മുസ്‌ലിം സ്ത്രീകൾക്കു വേണ്ടി കണ്ണീരൊഴുക്കുന്നവരുടെ ഉള്ളിലിരിപ്പ്

പത്രാധിപർ  

2023 ഒക്ടോബർ 07 , 1445 റ.അവ്വൽ 22

‘ഇസ്‌ലാം ബഹുഭാര്യത്വം അനുവദിക്കുന്നു, പുരുഷനു നൽകുന്നതിന്റെ പകുതി മാത്രമെ സ്ത്രീക്ക് അനന്തരാവകാശ സ്വത്ത് നൽകുന്നുള്ളൂ, അവളുടെമേൽ ശരീരം മുഴുവൻ മറയുന്ന വസ്ത്രം അടിച്ചേൽപിക്കുന്നു; ഇതെല്ലാം തെളിയിക്കുന്നത് ഇസ്‌ലാമിന്റെ കണ്ണിൽ സ്ത്രീകൾ പുരുഷന്മാരുടെ അടിമകളാണ് എന്നാണ്, സ്ത്രീ-പുരുഷ ബന്ധത്തെ അടിമയും ഉടമയും തമ്മിലുള്ള ബന്ധമായി ഇസ്‌ലാം തരംതാഴ്ത്തുന്നു’ എന്നൊക്കെ യുക്തിവാദികളും നിരീശ്വരവാദികളും ആരോപിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. സോഷ്യൽ മീഡിയ കാലത്ത് ആരോപണങ്ങൾക്ക് പെട്ടെന്ന് വേരോട്ടം കിട്ടുമെന്നും കൂടുതൽ ആളുകളിലേക്ക് അത് എത്തിക്കാമെന്നുമുള്ള തിരിച്ചറിവിന്റെ അടിസ്ഥാനത്തിലായിരിക്കാം ഇത്തരം ആരോപണങ്ങൾ പല കോണുകളിൽനിന്നും ഉയർന്നുകൊണ്ടേയിരിക്കുകയാണ്. മലപ്പുറത്തെ മുസ്‌ലിം സ്ത്രീകളെ തട്ടത്തിൽനിന്നും മോചിപ്പിക്കുന്നതിൽ തങ്ങളുടെ പ്രസ്ഥാനം വഹിച്ച പങ്കിനെക്കുറിച്ച് ഒരു രാഷ്ട്രീയ നേതാവ് അഭിമാന പുരസ്സരം പറയുന്ന വീഡിയോ ശ്രദ്ധയിൽ പെടുകയുണ്ടായി.  തൊഴിലാളി വർഗത്തിന്റെ അവകാശങ്ങൾക്കു വേണ്ടിയും ഭരണകൂട അഴിമതിക്കെതിരായുമൊക്കെ സമര പോരാട്ടങ്ങൾ നടത്തിയ സംഘടനയുടെ ഇപ്പോഴത്തെ പ്രധാന അജണ്ട മുസ്‌ലിം സ്ത്രീകളുടെ തട്ടം അഴിപ്പിക്കലും മറ്റുമായി മാറിയിരിക്കുന്നു!

ഇസ്‌ലാമിനെ പ്രമാണങ്ങളിൽനിന്ന് പഠിച്ചറിഞ്ഞ ഒരാൾക്കും സ്ത്രീ-പുരുഷബന്ധത്തെ അടിമയും ഉടമയും തമ്മിലുള്ള ബന്ധമായി ഇസ്‌ലാം തരംതാഴ്ത്തുന്നു എന്നു പറയാൻ കഴിയില്ല. സ്ത്രീകളോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ് ഉത്തമൻ എന്നാണ് തിരുനബിﷺ പഠിപ്പിച്ചിട്ടുള്ളത്. അദ്ദേഹം അപ്രകാരം ജീവിച്ചു മാതൃക കാണിക്കുകയും ചെയ്തിട്ടുണ്ട്. നബിയുടെ മാതൃകയനുസരിച്ചു ജീവിക്കേണ്ടവനാണ് മുസ്‌ലിം.

വിമർശകർ ഇസ്‌ലാം സ്ത്രീക്ക് എതിരാണെന്നതിന് തെളിവായി ചൂണ്ടിക്കാണിക്കുന്ന നിയമങ്ങൾ യഥാർഥത്തിൽ സ്ത്രീയുടെ ക്ഷേമരക്ഷകൾക്ക് അനിവാര്യ ഉപാധികളാണെന്ന് പ്രായോഗികബുദ്ധിയോടെ ചിന്തിക്കുന്നവർക്ക് മനസ്സിലാക്കാൻ കഴിയും. ഇസ്‌ലാമിലെ ബഹുഭാര്യത്വവും വിവാഹമോചനനിയമങ്ങളും വിധവാവിവാഹവും ഉദാഹരണം.

 വാസ്തവത്തിൽ, സ്ത്രീസമുദായത്തെ കാലങ്ങളായി നിലനിന്നിരുന്ന പുരുഷന്റെ അടിമത്ത ത്തിൽനിന്നു മോചിപ്പിക്കുകയാണ് ഇസ്‌ലാം ചെയ്തത്. കുടുംബിനിമാരുടെ നേരെ മർദനങ്ങൾ അഴിച്ചുവിടുന്നതിനും അവരെ അടിച്ചമർത്തുന്നതിനുമുള്ള സാഹചര്യം സൃഷ്ടിക്കുന്ന മദ്യപാനം അറേബ്യയിൽനിന്നു പിഴുതെറിയുകയും മദ്യം എന്തെന്നറിയാത്ത തലമുറകളെ സൃഷ്ടിക്കുകയും അതുവഴി സ്ത്രീവർഗത്തിന് സ്വൈര്യവും ക്ഷേമവും മോചനവും ഉറപ്പുവരുത്തുകയുംചെയ്തു ഇസ്‌ലാം.

കുലമഹിമയിൽ ഊറ്റംകൊണ്ടിരുന്ന അറബികളിൽ പലരും അപമാനബോധത്താൽ തങ്ങളുടെ സ്ത്രീസന്താനങ്ങളെ കൊന്നുകളയാൻ പോലും മടിച്ചിരുന്നില്ല. സ്ത്രീകളുടെ നേരെ ഇപ്രകാരം നിന്ദയും വെറുപ്പും പ്രകടിപ്പിച്ചുപോന്നിരുന്ന കാലത്താണ് ഇസ്‌ലാമിന്റെ കടന്നുവരവ്. അതോടെ  മനുഷ്യസമൂഹത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും അത് സ്ത്രീവർഗത്തിനു നേടിക്കൊടുത്ത സ്വാതന്ത്ര്യത്തെയും ക്ഷേമത്തെയും സുരക്ഷിതത്വത്തെയും കുറിച്ചും മനസ്സിലാക്കുവാൻ വിമർശകർ ശ്രമിക്കുന്നില്ല, അല്ലെങ്കിൽ കണ്ടതായി ഭാവിക്കുന്നില്ല.

സ്ത്രീകളുടെ ക്ഷേമവും അവകാശങ്ങളും സുരക്ഷിതത്വവും ഇസ്‌ലാം ഉറപ്പുവരുത്തിയിട്ടുള്ളത് വെറും ഉൽബോധനങ്ങളിലൂടെയല്ല; നിയമനിർബന്ധങ്ങളിലൂടെയുമാണ്. അടുത്തകാലത്ത് മാത്രമാണ് ഇത്തരം അവകാശങ്ങൾ പല രാഷ്ട്രങ്ങളിലെയും സ്ത്രീകൾക്ക് നേടിയെടുക്കാൻ കഴിഞ്ഞതെന്ന യാഥാർഥ്യം ആർക്കാണ് നിഷേധിക്കാൻ കഴിയുക?