കാലം പകർന്നുനൽകുന്ന പാഠങ്ങൾ

പത്രാധിപർ

2023 ഡിസംബർ 30 , 1445 ജു.ഉഖ്റാ 17

“കാലം തന്നെയാണ് സത്യം; തീർച്ചയായും മനുഷ്യൻ നഷ്ടത്തിൽ തന്നെയാകുന്നു. വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും സത്യം കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ചെയ്തവർ ഒഴികെ.’’

വിശുദ്ധ ക്വുർആനിലെ ചെറിയ അധ്യായങ്ങളിൽ ഒന്നായ ‘അൽഅസ്വ്‌റി’ന്റെ (103:1-3) അർഥമാണ് മുകളിൽ കൊടുത്തിട്ടുള്ളത്. മനുഷ്യചരിത്രത്തിന്റെ ഭൂതകാലാനുഭവങ്ങളിൽനിന്നും ഉരുത്തിരിയുന്ന പാഠമാണ് ദുർവൃത്തരുടെ നഷ്ടം അനിവാര്യമാണെന്നത്. കാലം പഠിപ്പിച്ച പാഠങ്ങൾ, ദൈവിക മാർഗദർശനാനുസൃതം മനുഷ്യൻ ജീവിതത്തെ തിരുത്തണമെന്നാണ്. കാലത്തിന്റെ പാഠങ്ങൾ ചിന്താപരമായി മനുഷ്യനെ വളർത്തുന്നവയാണ്. ഈ അധ്യായത്തിന്റെ മുഖ്യമായ സന്ദേശം അതാണ്.

കാലത്തെക്കൊണ്ട് സത്യം ചെയ്യുന്നതിലൂടെ ഗതകാല ചരിത്രസംഭവങ്ങൾ, ആശയങ്ങൾ, ചിന്താഗതികൾ, വ്യക്തികളുടെ പ്രവർത്തനങ്ങൾ എന്നിവയിലേക്ക് മനുഷ്യരാശിയുടെ ശ്രദ്ധ തിരിക്കുകയാണ് ക്വുർആൻ ചെയ്യുന്നത്. കാലത്തിന്റെ പാഠമെന്ന നിലയിൽ അവതരിപ്പിക്കുന്ന രണ്ട് സംഗതികൾ; സത്യവിശ്വാസം സ്വീകരിക്കുകയും സൽപ്രവൃത്തികൾ ചെയ്യുകയും സത്യവും ക്ഷമയും കൈക്കൊള്ളുവാൻ പരസ്പരം ഉപദേശിക്കയും ചെയ്തവർ ഒഴികെ മറ്റെല്ലാവരും പരാജയത്തിലാണ്; എന്നാൽ അത്തരമൊരു ജീവിതസംസ്‌കാരം അവലംബിച്ചവർ പരാജിതരല്ല എന്നിവയാണ്. സദ്‌വൃത്തരായ ആളുകളോട് ചേർന്ന് നിൽക്കുവാനും അവരിൽ ഉൾപ്പെടുവാനും ശ്രമിച്ചവർ വിജയികളും അല്ലാത്തവർ പരാജിതരുമായതിന്റെ ചരിത്രം എമ്പാടുമുണ്ട്.

വിജയികളും പരാജിതരുമായി വേർതിരിഞ്ഞ് നിൽക്കുന്ന ഭൂതകാല മനുഷ്യസഞ്ചയത്തിന്റെ അനുഭവങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന എല്ലാ ക്വുർആൻ വചനങ്ങളുടെയും മുമ്പോ ശേഷമോ ആയി വരുന്ന പരാമർശങ്ങൾ ചിന്തിക്കുവാനോ പാഠങ്ങൾ ഉൾക്കൊള്ളുവാനോ സൽകർമങ്ങൾ അനുഷ്ഠിക്കുവാനോ ആഹ്വാനം ചെയ്യുന്നവയാണെന്നത് ശ്രദ്ധേയമാണ്.

“നിങ്ങൾക്കു മുമ്പ് പല (ദൈവിക) നടപടികളും കഴിഞ്ഞുപോയിട്ടുണ്ട്. അതിനാൽ നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുവിൻ. ഇത് മനുഷ്യർക്കായുള്ള ഒരു വിളംബരവും ധർമനിഷ്ഠ പാലിക്കുന്നവർക്ക് മാർഗദർശനവും സാരോപദേശവുമാകുന്നു’’(3:137-138).

നന്മയും തിന്മയും അനുസരിച്ചുള്ള രണ്ട് വ്യത്യസ്ത ജീവിതരീതികളിലൂടെ മുന്നോട്ട് പോകുന്ന മാനവരാശിക്ക്, അത്തരം വിഭിന്ന ജീവിതരീതികളെ അടിസ്ഥാനമാക്കിയുള്ള അനുഭവങ്ങളെ അഭിമുഖീകരിക്കേണ്ടി വരുക സ്വാഭാവികം. നന്മയുടെയും തിന്മയുടെയും ഫലങ്ങളും പാഠങ്ങളും വ്യത്യസ്തങ്ങളായിരിക്കും. തിന്മ ചെയ്യേണ്ടി വരിക എന്നതും തിന്മയെ ജീവിതചര്യയാക്കുക എന്നതും വേറിട്ട കാര്യങ്ങളാണ്. തിന്മ ചെയ്യേണ്ടിവരികയും, പിന്നീട് നന്മയിലേക്ക് എത്തിച്ചേർന്ന്, നന്മയിൽ അധിഷ്ഠിതമായ ജീവിതം നയിക്കുകയും ചെയ്താൽ ചരിത്രത്തിലെ ദുർവൃത്തരുടെ പട്ടികയിൽനിന്ന് മോചനം നേടാൻ കഴിയുമെന്ന സന്ദേശം എല്ലാ ദൂതന്മാരുടെയും പ്രബോധനങ്ങളിൽ ഉണ്ടായിരുന്നു.

ദൈവികമാർഗദർശന പ്രകാരമുള്ള പരിവർത്തനം വിജയത്തിന്റെ

യും പരിവർത്തനമില്ലായ്മ പരാജയത്തിന്റെയും അടിസ്ഥാനമാണ്. സ്വന്തം തെറ്റുകളും പരിമിതികളും തിരിച്ചറിഞ്ഞ് തിരുത്തുവാൻ തയ്യാറാകുന്നത് സ്രഷ്ടാവിനോടുള്ള വിധേയത്വത്തിന്റെ അടയാളമാണ്.