ഒന്നിനും സമയമില്ലെന്നോ?

പത്രാധിപർ

2023 ജൂൺ 03 , 1444 ദുൽഖഅ്ദ 14

‘ഒന്നിനും സമയമില്ല. നല്ല തിരക്കിലാണ്. ഇന്ന് തിരക്കുപിടിച്ച ഷെഡ്യൂളാണ്’ ഒട്ടുമിക്കയാളുകളും പറയാറുള്ള വാക്കാണിത്. ആധുനിക മനുഷ്യൻ തിരക്കോടു തിരക്കിലാണ്. ഈ തിരക്കിനെ ‘ജീവിക്കാനുള്ള പോരാട്ടം’ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഈ പോരാട്ടത്തിനിടയിൽ ഒന്നിനും സമയമില്ല എന്നാണവന്റെ പരാതി. അതുകൊണ്ടുതന്നെ പലരെയും വല്ല നല്ല കാര്യത്തിനും ക്ഷണിച്ചാൽ ‘ദൈനംദിന കാര്യങ്ങൾക്കുതന്നെ സമയമില്ല. പിന്നെയാണോ...’ എന്നാകും മറുപടി.

ഈ ചിന്താഗതിയിൽ ജീവിക്കുന്നവർക്ക് ജീവിതത്തിന്റെ യഥാർഥമായ മുഖം ദർശിക്കാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. കാരണം അത് മനസ്സിലാകത്തക്കവിധം തങ്ങളുടെ ജീവിതത്തെ ചിട്ടപ്പെടുത്താൻ അവർ ഒരുക്കമല്ല.

എന്താണ് മനുഷ്യജീവിതത്തിന്റെ ഉദ്ദേശ്യം? ധനസമ്പാദനമാണോ? ഉന്നത കലാലയങ്ങളിൽ പഠിക്കലും ഉയർന്ന ജോലി നേടലുമാണോ? കൂറ്റൻ വീടുണ്ടാക്കലും വില കൂടിയ വാഹനം സ്വന്തമാക്കലുമാണോ? പലർക്കും അങ്ങനെയാണ്! പഠിക്കണം, ജോലി നേടണം, വീടുണ്ടാക്കണം...എന്നാൽ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം ഇതൊന്നുമായിക്കൂടാ.

സ്രഷ്ടാവിന്റെ പ്രീതി നേടിയെടുക്കലാകണം ജീവിതലക്ഷ്യം. ആരാധനകൾ അവനു മാത്രം സമർപ്പിച്ച് ജീവിതത്തിന്റെ ഓരോ നിമിഷവും അവൻ നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി കാണിച്ച് ജീവിക്കാൻ കഴിയണം. ജോലിയും ധനസമ്പാദനവും പഠനവുമെല്ലാം അതിനു സഹായകമാകണം. അല്ലാതെ അതിൽനിന്നും പിന്തിരിപ്പിക്കുന്നതാകരുത്.

തന്റെ സ്രഷ്ടാവിനെ ആരാധിക്കാനും സ്മരിക്കാനും മതകാര്യങ്ങൾ പഠിക്കാനും മതത്തിനു വേണ്ടി പ്രവർത്തിക്കാനും സമയമില്ലെങ്കിൽ പിന്നെ എന്തിനാണ് ജീവിതം? സമൂഹത്തിലെ ദരിദ്രർക്കും നിരാലംബർക്കും വേണ്ടി സേവനം നൽകാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ് ധനവും ആരോഗ്യവും? ഭൗതികമായ എല്ലാ വിഭവങ്ങളും വിട്ടേച്ചുകൊണ്ടാണ് ഈ ലോകത്തുനിന്നും വിട പറയുക എന്നിരിക്കെ അവയോട് അമിതമായ താൽപര്യം കാണിക്കുന്നതിൽ എന്ത് അർഥമാണുള്ളത്?

“പക്ഷേ, നിങ്ങൾ ഐഹികജീവിതത്തിന്ന് കൂടുതൽ പ്രാധാന്യം നൽകുന്നു. പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനിൽക്കുന്നതും’’ (ക്വുർആൻ 86: 16,17).

ഐഹിക ജീവിതത്തിന്ന് കൂടുതൽ പ്രാധാന്യം നൽകിയും അതിലെ സുഖഭോഗങ്ങളിൽ മതിമറന്നും അഹന്ത കാണിച്ചും അധർമങ്ങളിൽ മുഴുകിയും ജീവിക്കുന്നവർ തങ്ങൾക്ക് വരാൻ പോകുന്ന നഷ്ടത്തെക്കുറിച്ച് ഓർക്കേണ്ടതുണ്ട്.

“...നിങ്ങളെക്കാൾ കനത്ത ശക്തിയുള്ളവരും കൂടുതൽ സ്വത്തുക്കളും സന്തതികളുമുള്ളവരുമായിരുന്നു അവർ. അങ്ങനെ തങ്ങളുടെ ഓഹരികൊണ്ട് അവർ സുഖമനുഭവിച്ചു. എന്നാൽ നിങ്ങളുടെ ആ മുൻഗാമികൾ അവരുടെ ഓഹരികൊണ്ട് സുഖമനുഭവിച്ചത് പോലെ ഇപ്പോൾ നിങ്ങളുടെ ഓഹരികൊണ്ട് നിങ്ങളും സുഖമനുഭവിച്ചു. അവർ (അധർമത്തിൽ) മുഴുകിയത് പോലെ നിങ്ങളും മുഴുകി. അത്തരക്കാരുടെ കർമങ്ങൾ ഇഹത്തിലും പരത്തിലും നിഷ്ഫലമായിരിക്കുന്നു. അവർ തന്നെയാണ് നഷ്ടം പറ്റിയവർ’’ (9:69).

സമയമില്ല എന്നു പറഞ്ഞ് നന്മകളിൽനിന്ന് മാറിനിൽക്കുന്നതിൽ അർഥമില്ല. സമയത്തെ ക്രിയാത്മകമായി വിനിയോഗിക്കുകയാണ് വേണ്ടത്. അതിന് ബോധപൂർവം ശ്രമിക്കുകതന്നെ വേണം.