തന്നിഷ്ടക്കാരായ പണ്ഡിതരും വിവരമില്ലാത്ത അനുയായികളും

പത്രാധിപർ

2023 ആഗസ്റ്റ് 12 , 1445 മുഹറം 25

ഇഹലോകത്തിലെ സുഖഭോഗങ്ങളോട് അങ്ങേയറ്റം പ്രതിപത്തി പുലർത്തുകയും അതിന് പ്രാമുഖ്യം നൽകുകയും ചെയ്യുന്നവരായി പണ്ഡിതന്മാർ മാറിയാൽ ദൈവത്തിന്റെ പേരിൽ കള്ളം പറയാനും തന്നിഷ്ടപ്രകാരം മതവിധികൾ നൽകാനും അവർ മടികാണിക്കില്ല എന്നതിൽ സംശയമില്ല. കാരണം അവരുടെ ഏകലക്ഷ്യം ഭൗതിക വിഭവങ്ങളാണ്. അത് ലഭിക്കുവാൻ ഏതുവഴിയും സ്വീകരിക്കുവാൻ അവർ തയ്യാറായിരിക്കും. ജനങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞും അവരുടെ ഇച്ഛകൾക്കനുസരിച്ച് മതവിധികൾ നൽകിയും അവരുടെ ഇഷ്ടം പിടിച്ചുപറ്റാനും അതിലൂടെ സാമ്പത്തികമായി അവരെ ചൂഷണം ചെയ്യാനും ഈ പണ്ഡിതന്മാർ ശ്രമിച്ചുകൊണ്ടേയിരിക്കും.

പണ്ഡിതന്മാരും നേതാക്കളും സ്ഥാനമാനങ്ങളും നേതൃത്വവും കൊതിക്കുന്നവരും ദേഹേച്ഛകളെ പിൻപറ്റുന്നവരുമാണെങ്കിൽ സത്യത്തിനെതിരായി നിലകൊള്ളാനേ അവർക്ക് കഴിയൂ. വ്യക്തമായ പ്രമാണവചനങ്ങളെ പോലും ദുർവ്യാഖ്യാനിച്ച് അതിനെതിരായി വിധിപറയാൻ അവർ തയ്യാറാകും.

തന്നിഷ്ടങ്ങളെ പിന്തുടരുന്നവർ ദുർമാർഗികളാണെന്നും അതിന്റെ തിക്തഫലം അവർ അനുഭവിക്കുമെന്നും അല്ലാഹു അറിയിച്ചിട്ടുണ്ട്: “എന്നിട്ട് അവർക്കുശേഷം അവരുടെ സ്ഥാനത്ത് ഒരു പിൻതലമുറ വന്നു. അവർ നമസ്‌കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്മൂലം ദുർമാർഗത്തിന്റെ ഫലം അവർ കണ്ടെത്തുന്നതാണ്’’ (ക്വുർആൻ 19:59).

ഇഹലോകത്തിൽ ഭ്രമിച്ചവരും നേതൃസ്ഥാനം വഹിക്കുവാൻ ഏതറ്റംവരെ പോകാൻ തയ്യാറുള്ളവരും ഇച്ഛകളെ പിൻപറ്റുന്നവരുമായ പണ്ഡിതന്മാർ എക്കാലത്തും സമൂഹത്തിന് ശാപമാണ്. തന്നിഷ്ടത്തെ പിന്തുടർന്ന ഒരു പണ്ഡിതനെ അല്ലാഹു വിശേഷിപ്പിക്കുന്നത് കാണുക:

“നാം നമ്മുടെ ദൃഷ്ടാന്തങ്ങൾ നൽകിയിട്ട് അതിൽ നിന്ന് ഊരിച്ചാടുകയും, അങ്ങനെ പിശാച് പിന്നാലെ കൂടുകയും, എന്നിട്ട് ദുർമാർഗികളുടെ കൂട്ടത്തിലാവുകയും ചെയ്ത ഒരുവന്റെ വൃത്താന്തം നീ അവർക്ക് വായിച്ചുകേൾപിച്ചുകൊടുക്കുക. നാം ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവ (ദൃഷ്ടാന്തങ്ങൾ) മൂലം അവന്ന് ഉയർച്ച നൽകുമായിരുന്നു. പക്ഷേ, അവൻ ഭൂമിയലേക്ക് (അത് ശാശ്വതമാണെന്ന ഭാവേന) തിരിയുകയും അവന്റെ തന്നിഷ്ടത്തെ പിൻപറ്റുകയുമാണ് ചെയ്തത്. അപ്പോൾ അവന്റെ ഉപമ ഒരു നായയുടെത് പോലെയാകുന്നു. നീ അതിനെ ആക്രമിച്ചാൽ അത് നാവ് തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത് നാവ് തൂക്കിയിടും. അതാണ് നമ്മുടെ ദൃഷ്ടാന്തങ്ങൾ നിഷേധിച്ചുതള്ളിയവരുടെ ഉപമ...’’ (ക്വുർആൻ 7:176,175).

മതത്തെക്കുറിച്ച് കാര്യമായ വിവരമൊന്നുമില്ലാത്ത ചില ഭക്തൻമാരുണ്ട്. എന്നാൽ സ്വന്തം അറിവില്ലായ്മ അംഗീകരിക്കാൻ അവർ തയ്യാറാകില്ല. എന്നു മാത്രമല്ല വലിയ വിവരമുള്ളവരും ഭക്തരുമാണെന്നഭാവവും അവരിൽ കാണാം. പലപ്പോഴും സ്ഥിരപ്പെട്ട പ്രവാചകചര്യകളിൽ പലതിനെയും പുത്തനാചാരമായും പുത്തനാചാരങ്ങളെ പ്രവാചകചര്യകളായും ഇത്തരക്കാർ പരിഗണിക്കുന്നത് കാണാനാവും. സൃഷ്ടികളോട് പ്രാർഥിക്കുന്നതിൽ ഇവർ തെറ്റുകാണില്ല. അതിനെ എതിർക്കുന്നവരെ പിഴച്ചവരായി മുദ്രകുത്തുകയും ചെയ്യും. ഇക്കൂട്ടർ തങ്ങൾ അംഗീകരിക്കുന്ന പണ്ഡിതന്മാർ എന്തുപറഞ്ഞാലും അത് അന്ധമായി പിൻപറ്റാൻ തയ്യാറുള്ളവരുമായിരിക്കും. ക്വുർആൻ സൂക്തങ്ങളുെടയോ പ്രാർഥനകളുടെയോ അർഥമറിയാത്തതിനാൽ ചിന്തയുടെ വാതായനങ്ങൾ തുറക്കാൻ ഇവർക്കു കഴിയില്ല. തന്നിഷ്ടക്കാരായ പണ്ഡിതൻമാരുടെ പിൻബലം ഇത്തരം ആളുകളാണെന്ന് കാണാനാവും.

“നമ്മെ കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കാത്തവരും, ഇഹലോകജീവിതം കൊണ്ട് തൃപ്തിപ്പെടുകയും അതിൽ സമാധാനമടയുകയും ചെയ്തവരും, നമ്മുടെ തെളിവുകളെപ്പറ്റി അശ്രദ്ധരായി കഴിയുന്നവരും ആരോ; അവരുടെ സങ്കേതം നരകംതന്നെയാകുന്നു...’’ (ക്വുർആൻ 10:7,8).