‘ഇത് കേരളമോ?’

പത്രാധിപർ

2023 ജനുവരി 28, 1444 റജബ് 5

‘ഇത് കേരളമോ’ എന്ന തലക്കെട്ടിൽ ഏതാനും ദിവസം മുമ്പ് ഒരു പ്രമുഖ ദിനപത്രത്തിൽ പ്രാധാന്യത്തോടെ ഒരു വാർത്ത വന്നിരുന്നു. സ്വത്ത് തട്ടിയെടുക്കാൻ എഴൂപത്തിയഞ്ചുകാരിയായ വയോധികയെ ഭക്ഷണം പോലും നൽകാതെ, മരണപ്പെട്ട സഹോദരന്റെ ഭാര്യയും മകളും ചേർന്ന് തൊഴുത്തിൽ ചങ്ങലക്കിട്ട് ക്രൂരമായി പീഡിപ്പിച്ചതാണ് സംഭവം. ഇവരുടെ പേരിലുള്ള 10 സെന്റ് സ്ഥലം വിട്ടുകൊടുക്കാൻ നിർബന്ധിച്ചായിരുന്നത്രെ മർദനം. ഇവരെ വീടിനു പുറത്ത് കാണാതായതോടെ ചിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകമറിഞ്ഞത്. ചങ്ങലയിൽ കുരുങ്ങി കാൽവിരലുകൾ പഴൂത്ത നിലയിലായ സ്ത്രീയെ പ്രാഥമിക ചികിത്സ നൽകി അനാഥ മന്ദിരത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

സ്വത്തിനോടുള്ള അത്യാർത്തിമൂലം മനുഷ്യർ ചെയ്തുകൂട്ടുന്ന അക്രമങ്ങളുടെയും ക്രൂരതയുടെയും വാർത്തകളിൽ ഒന്നുമാത്രമാണിത്. ഇതുപോലെ നിത്യേന എത്രയെത്ര സംഭവങ്ങൾ നടക്കുന്നുണ്ടാകണം. പിതാവ് മകനെയും മകൻ പിതാവിനെയും സമ്പത്തിന്റെ പേരിലുള്ള തർക്കത്തിൽ അതിക്രൂരമായി കൊലചെയ്ത സംഭവവും നാം കേട്ടിട്ടുണ്ട്. വിശുദ്ധ ക്വുർആൻ പറഞ്ഞത് എത്ര ശരി:

“തീർച്ചയായും അവൻ ധനത്തോടുള്ള സ്‌നേഹം കഠിനമായവനാകുന്നു’’ (100:8).

‘സമ്പത്തും സന്താനങ്ങളും ഐഹിക ജീവിത്തിന്റെ അലങ്കാരങ്ങളാണ്’ എന്നാണ് വിശുദ്ധ ക്വുർആൻ അറിയിക്കുന്നത്. പ്രത്യക്ഷമായി മതനിഷ്ഠയുള്ളവരായി ജീവിക്കുന്നവർ എന്ന് നാം മനസ്സിലാക്കുന്നവരിൽ ചിലരെങ്കിലും സാമ്പത്തിക രംഗത്ത് വിശുദ്ധി പാലിക്കുന്നില്ലെന്നതാണ് യാഥാർഥ്യം. അന്യന്റെ മുതൽ അപഹരിക്കുന്ന കാര്യത്തിൽ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്ന ദുരന്ത വാർത്തകൾ ദിനം പ്രതി കേൾക്കാനിടവരുന്നു.

സമ്പത്തിനോടുള്ള അത്യാർത്തി മനുഷ്യനെ വലിയ അപകടങ്ങളിലേക്കും അക്രമങ്ങളിലേക്കും പരാജയങ്ങളിലേക്കും കൊണ്ടെത്തിക്കുന്നത് സ്വാഭാവികമാണ്. അതിന്റെ പേരിൽ കുടുംബവും ബന്ധുക്കളും അനുഭവിക്കുന്ന പ്രയാസങ്ങളും തീരാവേദനകളും വറ്റാത്ത കണ്ണീരായി അവശേഷിക്കുന്ന എത്രയോ സംഭവങ്ങൾ ദിനപത്രങ്ങളിലൂടെയും വാർത്താ ചാനലുകളിലൂടെയും നാം കണ്ടുകൊണ്ടിരിക്കുന്നു.

ഇസ്‌ലാം പഠിപ്പിച്ച ‘ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കുക’ എന്ന തത്ത്വം ഉൾക്കൊണ്ട് ജീവിക്കാൻ മനുഷ്യർ ശ്രമിക്കുന്നില്ല. കിടമത്സരത്തിലാണവനെപ്പോഴും. താൻ മറ്റുള്ളവരെക്കാൾ ഉയർന്നു നിൽക്കണം; എല്ലാ കാര്യത്തിലും എന്നതാണവന്റെ ചിന്ത. അതിന് ഏതു നീച മാർഗവും അവലംബിക്കാൻ മടികാണിക്കുന്നില്ല. ഒരു സത്യവിശ്വാസി ഏത് നിലയ്ക്കുള്ള ജീവിത ശൈലി സ്വീകരിക്കണമെന്ന് നബി(സ്വ) കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്.

‘നിങ്ങൾ നിങ്ങളുടെ താഴെയുള്ളവരിലേക്ക് നോക്കുക. നിങ്ങൾ നിങ്ങളുടെ മുകളിലുള്ളവരിലേക്ക് നോക്കരുത.് അല്ലാഹു നിങ്ങൾക്ക് ചെയ്തു തരുന്ന അനുഗ്രഹത്തെ നിസ്സാരമായി കാണാതിരിക്കാൻ അതാണ് ഉത്തമം’ എന്നാണ് അവിടുന്ന് കൽപിച്ചിരിക്കുന്നത്. അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ ആസ്വദിച്ച് ജീവിക്കുമ്പോൾ തന്നെ അതിന് നന്ദികാണിക്കുകയും വേണം.

ഭൗതികലോകത്തിലെ അലങ്കാരമായ സമ്പത്തിനെ അഹങ്കാരത്തിനും ദുർനടപ്പിനും വിനിയോഗിച്ച ചിലരുടെ മുൻകാല ചരിത്രങ്ങൾ വിശുദ്ധ ക്വുർആൻ പറഞ്ഞുതരുന്നുണ്ട്. ഇന്നും അത്തരക്കാരുണ്ട്; അവർ സമൂഹത്തിന് വരുത്തിവെക്കുന്ന ദോഷങ്ങൾ ചെറുതല്ല. എങ്ങനെ സമ്പാദിച്ചു, ഏതുവഴിയിൽ വിനിയോഗിച്ചു എന്ന ചോദ്യത്തിന് നാളെ പടച്ചവന്റെ കോടതിയിൽ മറുപടി പറയേണ്ടിവരുമെന്ന ചിന്ത ഒരു മുസ്‌ലിമിന് വിനഷ്ടമായിക്കൂടാ.