വാക്കുകൾ സൂക്ഷിക്കുക

പത്രാധിപർ

2023 ജൂൺ 17 , 1444 ദുൽഖഅ്ദ 28

അല്ലാഹു നൽകിയ എണ്ണമറ്റ അനുഗ്രഹങ്ങൾ ആസ്വദിച്ച് ജീവിക്കുന്നവരാണ് നാമെല്ലാം. അല്ലാഹു നൽകിയ അനുഗ്രഹങ്ങളിൽ വിശിഷ്ടമായ ഒന്നാണ് നാവ് അഥവാ സംസാരശേഷി. അപാരമാണ് നാവിന്റെ ശക്തി. അത് ശ്രദ്ധിച്ച് വിനിയോഗിച്ചാൽ ധാരാളം നന്മകൾ നമുക്ക് ഇഹത്തിലും പരത്തിലും നേടിയെടുക്കാൻ സാധിക്കും. അതിനെ സൂക്ഷിച്ചും ശ്രദ്ധിച്ചും ഉപയോഗിക്കണമെന്നാണ് ഇസ്‌ലാം കൽപിക്കുന്നത്.

വായിൽ വരുന്നതൊക്കെ മൊഴിഞ്ഞാൽ അപകടത്തിൽ ചാടും. കുടുംബ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും അനർഥങ്ങളും അപകടങ്ങളും വരുത്തുന്ന സംസാരം സത്യവിശ്വാസികൾ വെടിയണം. നമ്മൾ പുറത്തുവിടുന്ന ഓരോ വാക്കും അല്ലാഹുവിന്റെ മലക്കുകൾ രേഖപ്പെടുത്തുന്നുണ്ടെന്ന കാര്യം ഓർക്കണം. അന്യരുടെ മനസ്സിനെ വേദനിപ്പിക്കുന്ന സംസാരം വെടിഞ്ഞാലേ ബന്ധങ്ങൾ ഊഷ്മളമായി നിലനിൽക്കുകയുള്ളൂ.

അഹങ്കാരം സ്ഫുരിക്കുന്ന വാക്കുകൾ, കുത്തിപ്പറയൽ, ശാപവാക്കുകൾ, അശ്ലീല ഭാഷണം, ഏഷണി, പരദൂഷണം, പരിഹാസം ഇവയെല്ലാം പരസ്പര സ്‌നേഹത്തെയും സൗഹാർദത്തെയും തകർക്കുന്നവയത്രെ. അല്ലാഹു പറയുന്നു:

“സത്യവിശ്വാസികളേ, ഊഹത്തിൽ മിക്കതും നിങ്ങൾ വെടിയുക. തീർച്ചയായും ഊഹത്തിൽ ചിലത് കുറ്റമാകുന്നു. നിങ്ങൾ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളിൽ ചിലർ ചിലരെപ്പറ്റി അവരുടെ അഭാവത്തിൽ ദുഷിച്ചുപറയുകയും അരുത്. തന്റെ സഹോദരൻ മരിച്ചുകിടക്കുമ്പോൾ അവന്റെ മാംസം ഭക്ഷിക്കുവാൻ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാൽ അത് (ശവം തിന്നുന്നത്) നിങ്ങൾ വെറുക്കുകയാണു ചെയ്യുന്നത്. അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു’’ (ക്വുർആൻ 49:12).

അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം. നബി ﷺ പറയുന്നു: “അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർ നല്ലത് പറയട്ടെ, അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ.’’

അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും ശരിയായ വാക്ക് പറയുകയും ചെയ്യുക. എങ്കിൽ അവൻ നിങ്ങൾക്ക് നിങ്ങളുടെ കർമങ്ങൾ നന്നാക്കിത്തരികയും നിങ്ങളുടെ പാപങ്ങൾ അവൻ പൊറുത്തുതരികയും ചെയ്യും...’’ (ക്വുർആൻ. 33:70-71).

വാക്കുകൾ നല്ലതെങ്കിൽ അവ മാനുഷിക ബന്ധങ്ങളെ ദൃഢീകരിക്കും. മോശമെങ്കിൽ ബന്ധങ്ങളെ നശിപ്പിക്കും. നല്ല വാക്കുകൾ ഉപയോഗപ്പെടുത്തി നന്നായി സംസാരിക്കുന്നവൻ സമൂഹത്തിൽആദരണീയനായിരിക്കും. സന്ദർഭത്തിനനുസരിച്ച് വാക്കുകൾ വേണ്ടവിധം കൈകാര്യം ചെയ്യുവാൻ ശ്രദ്ധിക്കണം. സന്ദർഭവും വസ്തുതകളും മനസ്സിലാക്കി, സ്വയം നിയന്ത്രണത്തോടുകൂടി വേണം വാക്കുകൾ ഉപയോഗിക്കാൻ.

എല്ലാ കാര്യത്തിലുമെന്ന പോലെ സംസാരത്തിലും മിതത്വം പാലിക്കണം. എല്ലാവർക്കും സമയം വിലയേറിയതാണ്. അതുകൊണ്ട് കൂടുതൽ സംസാരിച്ച് വിഷമിപ്പിക്കുന്നത് ശരിയല്ല. വായിൽ തോന്നുന്നതെല്ലാം അടുക്കും ചിട്ടയുമില്ലാതെ വിളിച്ചു പറയുന്നതും ഭൂഷണമല്ല.

വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് പോലുള്ള നവമാധ്യമങ്ങളിലൂടെയാണ് ഇന്ന് പലരും കള്ളവും പരദൂഷണവും പറയുന്നതും ഏഷണി നടത്തുന്നതും. നേരിട്ടായാലും മൊബൈൽ ഫോൺ വഴിയായാലും തെറ്റ് തെറ്റുതന്നെ. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടിവരില്ല.