മാധ്യമധർമം വഴിതെറ്റുന്നുവോ?

പത്രാധിപർ

2023 നവംബർ 11 , 1445 റ.ആഖിർ 27

വംശീയത, മതവിദ്വേഷം, ജാതീയത, വർഗീയത തുടങ്ങിയവയെ ഊട്ടിയുറപ്പിക്കുന്നതിലും എതിർത്തു തോൽപിക്കുന്നതിലും മാധ്യമങ്ങൾക്കുള്ള പങ്ക് ചെറുതല്ല. എന്നാൽ വർത്തമാനകാലത്ത് ഇത്തരം അമാനവികമായ കാര്യങ്ങളെ ഊട്ടിയുറപ്പിക്കുന്നതിലാണ് മാധ്യമങ്ങളിൽ ഏറെയും ശ്രദ്ധ പുലർത്തുന്നത് എന്നു പറയുന്നതിൽ അതിശയോക്തിയുണ്ടെന്നു തോന്നുന്നില്ല. കളമശ്ശേരി സ്‌ഫോടനാനന്തരം കേരളത്തിലെ ചില മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും സ്വീകരിച്ച നിലപാട് ഇതിനു തെളിവാണ്.

രാഷ്ട്രീയ പാർട്ടികൾ, ഭരണകൂടം, മത-സമുദായ സംഘടനകൾ, കോർപ്പറേറ്റുകൾ...തുടങ്ങി പലതിനെയും പലരെയും തൃപ്തിപ്പെടുത്തിയാലേ നിലനിൽക്കാൻ കഴിയൂ എന്ന അവസ്ഥയിലാണ് മാധ്യമങ്ങളുള്ളത്. അതിനാൽ പല വാർത്തകളും വളച്ചൊടിച്ച് കൊടുക്കേണ്ടിവരുന്നു. വൻകിട വ്യവസായികളുടെ അതൃപ്തിക്ക് പാത്രമായാൽ അവരുടെ പരസ്യങ്ങൾ കിട്ടാതാകും. അതുവഴി നഷ്ടപ്പെടുന്നത് ലക്ഷങ്ങളോ കോടികളോ ആയിരിക്കാം. അതുകൊണ്ട് ചില വാർത്തകൾ മറച്ചുവെക്കേണ്ടിവരും, അല്ലെങ്കിൽ സത്യാവസ്ഥ മറച്ചുവെച്ച് കൊടുക്കേണ്ടിവരും.

പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിയിൽ ആധുനികതയുടെ ഇടപെടൽ മണ്ഡലങ്ങളായി കരുതിപ്പോരുന്ന നാനാതരം സാമൂഹ്യപ്രസ്ഥാനങ്ങൾക്കു വഴിവെച്ചത് മുഖ്യമായും അച്ചടി സാങ്കേതികതയും സാക്ഷരതയും വായനയുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതി അവസാനിക്കുന്നതാകട്ടെ, അച്ചടിക്കൊപ്പം റേഡിയോ, സിനിമ എന്നീ രണ്ടു പുതിയ മാധ്യമങ്ങളുടെ ആവിർഭാവത്തോടെയാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി ടെലിവിഷൻ, ഇന്റർനെറ്റ് എന്നിവയുടെ വരവിനും വളർച്ചയ്ക്കും സാക്ഷിയായി. അച്ചടി, ശ്രാവ്യ, ദൃശ്യ മാധ്യമങ്ങളൊന്നടങ്കം ഇന്റർനെറ്റ് സൃഷ്ടിച്ച അപാരമായ ഇടപെടൽ സാധ്യതകൾ സ്വീകരിച്ച് കൂടുതൽ കരുത്താർജിച്ചു.

ആഗോളതലത്തിലും ദേശീയതലത്തിലും കഴിഞ്ഞ കാൽനൂറ്റാണ്ട് സാക്ഷ്യം വഹിച്ച ശ്രദ്ധേയമായ സാമൂഹ്യ പ്രതിഭാസങ്ങളിലൊന്നാണ് മനുഷ്യാവകാശപ്രസ്ഥാനങ്ങൾക്കുണ്ടായ അഭൂതപൂർവമായ പ്രചാരവും പ്രസക്തിയും. കേരളത്തിൽ തന്നെ നിരവധി മനുഷ്യാവകാശ, വിവരാവകാശ പ്രവർത്തകരും സംഘടനകളും തുടക്കംകുറിച്ച സാമൂഹ്യ ഇടപെടലുകൾക്ക് മാധ്യമങ്ങൾ നൽകുന്ന പിന്തുണയും പ്രചാരവും അഭിനന്ദനീയമാണ്.

പരമ്പരാഗത മാധ്യമങ്ങളിൽനിന്ന് നവമാധ്യമങ്ങൾക്കുളള ഏറ്റവും വലിയ വ്യത്യാസങ്ങളിലൊന്ന് അവയുടെ ആശയ-വാർത്താവിനിമയ സാധ്യതയാണ്. ഏറ്റവും കുറഞ്ഞ ചെലവിലും കൂടിയ വേഗത്തിലും ആഗോള പൗരന്മാരായി മാറാൻ നവമാധ്യമങ്ങൾ വ്യക്തികളെ സഹായിക്കുന്നു.

മാധ്യമങ്ങളുടെ സ്വാധീന ഫലമായി സംഭവിക്കുന്ന പൊതുസമൂഹ പരിണാമങ്ങളാണ് നവരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഊർജ സ്രോതസ്സ്. ജനകീയ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് മാധ്യമങ്ങൾ-വിശേഷിച്ചും ടെലിവിഷൻ, സാമൂഹ്യ മാധ്യമങ്ങൾ, മൊബൈൽഫോൺ തുടങ്ങിയവ- നൽകുന്ന പ്രചാരവും പിൻബലവും ഇന്ന് ഏറെ ചർച്ചചെയ്യപ്പെടുന്ന വിഷയമാണ്. വിപണിതാൽപര്യങ്ങൾ ബലികഴിച്ചുകൊണ്ടോ മറികടന്നുകൊണ്ടോ മാധ്യമങ്ങൾക്ക് നിലനിൽക്കാനാവില്ല എന്നിടത്തോളം എത്തിയിരിക്കുന്നു കാര്യങ്ങൾ.