വിദ്യാഭ്യാസം, രാഷ്ട്രീയം കലാലയകലാപം

പത്രാധിപർ

2023 ഡിസംബർ 23 , 1445 ജു.ഉഖ്റാ 10

വിദ്യാഭ്യാസം ഒരു സാമൂഹികപ്രക്രിയയാണ്. വ്യക്തിക്ക് ആവശ്യമായ പ്രാധാന്യം നൽകിക്കൊണ്ടുതന്നെ, സമൂഹത്തിന്റെകൂടി വളർച്ച ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രതിബദ്ധതയുള്ള തലമുറയെ സൃഷ്ടിക്കുകയാണ് അതിന്റെ പ്രധാനലക്ഷ്യമെന്ന് വിദ്യാഭ്യാസ വിചക്ഷണർ പറയുന്നു. വിദ്യാഭ്യാസരംഗത്തെ ഏതൊരു പ്രശ്‌നവും കാണുകയും പരിഹാരം തേടുകയും ചെയ്യേണ്ടത് ഈ കാഴ്ചപ്പാടോടുകൂടിയായിരിക്കണം. വ്യക്തി സ്വയം സമൂഹത്തിനു ബാധ്യതയായിത്തീരാതെ, അയാളുടെ വളർച്ച സമൂഹത്തിന്റെ വളർച്ചയാക്കി മാറ്റുന്നതിൽ വിദ്യാഭ്യാസത്തിന് എന്തു ചെയ്യാനാകുമെന്നതായിത്തീരുന്നു ഇവിടത്തെ പ്രസക്തമായ ചോദ്യം. അസ്വസ്ഥത മാത്രം വിതച്ചുകൊണ്ടിരിക്കുന്ന കലാലയാന്തരീക്ഷത്തിലെ പ്രശ്‌നങ്ങളുടെ പരിഹാരമായിത്തീരും ഈ ചോദ്യത്തിനുള്ള ഉത്തരം.

സ്‌കൂൾ, കോളേജ് അന്തരീക്ഷത്തിലേക്ക് രാഷ്ട്രീയം കടന്നുകയറുന്നതും കക്ഷിതിരിഞ്ഞ് അവിടെ തെരഞ്ഞെടുപ്പു നടക്കുന്നതുമാണ് കലാലയങ്ങളെ കലാപഭൂമിയാക്കി മാറ്റുന്നതിന്റെ കാരണമെന്ന പൊതുജന സംസാരത്തെ അങ്ങനെയങ്ങു തള്ളിക്കളയാനോ സ്വീകരിക്കാനോ കഴിയില്ല. കാരണം വിശദീകരിക്കേണ്ടതില്ലാത്തവിധം വ്യക്തമാണ്. ഓരോ വർഷവും കലാലയങ്ങളിലെ തെരഞ്ഞെടുപ്പിനു ശേഷമുണ്ടാകുന്ന അക്രമ സംഭവങ്ങൾ ജനങ്ങളെ അങ്ങനെ ചിന്തിപ്പിക്കുകയാണ്. എന്നാൽ, കുഴപ്പമുണ്ടാക്കുന്നത് രാഷ്ട്രീയമല്ലെന്നും രാഷ്ട്രീയത്തിന്റെ മറപറ്റിയെത്തുന്ന മറ്റു താൽപര്യങ്ങളാണെന്നും സൂക്ഷ്മ പരിശോധനയിൽ വ്യക്തമാവും.

കക്ഷിരാഷ്ട്രീയത്തിന്റെ തണലിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധാർമികതകൾ തഴച്ചു വളരുകയാണ്. രാഷ്ട്രീയമെന്ത്, ഗുണ്ടായിസമെന്ത് എന്ന് തിരിച്ചറിയാത്ത അപക്വമനസ്സുകളെ സ്വാധീനിക്കാനും വഴിതെറ്റിക്കാനും മറ്റു താൽപര്യങ്ങൾക്കുള്ള ആയുധമാക്കാനും അത് അവസരം നൽകുന്നു. ഇതിന് പ്രതിവിധി രാഷ്ട്രീയത്തെ വിദ്യാർഥികളിൽനിന്നു മാറ്റിനിർത്തുകയല്ല, രാഷ്ട്രീയമെന്ത് എന്നു മനസ്സിലാക്കാൻ അവർക്ക് അവസരം നൽകുകയാണ്. ആരോഗ്യകരമായ രാഷ്ട്രീയ പ്രവർത്തനം അപകടമല്ല. അത് ജനാധിപത്യപ്രക്രിയയെ പരിപോഷിപ്പിക്കുന്നതാണ്. പ്രതിപക്ഷ ബഹുമാനവും സഹിഷ്ണുതയും പ്രധാനമാണ്. പ്രവർത്തിക്കാൻ തങ്ങളുടെ സംഘടനയ്ക്ക് സ്വാതന്ത്ര്യമുള്ളതുപോലെ മറ്റു പാർട്ടികൾക്കുമുണ്ടെന്നും വിജയത്തെ പോലെത്തന്നെ പരാജയത്തെയും അംഗീകരിക്കേണ്ടതുണ്ടെന്നും വിദ്യാർഥികൾ തിരിച്ചറിയണം.

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർഥികൾ, അധ്യാപകർ, രക്ഷാകർത്താക്കൾ തുടങ്ങിയ ഘടകങ്ങളുടെ ഒറ്റയ്ക്കും കൂട്ടായതുമായ പരിശ്രമം ആവശ്യമാണ്. മനസ്സിലാക്കാൻ വിഷമമുള്ള പാഠങ്ങൾ മനസ്സിലാക്കുന്നതിന്, പഠനസാമഗ്രികളുടെ അഭാവം പരിഹരിക്കുന്നതിന്, അധ്യയനനിലവാരം മെച്ചപ്പെടുത്തുന്നതിന് എല്ലാം ഇത് ആവശ്യമാണ്. ഇവയുടെയെല്ലാം മെച്ചപ്പെട്ട പരസ്പരബന്ധം നിലനിർത്തിക്കൊണ്ടേ വിദ്യാഭ്യാസരംഗത്തെ ഏതൊരു പ്രശ്‌നവും പരിഹരിക്കാനാവൂ.

വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്ന കൂട്ടായ ആലോചനയാണ് ഇന്നാവശ്യം. വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങളെയും അവയുടെ പരിഹാരമാർഗങ്ങളെയും കുറിച്ച് വിദ്യാർഥി സമൂഹത്തെ ബോധവത്കരിക്കുകയും എന്താണ് രാഷ്ട്രീയ പ്രവർത്തനമെന്നു മനസ്സിലാക്കാനുതകുന്ന രാഷ്ട്രീയബോധം പകർന്നു നൽകുകയുമാണ് വേണ്ടത്.