‘ഉദരനിമിത്തം ബഹുകൃത വേഷം’ കെട്ടരുത്; ചാനൽ അവതാരകരോട് സുപ്രീം കോടതി

പത്രാധിപർ

2023 ജനുവരി 21, 1444 ജുമാദുൽ ഉഖ്റാ 27

വിദ്യാഭ്യാസം മുതൽ രാഷ്ട്രീയം വരെയുളള മണ്ഡലങ്ങളിൽ മതേതര, ജനാധിപത്യ നിലപാടുകൾ പിന്തള്ളപ്പെടുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങൾ ഇതിനൊപ്പമാണ് പൊതുവെ നിലയുറപ്പിച്ചിട്ടുളളത്. ഏതൊരു വിഷയത്തിലും ഭരണകൂട സമീപനങ്ങൾക്കു മേൽക്കൈ ലഭിക്കുംവിധം അവ തങ്ങളുടെ നിലപാടുകൾ രൂപപ്പെടുത്തുന്നു. മതവിദ്വേഷം, ജാതിവാദം തുടങ്ങിയവയൊക്കെ പല നിലകളിൽ ഊട്ടിയുറപ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് മാധ്യമങ്ങൾ സ്വീകരിക്കുന്ന സമീപനം പലപ്പോഴും അത്രമേൽ വിമർശനാത്മകമാകാറില്ല. ‘മൃദുവർഗീയത’ എന്ന ഒന്ന് പൊതുവിൽ സ്വീകാര്യമായിക്കഴിഞ്ഞിരിക്കുന്നു! ന്യൂനപക്ഷവിരുദ്ധ, മത, ജാതിവിവേചനങ്ങളുടെ സ്വരം മാധ്യമങ്ങളിൽ നേരിട്ടും അല്ലാതെയും മുഴങ്ങാറുണ്ട് എന്നതാണ് വസ്തുത.

ഈ സാഹചര്യത്തിൽ ടിവി ചാനലുകളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഈയിടെ നടത്തിയ പരാമർശങ്ങൾ ഏറെ ശ്രദ്ധേയവും പ്രസക്തവുമാണ്. ‘രാജ്യത്ത് വിദ്വേഷം പടർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നത് ടി.വി ചാനൽ അവതാരകരാണെ’ന്നും ‘ഉദര നിമിത്തം ബഹുകൃത വേഷം’ കെട്ടുന്നതിന് അറുതിവരുത്താൻ കനത്ത പിഴ പോലുള്ള കടുത്ത നടപടി അനിവാര്യമാണെന്നുമാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്.

വിദ്വേഷ പ്രചാരകരായ അവതാരകർക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് കോടതി നടത്തിയിരിക്കുന്നത്. ഇത്തരം അവതാരകർക്ക് തടയിടാൻ എന്തു ചെയ്യാൻ കഴിയുമെന്ന് വ്യക്തമാക്കണമെന്ന് ജസ്റ്റിസുമാരായ കെ.എം.ജോസഫും ബി.വി. നാഗരത്‌നയും കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. വിദ്വേഷ പ്രസംഗങ്ങൾക്കും കുറ്റകൃത്യങ്ങൾക്കുമെതിരായ ഒരു കൂട്ടം ഹരജികൾ പരിഗണിക്കുകയായിരുന്നു ഇരു ജഡ്ജിമാരും. മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും എതിരെ സുദർശൻ ടി.വി ചീഫ് എഡിറ്റർ നടത്തിയ അത്യന്തം പ്രകോപനപരമായ വിദ്വേഷ പ്രസംഗം അഡ്വ. നിസാം പാഷ വായിച്ചുകേൾപിച്ചതിനെ തുടർന്നായിരുന്നു ഇത്.

‘അടിസ്ഥാന പ്രശ്‌നം റേറ്റിങ്ങാണ്. ഇതിനായി ചാനലുകൾ മത്സരിക്കുകയാണ്. നിർഭാഗ്യകരമെന്ന് പറയട്ടെ, എൻ.ബി.എസ്.എയും ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ല. പത്രം വായിക്കുന്നതുപോലെയല്ല വാർത്താ ചാനൽ കാണുന്നത്. അവർ ഭിന്നതയുണ്ടാക്കുകയാണ്. മസ്തിഷ്‌കത്തെ സ്വാധീനിക്കുന്ന ശക്തമായ മാധ്യമമാണത്. വിശിഷ്യാ ഇളംതലമുറയെ. എന്തൊരു അഭിപ്രായ രൂപവത്കരണമാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്, മറ്റേത് മാധ്യമങ്ങളെക്കാളും ഫലപ്രദമായും വേഗത്തിലും നിങ്ങളത് ചെയ്യുന്നുണ്ട്. അതിനാൽ എൻ.ബി.എസ്.എക്ക് ഇക്കാര്യത്തിൽ വ്യക്തത വേണം’ കോടതി പറഞ്ഞു.

ചാനൽ അവതാരകർക്ക് തങ്ങൾ മാർഗനിർദേശം നൽകിയിട്ടുണ്ടെന്ന് എൻ.ബി.എസ്.എ മറുപടി നൽകിയപ്പോൾ എത്ര അവതാരകരെ നിങ്ങൾ ഇതുവരെ വിളിപ്പിച്ചിട്ടുണ്ട്, മറ്റുള്ളവർക്ക് ഒരു സന്ദേശമാകുന്ന തരത്തിൽ അവതാരകരെ നിങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടോ, ആരാണ് ഒരു പരിപാടിയുടെ ഉള്ളടക്കം നിയന്ത്രിക്കുന്നത് എന്നെല്ലാം കോടതി ചോദിക്കുകയുണ്ടായി.

കോടതി പറഞ്ഞതുപോലെ റേറ്റിങ്ങാണ് ചാനലുകളുടെ അടിസ്ഥാന പ്രശ്‌നം. പിന്നെ നിലനിൽപും. റേറ്റിങ്ങിനായി വിവാദ വാർത്തകൾ ഉണ്ടാകണം. ഇല്ലെങ്കിൽ ഉണ്ടാക്കും. നിലനിൽപിനായി ഭരണകൂടത്തെ പ്രീണിപ്പിക്കണം. അപ്പോൾ പല വാർത്തകളും തമസ്‌കരിക്കേണ്ടിവരും. ചിലത് പൊലിപ്പിച്ചു കാണിക്കേണ്ടിവരും. ഈ അവസ്ഥക്ക് മാറ്റമുണ്ടാകാൻ സുപ്രീംകോടതിയുടെ ഇടപെടൽ കാരണമാകുമെന്ന് പ്രതീക്ഷിക്കാം.