കളമശ്ശേരി; ബോംബിെൻറ പുകയെ വെല്ലുന്ന പകയുടെ പുക

പത്രാധിപർ

2023 നവംബർ 04 , 1445 റ.ആഖിർ 20

കേരളത്തെ ഞെട്ടിച്ച കളമശ്ശേരി സ്‌ഫോടനം ഏറെ സങ്കടകരമാണ്. ഒരു കുട്ടിയടക്കം മൂന്നുപേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. 50ൽപരം ആളുകൾക്കാണ് പരിക്കുപറ്റിയത്. കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ മേഖലാ കൺവെൻഷനിടെയാണ് ബോംബ് സ്‌ഫോടനം നടന്നത്.

ഏറെ താമസിയാതെ യഹോവ സാക്ഷി വിശ്വാസികളിലൊരാളായ ചെലവന്നൂർ വേലിക്കകത്ത് വീട്ടിൽ മാർട്ടിൻ ഡൊമിനിക് (57) ആണ് സ്‌ഫോടനം നടത്തിയതെന്ന സ്ഥിരീകരണത്തിൽ പൊലീസെത്തി. കൊച്ചി തമ്മനത്ത് വാടകയ്ക്ക് താമസിക്കുകയാണ് മാർട്ടിൻ. താനാണ് സ്‌ഫോടനം നടത്തിയതെന്ന് ഏറ്റുപറഞ്ഞ് മാർട്ടിൻ ഡൊമിനിക് തൃശൂർ കൊടകര സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഉത്തരവാദിത്തമേറ്റുകൊണ്ടുള്ള വീഡിയോയും അയാൾ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചു. സ്‌ഫോടനം നടത്താനുപയോഗിച്ച റിമോർട്ട് കൺട്രോൾ ഉൾപ്പെടെ വീട്ടിൽനിന്ന് കണ്ടെത്തിയതിനെത്തുടർന്ന് പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. യു.എ.പി.എ.ഉൾപ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ട്.

തീവ്രവാദ സ്വഭാവമുള്ള ഒരു ആക്രമണം ലോകത്തിന്റെ ഏതു ഭാഗത്ത് നടന്നാലും അതിനു പിന്നിൽ ഇസ്‌ലാമിക തീവ്രവാദം ആരോപിക്കുക എന്നത് ഒരു സ്വാഭാവിക നടപടിയായി മാറിയ കാലത്താണ് നാം ജീവിക്കുന്നത്. കേരളം എന്ന കൊച്ചുപ്രദേശം അതിന് അപവാദമായിരുന്നു. എന്നാൽ കുറച്ചുകാലമായി കേരളവും ആ ദിശയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഒരു സ്‌ഫോടനമോ, തീവണ്ടിയുടെ ബോഗിക്ക് തീയിടലോ സംഭവിച്ചാലുടൻ പ്രതി അല്ലങ്കിൽ പ്രതികൾ ഇസ്‌ലാമിക തീവ്രവാദികളാണെന്ന വിധി ഉടൻ വരുന്നു. മുസ്‌ലിം നാമധാരിയായ ഒരാൾ പിടിക്കപ്പെട്ടാൽ അയാളുടെ അടിയാധാരംവരെ മാന്തി തീവ്രവാദത്തിന്റെ തെളിവു കണ്ടത്താൻ മാധ്യമങ്ങളും ഒരുവേള നിയമപാലകരും കാണിക്കുന്ന കണിശതയും ജാഗ്രതയും അതിശയിപ്പിക്കുന്നതാണ്.

കളമശ്ശേരി സ്‌ഫോടനം നടന്ന തൊട്ടടുത്ത നിമിഷം മുതൽ മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്താൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ചില വ്യക്തികളും കൂട്ടായ്മകളും ചാനലുകളും മൽസരിക്കുകയായിരുന്നു. കടുത്ത വർഗീയത വിളമ്പിയവരിൽ താഴെ തട്ടിലുള്ള സംഘ പരിവാരങ്ങൾ മുതൽ കേന്ദ്ര മന്ത്രിവരെയുണ്ട്. കാസയും കർമ ന്യൂസും മറുനാടൻ സാജനുമെല്ലാം വർഗീയ വിഷം ചീറ്റുകയായിരുന്നു.

‘ജൂതൻമാരെ കിട്ടാത്തതുകൊണ്ട് യഹോവയുടെ പേരിൽ സമ്മേളിക്കുന്നവരെ ആക്രമിക്കാനുള്ള വിദൂര സാധ്യതയെങ്കിലുമുണ്ട്’ എന്നു പറഞ്ഞത് ഒരു സംഘപരിവാർ പ്രവർത്തകനല്ല; ഇടതുപക്ഷ സൈദ്ധാന്തികനായ സാക്ഷാൽ ഡോ.സെബാസ്റ്റ്യൻ പോൾ ആണ് എന്നത് ഇസ്‌ലാമോഫോബിയ എന്തുമാത്രം ആഴത്തിൽ കേരള മണ്ണിൽ വേരൂന്നിയിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ്. ‘വൻ ബോംബ് സ്‌ഫോടനം’ എന്ന് ബ്രേക്കിംഗ് ന്യൂസ് നൽകിയ ചില ചാനലുകാർ പ്രതിയുടെ പേര് മായിൻ എന്നല്ല മാർട്ടിനാണ് എന്നറിഞ്ഞ നിമിഷം സ്‌ഫോടനത്തെ കേവലം ഗുണ്ടുകളുടെ പൊട്ടിത്തെറിയായി മയപ്പെടുത്തിയതും, പ്രതി ശാന്തസ്വഭാവക്കാരനാണ്, ഇതുവരെ ഒരു കുറ്റകൃത്യത്തിലും ഏർപ്പെടാത്തവനാണ്, മാനസിക വിഭ്രാന്തിയുള്ളവനാണ് എന്നൊക്കെയുള്ള സർട്ടിഫിക്കറ്റ് നൽകി വെളുപ്പിച്ചെടുക്കാൻ ശ്രമിച്ചതും ഭീതിതമായ ചില യാഥാർഥ്യങ്ങളെ തുറന്നുകാട്ടുന്നതാണ്.

കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗം ചേരുകയും ഏകകണ്ഠമായ പ്രമേയം പാസ്സാക്കുകയും ചെയ്തത് വെറുമൊരു ആചാരമായി അവസാനിക്കില്ലെന്നു പ്രതീക്ഷിക്കാം. അവിശ്വാസത്തിന്റെയും അസഹിഷ്ണുതയുടെയും വിഷവിത്തുകൾ വിതക്കാനുള്ള ശ്രമങ്ങളെ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുത്തുതോൽപിക്കുമെന്ന് പറയുന്ന പ്രമേയം സ്പർദ വളർത്താനുള്ള ശ്രമങ്ങളെ മുളയിൽതന്നെ നുള്ളാൻ ഓരോ വ്യക്തിയും മുൻകൈ എടുക്കണമെന്ന് ആഹ്വാനം ചെയ്യുന്നുണ്ട്. കേരളത്തെ കലാപ ഭൂമിയാക്കാൻ ആസൂത്രിതമായി സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് വർഗീയതയുടെ നാമ്പ് നുള്ളുവാൻ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തയ്യാറാകണമെന്നാണ് സമാധാനകാംക്ഷികൾക്ക് സവിനയം അപേക്ഷിക്കാനുള്ളത്.