നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കുന്ന ബുൾഡോസർ രാജ്

പത്രാധിപർ

2023 സെപ്തംബർ 02 , 1445 സ്വഫർ 17

ജനങ്ങളുടെ ജീവനും സ്വത്തിനും മതിയായ സംരക്ഷണം നൽകുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, ചികിത്സ, വിദ്യാഭ്യാസം പോലുള്ള അടിസ്ഥാന ആവശ്യങ്ങൾക്ക് സൗകര്യമൊരുക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഭരണകൂടത്തിന്റെ ജനങ്ങളോടുള്ള ബാധ്യതയാണ്. ഒരു ജനാധിപത്യ-മതനിരപേക്ഷ രാജ്യത്തെ ജനങ്ങൾ ഭരണാധികാരികളെ വോട്ടുചെയ്ത് ജയിപ്പിക്കുമ്പോൾ ഭരണകൂടത്തിൽനിന്ന് ഇതെല്ലാം പ്രതീക്ഷിക്കുന്നുണ്ട്. വാഗ്ദാനപ്പെരുമഴയുടെ അകമ്പടിയോടെയാണ് നേതാക്കൾ വോട്ടു ചോദിച്ച് ജനങ്ങൾക്കു മുമ്പിൽ എത്താറുള്ളത്. ജാതിയുടെയും മതത്തിന്റെയുമൊന്നും ലോലമായ അതിർവരമ്പുകൾപോലും അന്നേരം അവിടെ കാണപ്പെടില്ല.

എന്നാൽ അടുത്ത കാലത്തായി ഇതിന് പ്രകടമായ മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഈ മാറ്റം ഗുരുതരമായ അവസ്ഥയിൽ എത്തിനിൽക്കുന്നത്. അവിടങ്ങളിൽ ഇപ്പോൾ ജാതിയും മതവുമെല്ലാം അധികാരത്തിലേക്കുള്ള എളുപ്പവഴികളാണ്. ഗോൾവാൾക്കറുടെയും സവർക്കറുടെയും ഹെഡ്‌ഗെവാറിന്റെയുമൊക്കെ ആശയം തലയ്ക്കു പിടിച്ച തീവ്ര ഹിന്ദുത്വവാദികളാണ് ഇതിന്റെ പ്രയോക്താക്കൾ.

ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ അകൽച്ച വർധിപ്പിച്ചും ഭൂരിപക്ഷത്തിനിടയിൽ അരക്ഷിത ബോധം സൃഷ്ടിച്ചുമാണ് ജർമനിയിൽ 1920കളിൽ ഫാസിസം വേരുറപ്പിക്കുവാൻ ശ്രമിച്ചതെങ്കിൽ 1930കളിൽ തന്നെ അതേമാർഗം ഇന്ത്യൻ ഫാസിസ്റ്റുകളും അവലംബിച്ചുതുടങ്ങിയിരുന്നു. അത് ഇന്ന് അധികാരത്തിന്റെ പിൻബലത്തിൽ അതിശക്തമായി നടന്നുകൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷ സമുദായങ്ങളെ സാമ്പത്തികമായി തകർത്തും കൊലചെയ്തും അവരുടെ പാർപ്പിടങ്ങൾ ചുട്ടെരിച്ചും സ്ത്രീകളെ മാനഭംഗപ്പെടുത്തിയുമെല്ലാം നിശ്ശബ്ദരാക്കുകയാണ്.

ഒരാൾ കൊടും കുറ്റവാളിയാണെങ്കിലും അയാളുടെ കുടുംബം താമസിക്കുന്ന വീട് ബുൾഡോസർകൊണ്ട് തട്ടി നിരപ്പാക്കുക എന്ന ശിക്ഷാവിധി ഇന്ത്യയിലെന്നല്ല ലോകത്ത് ഒരു രാജ്യത്തും നിലവിലില്ല. എന്നാൽ ഇന്ന് പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മുനിസിപ്പാലിറ്റി-കോർപറേഷൻ അധികൃതർ പൊലീസിന്റെ സഹായത്തോടെ അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. തകർക്കപ്പെടുന്നതാകട്ടെ ഒരു മതവിഭാഗത്തിന്റെ വീടുകളും വ്യാപാര സ്ഥാപനങ്ങളും മാത്രം!

ഇപ്പോൾ നടക്കുന്ന ഇടിച്ചുനിരപ്പാക്കൽ ശിക്ഷക്ക് ഒരു സമാന സ്വഭാവം കാണാനാവും. ഒരു പ്രദേശത്ത് ഒരു പ്രതിഷേധം ഉടലെടുക്കുന്നു, അത് അക്രമാസക്തമാവുന്നു. തൊട്ടുടനെ ഏതാനും ചിലരെ, അല്ലെങ്കിൽ ഒരു സംഘം ആളുകളെ അക്രമത്തിനു പിന്നിലെ സൂത്രധാരകരായി പൊലീസ് പ്രഖ്യാപിക്കുന്നു. അതിനു തൊട്ടുപിന്നാലെ, ഈ പറഞ്ഞ ആളുകളുടെ വീടുകൾ അനധികൃതമായി നിർമിച്ചതാണെന്ന അറിയിപ്പുമായി നഗരസഭാധികൃതർ വരുന്നു. തുടർന്ന് ആ കെട്ടിടങ്ങൾ (വീടുകൾ-വ്യാപാര സ്ഥാപനങ്ങൾ) ഇടിച്ചു നിരത്തുന്നു.

ഈ ഇടിച്ചുനിരത്തൽരാജിന്റെ സമകാലിക അഗ്രഗാമി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥാണ്. ഒരു ഭരണാധികാരിയാകാനുള്ള യാതൊരു യോഗ്യതയുമില്ലാത്ത യോഗിയുടെ ചുവടുപിടിച്ച് അംഗീകൃത നിയമവ്യവസ്ഥയെ അഗണ്യകോടിയിൽ തള്ളിയുള്ള ഈ ‘നിയമശൂന്യനിയമ’ത്തിന്റെ രഥയോട്ടം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാകെ പടർന്നുപിടിക്കുകയാണ്. ഏറ്റവുമൊടുവിൽ ഹരിയാനയിലെ നൂഹിലും ഗുരുഗ്രാമിലുമാണ് ഈ ബുൾഡോസർരാജ് അരങ്ങേറിയത്.

നൂഹിൽ സായുധ ഘോഷയാത്ര നടത്തി കലാപത്തിന്റെ കൊലനിലമൊരുക്കിയത് വിഎച്ച്പിയും ബജ്റംഗദളുമാണ്. ഇവരിൽത്തന്നെ മഹാഭൂരിഭാഗവും ഹരിയാനയ്ക്കു പുറത്തുനിന്ന് എത്തിയ രണോത്സുക ഹിന്ദുത്വവാദികളായിരുന്നു. എന്നാൽ, രായ്ക്കുരാമാനം ‘അനധികൃത കെട്ടിട’ങ്ങളാണെന്ന് ആരോപിച്ച് നിയമവാഴ്ചയുടെ നടപടിക്രമങ്ങൾ ഒന്നുമേ പാലിക്കാതെയും അന്വേഷണം നടത്താതെയും ഒരു നോട്ടീസുപോലും നൽകാതെയും ഇടിച്ചുനിരത്തപ്പെട്ടത് മുസ്‌ലിംകളുടെ വീടുകളും കടകളുമാണ്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഇടപെട്ടാണ് ഇത് നിർത്തിവയ്പിച്ചത്. രാജാവ് നഗ്നനാണെന്ന് ഉറക്കെ വിളിച്ചുപറയുവാൻ ഇനിയും അറച്ചുനിന്നാൽ...