അപനിർമിക്കപ്പെടുന്ന രാജ്യചരിത്രം

പത്രാധിപർ

2023 മാർച്ച് 11, 1444 ശഅ്ബാൻ 18

ഇന്ത്യയിലെ പ്രസിദ്ധമായ പല സ്ഥലങ്ങളുടെയും ചരിത്ര സ്മാരകങ്ങളുടെയും പേരുകൾ മാറ്റുവാനുള്ള ശ്രമത്തിലാണ് അതാത് സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങളും കേന്ദ്രഭരണകൂടവും. പേരുകൾ മാറ്റാനുള്ള ഒരേയൊരു കാരണം അവയ്ക്ക് അറബി ചുവയോ മുസ്‌ലിംകളുമായി ബന്ധമുള്ളതെന്ന് തോന്നുന്നതോ മാത്രമാണ്! മുസ്‌ലിം ഭരണാധികാരികൾ നിർമിച്ച ചരിത്ര സ്മാരകങ്ങളിൽ പലതിന്റെയും പേരുകൾ മാറ്റുവാൻ മാത്രമല്ല, ആ സ്മാരകങ്ങൾ നിർമിച്ചതിനു പിന്നിലെ ചരിത്രത്തെയും മാറ്റിയെഴുതാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഈ ശ്രമത്തിന് സുപ്രീം കോടതി തടയിട്ടിരിക്കുന്നു എന്നത് ശുഭസൂചകമാണ്. ചരിത്ര സ്ഥലങ്ങളുടെയും നഗരങ്ങളുടെയും പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച പൊതുതാൽപര്യ ഹരജി സുപ്രീം കോടതി തള്ളിയിരിക്കുകയാണ്. സ്ഥലങ്ങൾക്ക് ‘അധിനിവേശക്കാരുടെ’ പേരുകളാണെന്ന് അവകാശപ്പെട്ടായിരുന്നു അശ്വിനി കുമാർ ഉപാധ്യായയുടെ ഹരജി. ഹിന്ദുത്വവാദികളുടെ കണ്ണിൽ ‘അധിനിവേശക്കാർ’ ആരാണെന്ന് പ്രത്യേകം പറയേണ്ടതില്ലേല്ലാ. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര തത്ത്വങ്ങൾക്ക് വിരുദ്ധമായ ഹരജിയാണിതെന്ന് ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് ബി.വി നാഗരത്‌ന എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു. ഹരജിക്കാരനെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചത് ശ്രദ്ധേയമാണ്.

എന്നാൽ രാജ്യത്തിന്റെ യഥാർഥവും വസ്തുനിഷ്ഠവുമായ ചരിത്രം തിരുത്താനും വളച്ചൊടിക്കാനും മാറ്റിയെഴുതാനും ഭരണകൂടം സ്വീകരിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വ അജണ്ടയുടെ നടപടികളെക്കുറിച്ച് മാധ്യമമാഫിയകൾ മൗനത്തിലാണ്. ഒരു കോടതിയുടെയും ശ്രദ്ധയിൽ അത് പെടുന്നേയില്ല. ചരിത്രത്തെ തങ്ങളുടെ ദുഷ്ടലാക്കിനനസുരിച്ച് മാറ്റിയെഴുതുക എന്നത് ഫാസിസ്റ്റ് ഭരണാധികാരികളുടെ പൊതുസ്വഭാവമാണ്. ഇന്ത്യയുടെ പുരാതന ചരിത്രവും ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രവും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കനുസരിച്ച് മതാത്മകമായ പരിവേഷത്തോടെ അപനിർമിക്കാൻ നടക്കുന്ന നീക്കങ്ങൾ ഇന്ത്യൻ മതേതരത്വത്തിനു നേരെ ഉയരുന്ന വലിയ വെല്ലുവിളിയാണെന്നതിൽ സംശയമില്ല.

പന്തീരായിരം വർഷത്തോളം നീളുന്ന ഇന്ത്യാ ചരിത്രത്തെ വളച്ചൊടിക്കുന്നതിനായി ആർ.എസ്. എസ് ഗൂഢതന്ത്രം മെനയുന്നതായി വിദേശ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ഏതാനും വർഷങ്ങൾക്കു മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിലെ ആദിമനിവാസികൾ ഹിന്ദുമതവുമായും സംസ്‌കാരവുമായും ബന്ധമുള്ളവരാണെന്നും പ്രാചീന ഹിന്ദുപുരാണങ്ങളും ഇതിഹാസങ്ങളും യഥാർഥത്തിൽ സംഭവിച്ചതാണെന്നും വരുത്തിത്തീർക്കുന്നതിനു വേണ്ടിയാണത്രെ ചരിത്രത്തിന്റെ ഈ വളച്ചൊടിക്കൽ! ആർ.എസ്.എസിന്റെ പ്രത്യേക നിർദേശപ്രകാരം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ചരിത്ര, പുരാവസ്തു വിദഗ്ധർ അടങ്ങിയ പന്ത്രണ്ടു പേരുടെ സംഘം ഇന്ത്യാ ചരിത്രത്തിന്റെ വളച്ചൊടിക്കലിനു വേണ്ടിയുള്ള നിതാന്ത പരിശ്രമത്തിലാണെന്നാണ് റോയിട്ടേഴ്‌സ് അന്ന് റിപ്പോർട്ട് ചെയ്തത്.

ഗാന്ധിയെ വധിച്ച ഗോഡ്‌സെയെയും, ജയിൽ മോചനം നേടാൻ പല തവണ ദയാഹർജി കൊടുത്ത് ബ്രിട്ടീഷുകാരുടെ കാലുപിടിച്ച സവർക്കറെയും രാഷ്ട്രത്തിന്റെ പിതാക്കന്മാരായി മഹത്ത്വവത്കരിക്കാൻ ശ്രമിക്കുമ്പോൾ ഗാന്ധിയെയും നെഹ്‌റുവിനെയും തെറ്റായി വ്യാഖ്യാനിക്കാനും അപകീർത്തിപ്പെടുത്താനുമുള്ള ശ്രമവും നടക്കുന്നു. ഹിന്ദുത്വവാദികൾ നെഹ്‌റുവിനെ ലക്ഷ്യം വയ്ക്കുന്നതും അദ്ദേഹത്തെ ചരിത്രത്തിൽനിന്നു തുടച്ചുനീക്കുവാൻ ശ്രമിക്കുന്നതും രാജ്യത്ത് ജനാധിപത്യ, മതേതര, ബഹുസ്വര, ശാസ്ത്രീയ മൂല്യങ്ങൾക്ക് അടിത്തറ പാകിയതിൽ അദ്ദേഹത്തിനുള്ള പങ്ക് തിരിച്ചറിയുന്നതുകൊണ്ടാണ്. ഗാന്ധിയെ കൊന്നതാകട്ടെ മുസ്‌ലിംകളോട് അനുഭാവം കാണിക്കുന്നു എന്ന പേരിലാണ്. വെറുപ്പിന്റെ തത്ത്വശാസ്ത്രം പേറുന്നവർക്ക് സ്‌നേഹം എന്ന വാക്കുപോലും വെറുപ്പുളവാക്കുന്നതായിരിക്കുമെന്നതിൽ സംശയമില്ല.