കറുപ്പ് ഭയപ്പെടേണ്ട ഒരു നിറമാണെന്നോ?

പത്രാധിപർ

2023 ഫെബ്രുവരി 25, 1444 ശഅ്ബാൻ 04

രാഷ്ട്രീയത്തിൽ നിറങ്ങൾക്കുള്ള സ്ഥാനം അത്ര ചെറുതല്ല. കൊടികളിലെ നിറഭേദങ്ങളും ചിഹ്നങ്ങളും പാർട്ടികളുടെ മുഖമുദ്രയാണ്. നിറങ്ങളിൽ രാഷ്ട്രീയം മാത്രമല്ല, മതംകൂടിയുണ്ട് എന്ന് ചിലർ ഇടയ്ക്കിടെ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ കറുപ്പ് എന്ന നിറം കേരളത്തിലെ വലിയ ചർച്ചാവിഷയമാണ്. എന്താണ് കറുപ്പിന്റെ പ്രത്യേകത?

“ഒരു പ്രകാശവും പ്രതിഫലിപ്പിക്കാത്ത വസ്തുക്കളുടെ നിറമാണ് കറുപ്പ്. അവ എല്ലാ തീവ്രതയിലുള്ള പ്രകാശത്തേയും വലിച്ചെടുക്കുന്നു. എല്ലാ നിറങ്ങളിലുമുള്ള ചായങ്ങളോ മഷികളോ മറ്റു പിഗ്‌മെന്റുകളോ കൂട്ടിച്ചേർക്കുകയാണെങ്കിൽ ക്രമേണ എല്ലാ പ്രകാശവും വലിച്ചെടുത്ത് കറുത്ത നിറത്തിൽ കാണപ്പെടുന്ന മിശ്രിതം ഉണ്ടാകുന്നു. ഈ കാരണത്താൽ ‘എല്ലാ നിറങ്ങളുടേയും മിശ്രിതം’ എന്ന് കറുപ്പിനെ തെറ്റായി പരാമർശിക്കാറുണ്ട്. ഒരു നിറവും പ്രതിഫലിക്കാതെ വരുമ്പോൾ കണ്ണിലെ കോൺ കോശങ്ങൾ ഉത്തേജിക്കപ്പെടാതിരിക്കുന്നതാണ് ഒരു വസ്തുവിനെ കറുപ്പായിത്തോന്നാൽ കാരണം’’ (വിക്കീപീഡിയ).

നമ്മുടെ നാട്ടിൽ കറുപ്പ് ഒരു വില്ലനായി മാറിയിരിക്കുന്നതിന്റെ കാരണം ഇതൊന്നുമല്ല. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയിലെവിടെയും കറുപ്പു നിറം കാണാൻ പാടില്ല എന്ന പൊലീസിന്റെ തിട്ടൂരമാണ് കാരണം. ആരെങ്കിലും മരണപ്പെട്ടാൽ ദൂഃഖ സൂചകമായി കറുത്ത കൊടി നാട്ടുന്ന സമ്പ്രദായം നിലവിലുണ്ട് . അതുകൊണ്ടാണോ നമ്മുടെ ഭരണാധികാരികൾ കറുത്ത നിറത്തെ ഭയപ്പെടുന്നത്? പ്രതിഷേധ സമരം നടത്തുന്നവർ കറുത്ത ഒരു തുണിക്കഷ്ണം ഉയർത്തിക്കാണിക്കുമ്പോഴേക്കും ജനപ്രതിനിധികൾ ഭയപ്പെടുന്നതിനും അവരെ പിടിക്കാനും അടിക്കാനും അറസ്റ്റ് ചെയ്യാനും പൊലീസ് ജാഗ്രത കാണിക്കുന്നതിനും പിന്നിലെ കാരണമെന്താണെന്നു മനസ്സിലാകുന്നില്ല. കത്തിയോ ബോംബോ ഗ്രനേഡോ ഉയർത്തിക്കാണിക്കുകയാണെങ്കിൽ ഇങ്ങനെ ചെയ്യുന്നതിലെ സാംഗത്യം മനസ്സിലാക്കാം.

കണ്ണൂരിൽ സിപിഎം മുൻ എംഎൽഎയുടെ മരണവീടിനു മുന്നിൽ കെട്ടിയ കറുത്ത കൊടിപോലും പൊലീസ് അഴിപ്പിച്ചതായും വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു യൂത്ത് ലീഗ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയതായും പത്രങ്ങൾ എഴുതുന്നു. കോഴിക്കോട് മീഞ്ചന്ത ഗവ. ആർട്‌സ് കോളേജിലെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രവും മാസ്‌കും ഒഴിവാക്കാൻ കോളേജ് അധികൃതർ വിദ്യാർഥികൾക്ക് നിർദേശം നൽകി. ചടങ്ങിനെത്തിയവരുടെ ബാഗ് ഉൾപ്പെടെ പരിശോധിച്ചു. കോളേജ് ഐഡന്റിറ്റി കാർഡോ പ്രത്യേക പാസ്സോ ഇല്ലാത്തവരെ പ്രവേശിപ്പിച്ചില്ല. മാധ്യമ പ്രവർത്തകരെയും തടയാൻ ശ്രമിച്ചു... ഇങ്ങനെ തുടരുന്നു വാർത്ത.

പ്രതിഷേധ സമരക്കാർ അക്രമിക്കാൻ ശ്രമിക്കുകയാണെങ്കിൽ പൊലീസിന് ഇടപെടാം. വാഹനത്തിനു മുന്നിലേക്ക് ചാടുകയാണെങ്കിൽ പിടിച്ചുമാറ്റാം. എന്നാൽ ഒരു ഭരണാധികാരി കനത്ത സുരക്ഷാസംവിധാനത്തോടെ റോഡിലൂടെ കുതിച്ചു പായുമ്പോൾ റോഡരികിൽ കറുത്ത കൊടിപിടിച്ച് ആരെങ്കിലും നിൽക്കുന്നുണ്ടെങ്കിൽ, കറുത്ത മാസ്‌കോ കറുത്ത കുപ്പായമോ ധരിച്ച് ആരെങ്കിലും വഴി നടക്കുന്നുണ്ടെങ്കിൽ എന്ത് അപകടമാണ് അതിൽ പതിയിരിക്കുന്നത്? കറുത്ത തുണിക്കഷ്ണം വീശിക്കാണിച്ചാൽ എന്ത് വിപത്താണ് സംഭവിക്കാൻ പോകുന്നത്? ആ തുണിയുടെ നിറം ചുവപ്പോ പച്ചയോ ആണെങ്കിൽ ആ നിറങ്ങളെയും പടിക്കു പുറത്ത് നിറുത്തുമോ?

ഒരു ജനാധിപത്യ രാഷ്ട്രത്തിൽ, ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലേറുന്നവർ ആരായാലും അവർക്കെതിരെ വിവിധ തരത്തിലുള്ള ആരോപണങ്ങളുയരുമ്പോൾ പ്രതിപക്ഷത്തുള്ള പാർട്ടികളുടെയും മറ്റു ജനകീയ സംഘടനകളുടെയും ഭാഗത്തുനിന്ന് പ്രതിഷേധമുണ്ടാവുക സ്വാഭാവികമാണ്. ആ പ്രതിഷേധങ്ങളാണ് ജനാധിപത്യത്തിന്റ ശക്തിയും സൗന്ദര്യവും. അക്രമസ്വഭാവം സ്വീകരിക്കാത്തകാലത്തോളം പ്രതിഷേധങ്ങളെ അടിച്ചമർത്തിക്കുടാ. കരിങ്കൊടിയെ തങ്ങൾക്ക് ഭയമില്ല, നിങ്ങൾ വീശിക്കോളൂ എന്ന നിലപാട് സ്വീകരിക്കാനുള്ള ആർജവമാണ് ഭരണാധികാരികൾ കാണിക്കേണ്ടത്; അല്ലാതെ കറുത്ത മാസ്‌ക് പോലും ധരിക്കരുത് എന്ന് കൽപിക്കാനല്ല.