തിരിച്ചറിവിന്റെ അഭാവം വരുത്തുന്ന നഷ്ടം

പത്രാധിപർ

2023 ആഗസ്റ്റ് 26 , 1445 സ്വഫർ 10

മനുഷ്യനെ സൃഷ്ടിക്കുകയും അവന് ജീവിതവും മരണവും നിശ്ചയിക്കുകയും ചെയ്ത പ്രപഞ്ചനാഥൻ നിരവധി സ്വഭാവ വൈവിധ്യങ്ങളോട് കൂടിയാണ് മനുഷ്യപ്രകൃതിയെ സംവിധാനിച്ചിട്ടുള്ളത്. എല്ലാവർക്കും പല സവിശേഷതകളും അല്ലാഹു നൽകിയതിൽ പല യുക്തിയുമുണ്ടാവാം. പരസ്പരം തിരിച്ചറിയാനുള്ള ഒരു ഉപാധിയായി മാത്രം മനുഷ്യൻ ഇക്കാര്യം മനസ്സിലാക്കിയാൽ മതി. ഭക്തിയോടുകൂടി ജീവിക്കുന്നവരാരോ അവരെയാണ് അല്ലാഹു ഇഷ്ടപ്പെടുക. അവർക്കു മാത്രമാണ് ശാശ്വത രക്ഷ. അല്ലാഹു പറയുന്നു:

“ഹേ; മനുഷ്യരേ, തീർച്ചയായും നിങ്ങളെ നാം ഒരു ആണിൽനിന്നും ഒരു പെണ്ണിൽനിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ധർമനിഷ്ഠ പാലിക്കുന്നവനാകുന്നു. തീർച്ചയായും അല്ലാഹു സർവജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു’’ (49:13).

ഒരു ജീവിയെന്ന നിലയിൽ മനുഷ്യനിൽ സഹജമായി നിലകൊള്ളുന്ന പല ശീലങ്ങളെയും സ്വഭാവങ്ങളെയും മറികടന്നുകൊണ്ടും അവയെ അടിച്ചമർത്തിക്കൊണ്ടും മുന്നോട്ടു പോവുക സാധ്യമല്ല. എന്നാൽ അവയെ നിയന്ത്രിക്കുകയും നിയമവിധേയവും സ്രഷ്ടാവിന്റെ താൽപര്യാനുസൃതവും വിനിയോഗിക്കുകയും ചെയ്തുകൊണ്ട് തന്റെ ജീവിതത്തെ മുന്നോട്ട് നയിക്കുവാൻ മനുഷ്യൻ ബാധ്യസ്ഥനാണ് എന്ന് വിശുദ്ധ ക്വുർആൻ മാനവരാശിയെ പഠിപ്പിക്കുന്നു. വിശുദ്ധ ക്വുർആൻ പറയുന്നു: “ആകയാൽ (സത്യത്തിൽ) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ചു നിർത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയിൽ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടി വ്യവസ്ഥക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷേ, മനുഷ്യരിൽ അധികപേരും മനസ്സിലാക്കുന്നില്ല’’(30:30).

പ്രകൃതിയുമായുള്ള ഇണക്കം ഇസ്‌ലാമിന്റെ സഹജ ഗുണമാണെന്നും അത് മനുഷ്യന് അനിവാര്യമായ മാർഗദർശനമാണെന്നും ഈ സൂക്തം ചൂണ്ടിക്കാണിക്കുന്നു.

ഇസ്‌ലാം മനുഷ്യരാശിയുടെ ഏകീകരണത്തിനുള്ള ഏക ഉപരാധിയാണെന്ന് വിശുദ്ധ ക്വുർആൻ പഠിപ്പിക്കുന്നു. മനുഷ്യപ്രകൃതിയിലെ ജൈവസവിശേഷതകളും ഗുണങ്ങളുമെല്ലാം ഏകദൈവാദർശത്തി ന്റെ അനിവാര്യത എന്ന സാക്ഷ്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.

“നിന്റെ രക്ഷിതാവ് ആദം സന്തതികളിൽ നിന്ന്, അവരുടെ മുതുകുകളിൽ നിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ട് വരികയും, അവരുടെ കാര്യത്തിൽ അവരെ തന്നെ അവൻ സാക്ഷി നിർത്തുകയും ചെയ്തു. സന്ദർഭവും (ഓർക്കുക). (അവൻ ചോദിച്ചു:) ‘ഞാൻ നിങ്ങളുടെ രക്ഷിതാവല്ലയോ?’ അതെ, ഞങ്ങൾ സാക്ഷ്യം വഹിച്ചിരിക്കുന്നു. തീർച്ചയായും ഞങ്ങൾ ഇതിനെ പറ്റി ശ്രദ്ധയില്ലാത്തവരായിരുന്നു എന്ന് ഉയർത്തെഴുന്നേൽപിന്റെ നാളിൽ നിങ്ങൾ പറഞ്ഞേക്കും എന്നതിനാലാണ് അങ്ങനെ ചെയ്തത്’’(7:172).

വികലമനസ്‌കനല്ലാത്ത ഏതൊ രു മനുഷ്യനും തുറന്നു സമ്മതിക്കും; ഞാൻ എങ്ങനെയോ അങ്ങ് ഉണ്ടായതല്ല; പ്രത്യുത സർവജ്ഞനും സർവശക്തനുമായ സൃഷ്ടികർത്താവ് വിസ്മയകരമാം വിധം തന്നെ സംവിധാനിച്ചിരിക്കുകയാണെന്ന്. ഈ തിരിച്ചറിവാണ് പ്രധാനം. അതില്ലാത്തവരാണ് സർവശക്തനിൽ അഭയം തേടേണ്ടതിനു പകരം സർവശക്തന്റെ ദുർബലരായ സൃഷ്ടികളിൽ അഭയം തേടുന്നത്.