സ്വന്തത്തോട് അക്രമം ചെയ്യുന്നവർ!

അൻവർ സാദത്ത് കാപ്പ്

2023 ജൂലൈ 29 , 1444 മുഹറം 11

മനുഷ്യൻ ചെയ്യുന്ന ഏതൊരു നീചകൃത്യത്തിന്റെയും അവകാശി അവൻ തന്നെയാണ്. തിന്മകൾക്ക് സാമൂഹികവും വൈയക്തികവുമായ സ്വഭാവങ്ങൾ ഉണ്ടായിരിക്കാമെങ്കിലും ഏതൊരു തിന്മയും ആത്യന്തികമായി വ്യക്തിയെയാണ് ബാധിക്കുന്നത്. ആരിൽനിന്ന് തിന്മ ഉത്ഭവിക്കുകയും ആരുടെ പ്രവൃത്തികൾ തിന്മയ്ക്കിടയാക്കുകയും ചെയ്യുന്നുവോ അവൻ തന്നോടുതന്നെ ദ്രോഹം പ്രവർത്തിക്കുകയാണ് ചെയ്യുന്നത് എന്ന് ക്വുർആൻ പറയുന്നു.

സ്രഷ്ടാവിനെ ധിക്കരിക്കുകയും സൃഷ്ടികളെ ദ്രോഹിക്കുകയും ചെയ്യൽ ഇസ്‌ലാം വിലക്കുന്നു. അങ്ങനെ ചെയ്യുന്നവൻ തന്റെ സ്രഷ്ടാവിനെ വിസ്മരിക്കുകയും അതുവഴി തന്നോടുതന്നെ അനീതി കാട്ടുകയുമാണ് ചെയ്യുന്നത്. ഇതിനെയാണ് ക്വുർആൻ ‘സ്വന്തത്തോടുള്ള ദ്രോഹ’മെന്ന് വിശേഷിപ്പിക്കുന്നത്.

‘‘വല്ലവനും നേർമാർഗം സ്വീകരിക്കുന്ന പക്ഷം തന്റെ സ്വന്തം ഗുണത്തിനായി തന്നെയാണ് അവൻ നേർമാർഗം സ്വീകരിക്കുന്നത്. വല്ലവനും വഴിപിഴച്ച് പോകുന്ന പക്ഷം തനിക്ക് ദോഷത്തിനായി തന്നെയാണ് അവൻ വഴിപിഴച്ചു പോകുന്നത്. പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല...’’ (ക്വുർആൻ 17:15).

തെറ്റ് ചെയ്യുന്നവൻ താമസിയാതെതന്നെ അത് തിരിച്ചറിയുകയും സ്രഷ്ടാവിനെക്കുറിച്ച് ബോധവാനാവുകയും ചെയ്തുകൊണ്ട് പശ്ചാത്തപിച്ച് സന്മാർഗ സരണിയിലേക്ക് തിരിയേണ്ടതുണ്ട്.

‘‘ആരെങ്കിലും വല്ല തിൻമയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവർത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവൻ കണ്ടെത്തുന്നതാണ്. വല്ലവനും പാപം സമ്പാദിച്ച് വെക്കുന്ന പക്ഷം അവന്റെ തന്നെ ദോഷത്തിനായിട്ടാണ് അവനത് സമ്പാദിച്ച് വെക്കുന്നത്. അല്ലാഹു സർവജ്ഞനും യുക്തിമാനുമാകു ന്നു’’(ക്വുർആൻ 4:110,111).

തന്നെ സൃഷ്ടിച്ച് പരിപാലിക്കുന്ന നാഥൻ ഇഷ്ടപ്പെടാത്ത ഒരു കാര്യമാണല്ലോ തന്നിൽനിന്നും ഉണ്ടായിരിക്കുന്നത് എന്ന് ചിന്തിക്കുന്ന മനുഷ്യൻ ചെയ്യുന്ന പശ്ചാത്താപമാണ് അർഥവത്താവുക. സാമൂഹ്യാന്തസ്സ് വീണ്ടെടുക്കുന്നതിനുള്ള ബാഹ്യസ്വഭാവമുള്ള കുമ്പസാരങ്ങളും ഏറ്റുപറച്ചിലുകളും മനുഷ്യന്റെ ജീവിത വിമലീകരണത്തിന് ഫലപ്രദമായിരിക്കുകയില്ല. പശ്ചാത്താപത്തിന്റെ മർമം ദൈവസ്മരണയും തന്നെ ചോദ്യം ചെയ്യുവാനും വിധിക്കാനും അർഹതയും അവകാശവുമുള്ള സ്രഷ്ടാവിന്ന് വിരുദ്ധമായതാണല്ലോ തന്റെ നീചവൃത്തി എന്ന പാപബോധവുമാണ്.

മനുഷ്യനെ സൃഷ്ടിക്കുകയും നന്മതിന്മകളെക്കുറിച്ചുള്ള പാഠങ്ങൾ പഠിപ്പിക്കുകയും ചെയ്ത, പ്രപഞ്ചം, പ്രകൃതി, കാലം, സ്ഥലം എന്നിവയുടെയെല്ലാം അധിപതിയുമായ മഹാശക്തിയെക്കുറിച്ച് ചിന്തിക്കാത്ത തരത്തിലുള്ള ഒരു മാനസാന്തരം നിഷ്ഫലമാണ്.

തെറ്റിനെക്കുറിച്ചുള്ള ബോധ്യ വും പാപമോചനത്തിന്റെ ആവശ്യകതയും മനസ്സിലാക്കി ആത്മാർഥമായ പരിവർത്തനത്തിന് മനുഷ്യൻ സന്നദ്ധനാകുമ്പോൾ സ്രഷ്ടാവിന്റെ അനുഗ്രഹത്തിന് അവൻ അർഹത നേടുന്നു. നിഷേധാത്മക മനോഭാവവും തിന്മകളിൽ നിരന്തരം വ്യാപൃതനാകാനുള്ള താൽപര്യവും ആധിപത്യം ചെലുത്തുമ്പോൾ പുനരാലോചനകൾക്ക് അവസരമുണ്ടാകുന്നില്ല. അത്തരം ഘട്ടങ്ങളിൽ നീണ്ടുനീണ്ടുപോകുന്ന നീചവൃത്തികളുടെ പാതയിലൂടെ മനുഷ്യൻ നീങ്ങുന്നു.

മറ്റൊരു അടിസ്ഥാനപരമായകാര്യം, പാപങ്ങൾ പൊറുക്കുവാനും മനുഷ്യന് പാപമോചനം നൽകുവാനും സ്രഷ്ടാവിന്നല്ലാതെ അധികാരവും അവകാശവുമില്ലെന്ന ബോധം ഉണ്ടായിരിക്കണമെന്നതാണ്. ഇത്തരം ഒരു അധികാരവും അവകാശവും മറ്റാർക്കെങ്കിലും വകവെച്ച് കൊടുക്കുന്നിടത്ത് ജീവിത വിമലീകരണത്തിനാവശ്യമായ പശ്ചാത്താപം സാധ്യമല്ല. പ്രപഞ്ചത്തിന്റെ യും തന്റെയും സൃഷ്ടികർത്താവായവൻ മനുഷ്യർക്ക് നൽകുന്ന ഔദാര്യവും അനുഗ്രഹവും മറ്റു കേന്ദ്രങ്ങളിൽനിന്ന് പ്രതീക്ഷിക്കുകയെന്നത് അവിവേകവും അക്രമവുമാണ്.