പ്രവാചകചര്യ: പ്രസക്തിയും പ്രാധാന്യവും

പത്രാധിപർ

2023 ജനുവരി 14, 1444 ജുമാദുൽ ഉഖ്റാ 20

‘അല്ലാഹു മാത്രമാണ് ആരാധനക്കർഹൻ; മുഹമ്മദ് ﷺ അല്ലാഹുവിന്റെ ദൂതനാണ്’ എന്ന ഇസ്‌ലാമിന്റെ അടിസ്ഥാനവാക്യത്തിന്റെ സാധൂകരണത്തിൽ പ്രവാചകചര്യ പിൻപറ്റുന്നതിന് പരമപ്രധാനമായ പങ്കുണ്ട്. പ്രവാചകന്റെ ജീവിതചര്യ പിന്തുടരാതെ ‘മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാണ്’ എന്നു പറയുന്നത് നിരർഥകമായ പ്രഖ്യാപനമാണ്. ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും ഇസ്‌ലാമിക ജീവിതത്തിന്റെയും നിർണയത്തിൽ പ്രവാചകചര്യക്കുള്ള അടിസ്ഥാനപരമായ ദൗത്യവും പങ്കും അംഗീകരിക്കാതിരിക്കുക എന്നത് ഇസ്‌ലാമിനെത്തന്നെയും തിരസ്‌കരിക്കലാണ്.

വേദത്തിന്റെ പ്രാവർത്തികതയും പ്രായോഗികതയും മാനവരാശിക്കു ലഭ്യമാകുന്നതിൽ പ്രവാചകചര്യയൊഴിച്ച് മറ്റൊരു പ്രമാണരേഖ മനുഷ്യരാശിക്കു മുന്നിലില്ല. ക്വുർആൻ ഇസ്‌ലാമിന്റെ അന്തിമവേദവും മാനവരാശിയുടെ വഴികാട്ടിയുമാണ് എന്നതിന്റെ സാധൂകരണം തന്നെ പ്രവാചകചര്യ പിൻപറ്റലിലൂടെയാണ് സാധ്യമാവുക. ക്വുർആൻ സൂക്തങ്ങൾ മാത്രമാണ് ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും ജീവിതരീതിയുടെയും അടിസ്ഥാന പ്രമാണങ്ങളെന്നു പറയുന്നവർ ഫലത്തിൽ പ്രവാചകനെ നിഷേധിക്കുകയാണ് ചെയ്യുന്നത്.

അല്ലാഹു നിർദേശിച്ചതനുസരിച്ചുള്ള, റസൂലിന്റെ വിധികൾ കണ്ടെത്തുക അദ്ദേഹത്തിന്റെ ജീവിതത്തിലാണ്. ആ ജീവിതമാണ് സുന്നത്ത്. എന്റെ സുന്നത്ത് പിൻപറ്റേണ്ട, ക്വുർആൻ മാത്രം പിൻപറ്റിയാൽമതി എന്നല്ല, ക്വുർആനും എന്റെ സുന്നത്തും പിൻപറ്റുവിൻ എന്നാണ് നബി ﷺ പറഞ്ഞിട്ടുള്ളത്. ഇക്കാര്യം ക്വുർആൻ ആവർത്തിച്ച് പറയുന്നത് കാണാം.

അല്ലാഹുവിനെ അഥവാ അവന്റെ വേദത്തെ മാത്രമെ ഞങ്ങൾ പിൻപറ്റുകയുള്ളൂ എന്ന വിരുദ്ധ നിലപാടിനെ, അല്ലാഹുവിനെയും ദൂതനെയും നിരാകരിക്കുന്ന പ്രതിലോമക നിലപാടും അവിശ്വാസത്തിന്റെ അടയാളവുമായിട്ടാണ് ക്വുർആൻ പഠിപ്പിക്കുന്നത്.

“അല്ലാഹുവിലും അവന്റെ ദൂതൻമാരിലും അവിശ്വസിക്കുകയും (വിശ്വാസകാര്യത്തിൽ) അല്ലാഹുവിനും അവന്റെ ദൂതൻമാർക്കുമിടയിൽ വിവേചനം കൽപിക്കാൻ ആഗ്രഹിക്കുകയും ഞങ്ങൾ ചിലരിൽ വിശ്വസിക്കുകയും ചിലരെ നിഷേധിക്കും ചെയ്യുന്നുവെന്ന് പറയുകയും അങ്ങനെ അതിന്നിടയിൽ (വിശ്വാസത്തിനും അവിശ്വാസത്തിനുമിടയിൽ) മറ്റൊരു മാർഗം സ്വീകരിക്കാനുദ്ദേശിക്കുകയും ചെയ്യുന്നവരാരോ, അവർതന്നെയാകുന്നു യഥാർഥത്തിൽ സത്യനിഷേധികൾ. സത്യനിഷേധികൾക്ക് അപമാനകരമായ ശിക്ഷ നാം ഒരുക്കിവെച്ചിട്ടുണ്ട്’’ (4: 151).

അല്ലാഹുവിന്റെ ദൂതൻമാരെ തള്ളിക്കളഞ്ഞുകൊണ്ട് അല്ലാഹുവിൽ വിശ്വസിക്കുക സാധ്യമല്ല. അല്ലാഹുവിൽ ശരിയായി വിശ്വസിക്കുന്നതിന്റെ മാർഗദർശനം ദൂതൻമാരിലൂടെയാണു ലഭ്യമാകുന്നത്. അതുകൊണ്ടാണ് അല്ലാഹുവിനും ദൂതൻമാർക്കുമിടയിൽ ഭിന്നത കൽപിക്കുന്നതിലേക്കാണ് ദൂതൻമാരെ അവഗണിക്കൽ നയിക്കുക എന്നു പറയുന്നത്. ഇസ്‌ലാമിന്റെതല്ലാത്ത മറ്റൊരു മാർഗം എന്നുതന്നെ വിശുദ്ധ ക്വുർആൻ ദൂതൻമാരെ നിരാകരിക്കുന്ന പ്രവണതയെ വിശേഷിപ്പിക്കുന്നു. അതിനാൽ ഇസ്‌ലാം എന്ന ദൈവിക മാർഗദർശനത്തെ പിന്തുടരുവാൻ പ്രവാചകനെ പിൻപറ്റൽ അനിവാര്യമാണ്. ഞങ്ങൾ ക്വുർആൻ മാത്രമെ അവലംബിക്കുകയുള്ളൂ എന്നു പറയുന്നവരുടെ സ്ഥാനം എവിടെയെന്ന് ഉപരിസൂചിത സൂക്തം വ്യക്തമാക്കുന്നു. താഴെ കൊടുക്കുന്ന ക്വുർആൻ വചനം മാത്രം മതി പ്രവാചകചര്യയുടെ പ്രസക്തിയും പ്രാധാന്യവും മനസ്സിലാക്കുവാൻ:

“(നബിയേ,) പറയുക: നിങ്ങൾ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കിൽ എന്നെ നിങ്ങൾ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. പറയുക: നിങ്ങൾ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിൻ. ഇനി അവർ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്‌നേഹിക്കുന്നതല്ല; തീർച്ച’’ (3:31,32).