോകുന്നില്ല. ഹജ്ജും ബലിപെരുന്നാളുമാകട്ടെ ആ മഹാപ്രവാചകന്റെയും കുടുംബത്തിന്റെയും ത്യാഗനിർഭരമായ ജീവിതത്തെക്കുറിച്ചുള്ള ഓർമകൾ കൂടുതൽ ശക്തമാക്കുന്നതാണ്.

കഅ്ബാ നിർമാണത്തിനുശേഷം ഇബ്‌റാഹീം നബി(അ)യും പുത്രൻ ഇസ്മാഈൽ നബി(അ)യും നടത്തിയ പ്രാർഥന വിശുദ്ധ ക്വുർആൻ ഉദ്ധരിക്കുന്നുണ്ട്. തൗഹീദിന്റെ ആദർശപരമായ ആർജവവും വിശ്വാസത്തിന്റെ മാർഗദർശനവുമുള്ള ഒരു ധർമാധിഷ്ഠിത സമൂഹം ഭൂമുഖത്ത് ആവിർഭവിക്കുവാനും നിലനിൽക്കുവാനുമുള്ള അഭിലാഷം പ്രതിഫലിക്കുന്ന ചരിത്രപ്രസിദ്ധമായ ആ പ്രാർഥന പ്രപഞ്ചനാഥൻ സ്വീകരിച്ചു എന്നതിന് പിൽകാലാനുഭവങ്ങൾ സാക്ഷിയാണ്. എക്കാലത്തും മുസ്‌ലിം സമൂഹം അനുകരിക്കുകയും ആവർത്തിക്കുകയും തങ്ങളുടെ വിശ്വാസ-സമർപ്പണ ജീവിതത്തിന്റെ ഊർജമായി അവലംബിക്കുകയും ചെയ്യേണ്ടുന്ന ഒന്നാണ് ആ പ്രാർഥന. അതുകൊണ്ടുതന്നെ വിശുദ്ധ ക്വുർആൻ, ഇബ്‌റാഹീം നബി(അ)യുടെ ത്യാഗനിർഭരമായ ജീവിത കഥനത്തിൽ ആ പ്രാർഥന ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇബ്‌റാഹീം നബി(അ) തനിച്ചും കഅ്ബ നിർമാണാനന്തര ഘട്ടത്തിൽ ഇബ്‌റാഹീം നബി(അ)യും ഇസ്മാഈൽ നബി(അ)യും ചേർന്നും നടത്തുന്ന പ്രാർഥനകൾ ക്വുർആനിൽ കാണാം.

മക്കാരാജ്യത്തിനു വേണ്ടി അദ്ദേഹം പ്രാർഥിച്ചു: “എന്റെ രക്ഷിതാവേ, നീ ഇതൊരു നിർഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരിൽനിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർക്ക് കായ്കനികൾ ആഹാരമായി നൽകുകയും ചെയ്യേണമേ എന്ന് ഇബ്‌റാഹീം പ്രാർഥിച്ച സന്ദർഭവും (ഓർക്കുക)’’ (ക്വുർആൻ 2:126).

“ഇബ്‌റാഹീം നബി(അ) ഇപ്രകാരം പറഞ്ഞ സന്ദർഭം (ശ്രദ്ധേയമാകുന്നു): എന്റെ രക്ഷിതാവേ, നീ ഈ നാടിനെ (മക്കയെ) നിർഭയത്വമുള്ളതാക്കുകയും എന്നെയും എന്റെ മക്കളെയും ഞങ്ങൾ വിഗ്രഹങ്ങൾക്ക് ആരാധന നടത്തുന്നതിൽനിന്ന് അകറ്റി നിർത്തുകയും ചെയ്യേണമേ’’ (ക്വുർആൻ 14:35).

സ്വന്തത്തിന്നും സന്തതിപരമ്പരകൾക്കും വേണ്ടി അദ്ദേഹം പ്രാർഥിച്ചു: “ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ഇരുവരെയും നിനക്ക് കീഴ്‌പ്പെടുന്നവരാക്കുകയും ഞങ്ങളുടെ സന്തതികളിൽനിന്ന് നിനക്ക് കീഴ്‌പ്പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും ഞങ്ങളുടെ ആരാധനാക്രമങ്ങൾ ഞങ്ങൾക്ക് കാണിച്ച് തരികയും ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീർച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവർക്ക് (ഞങ്ങളുടെ സന്താനങ്ങൾക്ക്) നിന്റെ ദൃഷ്ടാന്തങ്ങൾ ഓതിക്കേൾപ്പിച്ചുകൊടുക്കുകയും, വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരിൽ നിന്നുതന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീർച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു’’ (ക്വുർആൻ 2:128-129).

“എന്റെ രക്ഷിതാവേ, എന്നെ നീ നമസ്‌കാരം മുറപ്രകാരം നിർവഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളിൽപെട്ടവരെയും (അപ്രകാരം ആക്കേണമേ). ഞങ്ങളുടെ രക്ഷിതാവേ എന്റെ പ്രാർഥന നീ സ്വീകരിക്കുകയും ചെയ്യേണമേ’’ (ക്വുർആൻ 14:40).

തനിക്കും തന്റെ സന്തതി പരമ്പരക്കും വേണ്ടിയും രാജ്യത്തിന്റെ അഭിവൃദ്ധിക്കു വേണ്ടിയുമെല്ലാം ഇബ്‌റാഹീം(അ) പ്രാർഥിച്ചു. തന്റെയോ മക്കളുടെയോ ജീവിതത്തിൽ ബഹുദൈവാരാധന കടന്നുവരാതിരിക്കുവാനും അദ്ദേഹം പ്രാർഥിച്ചു എന്നത് പ്രത്യേകം ഓർക്കുക.