സ്രഷ്ടാവിന്റെ സന്ദേശം

പത്രാധിപർ

2023 ഡിസംബർ 02 , 1445 ജു.ഊലാ 18

മനുഷ്യൻ ജനിക്കുന്നത് അവന്റെ നിലനിൽപിനാവശ്യമായ കാര്യമായ അറിവുകളൊന്നുമില്ലാതെയാണ്. ജീവസന്ധാരണത്തിനും നിലനിൽപിനുമാവശ്യമായ അറിവ് അവൻ കരസ്ഥമാക്കണം. ആ അറിവുകൾ പ്രയോഗവൽക്കരിക്കുവാൻ ബോധപൂർവമായ പരിശ്രമങ്ങളുണ്ടാവണം. അതിന് അവന് സ്വാതന്ത്ര്യമുണ്ടെന്നർഥം. ഈ സ്വാതന്ത്ര്യം നന്മതിന്മകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലുമുണ്ട്. നന്മ ചെയ്ത് ഉന്നതനാകുവാനും തിന്മചെയ്ത് അധമനാകുവാനും കഴിയുന്ന ജീവിയാണ് മനുഷ്യൻ. ഈ സ്വാതന്ത്ര്യമാണ് മനുഷ്യാസ്തിത്വത്തിന് സവിശേഷമായ ഔന്നിത്യം നൽകുന്നത്. തിന്മ ചെയ്യാൻ സ്വാതന്ത്ര്യമുണ്ടായിരുന്നിട്ടും നന്മ തിരഞ്ഞെടുക്കുന്നതിലാണ് മനുഷ്യരുടെ ഔന്നിത്യം. നന്മയെന്തെന്നും തിന്മയെന്തെന്നും കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞാലേ ഈ ഔന്നിത്യത്തിലെത്തിച്ചേരാൻ അവർക്ക് കഴിയൂ. നന്മയെന്തെന്നും തിന്മയെന്തെന്നും മനുഷ്യരെ കൃത്യമായി അറിയിക്കാൻ കഴിയുക ജീവികൾക്കെല്ലാം കൃത്യവും സൂക്ഷ്മവുമായ അസ്തിത്വം നൽകിയവനാണ്.

ഈ പ്രപഞ്ചത്തെ പടച്ച് പരിപാലിക്കുന്നവന്റെ മാർഗദർശനപ്രകാരമുള്ള ജീവിതംവഴിയാണ് ശാരീരികവും മാനസികവും ആത്മീയവുമായ ശാന്തിയും ഔന്നിത്യവും നേടിയെടുക്കാൻ നമുക്ക് കഴിയുക. പ്രസ്തുത ജീവിതം സഹജീവികൾക്ക് പ്രയാസങ്ങളോ പരിസ്ഥിതിക്ക് നാശമോ വരുത്തുകയില്ല. ജീവിതത്തിന്റെ നിഖില മേഖലകളെയും സ്രഷ്ടാവിന്റെ നിയമങ്ങൾക്കനുസൃതമായി പരിവർത്തിപ്പിക്കുന്നവന് ശാന്തമായ ജീവിതം നയിക്കുവാനും സമാധാനത്തോടെ മരണത്തെ സ്വീകരിക്കുവാനും കഴിയും. അത്തരക്കാരെ പരമകാരുണികൻ സ്വർഗത്തിലേക്ക് സ്വാഗതം ചെയ്യും: “ഹേ; സമാധാനമടഞ്ഞ ആത്മാവേ, നീ നിന്റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും, തൃപ്തി ലഭിച്ചുകൊണ്ടും മടങ്ങിക്കൊള്ളുക. എന്നിട്ട് എന്റെ സ്വർഗത്തിൽ പ്രവേശിച്ചുകൊള്ളുക’’ (ക്വുർആൻ 89:27-30).

സംതൃപ്തിയോടെ ജീവിതം നയിക്കുവാനും ശാന്തിയോടെ മരണത്തെ വരവേൽക്കുവാനും മരണശേഷം സമ്പൂർണ സമാധാനത്തിന്റെ ഭവനത്തിൽ പ്രവേശനം ലഭിക്കുവാനും കഴിയണമെങ്കിൽ സ്രഷ്ടാവിന്റെ വിധിവിലക്കുകൾ പാലിച്ചുകൊണ്ട് ജീവിതം നയിക്കണം. ദൈവിക വിധിവിലക്കുകൾ മനുഷ്യരെ പഠിപ്പിക്കുന്നതിനു വേണ്ടിയാണ് കാലാകാലങ്ങളിൽ ദൈവദൂതന്മാർ നിയോഗിക്കപ്പെട്ടത്. മനുഷ്യർ നിവസിക്കുന്നിടത്തെല്ലാം പ്രവാചകൻമാരുടെ നിയോഗമുണ്ടായിട്ടുണ്ട്. തങ്ങൾ നിയോഗിക്കപ്പെട്ട സമൂഹത്തിന് സ്രഷ്ടാവിനെയും അവന്റെ വിധിവിലക്കുകളെയും അവ അനുസരിക്കുന്നവർക്കുള്ള രക്ഷയെയും ധിക്കരിക്കുന്നവർക്കുള്ള ശിക്ഷയെയും കുറിച്ച് പറഞ്ഞുകൊടുക്കുകയും ദൈവികമാർഗദർശന പ്രകാരം ജീവിച്ച് കാണിച്ചുകൊടുക്കുകയുമായിരുന്നു പ്രവാചകന്മാർ ചെയ്തത്.

സ്വന്തത്തിന്റെയോ സമുദായത്തിന്റെയോ ദേശത്തിന്റെയോ പേരിൽ മതം സ്ഥാപിക്കുകയോ വ്യത്യസ്ത ആരാധ്യന്മാരെക്കുറിച്ച് പഠിപ്പിക്കുകയോ അല്ല ദൈവദൂതന്മാരൊന്നും ചെയ്തത്. എല്ലാവരും പഠിപ്പിച്ചത് സ്രഷ്ടാവിന്റെ വിധിവിലക്കുകൾ പ്രകാരം ജീവിക്കുവാനാണ്.

വ്യത്യസ്ത കാലങ്ങളിൽ, വ്യത്യസ്ത ദേശങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൈവദൂതന്മാരെല്ലാം പഠിപ്പിച്ച ദൈവികസമർപ്പണത്തിന്റെ ജീവിതദർശനത്തെ പൂർത്തീകരിക്കുകയും മുഴുവൻ മനുഷ്യ സമൂഹത്തിനും വേണ്ടി നിയോഗിക്കപ്പെടുകയും ചെയ്ത അന്തിമ പ്രവാചകനാണ് മുഹമ്മദ് നബിﷺ. അദ്ദേഹത്തിലൂടെ ലോകത്തുള്ള മുഴുവൻ മനുഷ്യർക്കുമായി അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥമാണ് വിശുദ്ധ ക്വുർആൻ. കഴിഞ്ഞുപോയ പ്രവാചകന്മാരെയെല്ലാം സത്യപ്പെടുത്തുകയും അവരെല്ലാം പഠിപ്പിച്ച ആദർശങ്ങളെ കളങ്കമുക്തമായി അവതരിപ്പിക്കുകയുമാണ് മുഹമ്മദ് നബിﷺ ചെയ്തത്.

പരമകാരുണികനായ ദൈവത്തിൽനിന്ന് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളെല്ലാം സന്മാർഗദർശനമുൾക്കൊള്ളുന്നവയായിരുന്നുവെന്ന് പ്രഖ്യാപിക്കുകയും അവയിലെ അടിസ്ഥാനതത്ത്വങ്ങളെ സ്ഖലിതമുക്തമായി പഠിപ്പിക്കുകയും ചെയ്യുന്ന അവസാനത്തെ വേദഗ്രന്ഥമാണ് ക്വുർആൻ.

“ഇതാകുന്നു ഗ്രന്ഥം. അതിൽ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവർക്ക് നേർവഴി കാണിക്കുന്നതത്രെ അത്’’ (ക്വുർആൻ 2:2).