സ്വൂഫിസത്തിലെ ഇസ്‌ലാം!

പത്രാധിപർ

2023 സെപ്തംബർ 16 , 1445 റ.അവ്വൽ 01

ഇസ്‌ലാമിലെ ആത്മീയത വ്യക്തവും സ്പഷ്ടവുമാണ്. അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തുകൊണ്ട് ധന്യമായ ജീവിതം നയിക്കുന്നതിലൂടെ ലഭ്യമാകുന്ന സംശുദ്ധ വ്യക്തിത്വമാണ് ഒരാളെ ശ്രേഷ്ഠനാക്കുന്നത്. വിശുദ്ധ ക്വുർആനിലെ അനേകം സൂക്തങ്ങളും പ്രവാചക വചനങ്ങളും ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്.

നിഗൂഢവാദം, കാൽപനിക മൂല്യങ്ങൾ, ജീവിതസുഖ പരിത്യാഗം പോലുള്ളവയ്‌ക്കൊന്നും ഇസ് ലാമിൽ യാതൊരു സ്ഥാനവുമില്ല. സത്യവിശ്വാസവും സൽകർമവും ഒഴിവാക്കിയും സമൂഹത്തോടു പ്രതിബദ്ധത പുലർത്താതെയും ജീവിക്കുന്നവരെ ‘നഷ്ടക്കാർ’ എന്നാണ് വിശുദ്ധ ക്വുർആൻ പരിചയപ്പെടുത്തുന്നത്: “കാലം തന്നെയാണ് സത്യം! തീർച്ചയായും മനുഷ്യൻ നഷ്ടത്തിൽ തന്നെയാകുന്നു; വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും, സത്യം കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ’’ (103:1-3).

ഒരു വ്യക്തിയെ കർമ-ധർമ നിർവഹണങ്ങളിലൂടെ സജീവതയുള്ളവനാക്കി മാറ്റുന്നതാണ് ഇസ് ലാമിക നിയമനിർദേശങ്ങൾ. വ്യക്തി-സാമൂഹ്യ ബന്ധങ്ങളിലൂടെ ജീവിതത്തിന്റെ എല്ലാ തലങ്ങളിലേക്കും വേരോട്ടമുള്ള സൻമാർഗ ജീവിതമാണ് ഇസ്‌ലാമിന്റെ അത്മീയത. ഇസ്‌ലാമിന്റെ അത്മീയതക്ക് ഇസ്‌ലാം നിർദേശിക്കുന്ന വിശ്വാസ-കർമ മേഖലകൾക്കപ്പുറം മറ്റു ഉപായങ്ങളോ കുറുക്കുവഴികളോ ഇല്ല.

എന്നാൽ ഇസ്‌ലാമിന്റെ ആത്മീയത ചില കൗശലങ്ങളിലൂടെ പ്രാപിക്കാവുന്നതാണ് എന്നു പഠിപ്പിക്കുന്നവർ പലകാലങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജൂത നിഗൂഢവാദം, ഗ്രീക്ക് സോഫിസം, റോമൻ അ ജ്ഞേയവാദം, പേർഷ്യൻ കാവ്യ-ദാർശനിക ആശയങ്ങൾ എന്നിവയൊക്കെ കൂട്ടിയിണക്കി രൂപപ്പെടുത്തിയ ‘തസ്വവ്വുഫ്’ അഥവാ സ്വൂഫിസം ഇസ്‌ലാമിന്റെ യഥാർഥ ആത്മീയ-ദാർശനിക മേഖലയാണ് എന്ന് ചില തൽപരകക്ഷികൾ പ്രചരിപ്പിച്ചിട്ടുണ്ട്. ഇസ്‌ലാമും തസ്വവ്വുഫും ഏതെങ്കിലും നിലയ്ക്ക് പ്രമാണാധിഷ്ഠിതമായ യാതൊരു ബന്ധവുമില്ല എന്നതാണു വസ്തുത.

ഇസ്‌ലാം പഠിപ്പിക്കുന്ന ആശയസരണിയല്ല തസ്വവ്വുഫ്. ഇസ്‌ലാമിന്റെ അടിത്തറയായ ഏകദൈവാദർശം, പ്രവാചകനിലുള്ള വിശ്വാസം, പരലോകവിശ്വാസം എന്നിവയെ നിരാകരിക്കുന്ന പല ചിന്താഗതികളും അതിലുണ്ട്. നിഗൂഢവാദവും അജ്ഞേയവാദവുമൊക്കെയാണ് തസ്വവ്വുഫിന്റെ ആശയമേഖല. യഥാർഥ ഇസ്‌ലാമിനെ ഇസ്‌ലാം അല്ലാതാക്കിത്തീർക്കുക എന്നതാണ് സ്വൂഫിസത്തിന്റെ അടിസ്ഥാന ലക്ഷ്യമെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല.

സ്വൂഫികളുടെ ഗദ്യ-പദ്യ സാഹിത്യങ്ങൾ വിവർത്തനം ചെയ്ത് പ്രചരിപ്പിച്ചും അവയെക്കുറിച്ച് സംവാദങ്ങളും ആശയവിനിമയങ്ങളും സംഘടിപ്പിച്ചും ഇസ്‌ലാമിക മൂല്യങ്ങളിൽനിന്ന് സത്യാന്വേഷകരുടെ ശ്രദ്ധതിരിച്ചുവിടാനുള്ള ഗൂഢനീക്കങ്ങൾ പാശ്ചാത്യലോകത്തു സജീവമാണ്.

കേരളത്തിലുമുണ്ട് തസ്വവ്വുഫിനെ ഇസ്‌ലാമിന്റെ ആധ്യാത്മിക മണ്ഡലമായി വിശ്വസിക്കുകയും ധരിക്കുകയും ചെയ്തിരിക്കുന്ന ചിലർ. ജലാലുദ്ദീൻ റൂമിയുടെ മസ്‌നവിയും മറ്റു സ്വൂഫീ സാഹിത്യങ്ങളും പ്രചരിപ്പിച്ച് ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ഇസ്‌ലാം വിരുദ്ധശക്തികളുടെ നീക്കങ്ങളെ ഇസ്‌ലാമിന് അനുഗുണമായ ചലനങ്ങളായി ഇവർ ചിത്രീകരിക്കുന്നത് അവരുടെ ഇസ്‌ലാമികാവബോധത്തിന്റെ ന്യൂനതയാണു വെളിപ്പെടുത്തുന്നത്. പാശ്ചാത്യൻ റൂമിയനുഭവത്തിന്റെ സ്‌തോത്രഗീതങ്ങളെഴുതുന്ന, ‘മസ്‌നവി’യുടെ മലയാള പരിഭാഷയിറക്കി പുളകം കൊള്ളുന്ന കേരളത്തിലെ സ്വൂഫി പ്രേമികൾക്ക് തങ്ങൾ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ആശയ ശത്രുക്കൾക്ക് ഓശാന പാടുകയാണെന്ന ‘വിവരം’ ഇല്ലാതെപോയത് കഷ്ടം തന്നെ!