ഉയരുന്ന വിജയശതമാനവും ഉയരാത്ത സൗകര്യങ്ങളും

പത്രാധിപർ

2023 മെയ് 27 , 1444 ദുൽഖഅ്ദ 07

2022-23ലെ പത്താം ക്ലാസ് പരീക്ഷയുടെ റിസൽട്ട് പുറത്തുവന്നതിന്റെ ഹരത്തിലാണ് വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും സ്‌കൂൾ അധികൃതരുമെല്ലാം. വിജയ ശതമാനം 99.70 ആണ്. വിജയിക്കാത്തവർ വിരളം. മുഴുവൻ എ പ്ലസ് നേടിയവരുടെ എണ്ണം 68,604. ആകെ 3061 സ്‌കൂളുകളിൽ 2581 ഇടത്തും മുഴുവൻ വിദ്യാർഥികളും ഉപരിപഠന യോഗ്യത നേടി.

വിജയ ശതമാനം ഇത്തരത്തിൽ ഉയരാൻ കാരണം എല്ലാ കുട്ടികളും ഒരുപോലെ നന്നായി പഠിച്ചതോ ‘ജയിപ്പിച്ച് വിട്ടതോ’ എന്ന ചോദ്യം അപ്രസക്തമല്ല. അതെന്തോ ആകട്ടെ, ജയിച്ച കുട്ടികൾക്കെല്ലാം ഉപരി പഠനത്തിനുള്ള അവസരമുണ്ടോ? പ്ലസ് വൺ കോഴ്‌സിന് അപേക്ഷിക്കുന്ന കുട്ടികൾക്കെല്ലാം പ്രവേശനം കിട്ടുമോ? ഓരാ ജില്ലയിലെയും ഉപരി പഠനത്തിനു യോഗ്യത നേടിയ കുട്ടികൾക്ക് അവരവരുടെ ജില്ലകളിൽതന്നെ പഠിക്കാനുള്ള സീറ്റുകളുണ്ടോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. പല ജില്ലകളിലും ആവശ്യമായ സീറ്റുകൾ ഇല്ല. മലബാർ മേഖലയിലാണ് സീറ്റുകളുടെ കുറവ് കൂടുതലുള്ളത്. അതിൽതന്നെ മലപ്പുറം ജില്ലയിലാണ് കൂടുതൽ കുറവ്.

കോഴിക്കോട് ജില്ലയിൽ തുടർപഠനത്തിന് യോഗ്യത നേടിയവരും നിലവിലുള്ള സീറ്റുകളും തമ്മിൽ 9218ന്റെ അന്തരമാണുള്ളത്. മലപ്പുറം ജില്ലയിലാകട്ടെ 35877 സീറ്റുകളുടെ കുറവാണുള്ളത്. 77827 കുട്ടികൾ തുടർപഠനത്തിന് അവസരം നേടിയ മലപ്പുറം ജില്ലയിൽ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിലുള്ള ആകെ സീറ്റ് 41950 മാത്രമാണ്. 35877 കുട്ടികൾക്ക് സീറ്റില്ലെന്നർഥം.

മലബാർ മേഖലയിലെ മറ്റു ജില്ലകളിലെ സീറ്റ് കുറവിന്റെ കണക്ക് ഇങ്ങനെ: പാലക്കാട് 4834, വയനാട് 1786, കണ്ണൂർ 4714, കാസർകോട് 3581. തിരുവനന്തപുരത്ത് 990, കൊല്ലത്ത് 2181, പത്തനംതിട്ടയിൽ 6277, ആലപ്പുഴയിൽ 3630, കോട്ടയത്ത് 5497, ഇടുക്കിയിൽ 1855, എറണാകുളത്ത് 895, തൃശൂരിൽ 441 എണ്ണം സീറ്റുകൾ അധികമാണ് എന്നതോർക്കുക. അത്രയും സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് മലബാർ ജില്ലകളിലെ കുട്ടികൾ പുറത്തിരിക്കേണ്ടി വരുന്നത്.

മലബാർ ജില്ലകളിലെ ഹയർ സെക്കന്ററി സീറ്റ് ക്ഷാമം പരിഹരിക്കാൻ മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിൽ 150 അധിക ബാച്ച് അനുവദിക്കണമെന്ന് കാർത്തികേയൻ നായർ സമിതി ശുപാർശ ചെയ്തിരുന്നു. എന്നാൽ സർക്കാർ ഇതുവരെയും അത് പരിഗണിച്ചിട്ടില്ല. ഈ ജില്ലകളിൽ 10 ശതമാനം സീറ്റ് വർധന അനുവദിക്കാമെന്നും മറ്റു ജില്ലകളിൽ സീറ്റ് വർധന പാടില്ലെന്നും നിർദേശത്തിലുണ്ട്. ഇത് പരിഗണിച്ചാൽ ഒരു ബാച്ചിൽ പരമാവധി 55 വിദ്യാർഥികൾക്കായിരിക്കും പ്രവേശനമുണ്ടായിരിക്കുക.

സീറ്റ് വർധന 10 ശതമാനത്തിലേക്ക് ചുരുക്കുകയും പുതിയ ബാച്ച് അനുവദിക്കാതിരിക്കുകയും ചെയ്താൽ ഉപരിപഠനത്തിന് അവസരം ലഭിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയും. അധിക ബാച്ചില്ലെന്നും കുട്ടികളില്ലാത്ത ബാച്ചുകളുടെ പുനഃക്രമീകരണമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നുമാണ് നേരത്തെ അധ്യാപക സംഘടനകളുടെ യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നത്. ഈ നിലപാടുമായി സർക്കാർ മുന്നോട്ടുപോകുകയാണെങ്കിൽ ഇത്തവണയും വിദ്യാർഥികളുടെ ഉപരിപഠന മോഹം തകരും. കഴിഞ്ഞ അധ്യായന വർഷത്തിൽ കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ 25,054 പ്ലസ് വൺ സീറ്റുകളാണ് കുറവുണ്ടായിരുന്നത്. മാർജിനൽ വർധനവിലൂടെ 4875 സീറ്റുകൾ ലഭിച്ചെങ്കിലും 20179 വിദ്യാർഥികൾക്ക് അവസരം നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. ഓരോ ക്ലാസിലും അറുപത്തിയഞ്ചിൽ കൂടുതൽ വിദ്യാർഥികളെയിരുത്തുന്നതും വലിയ പ്രയാസമാണ് സൃഷ്ടിച്ചത്. സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നും കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അകറ്റുമെന്നും പ്രതീക്ഷിക്കാം.