എന്തുകൊണ്ട് ഇസ്‌ലാം?

പത്രാധിപർ

2023 നവംബർ 25 , 1445 ജു.ഊലാ 11

അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചുള്ള ഭയവും രക്ഷയെക്കുറിച്ചുള്ള പ്രതീക്ഷയുമാണ് തിന്മകൾ വെടിയുവാനും നന്മകൾ ചെയ്യുവാനുമുള്ള പ്രചോദനം. അല്ലാഹുവും അവന്റെ ദൂതനും നന്മയായി പഠിപ്പിച്ചതെന്തോ അതെല്ലാം നന്മയും തിന്മയായി ചൂണ്ടിക്കാട്ടിയതെന്തോ അതെല്ലാം തിന്മയുമാണെന്ന് ഉറച്ചുവിശ്വസിക്കുന്നവനാണ് ഒരു സത്യവിശ്വാസി. അഥവാ ഇസ്‌ലാം തിന്മയെന്നു പറഞ്ഞ ഒരു കാര്യം നന്മയാണെന്നോ നന്മയെന്നു പറഞ്ഞ ഒരു കാര്യം തിന്മയാണെന്നോ കരുതുവാനുള്ള അവകാശം ഒരു വിശ്വാസിക്കില്ല.

ചെറുതും വലുതുമായ നന്മകളെല്ലാം ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. ആ നന്മകൾ സ്വജീവിതത്തിൽ പകർത്തൽ അനിവാര്യമാണെന്ന് ഇസ്‌ലാം അറിയിക്കുന്നു. മുഹമ്മദ് നബിﷺ സംഭവബഹുലമായ തന്റെ ജീവിതത്തിലൂടെ അവയെല്ലാം പ്രാവർത്തികമാക്കി കാണിക്കുകയും ചെയ്തു. മനുഷ്യനോട് സമൂഹത്തിൽനിന്നുമകന്ന് ആരുമായും യാതൊരു ബന്ധവും പുലർത്താതെ ആരെയും യാതൊരുനിലയ്ക്കും സഹായിക്കാതെ ആരാധനകളിൽ നിരതനായി ഒറ്റപ്പെട്ടു ജീവിക്കുവാനല്ല ഇസ്‌ലാം ആഹ്വാനം ചെയ്യുന്നത്.

സമൂഹത്തിൽ അവനുള്ള റോളുകളിൽനിന്ന് അവൻ ഒളിച്ചോടുവാൻ പാടില്ല. മാതാപിതാക്കളോട്, മക്കളോട്, ഭാര്യയോട്, ഭർത്താവിനോട്, സഹോദരീസഹോദരന്മാരോട്, കുടുംബക്കാരോട്, അയൽവാസികളോട്, അഗതികളോട്, അനാഥരോട്, ജീവജാലങ്ങളോട്... അങ്ങനെ എല്ലാവരോടും എല്ലാറ്റിനോടും നന്മയിൽ വർത്തിക്കുവാൻ ഇസ്‌ലാം ആവശ്യപ്പെടുന്നു.

സത്യസന്ധത, കാരുണ്യം, ദയ, വിശ്വസ്തത, വിട്ടുവീഴ്ച, ക്ഷമ, വിനയം, നന്മയിൽ സഹകരിക്കൽ തുടങ്ങിയ; മനുഷ്യബന്ധങ്ങളെ സ്‌നിഗ്ധമാക്കുന്ന മുഴുവൻ ഗുണങ്ങളും ഉൾക്കൊള്ളുവാനും കളവ്, വഞ്ചന, അഹങ്കാരം, പാരുഷ്യം, കോപം, അസൂയ തുടങ്ങിയ എല്ലാ ദുർഗുണങ്ങളും വെടിയുവാനും പലിശ, ലഹരി, ചൂതാട്ടം, വ്യഭിചാരം, കൊല, കൊള്ള തുടങ്ങിയ മുഴുവൻ ദുഷ്‌ചെയ്തികളും വർജിക്കുവാനും ഒരു മുസ്‌ലിം പ്രതിജ്ഞാബദ്ധനാണ്.

അബൂദർറ് ജുൻദബിബ്‌നുജുനാദഃ(റ)യിൽനിന്ന് നിവേദനം. നബിﷺ എന്നോട് പറഞ്ഞു: “നന്മയിൽ യാതൊന്നിനെയും നീ നിസ്സാരമാക്കരുത്; നിന്റെ സഹോദരനെ പ്രസന്നവദനനായി കണ്ടുമുട്ടുന്നതുപോലും’’ (മുസ്‌ലിം).

നിസ്സാരമെന്ന് നാം വിചാരിക്കുന്ന ഒരു നന്മയ്ക്കുപോലും ഇസ്‌ലാം നൽകുന്ന സ്ഥാനം ഈ നബിവചനത്തിൽനിന്നുതന്നെ വ്യക്തമാണ്. നല്ലതായ ഒരു കാര്യവും ഒരു മുസ്‌ലിം നിസ്സാരമായി ഗണിക്കേണ്ടതില്ല. സ്രഷ്ടാവിന്റെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് ആത്മാർഥമായി അവൻ ചെയ്യുന്ന ഏതൊരു നല്ല കാര്യവും അല്ലാഹു സ്വീകരിക്കും. പുഞ്ചിരിയോടെ ഒരാളെ അഭിമുഖീകരിക്കുക എന്നതുപോലും അവഗണിക്കാവുന്നതല്ല. മനസ്സിൽ പകയും വിദ്വേഷവും ഇല്ലാത്തവർക്കേ അതിനു സാധിക്കുകയുള്ളൂ. ചില്ലറ പിണക്കം പോലും ഒരു പുഞ്ചിരിയിൽ മാഞ്ഞുപോകുമെന്നതാണ് യാഥാർഥ്യം.

സ്രഷ്ടാവിനോടുള്ള കടമകളും സൃഷ്ടികളോടുള്ള കടമകളും എന്തെല്ലാമെന്ന് പഠിക്കുകയും അത് ജീവിതത്തിൽ പകർത്തുകയും ചെയ്യൽ സത്യവിശ്വാസിയുെട കടമയാണ്. വിശുദ്ധ ക്വുർആൻ പറയുന്നു: “...നല്ലതെന്ത് നിങ്ങൾ ചെയ്യുകയാണെങ്കിലും തീർച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു’’ (2:215). “വല്ലവനും ഒരു നന്മ കൊണ്ടുവന്നാൽ അവന്ന് അതിന്റെ പതിന്മടങ്ങ് ലഭിക്കുന്നതാണ്. വല്ലവനും ഒരു തിന്മ കൊണ്ടുവന്നാൽ അതിനു തുല്യമായ പ്രതിഫലം മാത്രമെ അവന്ന് നൽകപ്പെടുകയുള്ളൂ. അവരോട് യാതൊരനീതിയും കാണിക്കപ്പെടുകയില്ല’’(6:161).