സംഘടിത പ്രവർത്തനങ്ങളുടെ നേട്ടങ്ങൾ

പത്രാധിപർ

2023 ജൂലൈ 01 , 1444 ദുൽഹിജ്ജ 13

ഏത് സമൂഹത്തിലും തിന്മകൾ ഉടലെടുക്കുന്ന സമയത്ത് അത് ദുർബലമായിരിക്കും. ആ ഘട്ടത്തിൽ സമൂഹത്തിലെ ഉത്തരവാദപ്പെട്ട വ്യക്തികൾ ജാഗ്രത കാണിക്കുകയയും തിന്മയുടെ വക്താക്കൾക്ക് തക്കതായ മുന്നറിയിപ്പ് നൽകുകയുമാണെങ്കിൽ അത് കൂടുതൽ പടർന്നുപിടിക്കുകയില്ല. മറിച്ച് അതിനെ അവഗണിക്കുകയാണെങ്കിൽ പതുക്കെപ്പതുക്കെ അത് വേരുപിടിച്ചു വളരുകയും നിയന്ത്രിക്കാനാവാത്ത വിധം പടർന്നുപന്തലിക്കുകയും ചെയ്യുന്നതാണ്. അങ്ങനെ അന്ധകാരം അവരെ മൂടിക്കളയും.

അത്തരത്തിൽ ജീർണതകളിൽ ആപതിച്ചവരെ തിരിച്ചുകൊണ്ടുവരേണ്ടത് വിവരമുള്ളവരുടെ ബാധ്യതയാണ് എക്കാലത്തും. പൗരോഹിത്യവും സ്വാർഥ താൽപര്യങ്ങളും മതത്തിന്റെ സംശുദ്ധലക്ഷ്യങ്ങൾക്ക് പ്രതിബന്ധങ്ങൾ ഉണ്ടാക്കുന്ന വേളകളിൽ അക്കാര്യം സമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ബാധ്യത നിർവഹിക്കുവാൻ കാലാകാലങ്ങളിൽ പണ്ഡിതന്മാർ രംഗത്തുവന്നിട്ടുണ്ട്; മുസ്‌ലിംകളുള്ളിടത്തെല്ലാം.

കേരളത്തിലെ മുസ്‌ലിം സമൂഹം വിശ്വാസ-കർമ മേഖലകളിലെല്ലാം അധഃപതിച്ച കാലഘട്ടത്തിൽ മതത്തിന്റെ ആദിമവിശുദ്ധിയിലേക്ക് അവരെ തിരിച്ചുവിളിക്കുവാൻ കുറെ മഹത്തുക്കൾ രംഗത്തുവന്നതിന്റെ അനന്തരഫലമാണ് മുസ്‌ലിംകൾക്കിടയിൽ ഇന്നു കാണുന്ന മതബോധവും വിദ്യാഭ്യാസ തൽപരതയുമെന്നതിൽ സംശയമില്ല. ഒറ്റതിരിഞ്ഞുള്ള പ്രവർത്തനത്തെക്കാൾ സംഘടിത പ്രവർത്തനങ്ങളാണ് ലക്ഷ്യപ്രാപ്തിയിലെത്താൻ സഹായകമെന്ന തിരിച്ചറിവാണ് മുൻഗാമികളായ പണ്ഡിതന്മാരെ ദഅ്‌വത്തിനായി കൂട്ടായ്മയുണ്ടാക്കുവാൻ പ്രേരിപ്പിച്ചത്.

പുണ്യത്തിലും ഭയഭക്തിയിലും പരസ്പരം സഹകരിക്കാൻ വിശ്വാസികളോട് ക്വുർആൻ നിർദേശിക്കുന്നു: “പുണ്യത്തിലും ധർമനിഷ്ഠയിലും നിങ്ങൾ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങൾ അന്യോന്യം സഹായിക്കരുത്’’(5:2).മുആദുബ്ൻജബലി(റ)നെയും അബൂമൂസൽ അശ്അരി(റ)യെയും ദഅ്‌വത്തിനായി യമനിലേക്ക് പറഞ്ഞയച്ച നബി ﷺ അവരോട് പറയുകയുണ്ടായി: “നിങ്ങൾ പരസ്പരം സഹകരിക്കുക. ഭിന്നിക്കരുത്’’ (ബുഖാരി, മുസ്‌ലിം).

യാത്രയിൽ മൂന്നാളുണ്ടായാൽ ഒരാളെ നേതൃത്വം ഏൽപിക്കണമെന്ന് ശാസിക്കുന്ന ഹദീസിനെ വിശദീകരിച്ചുകൊണ്ട് ശൈഖുൽ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റഹി) പറഞ്ഞു: “യാത്രയിലുള്ള ചെറുകൂട്ടായ്മയിൽതന്നെ നേതൃത്വം വഹിക്കാനാളുണ്ടാവണമെന്ന് നബി ﷺ കൽപിച്ചു. മറ്റു കൂട്ടായ്മകളിലും ഇത് അനിവാര്യമാണ്. നന്മ കൽപിക്കലും തിന്മ വിരോധിക്കലും അല്ലാഹു നിർബന്ധമാക്കി. ശക്തിയും നേതൃത്വവുമില്ലാതെ അത് പരിപൂർണമാവുകയില്ല’’ (മജ്മൂഉൽ ഫതാവ,ാ വാള്യം 28, പേജ് 390).

ഒരു സംഘവും അതിന്റെ നേതാവും തമ്മിലുള്ള ബന്ധം എങ്ങനെയാകണമെന്നും ആ നേതാവിനെ അനുസരിച്ചുകൊണ്ട് സംഘടിതമായ പ്രവർത്തന പരിപാടികളിൽ അച്ചടക്കത്തോടെ സഹകരിക്കുന്നതിന്റെ പ്രാധാന്യവും ക്വുർആൻ 24:62ൽ പഠിപ്പിക്കുന്നത് കാണുവാൻ കഴിയും.

ശൈഖ് ഉസൈമീൻ(റഹ്) പറയുന്നു: “കൂട്ടായ്മയില്ലാതെ ചിതറിക്കിടക്കുന്ന സമൂഹത്തിന് ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ കഴിയുകയില്ല. മനുഷ്യൻ സാമൂഹ്യ പ്രകൃതിയുള്ളവനാണ്. ഏത് കാര്യത്തിനും അല്ലാഹുവിന്റെ സഹായം കഴിഞ്ഞാൽ പിന്നെ സൃഷ്ടികളിൽനിന്നുതന്നെ സഹായിക്കുന്നവരുണ്ടാകേണ്ടത് ആവശ്യമാണ്. അതിന്റെ അടിസ്ഥാനത്തിൽ ഞാൻ അഭിപ്രായപ്പെടുന്നത് ന്യൂനപക്ഷ പ്രദേശങ്ങളിൽ അല്ലാഹുവിലേക്ക് ദഅ്‌വത്ത് നടത്തുന്ന സംഘടന രൂപീകരിക്കണമെന്നാണ്. അവർക്ക് അവലംബിക്കാവുന്ന ഒരു നേതാവുമുണ്ടായിരിക്കണം’’ (അഹമ്മിയത്തുൽ ഇൽതിസാം ബിൽഇസ്‌ലാം, പേജ് 33).