സഹിഷ്ണുതയുടെ മതം

പത്രാധിപർ

2023 ഒക്ടോബർ 28 , 1445 റ.ആഖിർ 13

ഹമാസ് പോരാളികൾ ഇസ്രായേലിനെതിരെ ആക്രമണം നടത്തിയതിനുശേഷം ഇസ്‌ലാമിനും മുസ്‌ലിംകൾക്കുമെതിരായുള്ള സോഷ്യൽ മീഡിയ ആക്രമണങ്ങൾ വർധിച്ചിരിക്കുകയാണ്. തീവ്രവാദം, ഭീകരവാദം, അസഹിഷ്ണുക്കളായ ചോരക്കൊതിയന്മാർ, മറ്റു മതക്കാരെ കൊല്ലാൻ നടക്കുന്നവർ... തുടങ്ങി പതിവു മസാലകളെല്ലാം ചേർത്താണ് ആക്രമണം കൊഴുപ്പിക്കുന്നത്. കേരളത്തിൽ ഇതിൽ പരസ്പരം മൽസരിക്കുന്നത് ‘കാസ’ എന്ന പേരിൽ പ്രവർത്തിക്കുന്ന, സോഷ്യൽ മീഡിയയിൽ ‘ക്രിസംഘികൾ’ എന്നറിയപ്പെടുന്ന അസഹിഷ്ണുക്കളുടെ കൂട്ടവും പിന്നെ സാക്ഷാൽ സംഘപരിവാരങ്ങളുമാണ്.

എന്താണ് ഇസ്‌ലാം എന്നും ആരാണ് യഥാർഥ മുസ്‌ലിംകൾ എന്നും മനസ്സിലാക്കിയവരിൽനിന്ന് ഇത്തരം ആരോപണങ്ങൾ ഉണ്ടാകാൻ വഴിയില്ല. എന്നാൽ അന്ധമായ എതിർപ്പും ശത്രുതയും മനസ്സിൽ കൊണ്ടുനടക്കുന്നവരുടെ അവസ്ഥ അതല്ല. അവരുടെ ലക്ഷ്യം വേറെയാണ്. അതിനാൽ അവർ ദുരാരോപണങ്ങൾ ഉന്നയിച്ചുകൊണ്ടേയിരിക്കും.

ഇസ്‌ലാമിന്റെ ഏറ്റവും ഉന്നതവും ഉദാത്തവുമായ മാതൃകാ സമൂഹമായി അറിയപ്പെടുന്ന മുഹമ്മദ് നബിﷺയുടെയും സ്വഹാബികളുടെയും കാലഘട്ടം പരിശോധിച്ചാൽ മാനുഷികമായ സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും മാതൃകകളാണ് നമുക്ക് കാണാൻ കഴിയുക.

ആദൾശപരമായ വിയോജിപ്പുകൾ നിലനിർത്തിക്കാണ്ടുതന്നെ മാനുഷികമായ ബന്ധങ്ങളും പരിഗണനകളും കാത്തുസൂക്ഷിക്കുവാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. നബിﷺയും അബൂബക്‌റും(റ)ഹിജ്‌റ പോകുമ്പോൾ വഴികാട്ടിയായി സ്വീകരിച്ചത് മുസ്‌ലിമല്ലാത്ത ഒരു വ്യക്തിയെയായിരുന്നു. മദീന കാലഘട്ടത്തിൽ ജൂത-ക്രൈസ്തവരുമായി സ്‌നേഹബന്ധത്തിലും സൗഹൃദ ചർച്ചകളിലും ഏർപ്പെടുവാൻ നബിﷺ മടികാണിച്ചിരുന്നില്ല. നബിﷺ തന്റെ പടയങ്കി ഒരു ജൂതന്റെ പക്കൽ പണയം വെച്ച സംഭവം പ്രസിദ്ധമാണ്.

എന്നാൽ അതൊന്നും ആദർശം ബലികഴിച്ചുകൊണ്ടായിരുന്നില്ല. മറ്റു മതസ്ഥരുമായി യാതൊരു ബന്ധവും സഹകരണവും പാടില്ലെന്ന നിലപാട് സ്വീകരിച്ചവരും ആദർശം ബലികഴിച്ചിട്ടാണെങ്കിലും എല്ലാ കാര്യങ്ങളിലും സഹകരിക്കണമെന്ന് പറയുന്നവരും വാസ്തവത്തിൽ ഇസ്‌ലാമിക നിലപാടുകാരല്ല. അവിശ്വാസികളായ മാതാപിതാക്കളോട് ഒരു മുസ്‌ലിമിന്റെ സമീപനം എന്തായിരിക്കണം എന്ന് വ്യക്തമാക്കുന്ന ക്വുർആൻ വചനം ഇത് വ്യക്തമാക്കുന്നുണ്ട്:

“നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് പങ്ക് ചേർക്കുന്ന കാര്യത്തിൽ അവർ ഇരുവരും നിന്നെ നിർബന്ധിച്ചാൽ അവരെ നീ അനുസരിക്കരുത്. ഇഹലോകത്ത് നീ അവരോട് നല്ല നിലയിൽ സഹവസിക്കുകയും എന്നിലേക്ക് മടങ്ങിയവരുടെ മാർഗം നീ സ്വീകരിക്കുകയു ചെയ്യുക’’(ക്വുർആൻ 31:15).

അയൽവാസി വിശന്നിരിക്കുമ്പോൾ വയർ നിറച്ച് ആഹരിക്കുന്നവൻ എന്നിൽ പെട്ടവനല്ല എന്ന് പറഞ്ഞ നബിﷺ ആ അയൽവാസിയുടെ ജാതിയും മതവും നോക്കാൻ പറഞ്ഞിട്ടില്ല. ഉപദ്രവിച്ചവരോടു പോലും നല്ലനിലയിൽ പെരുമാറുകയും മാപ്പ് നൽകുകയും ചെയ്ത മുഹമ്മദ് നബിﷺയുടെ മാർഗം പിൻപറ്റി ജീവക്കുന്ന ആർക്കും സഹിഷ്ണുതയില്ലാതെ ജീവിക്കുവാൻ കഴിയില്ല. ആ മാതൃക പിൻപറ്റിക്കൊണ്ട് മുസ്‌ലിംകൾ ജീവിച്ചാൽ ഇസ്‌ലാം സഹിഷ്ണുതയുടെ മതമാണന്ന് എല്ലാവരും അംഗീകരിക്കുമെന്നതിൽ യാതാരു സംശയവുമില്ല.