ഇവർ വാരിപ്പുണരുന്നത് കെട്ട സംസ്‌കാരത്തെ!

പത്രാധിപർ

2023 ജൂൺ 10 , 1444 ദുൽഖഅ്ദ 21

ഒരു മനുഷ്യനെ യഥാർഥ മനുഷ്യനാക്കുന്ന ഘടകമാണ് ഉത്തമ സംസ്‌കാരം. താൻ ജീവിക്കുന്ന ചുറ്റുപാടുകളും സാഹചര്യവും മനുഷ്യന്റെ സ്വഭാവത്തെ ശക്തമായി സ്വാധീനിക്കുന്നു എന്നത് ഒരു വസ്തുതയാണ്. വളരുന്ന ചുറ്റുപാട് വികൃതവും ജീർണവുമാണെങ്കിൽ മനുഷ്യൻ തിന്മയുടെ വക്താവായിത്തീരുന്നു. ജീവിത പശ്ചാത്തലം ശുദ്ധവും സംസ്‌കാരസമ്പന്നവുമാണെങ്കിൽ അവനിൽ നന്മ പ്രതിഫലിച്ച് കാണും.

തങ്ങളുടെ സന്താനങ്ങൾ നല്ല വ്യക്തിത്വത്തിന്റെ ഉടമകളായിരിക്കണം എന്നത് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹമാണ്. ഈ ആഗ്രഹം പക്ഷേ, പലപ്പോഴും പൂവണിയാതെ പോകുന്നത് ഒരു പരിധിവരെ വളരുന്ന സാഹചര്യം ശരിയല്ലാത്തത് കൊണ്ടാണ്. ജീവിത വിശുദ്ധി കൊതിക്കുന്നവർ തന്നെ പരിഷ്‌കാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പേരിൽ മലീമസമായ സംസ്‌കാരത്തെ പുണരുന്ന നിർഭാഗ്യകരമായ ഒരു അവസ്ഥയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ശാസ്ത്രപുരോഗതി നൽകിയ അഹന്ത കാര്യങ്ങളെ യഥാവിധി വിലയിരുത്തുന്നതിൽ മനുഷ്യനു മുമ്പിൽ തടസ്സമായി നിൽക്കുകയാണ്. ശാസ്ത്രം എമ്പാടും സൗകര്യങ്ങളും എളുപ്പവും മനുഷ്യന് നൽകിയിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്.

ദൈവം നിശ്ചയിച്ച പരിധികൾ തകർത്ത് സർവതന്ത്ര സ്വതന്ത്രരായി വിരാജിക്കുവാൻ മനുഷ്യൻ തയ്യാറായതിന്റെ ഫലമായി അവന്റെ മുമ്പിൽ പ്രതിസന്ധികൾ കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്നു. അത്തരക്കാർക്ക് മനസ്സമാധാനം ഒരു കിട്ടാക്കനിയായിരിക്കുന്നു.

ലൈംഗിക അരാജകത്വവും മയക്കുമരുന്ന് ഉപയോഗവുമാണ് സമൂഹത്തിൽ ഏറെ സങ്കീർണതകൾ ഉണ്ടാക്കിയിരിക്കുന്നത്. പൊതുജനമധ്യത്തിൽ വെച്ച് അന്യ സ്ത്രീ-പുരുഷന്മാർക്ക് പരസ്പരം ചുംബിക്കുവാനും ആണിനും പെണ്ണിനും ഇടകലർന്ന് ഇരിക്കുവാനും പരിധികളില്ലാത്ത വിധം ഇടകലരുവാനുമൊക്കെ സ്വാതന്ത്ര്യം വേണമെന്നു പറഞ്ഞ് സമരം ചെയ്യുവാൻ വരെ സമത്വ-സ്വാതന്ത്ര്യവാദികൾ രംഗത്ത് വരുന്നത് കെട്ട സംസ്‌കാരത്തെ സൂചിപ്പിക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു.

പരിധികളില്ലാത്ത ആൺ- പെൺ സൗഹൃദങ്ങൾക്ക് വേണ്ടി വാദിക്കുന്നവർ മുന്നോട്ടുവെക്കുന്ന ആശയം ലിംഗ സമത്വമാണ്. പരിധികളും ഉപാധികളും ഇല്ലാത്ത ആൺ-പെൺ സൗഹൃദങ്ങൾക്ക് എതിര് നിൽക്കുന്നവർ ലിംഗ വിവേചനത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്നാണ് ഇവരുടെ വാദം.

മനുഷ്യൻ കന്നുകാലികളെ പോലെ ജീവിക്കുവാൻ പാടില്ലെന്നും ചില വിധികളും വിലക്കുകളും അവൻ പാലിക്കേണ്ടതുണ്ടെന്നും മതം പഠിപ്പിക്കുമ്പോൾ മതവും ദൈവവിശ്വാസവും അറുപഴഞ്ചൻ സംസ്‌കാരമാണ് പഠിപ്പിക്കുന്നെതന്നും ശാസ്ത്രം അത്യുന്നതിയിലെത്തി നിൽക്കുന്ന ആധുനിക ലോകത്തിന് അത് അപമാനമാണ് എന്നൊക്കെയാണ് മതനിഷേധികളുടെ പ്രചാരണം. മതത്തോടുള്ള ശത്രുത സകലവിധ മൂല്യങ്ങളെയും എതിർക്കുന്നതിലേക്ക് ഇവരെ എത്തിച്ചിരിക്കുന്നു. പ്രത്യേകിച്ചും ഇസ്‌ലാം പഠിപ്പിക്കുന്ന മൂല്യങ്ങളോടാണ് ഇവരുടെ ശക്തമായ എതിർപ്പ്.

ഇസ്‌ലാം സകലവിധ ചൂഷണങ്ങളെയും എതിർക്കുന്നു. ലഹരിവസ്തുക്കളെ നിഷിദ്ധമായി ഗണിക്കുന്നു. വ്യഭിചാരത്തെ വിലക്കുന്നു. ഭൗതികവാദികളെ സംബന്ധിച്ചിടത്തോളം ഇവയൊക്കെയാണ് ജീവിതത്തെ ആഘോഷമാക്കുന്നത്. അവയെ കഠിനമായി എതിർക്കുന്ന ഇസ്‌ലാമിനോട് പിന്നെ അവരെങ്ങനെ ശത്രുത പുലർത്താതിരിക്കും?!