മനശ്ശാന്തിയുടെ മാർഗം

പത്രാധിപർ

2023 മെയ് 20 , 1444 ശവ്വാൽ 27

പൗലോ കൊയ്‌ലോയുടെ ‘ആൽക്കെമിസ്റ്റ്’ എന്ന കൃതിയിൽ ഒരു സ്വപ്നത്തിന്റെ പിന്നാലെ ഇറങ്ങിത്തിരിച്ച സാന്റിയാഗോ എന്നൊരു യുവാവിന്റെ കഥ പറയുന്നുണ്ട്. സ്‌പെയിനിലെ ടരീഫാ എന്ന ഗ്രാമത്തിലെ ഒരു ആട്ടിടയനായിരുന്നു സാന്റിയാഗോ. ഈജിപ്തിലെ പിരമിഡുകൾക്കിടയിലേക്ക് ഒരു ബാലൻ തന്നെ കൊണ്ടുപോകുന്നതായും ഒരു നിധി കണ്ടെത്തുന്നതായും അവൻ സ്വപ്നം കണ്ടു. സലേമിലെ വൃദ്ധനായ രാജാവ് ‘സഫലമാക്കാൻ ഒരു സ്വപ്നമുണ്ടെങ്കിലേ ജീവിതം അർഥപൂർണമാകുകയുള്ളൂ’ എന്ന് അവനോട് പറഞ്ഞിരുന്നു. അവൻ ഈ വാക്കുകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ആടുകളെ വിറ്റ് കാശുണ്ടാക്കി ഈജിപ്തിലെത്തി. പിരമിഡുകളുടെയിടയിൽ നിധി കണ്ടെത്താൻ കുഴിച്ചുകൊണ്ടിരുന്നപ്പോൾ ഒരു അശരീരിവാക്യം അവന്റെ മനസ്സിൽ മുഴങ്ങി. അവൻ യാത്ര തുടങ്ങിയ ടരീഫാപള്ളിയുടെ മുറ്റത്താണ് നിധിയിരിക്കുന്നത് എന്നായിരുന്നു ആ വാക്യം. അവൻ നാട്ടിലേക്കു തിരിച്ചു. ടരീഫാ പള്ളിയുടെ മുറ്റത്തു കുഴിച്ചുനോക്കി, നിധി കണ്ടെത്തി. നിധി കണ്ടെത്താൻ അന്യനാട്ടിൽ പോകേണ്ടെന്നും സ്വന്തം ഗ്രാമത്തിൽ അതു കണ്ടെത്താമെന്നും അവനു മനസ്സിലായി. ഇതുപോലെയാണ് സമാധാനം. മനുഷ്യന്റെ മനസ്സിൽത്തന്നെയാണ് അതു കണ്ടെത്തേണ്ടത്. അതുതേടി അലയേണ്ടതില്ല. മനസ്സിൽത്തന്നെ അതു കണ്ടെത്താൻപരിശ്രമിക്കണം.

1980ൽ ടൈം മാസിക ഒരു ചിത്രരചനാമത്സരം നടത്തി. സമാധാനം ചിത്രീകരിക്കുന്ന ചിത്രം വരയ്ക്കുവാനാണ് ചിത്രകാരന്മാർക്ക് നിർദേശം കൊടുത്തത്. പരിശോധകസമിതി ഒന്നാം സമ്മാനം കൊടുത്ത ചിത്രത്തിൽ ഒരു കലിതുള്ളുന്ന കടലിനെയാണ് ചിത്രകാരൻ അവതരിപ്പിച്ചിരിക്കുന്നത്. കടൽ അതിശക്തമായി ഇളകിമറിയുകയാണ്. ഈ കടലിൽ ഉയർന്ന് നിൽക്കുന്ന പാറയുടെ മുകളിലുള്ള ഒരു ദ്വാരത്തിൽ ഒരു കുരുവി ശാന്തമായി ഇരിക്കുന്നു.

അപകടങ്ങളും ബുദ്ധിമുട്ടുകളുമില്ലാത്ത അവസ്ഥയല്ല യഥാർഥ സമാധാനം. കഷ്ടപ്പാടിലും ദുഃഖത്തിലും സന്തോഷം കാണുന്നതിലാണ് സമാധാനം കുടികൊള്ളുന്നത്. സമാധാനം ഒന്നാമതായി ഹൃദയത്തിലാണ് സൃഷ്ടിക്കേണ്ടത് എന്നർഥം. ഏതു സംഘർഷവും യുദ്ധവും ആദ്യം മനുഷ്യഹൃദയത്തിലാണല്ലോ സംജാതമാകുന്നത്. മനുഷ്യഹൃദയം സമാധാനപൂർണമാകുന്നത് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണകൊണ്ടാണ് എന്നാണ് വിശുദ്ധ ക്വുർആൻ അറിയിക്കുന്നത്.

സന്തോഷവും സന്താപവും മനുഷ്യജീവിത്തിന്റെ ഭാഗമാണെന്ന സത്യം നാം മറക്കാൻ പാടില്ല. എല്ലാം അല്ലാഹുവിന്റെ വിധിയനുസരിച്ചാണ് സംഭവിക്കുന്നത്. അവസ്ഥകൾ മാറി വരുമ്പോൾ അതിൽ അസ്വസ്ഥരാവുകയെന്നത് സത്യവിശ്വാസികളുടെ ലക്ഷണമല്ല. അല്ലാഹു പറയുന്നു:

‘‘ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളിൽ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയിൽ ഉൾപെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീർച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു. (ഇങ്ങനെ നാം ചെയ്തത്) നിങ്ങൾക്കു നഷ്ടപ്പെട്ടതിന്റെ പേരിൽ നിങ്ങൾ ദുഃഖിക്കാതിരിക്കുവാനും നിങ്ങൾക്ക് അവൻ നൽകിയതിന്റെ പേരിൽ നിങ്ങൾ ആഹ്ലാദിക്കാതിരിക്കുവാനും വേണ്ടിയാണ്. അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല’’ (57:22,23).

സത്യവിശ്വാസിയുടെ മാത്രം പ്രത്യേകതയായി നബി ﷺ എടുത്തു പറഞ്ഞ കാര്യമാണ്; സന്തോഷം ഉണ്ടായാൽ അവൻ അല്ലാഹുവിന് നന്ദി രേഖപ്പെടുത്തുന്നു. ദുഃഖം ഉണ്ടായാൽ ക്ഷമിക്കുകയും ചെയ്യുന്നു. അത് രണ്ടും അവന് ഗുണകരമാണ് എന്നത്. അത്തരക്കാരുടെ മനസ്സ് എപ്പോഴും ശാന്തമായിരിക്കും.