അറുതിയില്ലാത്ത ഇസ്‌റാഈൽ ഭീകരത

പത്രാധിപർ

2023 സെപ്തംബർ 30 , 1445 റ.അവ്വൽ 15

ജനിച്ചു വളർന്ന രാജ്യത്ത് കുടുംബത്തോടൊപ്പം സമാധാനത്തോടെ ജീവിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും അഭിലാഷമാണ്. എന്നാൽ പതിറ്റാണ്ടുകളായി അതിനു സാധിക്കാതെ ജീവിക്കുന്നവരാണ് ഫലസ്തീൻ ജനത. ജനിച്ചുവളർന്ന ഫലസ്തീൻ നാട്ടിൽ സമാധാനത്തോടെ ജീവിച്ചിരുന്ന ജനങ്ങളെ ആട്ടിയോടിച്ച് അധിനിവേശം നടത്തിയവരാണ്  ഇസ്‌റാഈല്യർ അഥവാ സയണിസ്റ്റ് ജൂതന്മാർ. ഈ അധിനിവേശത്തെ പിന്തുണച്ചുകൊണ്ട് 1948ൽ ഫലസ്തീൻ പ്രദേശങ്ങൾ രണ്ടായി പകുത്ത് ഇസ്‌റാഈൽ, ഫലസ്തീൻ എന്നീ രാഷ്ട്രങ്ങൾ രൂപീകരിക്കുകയാണ്  ഐക്യരാഷ്ട്രസഭ ചെയ്തത്.

അന്നു തുടങ്ങിയതാണ് സ്വന്തം നാടിനു വേണ്ടിയുള്ള ഫലസ്തീൻ ജനതയുടെ പോരാട്ടം. മുക്കാൽ നൂറ്റാണ്ടിനിടയിൽ എത്രയോ ഫലസ്തീനികൾ ഇസ്‌റാഈൽ സൈനികരാൽ കൊല്ലപ്പെട്ടു. എന്നാൽ ഫലസ്തീൻ ജനതയുടെ പോരാട്ടവീര്യത്തെ നേർപ്പിക്കാൻ അവർക്കായിട്ടില്ല. ഫലസ്തീനികളായ ബാലന്മാരെ തെരഞ്ഞുപിടിച്ച് കൊല്ലുക എന്നത്  ഇസ്‌റാഈൽ സൈന്യത്തിന്റെ അജണ്ടയിൽ പെട്ടതാണ്.  ഫലസ്തീനികളെ നിശ്ശബ്ദരാക്കുക, അവരുടെ എണ്ണം വർധിക്കുന്നതിന് തടയിടുക എന്നതൊക്കെയാണ് അതിന്റെ ലക്ഷ്യം. എന്നിട്ടും മെഷീൻ ഗണ്ണുമായി നിരന്നുനിൽക്കുന്ന ഇസ്‌റാഈൽ സൈനികർക്കു നേരെ കല്ലെടുത്തെറിഞ്ഞ് രോഷം തീർക്കുന്ന ഫലസ്തീൽ ബാലന്മാർ ലോകത്തിനു മുന്നിൽ ഒരു വിസ്മയം തന്നെയാണ്. തങ്ങൾ ഏതു നിമിഷവും വെടിയുണ്ടയേറ്റ് കൊല്ലപ്പെട്ടേക്കാം എന്ന അവസ്ഥയിൽ ജീവിക്കുന്ന ഒരു ജനതയുടെ അവസ്ഥ എന്തുമാത്രം ഭീതിതമാണ്!

ഏതാനും ദിവസം മുമ്പ് മാധ്യമങ്ങൾ ഒരു ഫലസ്തീൻ ബാലനെ ഇസ്‌റാഈൽ സൈനികർ നിഷ്ഠൂരമായി വെടിവച്ചു കൊന്ന വാർത്ത റിപ്പോർട്ട് ചെയ്യുകയുണ്ടായി. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനീൻ അയാർഥി ക്യാമ്പിലേക്ക് നുഴഞ്ഞുകയറിയ ഇസ്‌റാഈൽ സൈനികർ പതിനഞ്ചു വയസ്സുള്ള റഫാത് അഹ്‌മദിനെയാണ് ഓടിച്ചിട്ട് വെടിവച്ചുകൊന്നത്. ഇസ്‌റാഈൽ സൈനികർ സാധാരണ വേഷത്തിൽ ക്യാമ്പിലേക്ക് നുഴഞ്ഞുകയറുന്നത്  റഫാത്  കണ്ടു. കുട്ടി തങ്ങളെ കണ്ടുവെന്ന് മനസ്സിലായപ്പോഴാണ് സൈനികർ ഓടിച്ചിട്ട് വെടിവച്ചതെന്ന് ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഡിഫൻസ് ഫോർ ചിൽഡ്രൻ ഇന്റർനാഷണൽ’ എന്ന മനുഷ്യവകാശ സംഘടന പറയുന്നു.

ഫലസ്തീൻ ലൈസൻസുള്ള മൂന്ന് കാറുകളിലാണ്  ഇസ്‌റാഈൽ സൈനികർ ക്യാമ്പിലെത്തിയത്. തുടർന്ന് ഒരു ഫലസ്തീനിയുടെ വീട് വളയുകയും ചെയ്തു. ഇസ്‌റാഈൽ സൈനികരാണ് കാറിലുള്ളതെന്ന് മനസ്സിലാക്കിയ കൂട്ടി ‘സൈന്യം, സൈന്യം’ എന്ന് ഉച്ചത്തിൽ വിളിച്ച് ഓടി. ഉടൻതന്നെ ഒരു സൈനികൻ റഫാതിന്റെ പിന്നാലെ ഓടി 10 മീറ്റർ അകലെവച്ച് വെടിവയ്ക്കുകയായിരുന്നു. കുട്ടിയുടെ വയറിനാണ് വെടിയേറ്റത്. നിലത്തു വീണ റഫാതിനെ സഹായിക്കാൻ ഒരു ഫലസ്തീനി എത്തിയെങ്കിലും സൈനികർ വീണ്ടും വെടിവച്ചു.

ഒടുവിൽ സഹായത്തിനെത്തിയ ഫലസ്തീനിയും കുടുംബവും റഫാതിനെ തങ്ങളുടെ വീട്ടിലേക്ക് എടുത്തു കൊണ്ടുപോയി. ജെനീൻ അയാർഥി ക്യാമ്പിലേക്ക് ആംബുലൻസുകൾ വരുന്നത് ഇസ്‌റാഈൽ സൈനികർ തടഞ്ഞതോടെ ഒന്നര മണിക്കൂറോളം റഫാത് വീട്ടിൽ രക്തംവാർന്നു കിടന്നു. പിന്നീട് ആംബുലൻസ് എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനു മുമ്പുതന്നെ കുട്ടി മരിച്ചു. കുട്ടിയുടെ വയറ്റിൽ തറച്ച വെടിയുണ്ട ശരീരത്തിന്റെ മറുഭാഗത്തുകൂടി തെറിച്ചുപോയതായി ദൃക്‌സാക്ഷികൾ പറയുന്നു. ഫലസ്തീനിൽ ഇസ്‌റാഈൽ സേന കുട്ടികളെ മനഃപൂർവം കൊല്ലുകയാണെന്ന് സംഘടന പറയുന്നു. ഈ വർഷം ഇതുവരെ 46 കുട്ടികളടക്കം 240 ഫലസ്തീനികളെ ഇസ്‌റാഈൽ കൊലപ്പെടുത്തിയിട്ടുണ്ട്.  

ഫലസ്തീനികളെ ഉന്മൂലനാശം വരുത്തി മുഴുവൻ പ്രദേശവും തങ്ങളുടേതാക്കുക എന്ന ലക്ഷ്യമാണ് ഇസ്‌റാഈലിനുള്ളത്. ഫലസ്തീനി ബാലന്മാരെ തിരഞ്ഞുപിടിച്ച് വധിക്കുന്നതിനു പിന്നിൽ ഈയൊരു ലക്ഷ്യം കൂടിയുണ്ട്.