നിയമം നടപ്പാക്കൽ ശക്തമാക്കണം

പത്രാധിപർ

2023 മാർച്ച് 18, 1444 ശഅ്ബാൻ 25

മനുഷ്യൻ പുരോഗതിയുടെ പാതയിൽ മുന്നേറുമ്പോഴും കുറ്റവാളികൾ വർധിച്ചുകൊണ്ടിരിക്കുകയല്ലാതെ കുറയുന്നില്ല. കുറ്റകൃത്യങ്ങൾ ചെയ്യുന്നതിലും ‘പുരോഗതി’ കൈവരിക്കുന്നു എന്നർഥം! കുറ്റവാളികളെ പിടുകൂടുവാൻ നിയമപാലകരുണ്ട്. പ്രത്യേക കുറ്റാന്വേഷണ വിഭാഗങ്ങളുണ്ട്. കോടതിയും വക്കീലുമാരും ജഡ്ജിമാരുമുണ്ട്. കനപ്പെട്ട നിയമപുസ്തകങ്ങളുണ്ട്. പക്ഷേ, കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കുന്നില്ല. ഏതാനും വർഷങ്ങൾ ജയിലിൽ സുഖവാസം. അവിടെയും പണിയെടുക്കാം. ചെറിയ വരുമാനമുണ്ടാക്കാം. കാലാവധി തീരുമ്പോൾ പുറത്തുവരാം. മുമ്പത്തേതിനെക്കാൾ വലിയ കുറ്റവാളിയായി മാറാനുള്ള പരിശീലനം സഹതടവുകാരിൽനിന്നു കിട്ടിയതിനാൽ പിന്നെ കൊടും കുറ്റവാളിയായി വിലസുന്നു. സമർഥനായ വക്കീലും കൈയിൽ കാശുമുെണ്ടങ്കിൽ കേസിൽനിന്ന് രക്ഷപ്പെടാം. രാഷ്ട്രീയത്തിൽ പിടിപാടുണ്ടെങ്കിൽ വലിയ കുറ്റം ചെയ്താലും ജാമ്യം ലഭിക്കാവുന്ന ചെറിയ വകുപ്പുകൾ മാത്രം ചുമത്തി എഫ്‌ഐആർ രേഖപ്പെടുത്തി രക്ഷയുടെ വഴിതുറക്കാൻ പൊലീസുകാരുണ്ടാകും. ഇതൊക്കെയാണ് നമ്മുടെ നാട്ടിലെ പൊതുവായ അവസ്ഥ.
ശിക്ഷ നടപ്പാക്കുന്നില്ല എന്നത് കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമാകുന്നു എന്നതിൽ സംശയമില്ല. ചില കുറ്റങ്ങളിലെങ്കിലും വ്യക്തിപരമായ ശിക്ഷകൾ ശാശ്വത പരിഹാരമല്ല. കാരണം കുറ്റങ്ങളുടെ വേരുകൾ ചിലപ്പോഴെങ്കിലും സമൂഹത്തിലേക്ക് വ്യാപിക്കുന്നുണ്ട്. സമൂഹത്തിലെ വലിയൊരു വിഭാഗം ഏതെങ്കിലും തരത്തിൽ അസംതൃപ്തരാകുമ്പോൾ അവിടെ കുറ്റവാളികൾ സൃഷ്ടിക്കപ്പെടുന്നു എന്ന് പഠനങ്ങൾ ചുണ്ടിക്കാട്ടുന്നുണ്ട്. സാമൂഹിക കാരണങ്ങളാൽ സൃഷ്ടിക്കപ്പെടുന്ന കുറ്റത്തിലും ശിക്ഷ കുറ്റം ചെയ്തവരിൽ മാത്രമായി ഒതുക്കി നിയമവും ഭരണകൂടവും രക്ഷപ്പെടുന്ന കാഴ്ചയാണ് ലോകത്തെമ്പാടും കാണുന്നത്.
ഡൽഹിയിലെ വളരെ പ്രമാദമായ കൂട്ടബലാൽസംഗ കേസിൽ എന്ത് ശിക്ഷ നൽകണമെന്ന ചർച്ച രാജ്യത്ത് സജീവമായിരുന്നു. വധശിക്ഷയിൽ കൂറഞ്ഞ ഒരു ശിക്ഷയും പാടില്ലെന്ന് ഒരു വിഭാഗം വാദിച്ചു. രാസവസ്തുക്കൾ ഉപയോഗിച്ച് ലൈംഗിക ശേഷി നശിപ്പിക്കുന്നത് അടക്കമുള്ള ശിക്ഷകൾ മറ്റൊരു വിഭാഗം മുന്നോട്ട് വച്ചു. ഇത്തരക്കാരെ നടുറോഡിൽ വിചാരണ ചെയ്ത് കല്ലെറിഞ്ഞ് കൊല്ലണമെന്ന് അഭിപ്രായ മുള്ളവരും കുറവല്ല. ഡൽഹി സംഭവം സമൂഹത്തിൽ ഉണ്ടാക്കിയ ഭീതിയുടെയും അരക്ഷിത ബോധത്തിന്റെയും പ്രതികരണങ്ങളായിരുന്നു ഇവ.
ശക്തമായ നിയമങ്ങൾ ഉണ്ടായാൽ മാത്രം പോരാ, അവ കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും വേണം. എങ്കിൽ മാത്രമെ കുറ്റകൃത്യങ്ങൾ ഫലപ്രദമായി തടയാൻ കഴിയൂ. ഇന്ത്യയിൽ ബലാൽസംഗ കേസിൽ അന്തിമവിധി വരാൻ പതിനഞ്ചോ ഇരുപതോ വർഷമെങ്കിലും എടുക്കുമെന്നതാണ് അവസ്ഥ. ഈ സ്ഥിതിയാണ് ആദ്യം മാറേണ്ടത്.
ബസിലും മറ്റും വെച്ച് പുരുഷന്മാർ സ്ത്രീകളിൽ നടത്തുന്ന ‘തോണ്ടലും മാന്തലു’മൊന്നും കേസ് ആകാത്തത് പലർക്കും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിന് പ്രോൽസാഹനമായി മാറുന്നുണ്ട്. ഇത്തരക്കാരെ തുടക്കത്തിലേ കണ്ടുപിടിച്ച് മാതൃകാപരമായി ശിക്ഷിച്ചാൽ ബലാൽസംഗ വീരൻമാർ ഉണ്ടാകുന്നത് ഒരുപരിധിവരെ തടയാൻ കഴിയും. ഇത്തരം സംഭവങ്ങൾ പൊലീസിൽ അറിയിക്കാൻ പെൺകുട്ടികൾക്ക് ധൈര്യമുണ്ടാകണം.
ലഹരിയുമായി ബന്ധപ്പെട്ട കേസുകളിൽ എത്രയോ പേർ പിടിയിലാകുന്നുണ്ട്. അതിക്രൂരമായ കൊലപാതകം നടത്തുന്നവരുണ്ട്. പിടികൂടപ്പെട്ടവർ ജയിലിലാകുന്നു. വിചാരണ അനന്തമായി അങ്ങനെ നീണ്ടുനീണ്ടുപോകുന്നു...സാക്ഷികൾ കൂറുമാറുന്നു. തൊണ്ടിമുതലുകൾ പെട്ടെന്നൊരു നാൾ കാണാതാകുന്നു, അല്ലെങ്കിൽ നശിച്ചുപോകുന്നു. ഒടുവിൽ ‘തെളിവിന്റെ അഭാവത്തിൽ’ പ്രതിയെ വെറുതെ വിടുന്നു...ഈ അവസ്ഥ മാറണം, കുറ്റവാളികൾ കാലവിളംബം കൂടാതെ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. ശിക്ഷ ഉറപ്പാണെന്ന ബോധം കുറ്റകൃത്യങ്ങളിൽനിന്ന് ചിലരെയെങ്കിലും പിന്തിപ്പിക്കാതിരിക്കില്ല. ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാനും പാടില്ല.