എന്തിന് സമ്മേളനം?

പത്രാധിപർ

2023 ഫെബ്രുവരി 11, 1444 റജബ് 19

മുജാഹിദ് പ്രസ്ഥാനം ഒരു സമ്മേളനം നടത്തുമ്പോൾ അതിനു പിന്നിൽ മഹത്തായ ലക്ഷ്യമുണ്ടാകും. ഓരോ കാലഘട്ടത്തിലും പ്രബോധനരംഗത്ത് ഏറ്റവും ഉചിതവും ഫലപ്രദവുമായ വഴി സ്വീകരിക്കുന്നതിൽ പ്രസ്ഥാനത്തിന്റെ മുൻഗാമികളായ നേതാക്കൾ ദീർഘവീക്ഷണമുള്ള നിലപാടുകൾ സ്വീകരിക്കുന്നവരായിരുന്നു. അതിൽപെട്ട ഒന്നാണ് സമ്മേളനം. മുജാഹിദ് പ്രസ്ഥാനത്തിന്റെ വളർച്ചയിലും വികാസത്തിലും സമ്മേളനങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. ആരംഭ കാലഘട്ടത്തിൽ പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നവർ വീടുകളിൽനിന്നുള്ള ബഹിഷ്‌കരണവും മഹല്ലുകളിൽനിന്നുള്ള ഊരുവിലക്കും മറ്റും കൊണ്ട് പ്രയാസപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. സമൂഹത്തിൽ തൗഹീദ് ഉൾക്കൊണ്ട് ജീവിക്കുന്നവർ ന്യൂനപക്ഷം മാത്രമായിരുന്നു അന്ന്. അഞ്ച് വർഷത്തിലൊരിക്കൽ സംഘടിപ്പിക്കപ്പെടുന്ന സംസ്ഥാന സമ്മേളനത്തിൽ ഒരു സ്ഥലത്ത് ഒരുമിച്ചു കൂടുമ്പോൾ അവർക്ക് ലഭിച്ചിരുന്ന ആത്മവിശ്വാസവും ആത്മാഭിമാനവും ധൈര്യവും ചെറുതല്ലായിരുന്നു. അങ്ങനെയുള്ള ആളുകളെക്കൊണ്ടാണ് ഓരോ സമ്മേളനവും വിജയിച്ചതും പ്രസ്ഥാനത്തിന് കേരളത്തിലങ്ങോളമിങ്ങോളം വേരോട്ടമുണ്ടായതും. ഓരോ സമ്മേളനവും കഴിയുമ്പോൾ പുതിയ പ്രദേശങ്ങളിലേക്ക് പ്രസ്ഥാനം പ്രവേശിക്കുകയും സ്ഥാപനങ്ങളും പള്ളികളും ഉണ്ടാവുകയും ചെയ്തിരുന്നു. സമ്മേളനത്തിനു മുന്നോടിയായി മാസങ്ങൾ നീണ്ടുനിൽക്കുന്ന വ്യത്യസ്തങ്ങളായ പ്രചാരണ പരിപാടികളിലൂടെ പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന ആദർശം നാടിന്റെ മുക്കുമൂലകളിൽ എത്തിച്ചിരുന്നു. അത് ഒട്ടേറെയാളുകളെ ഇസ്‌ലാമിന്റെ യഥാർഥ പാതയിലേക്ക് നയിക്കാൻ നിമിത്തമായി മാറുകയും ചെയ്തിരുന്നു.

അതിന്റെ തുടർച്ചയാണ് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ നടത്തുന്ന സമ്മേളനം അടക്കമുള്ള ബഹുമുഖങ്ങളായ പ്രബോധന പ്രവർത്തനങ്ങൾ. “യുക്തിദീക്ഷയോടുകൂടിയും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാർഗത്തിലേക്ക് നീ ക്ഷണിച്ചുകൊള്ളുക. ഏറ്റവും നല്ല രീതിയിൽ അവരുമായി സംവാദം നടത്തുകയും ചെയ്യുക...’’ എന്ന അല്ലാഹുവിന്റെ ആഹ്വാനമാണ് (ക്വുർആൻ 16:125) നമ്മുടെ പ്രചോദനം.

തൗഹീദ് അഥവാ ഏകദൈവ വിശ്വാസവും ഏകദൈവാരാധനയും ഇസ്‌ലാമിന്റെ ജീവനാണ്. ജീവൻ പോയാൽ ശരീരം നിശ്ചലമാകും. അതുപോലെ, ഒരാളുടെ മതജീവിതത്തിൽ തൗഹീദില്ലെങ്കിൽ അയാളുടെ മതം നിർജീവമാണ്. പ്രപഞ്ചസ്രഷ്ടാവും എല്ലാം നിയന്ത്രിക്കുന്നവനും ഏകനായ അല്ലാഹുവാണ്. ജനിപ്പിക്കുന്നതും മരിപ്പിക്കുന്നതും അവനാണ്. ഈ കഴിവുകളൊക്കെ അല്ലാഹുവിന്റെ സൃഷ്ടികളിൽ ചിലർക്കുണ്ടെന്ന് വിശ്വസിക്കുന്നതും അവരോട് പ്രാർഥിക്കുന്നതും തൗഹീദിന് വിരുദ്ധമാണ് അഥവാ ശിർക്കാണ്. എന്നാൽ സമുദായത്തിൽ നല്ലൊരു വിഭാഗം ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നത്!

ഒരു ഭാഗത്ത് സ്വതന്ത്രവാദം എല്ലാ അതിരുകളും ഭേദിച്ച് മുന്നേറുന്നു. മറുഭാഗത്ത് ധാർമികതയുടെ ആണിക്കല്ലായ ഇസ്‌ലാമിക പ്രമാണങ്ങളിൽ സംശയം ജനിപ്പിക്കുന്ന പ്രവണത വളർന്നുവരുന്നു. ക്വുർആനിനെ നേരിട്ട് അക്രമിക്കാൻ പ്രയാസമുള്ളതുകൊണ്ട് ഹദീസുകളെയാണ് ആദ്യം സംശയത്തിന്റെ നിഴലിൽ നിർത്തുന്നത്. പുരുഷനും സ്ത്രീയും തമ്മിൽ വിവാഹം ചെയ്യുന്ന രീതിയാണ് നമ്മുടെ നാട്ടിൽ തുടർന്ന് വരുന്നത്. എന്നാൽ ഇനിമുതൽ വിവാഹം പുരുഷനും പുരുഷനും സ്ത്രീയും സ്ത്രീയും തമ്മിലായാൽ കുറ്റകരമല്ലെന്ന കോടതി വിധി വന്നുകഴിഞ്ഞു. ജെന്റർ സാമൂഹിക നിർമിതിയാണ് എന്ന നയം പാഠ്യപദ്ധതിയിൽ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു! പെണ്ണ് ആണായും നേരെ തിരിച്ചും സ്വയം ഐഡന്റിഫൈ ചെയ്ത് സ്ത്രീയുടെ ഗർഭധാരണത്തെ പുരുഷൻ ഗർഭം ധരിച്ചതായുള്ള വാർത്തകൾ മലയാളക്കരയിലും വന്ന് തുടങ്ങി. ഫാസിസം അതിന്റെ ഓരോ ആയുധവും പുറത്തെടുത്തുകൊണ്ടിരിക്കുന്നു. ഇങ്ങനെ ഒട്ടേറെ ഗൗരവമുള്ള കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താനുണ്ട്. അതിനാണ് സമ്മേളനം. അതിനാണ് സമ്മേളനത്തിനു മുമ്പുള്ള പ്രബോധന, പ്രചാരണ പ്രവർത്തനങ്ങൾ...ഇത് സമ്മേളനത്തിനു വേണ്ടിയുള്ള സമ്മേളനമല്ല. മുസ്‌ലിം ഉമ്മത്തിന് ദിശാബോധം നൽകലാണ്. എല്ലാ മനുഷ്യരുടെയും അകക്കണ്ണു തുറക്കുന്നതിലേക്കുള്ള ക്ഷണമാണ്.