വെള്ളിയാഴ്ചകളിലെ പരീക്ഷ; മുസ്‌ലിംകളുടെ ആവശ്യമെന്ത്?

പത്രാധിപർ

2023 ഒക്ടോബർ 14 , 1445 റ.അവ്വൽ 29

ഈ മാസം 4ന് (ബുധനാഴ്ച) തിരുവനന്തപുരത്ത് ബഹു. മന്ത്രി വി. അബ്ദുറഹ്‌മാന്റെ അധ്യക്ഷതയിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ഒരു യോഗം ചേരുകയുണ്ടായി. ഈ യോഗവിവരം റിപ്പോർട്ട് ചെയ്യവെ ‘വെള്ളിയാഴ്ചകളിൽ പൊതുപരീക്ഷകൾ ഒഴിവാക്കണമെന്ന ആവശ്യവുമായി മുസ്‌ലിം സംഘടനകൾ രംഗത്ത്’ എന്ന ടൈറ്റിലാണ് ‘24 ന്യൂസ്’ നൽകിയത്.

വാസ്തവത്തിൽ മുസ്‌ലിം സംഘടനാ പ്രതിനിധികളാരും അങ്ങനെയൊരാവശ്യം ഉന്നയിച്ചിട്ടേയില്ല. പിഎസ്‌സി പരീക്ഷകളും ഇന്റർവ്യൂകളും വെള്ളിയാഴ്ചകളിൽ ജുമുഅ നഷ്ടപ്പെടും വിധം ആകരുതെന്ന സംഘടനാ പ്രതിനിധികളുടെ ആവശ്യം വെള്ളിയാഴ്ചകളിൽ പരീക്ഷ ഉണ്ടാകരുതെന്ന രീതിയിൽ മിനുട്‌സിൽ രേഖപ്പെടുത്തുകയാണുണ്ടായത്. ആ മിനുട്‌സിൽ പൊതുപരീക്ഷകളുടെ കാര്യം പറഞ്ഞിട്ടുമില്ല. മിനുട്‌സിൽ രേഖപ്പെടുത്തിയ 21 നിർദേശങ്ങളിൽ ഇതുമാത്രം തങ്ങൾ ഇച്ഛിക്കും വിധത്തിലാക്കി ബ്രേക്കിംഗ് ന്യൂസ് ആയി ‘24 ചാനൽ’ നൽകിയതിന്റെ ലക്ഷ്യം എന്തായിരിക്കും? തീവ്ര വലതുപക്ഷ വിഭാഗങ്ങൾക്ക് ഹൈന്ദവ കമ്യൂണിറ്റിയിൽ വർഗീയ ധ്രുവീകരണത്തിന് മരുന്നിട്ടു കൊടുക്കുന്ന പ്രവർത്തനമല്ലേ ഇത്?

യോഗത്തിൽ മുസ്‌ലിം സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടത് പിഎസ്‌സി പരീക്ഷകൾ, ഇന്റർവ്യൂകൾ, പൊതുപരീക്ഷകൾ എന്നിവ വെള്ളിയാഴ്ച ജുമുഅ നഷ്ടപ്പെടുംവിധം ഉണ്ടാകരുതെന്ന് മാത്രമാണ്. പൊതു പരീക്ഷകൾ ഒന്നും തന്നെ വെള്ളിയാഴ്ചകളിൽ നടത്താൻ പാടില്ലെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ജുമുഅ നഷ്ടപ്പെടും വിധമുള്ള സമയക്രമീകരണം ഒഴിവാക്കണമെന്ന ന്യായമായ ആവശ്യത്തെ, വെള്ളിയാഴ്ച ഒരു പരീക്ഷയും പാടില്ലെന്ന് വരുത്തിത്തീർത്ത് വിവാദത്തിന് തിരികൊളുത്തിയത് അപലപനീയമാണ്.

പിഎസ്‌സി പരീക്ഷകൾ വെള്ളിയാഴ്ചകളിൽ ജുമുഅ സമയത്ത് ഷെഡ്യൂൾ ചെയ്യുകയും വിമർശനങ്ങൾ വിളിച്ചുവരുത്തുകയും ചെയ്യുന്നത് പതിവായിട്ടുണ്ട്. പ്രതിഷേധമുയരുമ്പോൾ ആ പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റുകയും ചെയ്യും. കഴിഞ്ഞ മാസം നടന്ന ഹയർ സെക്കന്ററി സപ്ലിമെന്ററി പരീക്ഷ ജുമുഅ സമയത്ത് തന്നെയാണ് ഷെഡ്യൂൾ ചെയ്തത്! അതിനും വിമർശനങ്ങൾ ഉയർന്നു. കേരളത്തിൽ 27 ശതമാനം വരുന്ന മുസ്‌ലിം സമുദായത്തിന്റെ വെള്ളിയാഴ്ച ജുമുഅയെ പരിഗണിച്ചുകൊണ്ട് പരീക്ഷാ ഷെഡ്യൂൾ ക്രമീകരിക്കണമെന്ന് ഇടയ്ക്കിടെ പറയേണ്ടി വരുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് യോഗത്തിൽ മുസ്‌ലിം സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടത്. ഈ ആവശ്യം പോലും വളച്ചൊടിച്ച് വിവാദമാക്കുന്നത് വിഭാഗീയ ശ്രമങ്ങൾക്ക് ആക്കം കൂട്ടാൻ മാത്രമെ സഹായകമാകൂ.

ഇങ്ങനെയൊക്കെയായിട്ടും, ഈ മാസം നടക്കാനിരിക്കുന്ന ഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ സമയം വെള്ളിയാഴ്ച രാവിലെ 9:30 മുതൽ 12:15 വരെയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്! 12:15 ആണ് ജുമുഅ സമയം. പരീക്ഷ കഴിഞ്ഞ് കുട്ടികൾക്കും അധ്യാപകർക്കും ജുമുഅക്ക് എത്തിച്ചേരാൻ പ്രയാസമായിരിക്കും. പരീക്ഷ തുടങ്ങുന്ന സമയത്തിൽ മാറ്റം വരുത്തിയാൽ തീരാവുന്ന പ്രശ്‌നമാണിത്. അതാണ് യോഗത്തിൽ ആവശ്യപ്പെട്ടിട്ടുള്ളതും.

ഇത് തികച്ചും ന്യായമായ ആവശ്യമാണ്. എന്നാൽ 24 ന്യൂസ് ‘വെള്ളിയാഴ്ചകളിൽ പൊതു പരീക്ഷകൾ ഒഴിവാക്കണമെന്ന ആവശ്യവുമായി മുസ്‌ലിം സംഘടനകൾ രംഗത്ത്’ എന്ന് പറഞ്ഞത് തീവ്ര ഹിന്ദുത്വ നിലപാടുള്ളവരിലും പൊതുസമൂഹത്തിൽതന്നെയും നീരസമുണ്ടാക്കുവാൻ കാരണമാകുന്നതാണ്. വർത്തമാന കാലത്തെ നമ്മുടെ രാജ്യത്തെ രാഷ്ട്രീയ-സാമൂഹിക അവസ്ഥകൾ മനസ്സിലാക്കി പരസ്പരം വിരോധമുണ്ടാക്കുന്ന, തെറ്റുധാരണയുണ്ടാക്കുന്ന തരത്തിലുള്ള വാർത്തകൾ നൽകാതിരിക്കാനുള്ള പക്വത കാണിക്കുവാൻ മാധ്യമങ്ങളും ന്യായമായ ആവശ്യങ്ങൾ വകവെച്ചു കൊടുക്കുവാൻ ഭരണകൂടവും തയ്യാറാകണമെന്നാണ് സവിനയം പറയാനുള്ളത്.