ജീർണതകളിൽനിന്നുള്ള മോചനം അസാധ്യമോ?

പത്രാധിപർ

2023 ആഗസ്റ്റ് 19 , 1445 സ്വഫർ 03

സർവ രംഗത്തും ജീർണത പടർന്നുപിടിക്കുന്ന അവസ്ഥയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. വിദ്യാർഥിസമൂഹത്തിലും യുവാക്കൾക്കിടയിലും ലഹരിയുടെ ഉപയോഗവും വഴിവിട്ട ലൈംഗികതയും വളർന്നുകൊണ്ടിരിക്കുന്നു. അവിഹിതബന്ധങ്ങളുടെ ഫലമായി ദാമ്പത്യബന്ധങ്ങളുടെ തകർച്ചയുടെ ഗ്രാഫ് കുതിച്ചുയരുകയാണ്. നീതിന്യായ, നിയമപാലന, ഉദ്യോഗ, കച്ചവട രംഗങ്ങളിലും ജീർണതക്ക് കുറവില്ല. മതരംരത്ത് ആത്മീയ ചൂഷണങ്ങളും അപരമത വിദ്വേഷവും പെരുകുകയാണ്. രാഷ്ട്രീയ രംഗത്തെ അവസ്ഥ പറയുകയും വേണ്ട!

താൻ ജീവിക്കുന്ന ചുറ്റുപാടുകളും സാഹചര്യവും മനുഷ്യന്റെ സ്വഭാവത്തെ ശക്തമായി സ്വാധീനിക്കുന്നു എന്നത് ഒരു വസ്തുതയാണ്. വളരുന്ന ചുറ്റുപാട് വികൃതവും ജീർണവുമാണെങ്കിൽ മനുഷ്യൻ തിന്മയുടെ വക്താവായിത്തീരുന്നു. ജീവിത പശ്ചാത്തലം ശുദ്ധവും സംസ്‌കാര സമ്പന്നവുമാണെങ്കിൽ അവനിൽ നന്മ പ്രതിഫലിച്ച് കാണും. ദൈവം നിശ്ചയിച്ച പരിധികൾ തകർത്ത് സർവതന്ത്ര സ്വതന്ത്രരായി വിരാജിക്കുവാൻ മനുഷ്യൻ തയ്യാറാകുന്നതിന്റെ ഫലമായി അവന്റെ മുമ്പിൽ പ്രതിസന്ധികൾ കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്നു. അത്തരക്കാർക്ക് മനസ്സമാധാനം ഒരു കിട്ടാക്കനിയായിരിക്കുന്നു.

നബിﷺ പറഞ്ഞു: “അറിയുക! ശരീരത്തിൽ ഒരു മാംസപിണ്ഡമുണ്ട്. അത് നന്നായാൽ ശരീരമാസകലം നന്നായി. അത് ദുഷിച്ചാൽ ശരീരമാസകലം ദുഷിക്കുകയും ചെയ്തു. അറിയുക! അതത്രെ ഹൃദയം’’ (ബുഖാരി, മുസ്‌ലിം).

ഹൃദയത്തിന്റെ തിന്മകളിൽനിന്നും കെടുതികളിൽനിന്നും നബിﷺ അല്ലാഹുവിനോട് രക്ഷതേടിയതായും നമ്മോട് അതിന് നിർദേശിച്ചതായും ഹദീസുകളിൽ കാണാം. അവിടുന്ന് പറഞ്ഞു: “നീ ഇപ്രകാരം അല്ലാഹുവിനോട് രക്ഷ തേടുക: ‘ഞാൻ എന്റെ കേൾവിയുടെ ഉപദ്രവത്തിൽനിന്നും എന്റെ കാഴ്ചയുടെ ഉപദ്രവത്തിൽനിന്നും എന്റെ അറിവിന്റെ കെടുതികളിൽനിന്നും എന്റെ ഹൃദയത്തിന്റെ ദോഷങ്ങളിൽനിന്നും എന്റെ ലൈംഗികാവയവത്തിന്റെ തിന്മകളിൽനിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു’’ (അഹ്‌മദ്, അബൂദാവൂദ്).

ശരീരവും വസ്ത്രവും പരിസരവുമൊക്കെ വൃത്തിയായി സൂക്ഷിക്കണമെന്നും ശുദ്ധി വിശ്വാസത്തിന്റെ ഭാഗമാണെന്നുമൊക്കെ ഇസ്‌ലാം പഠിപ്പിക്കുന്നു. കേവലം ബാഹ്യമായ അത്തരം ശുദ്ധിമാത്രമല്ല ഇസ്‌ലാം നമ്മോട് ആവശ്യപ്പെടുന്നത്. പ്രത്യുത, ആന്തരികമായ വിശുദ്ധി അഥവാ വിമലീകരിക്കപ്പെട്ട മനസ്സ്, അതാണ് വിജയത്തിന്റെ ആധാരശിലയെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: “തീർച്ചയായും അതിനെ പരിശുദ്ധമാക്കിയവൻ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവൻ തീർച്ചയായും നിർഭാഗ്യമടയുകയും ചെയ്തു’’(ക്വുർആൻ 91:9,10).

മനസ്സിനെ മലീമസമാക്കുന്ന എല്ലാവിധ ദുർഗുണങ്ങളിൽനിന്നും രക്ഷപ്പെടാനും രോഗമുക്തമായ ഒരു മനസ്സിന്റെ ഉടമയാകുവാനും ആദ്യമായി നാം ശ്രദ്ധിക്കേണ്ടത് ജീവിതത്തിന്റെ പരമമായ ലക്ഷ്യം തിരിച്ചറിഞ്ഞ് നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന, എണ്ണമറ്റ അനുഗ്രഹങ്ങൾ നമുക്ക് ചൊരിഞ്ഞുതന്ന, തന്നുകൊണ്ടിരിക്കുന്ന നമ്മുടെ സ്രഷ്ടാവിനെ തിരിച്ചറിഞ്ഞ് അവനുവേണ്ടി നിലകൊള്ളുവാനാണ്. അല്ലാഹുവിനെ ശരിയായ രൂപത്തിൽ ഉൾക്കൊണ്ടാൽ അവന്റെ കൽപനാനിർദേശങ്ങൾക്കനുസരിച്ച് ആത്മാർഥമായി പ്രവർത്തിക്കാൻ നമുക്ക് സാധിക്കും. എല്ലാവിധ ജീർണതകളിൽനിന്നും മുക്തമായ ജീവിതം നയിക്കുവാൻ സാധിക്കും.